Multitude:
ഒരു വിശദ
വിമർശനവായന

ജന്തർ മന്തറിൽ നടന്ന CJP സമരത്തിന്റെ പാ​ശ്ചാത്തലത്തിൽ ജനസഞ്ചയ (Multitude) രാഷ്ട്രീയത്തെക്കുറിച്ച് ബി. രാജീവൻ ട്രൂകോപ്പി വെബ്സീന് നൽകിയ അഭിമുഖത്തിൽ നടത്തിയ വിശകലനവുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. വെബ്സീൻ പാക്കറ്റ് 296-ൽ പ്രസിദ്ധീകരിച്ച ബി. രാജീവന്റെ പ്രതികരണത്തിന് നവീൻ പ്രസാദ് അലക്സ് മറുപടി എഴുതുന്നു.

ബി. രാജീവന്റെ വിശദമായ പ്രതികരണം സ്വാഗതാർഹമാണ് (മൈതാനങ്ങളിൽ ഒത്തുകൂടുന്ന ‘ആൾക്കൂട്ട’മല്ല
ജനസഞ്ചയം, ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 296). ഈ സംവാദത്തെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകുകയും ‘ജനസഞ്ചയം’ എന്ന പരികല്പനയുടെ രാഷ്ട്രീയ സാധ്യതകളും അതിന്റെ പരിമിതികളും കുറച്ചുകൂടി ഗൗരവത്തിൽ പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

ആദ്യം തന്നെ, ബി. രാജീവന്റെ ലേഖനത്തിൽ ഞാൻ സി.പി.എം വക്താവോ അനുഭാവിയോ ആണെന്ന് എടുത്തുപറയേണ്ടതിന്റെ ആവശ്യം വ്യക്തമായില്ല. എന്റെ രാഷ്ട്രീയബന്ധം വ്യക്തമാക്കുന്നതിലൂടെ എന്റെ വാദത്തിന്റെ സാധുതയെയോ അസാധുതയെയോ തെളിയിക്കാനാവില്ല. പ്രത്യേകിച്ച് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തെയും അതിന്റെ പരിമിതികളെയും വിമർശിക്കുന്ന ബി. രാജീവന്, എന്നെ വിമർശിക്കുമ്പോൾ എന്റെ പാർട്ടി ബന്ധം എടുത്തുപറയേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന ചോദ്യം പ്രസക്തമാണ്.

കോൺഗ്രസ് ഒരു കീഴാള വർഗ്ഗ അടിത്തറയുള്ള പാർട്ടിയാണെന്ന് ബി. രാജീവൻ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനെതിരായ എന്റെ വിമർശനത്തിനുശേഷം, കോൺഗ്രസിനും ഇടതുപക്ഷത്തിനും ഇന്ന് ‘പൊതു ശത്രു’ ഉള്ളതുകൊണ്ട്, പഴയ ശത്രുതയുടെ ആവശ്യമില്ല എന്ന നിഗമനത്തിലേക്ക്, അദ്ദേഹത്തിന്റെ നിലപാടിൽ വന്ന മാറ്റം കാണാം. എന്റെ വിമർശനം ഈ പുനർവിചിന്തനത്തിന് ഏതെങ്കിലും തരത്തിൽ പ്രേരകമായിട്ടുണ്ടെങ്കിൽ, അത് ഈ സംവാദത്തെ സംബന്ധിച്ച് ശ്രദ്ധേയമായ കാര്യമാണ്.

ഹാർഡ്റ്റും നെഗ്രിയും Multitude-നെ വർഗ്ഗസമരത്തിൽനിന്ന് വേർതിരിക്കുന്നില്ലെങ്കിലും, ഒരു ആശയത്തെ “class concept” എന്ന് വിളിക്കുന്നതിലൂടെ മാത്രം അത് Marx-ന്റെ വർഗ്ഗസങ്കൽപ്പമാകുന്നില്ല.
ഹാർഡ്റ്റും നെഗ്രിയും Multitude-നെ വർഗ്ഗസമരത്തിൽനിന്ന് വേർതിരിക്കുന്നില്ലെങ്കിലും, ഒരു ആശയത്തെ “class concept” എന്ന് വിളിക്കുന്നതിലൂടെ മാത്രം അത് Marx-ന്റെ വർഗ്ഗസങ്കൽപ്പമാകുന്നില്ല.

ജനസഞ്ചയം:
വർഗ്ഗത്തിന്റെ
പുനർവിചിന്തനമോ?

ബി. രാജീവന്റെ മറുപടിയുടെ തുടക്കം തന്നെനിർവചനപരമായ പ്രതിരോധത്തോടെയാണ്: “ജനസഞ്ചയം ആൾക്കൂട്ടമല്ല.” ഹാർഡ്റ്റിന്റെയും നെഗ്രിയുടെയും ഭാഷയിൽ, അത് “not an incoherent or passive aggregate but an active social subject capable of acting in common while remaining internally different” ആണ്. എന്നാൽ ഈ ബഹുലത എങ്ങനെയാണ് സ്ഥിരതയുള്ള ഒരു രാഷ്ട്രീയ കർത്തൃത്വമായി (political subject) രൂപപ്പെടുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു. അതിനാൽ പ്രശ്നം ജനസഞ്ചയം ‘crowd’ ആണോ അല്ലയോ എന്നതിലല്ല; ‘acting in common’ എന്നതിൽനിന്ന് ‘acting as a durable political subject’ എന്നതിലേക്കുള്ള പരിവർത്തനം എങ്ങനെ സാധ്യമാകുന്നു എന്നതിലാണ്.

തൊഴിലാളികൾ, പ്രി കാരിയേറ്റ്, സ്ത്രീകൾ, വിദ്യാർത്ഥികൾ, കുടിയേറ്റക്കാർ, കർഷകർ തുടങ്ങിയ വൈവിധ്യമാർന്ന വിഭാഗങ്ങളെ ആഗോള മുതലാളിത്തത്തിന്റെ വിവിധ ബന്ധങ്ങളിൽ ഉൾപ്പെട്ടവരായി കാണുന്നത് മുതലാളിത്തത്തിലെ മാറ്റങ്ങളെ വ്യക്തമാക്കുന്നുണ്ട്.

commons, communication, networked cooperation, self-organization എന്നിവയിലൂടെയാണ് രാഷ്ട്രീയ കർത്തൃത്വം രൂപപ്പെടുന്നതെന്ന് അവർ വാദിക്കുന്നു. എന്നാൽ പൊതുശത്രുവിനെതിരെ വ്യത്യസ്ത സാമൂഹികശക്തികൾ ഒന്നിക്കുന്നതുകൊണ്ടുമാത്രം, പകരം എന്ത് സ്ഥാപിക്കണമെന്നതിൽ അവയ്ക്ക് പൊതുപദ്ധതിയുണ്ടെന്ന് തെളിയുന്നില്ല. ബി. രാജീവന്റെ മറുപടിയുടെ രണ്ടാം ഭാഗം ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നുണ്ട്; അതിലേക്ക് വരാം. നെഗ്രിയുടെ “The Multitude is the name of an immanent collective subject” എന്ന വാദം ഉദ്ധരിച്ച്, ജനസഞ്ചയം പുറത്തുനിന്നുള്ള പാർട്ടിനേതൃത്വത്തിലൂടെയല്ല, ജനങ്ങളുടെ സ്വന്തം സാമൂഹിക പ്രവർത്തനത്തിൽനിന്നാണ് രാഷ്ട്രീയ കർത്തൃത്വമായി രൂപപ്പെടുന്നതെന്ന് രാജീവൻ വ്യക്തമാക്കുന്നു. എന്നാൽ സാമൂഹിക പ്രവർത്തനത്തിൽനിന്ന് ഒരു “subject” ഉയർന്നുവരുന്നത് അതിന്റെ സംഘടിതവും ദീർഘകാലം നിലനിൽക്കുന്നതുമായ രാഷ്ട്രീയ കർത്തൃത്വത്തെയും തന്ത്രത്തെയും സ്വയം വിശദീകരിക്കുന്നില്ല; Immanence എന്ന ആശയത്തിന്റെ തത്വചിന്താപരമായ അടിത്തറയും Spinoza– Negriയുടെ അധികാരസങ്കൽപ്പവും അടുത്ത ഭാഗത്ത് പരിശോധിക്കാം.

“MULTITUDE IS A CLASS CONCEPT” എന്ന പ്രസ്താവനയും, Multitude “repropose Marx’s political project of class struggle” എന്ന വാദവുമാണ് അടുത്തത്. ഹാർഡ്റ്റും നെഗ്രിയും Multitude-നെ വർഗ്ഗസമരത്തിൽനിന്ന് വേർതിരിക്കുന്നില്ലെങ്കിലും, ഒരു ആശയത്തെ “class concept” എന്ന് വിളിക്കുന്നതിലൂടെ മാത്രം അത് Marx-ന്റെ വർഗ്ഗസങ്കൽപ്പമാകുന്നില്ല. യഥാർത്ഥ ചോദ്യം Multitude-നെ വർഗ്ഗമാക്കുന്ന സാമൂഹികബന്ധം എന്താണ് എന്നതാണ്. Marx-ൽ വർഗ്ഗം ഉൽപ്പാദനബന്ധങ്ങളിലെ സ്ഥാനം, ഉൽപ്പാദനോപാധികളുമായുള്ള ബന്ധം, ചൂഷണം, വർഗ്ഗതാൽപര്യം, സംഘടന, രാഷ്ട്രീയസമരം എന്നിവയുടെ ചരിത്രപരമായ ബന്ധത്തിലൂടെയാണ് രൂപപ്പെടുന്നത്. എന്നാൽ, ഹാർഡ്റ്റിലും നെഗ്രിയിലുമെത്തുമ്പോഴുള്ള പ്രശ്നം ക്ലാസിന്റെ material constitution-നും political constitution-നും ഇടയിലുള്ള ബന്ധം എങ്ങനെ വിശദീകരിക്കുന്നു എന്നതാണ്.

ജന്തർ മന്തറിലെത്തിയ
വിദ്യാർത്ഥികളും
ജനസഞ്ചയ
ദൗർബല്യങ്ങളും

തെരുവിൽനിന്ന്
പറന്നുയരുന്ന
വിദ്യാർത്ഥികളുമായി
കൈകോർക്കാം

തൊഴിലാളികൾ, പ്രി കാരിയേറ്റ്, സ്ത്രീകൾ, വിദ്യാർത്ഥികൾ, കുടിയേറ്റക്കാർ, കർഷകർ തുടങ്ങിയ വൈവിധ്യമാർന്ന വിഭാഗങ്ങളെ ആഗോള മുതലാളിത്തത്തിന്റെ വിവിധ ബന്ധങ്ങളിൽ ഉൾപ്പെട്ടവരായി കാണുന്നത് മുതലാളിത്തത്തിലെ മാറ്റങ്ങളെ വ്യക്തമാക്കുന്നുണ്ട്. Objective integration-ഉം class formation-ഉം ഒരേ കാര്യമല്ല; സാമൂഹിക ഉൽപ്പാദനത്തിന്റെ വ്യാപനം വർഗ്ഗഘടനയെ സങ്കീർണ്ണമാക്കുമ്പോഴും വർഗ്ഗസംഘടനയുടെ ആവശ്യകത ഇല്ലാതാക്കുന്നില്ല. അതിനാൽ ചോദ്യം Multitude ‘class’ ആണോ എന്നതല്ല, വൈവിധ്യമാർന്ന അധ്വാനങ്ങളെ പൊതുവായ വർഗ്ഗതാൽപര്യം, രാഷ്ട്രീയബോധം, സംഘടന, തന്ത്രം എന്നിവയിലേക്ക് എങ്ങനെ പരിവർത്തനം ചെയ്യുന്നു എന്നതാണ്. ഈ പരിവർത്തനം വിശദീകരിക്കാതെ “Multitude is a class concept” എന്നത് വർഗ്ഗത്തെ പുനർനിർവചിക്കുന്നതിലൊതുങ്ങുന്നു; വർഗ്ഗരൂപീകരണത്തിന്റെ രാഷ്ട്രീയ പ്രശ്നത്തിന് പരിഹാരം നൽകുന്നില്ല.

സ്പിനോസയും
ജനസഞ്ചയവും

സ്പിനോസയുടെ ‘potentia’ അടക്കമുള്ള ആശയങ്ങളാണ് നെഗ്രിയുടെ മൾട്ടിറ്റ്യൂഡ് സിദ്ധാന്തത്തിന് നിർണായകമായ ഓണ്ടോളജിക്കൽ അടിത്തറ നൽകുന്നത്. സ്പിനോസയിൽ മൾട്ടിറ്റ്യൂഡ് ഏകതാനവും ഇതിനകം രൂപപ്പെട്ടതുമായ പൊളിറ്റിക്കൽ സബ്ജക്റ്റ് അല്ല; വ്യത്യസ്തമായ ആഗ്രഹങ്ങൾ, affects, താൽപര്യങ്ങൾ, ഭയങ്ങൾ, പ്രതീക്ഷകൾ, സംഘർഷങ്ങൾ, പരസ്പരവിരുദ്ധമായ സാമൂഹിക സ്ഥാനങ്ങൾ എന്നിവയാൽ നിർമ്മിതമായ heterogeneous collectivity ആണ്. അതിനാൽ collective power നിലനിൽക്കുന്നു എന്നതുകൊണ്ടു മാത്രം, അതൊരു പൊതുവായ രാഷ്ട്രീയ ലക്ഷ്യമായോ സംഘടിത രാഷ്ട്രീയ കർത്തൃത്വമായോ മാറിയെന്ന് അർത്ഥമാക്കുന്നില്ല.

ഇവിടെയാണ് നെഗ്രിയുടെ സ്പിനോസ വായനയിലെ നിർണായകമായ theoretical leap പ്രത്യക്ഷപ്പെടുന്നത്: “The multitude is the name of an immanent collective subject” എന്ന് പറയുമ്പോൾ, സ്പിനോസയുടെ ‘potentia’- യെ സമകാലിക മുതലാളിത്തത്തെ മറികടക്കാൻ ശേഷിയുള്ള revolutionary subjectivity ആയി നെഗ്രി പുനർവായിക്കുന്നു. എന്നാൽ immanent collective power എന്നത് ഒരു രാഷ്ട്രീയ വിഷയമായി ഇതിനകം രൂപപ്പെട്ടുവെന്നർത്ഥമല്ല; immanence വഴി ആ പവർ എവിടെയാണ് നിലനിൽക്കുന്നതെന്ന് വിശദീകരിക്കാമെങ്കിലും, അത് എങ്ങനെ common political purpose, organisation, strategy, institutions എന്നിവയായി രൂപപ്പെടുന്നു എന്നത് സ്വയം വിശദീകരിക്കുന്നില്ല. നെഗ്രിയുടെ രാഷ്ട്രീയ ഓണ്ടോളജിയിൽ ‘potentia’ ജനങ്ങളുടെ immanent productive power-നെയും ‘potestas’ അതിനെ സ്ഥിരപ്പെടുത്തുന്ന constituted power-നെയും പ്രതിനിധീകരിക്കുന്നു; ഇതിലൂടെ constituent power–constituted power എന്ന വിപ്ലവാത്മക ദ്വന്ദ്വം രൂപപ്പെടുന്നു. എന്നാൽ, സ്പിനോസയിൽ ഈ ബന്ധത്തെ pure opposition ആയി മാത്രം വായിക്കുന്നത് പ്രശ്നകരമാണ്. Collective power എങ്ങനെ രാഷ്ട്രീയ സ്ഥാപനങ്ങളിലൂടെ സ്ഥിരതയും രൂപവും നേടുന്നു, അതിന്റെ passions എങ്ങനെ ക്രമീകരിക്കപ്പെടുന്നു എന്നതും സ്പിനോസയുടെ രാഷ്ട്രീയചിന്തയിൽ നിർണായകമാണ്. അതിനാൽ ‘potentia’-യെ potestas-ന്റെ വെറും വിപരീതമായി കാണുന്നതിനുപകരം, അവ തമ്മിലുള്ള institutional mediation- ഉം പരസ്പരബന്ധവും കൂടി പരിശോധിക്കേണ്ടതുണ്ട്.

സ്പിനോസയുടെ ‘potentia’- യെ സമകാലിക മുതലാളിത്തത്തെ മറികടക്കാൻ ശേഷിയുള്ള revolutionary subjectivity ആയി നെഗ്രി പുനർവായിക്കുന്നു.
സ്പിനോസയുടെ ‘potentia’- യെ സമകാലിക മുതലാളിത്തത്തെ മറികടക്കാൻ ശേഷിയുള്ള revolutionary subjectivity ആയി നെഗ്രി പുനർവായിക്കുന്നു.

സ്പിനോസയിൽ institutions ജനസഞ്ചയത്തെ അടിച്ചമർത്തുന്ന ബാഹ്യ സംവിധാനങ്ങൾ മാത്രമല്ല. അതിനുള്ളിലെ സംഘർഷങ്ങൾ, അധികാരവ്യത്യാസങ്ങൾ, വികാരപരമായ അസ്ഥിരതകൾ എന്നിവ ക്രമീകരിച്ച് collective power-ന് സ്ഥിരമായ രാഷ്ട്രീയരൂപം നൽകുന്നവയാണ്. അതിനാൽ potentia സ്വതവേ വിമോചനാത്മകമല്ല; immanence collective power-ന്റെ സാന്നിധ്യം വ്യക്തമാക്കിയാലും, അത് എങ്ങനെ നിലനിൽക്കുന്ന ജനാധിപത്യ രാഷ്ട്രീയ കർത്തൃത്വമായി മാറുന്നു എന്ന് സ്വയം വിശദീകരിക്കുന്നില്ല. പവർ സ്വതവേ emancipation അല്ല; collective capacity സ്വയം emancipatory political capacity ആകുന്നുമില്ല; അത് democratic, hierarchical, authoritarian, exclusionary രൂപങ്ങൾ സ്വീകരിക്കാം. അതിന് political mediation ആവശ്യമാണ്. സ്പിനോസയിൽ ‘multitudo’ ഇതിനകം രൂപപ്പെട്ട political subject അല്ല, രാഷ്ട്രീയക്രമത്തിന്റെ അടിസ്ഥാനവും അതിനുള്ളിലെ സംഘർഷങ്ങളുടെ വേദിയുമാണ്. അതുകൊണ്ട് cooperation common political project-നും, communication common strategy-ക്കും, networked interdependence political organisation-നും തുല്യമല്ല; ഇതാണ് നെഗ്രിയുടെ മൾട്ടിറ്റ്യൂഡ് സങ്കൽപ്പത്തിലെ പ്രധാന സൈദ്ധാന്തിക പ്രശ്നം.

സ്പിനോസയുടെ multitudo- യെ നെഗ്രിയുടെ മൾട്ടിറ്റ്യൂഡുമായി നേരിട്ട് തുല്യപ്പെടുത്തുന്നത് ചരിത്രപരമായ വ്യത്യാസങ്ങളെ മായ്ക്കുന്ന അനാർക്കിസം ആകാം. Potentia- യെ contemporary revolutionary subject ആയി പുനർവായിച്ചാലും, immanent collective power സ്വയം common political purpose, organisation, strategy എന്നിവയായി മാറുന്നില്ല. ഇവിടെയാണ് സ്പിനോസയും മാർക്സും തമ്മിലുള്ള നിർണായക വ്യത്യാസം: മാർക്സിന്റെ പ്രോലിറ്റേറിയറ്റ് ഒരു പ്രത്യേക production relation-ലുള്ള വർഗ്ഗമാണ്; അതിന്റെ രാഷ്ട്രീയ കർത്തൃത്വവും സ്വതവേ ഉണ്ടാകുന്നതല്ല. വർഗ്ഗസമരം, ബോധം, സംഘടന, തന്ത്രം എന്നിവയിലൂടെ രൂപപ്പെടുന്നതാണ്. അതിനാൽ, നെഗ്രിയുടെ Spinozist immanence collective power-ന്റെ ontological സാധ്യത വ്യക്തമാക്കുമ്പോഴും, അത് എങ്ങനെ ഒരു durable political subject ആയി രൂപപ്പെടുന്നു എന്ന പ്രശ്നം തുറന്നുതന്നെ നിൽക്കുന്നു.

ആഗോള മൂലധനസഞ്ചയവും അസമമായ ഭൂപ്രദേശാധിഷ്ഠിത അധികാരവും തമ്മിലുള്ള പുതിയ ബന്ധമാണ് സമകാലിക സാമ്രാജ്യത്വത്തിന്റെ സവിശേഷത.

എംപയറും
ജനസഞ്ചയവും

‘Empire’ എന്ന ആശയത്തിന്റെ തുടർച്ചയിലാണ് ‘Multitude’ എന്ന പരികല്പന രൂപപ്പെടുന്നത്. ഹാർഡ്റ്റ്- നെഗ്രി വാദത്തിൽ, പഴയ സാമ്രാജ്യത്വത്തിന്റെ territorial, nation-state കേന്ദ്രീകൃത അധികാരക്രമത്തെ ഒരു decentralised, deterritorialised ആഗോള ശൃംഖല മറികടന്നിരിക്കുന്നു; IMF, World Bank, WTO, UN, multinational corporations, സൈനിക സഖ്യങ്ങൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലൂടെ അധികാരം ഒരൊറ്റ കേന്ദ്രമില്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നു. ഈ മാറ്റമാണ് അവരുടെ കാഴ്ചയിൽ Empire-നെതിരായ പുതിയ revolutionary subject ആയി Multitude ഉയർന്നുവരാനുള്ള ഭൗതിക സാഹചര്യവും സൃഷ്ടിക്കുന്നത്.

ഇവിടെ Empire decentralised ആണെങ്കിൽ അതിനെതിരായ പ്രതിരോധവും സ്വാഭാവികമായി decentralised ആകുമെന്ന് ഹാർഡ്റ്റും നെഗ്രിയും വാദിക്കുന്നു. ആഗോളവൽക്കരണവും മൂലധനത്തിന്റെ അന്തർദേശീയവൽക്കരണവും സാമ്രാജ്യത്വത്തെ ഇല്ലാതാക്കിയിട്ടില്ല; മറിച്ച് അതിന്റെ പ്രവർത്തനരൂപങ്ങളെയാണ് മാറ്റിയത്. ഡേവിഡ് ഹാർവി ചൂണ്ടിക്കാണിക്കുന്നതുപോലെ, മൂലധനത്തിന്റെ അതിർത്തികൾ കടന്നുള്ള സഞ്ചയത്തിന്റെ കാപ്പിറ്റലിസ്റ്റ് ലോജിക്കും രാഷ്ട്രങ്ങളുടെ ഭൂപ്രദേശാധിഷ്ഠിതമായ ടെറിറ്റോറിയൽ ലോജിക് ഓഫ് പവറും വ്യത്യസ്തമായിരുന്നാലും പരസ്പരം ബന്ധിതമാണ്.

മൂലധനം ആഗോളമായി സഞ്ചരിക്കുമ്പോഴും, അതിന്റെ സംരക്ഷണത്തിനും വ്യാപനത്തിനും രാഷ്ട്രങ്ങളുടെ സാമ്പത്തിക- രാഷ്ട്രീയ- സൈനിക ശക്തി നിർണായകമായി തുടരുന്നു. അമേരിക്കൻ സൈനിക-സാമ്പത്തിക ആധിപത്യം, റഷ്യ–ഉക്രെയ്ൻ യുദ്ധം, ക്യൂബക്ക് മേലുള്ള അമേരിക്കയുടെ മനുഷ്യത്വരഹിതമായ ഉപരോധം, ഇറാൻ യുദ്ധം, വെനിസ്വേലൻ പ്രസിഡന്റിന്റെ തട്ടികൊണ്ടുപോകൽ, വ്യാപാരയുദ്ധങ്ങളും ഉപരോധങ്ങളും എന്നിവ ഇന്റർ സ്റ്റേറ്റ് പവർ റിലേഷൻസ് ഇപ്പോഴും നിർണായകമാണെന്ന് കാണിക്കുന്നു. അസമമായ ശക്തികൾ തമ്മിലുള്ള സാമ്രാജ്യത്വ മത്സരം അപ്രത്യക്ഷമായിട്ടില്ല; അമേരിക്ക ഇപ്പോഴും ഈ മത്സരത്തിലെ ഏറ്റവും ശക്തമായ കേന്ദ്രമാണ്. അതിനാൽ ആഗോളവൽക്കരണം രാഷ്ട്രശക്തിയുടെ അപ്രസക്തീകരണമല്ല; മറിച്ച് ആഗോള മൂലധനസഞ്ചയവും അസമമായ ഭൂപ്രദേശാധിഷ്ഠിത അധികാരവും തമ്മിലുള്ള പുതിയ ബന്ധമാണ് സമകാലിക സാമ്രാജ്യത്വത്തിന്റെ സവിശേഷത.

ഇവിടെയാണ് Empire–Multitude ബന്ധത്തിലെ അടിസ്ഥാന പ്രശ്നം ഉയരുന്നത്. Empire-ന്റെ അധികാരം decentralised ആണെന്നത് മാത്രം, അതിനെതിരായ സാമൂഹിക ശക്തികൾ സ്വതവേ റവല്യൂഷനറി സബ്ജക്റ്റായി രൂപപ്പെടുന്നു എന്ന് തെളിയിക്കുന്നില്ല. Empire എന്ന ഘടനയെക്കുറിച്ചുള്ള ഒരു പ്രത്യേക വിശകലനത്തിൽനിന്ന് Multitude എന്ന രാഷ്ട്രീയ കർതൃത്വത്തിലേക്കുള്ള നീക്കത്തിലാണ് പ്രധാനപ്പെട്ട ഈ സൈദ്ധാന്തിക വിടവ് നിലനിൽക്കുന്നത്.

‘Empire’ എന്ന ആശയത്തിന്റെ തുടർച്ചയിലാണ് ‘Multitude’ എന്ന പരികല്പന രൂപപ്പെടുന്നത്. ഹാർഡ്റ്റ്- നെഗ്രി വാദത്തിൽ, പഴയ സാമ്രാജ്യത്വത്തിന്റെ territorial, nation-state കേന്ദ്രീകൃത അധികാരക്രമത്തെ ഒരു decentralised, deterritorialised ആഗോള ശൃംഖല മറികടന്നിരിക്കുന്നു.
‘Empire’ എന്ന ആശയത്തിന്റെ തുടർച്ചയിലാണ് ‘Multitude’ എന്ന പരികല്പന രൂപപ്പെടുന്നത്. ഹാർഡ്റ്റ്- നെഗ്രി വാദത്തിൽ, പഴയ സാമ്രാജ്യത്വത്തിന്റെ territorial, nation-state കേന്ദ്രീകൃത അധികാരക്രമത്തെ ഒരു decentralised, deterritorialised ആഗോള ശൃംഖല മറികടന്നിരിക്കുന്നു.

തൊഴിലാളിവർഗ്ഗത്തിന്റെ
പരിവർത്തനവും ജനസഞ്ചയവും

അടുത്തത് ഉൽപ്പാദനം immaterial, cognitive, networked labour-ലേക്ക് മാറുകയും, മുതലാളിത്തത്തിന്റെ full subsumption വഴി ഉൽപ്പാദനം സമൂഹത്തിലാകെ വ്യാപിക്കുകയും അധ്വാനം കൂടുതൽ സാമൂഹികവൽക്കരിക്കപ്പെടുകയും ചെയ്തുവെന്ന നിരീക്ഷണമാണ്. തൊഴിലാളിവർഗ്ഗത്തിന്റെ രൂപാന്തരത്തെക്കുറിച്ചുള്ള ഈ നിരീക്ഷണങ്ങൾ പ്രധാനപ്പെട്ടതാണെങ്കിലും, അതിനെ ഭൗതിക ഉൽപ്പാദനത്തിന്റെ ക്ഷയമായി കാണാനാവില്ല. ആഗോള വിതരണശൃംഖലകൾ, ഫാക്ടറി ഉൽപ്പാദനം, ഖനനം, ഗതാഗതം, ഊർജം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ തന്നെ ഭൗതിക അടിത്തറയായി തുടരുന്നു; അതിനാൽ സമകാലിക മുതലാളിത്തത്തിന്റെ fragmentation, networked character എന്നിവയ്ക്ക് പിന്നിലുള്ള material production, ownership, labour relations, geopolitical power എന്നിവ ഒഴിവാക്കി അതിന്റെ social ontology നിർവചിക്കാനാവില്ല.

സമകാലിക മുതലാളിത്തത്തിന്റെ അധികാരം decentralised ആയിത്തീർന്നുവെന്നത് അത് disintegrated ആയെന്നോ മൂലധനത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കേന്ദ്രീകൃത നിയന്ത്രണം അവസാനിച്ചെന്നോ അർത്ഥമാക്കുന്നില്ല. Micro-level fragmentation- നും unevenness- നും പിന്നിൽ ഉടമസ്ഥതാബന്ധങ്ങൾ, ധനകാര്യ സംവിധാനങ്ങൾ, കോർപ്പറേറ്റ് ശക്തി, രാഷ്ട്രങ്ങൾ, സൈനിക സഖ്യങ്ങൾ, ആഗോള സ്ഥാപനങ്ങൾ എന്നിവയിലൂടെ പ്രവർത്തിക്കുന്ന macro-level integration നിലനിൽക്കുന്നു. സാമ്രാജ്യത്വവും അപ്രത്യക്ഷമായിട്ടില്ല; സൈനികസഖ്യങ്ങൾ, സൈനിക താവളങ്ങൾ, ഉപരോധങ്ങൾ, സാമ്പത്തിക നിയന്ത്രണങ്ങൾ, യുദ്ധങ്ങൾ, ജിയോ- പൊളിറ്റിക്കൽ ഇടപെടലുകൾ എന്നിവയിലൂടെ അത് ഇപ്പോഴും വ്യക്തമായ ശക്തികേന്ദ്രങ്ങളോടെ പ്രവർത്തിക്കുന്നു. മൂലധനത്തിന്റെ ആഗോള സഞ്ചയവും ഭൂപ്രദേശാധിഷ്ഠിതമായ രാഷ്ട്രാധികാരവും പരസ്പരം ബന്ധിതമായും വൈരുദ്ധ്യാത്മകമായും പ്രവർത്തിക്കുന്നതാണ് സമകാലിക മുതലാളിത്തത്തിന്റെ സവിശേഷത. ആഗോള വിതരണശൃംഖലകൾ, കുടിയേറ്റം, സേവനമേഖല, ലോജിസ്റ്റിക്സ്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഉപകരാർ വ്യവസ്ഥകൾ എന്നിവയിലൂടെ മൂലധന–അധ്വാന ബന്ധം കൂടുതൽ വ്യാപകമായി പുനഃസംഘടിപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ് അർത്ഥം. ഇവിടെ തൊഴിലാളിവർഗ്ഗത്തിന്റെ ഭൗതിക ഏകാഗ്രത കുറഞ്ഞിട്ടുണ്ടാകാം; എന്നാൽ അതിന്റെ വർഗ്ഗസ്ഥാനമോ അപ്രത്യക്ഷമായിട്ടില്ല. അതിനാൽ ‘Multitude’ ആയി ഉയരുന്ന ജനകീയ mobilisation-നുകൾക്ക് സ്വതവേ മുതലാളിത്തത്തിന്റെ ഉൽപ്പാദനബന്ധങ്ങളെ മാറ്റിമറിക്കാനുള്ള ശേഷിയുണ്ടെന്ന് കരുതാനാവില്ല. ആ ശേഷി organisation, class struggle, political programme, ഉൽപ്പാദനോപാധികളിലുള്ള നിയന്ത്രണത്തിന്റെ പരിവർത്തനം എന്നിവയിലൂടെയാണ് രൂപപ്പെടുന്നത്.

ഇതിൽ നവലിബറലിസത്തിന്റെ പ്രധാന ഫലമായി തൊഴിൽബന്ധങ്ങളുടെ flexibilisation, casualisation, privatisation, deregulation എന്നിവയെ കാണേണ്ടതുണ്ട്. സ്ഥിരതയുള്ള തൊഴിൽബന്ധങ്ങൾക്കുപകരം കരാർ തൊഴിൽ, താൽക്കാലിക തൊഴിൽ, ഉപകരാർ, ഗിഗ് തൊഴിൽ, പ്ലാറ്റ്ഫോം തൊഴിൽ തുടങ്ങിയ രൂപങ്ങൾ വ്യാപിച്ചു. ഇതോടെ തൊഴിലാളിവർഗ്ഗത്തിന്റെ സംഘടനാപരമായ ഏകാഗ്രത ദുർബലമായി. ഇതിനൊപ്പം ധനവൽക്കരണം മൂലധനത്തിന്റെ പ്രവർത്തനരീതിയിലും തൊഴിൽബന്ധങ്ങളിലും നിർണായകമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ലാഭത്തിന്റെ വലിയൊരു ഭാഗം നേരിട്ടുള്ള ഉൽപ്പാദനത്തിൽനിന്ന് മാത്രമല്ല, ധനകാര്യ സംവിധാനങ്ങളിലൂടെയും സഞ്ചരിക്കുന്നു. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ shareholder value, കടബാധ്യത, credit ratings, investment returns തുടങ്ങിയ മാനദണ്ഡങ്ങൾ നിയന്ത്രിക്കുമ്പോൾ, ചെലവ് കുറയ്ക്കലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കലും outsourcing-ഉം തൊഴിൽ കൂടുതൽ flexible ആക്കലും മൂലധനത്തിന്റെ മത്സരതന്ത്രങ്ങളായി മാറുന്നു.

നോയിഡയിലെ തൊഴിലാളി പ്രക്ഷോഭത്തിൽ പ്രത്യക്ഷപ്പെട്ടത് പഴയ ഫാക്ടറി- കേന്ദ്രിത, സ്ഥിരതയുള്ള, യൂണിയൻ- സംഘടിത തൊഴിലാളിവർഗ്ഗത്തിന്റെ ലളിതമായ മാതൃകയല്ല; കരാർ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, അനൗപചാരിക തൊഴിലാളികൾ, തൊഴിൽ അരക്ഷിതാവസ്ഥ നേരിടുന്ന വിഭാഗങ്ങൾ എന്നിവ ചേർന്ന ഒരു fragmented labour force ആണ്.

ഒരു സ്മാർട്ട്ഫോണിന്റെ ഉൽപ്പാദനത്തിൽ ഖനിത്തൊഴിലാളി, ഇലക്ട്രോണിക് ഘടക തൊഴിലാളി, അസംബ്ലി തൊഴിലാളി, ലോജിസ്റ്റിക്സ് തൊഴിലാളി, വെയർഹൗസ് തൊഴിലാളി, സോഫ്റ്റ്‌വെയർ തൊഴിലാളി, ഡെലിവറി തൊഴിലാളി എന്നിങ്ങനെ വ്യത്യസ്ത അധ്വാനരൂപങ്ങൾ പരസ്പരം ബന്ധിക്കപ്പെടുന്നു. ഇവരുടെ തൊഴിൽരൂപങ്ങൾ വ്യത്യസ്തമാണെങ്കിലും, മൂലധനത്തിന്റെ മൂല്യവർദ്ധനപ്രക്രിയയിൽ അവർ വഹിക്കുന്ന സ്ഥാനം അവരെ ബന്ധിപ്പിക്കുന്ന ഭൗതിക വർഗ്ഗബന്ധമാണ്; ആത്യന്തികമായി ഈ വൈവിധ്യമാർന്ന അധ്വാനരൂപങ്ങളെ ഏകീകരിക്കുന്നത് മുതലാളിത്ത ഉൽപ്പാദനബന്ധം തന്നെയാണ്. ഉൽപ്പാദനം കൂടുതൽ decentralised-ഉം fragmented-ഉം ആകുമ്പോഴും, അതിനെ ഏകീകരിക്കുന്ന മൂലധനത്തിന്റെ ഉൽപ്പാദനബന്ധം കൂടുതൽ വ്യാപകവും കേന്ദ്രീകൃതവുമാകുന്ന ഈ വൈരുദ്ധ്യമാണ് സമകാലിക മുതലാളിത്തത്തിന്റെ നിർണായക സവിശേഷത.

ഫാക്ടറികൾക്കും തൊഴിലിടങ്ങൾക്കും പുറത്തേക്കുള്ള മൂലധനത്തിന്റെ വ്യാപനം പുതിയ പ്രതിഭാസമല്ല, അതിന്റെ വ്യാപ്തിയിലും സ്വഭാവത്തിലും മാറ്റമുണ്ടാവുകയാണ് ചെയ്തത്. ഇത് മാർക്സിസത്തിന് അന്യമായതുമല്ല. മുതലാളിത്ത ഉൽപ്പാദനം ഫാക്ടറിയിലോ വിപണിയിലോ മാത്രം നടക്കുന്നതല്ല; തൊഴിലാളിശക്തിയെ ദിവസേനയും തലമുറകളിലൂടെയും പുനരുത്പാദിപ്പിക്കുന്ന വീട്ടുപണി, പരിചരണം, കുട്ടികളുടെ വളർത്തൽ, വിദ്യാഭ്യാസം, ആരോഗ്യപരിചരണം തുടങ്ങിയ പ്രവർത്തനങ്ങളെയും അത് ചരിത്രപരമായി ആശ്രയിച്ചാണ് നിലനിന്നത് എന്ന് വിശദീകരിച്ച social reproduction theory ഇവിടെ പ്രസക്തമാണ്. ഇവയിൽ പലതും നേരിട്ട് കൂലി ലഭിക്കാത്തതോ വിപണിക്ക് പുറത്തു നടക്കുന്നവയോ ആണെങ്കിലും, wage labour സാധ്യമാകുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥകളാണ്. വൻതോതിലുള്ള തൊഴിലില്ലായ്മയും reserve army of labour-ന്റെ തുടർച്ചയായ വ്യാപനവും നിലനിൽക്കുന്ന സാഹചര്യത്തിൽ, എല്ലാവരും ഏതെങ്കിലും രീതിയിൽ സാമൂഹിക ഉൽപ്പാദനത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന വാദം യാഥാർത്ഥ്യത്തെ അമൂർത്തമാക്കുന്നതാണ്. എല്ലാവരെയും ഉൽപ്പാദനത്തിൽ ഉൾപ്പെട്ടവരായി കണക്കാക്കി അതിൽനിന്ന് Multitude ഒരു വർഗ്ഗമാണെന്ന് നിഗമനം ചെയ്യുന്നത്, മുതലാളിത്തത്തിലെ തൊഴിലിന്റെ അസമമായ വിതരണം, തൊഴിലില്ലായ്മ, പുറന്തള്ളൽ എന്നിവയെ മറച്ചുവയ്ക്കുന്നു.

സമകാലിക തൊഴിലാളിസമരങ്ങളുടെ സ്വഭാവം ഇതിന് ഒരു പ്രധാന empirical illustration നൽകുന്നു. ഉദാഹരണത്തിന്, നോയിഡയിലെ തൊഴിലാളി പ്രക്ഷോഭത്തിൽ പ്രത്യക്ഷപ്പെട്ടത് പഴയ ഫാക്ടറി- കേന്ദ്രിത, സ്ഥിരതയുള്ള, യൂണിയൻ- സംഘടിത തൊഴിലാളിവർഗ്ഗത്തിന്റെ ലളിതമായ മാതൃകയല്ല; കരാർ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, അനൗപചാരിക തൊഴിലാളികൾ, തൊഴിൽ അരക്ഷിതാവസ്ഥ നേരിടുന്ന വിഭാഗങ്ങൾ എന്നിവ ചേർന്ന ഒരു fragmented labour force ആണ്. എന്നാൽ ഈ fragmentation തൊഴിലാളിവർഗ്ഗത്തിന്റെ അപ്രത്യക്ഷതയുടെ തെളിവായല്ല, അതിന്റെ പുതിയ composition-ന്റെ തെളിവായാണ് മനസ്സിലാക്കേണ്ടത്. തൊഴിലാളികൾ കൂടുതൽ ചിതറിക്കിടക്കുന്നു എന്നത് വർഗ്ഗബന്ധം ഇല്ലാതായി എന്നല്ല; ആ വർഗ്ഗബന്ധത്തെ രാഷ്ട്രീയമായി ഏകീകരിക്കുന്നത് കൂടുതൽ പ്രയാസകരമായി എന്നതാണ്.

ഇന്നത്തെ തൊഴിൽരാഷ്ട്രീയത്തിന്റെ പ്രധാന സവിശേഷത ഇതുതന്നെയാണ്: വികേന്ദ്രീകൃതവും പെട്ടെന്നുണ്ടാകുന്നതുമായ തൊഴിലാളി മുന്നേറ്റങ്ങൾക്ക് ശക്തമായ mobilisation capacity ഉണ്ടാകാം. എന്നാൽ അതുകൊണ്ട് അവ സ്വതവേ ഒരു സ്ഥിരതയുള്ള class for itself ആയി മാറുന്നില്ല. സംഘടിത ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പലപ്പോഴും ഇത്തരം സമരങ്ങൾക്ക് പിന്നാലെയാണ് സജീവമായി ഇടപെടുന്നത്; സമരം അവർ ആരംഭിച്ചതല്ലെങ്കിലും, അതിനെ ദീർഘകാല രാഷ്ട്രീയശക്തിയാക്കി മാറ്റുന്നതിനുള്ള സംഘടനാപരമായ ശേഷി അവർക്കുണ്ട്. അതായത് contemporary working-class politics-ന്റെ പ്രശ്നം spontaneity ഇല്ലാത്തതല്ല; spontaneity-യെ durable organisation, political consciousness, collective bargaining power, strategic direction എന്നിവയിലേക്ക് എങ്ങനെ പരിവർത്തനം ചെയ്യാം എന്നതാണ്.

നോയ്ഡയിൽ നടന്ന തൊഴിലാളി സമരം.
നോയ്ഡയിൽ നടന്ന തൊഴിലാളി സമരം.

ഇത് ജനസഞ്ചയത്തെക്കുറിച്ചുള്ള വാദത്തിൽ നിർണായകമാണ്. വ്യത്യസ്ത വിഭാഗങ്ങൾ നെറ്റ്‌വർക്കുകളിലൂടെ ബന്ധപ്പെടുകയും കൂട്ടായ പ്രവർത്തനം നടത്തുകയും ചെയ്യുന്നത് പുതിയ collective capacities സൃഷ്ടിച്ചേക്കാം; എന്നാൽ networked mobilisation സ്വതവേ class constitution അല്ല. തൊഴിലാളിവർഗ്ഗത്തിന്റെ composition കൂടുതൽ fragmented-ഉം വൈവിധ്യമാർന്നതുമായിത്തീർന്നത് വർഗ്ഗബന്ധത്തിന്റെ അപ്രത്യക്ഷതയല്ല; മറിച്ച് അതിനെ ദീർഘകാല രാഷ്ട്രീയശക്തിയായി ഏകീകരിക്കുന്നത് കൂടുതൽ സങ്കീർണ്ണമായിത്തീർന്നുവെന്നാണ് അർത്ഥമാക്കുന്നത്. ചരിത്രത്തിലെ തൊഴിലാളിസമരങ്ങളുടെ പ്രധാന സവിശേഷത അവയുടെ spontaneous mobilisation മാത്രമല്ല, ആ സമരങ്ങളിൽനിന്ന് നിലനിൽക്കുന്ന സംഘടനകളും കൂട്ടായ രാഷ്ട്രീയശേഷിയും രൂപപ്പെട്ടതാണ്. അതിനാൽ fragmentation-നെ മറികടന്ന് പൊതുവായ വർഗ്ഗതാൽപര്യം, രാഷ്ട്രീയബോധം, സംഘടന, collective strategy എന്നിവ വികസിപ്പിക്കേണ്ടതുണ്ട്.

മാറിയ class composition സംഘടനയുടെ ആവശ്യകത ഇല്ലാതാക്കുന്നില്ല; മറിച്ച്, വിവിധ അധ്വാനരൂപങ്ങളെ ദീർഘകാല വർഗ്ഗശക്തിയായി ഏകീകരിക്കുന്ന സംഘടനയുടെ ആവശ്യകത കൂടുതൽ ശക്തമാക്കുകയാണ് ചെയ്യുന്നത്. ‘immaterial’ ആയാലും networked ആയാലും ഏത് അധ്വാനരൂപവും മുതലാളിത്തത്തിന്റെ ഉൽപ്പാദനബന്ധങ്ങൾക്കുള്ളിലാണ് നിലനിൽക്കുന്നത്; അതിനാൽ അധ്വാനബന്ധങ്ങളെ തന്നെ മാറ്റിമറിക്കണമെങ്കിൽ ആ മാറ്റത്തെ രാഷ്ട്രീയമായി മുന്നോട്ടുകൊണ്ടുപോകുന്ന സംഘടിത വർഗ്ഗശക്തി അനിവാര്യമാണ്. അതുകൊണ്ട് ഇന്നത്തെ ചരിത്രപരമായ ദൗത്യം തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥാനത്ത് ജനസഞ്ചയം എന്ന പരികല്പന വന്നു എന്ന പ്രഖ്യാപനമല്ല. അതിന്റെ പുതിയ composition-നെ തിരിച്ചറിഞ്ഞ് അതിനെ വീണ്ടും ഒരു രാഷ്ട്രീയ വർഗ്ഗശക്തിയായി സംഘടിപ്പിക്കുകയാണ്.

എന്തു ചെയ്യണം?
അഥവാ What is to be done

മേൽപറഞ്ഞ നിരീക്ഷണങ്ങളുടെ തുടർച്ചയിൽ, കീഴാളരുടെ ബദൽ ജീവിതാധികാരം വികസിക്കുന്നതോടെ മുതലാളിത്ത ഭരണകൂടാധികാരം സ്വാഭാവികമായി അപ്രസക്തമാകുന്നു എന്ന നിഗമനത്തിലേക്ക് കടക്കുമ്പോഴാണ് നിർണായകമായ പ്രശ്നം ഉയരുന്നത്. ഉൽപ്പാദനത്തിന്റെ സാമൂഹികസ്വഭാവം വികസിക്കുന്നതോടൊപ്പം മിച്ചമൂല്യത്തിന്റെ സ്വകാര്യ കൈവശപ്പെടുത്തൽ അവസാനിക്കുന്നില്ല; മറിച്ച് രണ്ടും തമ്മിലുള്ള വൈരുദ്ധ്യം കൂടുതൽ ശക്തമാകുന്നു. ആധുനിക ഉൽപ്പാദനം കൂടുതൽ സാമൂഹികമായിട്ടും ഉൽപ്പാദനോപാധികളുമായുള്ള വർഗ്ഗബന്ധം ഇല്ലാതായിട്ടില്ല. അതിനാൽ “ഉൽപ്പാദനം സാമൂഹികമായിക്കഴിഞ്ഞു, അതിനാൽ ഉൽപ്പാദനോപാധികളുടെ ഉടമസ്ഥതയുടെ ചോദ്യം അവസാനിച്ചു” എന്ന നിലയിൽ ഇതിനെ സമീപിക്കാനാവില്ല; മറിച്ച് സാമൂഹികമായി വികസിച്ച ഉൽപ്പാദനശക്തികളെ നിയന്ത്രിക്കുന്ന മൂലധനത്തിന്റെ അധികാരബന്ധങ്ങളെ തന്നെ മാറ്റിമറിക്കേണ്ടതുണ്ട്.

പുതിയ തൊഴിൽരൂപങ്ങളുടെ വളർച്ച working class-നെ ഇല്ലാതാക്കുന്നില്ല; മറിച്ച് അതിന്റെ composition മാറ്റുന്നു. തൊഴിൽ എന്തെന്നതിനെക്കാൾ ആരാണ് ഉൽപ്പാദനോപാധികൾ സ്വന്തമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്, ആരാണ് അവയിൽനിന്ന് വേർപെട്ട് സ്വന്തം അധ്വാനശക്തി വിൽക്കേണ്ടിവരുന്നത് എന്നതാണ് വർഗ്ഗസ്ഥാനം നിർണ്ണയിക്കുന്ന അടിസ്ഥാന മാനദണ്ഡം.

ഇവിടെയാണ് ബി. രാജീവന്റെ “ലോകം തന്നെ ഫാക്ടറിയായി മാറുന്നു” എന്ന നിരീക്ഷണം മറ്റൊരു വിധത്തിൽ വായിക്കേണ്ടത്: ലോകം ഫാക്ടറിയായി മാറിയെങ്കിൽ, ആ ഫാക്ടറിയുടെ ഉടമ ആരാണ്? ഉൽപ്പാദനം കൂടുതൽ സാമൂഹികവും പരസ്പരബന്ധിതവുമാകുമ്പോൾ അതിന്റെ നിർണായക ഉപാധികൾ കൂടുതൽ കേന്ദ്രീകൃതമായ സ്വകാര്യ നിയന്ത്രണത്തിൽ തുടരുന്നു. Global value chains-നെക്കുറിച്ചുള്ള ഗവേഷണങ്ങളും കാണിക്കുന്നത്, ഉൽപ്പാദനം ഭൂമിശാസ്ത്രപരമായി വിഘടിച്ചാലും ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണവും വിലപേശൽ ശക്തിയും അപ്രത്യക്ഷമാകുന്നില്ല; മറിച്ച് വിവിധ പ്രദേശങ്ങളിലായി പിരിഞ്ഞിരിക്കുന്ന ഉൽപ്പാദനപ്രക്രിയകളെ നിയന്ത്രിക്കുന്നതിലൂടെ പുതിയ അധികാര അസമത്വങ്ങൾ രൂപപ്പെടുന്നു എന്നാണ്. അതുകൊണ്ട് ഉൽപ്പാദനത്തിന്റെ രൂപം മാറിയതുകൊണ്ട് ഉൽപ്പാദനോപാധികളുടെ ചോദ്യം അപ്രസക്തമാകുന്നില്ല; ഉൽപ്പാദനം മാറിയതുകൊണ്ടുതന്നെ ആ ചോദ്യം കൂടുതൽ സങ്കീർണ്ണവും നിർണായകവുമാകുന്നു.

ചൈനയിലെ ഒരു ഗ്ലോബൽ മാനുഫാക്ചറിങ് കമ്പനിയിൽ പണിയെടുക്കുന്ന തൊഴിലാളികൾ.
ചൈനയിലെ ഒരു ഗ്ലോബൽ മാനുഫാക്ചറിങ് കമ്പനിയിൽ പണിയെടുക്കുന്ന തൊഴിലാളികൾ.

ഉൽപ്പാദനോപാധി എന്നത് ഇന്ന് ഫാക്ടറിയിലെ യന്ത്രം മാത്രമല്ല. ഭൂമി, വ്യവസായം, ഖനികൾ, ഊർജ്ജവ്യവസ്ഥ, ഗതാഗതവും ലോജിസ്റ്റിക്സും, ബാങ്കുകളും ധനകാര്യ സംവിധാനങ്ങളും, data centres, digital platforms, algorithms, patents, scientific infrastructure, communication networks, software, സാങ്കേതികവിദ്യ എന്നിവയെല്ലാം സാമൂഹിക ഉൽപ്പാദനത്തിന്റെ നിർണായക അടിസ്ഥാനങ്ങളാണ്. വിജ്ഞാനാധിഷ്ഠിത ഉൽപ്പാദനം വളർന്നതുകൊണ്ടും ഈ ചോദ്യം ഇല്ലാതാകുന്നില്ല. ഒരു software engineer-ന്റെ അറിവ് വ്യക്തിപരമായ കഴിവായിരിക്കാം; എന്നാൽ ആ അറിവ് ഉൽപ്പാദനശക്തിയായി മാറുന്നത് സർവകലാശാലകൾ, പൊതുവിദ്യാഭ്യാസം, computing infrastructure, servers, networks, open-source code തുടങ്ങിയ വിപുലമായ സാമൂഹിക ഘടനകളിലൂടെയാണ്. എന്നാൽ ആ കൂട്ടായ അറിവിൽനിന്ന് രൂപപ്പെടുന്ന platforms, patents, databases, infrastructure എന്നിവ സ്വകാര്യ capital-ന്റെ നിയന്ത്രണത്തിലാണ്. അതിനാൽ ഉൽപ്പാദനത്തിന്റെ രൂപത്തിൽ വ്യത്യാസമുണ്ടെങ്കിലും വർഗ്ഗപരമായ അടിസ്ഥാനചോദ്യം മാറുന്നില്ല: ഉൽപ്പാദനത്തിനാവശ്യമായ സാമൂഹിക ഉപാധികളെ ആരാണ് നിയന്ത്രിക്കുന്നത്?

വർഗ്ഗം എന്നത് തൊഴിൽപദവിയുടെയോ തൊഴിൽരൂപത്തിന്റെയോ പേരല്ല; ഉൽപ്പാദനബന്ധങ്ങളിലുള്ള സ്ഥാനമാണ്. അതുകൊണ്ട് പുതിയ തൊഴിൽരൂപങ്ങളുടെ വളർച്ച working class-നെ ഇല്ലാതാക്കുന്നില്ല; മറിച്ച് അതിന്റെ composition മാറ്റുന്നു. തൊഴിൽ എന്തെന്നതിനെക്കാൾ ആരാണ് ഉൽപ്പാദനോപാധികൾ സ്വന്തമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്, ആരാണ് അവയിൽനിന്ന് വേർപെട്ട് സ്വന്തം അധ്വാനശക്തി വിൽക്കേണ്ടിവരുന്നത് എന്നതാണ് വർഗ്ഗസ്ഥാനം നിർണ്ണയിക്കുന്ന അടിസ്ഥാന മാനദണ്ഡം.

ഇതുകൊണ്ടുതന്നെ ഐ ഫോൺ ഉദാഹരണം പുനഃപരിശോധിക്കണം. ഒരു iPhone ഉൽപ്പാദനത്തിൽ ഖനിത്തൊഴിലാളി, component worker, assembly worker, software engineer, designer, logistics worker, researcher തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മനുഷ്യരുടെ അധ്വാനം ഒന്നിക്കുന്നു. ഉൽപ്പാദനം തീർച്ചയായും സാമൂഹികവും ആഗോളവുമാണ്. എന്നാൽ ഈ സാമൂഹിക അധ്വാനത്തിന്റെ നിക്ഷേപ തീരുമാനങ്ങൾ, സാങ്കേതികവിദ്യ, intellectual property, production planning, logistics, branding, finance, surplus appropriation എന്നിവയുടെ നിയന്ത്രണം സാമൂഹികവൽക്കരിക്കപ്പെട്ടിട്ടില്ല. അതിനാൽ ഈ ഉദാഹരണം കാണിക്കുന്നത് socialised productionഉം private controlഉം തമ്മിലുള്ള വൈരുദ്ധ്യം ആഗോളമായി വ്യാപിച്ചിരിക്കുന്നു എന്നാണ്. ഈ വൈരുദ്ധ്യം പരിഹരിക്കാതെ “പുതിയ ലോകം” സൃഷ്ടിക്കാമെന്നത് രാഷ്ട്രീയമായി അപൂർണ്ണമായ വാദമാണ്.

ഇന്ന് വിപ്ലവത്തിന്റെ ലക്ഷ്യം പഴയ ഫാക്ടറിയെ മാത്രം പിടിച്ചെടുക്കുക എന്നതല്ല; സാമൂഹികമായി പരസ്പരം ബന്ധിക്കപ്പെട്ട ഉൽപ്പാദനശക്തികളുടെ മേൽ സാമൂഹിക ഉടമസ്ഥതയും ജനാധിപത്യ നിയന്ത്രണവും സ്ഥാപിക്കുകയാണ്. അതിനാൽ കീഴാളരുടെ സ്വയംസംഘടിത ശക്തിയും ബദൽ ജീവിതവും വളരുന്നതോടെ മൂലധനവും ഭരണകൂടവും സ്വയം അപ്രസക്തമാകുമെന്ന പ്രതീക്ഷ മാർക്സിസ്റ്റ് വിശകലനത്തിന് അംഗീകരിക്കാനാവില്ല. മറിച്ച്, കീഴാളരുടെ ബദൽ അധികാരശക്തി വളരുന്നതിനനുസരിച്ച് അതിനെ നിയന്ത്രിക്കാനും വിഭജിക്കാനും ചരക്കാക്കി മാറ്റാനും സ്ഥാപനവൽക്കരിക്കാനും അടിച്ചമർത്താനും മൂലധനവും ഭരണകൂടവും പുതിയ മാർഗങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കും. അതിനാൽ self-organisation ഒരു അന്തിമ ലക്ഷ്യമല്ല; ഒരു സാമൂഹിക ശക്തിയുടെ ആരംഭമാണ്.

ഇവിടെയാണ് “പഴയ ലോകത്തിന്റെ അധികാരം പിടിച്ചെടുക്കേണ്ടതില്ല; പുതിയ ലോകം സൃഷ്ടിച്ചാൽ മതി” എന്ന വാദത്തിന്റെ പ്രധാന പ്രശ്നം. പുതിയ ലോകം എവിടെയാണ് സൃഷ്ടിക്കപ്പെടുന്നത്? പഴയ ലോകത്തിന്റെ ഭൗതിക സാമൂഹികബന്ധങ്ങൾക്കുള്ളിൽ തന്നെയാണ്. ഭൂമിയുടെ ഉടമസ്ഥത പഴയ വർഗ്ഗത്തിന്റെ കൈകളിലാണെങ്കിൽ, ബാങ്കുകളും ധനകാര്യ സംവിധാനങ്ങളും, ഫാക്ടറികൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഊർജ്ജവ്യവസ്ഥകൾ, വിവരസാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ, പേറ്റന്റുകൾ, ഗതാഗത-വിതരണ ശൃംഖലകൾ എന്നിവ പഴയ ഉടമസ്ഥതാബന്ധങ്ങളിൽ തന്നെ തുടരുകയാണെങ്കിൽ, പുതിയ സാമൂഹികബന്ധങ്ങൾക്ക് സാമൂഹിക പുനരുത്പാദനത്തിന്റെ ഭൗതിക ഉപാധികളുടെ മേൽ പൂർണ്ണ നിയന്ത്രണം സ്ഥാപിക്കാനാവില്ല. അതുകൊണ്ട് “പുതിയ ലോകം സൃഷ്ടിക്കുക” എന്നതും “ഉൽപ്പാദനോപാധികളുടെ ഉടമസ്ഥത മാറ്റുക” എന്നതും പരസ്പരം വിരുദ്ധങ്ങളല്ല; രണ്ടാമത്തേതാണ് ഒന്നാമത്തേതിന്റെ ഭൗതിക അടിത്തറ.

ഭൂമി, വ്യവസായം, ധനം, സാങ്കേതികവിദ്യ, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ ഉൽപ്പാദനോപാധികളുടെ ഉടമസ്ഥതയും നിയന്ത്രണവും മൂലധനത്തിന്റെ കൈകളിൽ തുടരുന്നിടത്തോളം അടിസ്ഥാന വർഗ്ഗബന്ധം മാറുന്നില്ല.

അതുകൊണ്ട് “ഉൽപ്പാദനശക്തികളുടെ ക്രിയാത്മകവികാസം തന്നെ ഉൽപ്പാദനബന്ധങ്ങളെ മറികടക്കുന്നു” എന്ന വാദത്തെ ഒരു സ്വാഭാവിക ചരിത്രപ്രക്രിയയായി അംഗീകരിക്കാനാവില്ല. മുതലാളിത്ത ഉൽപ്പാദനബന്ധങ്ങളെ ചോദ്യം ചെയ്യുകയോ മാറ്റിമറിക്കുകയോ ചെയ്യാത്ത ബദൽ സാമൂഹിക-സാങ്കേതിക രൂപങ്ങൾ പോലും മൂലധനത്തിന് commodify ചെയ്യാനും appropriate ചെയ്യാനും കഴിയും. Open-source software പോലുള്ള commons-based സഹകരണ ഉൽപ്പാദനം മുതലാളിത്ത ഉടമസ്ഥതയിൽനിന്ന് വ്യത്യസ്തമായ ഒരു ഉൽപ്പാദനസാധ്യത തുറന്നുകാട്ടുന്നുണ്ടെങ്കിലും, അതിന്റെ വലിയൊരു ഭാഗം ഇതിനകം തന്നെ കോർപ്പറേറ്റ് മൂലധനസഞ്ചയത്തിന്റെ ഭാഗമായിട്ടുണ്ട്. മുതലാളിത്തം ഇത്തരം ബദൽ രൂപങ്ങളെ തന്നെ ഉൾക്കൊള്ളുകയും appropriate ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ, ആ ഉൽപ്പാദനബന്ധങ്ങളെ തന്നെ രാഷ്ട്രീയമായി മാറ്റിമറിക്കുകയാണ് നിർണായകം.

അതായത് ഭൂമി, വ്യവസായം, ധനം, സാങ്കേതികവിദ്യ, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ ഉൽപ്പാദനോപാധികളുടെ ഉടമസ്ഥതയും നിയന്ത്രണവും മൂലധനത്തിന്റെ കൈകളിൽ തുടരുന്നിടത്തോളം അടിസ്ഥാന വർഗ്ഗബന്ധം മാറുന്നില്ല. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ സാന്നിധ്യമോ spontaneous mobilisation-ഓ മാത്രം ഈ ഉൽപ്പാദനബന്ധങ്ങളെ മാറ്റിമറിക്കാൻ പര്യാപ്തമല്ല. അതിനാൽ ഉൽപ്പാദനബന്ധങ്ങളെ തന്നെ മാറ്റിമറിക്കുകയാണ് നിർണായകം; അതിന് സ്വയം പൊട്ടിപ്പുറപ്പെടുന്ന mobilisation മാത്രം പോരാ, വിവിധ അധ്വാനരൂപങ്ങളെയും സാമൂഹിക ശക്തികളെയും മൂലധനത്തോടുള്ള വർഗ്ഗബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്ന സംഘടനയും വ്യക്തമായ revolutionary programme-ഉം ആവശ്യമാണ്. Self-organisationയും spontaneityയും പ്രധാനപ്പെട്ട സമരശക്തികൾ സൃഷ്ടിച്ചേക്കാം; എന്നാൽ അവയെ ദീർഘകാല വർഗ്ഗസംഘടന, രാഷ്ട്രീയബോധം, collective strategy എന്നിവയായി വികസിപ്പിച്ചുകൊണ്ടാണ് collective power-നെ മുതലാളിത്ത ഉൽപ്പാദനബന്ധങ്ങളുടെ യഥാർത്ഥ പരിവർത്തനത്തിലേക്ക് നയിക്കാനാവുക.

ഉപസംഹാരം

ജനസഞ്ചയത്തെ ഒരു ഘട്ടത്തിൽ “പുതിയ വർഗ്ഗസമരശക്തിയുടെ സ്വയംപ്രകാശിതരൂപം” എന്ന് വിശേഷിപ്പിക്കുന്ന ബി. രാജീവൻ, പിന്നീട് അതേ പരികല്പനയെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തിലേക്കും, അതിനുമപ്പുറം “നൂറ്റാണ്ടുകൾക്കു മുമ്പ് രൂപപ്പെട്ട വിപ്ലവകരമായ ഒരു സ്പിനോസിസ്റ്റ് പരികല്പന”യിലേക്കും നീട്ടിവയ്ക്കുന്നതായി കാണാം. സ്വാതന്ത്ര്യസമരത്തെയും ദേശീയ പ്രസ്ഥാനത്തെയും വിശാലമായ ജനസഞ്ചയപ്രസ്ഥാനമായി വായിച്ചാലും, കൊളോണിയലിസത്തിന്റെ അവസാനത്തിനു ശേഷം ഇന്ത്യയിലെ ഉൽപ്പാദനബന്ധങ്ങളിൽ റാഡിക്കൽ മാറ്റം സംഭവിച്ചില്ല. തുടർന്നുണ്ടായ വിഭവങ്ങളുടെ കേന്ദ്രീകരണവും പിന്നീട് finance capital-ന്റെ കീഴിലേക്കുള്ള അധീനതയും, അതിനോടൊപ്പം വളർന്ന വലിയ തൊഴിലില്ലായ്മയും reserve army of labour-ന്റെ വ്യാപനവും ഇന്നത്തെ സാമൂഹിക പ്രതിസന്ധിയുടെ പ്രധാന ഭൗതിക പശ്ചാത്തലമാണ്. എല്ലാവരും ഏതെങ്കിലും രീതിയിൽ ഉൽപ്പാദനത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന അമൂർത്തമായ പൊതുവൽക്കരണം ഈ വൈരുദ്ധ്യങ്ങളെ മറച്ചുവയ്ക്കും.

ശ്രീലങ്കയിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം.
ശ്രീലങ്കയിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം.

ഉൽപ്പാദനബന്ധങ്ങൾ മാറ്റേണ്ട രാഷ്ട്രീയ ഉത്തരവാദിത്തത്തെ തന്നെ ഒഴിവാക്കുന്നിടത്തോളം, ഇത്തരം ആശയങ്ങളുടെ വക്താക്കൾക്ക് ഓരോ ഘട്ടത്തിലും ഉയർന്നുവരുന്ന ജനകീയ പ്രതിഷേധങ്ങളെ “Multitude” ആയി പ്രഖ്യാപിക്കുന്നതിനപ്പുറം മറ്റൊരു രാഷ്ട്രീയ ഉത്തരവാദിത്തവും അവശേഷിക്കുന്നില്ല. ഓരോ പ്രതിഷേധത്തെയും “Multitude” ആയി പ്രഖ്യാപിക്കുന്നത് അതിന്റെ material composition, വർഗ്ഗബന്ധങ്ങൾ, രാഷ്ട്രീയ ദിശ എന്നിവ പരിശോധിക്കുന്നതിനു പകരം അതിന്റെ പ്രത്യക്ഷരൂപത്തിൽ തന്നെ കുടുങ്ങാൻ ഇടയാക്കുന്നു. അങ്ങനെ സംഘടന, രാഷ്ട്രീയ programme, ഉൽപ്പാദനബന്ധങ്ങളുടെ പരിവർത്തനം തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങൾ ഒഴിവാക്കപ്പെടുന്നു.

വിശാലമായ ജനകീയ/ജനസഞ്ചയ സമരങ്ങൾ പലപ്പോഴും സാമൂഹിക-സാമ്പത്തിക അസംതൃപ്തിയുടെയും frustration-ന്റെയും പൊട്ടിത്തെറിയായാണ് സംഭവിക്കുന്നത്; എന്നാൽ ആ ശക്തി സ്വതവേ വിപ്ലവകരമായ ദിശ സ്വീകരിക്കണമെന്നില്ല. അറബ് വിപ്ലവങ്ങളുടെ അനുഭവം ഇതിന് പ്രധാന ഉദാഹരണമാണ്. ഈജിപ്തിൽ 2011-ലെ ജനകീയ പ്രക്ഷോഭം Mubarak ഭരണത്തെ പ്രതിസന്ധിയിലാക്കിയെങ്കിലും, സൈന്യം, ഭരണസംവിധാനം, സാമ്പത്തിക അധികാരഘടനകൾ തുടങ്ങിയ പഴയ institutional ശക്തികൾ നിലനിന്നു; പിന്നീട് അവ തന്നെ counter-revolution-ന്റെ കേന്ദ്രമായി തിരിച്ചുവന്നു. Occupy പോലുള്ള പ്രസ്ഥാനങ്ങളും horizontal mobilisation-ന്റെ വലിയ സാധ്യത കാണിച്ചെങ്കിലും, ആ ശക്തിയെ ദീർഘകാല സംഘടിതമായ transformative power ആക്കി മാറ്റുന്നതിലെ പ്രശ്നങ്ങൾ മുന്നോട്ടുവന്നു. Pierpaolo Mudu ഉൾപ്പെട്ട alter-globalisation പഠനങ്ങളും grassroots networks-ന്റെ ശക്തിക്കൊപ്പം അവയ്ക്കിടയിലെ രാഷ്ട്രീയ വ്യത്യാസങ്ങളും coordination-ന്റെ പരിമിതികളും ചൂണ്ടിക്കാണിക്കുന്നു.

ശ്രീലങ്കയിലെ അനുഭവം ഈ വ്യത്യാസം കൂടുതൽ വ്യക്തമായി കാണിച്ചുതരുന്നു. ‘Aragalaya’ പഴയ രാഷ്ട്രീയ അധികാരക്രമത്തിൽ വലിയൊരു പ്രതിസന്ധി സൃഷ്ടിച്ചു; തുടർന്ന് NPP/JVP 2024-ൽ പ്രസിഡൻഷ്യൽ അധികാരവും 225-ൽ 159 സീറ്റുള്ള പാർലമെന്ററി ഭൂരിപക്ഷവും നേടി. സ്വേച്ഛാധിപത്യസ്വഭാവമുള്ള ഗവൺമെന്റ് മാറി NPP/JVP പോലെയുള്ള ശക്തി അധികാരത്തിൽ വന്നത് നിർണായകം തന്നെയാണ്. എന്നാൽ പാർലമെന്ററി അധികാരം നേടുന്നത് മുതലാളിത്തബന്ധങ്ങളെ സ്വതവേ മാറ്റുന്നില്ല എന്ന പ്രശ്നം നിലനിൽക്കുന്നു. ഇവിടെയാണ് ലെനിൻ വീണ്ടും പ്രസക്തനാകുന്നത്: ലെനിൻ പാർലമെന്ററി പങ്കാളിത്തത്തെ നിരാകരിച്ചില്ല; മറിച്ച് ബൂർഷ്വാ പാർലമെന്റിനെ വർഗ്ഗസമരത്തിന്റെ ഒരു വേദിയായി ഉപയോഗിക്കണമെന്ന് വാദിച്ചു. എന്നാൽ universal suffrage-ഉം തെരഞ്ഞെടുപ്പ് വിജയവും ചൂഷണത്തിന്റെ അടിസ്ഥാനപ്രശ്നങ്ങൾക്ക് സ്വതന്ത്രമായ പരിഹാരം നൽകുന്നില്ലെന്നും, അവയുടെ യഥാർത്ഥ പരിഹാരം “class struggle in all its forms” വഴിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

‘കോഡ് പിങ്ക്’ ആക്റ്റിവിസ്റ്റുകൾ 2006 ജൂലൈ നാലിന് വൈറ്റ് ഹൗസിനുമുന്നിൽ നടത്തിയ പ്രകടനം.
‘കോഡ് പിങ്ക്’ ആക്റ്റിവിസ്റ്റുകൾ 2006 ജൂലൈ നാലിന് വൈറ്റ് ഹൗസിനുമുന്നിൽ നടത്തിയ പ്രകടനം.

അതുകൊണ്ടുതന്നെ ശ്രീലങ്കയിൽ NPP-യുടെ വൻ പാർലമെന്ററി വിജയത്തെ ‘Aragalaya’- യുടെ ജനസഞ്ചയത്തിന്റെ അന്തിമ വിജയമായി വായിക്കുന്നത് തെറ്റാണ്. 2025-ലും NPP സർക്കാർ ഐ.എം.എഫ് ​​പ്രോഗ്രാമിന്റെ അടിസ്ഥാന ലക്ഷ്യങ്ങളോടൊപ്പം മുന്നോട്ട് പോകുമെന്ന് പുനഃസ്ഥിരീകരിക്കുകയും, 2026-ലും ഐ.എം.എഫ് ​​പ്രോഗ്രാം തുടരുകയും ചെയ്യുന്നു. ഇത് NPP പരാജയപ്പെട്ടു എന്നതിന്റെ തെളിവല്ല; മറിച്ച് ഭരണാധികാരം കൈവശപ്പെടുത്തുന്നതും മൂലധനത്തിന്റെ ഭൗതിക പുനരുത്പാദനബന്ധങ്ങളെ മാറ്റിമറിക്കുന്നതും രണ്ട് വ്യത്യസ്ത രാഷ്ട്രീയ പ്രശ്നങ്ങളാണ് എന്നതിന്റെ തെളിവാണ്. അതിനാൽ ‘Aragalaya → NPP → parliamentary power’ എന്ന പരമ്പര തന്നെ “ജനസഞ്ചയം സ്വയം ഒരു പുതിയ രാഷ്ട്രീയ subject ആയി മാറുന്നു” എന്നതിനുപകരം, ജനകീയ rupture-നെ സംഘടിത രാഷ്ട്രീയം എങ്ങനെ ചാനൽ ചെയ്യുന്നു, അതിനുശേഷം ആ അധികാരത്തെ ഭൗതിക പരിവർത്തനത്തിലേക്ക് എങ്ങനെ കൊണ്ടുപോകണം എന്ന ചോദ്യമാണ് മുന്നോട്ടുവയ്ക്കുന്നത്.

ലാറ്റിനമേരിക്കയിലെ അനുഭവം ഇതിലും സങ്കീർണ്ണമാണ്. ജനകീയ പ്രക്ഷോഭങ്ങളും നിയോ- ലിബറൽ വിരുദ്ധ പോരാട്ടങ്ങളും പല രാജ്യങ്ങളിലും ‘Pink Tide’ എന്നറിയപ്പെട്ട ഇടതുപക്ഷ സർക്കാരുകളുടെ ഉയർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും, സർക്കാർ അധികാരം നേടിയത് മാത്രം മുതലാളിത്ത ഉൽപ്പാദനബന്ധങ്ങളുടെ അടിസ്ഥാനപരമായ പരിവർത്തനമായി മാറിയില്ല. തുടർന്നുള്ള ഘട്ടങ്ങളിൽ പല രാജ്യങ്ങളിലും വലതുപക്ഷ ശക്തികൾ വീണ്ടും ഉയർന്നുവരുകയും ഭരണത്തിൽ എത്തുകയും ചെയ്തു. ലാറ്റിനമേരിക്കൻ അനുഭവങ്ങളും കാണിക്കുന്നത് ജനസഞ്ചയങ്ങൾ സംഘടിതമായ വർഗ്ഗശക്തിയായി സ്വയം മാറുന്നില്ലെന്നും, അതിന് പിന്നിൽ ദീർഘകാല സംഘടനയും രാഷ്ട്രീയ പരിപാടികളുമില്ലെങ്കിൽ oligarchic forces-നെ നേരിടാനുള്ള ഇടതുപക്ഷത്തിന്റെ ശേഷി ദുർബലമാകുമെന്നാണ്. എന്നാൽ ഈ ഉയർച്ചകളെയും തിരിച്ചടികളെയും ആഭ്യന്തര വർഗ്ഗബന്ധങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ വിശദീകരിക്കാനാവില്ല. നെഗ്രിയുമായി ബന്ധപ്പെട്ട വായനകളിൽ പലപ്പോഴും അപ്രസക്തമാക്കപ്പെടുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉപരോധങ്ങൾ, അട്ടിമറികൾ, നയതന്ത്ര സമ്മർദ്ദങ്ങൾ, സാമ്പത്തിക ഇടപെടലുകൾ, ഭൗമരാഷ്ട്രീയ ഇടപെടലുകൾ എന്നിവയും നിർണായക പങ്കുവഹിച്ചു. അതിനാൽ ജനകീയ mobilisation-ന്റെ ശക്തിയും അതിന്റെ രാഷ്ട്രീയ ദിശയും ഒരേ കാര്യമല്ല. കാപ്പിറ്റലിനെതിരായി ഉയരുന്ന സാമൂഹിക ശക്തികളെ കാപ്പിറ്റൽ അടിച്ചമർത്തുക മാത്രമല്ല, commodify ചെയ്യാനും appropriate ചെയ്യാനും institutionalise ചെയ്യാനും രാഷ്ട്രീയമായി തിരിച്ചുവിടാനും കഴിയും.

ഒടുവിൽ പ്രശ്നം ജനകീയ മൊബിലൈസേഷൻ ഉണ്ടാകുന്നുണ്ടോ എന്നതല്ല; അത് ഏത് material relations-നെ മാറ്റുന്നു എന്നതാണ്. ഉൽപ്പാദനോപാധികളുടെ ഉടമസ്ഥതയും നിയന്ത്രണവും, തൊഴിൽബന്ധങ്ങളും surplus appropriation-ഉം മാറാതെ മുതലാളിത്തത്തിന്റെ ഭൗതിക പുനരുത്പാദനം തകർക്കാനാവില്ല. അതിനാൽ സംഘടനയും രാഷ്ട്രീയ പരിപാടിയും വർഗ്ഗസമരവും അനിവാര്യമാണ്. ഉയർന്നുവരുന്ന ഓരോ പ്രതിഷേധത്തെയും “Multitude” എന്ന് തിരിച്ചറിഞ്ഞ് അതിൽ രാഷ്ട്രീയ ആത്മഹർഷം കൊള്ളുന്നതിനു പകരം, ആ ശക്തിയെ എങ്ങനെ സംഘടിതമായ counter-hegemonic വർഗ്ഗശക്തിയാക്കി മാറ്റാം, ഉൽപ്പാദനബന്ധങ്ങളെ എങ്ങനെ പരിവർത്തനം ചെയ്യാം എന്നതാണ് യഥാർത്ഥ രാഷ്ട്രീയ ചോദ്യം. ജനസഞ്ചയത്തിന്റെ സ്വയംസംഘടന ഒരു സാധ്യതയാണ്; അത് സ്വതവേ വിപ്ലവകരമായ പരിവർത്തനത്തിന്റെ പകരമാവില്ല.


Summary: A continuing debate on multitude politics in the context of the CJP protest at Jantar Mantar. Naveen Prasad Alex responds to B. Rajeevan’s analysis published in Truecopy Webzine Packet 296.


നവീൻ പ്രസാദ് അലക്സ്

ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ബയോളജിയിൽ IMPRS ഫെലോ. ഇക്കോളജി, എവല്യൂഷണറി ബയോളജി എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്നു.

Comments