വിദൂരസ്ഥനായ അപരിചിതൻ വിരുന്നുവരുന്ന ദിവസം

മനുഷ്യൻ പരിമിതികളെ മറികടക്കാൻ വർഷങ്ങൾ എടുക്കുമെങ്കിലും ഇല്ലെങ്കിലും നമ്മളെക്കാൾ ബുദ്ധിമാന്മാരായ ജീവികൾ നമ്മെ കാണാൻ വരുന്നതാണ് അന്നും ഇന്നും എന്റെ യഥാർത്ഥ സ്വപ്നം. സർവത്തിന്റെയും ഉടയവൻ എന്ന് സ്വയം അഹങ്കരിച്ച് ഈ ഭൂമിയുടെ ജൈവഘടനയെ മുഴുവൻ തച്ചുടയ്ക്കാൻ ശ്രമിക്കുന്ന ഈ മനുഷ്യജീവിയുടെ നിസാരത അവർ നമുക്ക് ബോധ്യപ്പെടുത്തി തരുന്ന ഒരു ദിവസം... പ്രമുഖ എഴുത്തുകാരന്റെ വെറുമൊരു ശാസ്ത്രകൽപിതവിചാരമല്ലിത്, ഈ പ്രപഞ്ചത്തിൽ നാം തനിച്ചല്ല എന്ന പ്രതീക്ഷാനിർഭരമായ മാനസികയുക്തിയാണ്.

രിക്കുന്നതിനുമുമ്പ് ഈ ലോകത്തിൽ സംഭവിച്ചു കാണാൻ ആഗ്രഹിക്കുന്നതെന്ത് എന്ന് ഒരിക്കൽ ഒരു ചോദ്യം വന്നപ്പോൾ ആലോചനക്ക് രണ്ടാമതൊരു വകയുമില്ലാതെ ഞാൻ പറഞ്ഞത്, ഒരു അന്യഗ്രഹജീവി ഭൂമി സന്ദർശിക്കുന്നത് കാണണം എന്നായിരുന്നു. ചിന്തിക്കാനും സ്വപ്നം കാണാനും തുടങ്ങിയ കാലം മുതലേയുള്ള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു അത്. വിദൂരത്തിൽ നിന്ന് വിരുന്നുവന്ന അപരിചിതനായ വിരുന്നുകാരൻ!

ഒരുദിവസം കാലത്ത് പത്രം തുറക്കുമ്പോൾ എട്ടുകോളം തലക്കെട്ടിൽ അങ്ങനെ ഒരു വാർത്ത പ്രത്യക്ഷപ്പെടുന്നത് അന്നും ഇന്നും എന്റെ സ്വപ്നങ്ങളുടെ ഭാഗമാണ്. ഈ പ്രപഞ്ചത്തിൽ ഇപ്പോൾ നാം എത്ര അനാഥരാണ് എന്നോർക്കുമ്പോഴാണ് ആ സ്വപ്നം വീണ്ടും വീണ്ടും എന്നെ തേടി വരിക.

അല്ലെങ്കിൽ ആലോചിച്ച് നോക്കൂ, കാറ്റും മഴയും ഇടിയും മിന്നലുമുള്ള ഒരു രാത്രി തന്റെ കുടിലിൽ തനിച്ചായിപ്പോയ ഒരു കുട്ടിയെപ്പോലെയല്ലേ അനന്തവിശാലവും സങ്കീർണമായ ഘടനയുമുള്ള ഈ പ്രപഞ്ചത്തിൽ നമ്മുടെ ഭൂമിയും നമ്മൾ മനുഷ്യരും. അവന് ഈ പ്രപഞ്ചത്തിന്റെ മറുകോണിൽ എവിടെയോ ഒരു കൂട്ടുണ്ടെന്നറിയുന്നത്, അവൻ തനിച്ചല്ല എന്നറിയുന്നത് എത്ര ആശ്വാസകരമായിരിക്കും.

  ചിത്രീകരണം  / ദേവപ്രകാശ്
ചിത്രീകരണം / ദേവപ്രകാശ്

ഈ ഭൂമിയിൽ നിന്ന് ഇത്തിരി ദൂരെ മാറി നിന്ന് ഈ പ്രപഞ്ചത്തെ ഒന്ന് നോക്കാൻ ശ്രമിച്ചാൽ എന്താവും നാം കാണുക? അവിശ്വസനീയ വേഗതയിൽ പാറി നടക്കുന്ന ഗാലക്‌സികൾ, കൂട്ടിയിടിക്കുന്ന നക്ഷത്രങ്ങൾ, ആകാശത്തിന്റെ ചാത്തനേറ് പോലെ ഉൽക്ക പ്രവാഹം, കറങ്ങി നടക്കുന്ന വാൽനക്ഷങ്ങൾ, അൾട്രാ വലയറ്റ് രശ്മികൾ, പുതിയതായി പിറക്കുന്ന നക്ഷത്രങ്ങൾ, മരിച്ച് തമോഗർത്തങ്ങൾ ആവുന്നവ, ഭീമൻ സൂര്യന്മാർ. അതിലേക്ക് വന്നു പതിക്കുന്ന ഗ്രഹങ്ങൾ.

അതിഭീകരമായ ഈ കലാപദേശത്തിനിടയിലാണ് നമ്മുടെ കൊച്ചു ഭൂമി ഇത്തിരി ജീവനെയും അടുക്കിപ്പിടിച്ച് കഴിഞ്ഞു കൂടുന്നത്. അവനൊരു കൂട്ട് ഇല്ല എന്നു വന്നാൽ.

ഭൂമി ഒരു അപൂർവതയല്ല

നിശ്ചയമായും അങ്ങ് വിദൂരങ്ങളിൽ എവിടെയോ ഒരിടത്ത്, അല്ല പലയിടങ്ങളിൽ, ആരൊക്കെയോ ഉണ്ട് എന്നു തന്നെയാണ് എന്റെ വിശ്വാസം. യൂറോപ്യന്മാർ സഞ്ചാരങ്ങളും വെട്ടിപ്പിടുത്തങ്ങളും തുടങ്ങുന്നതിനും മുൻപ് വിദൂരസ്ഥമായ ഒരു ദ്വീപിൽ കഴിഞ്ഞിരുന്ന മനുഷ്യർ തങ്ങൾ അല്ലാതെ ഈ ഭൂമിയിൽ മറ്റാരും ഉണ്ടാവാൻ ഇടയില്ല എന്ന് വിശ്വസിച്ചതിനു തുല്യമാണ് ഇപ്പോഴത്തെ നമ്മുടെ ഏകാന്തത.

പ്രപഞ്ചഘടനയും സ്വഭാവവും വച്ചു നോക്കുമ്പോൾ ഭൂമി ഒരു അപൂർവതയല്ല, ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന് സമാനമായ സാഹചര്യങ്ങൾ (സൂര്യനിൽ നിന്നുള്ള അകലം, ജലം വായു എന്നിവയുടെ സാന്നിദ്ധ്യം) സൃഷ്ടിക്കപ്പെടുക എന്നത് അത്ര പ്രയാസകരമായ കാര്യമേയല്ല.

പക്ഷേ അവിടെയുള്ള ജീവികൾ മനുഷ്യർക്ക് സമാനർ ആണോ? നമ്മെപ്പോലെ രൂപമുള്ളവർ, നമ്മെപ്പോലെ ഭാഷ ഉപയോഗിക്കുന്നവർ, ബുദ്ധിയുള്ളവർ, ചിന്താശേഷിയുള്ളവർ? ഈ ഭൂമിയിലെ തന്നെ വ്യത്യസ്ത ഇടങ്ങളിൽ ഉരുവംകൊണ്ട ജീവികൾ ഓരോന്നും പരിസ്ഥിതിക്കിണങ്ങും വിധം വ്യത്യസ്തരായി പരിണമിച്ചെങ്കിൽ ഒരു വിദൂരഗ്രഹത്തിൽ നടക്കുന്ന പരിണാമപ്രക്രിയയെ നമുക്ക് സ്വപ്നം കാണാൻ പോലും കഴിഞ്ഞെന്നുവരില്ല.

അവർ ഭൂമിയിൽ എത്തിയാൽ മനുഷ്യജീവിയോടുതന്നെ സംവദിക്കണം എന്ന് ശഠിക്കുവാനാകുമോ? അവ പരസ്പരം സംവദിക്കുന്നത്, കാണുകയും കേൾക്കുകയും ചെയ്യുന്നത്, വവ്വാലുകളെ പോലെ തരംഗങ്ങൾ കൊണ്ടാണെങ്കിൽ അവയ്ക്ക് എങ്ങനെയാവും മനുഷ്യനോട് ഇടപെടാൻ കഴിയുക? ഇനി അഥവാ തങ്ങൾക്ക് വളരെ അടുത്തു നിൽക്കുന്നു എന്നു തോന്നിയ വവ്വാലുകളോട് സംസാരിച്ചിട്ടു പോയാൽ അവ ഈ ഭൂമിയെക്കുറിച്ച് എന്താവും അവർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടാകുക? നമ്മുടെ കപ്പലുകളെ കുറിച്ച്, വിമാനങ്ങളെക്കുറിച്ച്, ആണവ നിലയങ്ങളെക്കുറിച്ച് ,റേഡിയോയെക്കുറിച്ച് ഒക്കെ അവക്ക് പറഞ്ഞു കൊടുക്കാനാവുമോ?

ഇനി അന്യഗ്രഹജീവികൾ വെള്ളത്തിൽ ജീവിക്കുന്നവ ആണെന്ന് കരുതുക? അവ വന്ന് നീല തിമിംഗലങ്ങളെയും ഡോൾഫിനുകളെയും കണ്ടിട്ട് പോയാൽ അവ ഈ ഭൂമിയെക്കുറിച്ച് എന്താവും മനസിലാക്കുക?

ഈ ഭൂമിയെക്കുറിച്ച്, പ്രപഞ്ചത്തെക്കുറിച്ച് നാം മനസിലാക്കിയിട്ടുള്ളതിൽ കുറച്ച് ഉറുമ്പുകളോട് പറഞ്ഞു കൊടുക്കാം എന്നു നാം കരുതിയാൽ എങ്ങനെയുണ്ടാവും? അതുപോലെ സ്വന്തം ബുദ്ധിയുമായി തട്ടിച്ചു നോക്കിയിട്ട് അവർ നമ്മെ വെറും ഉറുമ്പുകളെ പോലെ ആയിരിക്കുമോ കണ്ടിരിക്കുക? ആയുസിലും ബുദ്ധിയിലും ഒട്ടും വളർച്ചയില്ലാതെ തമ്മിത്തല്ലി ജീവിക്കുന്ന കുറേ പീക്കിരി ജീവികൾ എന്ന്?

പെട്ടെന്ന് ഒരാധി വന്നു പൊതിയുന്നു

ഈ ഭാവനകൾ പോലും പ്രപഞ്ചത്തിന്റെ അനന്ത വൈവിധ്യത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനുള്ള പരിമിതിയെയാണ് കാണിക്കുന്നത്. മീനുകൾ ബഹിരാകാശ ജീവികളെ സ്വപ്നം കണ്ടാൽ അവയ്ക്ക് മീനുകളുടെ രൂപമാവും ഉണ്ടാകുക എന്നർത്ഥം വരുന്ന ഒരു ഷോർട് ഫിലിം ഓർമ വരുന്നു. അതേ പരിമിതി നമ്മൾ മനുഷ്യർക്കും ഉണ്ട്. മനുഷ്യരൂപത്തിന് ചെറിയ വക ഭേദങ്ങൾ വരുത്തിയ ജീവികളെയാണ് നാം സ്വപ്നങ്ങളിൽ വരച്ചുണ്ടാക്കിയിരിക്കുന്നത്. അല്ലെങ്കിൽ ഇന്ന് ഭൂമിയിൽ കാണുന്ന തരം ജീവികളെപോലെ.

എന്നാൽ നമ്മുടെ കാഴ്ചക്കും കേൾവിക്കും പരിമിതിയുണ്ട്. ആ സ്‌പെക്ട്രത്തിനു പുറത്തു നിൽക്കുന്ന ഒരു ജീവി ഉണ്ടെങ്കിൽ അതിനെ കാണാനോ കേൾക്കാനോ നമുക്ക് സാധിക്കുകയേയില്ല.

എക്‌സ്‌റേ രശ്മികളുടെ രൂപത്തിൽ ഉള്ളവയാണെങ്കിൽ? അൾട്രാസോണിക് ശബ്ദത്തിന്റെ രൂപത്തിൽ? അമീബയെപ്പോലെ ഒരു സൂക്ഷജീവിയ്ക്ക് ഈ പ്രപഞ്ചത്തിന്റെ മുഴുവൻ ഘടനയും തിരിച്ചറിയാനുള്ള ബുദ്ധിശക്തിയുണ്ടെങ്കിൽ? അവ ഭൂമി പലപ്രാവശ്യം സന്ദർശിച്ചിട്ടുണ്ടെങ്കിൽ? നാം എങ്ങനെയാണ് അവയെ കാണുക, അവയോട് സംവദിക്കുക?

ഇനി ജലത്തിലും വായുവിലും അല്ലാതെ ശൂന്യതയിൽ ജീവിക്കാൻ കഴിയുന്ന ജീവികൾ ആണെങ്കിൽ? പ്ലാസ്മ പോലെ അല്ലെങ്കിൽ നമുക്കറിയാത്ത ഏതെങ്കിലും അന്തരീക്ഷത്തിൽ ജീവിക്കുന്ന ജീവികൾ ആണെങ്കിൽ? അവർക്ക് വായുവിൽ പ്രവേശിക്കുമ്പോൾ ശ്വാസം മുട്ടില്ലേ? മീനുകൾക്ക് ജലം എന്നതുപോലെ അവറ്റകൾക്ക് മറ്റേതെങ്കിലും വാതകമോ നമുക്ക് പരിചയമില്ലാത്ത മറ്റേതെങ്കിലും അന്തരീക്ഷമോ ആണ് വേണ്ടതെങ്കിലോ? അവർ ഈ ഭൂമിയിൽ ഇറങ്ങാൻ ശ്രമിച്ച് അവർക്ക് വേണ്ട കാർബൺ മോണോക്‌സൈഡ് കിട്ടാതെയും ഓക്‌സിജൻ എന്നൊരു വിഷ വാതകം ശ്വസിച്ചും മരിച്ചിട്ടുങ്കെിലോ?
വിമാനത്തിൽ സഞ്ചരിക്കുമ്പോഴൊക്കെ ഈ ആശയം ആധി പോലെ എന്നെ വന്നുമൂടും. "ആകാശ'ത്തിനും പുറത്തുകടന്ന് സഞ്ചരിക്കുമ്പോഴാണ് നാം വായു എന്നൊരു ചില്ലുകൂട്ടിൽ അടയ്ക്കപ്പെട്ട പാവം ജീവികളാണ് എന്ന് ശരിക്കും ഓർമ വരിക. ആകാശത്തുനിന്ന് ഭൂമിയിലേക്ക് നോക്കുമ്പോൾ, ജലത്തിൽ മീനുകളെ പോലെയാണ് വായുവിനുള്ളിലെ മനുഷ്യനെ കാണുക.

ചില വിമാനയാത്രകളിൽ അനന്തമായ മേഘപ്പരപ്പല്ലാതെ മറ്റൊന്നും കാണാനുണ്ടാവില്ല. അപ്പോൾ പെട്ടെന്ന് ഒരാധി വന്നു പൊതിയും. വല്ല അന്യഗ്രഹജീവികളും ബഹുദൂരം താണ്ടി ഭൂമിക്കുമുകളിൽ വന്നു നോക്കുമ്പോൾ ഇവിടെ ഒന്നുമില്ല, ഇവിടെയുള്ളത് കുറച്ച് മേഘപടലങ്ങൾ മാത്രം എന്ന് വിധിയെഴുതി തിരിച്ചുപോകുമോ എന്ന ആധിയാണത്.

അവ ഭ്രാന്തന്മാരുടെ ദിവാസ്വപ്നങ്ങളായിരുന്നില്ല...
അന്യഗ്രഹജീവികൾ വരുന്നത് പറക്കും തളികയിൽ ആയിരിക്കും എന്നത് മനുഷ്യന്റെ മറ്റൊരു പരിമിതഭാവനയാണ്. ഈ ദൂരമൊക്കെ താണ്ടാൻ കൃത്രിമ ഉപകരണങ്ങൾക്കുപകരം ധൂമകേതുക്കൾ പോലെ പ്രാപഞ്ചിക വസ്തുക്കളെ ആവാം അവർ ഉപയോഗപ്പെടുത്തുക എന്ന് ഞാൻ അനുമാനിക്കുന്നു.

ഇപ്പോൾ തന്നെ ഭൂമിക്കരികിലൂടെ വന്നുപോകുന്ന അത്തരം വസ്തുക്കളിൽ ചിലതെങ്കിലും അന്യഗ്രഹത്തിൽ നിന്ന് നിരീക്ഷണത്തിനയച്ച ഉപഗ്രഹങ്ങൾ അല്ല എന്ന് നമുക്ക് തറപ്പിച്ചു പറയാനാവുമോ?

അന്യഗ്രഹജീവികളെ മനുഷ്യന്റെയോ മറ്റ് ജീവികളുടെയോ സമന്മാരായി കാണുന്ന ചിന്തകളിലാണ് മേൽ വിചാരങ്ങൾ ഒക്കെ വരിക. എന്നാൽ അതീവ ബുദ്ധിശാലിയായ ഏതെങ്കിലും അന്യഗ്രഹജീവി അവന്റെ നേരമ്പോക്കിനു സൃഷ്ടിച്ചെടുത്ത ചിന്ന പൂന്തോട്ടം മാത്രമാണ് ഈ ഭൂമിയെങ്കിലോ? അവന്റെ കണ്ണിലെ ഉറുമ്പുകളായ നമ്മൾ ഇവിടെക്കിടന്ന് കാണിക്കുന്ന കോപ്രായങ്ങൾ ഒക്കെ കണ്ട് ആ ജീവി ആർത്ത് ചിരിക്കുന്നുണ്ടാവുമോ? അതോ, എന്നോ സൃഷ്ടിച്ച് കുറെക്കാലം പരിപാലിച്ച് പിന്നെ ബോറടിച്ചിട്ട് ഉപേക്ഷിച്ചു കളഞ്ഞ പാഴ്‌നിലമാണോ ഇത്?

അതുമല്ലെങ്കിൽ അകലെയുള്ള ഏതോ അന്യഗ്രഹത്തിലുള്ളവർ പരീക്ഷണശാല പോലെ കൊണ്ടുനടന്ന ഈ ഭൂമിയെ അവരുടെ കാലശേഷം ആ ഗ്രഹത്തിലുള്ളവർ എന്നന്നേക്കുമായി മറന്നുകളഞ്ഞതോ? അവിടുത്തെ പുതുതലമുറയിൽ പെട്ട ചരിത്രാന്വേഷകൻ തങ്ങളുടെ പുരാതന ചരിത്രം തേടിപ്പോവുകയും പൂർവികർ ഇങ്ങനെയൊരു ജീവസ്ഥലി നിർമിച്ച് ഉപേക്ഷിച്ച് കളഞ്ഞെന്ന് കണ്ടെത്തുകയും അവർ ഈ ഗ്രഹം തേടി വീണ്ടും വരികയും ചെയ്യുമോ?
മനുഷ്യൻ ഇനി എന്നെങ്കിലും അന്യഗ്രഹജീവികളെ തേടി സൗരയൂഥത്തിനും ഗാലക്‌സിയ്ക്കും പുറത്തേക്ക് സഞ്ചരിക്കുമോ? അവർ നമ്മളെ തേടി വന്നില്ലെങ്കിൽ നമ്മൾ അവരെ തേടിപ്പോകുമോ?

ചൊവ്വയിൽ ജീവിക്കുക, ചന്ദ്രനിൽ കപ്പ നടുക തുടങ്ങിയ പരിമിത സ്വപ്നങ്ങൾ അവൻ എന്നെങ്കിലും നേടിയെടുത്താലും അതിനപ്പുറത്തേക്ക് സഞ്ചരിക്കാൻ അവന് കഴിഞ്ഞുകൊള്ളണമെന്നില്ല. രണ്ട് വലിയ പരിമിതികളാണ് അതിനു തടസം, ഒന്ന് മനുഷ്യന്റെ ആയുസ്, രണ്ടാമത് വായുവിന്റെ അവശ്യകത. ഇതു രണ്ടും മറികടക്കാനാവാതെ നമുക്ക് സൗരയൂഥത്തിനു പുറത്തുപോലും കടക്കാനാവില്ല.

അല്ലെങ്കിൽ മാനസിക വേഗത്തിൽ സഞ്ചരിക്കാനാവുന്ന വാഹനങ്ങൾ കണ്ടെത്തണം.

ചിന്ത കൊണ്ട് നമുക്ക് നാനൂറു കോടി പ്രകാശവർഷം അപ്പുറത്തു നിൽക്കുന്ന ഒരിടത്തിലേക്ക് സഞ്ചരിക്കാൻ സമയമൊന്നും വേണ്ടല്ലോ. അപ്പോൾ നാം മറികടക്കേണ്ട മൂന്നാമത്തെ കാര്യം സമയമാണ്.

ഒരുകാലത്ത് തീർത്തും അസാധ്യമെന്ന് കരുതിയ പലതും സാധിച്ചെടുത്ത ചരിത്രമാണ് മനുഷ്യനുള്ളത്. ഫറവോയുടെ കാലത്ത് വിമാനവും യേശുവിന്റെ കാലത്ത് ലൈവ് ടെലികാസ്റ്റും ഏതെങ്കിലും ഭ്രാന്തന്മാരുടെ ദിവാസ്വപ്നം മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ നമ്മളത് യാഥാർത്ഥ്യമാക്കിയില്ലേ? അതുകൊണ്ട് എന്നെങ്കിലും ഒരിക്കൽ മനുഷ്യൻ ഈ കടമ്പകളെ മറികടക്കും എന്ന് ആശിക്കാനാണ് തോന്നുന്നത്.

ബെന്യാമിന്റെ മറ്റു എഴുത്തുകൾ വായിക്കാം:

നിശബ്ദ സഞ്ചാരങ്ങൾ നോവൽഭാഗം

ഇന്ത്യ മുസ്‌ലിം വിരുദ്ധമാവുകയാണെങ്കിൽ പ്രവാസത്തിന്റെ ഭാവി

എം.എൽ.എ ശബരീനാഥന് എഴുത്തുകാരൻ ബെന്യാമിന്റെ കത്ത്‌


Summary: മനുഷ്യൻ പരിമിതികളെ മറികടക്കാൻ വർഷങ്ങൾ എടുക്കുമെങ്കിലും ഇല്ലെങ്കിലും നമ്മളെക്കാൾ ബുദ്ധിമാന്മാരായ ജീവികൾ നമ്മെ കാണാൻ വരുന്നതാണ് അന്നും ഇന്നും എന്റെ യഥാർത്ഥ സ്വപ്നം. സർവത്തിന്റെയും ഉടയവൻ എന്ന് സ്വയം അഹങ്കരിച്ച് ഈ ഭൂമിയുടെ ജൈവഘടനയെ മുഴുവൻ തച്ചുടയ്ക്കാൻ ശ്രമിക്കുന്ന ഈ മനുഷ്യജീവിയുടെ നിസാരത അവർ നമുക്ക് ബോധ്യപ്പെടുത്തി തരുന്ന ഒരു ദിവസം... പ്രമുഖ എഴുത്തുകാരന്റെ വെറുമൊരു ശാസ്ത്രകൽപിതവിചാരമല്ലിത്, ഈ പ്രപഞ്ചത്തിൽ നാം തനിച്ചല്ല എന്ന പ്രതീക്ഷാനിർഭരമായ മാനസികയുക്തിയാണ്.


ബെന്യാമിൻ

കഥാകൃത്ത്​, നോവലിസ്​റ്റ്​. അക്കപ്പോരിന്റെ 20 നസ്രാണിവർഷങ്ങൾ, ആടുജീവിതം, അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ, നിശ്ശബ്​ദസഞ്ചാരങ്ങൾ എന്നിവ പ്രധാന നോവലുകൾ.

Comments