ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ

‘‘ആഹാരം സമീകൃതമാകണം. അന്നജവും മാംസ്യവും വിറ്റമിനുകളും നാരുകളുമെല്ലാം അടങ്ങിയതാകണം. പഴങ്ങളും പച്ചക്കറികളും തവിടോടുകൂടിയ ധാന്യങ്ങളും പയറും പരിപ്പുവര്‍ഗ്ഗങ്ങളും പാലും പാലുല്പന്നങ്ങളും മതിയായ തോതില്‍ ദൈനംദിന ഭക്ഷണത്തിലുള്‍പ്പെടുത്തുക’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡയറ്റീഷ്യൻ ഉമാ കല്യാണി എഴുതിയ ലേഖനം.

കുടൽ (gut)അഥവാ ദഹനനാളത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ദഹനനാളത്തിലുടനീളം കാണുന്ന സൂഷ്മാണുക്കളെ ഗട്ട് മൈക്രോബയോട്ട എന്നു വിളിക്കുന്നു. ഇവയില്‍ ആരോഗ്യകരമായവയും അനാരോഗ്യകരമായവയും ഉള്‍പ്പെടുന്നു. ഗട്ട് മൈക്രോബയോട്ടയുടെ ആരോഗ്യം നിലനിര്‍ത്തുന്നത് ദഹനം സുഗമമാക്കാനും, രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും മാനസികാരോഗ്യം ഉറപ്പുവരുത്താനും അത്യന്താപേക്ഷിതമാണ്. നാം കഴിക്കുന്ന ആഹാരത്തിന് ഇതില്‍ വലിയ ഒരു പങ്കുണ്ട്. ഗട്ട് ഫ്രണ്ട്‌ലി ഓണസദ്യയെക്കുറിച്ചാണ് ഈ കുറിപ്പ്.

അന്നനാളത്തിലെ സൂക്ഷ്മാണുക്കള്‍ നാം കഴിക്കുന്ന ആഹാരത്തിനെ വിഘടിപ്പിക്കുകയും വിറ്റമിന്‍ കെ, ബയോട്ടിന്‍, ഫോളിക് ആസിഡ് എന്നീ പോഷകങ്ങള്‍ ഉത്പാദിപ്പിക്കുകയും അന്നജത്തിനെയും നാരുകളെയും വിഘടിപ്പിക്കുകയും SCFA (Short Chain Fatty Acids) ഉത്പാദിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ആരോഗ്യത്തിനും ശരീര സന്തുലിതാവസ്ഥയ്ക്കും അത്യന്താപേക്ഷിതമാണ്.

ആരോഗ്യകരമായ
ഗട്ട് മൈക്രോബയോട്ടക്ക്
നാം ചെയ്യേണ്ടതെന്തെല്ലാം?

സമീകൃതാഹാരം: നാം കഴിക്കുന്ന ആഹാരം സമീകൃതമാകണം. അന്നജവും മാംസ്യവും വിറ്റമിനുകളും നാരുകളുമെല്ലാം അടങ്ങിയതാകണം. പഴങ്ങളും പച്ചക്കറികളും തവിടോടുകൂടിയ ധാന്യങ്ങളും പയറും പരിപ്പുവര്‍ഗ്ഗങ്ങളും പാലും പാലുല്പന്നങ്ങളും മതിയായ തോതില്‍ ദൈനംദിന ഭക്ഷണത്തിലുള്‍പ്പെടുത്തുക.

സംസ്‌ക്കരിച്ച ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക. അമിതമായി ജങ്ക് ഫുഡുകളും പാക്കറ്റ് ഫുഡുകളും കഴിക്കുന്നത് ഗട്ടിനെ പ്രതികൂലമായി ബാധിക്കും. അനാരോഗ്യകരമായ സൂക്ഷ്മാണുക്കളുടെ വര്‍ദ്ധനക്കിത് കാരണമാകുന്നു. കൃത്യമായ വ്യായാമവും യോഗ അഭ്യസിക്കുന്നതും നടത്തവുമെല്ലാം അന്നനാളത്തിനെ ആരോഗ്യകരമാക്കാനും നീർവീക്കം കുറക്കാനും സഹായിക്കുന്നു.

കൃത്യമായ ഇടവേളകളില്‍ ആഹാരം കഴിക്കുന്നതും അന്നനാളത്തിന്റെ ആരോഗ്യം നിലനിര്‍ത്താനുതകന്നു. പിരിമുറുക്കം വരുമ്പോള്‍ ആഹാരം വാരിവലിച്ച് കഴിക്കുന്നത് ദഹനനാളത്തിന്റെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു.

ഗട്ട് ഫ്രണ്ട്‌ലി ഓണസദ്യയൊരുക്കാം

വിഭവസമൃദ്ധമായ ഓണസദ്യ ദഹനനാളത്തിന്റെ ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ്. ചമ്പാവരി ചോറും പരിപ്പും സാമ്പാറും അവിയലും ഓലനും അച്ചാറുകളുമടങ്ങുന്ന സദ്യ പോഷകങ്ങളാലും വൈവിധ്യങ്ങളാലും ആമാശയത്തിലെ കുഞ്ഞന്‍മാ രായ സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും അവയുടെ ആരോഗ്യകരമായ പ്രവര്‍ത്തന ങ്ങള്‍ക്കും സഹായിക്കുന്നു. തൂശനിലയില്‍ ചൂടോടെ വിളമ്പുമ്പോള്‍ അതിലെ ആന്റി ഓക്‌സിഡന്റുകളും ആന്റി മൈക്രോബിയല്‍ ഗുണങ്ങളും ദഹനത്തിന് സഹായിക്കും.

ഓണസദ്യയ്ക്ക് സിംബയോറ്റിക് ഗുണമാണുള്ളത്. അതായത് ഇത് ദഹനത്തിനാവശ്യമായ പ്രീബയോട്ടിക്കുകളുടെയും പ്രോബയോട്ടിക്കുകളുടെയും സമ്മിശ്രമാണ്. പ്രോബയോട്ടിക്കുകളെന്നാല്‍ അതില്‍ ഗുണകരമായ സൂക്ഷ്മാണുക്കളുണ്ട്. പ്രോബയോട്ടി ക്കുകളെന്നാല്‍ ഇവ ഇത്തരം ഗുണകരമായ സൂക്ഷ്മാണുക്കളുടെ ആഹാരമായി മാറുന്നു.

ചമ്പാവരി ചോറും പയറും പച്ചക്കറികളുമെല്ലാം നാരിന്റെ നല്ല ഉറവിടങ്ങളാണ്. ഇതൊരു പ്രീബയോട്ടിക്കായി നമുക്കുതകുമ്പോള്‍ മോരിലും അച്ചാറുകളിലുമെല്ലാം പ്രോബയോട്ടിക്കുകളാണു ള്ളത്. ഇഞ്ചിപ്പുളിയും രസത്തിലുള്ള കുരുമുളകും ജീരകവും കായപ്പൊടിയും മഞ്ഞളുമെല്ലാം രുചി കൂട്ടുക മാത്രമല്ല, ആരോഗ്യകരമായ സൂക്ഷ്മാണുക്കളെ വര്‍ദ്ധിപ്പിക്കുന്നു. ദഹനം സുഗമമാക്കാനും ഗട്ട് ഇന്റഗ്രിറ്റി (കുടലിന്റെ ക്ഷേമം) വർദ്ധിപ്പിക്കുവാനും സിംബയോട്ടിക്കുകള്‍ സഹായിക്കുന്നു.

അതേസമയം, പഞ്ചസാര അമിതമായി ചേര്‍ത്ത പായസം അനാരോഗ്യകരമായ സൂക്ഷ്മാണുക്കളെ വര്‍ദ്ധിപ്പിക്കുന്നു. ആയതിനാല്‍ അവ മിതമായി ഉള്‍പ്പെടുത്താം.

ഓണസദ്യയോടൊപ്പം ഓണക്കളികളിലേര്‍പ്പെടുന്നതും കൂട്ടുകാരോടൊപ്പവും കുടുംബത്തി നൊപ്പവും സമയം ചെലവിടുന്നതുമെല്ലാം അന്നനാളത്തിലെ സൂഷ്മാണുക്കളെ പുഷ്ടിപ്പെടുത്തുകയും നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

READ: ആയുരാരോഗ്യസൗഖ്യം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Uma kalyani writes about balanced diet in Indian Medical Association Nammude Arogyam magazine


ഉമാ കല്യാണി

രജിസ്ട്രേഡ് ഡയറ്റീഷ്യൻ. കമ്യൂണിറ്റി ന്യുട്രീഷ്യൻ ഫോറം കേരള ​​വൈസ് പ്രസിഡന്റ്.

Comments