കൺഫ്യൂഷൻ
തീർക്കണമേ! ‘മിക്സോപ്പതി’യുടെ
അപകടങ്ങൾ

‘‘ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യാനാവശ്യമായ സമഗ്ര പരിശീലനം ലഭിക്കാത്തവരെ, പ്രത്യേക സംസ്ഥാന നിയമങ്ങളോ സംവിധാനങ്ങളോ അനുവദിക്കുന്നിടത്ത്, പിൻവാതിലിലൂടെ മോഡേൺ മെഡിസിൻ ഡോക്ടർമാർ എന്ന് പദവി കൊടുത്ത്‌ ചികിൽസകരായി ജനങ്ങളുടെ ഇടയിൽ ഇറക്കിവിടുകയാണ് ചെയ്യുന്നത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അരുൺ എൻ.എം. എഴുതിയ ലേഖനം.

ഒരു സുപ്രഭാതത്തിൽ രാജന്റെ ശരീരത്തിൽ ചെറിയ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടു. വേദനയും നേരിയ പനിയുമുണ്ട്. ഉടൻ തന്നെ മകൻ അശ്വിനോടൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കേന്ദ്ര സർക്കാർ നേരിട്ട് നടത്തുന്ന പുതിയ ആശുപത്രിയാണത്. അവിടെ മോഡേൺ മെഡിസിനോടൊപ്പം ആയുർവേദം, സിദ്ധവൈദ്യം, ഹോമിയോപ്പതി, പ്രകൃതിചികിത്സ തുടങ്ങിയ വിവിധ ചികിത്സാസമ്പ്രദായങ്ങളിലെ ചികിത്സകരുമുണ്ട്.

ഒ.പി. കൗണ്ടറിൽ ഇരിക്കുന്ന യുവതി ചോദിച്ചു:
“ആരെയാണ് കാണേണ്ടത്?”
രാജന് കൺഫ്യൂഷൻ. എല്ലാം സർക്കാർ അംഗീകരിച്ച ചികിത്സകളാണല്ലോ എന്ന ആശ്വാസത്തിൽ രാജൻ പറഞ്ഞു: “തിരക്ക് ഏറ്റവും കുറവുള്ള ഒ.പി.യിലേക്ക് ചീട്ട് തരൂ. മോന് ജോലിക്ക് പോകാനുള്ളതാണ്.”

രാജന് ആറാം നമ്പർ മുറിയിലേക്ക് ഒ.പി. ചീട്ട് കിട്ടി. അവിടുത്തെ ബോർഡിൽ “ഹോമിയോപതി” എന്ന് വലിയ അക്ഷരത്തിൽ എഴുതിവെച്ചിട്ടുണ്ട്. അതിനു താഴെ: “Like cures Like- സദൃശം സദൃശ്യത്തെ സുഖപ്പെടുത്തുന്നു” എന്നും എഴുതിയിട്ടുണ്ട്.

ഡോക്ടറെ കാണുന്നതിനു മുമ്പ് നഴ്‌സ് ബി.പി. പരിശോധിച്ചു.
നഴ്‌സ്: “ബി.പി. കൂടുതലുണ്ട്. മരുന്ന് കഴിക്കുന്നുണ്ടോ?”
രാജൻ: “ഇതുവരെ ബി.പി. നോക്കിയിട്ടില്ല.”
നഴ്‌സ്: “എന്താണ് വേണ്ടതെന്ന് ഡോക്ടർ പറയും.”

രാജൻ ഡോക്ടറുടെ മുന്നിലെത്തി.

ആവശ്യമായത്ര MBBS ഡോക്ടർമാരെ പരിശീലിപ്പിക്കുകയും, ഗ്രാമീണ സേവനത്തിന് അനുയോജ്യമായ ശമ്പളവും, ജോലി സാഹചര്യങ്ങളും താമസസൗകര്യങ്ങളും, പ്രൊഫഷണൽ പുരോഗതി ഉറപ്പാക്കുകയും ചെയ്താൽ, ഗ്രാമീണ മേഖലകളിലെ ഡോക്ടർമാരുടെ കുറവ് വലിയ തോതിൽ പരിഹരിക്കാനാകും.
ആവശ്യമായത്ര MBBS ഡോക്ടർമാരെ പരിശീലിപ്പിക്കുകയും, ഗ്രാമീണ സേവനത്തിന് അനുയോജ്യമായ ശമ്പളവും, ജോലി സാഹചര്യങ്ങളും താമസസൗകര്യങ്ങളും, പ്രൊഫഷണൽ പുരോഗതി ഉറപ്പാക്കുകയും ചെയ്താൽ, ഗ്രാമീണ മേഖലകളിലെ ഡോക്ടർമാരുടെ കുറവ് വലിയ തോതിൽ പരിഹരിക്കാനാകും.


ഡോക്ടർ: “ഇത് ചിക്കൻപോക്സാണ്. പേടിക്കണ്ട, പെട്ടെന്ന് മാറും. ഞാൻ മരുന്നുകൾ തരാം. ബി.പി.യും കൂടുതലാണ്. അതിനുള്ള മരുന്നും തരാം.”
രാജൻ: “ചെറുപ്പത്തിൽ എനിക്ക് ചിക്കൻപോക്സ് വന്നിട്ടുണ്ട്. അത് വീണ്ടും വരുമോ?”
ഡോക്ടർ: “ചിലപ്പോൾ വരാം. മാത്രമല്ല, ആദ്യം ഉണ്ടായത് മറ്റെന്തെങ്കിലും അസുഖമായിരിക്കാനും സാധ്യതയുണ്ട്.”

അശ്വിൻ ചോദിച്ചു: “ഈ ‘സദൃശം സദൃശ്യത്തെ സുഖപ്പെടുത്തുന്നു’ എന്ന് എഴുതിവെച്ചതിന്റെ അർത്ഥമെന്താണ്?”
ഡോക്ടർ: “അത് ഹോമിയോപ്പതിയുടെ അടിസ്ഥാന പ്രമാണമാണ്. ആരോഗ്യമുള്ള ഒരാളിൽ ഒരു രോഗത്തിന്റേതിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഒരു വസ്തുവിനെ, അതേ ലക്ഷണങ്ങളുള്ള രോഗത്തെ ചികിത്സിക്കാൻ ഉപയോഗിക്കാമെന്നതാണ് ഹാനിമാന്റെ ‘Law of Similars’ എന്ന ആശയം.”
അശ്വിൻ: “എന്റെ അച്ഛന്റെ കാര്യത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടാക്കിയത് വൈറസല്ലേ? അപ്പോൾ വൈറസിനെ തന്നെയാണോ ഉപയോഗിച്ച് രോഗം സുഖപ്പെടുത്തുന്നത്?”
ഡോക്ടർ: “ഹാനിമാന്റെ കാലത്ത് വൈറസുകൾ ഉണ്ടെന്ന വിവരം അറിയപ്പെട്ടിരുന്നില്ല. ആരോഗ്യമുള്ള ഒരാളിൽ കുമിളകൾ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള ചില വസ്തുക്കൾ നേർപ്പിച്ച് നേർപ്പിച്ചാണ് ഹോമിയോപ്പതി മരുന്നുകളായി നൽകുന്നത്.”
അശ്വിൻ: “അത്തരം വസ്തുക്കൾ വൈറസിനെതിരെ എങ്ങനെയാണ് പ്രവർത്തിക്കുക?”
ഡോക്ടർ: “ചിക്കൻപോക്സ് പൊതുവെ സ്വയം കെട്ടടങ്ങുന്ന അസുഖമാണ്. അതുകൊണ്ട് പേടിക്കേണ്ട. ഈ മരുന്നുകൾ കഴിച്ചോളൂ. ഭേദമാകും.”
രാജൻ വേഗം എഴുന്നേറ്റ് അശ്വിനെയും കൂട്ടി പുറത്തിറങ്ങി.
അശ്വിൻ: “നമുക്ക് വൈറസിനെതിരെയുള്ള മരുന്നാണ് വേണ്ടത്. കൗണ്ടറിൽ പോയി വേറെ ചീട്ട് എടുക്കാം.”

അവർ വീണ്ടും ഒ.പി. ടിക്കറ്റ് കൗണ്ടറിലെത്തി. എം.ബി.ബി.എസ്. ഡോക്ടറെ കാണാൻ പറ്റുമോ എന്ന് തിരക്കി.
ഒ.പി. കൗണ്ടറിൽ ഇരിക്കുന്ന യുവതി: “രണ്ട് മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടിവരും.”
അശ്വിൻ: “ചിക്കൻപോക്സിനുള്ള ആന്റിവൈറൽ മരുന്ന് എഴുതിക്കിട്ടിയാൽ മതി.”
യുവതി: “അതിന് പത്താം നമ്പർ മുറിയിൽ പോയാൽ മതി. അവിടെ തിരക്കില്ല.”
അശ്വിൻ: “എം.ബി.ബി.എസ്. ഡോക്ടറാണോ?”
യുവതി: “അല്ല. പക്ഷേ ഇംഗ്ലീഷ് മരുന്നുകൾ എഴുതാൻ ലൈസൻസുള്ള ആളാണ്. ബ്രിഡ്ജ് കോഴ്സ് കഴിഞ്ഞ ഹോമിയോ ഡോക്ടറാണ്. സി.സി.എം.പി.യാണ്.”

രാജനും അശ്വിനും അവിടേക്ക് നടന്നു. നല്ല തിരക്കുണ്ടെങ്കിലും ഡോക്ടർ വളരെ വേഗത്തിൽ മരുന്നെഴുതി രോഗികളെ വിടുന്നുണ്ട്.
അശ്വിൻ: “ചിക്കൻപോക്സിനുള്ള ആന്റിവൈറൽ മരുന്ന് വേണം.”
കേട്ടപാടെ മരുന്ന് എഴുതി കയ്യിൽ കിട്ടി.
മരുന്ന് ചീട്ടുമായി ഫാർമസിയിൽ എത്തിയപ്പോൾ അവിടെ അശ്വിന്റെ സ്കൂൾ സഹപാഠിയായ അശോകിനെ കണ്ടു.
അശോക്: “എം.ബി.ബി.എസ്. ഡോക്ടറെ കാണിച്ചില്ലേ?”
അശ്വിൻ: “ഇല്ല. കുറേ കാത്തുനിൽക്കേണ്ടിവരും എന്നാണ് പറഞ്ഞത്.”
അശോക്: “ഞാൻ ഒന്ന് ശ്രമിക്കാം. എന്റെ കൂടെ വാ.”
അശോകിന്റെ ശ്രമഫലമായി അധികം താമസിയാതെ രാജൻ ഒരു എം.ബി.ബി.എസ്. ഡോക്ടറുടെ മുന്നിലെത്തി.

ഒരു ചികിത്സാസമ്പ്രദായത്തിൽ പരിശീലനം നേടിയ ഒരാൾ മറ്റൊരു ചികിത്സാസമ്പ്രദായത്തിൽപ്പെട്ട മരുന്നുകളോ പരിശോധനകളോ ചികിത്സാരീതികളോ ഉപയോഗിക്കുന്ന രീതിയെയാണ് പൊതുവെ മിക്സോപ്പതി  / cross pathy എന്ന് വിളിക്കുന്നത്.
ഒരു ചികിത്സാസമ്പ്രദായത്തിൽ പരിശീലനം നേടിയ ഒരാൾ മറ്റൊരു ചികിത്സാസമ്പ്രദായത്തിൽപ്പെട്ട മരുന്നുകളോ പരിശോധനകളോ ചികിത്സാരീതികളോ ഉപയോഗിക്കുന്ന രീതിയെയാണ് പൊതുവെ മിക്സോപ്പതി / cross pathy എന്ന് വിളിക്കുന്നത്.

ഡോക്ടർ: “ചിക്കൻപോക്സ് മുമ്പ് വന്നിട്ടുണ്ടോ?”
രാജൻ: “ഞാൻ പത്തിൽ പഠിക്കുമ്പോൾ വന്നിട്ടുണ്ട്. അതുകൊണ്ട് ആ വർഷം മാർച്ചിൽ പരീക്ഷ എഴുതാൻ പറ്റിയില്ല.”
ഡോക്ടർ: “ഈ കുമിളകൾക്ക് വേദനയുണ്ടോ?”
രാജൻ: “കുമിളകൾ പൊന്തുന്നതിനു മുമ്പുതന്നെ വേദന തുടങ്ങി.”
ഡോക്ടർ: “അപ്പോൾ ഇത് ഹെർപ്പിസ് സോസ്റ്റർ ആകാനാണ് സാധ്യത. എന്നാൽ ഒന്നിലധികം നാഡികളെ ബാധിച്ചതുപോലെ തോന്നുന്നു. അത് അപൂർവമാണ്. രോഗപ്രതിരോധശേഷി വളരെ കുറഞ്ഞവരിലാണ് സാധാരണയായി ഇത് കാണുന്നത്. മറ്റു കാര്യമായ രോഗങ്ങൾക്കുള്ള ചികിത്സയൊന്നും വേണ്ടിവന്നിട്ടില്ലല്ലോ, അല്ലേ?”
അശ്വിൻ: “ഏയ്, ഇല്ല.”
ഡോക്ടർ: “മൾട്ടിഡെർമറ്റോമൽ ഹെർപ്പിസ് സോസ്റ്റർ വരാനുള്ള കാരണം കണ്ടെത്തണം. ഒരു കാര്യം ചെയ്യൂ. പന്ത്രണ്ടാം നമ്പർ മുറിയിലെ എം.ഡി. ഫിസിഷ്യനെ ഒന്ന് കാണിക്കൂ. ഞാൻ എഴുതി തരാം.”
രാജനാകെ കൺഫ്യൂഷൻ.

ഒരേ ആശുപത്രിയിൽ നിന്ന് ഒരേ അസുഖത്തിന് ഇതിനകം രണ്ട് തരത്തിലുള്ള മരുന്നുകൾ എഴുതി കിട്ടി. എന്നാൽ അത് ശരിയല്ലെന്നും കൂടുതൽ വിദഗ്ധാഭിപ്രായം വേണമെന്നും മറ്റൊരു ഡോക്ടർ പറയുന്നു.

അപ്പോൾ ആരെയാണ് വിശ്വസിക്കേണ്ടത്?

മിക്സോപ്പതി / ക്രോസ്പതി എന്താണ്?

ഒരു ചികിത്സാസമ്പ്രദായത്തിൽ പരിശീലനം നേടിയ ഒരാൾ മറ്റൊരു ചികിത്സാസമ്പ്രദായത്തിൽപ്പെട്ട മരുന്നുകളോ പരിശോധനകളോ ചികിത്സാരീതികളോ ഉപയോഗിക്കുന്ന രീതിയെയാണ് പൊതുവെ മിക്സോപ്പതി (Mixopathy) / cross pathy എന്ന് വിളിക്കുന്നത്.

ഇന്ത്യൻ സാഹചര്യത്തിൽ, ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ തുടങ്ങിയ ചികിത്സാസമ്പ്രദായങ്ങളിൽ പരിശീലനം നേടിയവർ ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ രോഗികൾക്ക് നിർദ്ദേശിക്കുന്നതിനെ സൂചിപ്പിക്കാനാണ് ഈ പദം പലപ്പോഴും ഉപയോഗിക്കുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തിൽ ആവശ്യമായ പരിശീലനം ലഭിക്കാത്ത ഒരാൾ ഇത്തരം മരുന്നുകളും ചികിത്സാരീതികളും ഉപയോഗിക്കുമ്പോൾ, രോഗിയുടെ രോഗനിർണയത്തിലും ചികിത്സയിലും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അത് രോഗികൾക്കുണ്ടാക്കാവുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാനാണ് മുകളിൽ കൊടുത്ത സാങ്കൽപ്പിക കഥ.

യഥാർത്ഥ പ്രശ്നം എവിടെയാണ്?

ഇന്ത്യയിലെ ഗ്രാമീണ, അർധനഗര മേഖലകളിലെ ഡോക്ടർമാരുടെ ക്ഷാമവും ആ പ്രശ്നം പരിഹരിക്കുന്നതിനുപകരം അതിനെ മറികടക്കാൻ സ്വീകരിച്ച ചില നയപരമായ കുറുക്കുവഴികളുമാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണം.

നമ്മുടെ ഗ്രാമീണ ജനതയ്ക്ക് അവർ അർഹിക്കുന്ന മികച്ച ചികിത്സ നൽകാൻ മിക്സോപ്പതി പോലുള്ള ആശയക്കുഴപ്പങ്ങളും അപകടസാധ്യതകളും സൃഷ്ടിക്കാതെ തന്നെ നമുക്ക് സാധിക്കും.
നമ്മുടെ ഗ്രാമീണ ജനതയ്ക്ക് അവർ അർഹിക്കുന്ന മികച്ച ചികിത്സ നൽകാൻ മിക്സോപ്പതി പോലുള്ള ആശയക്കുഴപ്പങ്ങളും അപകടസാധ്യതകളും സൃഷ്ടിക്കാതെ തന്നെ നമുക്ക് സാധിക്കും.

ആരോഗ്യസേവനങ്ങൾ പരിമിതമായ പ്രദേശങ്ങളിൽ, ആവശ്യമായ പരിശീലനവും യോഗ്യതയും ഇല്ലാത്തവരെ ഉപയോഗിച്ച് കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ വിവിധ കാലഘട്ടങ്ങളിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വിവിധ സംസ്ഥാന സർക്കാർ വിജ്ഞാപനങ്ങൾ, ബ്രിഡ്ജ് കോഴ്സുകൾ, കോടതിവിധികൾ എന്നിവയിലൂടെ ക്രമേണ മിക്സോപ്പതി അംഗീകരിക്കപ്പെട്ടു. ചില സംസ്ഥാനങ്ങളിൽ പ്രത്യേക നിയമങ്ങളും വിജ്ഞാപനങ്ങളും പരിശീലനപദ്ധതികളും ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടായി.

ഇതിന് മുന്നോട്ടുവയ്ക്കപ്പെടുന്ന ന്യായീകരണം മിക്കപ്പോഴും ഒന്നുതന്നെയാണ്: MBBS ഡോക്ടർമാർ കുറവുള്ള പ്രദേശങ്ങളിൽ പ്രാഥമിക ആരോഗ്യപരിചരണം ലഭ്യമാക്കുക.

ഇത് യഥാർത്ഥത്തിൽ ഒരു പ്രശ്നമാണ്.

എന്നാൽ അതിനുള്ള ദീർഘകാല പരിഹാരം ആവശ്യമായ യോഗ്യതയും പരിശീലനവും ലഭിച്ച ആരോഗ്യപ്രവർത്തകരെ ഇത്തരം പ്രദേശങ്ങളിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന നിയമനരീതികളും സേവന-വേതന വ്യവസ്ഥകളും ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നതായിരിക്കണം. അതിനുപകരം, ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യാൻ ആവശ്യമായ സമഗ്രമായ പരിശീലനം ലഭിക്കാത്തവരെ, പ്രത്യേക സംസ്ഥാന നിയമങ്ങളോ സംവിധാനങ്ങളോ അനുവദിക്കുന്നിടത്ത്, പിൻവാതിലിലൂടെ മോഡേൺ മെഡിസിൻ ഡോക്ടർമാർ എന്ന് പദവി കൊടുത്ത്‌ ചികിൽസകരായി ജനങ്ങളുടെ ഇടയിൽ ഇറക്കിവിടുകയാണ്.

ഇത്തരം സംവിധാനങ്ങളുടെ മറ്റൊരു പ്രധാന പ്രശ്നം, ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാൻ അവകാശം ലഭിച്ചതുകൊണ്ട് മാത്രം ആ വ്യക്തികൾ നഗരങ്ങൾ ഉപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുമെന്ന് ഉറപ്പില്ല എന്നതാണ്. പ്രശ്നത്തിന്റെ അടിസ്ഥാന കാരണം പരിഹരിക്കുകയാണ് വേണ്ടത്.

ആവശ്യമായത്ര MBBS ഡോക്ടർമാരെ പരിശീലിപ്പിക്കുകയും, ഗ്രാമീണ സേവനത്തിന് അനുയോജ്യമായ ശമ്പളവും, ജോലി സാഹചര്യങ്ങളും താമസസൗകര്യങ്ങളും, പ്രൊഫഷണൽ പുരോഗതി ഉറപ്പാക്കുകയും ചെയ്താൽ, ഗ്രാമീണ മേഖലകളിലെ ഡോക്ടർമാരുടെ കുറവ് വലിയ തോതിൽ പരിഹരിക്കാനാകും.

ഓരോ വർഷവും ഒരു ലക്ഷത്തിലധികം MBBS ഡോക്ടർമാർ ഇന്ത്യയിൽ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ജീവിതസാഹചര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്താനും, അവിടെ ജോലി ചെയ്യുന്നതിനുള്ള പ്രൊഫഷണൽ-സാമ്പത്തിക പ്രോത്സാഹനങ്ങൾ ഉറപ്പാക്കാനും കഴിഞ്ഞാൽ, ആവശ്യമുള്ള ഡോക്ടർമാരെ ഗ്രാമങ്ങളിലേക്ക് ആകർഷിക്കാൻ സാധിക്കും. അങ്ങനെ, നമ്മുടെ ഗ്രാമീണ ജനതയ്ക്ക് അവർ അർഹിക്കുന്ന മികച്ച ചികിത്സ നൽകാൻ മിക്സോപ്പതി പോലുള്ള ആശയക്കുഴപ്പങ്ങളും അപകടസാധ്യതകളും സൃഷ്ടിക്കാതെ തന്നെ നമുക്ക് സാധിക്കും.

അതുകൊണ്ട് അടിസ്ഥാന പ്രശ്‌നം ഇതാണ്:
ഡോക്ടർമാരുടെ കുറവിന് പരിഹാരം കാണണോ, അതോ യോഗ്യതയില്ലാത്തവർക്ക്‌ അധികാരങ്ങൾ കൊടുത്ത്‌ ഇന്ത്യൻ ആരോഗ്യ രംഗത്തെ അപകടപ്പെടുത്തണോ?


Read: ഇതര ചികിത്സകളോടുള്ള
പ്രിയത്തിനു പിന്നിൽ

കൽപിതകഥയല്ല
ശാസ്ത്രം

ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: The Hidden Risks of Cross Pathy, Dr. Arun. N.M writes in Indian Medical Association Nammude Arogyam magazine.


ഡോ. അരുൺ എൻ.എം.

കൺസൾട്ടന്റ് ഫിസിഷ്യൻ, ക്വാളിറ്റി ക്ലിനിക്ക്, പാലക്കാട്. IMA സംസ്ഥാന നോർത്ത് സോൺ ​ജോയിന്റ് സെക്രട്ടറി.

Comments