ഇലക്ഷന്‍ കമ്മീഷന്‍ ഉറങ്ങിയ വീട്

ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍, പത്രപരസ്യങ്ങള്‍, സര്‍ക്കാര്‍ മെഷീനറികളെ വോട്ട് പിടുത്തത്തിനായി ഉപയോഗപ്പെടുത്തല്‍, പണം നല്‍കി വോട്ട് ശേഖരിക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങള്‍ ബിജെപിക്കെതിരെ ഉയര്‍ന്നുകഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുസ്ലിം വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ കയറി ചോദ്യം ചെയ്യുന്നതടക്കമുള്ള വീഡിയോകള്‍ തെളിവുസഹിതം കമ്മീഷന് നല്‍കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം അവഗണിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി നടക്കുന്നതിന് വേണ്ടി ഭരണഘടനാ വിദഗ്ദ്ധര്‍ വളരെ ആലോചനാപൂര്‍വ്വം രൂപീകരിച്ച ഒന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ ഭരണകൂടങ്ങളില്‍ നിന്ന് അകന്ന് സ്വതന്ത്രാസ്തിത്വമുള്ള, രാഷ്ട്രപതിയോട് മാത്രം ഉത്തരം പറയാന്‍ ബാധ്യസ്ഥമായ ഒരു ഏജന്‍സിയെ സൃഷ്ടിച്ചതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തില്‍പ്പോലും രാഷ്ട്രീയ കൈകടത്തലുകള്‍ കടന്നുവരാതിരിക്കാനുള്ള ജാഗ്രത ഭരണഘടനാ വിദഗ്ധര്‍ സൂക്ഷിച്ചിരുന്നതായി കാണാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ, പ്രത്യേകിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ, പിരിച്ചുവിടാന്‍ പാര്‍ലമെന്റിലെ ഇംപീച്ച് നടപടികള്‍ ആവശ്യമായി വരുന്ന തരത്തിലുള്ള നിയമ നിര്‍മ്മാണങ്ങളായിരുന്നു അവര്‍ സൃഷ്ടിച്ചത്.
1951-52ലെ ആദ്യ തെരഞ്ഞെടുപ്പ് തൊട്ട് ഏറ്റവും കുറഞ്ഞത് 90കള്‍ വരെയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വളരെ ശക്തവും രാഷ്ട്രീയപാര്‍ട്ടികളുടെ പേടിസ്വപ്നവുമായി പ്രവര്‍ത്തിക്കുകയുണ്ടായി. പിന്നീടങ്ങോട്ട് പതുക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഏറാന്‍മൂളികളായി പ്രവര്‍ത്തിക്കുന്ന കാഴ്ചകളാണ് നാം കണ്ടത്.

നരേന്ദ്ര മോദി അധികാരത്തില്‍ തുടര്‍ന്ന ഒരു ദശകക്കാലം രാജ്യത്തെ എല്ലാ സ്വതന്ത്രാധികാരമുള്ള ഏജന്‍സികളെയും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. സിബിഐ, ഇഡി എന്നിവ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്താനും നിയമക്കുരുക്കില്‍ പെടുത്താനും ഉള്ള ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് ഇന്ന് സാധാരണ സംഗതിയായിരിക്കുന്നു.

നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ

തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം തന്നെ നടത്തുകയുണ്ടായി മോദി സര്‍ക്കാര്‍. ഇലക്ഷന്‍ കമ്മീഷനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം മന്ത്രിസഭയിലെ ഒരംഗത്തെ ഉള്‍പ്പെടുത്തുകയും ചെയ്തതിലൂടെ നിയമന പ്രക്രിയ പൂര്‍ണ്ണമായും എക്‌സിക്യൂട്ടീവിന്റെ കൈകളിലേക്ക് എത്തിക്കുകയാണ് മോദി ചെയ്തത്. ഈയൊരു നിയമന രീതി രാഷ്ട്രീയ ഭരണകൂടത്തോട് തങ്ങളുടെ കൂറ് പുലര്‍ത്താന്‍ കമ്മീഷന്‍ അംഗങ്ങളെ നിര്‍ബന്ധിതമാക്കുന്നുണ്ടെന്നത് ഇന്ന് പകല്‍പോലെ വ്യക്തമായ കാര്യമാണ്.

തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളും ജനാധിപത്യ സംഘടനകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും നല്‍കുന്ന പരാതികളോട് ഒട്ടും തന്നെ ക്രിയാത്മകമായല്ലാതെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്മീഷന്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നതെന്ന് കാണാം.

കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് ഏറ്റവും നല്ല ഉദാഹരണം വോട്ടിംഗ് മെഷീന്‍ നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ളതാണ്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കായുള്ള സോഫ്‌റ്റ്വെയര്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച അതീവ തന്ത്രപ്രധാനമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ (BEL) ബോര്‍ഡില്‍ കുറഞ്ഞത് നാല് ബിജെപി നോമിനികളെങ്കിലും 'സ്വതന്ത്ര' ഡയറക്ടര്‍മാരായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് സംബന്ധിച്ച പരാതിയില്‍ നാളിതുവരെ നടപടി സ്വീകരിക്കുവാന്‍ ഇസിഐ തയ്യാറായിട്ടില്ല.

ബിഇഎല്ലിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്ക് ഒരു പ്രധാന പങ്കുണ്ടെന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. ഇ.വി.എമ്മുകളുടെ കാതലായ ചിപ്പുകളില്‍ ഉള്‍ച്ചേര്‍ത്ത 'രഹസ്യ' എന്‍ക്രിപ്റ്റഡ് സോഴ്സ് കോഡിന്റെ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇടപെടാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതിലോ, തെരഞ്ഞെടുപ്പുകളില്‍ അവശ്യം ഉണ്ടായിരിക്കേണ്ട 'ലെവല്‍ പ്ലേയിംഗ് ഗ്രൗണ്ടി'നെക്കുറിച്ചോ കമ്മീഷന് യാതൊരു ആശങ്കയുമില്ലെന്ന് ഇത് തെളിയിക്കുന്നു.

ബിഇഎല്ലിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്ക് ഒരു പ്രധാന പങ്കുണ്ടെന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിലൊരാളായി അതിന്റെ വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന ഒരാള്‍ രാജ്കോട്ടില്‍ നിന്നുള്ള ബിജെപി ജില്ലാ പ്രസിഡണ്ടായ മന്‍സൂഖ്ഭായ് ഷാംജിഭായ് ഖച്ഛാരിയയെ ആണ്. കമ്പനിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു സ്വതന്ത്ര ഡയറക്ടര്‍ നിര്‍ണായക പങ്ക് വഹിക്കണമെന്ന് കമ്പനി നിയമം അനുശാസിക്കുന്നു. ഈ സാഹചര്യത്തില്‍, ഈ പ്രത്യേക കമ്പനി ഇവിഎമ്മുകളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും വളരെ അടുത്ത് ഇടപെടുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇവിഎം സാങ്കേതികവിദ്യയ്‌ക്കെതിരെയും കൃത്രിമത്വത്തിനുള്ള സാധ്യതകള്‍ സംബന്ധിച്ചും വിമര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയത്ത്. ഖച്ഛാരിയയെ കൂടാതെ, ബിഇഎല്ലിന്റെ മറ്റ് മൂന്ന് 'സ്വതന്ത്ര' ഡയറക്ടര്‍മാര്‍ക്കെങ്കിലും ബി ജെ പിയുമായി ബന്ധമുണ്ട്. വോട്ടിംഗ് മെഷീനുകള്‍ നിര്‍മ്മിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ബിഇഎല്ലിലെ 'സ്വതന്ത്ര' സ്വതന്ത്ര ഡയറക്ടര്‍മാരായി ബി.ജെ.പി.യുമായി ബന്ധമുള്ള വ്യക്തികള്‍ഉള്ളതില്‍ താല്‍പ്പര്യവൈരുദ്ധ്യ (conflict of interest) ത്തെക്കുറിച്ച് കമ്മീഷന് ഇനിയും ബോധ്യം വന്നിട്ടില്ലെന്ന് വേണം കരുതാന്‍.

2020 ജനുവരിയില്‍ ദ ക്വിന്റ് പത്രത്തിലെ പൂനം അഗര്‍വാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കള്ളത്തരം പുറത്തു കൊണ്ടുവന്നതും ഈയൊരു സന്ദര്‍ഭത്തില്‍ ഓര്‍ത്തിരിക്കേണ്ടതാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളാണത്. തെരഞ്ഞെടുപ്പു പ്രക്രിയയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് രേഖകള്‍ ഒരു വര്‍ഷം വരെ സൂക്ഷിക്കണമെന്ന നിബന്ധനകളെ അട്ടിമറിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനിന്നുവെന്നായിരുന്നു ആ വിവാദം. പത്രപ്രവര്‍ത്തകയായ പൂനം അഗര്‍വാള്‍ നല്‍കിയ വിവരാവകാശ ചോദ്യത്തിന് കമ്മീഷന്‍ നല്‍കിയ മറുപടിയില്‍ 2019ലെ തെരഞ്ഞെടുപ്പിന് ശേഷം VVPAT സ്ലിപ്പുകള്‍ നാല് മാസത്തിനുള്ളില്‍ നശിപ്പിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവ് നല്‍കിയെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

പൂനം അഗര്‍വാള്‍

ഇത് 1961 ലെ തെരഞ്ഞെടുപ്പ് റൂള്‍സിലെ, റൂള്‍ 94 (B) അനുസരിച്ച് - Rule 94 (B) of the conduct of Election Rules- തെരഞ്ഞെടുപ്പ് കടലാസുകള്‍ ഒരു വര്‍ഷം വരെ സൂക്ഷിക്കേണ്ടതാണ് എന്ന ചട്ടത്തിന്റെ സമ്പൂര്‍ണ്ണ ലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മറുപടി അനുസരിച്ച്, 2019 സെപ്തംമ്പര്‍ 24 ന്, അതായത് തെരഞ്ഞെടുപ്പ് നടന്ന് നാല് മാസങ്ങള്‍ക്കുള്ളില്‍ തന്നെ VVPAT സ്ലിപ്പുകള്‍  നശിപ്പിക്കാനുള്ള ഉത്തരവ് നല്‍കിയെന്നാണ് മനസ്സിലാകുന്നത്. ഒരു വോട്ടര്‍ ആര്‍ക്ക് വോട്ടു ചെയ്തു എന്ന് കൃത്യമായി രേഖപ്പെടുത്തുന്ന സംവിധാനമാണ് VVPAT മെഷീന്‍. രേഖപ്പെടുത്തുന്ന വോട്ട് ആദ്യം അടയാളപ്പെടുത്തുക VVPAT സ്ലിപ്പുകളിലാണ്. ഈ സ്ലിപ്പുകളാണ് ധൃതി പിടിച്ച് നശിപ്പിക്കുവാന്‍ കമ്മീഷന്‍ ഉത്തരവ് നല്‍കിയതെന്നാണ് പൂനം വിശദീകരിക്കുന്നത്.

2024ലെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നതിന് തൊട്ട് മുമ്പും പിമ്പുമായി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ, മുഖ്യമന്ത്രിമാരെ അടക്കം, ജയിലടക്കുക, മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക തുടങ്ങി അടിയന്തിരാവസ്ഥക്കാലത്ത് പോലും ചെയ്യാത്ത നിരവധി പ്രവര്‍ത്തികള്‍ മോദി സര്‍ക്കാര്‍ ചെയ്തിട്ടും അതില്‍ ഒരെണ്ണത്തില്‍പ്പോലും നടപടി സ്വീകരിക്കാനോ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടാനോ ഉള്ള ചങ്കുറപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കുകയുണ്ടായില്ല.

പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ സൃഷ്ടിച്ച അജണ്ടകളില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ രൂപപ്പെടാന്‍ തുടങ്ങിയതോടെ വിറളിപിടിച്ച നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നടത്തിക്കൊണ്ട് വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ നടത്താന്‍ തുടങ്ങിയത് സംബന്ധിച്ച് 17000ത്തിലധിം പരാതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുകയുണ്ടായി. ഈ വിഷയത്തില്‍ ചട്ടലംഘനം നടത്തിയ നരേന്ദ്ര മോദിക്ക് നോട്ടീസ് അയക്കുന്നതിന് പകരം ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്ക് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കത്തയക്കുകയാണ് കമ്മീഷന്‍ ചെയ്തത്.

ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ

ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍, പത്രപരസ്യങ്ങള്‍, സര്‍ക്കാര്‍ മെഷീനറികളെ വോട്ട് പിടുത്തത്തിനായി ഉപയോഗപ്പെടുത്തല്‍, പണം നല്‍കി വോട്ട് ശേഖരിക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങള്‍ ബിജെപിക്കെതിരെ ഉയര്‍ന്നുകഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുസ്ലിം വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ കയറി ചോദ്യം ചെയ്യുന്നതടക്കമുള്ള വീഡിയോകള്‍ തെളിവുസഹിതം കമ്മീഷന് നല്‍കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം അവഗണിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഏറ്റവും ഒടുവില്‍, മെയ് 13ന് നടന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട്, മഹാരാഷ്ട്രയിലെ വോട്ടീംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിലെ സിസിടിവി കാമറ 45 മിനുട്ട് ഓഫ് ആയെന്ന ആരോപണം തെളിവു സഹിതം എന്‍സിപി നേതാവ് സുപ്രിയ സുളെ പുറത്തുവിട്ടിരിക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കും എന്ന് കാത്തിരുന്ന് കാണാം.
സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഏജന്‍സി എന്ന നിലയില്‍
ഭരണഘടനാപരമായി ലഭ്യമായ അധികാരം വിനിയോഗിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിക്കുകയാണ് എന്നത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അലോസരമുണ്ടാക്കുന്ന കാര്യമാണ്. ഭരണഘടയിലെ ആര്‍ട്ടിക്കിള്‍ 324 അനുവദിക്കുന്ന സ്വതന്ത്യാധികാരത്തെക്കുറിച്ച് കമ്മീഷന് അടിസ്ഥാന ധാരണയെങ്കിലും ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ സമഗ്രത നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. കമ്മീഷന്‍ അതിന്റെ അധികാരം ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടാല്‍ അത് ജനാധിപത്യത്തിന്റെ ഭാവിക്ക് ഹിതകരമല്ലാത്ത നിരവധി സാഹചര്യങ്ങള്‍ സൃഷ്ടിക്കും എന്നതുറപ്പാണ്.

Read: വോട്ടിങ് ശതമാനത്തിൽ അസാധാരണ വ്യത്യാസം;
കമീഷൻ ഡാറ്റയിൽ സംശയമുന്നയിച്ച് പ്രതിപക്ഷം

പരാതി ഇലക്ഷൻ കമീഷൻ ‘പഠിക്കുക’യാണ്,
മോദി വിദ്വേഷ പ്രസംഗം തുടരുകയുമാണ്

മോദിയുടെ വിദ്വേഷ പ്രസംഗത്തിന് മോദിയുടെ പേരില്ലാത്ത നോട്ടീസ്, ഇലക്ഷൻ കമീഷന്റെ ‘സൂപ്പർ സൂപ്പർ ജാഗ്രത’


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments