പി.ഡി.പിയെ പാഠം പഠിപ്പിച്ചും ജമാഅത്ത് ഇസ്‌ലാമിയെ തോൽപ്പിച്ചും ജയിച്ചുകയറിയ കാശ്മീർ ജനത

കശ്മീരിൽ പി.ഡി.പിയുടെ പതനമാണ് ഈ തെരഞ്ഞെടുപ്പിലെ ഏറെ കൗതുകകരമായ കാര്യം. കഴിഞ്ഞ തവണ ബി.ജെ.പിക്കൊപ്പം പോയ പി.ഡി.പിയെ ഇത്തവണ ജനം പാഠം പഠിപ്പിക്കുകയാണ് ചെയ്തത്. ജമാത്തെ ഇസ്ലാമിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രർക്കും മത്സരിച്ച മണ്ഡലങ്ങളിലെല്ലാം കാലിടറി.

Election Desk

ത്തു വർഷത്തിനുശേഷം ആദ്യമായി വോട്ടിങ്ങിലൂടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ ജമ്മുകശ്മീരിൽ ശക്തമായ മത്സരം കാഴ്ചവെച്ച് ഇന്ത്യാ സഖ്യം മുന്നേറിയപ്പോൾ തകർന്നടിഞ്ഞത് പി.ഡി.പിയും ജമാഅത്തെ ഇസ്ലാമിയുടെ (Jamaat-e-Islami) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളും. നാഷനൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യം അപ്രതീക്ഷിത കുതിപ്പ് നടത്തിയപ്പോൾ അവസാന തെരഞ്ഞെടുപ്പ് നടന്ന 2014-ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി സർക്കാരിനെ നയിച്ച പി.ഡി.പിക്ക് ശക്തികേന്ദ്രങ്ങളിൽ പോലും കാലിടറി. ഏറെ കൊട്ടിഘോഷിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ നിരോധിത സംഘടനയായ ജമ്മു കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ 'സ്വതന്ത്ര' സ്ഥാനാർഥികൾക്ക് ഒരിടത്ത് പോലും മുന്നേറ്റം നടത്താനായതുമില്ല.

നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം, ബി.ജെ.പി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (PDP), അപ്നി പാർട്ടി (DPAP), ജമാഅത്തെ ഇസ്ലാമിയുടെ (Jamaat-e-Islami) പിന്തുണയുള്ള സ്വതന്ത്രർ എന്നിവരായിരുന്നു പ്രധാനമായും ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. അതിൽ നാഷണൽ കോൺഫറൻസിൻെറ കൈപിടിച്ച് ഇന്ത്യ സഖ്യം വ്യക്തമായ ലീഡാണ് കശ്മീരിൽ നേടിയത്. നാഷണൽ കോൺഫറൻസ് 41 സീറ്റിൽ ലീഡ് നേടിയപ്പോൾ, ഇത്തവണ കൂടുതൽ സീറ്റ് നേടുമെന്ന അവകാശവാദുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ജമ്മു മേഖലയിൽ മാത്രമായി ഒതുങ്ങി, 29 സീറ്റിലാണ് ബി.ജെ.പി മുന്നിലുള്ളത്. കോൺഗ്രസ് ആറ് സീറ്റിലും പി.ഡി.പി നാല് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), സിപിഎം, പീപ്പിൾസ് കോൺഫറൻസ്, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) എന്നിവർ ഓരോ സീറ്റിലും മുന്നിലാണ്.

കശ്മീരിൽ പി.ഡി.പിയുടെ പതനമാണ് ഈ തെരഞ്ഞെടുപ്പിലെ ഏറെ കൗതുകകരമായ കാര്യം. കഴിഞ്ഞ തവണ ബി.ജെ.പിക്കൊപ്പം പോയ പി.ഡി.പിയെ ഇത്തവണം ജനം പാഠം പഠിപ്പിക്കുന്ന കാഴ്ചയാണ് കാണാനായത്. ഒരിക്കൽ സംസ്ഥാനം ഭരിച്ച പാർട്ടിക്ക് നാല് സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യാൻ കഴിയുന്നത്. പി.ഡി.പിയുടെ അടിത്തറ ഇളക്കികൊണ്ടാണ് ജനം ഇത്തവണ ഇന്ത്യാ സഖ്യത്തെ അധികാരമേൽപ്പിക്കുന്നത്. പി.ഡി.പി ശക്തി കേന്ദ്രങ്ങളിലെല്ലാം ഇന്ത്യ സഖ്യ സ്ഥാനാർത്ഥികളുടെ തേരോട്ടമാണ്.

1990-കൾ മുതൽ മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ബിജ്ബെഹറ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകളും പി.ഡി.പി സ്ഥാനാർഥിയുമായ ഇൽതിജ മുഫ്തി നാഷണൽ കോൺഫറൻസ് സ്ഥാനാർഥി ബഷീർ അഹമ്മദ് ഷാ വീരിയോട് കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. 1996-ൽ മെഹ്ബൂബ മുഫ്തി ഇവിടെ നിന്ന് വിജയിച്ചിരുന്നു. മെഹ്ബൂബ മുഫ്തിയുടെ പിതാവും മുൻ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദ് സ്ഥാപിച്ച പി.ഡി.പി 1999 മുതൽ ഇവിടെ നിന്ന് വിജയിച്ചുവരികയായിരുന്നു. ആ ചരിത്രമാണ് ഇന്ത്യ സഖ്യത്തിന് മുന്നിൽ വഴി മാറിയത്. നാല് സീറ്റിൽ മാത്രമാണ് പിഡിപി ഇപ്പോൾ ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യം ആവശ്യപ്പെട്ടാൽ മാത്രം സർക്കാറിന് പിന്തുണ നൽകാം എന്നല്ലാതെ, മറ്റ് വഴികളില്ലാതെ പി.ഡി.പി ജമ്മു കാശ്മീരിൽ അപ്രസക്തമാവുകയാണ്.

ജമാത്തെ ഇസ്ലാമിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രർക്ക് മത്സരിച്ച മണ്ഡലങ്ങളിലെല്ലാം കാലിടറിയതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കിറങ്ങിയ ജമാഅത്തെ ഇസ്ലാമി, നിരോധനം മൂലം മത്സരിക്കാനാകാത്തതിനാൽ സ്വതന്ത്രവേഷത്തിലായിരുന്നു ഇത്തവണ സ്ഥാനാർഥികളെ രംഗത്തിറക്കിയത്. ജമാഅത്തിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സയർ അഹമ്മദ് റെഷി കുൽഗാമിൽ സിപിഎമ്മിന്റെ യൂസഫ് തരിഗാമിയോട് വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. സർവ സന്നാഹവുമൊരുക്കിയാണ്, ഒരിക്കൽ തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന കുൽഗാമിൽ തരിഗാമിയെ നേരിട്ടത്. കാശ്മീരിന്റെ ചുവന്ന മണ്ണിൽ 'കമ്യൂണിസ്റ്റും ഇസ്ലാമിസ്റ്റും നേർക്കുനേർ' എന്നാണ് ഈ മത്സരത്തെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലും തരിഗാമിയെ ജയിപ്പിച്ചു വിട്ട കുൽഗാമിലെ ജനത ഇത്തവണയും ചെങ്കൊടി വിട്ടില്ല. ബന്ദീപ്പൂരിൽ ഇന്ത്യ സഖ്യ സ്ഥാനാർത്ഥി നിസാം ഉദിൻ ഭട്ടിനോടാണ് ജമാഅത്ത് സ്വതന്ത്രൻ ഉസ്മാൻ അബ്ദുൽ മജീദ് പരാജയപ്പെട്ടത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇന്ത്യ സഖ്യത്തിന് ഈ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വെല്ലുവിളിയാകുമെന്ന നിരീക്ഷണത്തെയെല്ലാം അസ്ഥാനത്താക്കിയാണ് ജമാഅത്ത് സ്വതന്ത്രരുടെ തോല്‍വി വോട്ടര്‍മാര്‍ ഉറപ്പു വരുത്തിയത്.

ജമാഅത്തെ ഇസ്‌ലാമിക്ക് ശക്തമായ വേരുള്ള മണ്ഡലമായിരുന്നു കുൽഗാം. 1972-ൽ സംഘടന ആദ്യമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങിയ സമയത്ത്, ദക്ഷിണ കാശ്മീരിൽ കുൽഗാം അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ജയിക്കാനായത്. തീവ്രവാദി നേതാവ് അബ്ദുൽ റസാഖ് മിർ അടക്കമുള്ളവരാണ് അന്ന് നിയമസഭയിലെത്തിയത്. ജമ്മു കാശ്മീരിലെ ആദ്യത്തെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1977-ലെ ഇലക്ഷനിലും ജമാഅത്തെ ഇസ്‌ലാമി മത്സരിച്ചു, രണ്ടു സീറ്റിൽ ജയിച്ചു. ബി.ജെ.പിയുടെ മുൻഗാമിയായിരുന്ന ഭാരതീയ ജനസംഘവുമായി ചേർന്നാണ് രണ്ടു തവണയും ജമാഅത്തെ ഇസ്‌ലാമി മത്സരിച്ചത്. 1983-ൽ മത്സരിച്ച 26 സീറ്റിലും തോറ്റു. 1987-ൽ സംഘർഷഭരിതമായ അന്തരീഷത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി വിഭാഗമായ ജമാഅത്തെ തുൽബ മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ട് (MUF) എന്ന കൂട്ടായ്മയുടെ ഭാഗമായി മത്സരിച്ചു. കുൽഗാം അടക്കം നാലിടത്ത് കൂട്ടായ്മക്ക് ജയിക്കാനായിരുന്നു.

എന്നാൽ ജമാഅത്തിന്റെ 'സ്വതന്ത്ര' സ്ഥാനാർഥികൾക്ക് പിന്തുണ നൽകുന്നത് ബി.ജെ.പിയാണ് എന്ന് കോൺഗ്രസും നാഷനൽ കോൺഫറൻസും പി.ഡി.പിയും നേരത്തെ ആരോപിച്ചിരുന്നു. ഇതിനായി കേന്ദ്രസർക്കാറും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ നടന്ന രഹസ്യനീക്കങ്ങൾ പുറത്തുവന്നിരുന്നു. പുൽവാമ ഭീകരാക്രമണത്തെ തുടർന്നായിരുന്നു 2019 ഫെബ്രുവരിയിൽ ജമാഅത്തെ ഇസ്ലാമിയെ യു.എ.പി.എ ചുമത്തി നിരോധിച്ചത്. ജമ്മു കാശ്മീരിലെ ഭീകരസംഘടനകൾക്ക് കാശ്മീർ ജമാഅത്തെ ഇസ്ലാമി ആശയപരമായ പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.

അവസാന തെരഞ്ഞെടുപ്പ് നടന്ന 2014ൽ അഞ്ചു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. അന്ന് മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (ജെകെ പിഡിപി) 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപിക്ക് 25 സീറ്റും നാഷനൽ കോൺഫറൻസിന് 15 സീറ്റും ലഭിച്ചപ്പോൾ കോൺഗ്രസ് 12 സീറ്റിലൊതുങ്ങുകയായിരുന്നു. ആർക്കും കേവല ഭൂരിപക്ഷമില്ലാതെ വന്നപ്പോഴായിരുന്നു പി.ഡി.പിയുമായി ചേർന്ന് ബി.ജെ.പി സർക്കാർ രൂപീകരിച്ചത്. ആദ്യം മുഹമ്മദ് സയീദും അദ്ദേഹത്തിന്റെ കാലശേഷം മകൾ മെഹ്ബൂബ മുഫ്തിയും മുഖ്യമന്ത്രി പദം അലങ്കരിച്ചെങ്കിലും ഒരിക്കലും ചേർന്ന് പോകാത്ത രണ്ട് പാർട്ടികൾ ചേർന്നുണ്ടാക്കിയ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് അധികകാലം മുന്നോട്ട് പോകാനായില്ല. അങ്ങനെ 2018-ൽ ബി.ജെ.പി പിന്തുണ പിൻവലിച്ചതോടെ സർക്കാർ വീഴുകയും ഗവർണറുടെ കീഴിലേക്ക് അധികാരം വഴിമാറുകയും ചെയ്തു. പിന്നീട് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തു കളയുകയും മുൻ മുഖ്യമന്ത്രിമാരുൾപ്പടെ നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പത്ത് വർഷത്തിന് ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പ് വരുമ്പോൾ കശ്മീരിൻെറ ചരിത്രത്തിൽ അതൊരു നിർണായക വഴിത്തിരാവായി മാറുകയാണ്.

Read Also

Comments