TRADE to TREND,
ലഹരിയുടെ
അപകടവഴികൾ

ലഹരിക്കെതിരെ നിയമനടപടികൾക്കൊപ്പം ലഹരി ഉപയോഗിക്കുന്നവർക്ക് ചികിത്സയും ഉറപ്പാക്കണം. ഇതിനായി സർക്കാർ നടത്തുന്ന വിമുക്തി കേന്ദ്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. ലഹരി ഉപയോഗം ഗുരുതര പ്രതിസന്ധിയിലാക്കിയവർക്കുള്ള ചികിത്സയെക്കുറിച്ചും നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ചുമുള്ള അന്വേഷണം. നിവേദ്യ കെ.സി. തയ്യാറാക്കിയ ഫീച്ചർ.

ഹരി ഉപയോഗം ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക-ആരോഗ്യ വെല്ലുവിളികളിലൊന്നാണ്. യുവാക്കളിൽ മാത്രമല്ല, സ്ത്രീകളിലും വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളിലും ജോലി ചെയ്യുന്നവരിലും ഈ പ്രവണത വർധിച്ചുവരുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലഹരി ഉപയോഗം ശരീരത്തെ മാത്രമല്ല, മാനസികാരോഗ്യം, കുടുംബജീവിതം, വ്യക്തിത്വം, സാമൂഹികബന്ധങ്ങൾ എന്നിവയെയും ഗുരുതരമായി ബാധിക്കും. ലഹരിയുമായി ബന്ധപ്പെട്ട മാനസികപ്രശ്നങ്ങൾ, കുടുംബത്തിന്റെ പങ്ക്, സമൂഹത്തിലെ തെറ്റിദ്ധാരണകൾ, ചികിത്സയുടെയും പുനരധിവാസത്തിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ച് തൊടുപുഴ സേക്രഡ് ഹാർട്ട് ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. ബിൻസ് ജോർജ് ട്രൂകോപ്പി തിങ്കിനോട് വിശദീകരിക്കുന്നു.


“രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഏകദേശം 28–29 വയസ്സുള്ള ഒരു ഓട്ടോ ഡ്രൈവറെ ചികിത്സയ്ക്കായി എന്റെയടുത്തെത്തിച്ചത്. രണ്ടോ മൂന്നോ വർഷമായി ഇയാൾ ഒന്നിലധികം ലഹരി പദാർഥങ്ങൾ ഉപയോഗിച്ചുവരികയായിരുന്നു. ഉപയോഗത്തിന്റെ ആദ്യഘട്ടത്തിൽ പ്രത്യേക ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ കാലക്രമേണ ലഹരിയുടെ അളവ് വർധിച്ചതോടെ സ്വഭാവത്തിലും ചിന്താരീതിയിലും ഗണ്യമായ മാറ്റങ്ങൾ പ്രകടമായി.

Read: അധ്യാപക‍ർ MDMA ലഹരിമാഫിയയുടെ ഇരകളും ചങ്ങലക്കണ്ണികളുമാവുമ്പോൾ...

ഒരു ദിവസം വീട്ടിലിരിക്കുമ്പോൾ തൊട്ടടുത്ത വീട്ടുകാർ തന്നെക്കുറിച്ച് കുറ്റം പറയുന്നതായി ഇയാൾക്ക് തോന്നി. ആദ്യം അത് അവഗണിച്ചെങ്കിലും പിന്നീട് ഒരുദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീണ്ടും അതേ അനുഭവം ഉണ്ടായതായി വിശ്വസിച്ചു. തുടർന്ന് അയൽവീട്ടിൽ കയറി "എന്നെ എന്തിനാണ് കുറ്റം പറയുന്നത്?" എന്ന് ചോദിച്ച് ബഹളം വയ്ക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു. മറുപടിയായി അവർ തിരിച്ചാക്രമിച്ചു. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് പോലീസെത്തി. ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് മനസ്സിലാക്കിയ പോലീസ് പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പരിശോധനയിൽ ഇയാൾക്ക് ലഹരി ഉപയോഗം മൂലമുണ്ടായ ഗുരുതരമായ മാനസികപ്രശ്നങ്ങളാണ് ഈ പെരുമാറ്റത്തിന് കാരണമെന്ന് വ്യക്തമായി. യഥാർഥത്തിൽ ആരും തന്നെക്കുറിച്ച് സംസാരിച്ചിരുന്നില്ലെങ്കിലും, മറ്റുള്ളവർ തന്നെ കുറ്റപ്പെടുത്തുകയാണെന്നും, അർത്ഥം വെച്ച് നോക്കുകയാണെന്നും, തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നുമുള്ള ഉറച്ച വിശ്വാസം ഇയാൾക്കുണ്ടായിരുന്നു. ചിലപ്പോൾ അശരീരി കേൾക്കുന്ന അനുഭവവും ഉണ്ടായിരുന്നു. ഇത്തരം അവസ്ഥയെ ലഹരി പദാർഥങ്ങൾ മൂലമുണ്ടാകുന്ന മാനസികരോഗം (Drug-Induced Psychosis) എന്നാണ് വിളിക്കുന്നത്.

തുടർന്ന് ചികിത്സ ആരംഭിച്ചു. ലഹരിപദാർഥങ്ങളുടെ സ്വാധീനം തലച്ചോറിൽ നിന്ന് മാറാൻ ആവശ്യമായ ഏകദേശം 21 ദിവസത്തെ ഡിറ്റോക്സിഫിക്കേഷൻ (Detoxification) കാലയളവിന് ശേഷമാണ് കാര്യമായ മാറ്റം കണ്ടത്. ചികിത്സയുടെ തുടക്കത്തിൽ "അവർ എനിക്കെതിരെ സംസാരിച്ചു, പദ്ധതിയിട്ടു" എന്നൊക്കെയായിരുന്നു ഇയാളുടെ ഉറച്ച വാദം. എന്നാൽ ചികിത്സ പൂർത്തിയായപ്പോൾ, "സംഭവങ്ങൾ കൃത്യമായി ഓർമയില്ല; അതെല്ലാം എന്റെ തോന്നലായിരുന്നിരിക്കാം" എന്ന തിരിച്ചറിവിലേക്കാണ് അദ്ദേഹം എത്തിയത്. ലഹരി ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ എത്രത്തോളം ഗുരുതരമായി ബാധിക്കാമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്.”

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലെ ലഹരി ഉപയോഗത്തിന്റെ തോത് കുറവാണെങ്കിലും, ഈ പ്രവണതയെ സ്വാധീനിക്കുന്ന മാനസികവും വ്യക്തിത്വപരവുമായ ഘടകങ്ങളെ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്  /Representation image
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലെ ലഹരി ഉപയോഗത്തിന്റെ തോത് കുറവാണെങ്കിലും, ഈ പ്രവണതയെ സ്വാധീനിക്കുന്ന മാനസികവും വ്യക്തിത്വപരവുമായ ഘടകങ്ങളെ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട് /Representation image

പേഴ്സണാലിറ്റി ഡിസോർഡറും
ലഹരി ഉപയോഗവും

സമീപ ദിവസങ്ങളിൽ ലഹരിസംഘവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് അധ്യാപികമാർ പോലീസ് കസ്റ്റഡിയിലായ സംഭവം കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനുമുമ്പും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലെ ലഹരി ഉപയോഗത്തിന്റെ തോത് കുറവാണെങ്കിലും, ഈ പ്രവണതയെ സ്വാധീനിക്കുന്ന മാനസികവും വ്യക്തിത്വപരവുമായ ഘടകങ്ങളെ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. സ്ത്രീകളും ലഹരി ഉപയോഗവും തമ്മിലുള്ള ബന്ധത്തിൽ വ്യക്തിത്വ തകരാറുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ബിൻസ് ജോർജ് വിശദീകരിച്ചു.

“അമിതമായി മദ്യം ഉപയോഗിക്കുന്ന നിരവധി സ്ത്രീകളെ ചികിത്സയുടെ ഭാഗമായി കണ്ടിട്ടുണ്ട്. അടുത്തകാലത്തായി ചില യുവതികൾക്കിടയിൽ ലഹരി ഉപയോഗത്തെ ഒരു ട്രെൻഡായി കാണുന്ന പ്രവണത വർധിച്ചുവരുന്നുണ്ട്. സമപ്രായക്കാരുടെ കൂട്ടായ്മകളിലും കോളേജുകളിലും ലഹരി ഉപയോഗം കൂടിവരുന്നതായാണ് കാണുന്നത്.

ലഹരി ഉപയോഗിക്കുന്ന എല്ലാവർക്കും പിന്നീട് Addiction ഉണ്ടാകണമെന്നില്ല. എന്നാൽ ചിലർക്ക് അത് ഗുരുതരമായ ലഹരി ആശ്രിതത്വമായി മാറാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ബോർഡർലൈൻ പേർസണാലിറ്റി ഡിസോർഡർ (BPD) അല്ലെങ്കിൽ ആന്റിസോഷ്യൽ പേർസണാലിറ്റി ഡിസോർഡർ പോലുള്ള വ്യക്തിത്വ തകരാറുകൾ ഉള്ളവരിലാണ് ഈ സാധ്യത കൂടുതൽ.

Read: കേരളം
കരുതിയിരിക്കേണ്ട
‘ഒപ്പിയോയിഡ് ക്രൈസിസ്’

ഇത്തരക്കാർക്ക് വികാരങ്ങൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം. ദേഷ്യം പെട്ടെന്ന് വരുക, ആലോചിക്കാതെ തീരുമാനങ്ങൾ എടുക്കുക, പുതിയ അനുഭവങ്ങൾ തേടുക, അപകടസാധ്യതകൾ കണക്കാക്കാതെ പ്രവർത്തിക്കുക തുടങ്ങിയ സ്വഭാവങ്ങൾ ഇവരിലുണ്ടാകാം. അതുകൊണ്ട് ഇവർ ലഹരി ഉപയോഗത്തിലേക്ക് എളുപ്പത്തിൽ എത്താനും പിന്നീട് അത് ഒരു അഡിക്ഷനായി മാറാനും സാധ്യത കൂടുതലാണ്.

കേരളത്തിൽ നിന്ന് പഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണത്തിൽ സമീപകാലത്ത് വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. പുതിയ സാഹചര്യങ്ങളും സുഹൃദ്‌വലയങ്ങളും കാരണം ചിലർ ലഹരി ഉപയോഗിച്ച് തുടങ്ങാറുണ്ട്. ആദ്യം ഒരു പരീക്ഷണം എന്ന നിലയിൽ തുടങ്ങുന്ന ഉപയോഗം പിന്നീട് ചിലരിൽ ലഹരിയോടുള്ള അഡിക്ഷനായി മാറുന്നു. വിദേശരാജ്യങ്ങളിലെ ഈ അനുഭവങ്ങളെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും ബിൻസ് ജോർജ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

Read: ലഹരി,
​കുടിയേറ്റ തൊഴിലാളികൾ, ​പെരുമ്പാവൂർ:
എന്താണ് വസ്തുത?

ഇന്ന് ലഹരി ഉപയോഗത്തിലേക്ക് യുവാക്കളെ ആകർഷിക്കുന്ന ഒരു പ്രധാന ട്രെൻഡ് വിദേശരാജ്യങ്ങളിലെ ലഹരി സംസ്കാരമാണ്. കേരളത്തിലുള്ളതുപോലെ കർശന നിയന്ത്രണങ്ങൾ പല രാജ്യങ്ങളിലും ഇല്ലാത്തതിനാൽ ലഹരിപദാർഥങ്ങൾ എളുപ്പത്തിൽ ലഭിക്കും. എന്നാൽ വിദേശത്തേക്ക് പോകുന്ന എല്ലാവരും ലഹരി ഉപയോഗിക്കുന്നില്ല. നേരത്തേ ലഹരി ഉപയോഗിച്ചിട്ടുള്ളവരോ അതിനുള്ള പ്രവണതയുള്ളവരോ വിദേശത്ത് ലഭിക്കുന്ന കൂടുതൽ സ്വാതന്ത്ര്യം കാരണം വീണ്ടും ലഹരി ഉപയോഗിക്കാൻ സാധ്യത കൂടുതലാണ്.

ഡോ. ബിൻസ് ജോർജ്
ഡോ. ബിൻസ് ജോർജ്



കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി എത്തിയ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു നഴ്‌സിങ് വിദ്യാർത്ഥിയുടെ അനുഭവം ഇതിന് ഉദാഹരണമാണ്. ആറു വർഷമായി ഓസ്‌ട്രേലിയയിൽ കഴിയുന്ന ഇയാൾ ആദ്യ വർഷങ്ങളിൽ പഠനത്തിൽ മിടുക്കനായിരുന്നു. എന്നാൽ പിന്നീട് ലഹരി ഉപയോഗത്തിന്റെ സ്വാധീനത്തിൽപ്പെട്ടതോടെ പഠനം താളംതെറ്റി, ഒടുവിൽ എല്ലാ വിഷയങ്ങളിലും പരാജയപ്പെടുന്ന അവസ്ഥയിലേക്ക് എത്തി. ലഹരി ഉപയോഗം കൂടിയതോടെ ഇയാൾ ക്ലാസുകളിൽ പോകാതെയായി. പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങൾ പ്രകടമായി. മാനസികപ്രശ്നങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. പ്രത്യേകിച്ച് സംശയരോഗം ശക്തമായിരുന്നു. റൂമിൽ നിന്ന് പുറത്തിറങ്ങാതെ ഒറ്റപ്പെട്ട് ജീവിക്കുകയും വീട്ടുകാർക്ക് വീഡിയോ കോളുകൾ ചെയ്യുന്നത് കുറയുകയും ചെയ്തു. ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യപ്പെടുകയും ഇടയ്ക്കിടെ പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഓസ്‌ട്രേലിയയിലുള്ള ബന്ധുക്കൾ മുഖേന വിവരങ്ങൾ അന്വേഷിക്കാൻ വീട്ടുകാർ ശ്രമിച്ചു. സുഹൃത്തുക്കളിലൂടെ അന്വേഷിച്ചപ്പോഴാണ് ഇയാൾ ഗുരുതരമായ ലഹരി ഉപയോഗത്തിന്റെ പിടിയിലാണെന്ന് വ്യക്തമായത്. നാട്ടിലേക്ക് തിരികെ വരാൻ പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം തയ്യാറായില്ല. ഒടുവിൽ വീട്ടിൽ ഒരാൾക്ക് അപകടം സംഭവിച്ചുവെന്നും അടിയന്തരമായി എത്തണമെന്നും പറഞ്ഞ് അവിടെയുള്ള ബന്ധുക്കൾ ടിക്കറ്റ് എടുത്തുനൽകിയ ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയ ഉടൻ തന്നെ ചികിത്സയ്ക്കായി ഇവിടെ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മൂന്ന് മുതൽ നാല് വർഷം വരെ നീണ്ടുനിന്ന അമിത ലഹരി ഉപയോഗം അദ്ദേഹത്തെ പൂർണമായും കീഴടക്കിയിരുന്നു. യാഥാർത്ഥ്യത്തിൽ നിന്ന് അകന്ന്, തന്റേതായ ഒരു ലോകത്തിൽ ജീവിക്കുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വ്യക്തിശുചിത്വത്തെയും മാനസികാരോഗ്യത്തെയുമെല്ലാം ലഹരി ഉപയോഗം ഗുരുതരമായി ബാധിച്ചിരുന്നു. എല്ലാവരെയും സംശയത്തോടെയാണ് കാണുകയും പെരുമാറുകയും ചെയ്തിരുന്നത്. ആശുപത്രിയിലെത്തിയപ്പോഴേക്കും ദീർഘകാല ലഹരി ഉപയോഗം കാരണം ചികിത്സയും വെല്ലുവിളി നിറഞ്ഞതായിരുന്നു. സംശയരോഗം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. എന്നാൽ ഒന്നോ രണ്ടോ മാസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില പതിയെ മെച്ചപ്പെട്ടു. കോഴ്സ് പൂർത്തിയാക്കേണ്ടതിനാൽ പിന്നീട് ബന്ധുക്കളോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയാണ് ചെയ്തത്.

അടുത്തകാലത്തായി ചില യുവതികൾക്കിടയിൽ ലഹരി ഉപയോഗത്തെ ഒരു ട്രെൻഡായി കാണുന്ന പ്രവണത വർധിച്ചുവരുന്നുണ്ട്  /Representation image
അടുത്തകാലത്തായി ചില യുവതികൾക്കിടയിൽ ലഹരി ഉപയോഗത്തെ ഒരു ട്രെൻഡായി കാണുന്ന പ്രവണത വർധിച്ചുവരുന്നുണ്ട് /Representation image

കുടുംബവും
ലഹരി ഉപയോഗവും തമ്മിലെന്ത്?

കേരളത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അണുകുടുംബങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്. കുട്ടികളുടെ വളർച്ചയിൽ പാരന്റിംഗിങിന് വലിയ സ്വാധീനമുണ്ട്. സിംഗിൾ പാരന്റിംഗ്, ടോക്സിക് പാരന്റിംഗ്, അമിത സംരക്ഷണം (ഓവർ പ്രൊട്ടക്റ്റീവ് പാരന്റിംഗ്) തുടങ്ങിയ സാഹചര്യങ്ങൾ ചില കുട്ടികളിൽ മാനസിക സമ്മർദ്ദവും വൈകാരിക പ്രശ്നങ്ങളും സൃഷ്ടിക്കാം. ഇത്തരം സാഹചര്യങ്ങൾ ചിലരെ ലഹരി ഉപയോഗത്തിലേക്ക് നയിക്കാനുള്ള സാധ്യത വർധിപ്പിക്കും.

Read: ലഹരി;
കുറ്റകൃത്യങ്ങളുടെ
പ്രധാന ഉറവിടം

ലഹരി ഉപയോഗത്തിലേക്ക് കുട്ടികളെ നയിക്കുന്നതിൽ കുടുംബത്തിനും പ്രധാന പങ്കുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് സിംഗിൾ പാരന്റിംഗ്. അച്ഛൻ വിദേശത്തോ ജോലിസ്ഥലത്തോ ആയിരിക്കുകയോ, അച്ഛൻ മരിച്ചുപോയിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ചില ആൺകുട്ടികൾ നിയന്ത്രണമില്ലാതെ വളരാൻ സാധ്യതയുണ്ട്. അത്തരത്തിൽ ലഭിക്കുന്ന സ്വാതന്ത്ര്യം ചിലപ്പോൾ അവർ തെറ്റായി ഉപയോഗിച്ചേക്കാം. മറ്റൊരു കാരണമാണ് ഓവർ പ്രൊട്ടക്റ്റീവ് പാരന്റിംഗ്. 'ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ മക്കൾ അനുഭവിക്കരുത്' എന്ന ചിന്തയിൽ ചില മാതാപിതാക്കൾ കുട്ടികളെ അമിതമായി സംരക്ഷിക്കുകയും ലാളിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ ചെറിയ വെല്ലുവിളികളെയും സമ്മർദങ്ങളെയും നേരിടാൻ അവർ പഠിക്കാതെ പോകും. പിന്നീട് സമ്മർദങ്ങൾ കൂടുമ്പോൾ അത് കൈകാര്യം ചെയ്യാൻ കഴിയാതെ ചിലർ ലഹരിയിലേക്ക് തിരിയാനുള്ള സാധ്യത വർധിക്കും. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആശയവിനിമയക്കുറവും (കമ്മ്യൂണിക്കേഷൻ ഗ്യാപ്) ഒരു പ്രധാന പ്രശ്നമാണ്. മദ്യം ഉപയോഗിച്ചാൽ മണം, ശരീരഭാഷ തുടങ്ങിയവ നോക്കി വീട്ടുകാർക്ക് ലഹരി ഉപയോഗിച്ചതായി തിരിച്ചറിയാൻ കഴിയും. എന്നാൽ പുതിയ തരത്തിലുള്ള ഹൈബ്രിഡ് ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ അത് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. പലപ്പോഴും വീട്ടുകാർക്ക് സംശയം തോന്നാൻ തന്നെ മാസങ്ങളോ ഒരു വർഷമോ വരെ എടുക്കാം. അതിനുമുമ്പേ കുട്ടികളിൽ ചില മാറ്റങ്ങൾ കാണാം. ഉറക്കത്തിൽ വ്യത്യാസം, രാത്രി വൈകി ഉണർന്നിരിക്കുക, വിശപ്പിൽ മാറ്റം, സ്വഭാവത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ എന്നിവ പ്രകടമാകും. എന്നാൽ പല മാതാപിതാക്കളും ഇത് കൗമാരപ്രായത്തിന്റെ സ്വാഭാവിക മാറ്റമാണെന്ന് കരുതാറുണ്ട്. യഥാർത്ഥത്തിൽ ഇത്ര വലിയ പെരുമാറ്റ വ്യത്യാസങ്ങൾ പ്രായം കാരണം ഉണ്ടാകില്ല. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അതേസമയം, ലഹരി ഉപയോഗം തിരിച്ചറിയുന്നത് എളുപ്പമല്ല എന്നതിനാൽ കുടുംബങ്ങളെ മാത്രം കുറ്റപ്പെടുത്താനും കഴിയില്ല.

കുടുംബത്തിന്റെ പിന്തുണ ഇല്ലെങ്കിൽ ലഹരി വിമുക്തി ചികിത്സ വിജയകരമാകാൻ ബുദ്ധിമുട്ടാണ്. ചില രക്ഷിതാക്കൾ ചികിത്സയോട് വേണ്ടത്ര സഹകരിക്കാത്ത സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ചികിത്സ ആശുപത്രിയിൽ അവസാനിക്കുന്ന ഒന്നല്ല. യഥാർഥ ചികിത്സ ആരംഭിക്കുന്നത് രോഗി വീട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ്. ഫോളോ-അപ്പിന് കൃത്യമായി കൊണ്ടുവരുക, മരുന്ന് കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, അവരുടെ പെരുമാറ്റത്തിലും ദൈനംദിന ജീവിതത്തിലും വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക എന്നിവയിൽ കുടുംബം സജീവമായി ഇടപെടണം. ഡോ. ബിൻസ് ജോർജ് പറഞ്ഞു.

പുതിയ സാഹചര്യങ്ങളും സുഹൃദ്‌വലയങ്ങളും കാരണം ചിലർ ലഹരി ഉപയോഗിച്ച് തുടങ്ങാറുണ്ട്. ആദ്യം ഒരു പരീക്ഷണം എന്ന നിലയിൽ തുടങ്ങുന്ന ഉപയോഗം പിന്നീട് ചിലരിൽ ലഹരിയോടുള്ള അഡിക്ഷനായി മാറുന്നു / Representation image
പുതിയ സാഹചര്യങ്ങളും സുഹൃദ്‌വലയങ്ങളും കാരണം ചിലർ ലഹരി ഉപയോഗിച്ച് തുടങ്ങാറുണ്ട്. ആദ്യം ഒരു പരീക്ഷണം എന്ന നിലയിൽ തുടങ്ങുന്ന ഉപയോഗം പിന്നീട് ചിലരിൽ ലഹരിയോടുള്ള അഡിക്ഷനായി മാറുന്നു / Representation image

സമൂഹവും ലഹരിയും

ലഹരിയിലേക്ക് ഒരാളെ എത്തിക്കുന്നതിലും അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിലും സമൂഹത്തിന് വലിയ പങ്കുണ്ട്. അതുപോലെ തന്നെ ലഹരി വിമുക്തി ചികിത്സയെക്കുറിച്ചും സമൂഹത്തിൽ നിരവധി തെറ്റിദ്ധാരണകളുണ്ട്. എന്നാൽ ഈ തെറ്റിദ്ധാരണകൾക്ക് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കുന്നു ഡോ. ബിൻസ് ജോർജ്.

ലഹരി വിമുക്തി ചികിത്സയെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണയിൽ പ്രധാനപ്പെട്ട ഒന്നാണ്, ഡി-അഡിക്ഷൻ ചികിത്സ നടത്തിയാൽ പിന്നീട് മാനസികരോഗങ്ങൾ വരാൻ സാധ്യത കൂടുതലാണെന്ന വിശ്വാസം. ചികിത്സയ്ക്ക് ശേഷം കുട്ടികളുണ്ടാകില്ല എന്ന തരത്തിലുള്ള തെറ്റായ ധാരണകളും വർഷങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിലൊന്നിനും ശാസ്ത്രീയ അടിസ്ഥാനമില്ല. യഥാർഥത്തിൽ, ഡി-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം തെറ്റിദ്ധാരണകൾ മാറി, ചികിത്സയുടെ യഥാർത്ഥ ഗുണങ്ങളെക്കുറിച്ച് കൂടുതൽ ആളുകൾ ഇന്ന് മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്.

സമൂഹത്തിൽ നമ്മൾ ദിവസവും കാണുന്ന പലരും ലഹരി ഉപയോഗിക്കുന്നവരായിരിക്കും. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ ആരും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാറില്ല. ഇത് വലിയൊരു പ്രശ്നമാണ്. ഉത്തരവാദിത്തപ്പെട്ടവരെ വിവരം അറിയിക്കുന്നതിൽ പലർക്കും മടിയുണ്ട്. "വെറുതെ എന്തിനാണ് പ്രശ്നത്തിൽ ചെന്ന് ചാടുന്നത്" എന്ന മനോഭാവമാണ് ഇതിന് പ്രധാന കാരണം.

ലഹരിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നത് ആവശ്യമാണ്. എന്നാൽ അതിനൊപ്പം ലഹരി ഉപയോഗിക്കുന്നവർക്ക് ചികിത്സയും ഉറപ്പാക്കണം. ഇതിനായി സർക്കാർ നടത്തുന്ന വിമുക്തി കേന്ദ്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്.
ലഹരിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നത് ആവശ്യമാണ്. എന്നാൽ അതിനൊപ്പം ലഹരി ഉപയോഗിക്കുന്നവർക്ക് ചികിത്സയും ഉറപ്പാക്കണം. ഇതിനായി സർക്കാർ നടത്തുന്ന വിമുക്തി കേന്ദ്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്.

ഓപ്പറേഷൻ തൂഫാൻ:
നിയമനടപടി മാത്രം മതിയോ?

ലഹരിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആവശ്യമാണ്. എന്നാൽ അതിനൊപ്പം ലഹരി ഉപയോഗിക്കുന്നവർക്ക് ചികിത്സയും ഉറപ്പാക്കണം. ഇതിനായി സർക്കാർ നടത്തുന്ന വിമുക്തി കേന്ദ്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. നിയമനടപടികൾ മാത്രം സ്വീകരിച്ചാൽ പദ്ധതി പൂർണവിജയമാകണമെന്നില്ല. കാരണം, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന പലരും വീണ്ടും ലഹരി ഉപയോഗത്തിലേക്ക് മടങ്ങിപ്പോകാൻ സാധ്യത കൂടുതലാണ്. അതിനാൽ നിയമനടപടികൾക്കൊപ്പം ചികിത്സയ്ക്കും പുനരധിവാസത്തിനും ഒരുപോലെ പ്രാധാന്യം നൽകണമെന്ന് ഡോ. ബിൻസ് ജോർജ് പറയുന്നു.

Comments