‘എന്റെ സിരകളിലോടുന്നത് കോൺഗ്രസ് രക്തമാണ്’ എന്ന് ബി.ജെ.പിക്ക് മറുപടി നൽകി ഹരിയാനയിലെ കോൺഗ്രസ് നേതാവ് കുമാരി ഷെൽജ, സംസ്ഥാന നേതൃത്വത്തോടുള്ള പിണക്കം മാറ്റി കാമ്പയിനിൽ സജീവമാകുകയാണ്.
‘‘കാമ്പയിനിലുടനീളം വിട്ടുനിൽക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല. ഞാൻ കാമ്പയിനെത്തും. കാരണം, ഞാൻ പാർട്ടി പടയാളിയാണ്, ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, ഞാനൊരു നല്ല പടയാളിയാണ് എന്ന്’’- ബി.ജെ.പിയിൽ ചേരാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കുമാരി ഷെൽജ ഇന്നലെ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുടെ ഇടപെടലിനെതുടർന്നാണ് ഷെൽജ, ഭൂപീന്ദർ ഹൂഡ വിഭാഗത്തോടുള്ള പ്രതിഷേധം മാറ്റിവച്ച് കാമ്പയിനിൽ സജീവമാകാമെന്ന് സമ്മതിച്ചത്. ഷെൽജ തൽക്കാലം പിൻവാങ്ങുമെങ്കിലും കോൺഗ്രസിന്റെ പ്രധാന വോട്ടുബാങ്കിലുണ്ടായ അതൃപ്തി പാർട്ടി കാമ്പയിനെ പുറകോട്ടടിപ്പിച്ചിട്ടുണ്ട്. ഷെൽജക്കൊപ്പമുള്ള പട്ടികജാതി വിഭാഗങ്ങളുടെ വോട്ട്, ഇത്തവണ അതേപടി കോൺഗ്രസിന് ലഭിക്കുമോ? സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുമുന്നിലെ വലിയ പ്രതിസന്ധികളിലൊന്നാണിത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പട്ടികജാതി വിഭാഗങ്ങളുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാനായത്. രണ്ട് പട്ടികജാതി സംവരണ സീറ്റ് അടക്കം അഞ്ച് മണ്ഡലങ്ങളാണ് കോൺഗ്രസ് ബി.ജെ.പിയിൽനിന്ന് പിടിച്ചെടുത്തത്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി സംസ്ഥാനഭരണത്തിലേക്ക് തിരിച്ചുവരാൻ പഠിച്ചപണി പതിനെട്ടും പയറ്റുന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്, പാർട്ടിയുടെ ദലിത് മുഖമായ കുമാരി ഷെൽജയുടെ ‘നിസ്സഹകരണം’.
ജാട്ട് നേതാവായ ഭൂപീന്ദർ ഹൂഡയാണ് വില്ലൻ. ഹൂഡയുടെ ‘തന്നിഷ്ട’പ്രകാരമാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരക്കഥയപ്പാടെ ഒരുക്കിയിരിക്കുന്നത്. തന്റെ സ്വാധീനത്തിന് ഭീഷണിയാകുന്ന എല്ലാ ഘടകങ്ങളെയും തുടക്കം മുതൽ ഹൂഡ വെട്ടിമാറ്റി. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യമായിരുന്നു അതിൽ പ്രധാനം. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയ നേതൃത്വം കഠിനപ്രയത്നം നടത്തിയിട്ടും ഹൂഡയുടെ നീക്കത്തിൽ ആ സഖ്യം പൊളിഞ്ഞു.
സംസ്ഥാനത്തെ കോൺഗ്രസിന്റെ ഏറ്റവും പ്രമുഖ നേതാവും ദലിത് പ്രാതിനിധ്യവുമായ കുമാരി ഷെൽജയായിരുന്നു ഹൂഡയുടെ അടുത്ത ടാർഗറ്റ്. ഹൂഡ സമ്പൂർണാധിപത്യം സ്ഥാപിച്ച സ്ഥാനാർഥ നിർണയത്തിൽ പ്രതിഷേധിച്ച്, കാമ്പയിനിൽനിന്ന് വിട്ടുനിൽക്കുകയാണ് ഷെൽജ. 90 സീറ്റിൽ 30 സീറ്റ് വേണമെന്നായിരുന്നു ഷെൽജയുടെ ആവശ്യം. എന്നാൽ ഹൂഡ പക്ഷം നൽകിയത് 10 സീറ്റ്, മാത്രമല്ല, ഷെൽജയുടെ അടുത്ത അനുയായി ഡോ. അജയ് ചൗധരി അടക്കമുള്ളവർക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തു. പട്ടികജാതിക്കാരിൽ ഒരു വിഭാഗം മുഖ്യമന്ത്രിയായി ഭൂപീന്ദർ ഹൂഡക്കുപകരം ഷെൽജയുടെ പേര് ആവശ്യപ്പെടുന്നുണ്ട്. ഇതും ഹൂഡയെ ചൊടിപ്പിച്ചു.
89 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ ഹൂഡ പക്ഷം 72 സീറ്റും കൈയടക്കി. അജയ് ചൗധരിക്ക് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്ന നർനോദ് മണ്ഡലത്തിൽ ജസ്‌വീർ സിങിനെയാണ് സ്ഥാനാർഥിയാക്കിയത്. ജസ്‍വീർ സിങ്ങ് ഷെൽജക്കെതിരെ നടത്തിയ ജാതീയ പരാമർശം കൂടിയായപ്പോൾ പ്രതിസന്ധി പൂർണമായി.
ഭൂപീന്ദർ ഹൂഡയുടെ മകനും എം.പിയുമായ ദീപേന്ദർഹൂഡയുടെ പിന്തുണയുള്ള ആളാണ് ജസ്‌വീർ സിങ്. ജാതീയ അധിക്ഷേപത്തിന്റെ വീഡിയോ വൈറലായതോടെ പട്ടികജാതി ഗ്രൂപ്പുകൾ നർനൗദിലും മേഖലയിലെ മറ്റു മണ്ഡലങ്ങളിലും വൻ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് കോൺഗ്രസിന് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നത്. ഒടുവിൽ ഹൂഡക്കുതന്നെ ഈ പരാമർശത്തെ തള്ളിപ്പറയേണ്ടിവന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ, ജാട്ട് വിഭാഗ വോട്ടുകളുടെ പിൻബലത്തിൽ പത്ത് സീറ്റിൽ അഞ്ചെണ്ണവും നേടിയെടുത്തതോടെയാണ് ഹൂഡ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായത്.
സംസ്ഥാന ജനസംഖ്യയിൽ 21 ശതമാനം വരുന്ന ചാമർ സമുദായത്തിൽനിന്നുള്ള നേതാവാണ് കുമാരി ഷെൽജ. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത 17 സീറ്റുകൾ കൂടാതെ 30 മണ്ഡലങ്ങളിൽ കൂടി ദലിത് വോട്ടുകൾ നിർണായകമാണ്. സംസ്ഥാനത്ത് കോൺഗ്രസ് മാത്രമല്ല, ബി.ജെ.പിയും ആം ആദ്മി പാർട്ടിയും ഉറ്റുനോക്കുന്ന വോട്ടുബാങ്കാണ് ചാമർ സമുദായത്തിന്റേത്.
30 സീറ്റ് വേണമെന്ന ഷെൽജയുടെ അവകാശവാദത്തിന് അടിസ്ഥാനമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പട്ടികജാതി വോട്ടിലുണ്ടായ അനുകൂല ഷിഫ്റ്റാണ് സംവരണ സീറ്റുകളായ അംബാല, സിർസ എന്നിവിടങ്ങളിൽ വൻ ജയം നേടാൻ കോൺഗ്രസിന് തുണയായത്. 2,62,000 വോട്ടിന് തനിക്ക് ജയിക്കാനായ സിർസയിൽ പോലും തന്റെ അനുഭാവികൾക്ക് സീറ്റ് നേടിക്കൊടുക്കാനാകാത്തതാണ് ഷെൽജയെ ചൊടിപ്പിച്ചത്.
രണ്ടാഴ്ച മുമ്പ് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാകുന്നതുവരെ, പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ഷെൽജ കാമ്പയിനിൽ സജീവമായിരുന്നു. എന്നാൽ, ഭൂപീന്ദർ ഹൂഡ സ്വേച്ഛാധിപത്യപരമായ നിലപാടെടുത്തതോടെ ഷെൽജ ക്യാമ്പ് പൂർണമായും കാമ്പയിനിൽനിന്ന് നിഷ്‌ക്രമിച്ചു. പ്രകടനപത്രിക ദൽഹിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ പ്രകാശനം ചെയ്യുന്ന ചടങ്ങിൽനിന്നും അവർ വിട്ടുനിന്നു.
ജനങ്ങളുമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് ഷെൽജ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിർസ് മണ്ഡലത്തിൽനിന്നുള്ള അവരുടെ തിളങ്ങുന്ന ജയം സംസ്ഥാനത്തെ കോൺഗ്രസിനുതന്നെ വലിയ ഉത്തേജനമേകിയ ഘടകമായിരുന്നു. ബി.ജെ.പിയുടെ അശോക് തൻവറിനെയാണ് അവർ തോൽപ്പിച്ചത്. മൂന്നാമത് തവണയാണ് അവർ സിർസയെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഷെൽജയെ തോൽപ്പിക്കാൻ മുഖ്യമന്ത്രി നയബ് സിങ് സെയ്‌നി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ വൻപട തന്നെ അണിനിരന്നിരുന്നു. എന്നാൽ, തദ്ദേശ ജനതയുമായുള്ള ഷെൽജയുടെ അടുത്ത ബന്ധം, കർഷകരുടെ രോഷം, പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പഴുതടച്ച കാമ്പയിൻ എന്നിവയെല്ലാം ഷെൽജക്ക് അനുകൂലമായി.
മറ്റു സംവരണ സീറ്റുകളായ അംബാലയിലെ കോൺഗ്രസ് വിജയത്തിന്റെ ഹേതുവും അവരായിരുന്നു. ഷെൽജ വിട്ടുനിന്നാൽ ഈ നേട്ടം ബി.ജെ.പി തട്ടിയെടുക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ, ജാട്ട് വിഭാഗ വോട്ടുകളുടെ പിൻബലത്തിൽ പത്ത് സീറ്റിൽ അഞ്ചെണ്ണവും നേടിയെടുത്തതോടെയാണ് ഹൂഡ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായത്. അതുകൊണ്ടുതന്നെ ഹൂഡയുടെ സകല താൽപര്യങ്ങളും വകവച്ചുകൊടുക്കപ്പെടുന്നു. ഹൈക്കമാൻഡിനുപോലും വോയ്‌സില്ല, ഹരിയാനയിൽ.
ഭൂപീന്ദർ ഹൂഡയുടെ ജാട്ട് മുഖവും ഷെൽജയുടെ ദലിത് മുഖവും ചേർന്നാൽ ഹരിയാനയിൽ കോൺഗ്രസിന് ജയസാധ്യതയുണ്ടായിരുന്നു. ഈയൊരു സാധ്യതക്കാണ് മങ്ങലേറ്റിരിക്കുന്നത്.
എന്നാൽ, ജാട്ട് വോട്ടുകൊണ്ടുമാത്രമല്ല, ദലിത് വോട്ടിന്റെ കൂടി പിൻബലത്തിലാണ് കോൺഗ്രസ് മുന്നേറിയത് എന്നും അതിന് കാരണം ഷെൽജയാണ് എന്നുമാണ് അവരുടെ അനുയായികൾ അവകാശപ്പെടുന്നത്. രാഹുൽ ഗാന്ധിയുടെ സംവരണക്കാര്യത്തിലും ജാതിസെൻസസിലുമുള്ള ഉറച്ച നിലപാടുകൾ ദലിത് വോട്ടുബാങ്കിനെ കോൺഗ്രസിന് അനുകൂലമാക്കിയതിൽ പ്രധാന പങ്കുവഹിച്ചുവെന്നു ഷെൽജയുടെ ക്യാമ്പ് പറയുന്നു.
ഹൂഡയുടെയും ഷെൽജയുടെയും അവകാശവാദങ്ങളിൽ കഴമ്പുണ്ട് എന്നതുകൊണ്ടുതന്നെ ഒരു പക്ഷത്തെ മാത്രമായി പിന്തുണയ്ക്കാൻ ഹൈക്കമാൻഡിന് കഴിയില്ല. ജാട്ട്- ദലിത്- മുസ്‌ലിം വോട്ടുകൾ ഉറപ്പാക്കിയാലേ ഇത്തവണ ജയം സാധ്യമാകൂ എന്ന ബോധ്യവും കോൺഗ്രസിനുണ്ട്. ഹൂഡയുടെ ജാട്ട് മുഖവും ഷെൽജയുടെ ദലിത് മുഖവും ചേർന്നാൽ ഇത് സാധ്യമാകും. ഈയൊരു സാധ്യതക്കാണ് മങ്ങലേറ്റിരിക്കുന്നത്.
ജാതിസമവാക്യങ്ങൾ ഏറെ സ്വാധീനം ചെലുത്തുന്ന ഹരിയാന രാഷ്ട്രീയത്തിൽ ജാട്ട് വോട്ടുകൾ കോൺഗ്രസിനും ജാട്ട് ഇതര ഒ.ബി.സി വോട്ടുകൾ ബി..ജെ.പിക്കുമാണ് ലഭിക്കാറ്. സംസ്ഥാന ജനസംഖ്യയുടെ 33 ശതമാനം പിന്നാക്ക വിഭാഗക്കാരും 22 ശതമാനം പട്ടികജാതിക്കാരുമാണ്. 27 ശതമാനമാണ് ജാട്ടുകൾ. പഞ്ചാബികൾ 8, ബ്രാഹ്മണർ 7.5, ആഹിർ 5.2, വൈശ്യർ 5, ഗുജ്ജാറുകൾ 3.5, ജാട്ട് സിഖ് 4, രജ്പുത് 3, സെയ്നി 2.9, കുംഹാർ 2.7, മിയോ- മുസ്ലിം 3.8 ശതമാനം വീതമാണുള്ളത്.
2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റും നേടാതിരുന്ന ബി.ജെ.പിക്ക് 2014-ൽ പത്തിൽ ഏഴ് സീറ്റിൽ ജയിക്കാനായി. സോണിപത് മേഖലയിലെ ഏതാനും ജാട്ട് ആധിപത്യ മണ്ഡലങ്ങളിൽ ബി.ജെ.പി മുന്നേറ്റമുണ്ടാക്കി. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 47 സീറ്റിൽ ജയിച്ചു. ജാട്ട് ഇതര വിഭാഗങ്ങളിലായി പിന്നീട് പാർട്ടി ശ്രദ്ധ.
2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ജാട്ട് സംവരണ പ്രക്ഷോഭത്തെതുടർന്ന് ബി.ജെ.പിയിലെ പ്രമുഖ ജാട്ട് നേതാക്കളെല്ലാം തോറ്റു, കേവല ഭൂരിപക്ഷമില്ലാതെ, പാർട്ടിക്ക് 40 സീറ്റിൽ ഒതുങ്ങേണ്ടിവന്നു. 17 സംവരണ സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ കോൺഗ്രസിന് ഏഴെണ്ണത്തിലാണ് ജയിക്കാനായത്. ജെ.ജെ.പിക്ക് നാലെണ്ണം ലഭിച്ചു. സംവരണസീറ്റുകളിലെ വോട്ടിൽ 33 ശതമാനവും ബി.ജെ.പിക്കായിരുന്നു. കോൺഗ്രസ് 30 ശതമാനം, ജെ.ജെ.പി 22 ശതമാനം, ബി.എസ്.പി മൂന്നു ശതമാനം, ഐ.എൻ.എൽ.- ഡി ഒരു ശതമാനം വീതം വോട്ടാണ് നേടിയത്.
2019-ൽ ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പിയെയും സ്വതന്ത്രരെയും കൂട്ടുപിടിച്ചായിരുന്നു ബി.ജെ.പി ഭരണം നിലനിർത്തിയത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ജെ.ജെ.പി സഖ്യം വിടുകയും നിയമസഭ വിളിച്ചുചേർക്കാതെ ബി.ജെ.പി ഭരണം തുടരുകയുമായിരുന്നു.
ഹരിയാനയിൽ കുമാരി ഷെൽജയായിരുന്നു ഒരു കാലത്ത് ബി.ജെ.പിയുടെ പ്രധാന ടാർഗറ്റ്. എന്നാൽ ഇപ്പോൾ ബി.ജെ.പി അവരെ മുൻനിർത്തി ‘ദലിത് അഭിമാന’വും ‘ദലിത് സഹാനുഭൂതി’യും ഊതിപ്പെരുപ്പിക്കാൻ അത്യധ്വാനം ചെയ്യുകയാണ്. ഇതിനായി അമിത് ഷാ മുതൽ സംസ്ഥാന നേതാക്കൾ വരെ രംഗത്തുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരത്തോടൊപ്പം, അടിസ്ഥാന വിഭാഗങ്ങൾ കോൺഗ്രസിനൊപ്പം നിന്നതോടെ, രണ്ട് ദലിത് സംവരണ സീറ്റുകളും പിടിച്ചെടുത്ത് കോൺഗ്രസ് ബി.ജെ.പിയെ ഞെട്ടിച്ചു. ഇതേതുടർന്ന് ദലിത് വോട്ടുബാങ്കിലേക്ക് നുഴഞ്ഞുകയറാനായി നയബ് സിങ് സെയ്‌നി സർക്കാർ പ്രീണന സംവരണ നയങ്ങളുമായി രംഗത്തുവന്നു. പട്ടികജാതി വിഭാഗങ്ങളെ രണ്ട് ഉപ വർഗങ്ങളാക്കി തിരിച്ച്, തൊഴിൽ- വിദ്യാഭ്യാസ സംവരണത്തിൽ ക്രീമിലെയർ ഏർപ്പെടുത്താനുള്ള സംസ്ഥാന പട്ടികജാതി കമീഷന്റെ ശുപാർശ അംഗീകരിച്ചു. ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിയെതുടർന്നായിരുന്നു തീരുമാനം.
സ്ഥാനാർഥി നിർണയത്തിലും ബി.ജെ.പി ജാട്ട് ഇതര വിഭാഗങ്ങൾക്ക് മുൻഗണന നൽകി. പിന്നാക്കജാതിക്കാരിലെ അതീവ പിന്നാക്ക വിഭാഗത്തിലെ (DSC) ഒമ്പതുപേർക്കും മറ്റു പട്ടികജാതി വിഭാഗങ്ങളിൽനിന്നുള്ള (OSC) എട്ടുപേർക്കും ബി.ജെ.പി ടിക്കറ്റ് കൊടുത്തിട്ടുണ്ട്. 15 പേരാണ് ജാട്ട് വിഭാഗക്കാർ. കഴിഞ്ഞ തവണ 19 ജാട്ട് വിഭാഗക്കാരുണ്ടായിരുന്നു. ഒരു തവണ കൂടി ഒ.ബി.സി വോട്ടിന്റെ കേന്ദ്രീകരണമാണ് ബി.ജെ.പി ലക്ഷ്യം.
കോൺഗ്രസാകട്ടെ, ഒ.എസ്.സിയിലെ 12 പേർക്കും ഡി.എസ്.സിയിലെ അഞ്ചുപേർക്കുമാണ് സീറ്റ് നൽകിയത്. കോൺഗ്രസ് പട്ടികയിൽ 25 പേർ ജാട്ട് വിഭാഗക്കാരും നാലുപേർ ജാട്ട് സിഖ് വിഭാഗക്കാരുമാണ്. 2019-ൽ 26 ജാട്ട് സ്ഥാനാർഥികളുണ്ടായിരുന്നു പാർട്ടിക്ക്. 24 പേർ പിന്നാക്ക വിഭാഗമായ മിയോ മുസ്‌ലിംകളാണ്. അവരിൽ 19 പേർ ആറ് ജാതികൾ ഉൾപ്പെടുന്ന പിന്നാക്ക വിഭാഗത്തിലെ ബി (BC-B) കാറ്റഗറിക്കാരാണ്. ബി.ജെ.പിയിൽ 18 പേരാണ് BC-B കാറ്റഗറി സ്ഥാനാർഥികൾ.
ഇത്തവണ ബി.എസ്.പിയും ചന്ദ്രശേഖർ ആസാദിന്റെ സമാജ് പാർട്ടിയും ദുഷ്യന്ത് ചൗതാലയുടെ ജനനായക് ജനതാപാർട്ടി (ജെ.ജെ.പി)യും സഖ്യമുണ്ടാക്കി മത്സരിക്കുന്നതിനാൽ പട്ടികജാതി വോട്ട് കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാണ്. ബി.എസ്.പി സംസ്ഥാനത്ത് ദുർബലമായി വരികയാണ്. 2019-ൽ 4.2 ശതമാനം വോട്ടുമാത്രമാണ് പാർട്ടിക്ക് നേടാനായത്.
സംസ്ഥാനത്ത് ഏറ്റവും സ്വാധീനശേഷിയുള്ള പട്ടികജാതി വിഭാഗം ജാതവമാരാണ്. 49 നിയമസഭാ മണ്ഡലങ്ങളിൽ പത്തു ശതമാനത്തിലേറെ വോട്ടുകൾ ഇവർക്കുണ്ട്.
ഹരിയാനയിൽ കുമാരി ഷെൽജയായിരുന്നു ഒരു കാലത്ത് ബി.ജെ.പിയുടെ പ്രധാന ടാർഗറ്റ്. എന്നാൽ ഇപ്പോൾ ബി.ജെ.പി അവരെ മുൻനിർത്തി ‘ദലിത് അഭിമാന’വും ‘ദലിത് സഹാനുഭൂതി’യും ഊതിപ്പെരുപ്പിക്കാൻ അത്യധ്വാനം ചെയ്യുകയാണ്. ഇതിനായി അമിത് ഷാ മുതൽ സംസ്ഥാന നേതാക്കൾ വരെ രംഗത്തുണ്ട്.
‘‘കോൺഗ്രസ് ദലിത് വിരുദ്ധ പാർട്ടിയാണ്. ഷെൽജ ആ പാർട്ടിയുടെ മുഖ്യമന്ത്രി മുഖമായതാണ് തഴയപ്പെടാൻ കാരണം. ഏതെങ്കിലും ദലിത് നേതാവ് ഉയർന്നുവന്നാൽ പാർട്ടി അവരെ തകർത്തുകളയും. മുഖ്യമന്ത്രിയാകാനുള്ള അവരുടെ ആഗ്രഹമാണോ അവർ ചെയ്ത തെറ്റ്?’’- മുഖ്യമന്ത്രി നയബ് സിങ് സെയ്‌നിയുടേതാണ് ചോദ്യം.
കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഒരു പടി കൂടി കടന്ന് ഷെൽജയെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്കു വരാൻ ക്ഷണിച്ചത്. ഷെൽജ തക്ക മറുപടിയും നൽകി: ‘‘എന്റെ സിരകളിൽ ഓടുന്നത് കോൺഗ്രസ് രക്തമാണ്. അച്ഛനെപ്പോലെ എന്റെയും അന്ത്യയാത്ര ത്രിവർണപതാക പുതപ്പിച്ചായിരിക്കും’’.
Also Read