ചാഞ്ചാട്ട വോട്ടുകളുടെ ഇടുക്കി,
കാർഷിക മേഖലയുടെ വോട്ട്

​തോട്ടം മേഖല, കാർഷിക പ്രശ്നങ്ങൾ, കേരള കോൺഗ്രസിനോടുള്ള വോട്ട്ചാഞ്ചാട്ടങ്ങൾ, ബി.ജെ.പിയുടെ വോട്ട് ഷെയർ- ഇടുക്കി ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലെ സാധ്യതകൾ പരിശോധിക്കുന്നു.ഡോ. കുട്ടികൃഷ്ണൻ എ.പി. എഴുതുന്ന ഇലക്ഷൻ പരമ്പര തുടരുന്നു.

കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഡിവിഷനിൽ ഉൾപ്പെട്ടിരുന്ന പീരുമേട്, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളും എറണാകുളം ജില്ലയിലെ തൊടുപുഴ താലൂക്കും ഉൾപ്പെടുത്തി 1972 ജനുവരി 26 നാണ് ഇടുക്കി ജില്ല രൂപീകരിച്ചത്. 2011- ലെ സെൻസസ് പ്രകാരം ജില്ലയിൽ 11.09 ലക്ഷം ജനങ്ങളാണുള്ളത്. 49 ശതമാനത്തോളം ഹിന്ദുക്കളും 43.40 ശതമാനം ക്രിസ്ത്യാനികളും 7 .40 ശതമാനം മുസ്ലിംകളുമാണ്.

ദേവികുളം (SC സംവരണം) ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ അഞ്ചു നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. തീവ്ര വോട്ടർപട്ടിക പരിഷ്കാരത്തിലൂടെ 2026 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം 7,99,254 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഒരു മുന്നണിക്കും വ്യക്തമായ ആധിപത്യമില്ലാത്ത ജില്ലയാണ് ഇടുക്കി.

READ: വയനാട്:
UDF ​പ്രതീക്ഷയും
LDF-ന്റെ ‘പുനരധിവാസ’
സ്വപ്നവും

പത്തനംതിട്ട ജില്ലയിലെ ജയവും തോൽവിയും
ആര് തീരുമാനിക്കും?

രാഷ്ട്രീയ അടിയൊഴുക്കുണ്ടോ, കാസർകോട് ജില്ലയിൽ?

1. ദേവികുളം:
എൽ.ഡി.എഫ്
പ്രതീക്ഷ

  • മുൻ എം എൽ എ എസ്. രാജേന്ദ്രൻ സി പി എമ്മിൽ നിന്ന് ബി ജെ പിയിലേക്ക് പോയത് ഇടതുവോട്ടുകളിൽ വിള്ളലുണ്ടാക്കാൻ സഹായകരമായിരിക്കുമെന്നാണ് ബി ജെ പിയും യു.ഡി.എഫും കരുതുന്നത്.

ദേവികുളം 2011 മുതൽ SC സംവരണ മണ്ഡലമാണ്. ദേവികുളം, അടിമാലി, ഇടമലക്കുടി, കാന്തല്ലൂർ, മാങ്കുളം, മറയൂർ, മൂന്നാർ, പള്ളിവാസൽ, വട്ടവട, വെള്ളത്തൂവൽ, ബൈസൺവാലി, ചിന്നക്കനാൽ ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ. തോട്ടം തൊഴിലാളികൾക്കും സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ എൻ ടി യു സി തുടങ്ങിയ തൊഴിലാളി യൂണിയനുകൾക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാണ് അൽപം മുൻ‌തൂക്കം.

1957- ൽ നിലവിൽ വന്ന മണ്ഡലത്തിലെ ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിൽ ദേവികുളം ദ്വയാംഗ മണ്ഡലമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അക്കമ്മ ചെറിയാന്റെ സഹോദരിയും കമ്മ്യൂണിസ്റ്റു പാർട്ടി അംഗവുമായ റോസമ്മ പുന്നൂസാണ് ദേവികുളത്ത് നിന്നുള്ള ആദ്യ ജനപ്രതിനിധി. എന്നാൽ 1957- ലെ തിരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസിന്റെ എതിർ സ്ഥാനാർഥിയായ ബി. കെ. നായരുടെ പത്രിക തിരഞ്ഞെടുപ്പ് വരണാധികാരി അന്യായമായി തള്ളിയെന്നാരോപിച്ച് അദ്ദേഹം കോടതിയെ സമീപിച്ചതിനാൽ ജനവിധി കോടതി അസാധുവായി പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഇലക്‌ഷൻ കമ്മീഷൻ തീരുമാനിക്കുകയും അത് നിയമസഭയിലേക്കുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാകുകയും ചെയ്തു. 1958- ലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 1957- ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഭൂരിപക്ഷം കുറഞ്ഞെങ്കിലും റോസമ്മ പുന്നൂസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെയും സി പി എമ്മിലെയും സ്‌ഥാനാർത്ഥികൾ വിജയിച്ചു. എന്നാൽ, 2006- നു ശേഷം ദേവികുളത്ത് സി പി എമ്മാണ് തുടർച്ചയായി വിജയിക്കുന്നത്.

2021-ൽ ആകെയുള്ള 1,69,400 വോട്ടർമാരിൽ പോൾ ചെയ്തത് 1,15,774 വോട്ടാണ്. യു ഡി എഫിലെ ഡി. കുമാറിനെതിരെ എൽ ഡി എഫിലെ എ. രാജ 7848 വോട്ടിനാണ് വിജയിച്ചത്.

2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ദേവികുളം, ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട, ബൈസെൻവാലി, ചിന്നക്കനാൽ ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിയും അടിമാലി, മാങ്കുളം, മറയൂർ, മൂന്നാർ, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ ഐക്യ മുന്നണിയുമാണ് ഭൂരിപക്ഷം നേടിയത്. പള്ളിവാസൽ പഞ്ചായത്തിൽ ഇരു മുന്നണികൾക്കും തുല്യ സീറ്റാണ് ലഭിച്ചത്. പ്രസ്തുത തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ലഭിച്ച വോട്ട് കണക്കു പ്രകാരം ഇടതുമുന്നണിയേക്കാൾ പതിനായിരത്തിലേറെ വോട്ടാണ് ഐക്യ മുന്നണിക്ക് അധികം ലഭിച്ചത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  ദേവികുളത്ത് നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ദേവികുളത്ത് നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് 2006 മുതൽ 42 മുതൽ 51 ശതമാനം വരെ വോട്ടു ലഭിക്കുമ്പോൾ ഐക്യമുന്നണിക്ക് ലഭിച്ചത് 37- 45 ശതമാനം വരെയാണ്. ബി ജെ പിക്കാവട്ടെ പരമാവധി ലഭിച്ചത് 8.2 ശതമാനം. ഈ കണക്കുകളും സമകാലിക സാഹചര്യങ്ങളും വെച്ച് ഇടതുമുന്നണിക്കാണ് അൽപം മുൻതൂക്കം. എന്നാൽ, മുൻ എം എൽ എ എസ്. രാജേന്ദ്രൻ സി പി എമ്മിൽ നിന്ന് ബി ജെ പിയിലേക്ക് പോയത് ഇടതുവോട്ടുകളിൽ വിള്ളലുണ്ടാക്കാൻ സഹായകരമായിരിക്കുമെന്നാണ് ബി ജെ പിയും യു.ഡി.എഫും കരുതുന്നത്. ഇത്തരത്തിൽ മൂന്നു ശതമാനമെങ്കിലും വോട്ട് ഇടതുമുന്നണിക്ക് പ്രതികൂലമായാൽ മാത്രമേ ദേവികുളം ഇടതുമുന്നണിക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ളൂ.

2.ഉടുമ്പൻചോല:
തൊഴിലാളി പ്രശ്നങ്ങൾ

  • ഇടതുമുന്നണിയുടെ ജനപിന്തുണ 2001 മുതൽ മണ്ഡലത്തിൽ വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താൽ മുൻ തിരഞ്ഞെടുപ്പുകൾക്ക് സമാനമായ ജനവിധി പ്രതീക്ഷിക്കാം.

1965-ൽ പ്രാബല്യത്തിൽ വന്ന ഹൈറേഞ്ച് മേഖലയിലെ ഉടുമ്പൻചോല മണ്ഡലം ഏലം, കാപ്പി, തേയില തുടങ്ങിയ മേഖലകളിൽ പണിയെടുക്കുന്ന തോട്ടം തൊഴിലാളികൾക്കും കർഷകർക്കും തമിഴ് വംശജരായ തൊഴിലാളികൾക്കും നിർണായക സ്വാധീനമുള്ള മണ്ഡലമാണ്. വനഭൂമി കൈയേറ്റം, പട്ടയം, കർഷകരുടെ പ്രശ്നങ്ങൾ, തോട്ടം തൊഴിലാളികളുടെ കൂലി, വന്യജീവി ആക്രമണം തുടങ്ങിയവയാണ് സജീവമായ പ്രാദേശിക ചർച്ചാവിഷയങ്ങൾ.

1967- ലെ ആദ്യ തിരഞ്ഞെടുപ്പിൽ സപ്തകക്ഷിയുടെ ഭാഗമായി സി പി ഐ സ്ഥാനാർത്ഥി കെ. ടി. ജേക്കബാണ് വിജയിച്ചത്. 1967-ലെ ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭ തകർന്നപ്പോൾ സി. അച്യുതമേനോന്റെ നേതൃത്വത്തിൽ രൂപീകരിച്ച 1969- ലെ മന്ത്രിസഭയിൽ കെ. ടി. ജേക്കബായിരുന്നു റവന്യു വകുപ്പ് മന്ത്രി. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ കൂടുതൽ തവണ വിജയിച്ചത് കേരള കോൺഗ്രസും കോൺഗ്രസുമായിരുന്നു. എന്നാൽ 2001- നുശേഷം സി പി എമ്മിന് ശക്തമായ ആധിപത്യം മണ്ഡലത്തിൽ ഉറപ്പിക്കാൻ കഴിഞ്ഞുട്ടുണ്ട്. 2001-നുശേഷം നടന്ന അഞ്ചു തിരഞ്ഞെടുപ്പുകളിൽ മൂന്നു തവണ കെ. കെ. ജിനചന്ദ്രനും രണ്ടുതവണ എം. എം. മണിയുമാണ് സി പി എം ടിക്കറ്റിൽ ഉടുമ്പൻചോലയിൽ വിജയിച്ചത്. 2021- ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 1,67,459 വോട്ടർമാരിൽ 1,26,108 പേരാണ് വോട്ടു ചെയ്തത്. എൽ ഡി എഫിലെ എം. എം. മണി കോൺഗ്രസിലെ ഇ. എം. അഗസ്തിയെ 38,305 വോട്ടിന്റെ വ്യത്യാസത്തിലാണ് 2021- ൽ പരാജയപ്പെടുത്തിയത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  ഉടുമ്പൻചോലയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഉടുമ്പൻചോലയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

ശരാശരി 12 ശതമാനത്തോളം വോട്ട് ഇടതുമുന്നണിക്ക് യു.ഡി.എഫിനേക്കാൾ കൂടുതൽ ലഭിച്ചിട്ടുണ്ടെന്ന് 2001 മുതൽ മണ്ഡലത്തിലെ വോട്ടുവിഹിതം പരിശോധിച്ചാൽ വ്യക്തമാകുന്നു. 2016- ലെ തിരഞ്ഞെടുപ്പിൽ മാത്രമാണ് ഇരു മുന്നണികളും തമ്മിലുള്ള വ്യത്യാസം ഒരു ശതമാനം വോട്ടായി കുറഞ്ഞത്. പ്രസ്തുത തിരഞ്ഞെടുപ്പിൽ എൻ.ഡി.എയിലെ ബി ഡി ജെ എസ് സ്ഥാനാർത്ഥി സജി പറമ്പത് 17 ശതമാനത്തിലേറെ വോട്ടു നേടിയതാണ് ഇടതുമുന്നണി വോട്ടിൽ ചോർച്ചയുണ്ടാവാൻ കാരണം.

2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കരുണാപുരം, ശാന്തൻപാറ, സേനാപതി, ഉടുമ്പൻചോല ഗ്രാമപഞ്ചായത്തുകളിൽ ഇടതു മുന്നണിയും ഇരട്ടയാർ, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, വണ്ടൻമേട് എന്നിവിടങ്ങളിൽ യു.ഡി.എഫുമാണ് ഭൂരിപക്ഷം നേടിയത്. രാജകുമാരി പഞ്ചായത്തിൽ ഇരു മുന്നണികൾക്കും തുല്യ സീറ്റാണ്. പ്രസ്തുത തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ലഭിച്ച വോട്ട് പ്രകാരം ഇടതുമുന്നണിക്ക് ആയിരത്തിൽ താഴെ വോട്ടിന്റെ നേരിയ മുൻ‌തൂക്കം ലഭിച്ചിട്ടുണ്ട് .

ഇടതുമുന്നണിയുടെ ജനപിന്തുണ 2001 മുതൽ മണ്ഡലത്തിൽ വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താൽ മുൻ തിരഞ്ഞെടുപ്പുകൾക്ക് സമാനമായ ജനവിധി പ്രതീക്ഷിക്കാം. യു.ഡി.എഫ് കൂടുതൽ സ്വീകാര്യനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ലഭിച്ചുകൊണ്ടിരിന്ന കുറഞ്ഞ വോട്ടുവിഹിതം ഉയർത്താൻ സാധിക്കും.

3. തൊടുപുഴ:
പി.ജെ. ജോസഫ്
എന്ന ഫാക്റ്റർ

  • 46 വർഷം തൊടുപുഴയിലെ ജനപ്രതിനിധിയായ പി.ജെ. ജോസഫിന് പകരം അദ്ദേഹം നിശ്ചയിക്കുന്ന മറ്റൊരാൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായാൽ മാത്രമാണ് മറിച്ചൊരു റിസൽട്ടിന് സാധ്യതയുള്ളൂ.

ജില്ലയിലെ ഹൈറേഞ്ച് മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇടനാടിന്റെ സ്വഭാവമുള്ള തൊടുപുഴ മണ്ഡലം 1957- ലാണ് നിലവിൽ വന്നത്. കാർഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള പ്രദേശമെന്ന നിലയിലും ക്രിസ്ത്യൻ വിഭാഗത്തിന് നിർണ്ണായക സ്വാധീനമുള്ളതുമായ തൊടുപുഴയിൽ കേരള കോൺഗ്രസ് പിളർപ്പും ലയനവുമാണ് രാഷ്ട്രീയ പോരാട്ടങ്ങളെ പലപ്പോഴും സജീവമാക്കാറുള്ളത്. കേരള കോൺഗ്രസിലെ പി. ജെ. ജോസഫ് വിഭാഗത്തിന്റെ ശക്തികേന്ദ്രമായിട്ടാണ് മണ്ഡലം അറിയപ്പെടുന്നത്. 1970-ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, രണ്ടു തവണയൊഴികെ പി.ജെ. ജോസഫ് തന്നെയാണ് തൊടുപുഴയിൽനിന്ന് നിയമസഭയിലേക്ക് വിജയിച്ചിട്ടുള്ളത്. 1991, 2001 ലെയും തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ പി. ടി. തോമസ് എൽ.ഡി.എഫിലെ പി ജെ ജോസഫിനെ തോൽപ്പിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി കെ.ഐ. ആന്റണിയെക്കാൾ 20,259 വോട്ട് അധികം നേടിയാണ് വിജയിച്ചത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തൊടുപുഴയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തൊടുപുഴയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ തൊടുപുഴ നഗരസഭയിലും ഇടവെട്ടി, കരിമണ്ണൂർ, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, പുറപ്പുഴ, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെളിയമാറ്റം, ആലക്കോട് ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫും മുട്ടം പഞ്ചായത്തിൽ ഇടതു മുന്നണിയുമാണ് ഭൂരിപക്ഷം നേടിയത്. മണക്കാട് പഞ്ചായത്തിൽ ഇരു മുന്നണികൾക്കും തുല്യ സീറ്റാണ്. പ്രസ്തുത തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ലഭിച്ച വോട്ട് പ്രകാരം യു.ഡി.എഫിന് 28,000 ലേറെ വോട്ടിന്റെ മുൻ‌തൂക്കമുണ്ട്.

2011 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ ഇരു മുന്നണികൾക്കും ലഭിച്ച വോട്ടുവിഹിതം വ്യക്തമാക്കുന്നത് ശരാശരി 20 ശതമാനത്തിലേറെ വോട്ടിന്റെ വ്യത്യാസമാണ് യു.ഡി.എഫിന് ഇടതുമുന്നണിയേക്കാൾ മണ്ഡലത്തിൽ ലഭിക്കുന്നത്. സമീപകാലത്ത് ബി ജെ പിക്കുണ്ടായ 15 ശതമാനത്തിലേറെയുള്ള വർദ്ധനവ് പ്രതികൂലമായി ബാധിക്കുന്നത് ഇടതുമുന്നണിയുടെ വോട്ടിനെയാണെന്നും കാണാം. ഈ പശ്ചാത്തലത്തിൽ 2026- ലെ തിരഞ്ഞെടുപ്പിലും തൊടുപുഴ യു.ഡി.എഫിന് സുരക്ഷിത മണ്ഡലമായിരിക്കാനാണ് സാധ്യത. 46 വർഷം തൊടുപുഴയിലെ ജനപ്രതിനിധിയായ പി.ജെ. ജോസഫിന് പകരം അദ്ദേഹം നിശ്ചയിക്കുന്ന മറ്റൊരാൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായാൽ മാത്രമാണ് മറിച്ചൊരു സാധ്യതയ്ക്ക് വകയുള്ളൂ.

4. ഇടുക്കി:
കടുത്ത
മത്സരത്തിന്

  • റോഷി അഗസ്റ്റിനെ വീണ്ടും രംഗത്തിറക്കി മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിൽ ലഭിച്ച ജനപിന്തുണയിലൂടെ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കാനാവുമെന്ന് എൽ.ഡി.എഫ് കരുതുന്നു

നഭൂമി, പട്ടയം, വന്യജീവി ആക്രമണം, ബഫർ സോൺ, കാർഷിക ഉല്പന്നങ്ങളുടെ വിലയിടവ് തുടങ്ങിയ ഹൈറേഞ്ച് കർഷകരെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ശക്തമായി പ്രതിഫലിക്കുന്ന മണ്ഡലമാണ് 1977-ൽ നിലവിൽ വന്ന ഇടുക്കി നിയമസഭാ മണ്ഡലം.

കേരള കോൺഗ്രസിന് ശക്തമായ ആധിപത്യമുള്ള മണ്ഡലത്തിൽ കേരള കോൺഗ്രസിലെ വിവിധ വിഭാഗങ്ങളിലെ പ്രധാന നേതാക്കൾ പരസ്പരം മത്സരിക്കുന്ന വേദിയായിട്ടാണ് ഇടുക്കി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രംഗം സാക്ഷ്യം വഹിക്കാറ്. പരമ്പരാഗതമായി യു ഡി എഫിനൊപ്പം നിന്നിരുന്ന ഇടുക്കിയിൽ 1996- ലാണ് ജനതാദൾ സ്ഥാനാർത്ഥി പി. പി. സുലൈമാൻ റാവുത്തർ മാണി വിഭാഗം സ്ഥാനാർത്ഥിയായ ജോയ് വെട്ടിക്കുഴിയെ തോൽപ്പിച്ച് മണ്ഡലം ഇടതുമുന്നണിക്ക് അനുകൂലമാക്കിയത്. അതിനുശേഷമുള്ള അഞ്ചു തിരഞ്ഞെടുപ്പുകളിലും മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിനാണ് തുടർച്ചയായി വിജയിച്ചത്. 2021-ൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായിട്ടാണ് റോഷി അഗസ്റ്റിൻ മത്സരിച്ചത്‌. 2021- ൽ റോഷി അഗസ്റ്റിൻ യു ഡി എഫിലെ ജോസഫ് വിഭാഗത്തിലെ കെ. ഫ്രാൻസിസ് ജോർജിനെ 5573 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഇടുക്കി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഇടുക്കി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

ഇടുക്കിയിൽ 2011 വരെ മൂന്നു ശതമാനത്തിന് താഴെമാത്രം വോട്ട് ലഭിച്ചുകൊണ്ടിരുന്ന എൻ.ഡി.എ 2016- ൽ ബി ഡി ജെ എസ് സ്ഥാനാർത്ഥിയിലൂടെ 19 ശതമാനത്തിലേറെ വോട്ടു നേടിയെന്നത് ശ്രദ്ധേയ രാഷ്ട്രീയമാറ്റമാണ്.

കേരള കോൺഗ്രസ് മാണി വിഭാഗം ഇടതുമുന്നണി ഘടകക്ഷിയായതോടെ ഇരു മുന്നണികൾക്കും ഒരു പോലെ വിജയ സാധ്യതയുള്ള മണ്ഡലമായി ഇടുക്കി മാറിയെന്നാണ് 2021- ലെ തിരെഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും ലഭിച്ച വോട്ടുവിഹിതം സൂചിപ്പിക്കുന്നത്. നാല് ശതമാനത്തോളം വോട്ടിന്റെ വ്യത്യാസമാണ് ഇരു മുന്നണികളും തമ്മിലുള്ളത്.

2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. പ്രസ്തുത തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ലഭിച്ച വോട്ട് പ്രകാരം യു.ഡി.എഫിന് 13,000 ലേറെ വോട്ടിന്റെ മുൻ‌തൂക്കമുണ്ട്.

ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് സമാനമായി ഇടുക്കി മണ്ഡലം തിരിച്ചു പിടിക്കാനാവുമെന്നാണ് യു.ഡി.എഫ് കണക്കു കൂട്ടുന്നത്. എന്നാൽ റോഷി അഗസ്റ്റിനെ വീണ്ടും രംഗത്തിറക്കി മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിൽ ലഭിച്ച ജനപിന്തുണയിലൂടെ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കാനാവുമെന്ന് മാണി വിഭാഗവും കരുതുന്നു. അതൊടൊപ്പം 2016 ലേതിന് സമാനമായി വോട്ടു വർധിപ്പിക്കാനുള്ള ശ്രമമാണ് എൻ.ഡി.എ നടത്തുക. ഏതായാലും മണ്ഡലം കടുത്ത മത്സരത്തിനായിരിക്കും 2026-ൽ വേദിയാവുക.

5. പീരുമേട്:
പ്രതീക്ഷ
ബലാബലം

  • തദ്ദേശ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന പ്രതീക്ഷയാണ് യു ഡി എഫിന്.

തേയില, കാപ്പി, ഏലം കുരുമുളക് തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളുടെ മേഖലയും തോട്ടം തൊഴിലാളികളുടെ നിലപാടും സ്വാധീനിക്കുന്ന മണ്ഡലമാണ് 1967- ൽ നിലവിൽവന്ന പീരുമേട്. ബ്രിട്ടീഷ് ഭരണകാലത്തും ശേഷവും കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണാണ് ഈ പ്രദേശം. അതോടൊപ്പം തിരുവിതാംകൂർ രാജാക്കന്മാരുടെ വേനൽക്കാലവസതി പീരുമേടായിരുന്നുവെന്ന ചരിത്രപ്രാധാന്യവും ഈ പ്രദേശത്തിനുണ്ട്. പഴയ തിരുവിതാംകൂറിനെ മധുരയുമായി ബന്ധിപ്പിച്ചിരുന്ന പർവതപാതയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് പീരുമേട്. മുല്ലപ്പെരിയാർ അണക്കെട്ട്, തേക്കടി തടാകം, മംഗളാദേവി ക്ഷേത്രം, പാഞ്ചാലിമേട്, വാഗമൺ തുടങ്ങിയ നിരവധി പ്രധാനപ്പെട്ട പ്രദേശങ്ങൾ പീരുമേട് താലൂക്കിലാണ്.

1967-ലും 1970- ലും സംവരണ മണ്ഡലമായ പീരുമേട്ടിൽ സി പി എമ്മിലെ കെ.ഐ. രാജനും 1977-ൽ ജനറൽ മണ്ഡലമായപ്പോൾ കോൺഗ്രസ് മുന്നണിയുടെ ഭാഗമായി സി പി ഐയുടെ സി.എ. കുര്യനുമാണ് വിജയിച്ചത്. അതിനുശേഷം ഇടതുമുന്നണി ഘടക കക്ഷിയായ സി പി ഐയാണ് കൂടുതൽ തവണ ജയിച്ചത്. 1982 മുതൽ 1991 വരെയും 2001- ലും കോൺഗ്രസാണ് വിജയിച്ചത്. എന്നാൽ 2006 മുതൽ ഇടതുമുന്നണിക്ക് അനുകൂലമായിട്ടാണ് തുടർച്ചയായി വിധിയെഴുതുന്നത്. 2006 മുതൽ തുടർച്ചയായി മൂന്നുതവണ സി പി ഐയുടെ ഇ.എസ്. ബിജിമോൾ വിജയിച്ചു. കഴിഞ്ഞ തവണ സി പി ഐയിലെ വാഴൂർ സോമൻ 1835 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയത്. വാഴൂർ സോമൻ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം 2025 ആഗസ്ത് 31 ന് മരിച്ചു.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പീരുമേട്ടിൽ  നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പീരുമേട്ടിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

മിക്ക നിയമസഭാ തിരഞ്ഞെടുപ്പുകളിലും നേരിയ ഭൂരിപക്ഷത്തിനാണ് പീരുമേട്ടിലെ ജയം എന്നതിനാൽ രണ്ടു മുന്നണികൾക്കും വിജയ പ്രതീക്ഷയുണ്ട്.

2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ ഇടതുമുന്നണിക്ക് ഭരണം ലഭിച്ചപ്പോൾ മറ്റ് ഏഴ് തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫിനായിരുന്നു ജയം. കൊക്കയാർ ഗ്രാമപഞ്ചായത്തിൽ ഇരു മുന്നണികൾക്കും തുല്യ സീറ്റാണ്. പ്രസ്തുത തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ലഭിച്ച വോട്ട് കണക്കു പ്രകാരം ഇടതുമുന്നണിയേക്കാൾ പതിമൂന്നായിരത്തിലേറെ വോട്ടാണ് യു.ഡി.എഫിന് അധികം ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന പ്രതീക്ഷയാണ് യു ഡി എഫിന്. എന്നാൽ 2006 മുതലുള്ള ഇടതുപക്ഷ ആഭിമുഖ്യവും പട്ടയ വിതരണവും അടിസ്ഥാന വികസന പദ്ധതികളും അനുകൂലമാകുമെന്ന വിശ്വാസമാണ് എൽ.ഡി.എഫിന്.

2026-ലെ
സാധ്യതകൾ:

മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതവും ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും ഇതുവരെയുള്ള പൊതുവായ രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തിയാൽ ഇടുക്കി ജില്ലയിൽ 2026- ൽ മുന്നണികൾക്ക് ലഭിക്കാവുന്ന സീറ്റുകളുടെ സാധ്യത ഇങ്ങനെ വിലയിരുത്താം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പ്രകടിപ്പിച്ച രാഷ്ട്രീയ സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും മുന്നണിക്ക് അനുകൂലമായോ പ്രതികൂലമായോ വലിയ തരത്തിൽ വോട്ട് ചാഞ്ചാടിയാൽ ജയിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ മാറ്റങ്ങളുണ്ടാകും.

മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ  ഇടുക്കി ജില്ലയിലെ  അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.
മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.

Comments