Representational Image

പ്രവചനാതീതം, ജമ്മു കാശ്മീർ

തീർത്തും പ്രവചനാതീതമാണ് തെരഞ്ഞെടുപ്പിനുശേഷമുള്ള ജമ്മു കാശ്മീരിലെ രാഷ്ട്രീയ കാലാവസ്ഥ. ഒരു പാർട്ടിക്കും സഖ്യത്തിനും വ്യക്തമായ മുൻതൂക്കം അവകാശപ്പെടാനാകുന്നില്ല. പുതിയ സർക്കാറുണ്ടാക്കുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും പാർട്ടിക്ക് അതിനാധാരമായ കൃത്യമായ കണക്ക് കൈയിലില്ല. നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യമാകട്ടെ പാതിവെന്ത നിലയിലുമാണ്.

News Desk

ത്തു വർഷത്തിനുശേഷം ആദ്യമായി ജമ്മു കാശ്മീർ (Jammu and Kashmir) ജനത വോട്ടിങ്ങിലൂടെ ജനാധിപത്യപ്രക്രിയയുടെ ഭാഗമായി. ഇന്നലെ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിൽ 65 ശതമാനമായിരുന്നു പോളിങ്.

രണ്ടാം ഘട്ടത്തിൽ 57 ശതമാനവും ഒന്നാം ഘട്ടത്തിൽ 61 ശതമാനവുമായിരുന്നു പോളിങ്. 90 സീറ്റുകളിലേക്കു നടന്ന വോട്ടെടുപ്പിന്റെ ഫലം ഒക്ടോബർ എട്ടിന് പ്രഖ്യാപിക്കും. തീർത്തും പ്രവചനാതീതമാണ് തെരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥ.

ഒരു പാർട്ടിക്കും സഖ്യത്തിനും വ്യക്തമായ മുൻതൂക്കം അവകാശപ്പെടാനാകുന്നില്ല. പുതിയ സർക്കാറുണ്ടാക്കുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും പാർട്ടിക്ക് അതിനാധാരമായ കൃത്യമായ കണക്ക് കൈയിലില്ല.

പാതിവെന്ത നിലയിലാണെങ്കിലും നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം (Congress - National Conference alliance) ഏറ്റവും വലിയ ബ്ലോക്കായി മാറുമെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നുണ്ടെങ്കിലും സഖ്യത്തിന് തനിച്ച് സർക്കാറുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത ആ പ്രവചനങ്ങൾ ഉറപ്പിക്കുന്നില്ല.

ഉറിയിലെ പോളിംഗ് സ്റ്റേഷനിൽ ക്യൂ നിൽക്കുന്ന സ്ത്രീവോട്ടർ.
ഉറിയിലെ പോളിംഗ് സ്റ്റേഷനിൽ ക്യൂ നിൽക്കുന്ന സ്ത്രീവോട്ടർ.

നാഷനൽ കോൺഫറൻസ്, കാമ്പയിനിൽ ബി.ജെ.പിയെയും നരേന്ദ്രമോദിയെയും ശക്തമായി ആക്രമിച്ചുവെങ്കിലും പാർട്ടി ഒരു കാലത്ത് എൻ.ഡി.എ ഘടകകക്ഷിയായിരുന്നുവെന്ന വാസ്തവം അവശേഷിക്കുന്നു. ബി.ജെ.പിയും നാഷനൽ കോൺഫറൻസും ചേർന്നാൽ സർക്കാറുണ്ടാക്കാം എന്ന അവസ്ഥയുണ്ടായാൽ, നാഷനൽ കോൺഫറൻസ് ആ സാധ്യത ഉപേക്ഷിക്കുമോ?

നാഷനൽ കോൺഫറൻസ് ദേശീയതലത്തിൽ 'ഇന്ത്യ' സഖ്യത്തോടൊപ്പമുള്ള പാർട്ടിയാണ്. ഒറ്റക്കു മത്സരിക്കുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും 'ഇന്ത്യ' സഖ്യ പാർട്ടിയാണ്. ഈയൊരു സാധ്യതയാണ് കോൺഗ്രസിനു മുന്നിലുള്ളത്.

ജമ്മുവിൽ ബി.ജെ.പിക്ക് മുൻതൂക്കം നേടാനായാൽ ജമാഅത്തെ ഇസ്‌ലാമി പിന്തുണയുള്ള സ്വതന്ത്രരുടെയും എഞ്ചിനീയർ റാഷിദിന്റെ നേതൃത്വത്തിലുള്ള അവാമി ഇത്തിഹാദ് പാർട്ടിയുടെയും (Awami Ittehad Party -AIP) മറ്റു ചെറിയ പാർട്ടികളുടെയും നിലപാട് നിർണായകമാകും. സ്വതന്ത്രർക്ക് ബി.ജെ.പി ഒത്താശയുണ്ടെന്ന ആരോപണവുമുണ്ട്.

ജമാഅത്തെ ഇസ്‍ലാമിയെ പോലെ ബി.ജെ.പിയുടെ മറ്റൊരു രഹസ്യ സഖ്യമാണ് എഞ്ചിനീയർ റാഷിദ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ജമാഅത്തെ ഇസ്‍ലാമിയെ പോലെ ബി.ജെ.പിയുടെ മറ്റൊരു രഹസ്യ സഖ്യമാണ് എഞ്ചിനീയർ റാഷിദ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ആര് അധികാരത്തിലെത്തിയാലും ജമ്മു കാശ്മീർ തെരഞ്ഞെടുപ്പിലെ യഥാർഥ വിജയി, ആവേശപൂർവം ബൂത്തുകളിലെത്തിയ വോട്ടർമാരാണ്. തെരഞ്ഞെടുപ്പിനെ ​ആവേശകരമായ വിജയമാക്കി മാറ്റിയതിന്റെ പൂർണ ക്രെഡിറ്റ് അവർക്ക് അവകാശപ്പെട്ടതാണ്.

അക്രമങ്ങളും ഭീകരാക്രമണങ്ങളും കൂട്ടക്കൊലകളും നിറഞ്ഞ ഭൂതകാലത്തിൽനിന്ന് ജനാധിപത്യപ്രക്രിയയിലേക്കുള്ള ജമ്മു കാശ്മീരിന്റെ മടക്കം, ജനകീയ പങ്കാളിത്തത്തോടെ തന്നെയായിരുന്നു. തീർത്തും സമാധാനപരമായി, ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ട ഒരു തെരഞ്ഞെടുപ്പ്. ഇതുവരെ വോട്ടു ചെയ്യാൻ കഴിയാതിരുന്ന ജനവിഭാഗങ്ങൾക്ക് പങ്കാളിത്തം ലഭിച്ച വോട്ടെടുപ്പ്. ക്രമസമാധാന പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഒരിടത്തും റീ പോൾ വേണ്ടിവന്നില്ല.

ജമ്മു കാശ്മീർ രാഷ്ട്രീയത്തിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലുള്ള ബി.ജെ.പി ഇത്തവണയും ഗൂഢസഖ്യങ്ങളും വിഭജന രാഷ്ട്രീയവും തന്നെയാണ് പുറത്തെടുത്തത്.

നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം, ബി.ജെ.പി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (PDP), അപ്‌നി പാർട്ടി (DPAP), ജമാഅത്തെ ഇസ്‌ലാമിയുടെ (Jamaat-e-Islami) പിന്തുണയുള്ള സ്വതന്ത്രർ എന്നിവരായിരുന്നു പ്രധാനമായും മത്സരരംഗത്ത്.

ജമ്മു കാശ്മീർ രാഷ്ട്രീയത്തിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലുള്ള ബി.ജെ.പി ഇത്തവണയും ഗൂഢസഖ്യങ്ങളും വിഭജന രാഷ്ട്രീയവും തന്നെയാണ് പുറത്തെടുത്തത്. 'ഹിന്ദു ദോഗ്ര സമുദായത്തിൽനിന്ന് ആദ്യത്തെ മുഖ്യമന്ത്രിയെ ജമ്മു കാശ്മീരിന് നൽകൂ' എന്നായിരുന്നു ജമ്മു നോർത്ത് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായ, പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാംലാൽ ശർമയുടെ ആഹ്വാനം: ''മഹാരാഷ്ട്രയിൽ ഒരു ചെറിയ ശതമാനമായ മുസ്‌ലിംകളിൽനിന്ന് എ.ആർ. ആന്തുലെയെപ്പോലൊരാൾക്ക് മുഖ്യമന്ത്രിയാകാമെങ്കിൽ എ ന്തുകൊണ്ട് 32 ശതമാനം വരുന്ന ഒരു വിഭാഗത്തിൽനിന്ന് ഇവിടെ ഒരു മുഖ്യമന്ത്രിയുണ്ടായിക്കൂടാ?'', ശർമയുടെ ചോദ്യം ഇതാണ്.

'ഹിന്ദു ദോഗ്ര സമുദായത്തിൽനിന്ന് ആദ്യത്തെ മുഖ്യമന്ത്രിയെ ജമ്മു കാശ്മീരിന് നൽകൂ' എന്നായിരുന്നു ബി.ജെ.പി സ്ഥാനാർഥിയായ ശ്യാംലാൽ ശർമയുടെ ആഹ്വാനം:
'ഹിന്ദു ദോഗ്ര സമുദായത്തിൽനിന്ന് ആദ്യത്തെ മുഖ്യമന്ത്രിയെ ജമ്മു കാശ്മീരിന് നൽകൂ' എന്നായിരുന്നു ബി.ജെ.പി സ്ഥാനാർഥിയായ ശ്യാംലാൽ ശർമയുടെ ആഹ്വാനം:

ജമ്മുവിൽനിന്നുള്ള ഈ വർഗീയ ആഹ്വാനത്തിന് ബി.ജെ.പിക്ക് തികച്ചും അവരുടേതായ ന്യായമുണ്ട്. ജമ്മു ഡിവിഷനിൽ 43 സീറ്റിലും ബി.ജെ.പി സ്ഥാനാർഥികളുള്ളപ്പോൾ കാശ്മീർ മേഖലയിലെ 47 സീറ്റിൽപാർട്ടിക്ക് 19 സീറ്റിലേ സ്ഥാനാർഥികളുള്ളൂ. അതായത്, 28 സീറ്റിൽ സ്ഥാനാർഥികളില്ല.

1996-നുശേഷം കാശ്മീർ മേഖലയിൽ ഏറ്റവും കുറവ് ബി.ജെ.പി സ്ഥാനാർഥികളുള്ള തെരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ ജമ്മുവിലെ പരമാവധി സീറ്റിൽ ജയം ഉറപ്പാക്കണം. അതിനുള്ള ഏക വഴി ഹിന്ദു വോട്ടുകളുടെ ധ്രുവീകരണമാണ്. ജമ്മുവിൽനിന്ന് 43 സീറ്റും നേടിയാലേ സർക്കാറുണ്ടാക്കുന്നതിന് അവകാശവാദമുന്നയിക്കാൻ കഴിയൂ. 1846 മുതൽ1947 വരെ മേഖലയുടെ ഭരണാധികാരം കൈവശം വച്ച ഒരു വിഭാഗത്തിന്റെ വൈകാരികത മുതലെടുക്കുക കൂടിയാണ്, ഹിന്ദു ദോഗ്ര സമുദായത്തെ ലക്ഷ്യം വക്കുന്നതിലൂടെ ബി.ജെ.പി ചെയ്യുന്നത്.

2011-ലെ സെൻസസ് അനുസരിച്ച് ജമ്മു കാശ്മീർ ജനസംഖ്യയിൽ 68.8 ശതമാനമാണ് മുസ്‌ലിംകൾ. ഇവരിൽ ഭൂരിപക്ഷവും കാശ്മീർ താഴ്‌വരയിലാണ്. 28 ശതമാനം വരുന്ന ഹിന്ദുക്കളിൽ ഭൂരിപക്ഷവും ജമ്മുവിലും.

ഉറിയിലെ പോളിംഗ് സ്റ്റേഷനിൽ ക്യു നിൽക്കുന്ന വോട്ടർമാർ
ഉറിയിലെ പോളിംഗ് സ്റ്റേഷനിൽ ക്യു നിൽക്കുന്ന വോട്ടർമാർ

ജമ്മു കാശ്മീരിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാറിന് താൽപര്യമുണ്ടായിരുന്നില്ല. സപ്തംബർ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതിയുടെ 'അന്ത്യശാസന'മാണ് തെരഞ്ഞെടുപ്പ് സാധ്യമാക്കിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകി 2019-ലെ ജമ്മു കാശ്മീർ പുനഃസംഘടനാ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ നിയന്ത്രണം ശക്തിപ്പെടുത്താനുള്ള നീക്കം നടത്തി മോദി സർക്കാർ. ഭേദഗതിയിലൂടെ, നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തുന്ന സർക്കാറിനെ മുനിസിപ്പൽ കൗൺസിലിന്റെ പദവിയിലേക്ക് ചുരുക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

കേന്ദ്രത്തിന്റെ സ്വേച്ഛാധിപത്യപരമായ നിയന്ത്രണമല്ല, ഫെഡറലിസത്തിലൂന്നിയുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു സംസ്ഥാന ഭരണം ജമ്മു കാശ്മീരിന്റെ അവകാശമാണ് എന്ന കാമ്പയിൻ ഉയർത്തിപ്പിടിക്കുന്നതിൽ കോൺഗ്രസും സംസ്ഥാന പാർട്ടികളും ശ്രദ്ധിച്ചു.

ബി.ജെ.പിക്ക് നേട്ടം കൊയ്യാൻ കഴിയുംവിധമായിരുന്നു ജമ്മു കാശ്മീരിലെ മണ്ഡല പുനർനിർണയം. കാശ്മീർ താഴ്‌വരയിൽ സീറ്റുകളുടെ എണ്ണം 47 ആയും ജമ്മുവിൽ 43 ആയും വർധിച്ചു. മണ്ഡല പുനർനിർണയത്തിൽ ജമ്മുവിലെ നിയമസഭാ സീറ്റുകളുടെ അനുപാതം 42.5 ശതമാനത്തിൽനിന്ന് 47.8 ശതമാനമായി കൂടിയപ്പോൾ കാശ്മീരിലേത് 52.9 ശതമാനത്തിൽനിന്ന് 52.2 ശതമാനമായി കുറയുകയായിരുന്നു. അതായത്, മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ സീറ്റുകളുടെ എണ്ണം കുറച്ചു. നാഷനൽ കോൺഫറൻസിനും പി.ഡി.പിക്കും ഭൂരിപക്ഷമുള്ള മേഖലകൾ കൂടിയാണിത്.

1996-നുശേഷം ബി.ജെ.പി ജമ്മു കാശ്മീരിൽ സ്വാധീനം വർധിപ്പിച്ചുവരികയാണെങ്കിലും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയായി മാറാനായിട്ടില്ല. ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനപദവി ഇല്ലാതാക്കുകയും ചെയ്തതിലൂടെ ജമ്മു കാ​ശ്മീരിൽ സമാധാനം ഉറപ്പാക്കാനായി എന്ന അവകാശവാദം തെളിയിക്കാൻ ബി.ജെ.പിക്ക് ഇത്തവണ അധികാരത്തിലെത്തിയേ തീരൂ.

2014-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമ്മു മേഖലയിൽനിന്ന് 37-ൽ 25 സീറ്റിലും ബി.ജെ.പിക്ക് ജയിക്കാനായി.
സഖ്യകക്ഷികളില്ലാത്തതുകൊണ്ട്, സ്വതന്ത്രരെ മുൻനിർത്തിയാണ് ഇത്തവണ പാർട്ടി തന്ത്രം മെനഞ്ഞത്.
ആകെയുള്ള 908 സ്ഥാനാർഥികളിൽ 40 ശതമാനത്തിലേറെ സ്വതന്ത്രരാണ്. ഇവരിലേറെയും, വോട്ട് ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ പ്രോക്‌സി സ്ഥാനാർഥികളുമാണ്.

ജമ്മു കാശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കും എന്ന ഉറപ്പ് പാലിക്കാൻ എന്തുകൊണ്ട് നരേന്ദ്രമോദി സർക്കാറിന് കഴിഞ്ഞില്ല എന്ന ചോദ്യമാണ് കോൺഗ്രസ് പ്രധാനമായും ഉയർത്തിയത്.

നിരോധിത സംഘടനയായ ജമ്മു കാ​ശ്മീർ ജമാഅത്തെ ഇസ്‍ലാമിയുടെ ‘സ്വതന്ത്ര’ സ്ഥാനാർഥികൾക്ക് പിന്തുണ നൽകുന്നത് ബി.ജെ.പിയാണ് എന്ന് കോൺഗ്രസും നാഷനൽ കോൺഫറൻസും പി.ഡി.പിയും ആരോപിക്കുന്നു. ഇതിനായി കേന്ദ്രസർക്കാറും ജമാഅത്തെ ഇസ്‍ലാമിയും തമ്മിൽ നടന്ന രഹസ്യനീക്കങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരോധനം നീക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നീക്കുപോക്കുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുൽവാമ ഭീകരാക്രമണത്തെ തുടർന്നാണ് 2019 ഫെബ്രുവരിയിൽ ജമാഅത്തെ ഇസ്‌ലാമിയെ യു.എ.പി.എ ചുമത്തി നിരോധിച്ചത്. ജമ്മു കാശ്മീരിലെ ഭീകരസംഘടനകൾക്ക് കാശ്മീർ ജമാഅത്തെ ഇസ്‌ലാമി ആശയപരമായ പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.

ദക്ഷിണ കാശ്മീരിലെ കുൽഗാമിൽ സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമിക്കെതിരെ (Mohammed Yousuf Tarigami) മത്സരിക്കുന്നത് ജമാത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്വതന്ത്രൻ സയർ അഹമ്മദ് റെഷിയാണ് (Sayar Ahmad Reshi). നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിലെ സഖ്യകക്ഷിയായാണ് ഇത്തവണ സി.പി.എം മത്സരിക്കുന്നത്. കുൽഗാമിൽ ജമാഅത്തെ ഇസ്‍ലാമിക്ക് സകല ഒത്താശയും നൽകിയത് ബി.ജെ.പിയായിരുന്നുവെന്ന് തരിഗാമി പറയുന്നു.

കുൽഗാമിൽ തനിക്കെതിരെ മത്സരിക്കുന്ന ജമാഅത്തെ ഇസ്‍ലാമിക്ക് സകല ഒത്താശയും നൽകിയത് ബി.ജെ.പിയായിരുന്നുവെന്ന് സ്ഥാനാർഥിയായ  സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി പറയുന്നു.
കുൽഗാമിൽ തനിക്കെതിരെ മത്സരിക്കുന്ന ജമാഅത്തെ ഇസ്‍ലാമിക്ക് സകല ഒത്താശയും നൽകിയത് ബി.ജെ.പിയായിരുന്നുവെന്ന് സ്ഥാനാർഥിയായ സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി പറയുന്നു.

ജമാഅത്തെ ഇസ്‍ലാമിയെ പോലെ ബി.ജെ.പിയുടെ മറ്റൊരു രഹസ്യ സഖ്യമാണ് എഞ്ചിനീയർ റാഷിദ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ‘ബി.ജെ.പിയുടെ ട്രോജൻ കുതിര’ എന്നാണ് പ്രതിപക്ഷം റാഷിദിനെ വിശേഷിപ്പിക്കുന്നത്. നോർത്ത് കാശ്മീരിലെ എം.പിയും അവാമി ഇത്തിഹാദ് പാർട്ടി നേതാവുമായ എഞ്ചിനീയർ റാഷിദിനെ ജാമ്യത്തിൽ വിട്ടയച്ച നടപടി കേന്ദ്രവുമായുള്ള രഹസ്യനീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണമുണ്ട്. ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകി എന്ന കുറ്റം ചുമത്തിയാണ് റാഷിദിനെ തീഹാർ ജയിലിലടച്ചത്.

ഇത്തവണ ഒരു പാർട്ടിക്കും 25-ലേറെ സീറ്റ് കിട്ടില്ല എന്നാണ് റാഷിദിന്റെ പ്രവചനം. 'കാശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കലാണ് ലക്ഷ്യമെന്നും എന്തിന് ബി.ജെ.പിക്കൊപ്പം ചേരണം'എന്നും റാഷിദ് ചോദിക്കുന്നുണ്ടെങ്കിലും ജമാഅത്തെ ഇസ്‌ലാമിയിലൂടെ റാഷിദ് ബി.ജെ.പിയിലേക്ക് ഒരു പാലമിട്ടിട്ടുണ്ടെന്നാണ് സൂചന.

റാഷിദിന്റെ പാർട്ടി കാശ്മീർ താഴ്‌വരയിൽ 33 പേരെയും ജമ്മുവിൽ ഒരാളെയുമാണ് സ്ഥാനാർഥികളാക്കിയിരിക്കുന്നത്. ഇവരെയെല്ലാം നിർത്താനുള്ള സംഘടനാശേഷി ജയിലിലായിരുന്ന റാഷിദിന് എവിടെനിന്നാണ് കിട്ടിയത് എന്നും എവിടെനിന്നാണ് അദ്ദേഹത്തിന് പണം ലഭിക്കുന്നത് എന്നും പി.ഡി.പി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ചോദിക്കുന്നു. പി.ഡി.പിയുടെ ശക്തികേന്ദ്രങ്ങളിലാണ് റാഷിദിന്റെ പാർട്ടി കടുത്ത മത്സരം കാഴ്ചവക്കുന്നത്.

സയർ അഹമ്മദ് റെഷി / Photo: thekashpost.com
സയർ അഹമ്മദ് റെഷി / Photo: thekashpost.com

ജമ്മു കാശ്മീരിന് നഷ്ടമായ സംസ്ഥാനപദവി തിരിച്ചുകിട്ടുന്നതായിരുന്നു പ്രധാന കാമ്പയിൻ വിഷയം. കേന്ദ്രത്തിന്റെ സ്വേച്ഛാധിപത്യപരമായ നിയന്ത്രണമല്ല, ഫെഡറലിസത്തിലൂന്നിയുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു സംസ്ഥാന ഭരണം ജമ്മു കാശ്മീരിന്റെ അവകാശമാണ് എന്ന കാമ്പയിൻ ഉയർത്തിപ്പിടിക്കുന്നതിൽ കോൺഗ്രസും സംസ്ഥാന പാർട്ടികളും ശ്രദ്ധിച്ചു.

കോൺഗ്രസിന്റെ ഒരു കാമ്പയിനിലും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള പങ്കെടുത്തിരുന്നില്ല. കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യം നാഷനൽ കോൺഫറൻസ് യോഗങ്ങളിലും ദൃശ്യമായിരുന്നു.

ഭരണത്തിലെത്തിയാൽ സംസ്ഥാന പദവി തിരിച്ചുകൊണ്ടുവരും എന്നായിരുന്നു കോൺഗ്രസ് ഉറപ്പ്. ജമ്മു കാശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കും എന്ന ഉറപ്പ് പാലിക്കാൻ എന്തുകൊണ്ട് നരേന്ദ്രമോദി സർക്കാറിന് കഴിഞ്ഞില്ല എന്ന ചോദ്യമാണ് കോൺഗ്രസ് പ്രധാനമായും ഉയർത്തിയത്. സംസ്ഥാന പദവിയില്ലാത്തത്, ജമ്മു കാ​ശ്മീരിനെ കേന്ദ്രത്തിന്റെ ഒരു സാമന്ത മേഖലയാക്കിയെന്നും അതുമൂലം വികസനം മുരടിച്ചുവെന്നും തൊഴിലില്ലായ്മ രൂക്ഷമായെന്നുമുള്ള പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി പറയാൻ ബി.ജെ.പിക്ക് കഴിഞ്ഞുമില്ല.

ബി.ജെ.പി ഇതര പാർട്ടികൾ ഒറ്റക്കെട്ടായി രംഗത്തില്ല എന്നതാണ് ജമ്മു കാശ്മീരിലെ പ്രതിപക്ഷ സാധ്യതകളെ പ്രവചനാതീതമാക്കുന്ന പ്രധാന ഘടകം. നാഷനൽ കോൺഫറൻസും കോൺഗ്രസും തമ്മിലുള്ള സഖ്യം, ശക്തമായ ഒരു രാഷ്ട്രീയ സഖ്യമായി വികസിച്ചിട്ടില്ല. ഇരു പാർട്ടികളുടെയും മുദ്രാവാക്യങ്ങൾ ഒന്നാണെങ്കിലും നേതൃത്വത്തിൽ ഭിന്നത അവശേഷിക്കുന്നു. കോൺഗ്രസിന്റെ ഒരു കാമ്പയിനിലും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള പങ്കെടുത്തിരുന്നില്ല. കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യം നാഷനൽ കോൺഫറൻസ് യോഗങ്ങളിലും ദൃശ്യമായിരുന്നു. ഈ അകൽച്ച, അടിത്തട്ടിൽ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക പൊതുവെയുണ്ട്.

നാഷനൽ കോൺഫറൻസ് 51 സീറ്റിലും (കാശ്മീരിൽ 34 സീറ്റ്) കോൺഗ്രസ് 32 സീറ്റിലുമാണ് (29 സീറ്റ് ജമ്മുവിൽ) മത്സരിക്കുന്നത്. സി.പി.എം, ജെ ആന്റ് കെ പാന്തേഴ്‌സ് പാർട്ടി എന്നിവയ്ക്ക് ഒരു സീറ്റു വീതം വിട്ടുകൊടുത്തിട്ടുണ്ട്. ബാക്കി അഞ്ചിടത്ത് 'സൗഹൃദമത്സര'മാണ്. ജമ്മുവിൽ കോൺഗ്രസും ബി.ജെ.പിയുമാണ് പ്രധാന എതിരാളികൾ. അതുകൊണ്ടുതന്നെ, ഇവിടെ നാഷനൽ കോൺഫറൻസിന്റെ വോട്ടുകൾ കോൺഗ്രസിന് നിർണായകമാണ്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ​നേട്ടങ്ങൾ നിരത്തിയാണ് ബി.ജെ.പി വോട്ടർമാരെ അഭിമുഖീകരിച്ചത്. കേന്ദ്ര സർക്കാർ നടപടി, നിരവധി വിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവന്നുവെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

ജമ്മുവിന്റെ വിവിധ ഭാഗങ്ങളിൽ 1947 മുതൽ ജീവിച്ചുവരുന്ന പടിഞ്ഞാറൻ പാക്കിസ്ഥാനിൽനിന്നുവന്ന അഭയാർഥികൾ (West Pakistan Refugees- WPR), ദലിതുകളായ വാൽമീകി വിഭാഗം, ഗൂർഖകൾ എന്നിവർക്ക് ആദ്യമായാണ് വോട്ട് ചെയ്യാൻ അവസരം ലഭിച്ചതെന്നും ഇത് സാധ്യമാക്കിയത് ആർട്ടിക്കിൾ 370 റദ്ദാക്കിയതാണെന്നും ബി.ജെ.പി അവകാശപ്പെടുന്നു.
പടിഞ്ഞാറൻ പാക്കിസ്ഥാനിൽനിന്ന് വന്ന 22,000-ലേറെ കുടുംബങ്ങളിൽ രണ്ടു ലക്ഷം പേരാണ് ജമ്മു കാശ്മീരിലുള്ളത്. ആർട്ടിക്കിൾ 370, 35A എന്നിവ റദ്ദാക്കിയശേഷം ഹിന്ദു അഭയാർഥികൾക്ക് ജമ്മു കാശ്മീരിൽ പൗരത്വം നൽകിയിരുന്നു. ഇതേതുടർന്നാണ് ഇവർ ഇത്തവണ വോട്ട് ചെയ്തത്.
ദലിതുകളായ വാൽമീകി വിഭാഗം 1957-ലാണ് പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിൽനിന്ന് ശുചീകരണ ജോലികൾക്കായി ജമ്മു കാശ്മീരിലെത്തിയത്. ഇവരും ആദ്യമായാണ് വോട്ട് ചെയ്യുന്നത്. ഗാന്ധി നഗറിലും ദോഗ്ര ഹിൽ ഏരിയയിലുമായി കഴിയുന്ന ഇവർക്ക് വിദ്യാദ്യാസത്തിനും തൊഴിലിനും ഭൂമിയിലുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു.
നേപ്പാളിൽനിന്ന് ജമ്മു കാശ്മീരിലേക്ക് വന്നവരാണ് ഗൂർഖ വിഭാഗം. 2000 ഗൂർഖ സമുദായക്കാർ ഇത്തവണ ആദ്യമായാണ് വോട്ട് ചെയ്യുന്നത്.

Read Also:

Comments