കോൺഗ്രസ് (Congress) ജയിച്ചാൽ ഹരിയാനയിൽ (Haryana Elections 2024) മുഖ്യമന്ത്രിയായി അധികാരക്കസേരയിലിരിക്കാൻ തയ്യാറെടുത്തിരുന്ന മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡ (Bhupinder Singh Hooda) ഗാർഹി സാംപ്ല കിലോയി മണ്ഡലത്തിൽ നിന്നും എം.എൽ.എയായി നിയമസഭയിലെത്തും. 71465 വോട്ടിനാണ് ഹൂഡയുടെ ജയം. പത്തു വർഷത്തിന് ശേഷം ഹരിയാനയിലെ കോൺഗ്രസിന്റെ ശക്തമായ തിരിച്ചു വരവാകും ഇത്തവണയെന്നായിരുന്നു പൊതുവിലയിരുത്തൽ. എക്സിറ്റ് പോളുകളും കോൺഗ്രസ് വിജയമായിരുന്നു പ്രവചിച്ചത്. തുടക്കത്തിൽ മുന്നിലായിരുന്ന കോൺഗ്രസ് പിന്നീട് പിന്നോട്ട് പോവുകയായിരുന്നു. ഒടുവിൽ ബി.ജെ.പി മൂന്നാമതും അധികാരത്തിലെത്തുമ്പോൾ ഹൂഡയുടെ മുഖ്യമന്ത്രി മോഹവും തകർന്ന് വീഴുകയാണ്.
ജാട്ട് വിഭാഗത്തിൽ നിന്ന് ഹൂഡയോളം തലപ്പൊക്കമുള്ള മറ്റൊരു നേതാവ് ഇന്ന് ഹരിയാനയിൽ തന്നെയില്ല. സംസ്ഥാനത്ത് കോൺഗ്രസിനെ കൈവിട്ടുവെങ്കിലും അവർ മണ്ഡലത്തിൽ ഹൂഡയെ കൈവിട്ടില്ല. 2019-ലെ പ്രതികൂല സാഹചര്യത്തിൽ സംസ്ഥാനത്ത് കോൺഗ്രസിനെ 31 സീറ്റിലേത്തിച്ചത് ഹൂഡയുടെ നേതൃത്വമികവായിരുന്നു. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമ്പോൾ ഹൂഡയുടെയുടെയും കോൺഗ്രസിൻെറയും ക്യാമ്പുകൾ ശോകമൂകമാണ്. രാവിലെ കോൺഗ്രസ് വിജയത്തിലേക്കെന്ന ആദ്യഫല സൂചനകൾ വന്നതോടെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചർച്ചകൾക്കായി ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയ ഹൂഡ ഫലം പ്രതികൂലമായതോടെ തിരിച്ചു പോവുകയായിരുന്നു. വൈകാതെ തന്നെ എ.ഐ.സി.സി ആസ്ഥാനത്തും ഹൂഡയുടെ വസതിയിലും ആഘോഷങ്ങളും നിർത്തിവെച്ചു.
ദീർഘകാലമായി ഹൂഡയ്ക്ക് വലിയ സ്വാധീനമുള്ള ഇടമാണ് റോഹ്തക് ജില്ലയിലെ ഗാർഹി സാംപ്ല - കിലോയ് മണ്ഡലം. ഇത്തവണ ബി.ജെ.പി യുടെ മഞ്ജു ഹൂഡയെയാണ് പരാജയപ്പെടുത്തിയത്. ക്രിഷൻ ( ഐ.എൻ.എൽ.ഡി ), പ്രവീൺ ഗുസ്ഖാനി ( എ.എ.പി ), സുഷീല ദേവി ( ജെ.ജെ.പി) എന്നിവരായിരുന്നു ഗാർഹി സാംപ്ല-കിലോയ് മണ്ഡലത്തിലെ മറ്റ് പ്രധാന സ്ഥാനാർഥികൾ. ആം ആദ്മി പാർട്ടിയും ജെ.ജെ.പി - ആസാദ് സമാജ് പാർട്ടി സഖ്യവും ഐ.എൻ.എൽ.ഡി - ബി.എസ്.പി സഖ്യവുമെല്ലാം രംഗത്തുണ്ടെങ്കിലും സംസ്ഥാനത്ത് ഭരണകക്ഷിയായ ബി.ജെ.പി-യും കോൺഗ്രസും തമ്മിലാണ് മത്സരമെന്ന് ഭൂപീന്ദർ ഹൂഡ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. 2019-ൽ ഹരിയാന കോൺഗ്രസിനെ കൈവിട്ടപ്പോഴും ഗാർഹി സാംപ്ല-കിലോയ് മണ്ഡലം ഭൂപീന്ദർ സിംഗ് ഹൂഡയ്‌ക്കൊപ്പം നിന്നു. 2009, 2014 വർഷങ്ങളിലും ഹൂഡ തന്നെയായിരുന്നു ഇവിടെ നിന്നുള്ള എം.എൽ.എ. 58312 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2019-ൽ വിജയിച്ചത്. ബി.ജെ.പിയുടെ സതീഷ് നന്ദൽ, ജെ.ജെ.പിയുടെ സന്ദീപ് ഹൂഡ എന്നിവരായിരുന്നു 2019-ൽ പ്രധാന എതിരാളികൾ.
2005 മുതൽ 2014 വരെ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഭൂപീന്ദർ സിംഗ് ഹൂഡ യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. 1991, 1996, 1998, 2004 വർഷങ്ങളിൽ റോഹ്താക് ലോക്‌സഭ മണ്ഡലത്തിൽ നിന്നുള്ള എം.പി ആയിരുന്നു. 2001 മുതൽ 2004 വരെ ഹരിയാനയിലെ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു. 1996 മുതൽ 2001 വരെ ഹരിയാന കോൺഗ്രസിന്റെ അധ്യക്ഷനായിരുന്നു. ഇത്തവണ കോൺഗ്രസ് ജയിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം വന്നത് മുതൽ ഹൂഡ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസിന്റെ ദലിത് മുഖമായ കുമാരി സെൽജയുടെയും രൺദീപ് സുർജേവാലയുടെയും പേരുകൾ ഉയർന്നു വന്നിരുന്നുവെങ്കിലും ഹരിയാന കോൺഗ്രസിൻെറ അവസാനവാക്ക് ഹൂഡ തന്നെയായിരുന്നു. ഹൂഡ വിജയം നേടി വീണ്ടും നിയമസഭയിൽ എത്തിയെങ്കിലും ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിന് പുറത്തായിരിക്കുകയാണ്. സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം തവണയും ബി.ജെ.പി ജയിക്കുമ്പോൾ, കോൺഗ്രസ് തോൽവിക്ക് ആരാണ് ഉത്തരവാദി എന്ന ചോദ്യമാണ് ഇനി ഉയരാൻ പോവുന്നത്.
Read Also