വിദ്യ അഭ്യസിപ്പിക്കേണ്ട അധ്യാപകർ തന്നെ വിപത്തുകളിൽ ചെന്നുചാടിയതിന്റെയും അതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടിയും വരുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് അടുത്തിടെ ലഹരി മരുന്ന് ഇടപാടിൽ കോഴിക്കോട് വടകരയിൽ മൂന്ന് അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ കണ്ടത്. ലഹരി വ്യാപനത്തിന് എതിരായ ക്യാമ്പയിനുകളും വ്യായാമങ്ങളും പരിപാടികളും നടത്താൻ മുന്നിട്ടറങ്ങിയ അധ്യാപകരാണ് പരിപാടി കഴിഞ്ഞു ഒരു ദിവസത്തിനിപ്പുറം പോലീസ് പിടിയിലാകുന്നത്. പണത്തിന്റെ ആവശ്യകത മുതലെടുത്ത് അധ്യാപകരെ വരെയും ലഹരിമരുന്ന് മാഫിയകൾക്ക് അടിമയാക്കാൻ സാധിച്ചതിന്റെ നേർക്കാഴ്ചയാണിത്. 12000-വും 13000-വും രൂപ വരുമാനം മാത്രമുണ്ടായിരുന്ന അധ്യാപികമാരാണ് അധികവരുമാനത്തിനായി ലഹരിമാഫിയയുടെ ഇരയായതും ഇടപാടുകാരായതും.
എം.ഡി.എം.എ കേസിൽ ആദ്യം അറസ്റ്റിലായത് കോഴിക്കോട് എസ്.എസ്.കെ സ്പെഷ്യൽ എജ്യുക്കേറ്റർ ആയിട്ടുള്ള കീർത്തനയാണ്. ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള ഒരു പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയിരുന്നു. അതിൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്തിയ കായികാധ്യാപിക കൂടിയാണ് കീർത്തന. കോഴിക്കോട് ആവിക്കൽ ബീച്ച് പരിസരത്തുവച്ച് മയക്കുമരുന്നുമായി പിടിയിലായ മറ്റൊരു പ്രതിയിൽ നിന്നുമാണ് പോലീസ് അന്വേഷണം കീർത്തനയിലേക്ക് വഴിതിരിയുന്നത്.
Read: കേരളം
കരുതിയിരിക്കേണ്ട
‘ഒപ്പിയോയിഡ് ക്രൈസിസ്’
ലഹരി,
കുടിയേറ്റ തൊഴിലാളികൾ, പെരുമ്പാവൂർ:
എന്താണ് വസ്തുത?
ലഹരി;
കുറ്റകൃത്യങ്ങളുടെ
പ്രധാന ഉറവിടം
കീർത്തനയോടൊപ്പം ജോലി ചെയ്യുന്ന സഹ അധ്യാപികയാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ കാവ്യ. കീർത്തന ലഹരി ഇടപാടിൽ പിടിക്കപ്പെട്ടപ്പോൾ ഒരുമിച്ച് നടക്കുന്നവരെന്നും യാത്ര ചെയ്യുന്നവരെന്നുമുള്ളത് പരിഗണിച്ച് കാവ്യയെ ചോദ്യം ചെയ്തിരുന്നു. അപ്പോഴെല്ലാം അതുമായി ഒരു തരത്തിലുമുള്ള ബന്ധമില്ലെന്നും ഇടപാടിൽ കൈയില്ലെന്നും വാദിച്ച കാവ്യയുടെ ബാങ്ക് ഇടപാടുകളും മറ്റും സത്യം പുറത്തെത്തിക്കുകയായിരുന്നു. കൂടാതെ, ആളുകളിലേക്ക് ലഹരി മരുന്നുകൾ വ്യാപിപ്പിക്കാൻ കാരണമാവുന്ന വലിയൊരു ശൃഖലയിലെ കണ്ണിയാണ് കീർത്തനയും കാവ്യയുമെന്നും തെളിയുകയായിരുന്നു. കേസിൽ മൂന്നാമത് അറസ്റ്റിലായ അധ്യാപിക കോഴിക്കോട് പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക നീഷ്മയാണ്. മറ്റു രണ്ട് അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയതുപോലെ നീഷ്‌മയുടെ അക്കൗണ്ടിലേക്കും പണം അയച്ചതായി കണ്ടെത്തുകയായിരുന്നു.
ലഹരി ആവശ്യമുള്ളവർ പിടിയിലായ അധ്യാപികമാർക്ക് പണം അയച്ചുകൊടുക്കുകയും പണം കിട്ടിയ ഉടൻ ലഹരി കിട്ടുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ തിരിച്ചയക്കുകയും ചെയ്യുന്നു. അതുവഴി ലഹരി ആവശ്യമായവർ അയച്ചു കിട്ടിയ ലൊക്കേഷനിൽ ചെന്ന് മറ്റൊരു ഏജന്റ് വഴി ലഹരി വാങ്ങുക എന്നതാണ് ഇവർ ചെയ്യുന്ന രീതി. അറസ്റ്റിലായ അധ്യാപികമാരിലൊരാൾ ബൺ മസ്കയുടെ വിൽപ്പന നടത്തിയതായി നാട്ടുകാർ പറയുന്നുണ്ട്. അതുവഴിയാണ് ലഹരിക്കേസിൽ പിടിയിലായ 23-കാരനും ഡെലിവറി ജോലി ചെയ്യുന്നതുമായ ജിജിൻ കുര്യാക്കോസുമായി ഇടപാട് തുടങ്ങിയതെന്നാണ് സംശയം. ഇവർക്ക് കൂടുതൽ വലിയ ലഹരി മാഫിയകളുമായി ബന്ധമുണ്ടെന്നുള്ള സംശയവും നിലനിൽക്കുന്നുണ്ട്. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവാക്കളും വിദ്യാർത്ഥികളും ഈ അധ്യാപികമാരുമായി ലഹരി ഇടപാട് നടത്തിയതായി പോലീസ് കണ്ടെത്തലുകളുണ്ട്. മാത്രവുമല്ല, പിടിയിലായ അധ്യാപികമാരും സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നതായി സംശയമുണ്ടെന്ന് പോലീസ് പറയുന്നു. അധ്യാപികമാരുടെ അക്കൗണ്ടിലേക്ക് നടന്ന എല്ലാ പണമിടപാടുകളും പരിശോധിക്കുകയും അതുവഴി ഇവരുമായി ലഹരിക്കുവേണ്ടി ബന്ധപ്പെട്ട എല്ലാ ബന്ധങ്ങളും പരിശോധിക്കുകയും ചെയ്യലാണ് അടുത്ത നടപടി. കൂടാതെ, ബെംഗളൂരുവിൽ ഇവർ പതിവായി നടത്തിയ യാത്രകളെപ്പറ്റിയും അന്വേഷണം നടത്തുന്നുണ്ട്. എസ്.ഐ.ടി മുഖേന വ്യാപക അന്വേഷണത്തിനാണ് ഉത്തരവായിട്ടുള്ളത്.

ഒരു വർഷത്തിനിടെ 99 ലക്ഷം രൂപയുടെ ഇടപാടാണ് ലഹരി ഇടപാട് നടത്തുന്ന യുവാവും അധ്യാപികമാരും നടത്തിയിട്ടുള്ളത്. പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ഇനിയും കൂടുതൽ അധ്യാപകർ ലഹരി ഇടപാടിലെ കണ്ണിയായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ജിജിൻ കുര്യാക്കോസ് എന്ന യുവാവാണ് ലഹരി ഇടപാടിലെ പ്രധാന കണ്ണികളിൽ ഒരാൾ. അയാൾ മുഖേനയാണ് അധ്യാപികമാരുടെ ലഹരി ഇടപാടുകൾ നടന്നുവന്നിരുന്നത്. അധ്യാപകരായതുകൊണ്ട് ആരും സംശയിക്കില്ലെന്ന ചിന്താഗതികളായിരിക്കാം ഒരുപക്ഷെ അവരെ ഇതുമായി തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോയത്.
എന്നാൽ, ഇപ്പോഴത്തെ ഈ മൂന്നു കേസുകൾ മാത്രമല്ല അധ്യാപകർ ഇടപ്പെട്ടിട്ടുള്ള ലഹരി ഇടപാട് കേസുകൾ. 2025-ൽ തൃശൂരിലും സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ട്. 2024-ൽ ബംഗളൂരുവിൽ നിന്ന് 200 ഗ്രാം എം.ഡി.എം.എയും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്ന കണ്ണൂർ സ്വദേശിയായ അധ്യാപകനാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീണ്ടും പിടിയിലാവുന്നത്. തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും, ഈ കേസിലെ വിചാരണയ്ക്കായി കോടതിയിലേക്ക് പോകുന്നതിനിടയിൽ വൻ ലഹരിശേഖരവുമായി ഇയാൾ വീണ്ടും പിടിയിലായി. എം.എസ്.സി, എം.എഡ്, പി.എച്ച്.ഡി തുടങ്ങിയ ഉയർന്ന യോഗ്യതകളുള്ള അധ്യാപകനായിരുന്നു അയാൾ. അധ്യാപക ജോലിയുടെ മറവിൽ കൂടുതൽ വരുമാനം ലക്ഷ്യമിട്ട് ലഹരിക്കടത്തിലേക്കും വിപണനത്തിലേക്കും തിരിയുന്ന ഒരുപാട് അധ്യാപകർ നമുക്കിടയിലുണ്ട്.
കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇതിന്റെ വേരുകൾ. മറ്റ് സംസ്ഥാനങ്ങളുടെ പങ്കും വലുതാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കും കേരളത്തിൽ നിന്നും പുറത്തേക്കും ലഹരിമരുന്നുകളുടെ ഒഴുക്ക് നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ആന്ധ്രാപ്രദേശിൽ ജോലി ചെയ്തിരുന്ന മലയാളിയായ അധ്യാപകൻ ലഹരി കൈവശം വെച്ചതിന് തമിഴ്‌നാട്- കേരളം അതിർത്തിയിൽനിന്ന് അറസ്റ്റിലായത് ഏറെ ചർച്ചകൾക്ക് വഴിവച്ച ഒന്നായിരുന്നു. സ്കൂൾ കുട്ടികൾക്കും ചെറുപ്പക്കാർക്കും കഞ്ചാവും ലഹരി ഗുളികകളും വിൽക്കാൻ ശ്രമിച്ചതിന് ചില സ്വകാര്യ/ ട്യൂഷൻ അധ്യാപകരും സ്കൂൾ ജീവനക്കാരും എക്സൈസിന്റെയും പോലീസിന്റെയും പിടിയിലായിട്ടുണ്ടായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ലഹരി ഇടപാടിന് പുതിയ പുതിയ കണ്ണികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നത് വ്യക്തമാണ്. ഗ്രാമങ്ങൾ, സ്കൂളുകൾ, കോളേജ് ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ച് ഈ ലഹരി ശൃംഖലകൾ സജീവമാണ്. ലഹരി ഉപയോഗത്തോടൊപ്പം സംസ്ഥാനത്ത് വർധിച്ചു വരുന്ന ഒന്നാണ് ലഹരി ഉപയോഗം മൂലമുണ്ടാകുന്ന അക്രമങ്ങൾ, ഗാർഹിക പീഡനങ്ങൾ, ക്വട്ടേഷൻ ആക്രമണങ്ങൾ, റോഡപകടങ്ങൾ എന്നിവ. സാമൂഹിക നീതി മന്ത്രാലയത്തിന്റെ (Ministry of Social Justice and Empowerment) പഠനങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ ഏകദേശം മൂന്ന് കോടിയോളം ആളുകൾ കഞ്ചാവും ഒരു കോടിയിലധികം ആളുകൾ ഒപ്പിയോയിഡുകളും (Opioids) ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും 15 നും 35 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്.
പരമ്പരാഗത ലഹരിവസ്തുക്കളിൽ നിന്ന് വീര്യം കൂടിയ സിന്തറ്റിക് ലഹരികളിലേക്കുള്ള (Synthetic Drugs) മാറ്റമാണ് ഇതിൽ ഏറ്റവും ആശങ്കാജനകം. കഞ്ചാവിനും മദ്യത്തിനും ഉപരിയായി മെത്താംഫിറ്റമിൻ (MDMA), സ്റ്റാമ്പ് (LSD), ക്രിസ്റ്റൽ, ഹാഷിഷ് ഓയിൽ തുടങ്ങിയ രാസലഹരികളുടെ വിപണനവും ഉപയോഗവും കൂടുതലാണ്.
സംസ്ഥാനത്ത് എക്സൈസും പോലീസും രജിസ്റ്റർ ചെയ്യുന്ന എൻ.ഡി.പി.എസ് (Narcotic Drugs and Psychotropic Substances) കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് സംഭവിച്ചിട്ടുള്ളത്. പ്രതിവർഷം 20,000 മുതൽ 25,000 ത്തിലുമധികം കേസുകൾ വരെയാണ് നിലവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇത് 5,000 ത്തിൽ താഴെയായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം, രാജ്യവ്യാപകമായി പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ അളവിലും രജിസ്റ്റർ ചെയ്യുന്ന കേസുകളിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 30 ശതമാനം മുതൽ 50 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും ഇന്ത്യയിലേക്ക് ലഹരി മരുന്നുകൾ എത്താൻ സാധ്യതയുള്ള രണ്ടു വഴികളാണ് ഗോൾഡൻ ക്രസന്റ് (Golden Crescent), ഗോൾഡൻ ട്രയാംഗിൾ (Golden Triangle) എന്നിവ. ഗോൾഡൻ ക്രസന്റിൽ വരുന്നതാണ് ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ അതിർത്തി എന്നിവ. ഗോൾഡൻ ട്രയാംഗിളിൽ വരുന്നതാണ് മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് വഴി. സമുദ്രമാർഗ്ഗവും (Maritime route) ഡ്രോണുകൾ വഴിയും അതിർത്തി കടന്നുള്ള ലഹരികടത്ത് നടക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ലോകം മുഴുവൻ ഒരു ചങ്ങല പോലെ ലഹരി വിത്തുകൾ ഇതിനോടകം പാകിക്കഴിഞ്ഞുവെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാവുന്നത്. കേരള പോലീസ് നടത്തിവരുന്ന ഓപ്പറേഷൻ തൂഫാനിലൂടെ എത്രയെത്ര ആളുകളാണ് ദിനംപ്രതി അറസ്റ്റിലായിക്കൊണ്ടിരിക്കുന്നത്. ലഹരിക്കെതിരെ പ്ലക്കാർഡുകൾ പിടിക്കുന്നവർ വരെ പിറ്റേന്ന് പ്രതികളാവുന്ന കാഴ്ചയാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്.

കേവലം ഒരു ക്രമസമാധാന പ്രശ്നം എന്നതിനപ്പുറം, ലഹരി വ്യാപനം ഗുരുതരമായ ഒരു സാമൂഹിക-ആരോഗ്യ അപായമായി മാറിയിരിക്കുകയാണ്. ഇതുകാരണം പോലീസും എക്സൈസും ബോധവൽക്കരണവും പരിശോധനകളും ശക്തമാക്കി വരുന്നു. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുമുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരി വ്യാപനം പൂർണമായും തടയാൻ സാധിച്ചാൽ ഒരു പരിധിവരെ കേരളത്തെ സംരക്ഷിക്കാം. ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീർക്കുകയുമാണ് ഇനി പ്രധാനമായും ചെയ്യേണ്ടത്. സംസ്ഥാന സർക്കാർ നിലവിൽ നടപ്പാക്കുന്ന Operation Toofan ഈ പാതയിലാണ് സഞ്ചരിക്കുന്നത്. വടകരയിൽ അധ്യാപികമാർ അറസ്റ്റിലായതും കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം നീണ്ടതുമെല്ലാം ഇതിൻെറ ഭാഗമായാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചും, വിദ്യാഭ്യാസ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും ശക്തമായി അന്വേഷങ്ങൾ നടക്കേണ്ടതുണ്ട്. അന്വേഷണങ്ങൾക്ക് തുടർച്ചയുണ്ടാവുകയും പൊതുജനങ്ങൾക്ക് കൂടുതൽ ബോധവൽക്കരണം നൽകുകയും പൊതുജന - സർക്കാർ സംവിധാനങ്ങളുടെ ഏകോപനവും ഉണ്ടായാലേ ലഹരിമാഫിയയുടെ പിടിയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ.

