‘‘In nothing do men more nearly approach the gods than in giving health to men’’.
- Marcus Tullius Cicero: Speach 'Pro Ligario', 46 BCE (106 B.C. - 43 B.C.)
അതേ, സിസെറോ. ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. ഉണ്ട് എന്ന് പറയാൻ കഴിയില്ല; കാരണം, ഞാൻ ദൈവത്തെ കണ്ടിട്ടില്ല. ഇല്ല എന്നും പറയാൻ ഞാനില്ല; കാരണം, അങ്ങനെ വിധിയെഴുതാനുള്ള അഹങ്കാരവും എനിക്കില്ല. എന്നാൽ ഒരു കാര്യം എനിക്ക് ഉറപ്പോടെ പറയാം. എന്റെ മുന്നിൽ എക്കാലവും ആരോഗ്യമേകാൻ ഡോക്ടർമാർ ഉണ്ടായിരുന്നു. ഇപ്പോളുമുണ്ട്. അതുകൊണ്ട്, അതുകൊണ്ടുമാത്രം ഞാൻ ഈ കുറിപ്പ് എഴുതുന്നു.
▮
കാലം അരനൂറ്റാണ്ടിലേറെയായി. എനിക്ക് അഞ്ചുവയസ്സ് പ്രായം. ഒന്നാം ക്ലാസിൽ പോവാൻ തുടങ്ങിയതേ ഉള്ളൂ. കോഴിക്കോട് നഗരത്തിനടുത്തുള്ള ചെറുവണ്ണൂരായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ഒരു ദിവസം എന്റെ ഒരു അടുത്ത ബന്ധു അവരുടെ ഒന്നൊന്നര വയസ്സ് പ്രായമുള്ള മകനെയും കൊണ്ട് വീട്ടിൽ വന്നു. ആ ശിശുവിന് ഒരസുഖം. അവന്റെ വെളുവെളുത്ത ശരീരം മുഴുവൻ കൊതുകു കടിച്ചതുപോലെ ചുവന്ന് തടിച്ചു പൊന്തിയിരിക്കുന്നു. എന്താണ് അസുഖമെന്ന് മനസ്സിലാവുന്നില്ല. കോഴിക്കോട്ടെ ഏതെങ്കിലും നല്ല സ്പെഷലിസ്റ്റ് ഡോക്ടറെ കാണിക്കണം. അതിനാണ് അവർ ഞങ്ങളുടെ വീട്ടിൽ വന്നത്. അച്ഛൻ ഒരു ഡോക്ടറെ കണ്ടെത്തി. ഡോ. മത്തായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ദ്ധനാണ്. ഡോ. മത്തായിയെ കാണാനായി ആ കൊച്ചു കുട്ടിയെയും കൊണ്ട് എന്റെ അച്ഛനും ആ ബന്ധുവും പുറപ്പെടുകയാണ്. ടാക്‌സി വിളിച്ചിട്ടുണ്ട്. ടാക്‌സിയിൽ അവർ കയറുന്ന നേരം അച്ഛൻ എന്നോടായി പറഞ്ഞു, 'നീയും പുറപ്പെട്ടോ'. സ്കൂളിലെ കളിയും ബഹളവും കൂടിയിട്ടാവണം കയ്യിനും കാലിനും വേദനയുണ്ടെന്ന് ഞാൻ പറയാറുണ്ടായിരുന്നു. എന്തായാലും ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാൻ പോവുകയല്ലേ, അപ്പോൾ എന്നെക്കൂടി കാണിച്ചേക്കാം എന്ന് അച്ഛൻ കരുതി. അങ്ങനെ ഞാനും ടാക്‌സിയിൽ കയറി. ഭാഗ്യവശാൽ ഡോക്ടർമാർ എന്നത് കുട്ടികളെ സൂചി കയറ്റി ഇഞ്ചക്ഷൻ വെക്കുന്ന ഭയങ്കരന്മാരാണെന്ന് അക്കാലത്ത് ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. അതിനാൽ ടാക്‌സിയിൽ കയറുമ്പോൾ പേടിയൊന്നും തോന്നിയിരുന്നില്ല.
ഡോക്ടറുടെ മുറി. ചുമരിൽ കുറേ ചിത്രങ്ങളും ചാർട്ടുകളും തൂക്കിയിരിക്കുന്നു. അധികം ഉയരമില്ലാത്ത, സൗമ്യമായ മുഖമുള്ള ഒരു കൊച്ചു മനുഷ്യനായിരുന്നു ഡോ. മത്തായി. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന മുഖം. കുട്ടികളുടെ ഡോക്ടർക്ക് മാത്രമല്ല ഏത് ഡോക്ടർക്കും ഇങ്ങനെ ബേബി ഫ്രന്റ്ലി രൂപം വേണം. കാരണം ഡോക്ടറുടെ മുന്നിൽ എത് മുതിർന്ന ആളും കുട്ടിയാണ്. ഡോ. മത്തായി ആ ഒന്നര വയസ്സുകാരന്റെ ശരീരം സൂക്ഷ്മതയോടെ പരിശോ ധിച്ചു. അദ്ദേഹത്തിന്റെ മീശയില്ലാത്ത മുഖത്ത് മന്ദഹാസം. അദ്ദേഹം ഞങ്ങളോട് പറഞ്ഞു: 'പേടിക്കാനൊന്നുമില്ല. അലർജിയാണ്. ഇപ്പോൾ ഈ കുട്ടിയെ കിടത്തുന്ന റബ്ബർഷീറ്റ് മാറ്റി തുണിയുടെ വിരിപ്പിട്ടാൽ മാറും. ഒരു മരുന്നും വേണ്ട.'

ആ കുട്ടിയുടെ അമ്മയുടെ മുഖത്ത് ആശ്വാസം. അതിനുശേഷം അച്ഛൻ എന്റെ കാര്യം പറഞ്ഞു. ഡോക്ടർ എന്റെ ശരീരവും പരിശോധിച്ചു. എന്റെ ഓർമ്മയിലെ ആദ്യത്തെ വൈദ്യശാസ്ത്ര സ്പർശം. കുറേ അധികനേരം സ്റ്റെതസ്കോപ്പു വെച്ച് നോക്കി. എനിക്ക് ഇടക്കിടെ പനി വരാറുണ്ടോ എന്ന് ഡോക്ടർഅച്ഛനോട് തിരക്കി. പനി അക്കാലത്ത് എന്നും എന്റെ കൂടെയുണ്ടായിരുന്നു. കുറച്ച് നേരത്തെ പരിശോധനയ്ക്ക് ശേഷം ഡോ. മത്തായി അച്ഛനോ ടായി പറഞ്ഞു: ‘ഈ കുട്ടിയെയാണ് എന്നെ കാണിക്കേണ്ടിയിരുന്നത്. He has a serious problem. റുമാറ്റിക് ഹാർട്ട് ഡിസീസ്. ഇടിവെട്ടേറ്റ പോലെയായി ഞങ്ങൾ. ഏതാനും സെക്കന്റുകളുടെ ആ നിശ്ശബ്ദത. പക്ഷേ, ആ മരവിപ്പ് മാറ്റിയത് ഡോക്ടർ തന്നെയായിരുന്നു. അദ്ദേഹം പറഞ്ഞു: 'കൃത്യമായി മരുന്നുകൾ കഴിക്കുകയും ആറു മാസമെങ്കിലും പരിപൂർണ്ണ വിശ്രമമെടുക്കുകയും ചെയ്താൽ അസുഖം പൂർണ്ണമായി മാറും. ഈ കുട്ടി ഇപ്പോൾ നടക്കുക പോലും ചെയ്യരുത്.'
ആസ്പിരിൻ, സെലിൻ എന്ന വൈറ്റമിൻ സി ഗുളിക, എനിക്ക് പേരറിയാത്ത ചില ആന്റിബയോട്ടിക് ഗുളികകൾ. എന്റെ കിടക്കയിലേക്ക് മരുന്നുകൾ എത്തി. ഒന്നാം ക്ലാസിൽ പിന്നെ ഞാൻ പോയില്ല. സ്കൂളിൽ പോവാതായതോടെ എനിക്ക് കൂട്ടുകാരെ നഷ്ടപ്പെട്ടു. ജനലിലൂടെ മാത്രം ഞാൻ ലോകം കണ്ടു. പതുക്കെപ്പതുക്കെ ഞാൻ ഏകാന്തതയും മനോരാജ്യവും ഇഷ്ടപ്പെടാൻ തുടങ്ങി. ഓരോ രണ്ടാഴ്ച കൂടുമ്പോളും ഡോ. മത്തായിയെ കാണാൻ പോകലായിരുന്നു ലോകം കാണാനുള്ള ഏക അവസരം. അങ്ങനെ, പുതിയൊരു ഞാൻ പിറവി യെടുക്കുകയായിരുന്നു. 'ദ്വിജൻ' എന്നാൽ ബ്രാഹ്മണൻ. ആ വാക്കിന് രണ്ടു തവണ ജനിക്കുന്നവൻ എന്നാണ് അർത്ഥം. ഉപനയനം എന്ന കർമ്മത്തിലൂടെ പുതിയൊരാളായി ബ്രാഹ്മണൻമാറുന്നു എന്നാണ് സങ്കൽപ്പം. ഞാൻ ബ്രാഹ്മണനല്ല. പക്ഷേ, ദ്വിജനാണ്. രോഗകാലം എന്നെ പുതിയൊരു ഞാനാക്കി. പന്തുകളിയും തമ്മിൽത്തല്ലും കല്ലെറിഞ്ഞ് മാങ്ങയിടലും ഞാൻ മറന്നു. ചെസ്സും പത്രവായനയുമായി മാറി എന്റെ പകലുകൾ. ഇന്നും ഞാൻ എറിയുന്ന കല്ല് ഏറ്റവും ചെറിയ മരത്തിന്റെ പകുതി എത്താറില്ല. പക്ഷേ, അഞ്ചാം ക്ലാസിൽ പഠിക്കുമ്പോളേക്കും വിസ്തൃതമായ പത്രവായനയിലൂടെ അമേരിക്ക- സോവിയറ്റ് യൂണിയൻ ശീതയുദ്ധത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാമായിരുന്നു. ഒരു കൊല്ലം കൊണ്ട് എന്റെ രോഗം പരിപൂർണ്ണമായി മാറി. എന്നാലും ഡോക്ടർ മത്തായിയെ എന്റെ സ്കൂൾ ജീവിതത്തിൽ ഉടനീളം ഞാൻ കാണാൻ പോകുമായിരുന്നു. അദ്ദേഹം ഡോക്ടറായി തൊട്ടടുത്തുണ്ടായിരുന്നതിനാൽ എന്റെ രണ്ടാം ജന്മവുമുണ്ടായി.
2
‘‘Healing is a matter of time, but it is sometimes also a matter of opportuntiy’’.
- Hyppocrates: Precepts ch. 1.
ശുശ്രൂഷിക്കാൻ (ഭാഗ്യാ)അവസരവും വേണമെന്നാണ് ഹിപ്പോക്രറ്റസ് പറയുന്നത്. രോഗ ശുശ്രൂഷ ലഭിക്കാൻ എനിക്കും അത് നൽകാൻ ഒരു ഡോക്ടർക്കും തീർത്തും അവിചാരിതമായി ഒരവസരം വന്നത് ഓർക്കട്ടെ. 1975- 76. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്നു. രാവിലെ ഏഴു മണിക്ക് പത്രക്കാരൻ വീട്ടുമുറ്റത്ത് പത്രമിട്ടാൽ ഞാനാണ് അതെടുത്ത് ആദ്യം വായിക്കുക. സത്യവും വാർത്തകളും നിരോധിക്കപ്പെട്ട അടിയന്തരാവസ്ഥ ക്കാലമായിരുന്നു അത്. പക്ഷേ, എന്റെ പത്രവായനയ്ക്ക് ഒരു കുറവും വന്നിരുന്നില്ല. അന്നൊരു ദിവസം പതിവുപോലെ ഞാൻ വീടിന്റെ മുറ്റത്തേക്കിറങ്ങുന്ന ഉമ്മറപ്പടിയിൽ നിന്ന് പത്രം വായിക്കുകയായിരുന്നു. ഞാൻ വായനയിൽ മുഴുകിയ സമയത്ത് ഒരതിഥി പടി കടന്ന് വീട്ടുമുറ്റത്ത് എത്തിയത് ഞാനറിഞ്ഞില്ല. ഒരു ഭ്രാന്തൻ നായ. അത് എന്റെ നേരെ ഓടി വന്ന് എന്റെ കൈയ്ക്ക് കടിക്കലും വന്ന വഴിയെ തിരിഞ്ഞോടലും ഒറ്റനിമിഷംകൊണ്ട് കഴിഞ്ഞു. എന്റെ കയ്യിൽ ചോരയിൽ മുങ്ങിയ ദിനപത്രം.

കടിച്ചത് ഭ്രാന്തൻ നായയാണെന്ന് വൈകാതെ മനസ്സി ലായി. എന്നെയും കൊണ്ട് അച്ഛൻ നേരെ മെഡിക്കൽ കോളേജിലേക്ക് ഓടി. കാരണം ഞങ്ങളുടെ വീട്ടിനടുത്തുള്ള ആശുപത്രികളിലൊന്നും ആന്റി റാബീസ് വാക്‌സീൻ ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളേജിൽ നിന്ന് വാക്‌സിൻ കിട്ടി. പക്ഷേ, അവിടെയുണ്ടായിരുന്ന ഡോക്ടർ തെല്ല് വിഷമിച്ച് ഞങ്ങളോട് പറഞ്ഞു, 'ഞങ്ങളുടെ കയ്യിൽ സ്റ്റോക്കുള്ള ഈ വാക്‌സിൻ അത്ര ഫലപ്രദമാണെന്ന് ഞാൻ പറയില്ല.'
എന്നുവെച്ചാൽ?
ആ ചോദ്യത്തിന്റെ ഉത്തരം കാളിയനെപ്പോലെ പത്തി വിടർത്തി. വീണ്ടും തെരുവുകളിലൂടെ ഓട്ടം. അക്കാലത്ത് കോഴിക്കോട്ട് സ്വകാര്യ മേഖലയിൽ വലിയ ആശുപത്രികൾ മിക്കവാറും ഇല്ലായിരുന്നു. ഞങ്ങളുടെ ടാക്‌സി നടക്കാവിൽ ഒരു വളവ് തിരിയുമ്പോൾ ഒരു വീടിന്ന് മുന്നിൽ ഡോക്ടറുടെ നെയിം ബോഡ് കണ്ടു. ഡോ. രമേഷ്. ഞങ്ങൾക്ക് ഒരു പരിചയവുമില്ല. അദ്ദേഹം ഏത് വിഷയത്തി ലാണ് സ്പെഷലൈസ് ചെയ്തത് എന്നും അറിയില്ല. ടാക്‌സി നേരെ അങ്ങോട്ട് വിട്ടു. മികച്ച വാക്‌സിൻ എവിടെനിന്ന് കിട്ടുമെന്ന് അറിയണം. ഡോക്ടറോടല്ലാതെ ആരോട് ചോദിക്കാൻ. ചെറുപ്പക്കാരനായിരുന്നു ഡോക്ടർ. ഞങ്ങളുടെ ആവശ്യം കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ വിടർന്നു. അദ്ദേഹം അൽഭുതത്തോടെ ഞങ്ങളോട് പറഞ്ഞു. 'വാക്‌സിൻ എന്റെ കൈയിലുണ്ട്. ഇന്നലെ ഞാൻ ഊട്ടിയിൽ പോയിരുന്നു. തിരിച്ചുവരുന്ന വഴിയിൽ കൂനൂരുള്ള പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്ന് കയറി. അവിടെനിന്ന് എനിക്ക് രണ്ട് സെറ്റ് വാക്‌സിൻ കിട്ടി. ഒന്ന് നിങ്ങൾക്ക് തരാം.'
പണമൊന്നും വാങ്ങാതെ അദ്ദേഹം തന്റെ ഫ്രിഡ്ജിൽനിന്ന് ഒരു സെറ്റ് വാക്‌സിൻ അച്ഛന്റെ കയ്യിൽ കൊടുത്തു.
ഇതായിരുന്നില്ലേ ഹിപ്പോക്രാറ്റസ് പറഞ്ഞ അവസരം (opportunity)? എന്നെ സംബന്ധിച്ചേടത്തോളം മഹാഭാഗ്യാവസരം. അത്തരമൊരവസരം ഡോ. രമേഷ് എന്ന അജ്ഞാതനായ ഡോക്ടർ ദയാവായ്‌പ്പോടെ എനിക്കുവേണ്ടി ഉപയോഗിച്ചു. അദ്ദേഹം ഉണ്ടായിരുന്നതിനാൽ, ആ ദയാവായ്പ്പുകൊണ്ടു മാത്രം എനിക്ക് ഈ കുറിപ്പ് എഴുതാൻ കഴിയുന്നു.
3
പ്രയോഗജ്ഞാന വിജ്ഞാന
സിദ്ധിസിദ്ധാഃ സുഖപ്രദാഃ
ജീവിതാഭിസരാസ്തേ സ്യുവൈദ്യത്വം
തേഷ്വാവസ്ഥിതമിതി
(ചരകസൂത്രസ്ഥാനം: അദ്ധ്യായം 11, ശ്ലോകം 53)
(ചികിത്സാവിജ്ഞാനത്തിൽ അറിവും ഉൾക്കാഴ്ചയുമുള്ള ഭിഷഗ്വരന്മാർ വിജയിക്കുന്നു. അവർ സന്തോഷം നൽകുന്നവരാണ്. അവർ ജീവരക്ഷയേ കുന്നവരാണ്)
ജീവിതമദ്ധ്യാഹ്നം കഴിഞ്ഞു. സൂര്യൻ പടിഞ്ഞാട്ട് ചായുകയാണ്. രോഗങ്ങൾ അവയ്ക്ക് ലഭ്യമായ എല്ലാ വഴികളിലൂടെയും എന്നിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുമ്പോൾ രണ്ടു ഡോക്ടർമാരാണ് ഇന്ന് എനിക്ക് തുണ. കാർഡിയോളജിസ്റ്റ് ഡോ. രഘുറാം കൃഷ്ണനും ഓങ്കോളജിസ്റ്റ് ഡോ. നാരായണൻകുട്ടി വാരിയരും. ഭീകരർക്കെതിരെ ബി.എസ്.എഫ് പട്ടാളക്കാരെപ്പോലെ അവർ എന്റെ ഇടവും വലവും നിലയുറപ്പിച്ചിട്ടുണ്ട്. അവർ ഉള്ളതുകൊണ്ട്, അതുകൊണ്ടുമാത്രം ഞാൻ ഇനിയും ഉണ്ടാകും, എഴുതും.
READ: ഇളംമനസ്സിലേക്കുള്ള
പാസ്സ്വേഡുകൾ
പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും
മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

