തൃശൂരിലെ മതേതര സമൂഹം നിരാശയിലേക്ക് വീഴരുത്

‘ഇത് കേരളമാണ്' എന്ന നമ്മുടെ അമിത ആത്മവിശ്വാസത്തിന് കിട്ടിയ ചെറിയൊരു കിഴുക്കായി കണക്കാക്കിയാൽ മതി. പരസ്പരം പഴിചാരലിന്റെ വഴി സ്വീകരിക്കാതെ സംഘപരിവാർ വംശീയ വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കാനുള്ള ദീർഘകാല പദ്ധതികൾ ആലോചിക്കുകയാണ് ഇപ്പോൾ വേണ്ടത്.

ഇത് തിരുത്താൻ നമുക്ക് കഴിയും.

അല്ലെങ്കിൽ നോക്കൂ... ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ, വിവിധ വ്യവസായികൾക്ക് വഴിവിട്ട സൗജന്യങ്ങൾ നൽകിക്കൊണ്ട്, ആയിരക്കണക്കിന് കോടി രൂപ സംഭാവനയായി പിരിച്ച്, മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച്, രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജയിലിലിട്ട്, എല്ലാ തെരഞ്ഞെടുപ്പ് ചട്ടങ്ങളും ലംഘിച്ച്, ഗോദി മീഡിയകളുടെ നിരന്തര സഹായത്തോടെ, എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ അധികാരമുപയോഗിച്ച് വരുതിക്ക് നിർത്തി, വെറുപ്പും വിദ്വേഷവും നിറഞ്ഞ പ്രചരണങ്ങൾ അഴിച്ചുവിട്ട്, ഏറ്റവും ഒടുവിൽ സ്വന്തമായി കേവല ഭൂരിപക്ഷത്തിന് അടുത്തെങ്ങും എത്താൻ കഴിയാതെ തകർന്നടിഞ്ഞിരിക്കുകയാണ് ബിജെപി (239).

ലംഖിംഖേരിയിൽ കൊല്ലപ്പെട്ട കർഷർ

സ്വയം ദൈവമാണെന്ന് തോന്നിത്തുടങ്ങിയ നരേന്ദ്ര മോദിയുടെ ഭൂരിപക്ഷത്തിൽ നിന്ന് 3,22000 വോട്ടുകൾ എടുത്തുകളഞ്ഞ് വരണാസിയിലെ ജനങ്ങൾ അഹങ്കാരത്തിന്റെ പത്തി താഴ്ത്തികൊടുത്തു.

രാമനെ ഉപയോഗിച്ച് വർഗ്ഗീയത വളർത്തി ജയിച്ചുകയറാം എന്ന ബി ജെ പി മോഹത്തിന് രാംലല്ലയുടെ സ്വന്തം അയോധ്യയിൽ (ഫൈസാബാദിൽ) ബിജെപി തോറ്റു.

നരേന്ദ്ര മോദി ധ്യാനമിരിക്കാൻ പോയ ചിത്രകൂട് ഉൾപ്പെടുന്ന ബന്ദ പാർലമെന്റ് മണ്ഡലത്തിൽ ബിജെപി തോറ്റു. ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിന് കശ്മീർ ജനത മറുപടി നൽകി.

ഇരട്ട എഞ്ചിൻ സർക്കാർ അഴിച്ചുവിട്ട വംശഹത്യയ്ക്ക് മണിപ്പുരിലെ ജനങ്ങൾ രണ്ട് മണ്ഡലങ്ങളിലും തോൽപ്പിച്ചുകൊടുത്തു. ഒന്നാം കർഷക പ്രക്ഷോഭസമയത്ത് കർഷകരുടെ നേർക്ക് കാർപായിച്ച് ഏഴ് കർഷക പ്രക്ഷോഭകരെ കൊന്നൊടുക്കിയ- ലഖിംഖേരി കൂട്ടക്കൊല- കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്റെ ചെയ്തികൾക്ക് കൂട്ടുനിന്നതിന് അജയ് മിശ്രയെ ജനങ്ങൾ വീട്ടിലിരുത്തി.

മണിപ്പുർ കലാപത്തിൽ നിന്ന്

പഞ്ചാബ് ബിജെപിയെ സംബന്ധിച്ചിടത്തോളം കിട്ടാക്കനിയായി മാറി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി സ്വന്തം കോട്ടയായി സൂക്ഷിച്ചുകൊണ്ടിരിക്കുന്ന ഗുജറാത്തിൽ ബനാസ്‌കാഠയിൽ കോൺഗ്രസ്സ് അക്കൗണ്ട് തുറന്നു.

അദാനിക്കെതിരെ നിരന്തരം സംസാരിച്ചതിന് എല്ലാ ചട്ടലംഘനങ്ങളും നടത്തി പാർലമെന്റിൽ നിന്ന് പുറത്താക്കിയ മഹുവ മൊയ്ത്ര ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചു.

ഇനിയുമുണ്ട് ഏറെ കൗതുകങ്ങൾ നിറഞ്ഞ കാര്യങ്ങൾ....

കാര്യങ്ങൾ ലളിതമാണ്...

പണക്കൊഴുപ്പിൽ സ്വയം കെട്ടിപ്പൊക്കിയ മോദി മാജിക് എന്ന ബലൂൺ പൊട്ടിച്ചിതറിപ്പോയിരിക്കുന്നു. ആർഎസ്സസ്സും സംഘപരിവാരങ്ങളും തകർക്കാൻ കഴിയാത്ത സംഘടനാ ബലവും ആശയാസൂത്രണ ബലവും ഉള്ളവരാണെന്നത് മിഥ്യാ ധാരണയാണെന്ന് തെളിഞ്ഞുകഴിഞ്ഞു.

നമുക്ക് മുന്നേറാം....

ഇന്ത്യയെ വിഷലിപ്തമാക്കുന്ന വംശീയ-വർഗ്ഗീയ രാഷ്ട്രീയത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുക എന്ന അടിയന്തിര കടമയിലേക്ക്.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments