വനം- വന്യജീവി റിപ്പോർട്ടിങ്ങിലെ കള്ളത്തരങ്ങൾ,
ആരാണ് മാധ്യമങ്ങളെ ഓഡിറ്റ് ചെയ്യേണ്ടത്?

മലയോര- വനാതിർത്തികളിലെ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനുള്ള കൂട്ടായ പരിശ്രമങ്ങൾക്കിടയിൽ വാസ്തവവിരുദ്ധമായ കണക്കുകളാണ് അവതരിപ്പിക്കപ്പെടുന്നതെന്ന് പ്രസൂൺ കിരൺ കൃത്യമായ ഡാറ്റകൾ വെച്ചുകൊണ്ട് വിശദീകരിക്കുന്നു. കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തെക്കുറിച്ചുള്ള വ്യാജ വിവരങ്ങൾ പടച്ചുവിടുന്നതിനുപുറകിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം എഴുതുന്നു.

നം- വന്യജീവി വിഷയങ്ങൾ മുൻപില്ലാത്തവിധം ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. മനുഷ്യ-വന്യജീവി സമ്പർക്കങ്ങളുമായി ബന്ധപ്പെട്ട സംവാദങ്ങൾ ഭരണതലങ്ങളിലും പരിസ്ഥിതി-സാമൂഹിക രംഗങ്ങളിലും ദിനചർച്ചയായി രൂപപ്പെട്ടു. സംവാദങ്ങൾ കക്ഷിരാഷ്ട്രീയ മാനം കൂടി കൈവരിച്ചതോടെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതര സംഘടനകളും വിഷയത്തെ പ്രാധാന്യത്തോടെ പരിഗണിക്കാനും തുടങ്ങി.

പരിസ്ഥിതി സംബന്ധിയായ സ്ഥിതിവിവരക്കണക്കുകളും സംവാദങ്ങളിൽ സുപ്രധാനമായതോടെ മുഖ്യധാരാ മാധ്യമങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും നടക്കുന്ന ചർച്ചകൾ കൂടുതൽ സൂക്ഷ്മമായി മാറി. അതേസമയം, ആധികാരികമായ ഡാറ്റ നിലനിൽക്കേതന്നെ വ്യാജ വിവരങ്ങൾ പങ്കുവെച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാധ്യമങ്ങളും തുല്യപങ്കാളികളായി. സമീപനാളുകളിലെ ചർച്ചകളിലും മാധ്യമവാർത്തകളിലും തെറ്റായ കണക്കുകളും, വസ്തുതകളെ പരിഗണിക്കാതെയുള്ള പൊള്ളയായ അവതരണങ്ങളും വ്യാപകമായതോടെ വിഷയം വിമർശനാത്മകമായി പരിശോധിക്കേണ്ട സാഹചര്യം വന്നു. പൂർണമായും മനുഷ്യകേന്ദ്രിതമായ രീതിയിലേക്ക് ഭൂരിപക്ഷം വാർത്തകളും മാറിയപ്പോൾ, സെൻസേഷണൽ വാർത്തകൾ നിർമ്മിക്കുന്നതിലേക്കും അതുവഴി ഏറ്റവും കൂടുതൽ ആളുകളെ തങ്ങളിലെത്തിക്കാനും നൈതികതയില്ലാത്ത രീതികളെ ആശ്രയിക്കുന്നതിൽ തെറ്റില്ലെന്ന നവകാല മീഡിയാ സിദ്ധാന്തത്തിലേക്കും എല്ലാവരും എത്തിച്ചേർന്നു. ഇത്തരം സംഘടിത ശ്രമങ്ങൾ, മാധ്യമങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകരിലേക്കും അവരിൽനിന്ന് പോളിസി മേക്കേഴ്സിലേക്കും കടന്നുചെല്ലാൻ തുടങ്ങിയപ്പോഴാണ് വിഷയം അപകടകരമായ ഒന്നായി പരിണമിച്ചത്.

സംസ്ഥാനത്തെ മലയോര- വനാതിർത്തികളിലെ സാധാരണക്കാരായ കർഷകർ നേരിടുന്ന വ്യത്യസ്തങ്ങളായ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനുള്ള കൂട്ടായ പരിശ്രമങ്ങൾക്കിടയിലാണ് വാസ്തവവിരുദ്ധമായ കണക്കുകൾ കൂടി പൊതുസമൂഹത്തിന് മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്. അത്തരത്തിൽ, പ്രതിപക്ഷ നേതാവ് 23.01.24 ന് നിയമസഭയിൽ നടത്തിയ വാക്കൗട്ട് പ്രസംഗത്തിലും മലയാളം വാരികയിൽ എഴുതിയ ലേഖനത്തിലും, വയനാട്ടിൽ 154 കടുവകളെന്ന തെറ്റായ കണക്കുകളാണ് അദ്ദേഹം ഉൾപ്പെടുത്തിയത്. സംസ്ഥാന വനംവകുപ്പ് തന്നെ സോഷ്യൽ മീഡിയയിലൂടെയും പത്രക്കുറിപ്പിലൂടെയും ഒരു വർഷം മുൻപ് യഥാർത്ഥ കണക്ക് ബോധ്യപ്പെടുത്തിയിരുന്ന സാഹചര്യത്തിലാണ്, വീണ്ടും തെറ്റായ കണക്കുകൾ പ്രതിപക്ഷനേതാവിലൂടെ പുനരവതരിപ്പിക്കപ്പെട്ടത്.

വയനാട്ടിലെ വ്യാജ കടുവാ തിയറികളും ആനക്കണക്കും; ചില വാസ്തവങ്ങൾ

പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മലയാളം വാരികയിൽ എഴുതിയ ലേഖനത്തിലെ ഭാഗം. വയനാട്ടിൽ 154 കടുവകളെന്ന തെറ്റായ കണക്കുകളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മലയാളം വാരികയിൽ എഴുതിയ ലേഖനത്തിലെ ഭാഗം. വയനാട്ടിൽ 154 കടുവകളെന്ന തെറ്റായ കണക്കുകളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

1138 ചതുരശ്ര കിലോമീറ്റർ വരുന്ന അതിവിസ്തൃതമായ വയനാട് ലാൻഡ് സ്കേപ്പിലെ ആകെ കടുവകളുടെ എണ്ണത്തെ 344 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള വയനാട് വന്യജീവി സങ്കേതത്തിന്റേതുമാത്രമാക്കി തെറ്റിദ്ധരിപ്പിച്ചും, NTCA യുടെ (The National Tiger Conservation Authority -NTCA) കണക്ക് പ്രകാരമുള്ള 80 കടുവകളെ 154 ആക്കിയും ഇരട്ടിപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു അന്ന് ചില സംഘടനകൾ ചെയ്തത്. സമീപകാലങ്ങളിൽ നടന്നിട്ടുള്ള സംഘർഷങ്ങളും പ്രതിഷേധങ്ങളും ശ്രദ്ധിച്ചാൽ, ജനങ്ങളെ പരിഭ്രാന്തരാക്കുംവിധം കടുവകളുടെ എണ്ണം പെരുപ്പിച്ച് പ്രചരിപ്പിക്കുന്നതായി കാണാം.

2017- ൽ നിന്ന് 2023-24 ആകുമ്പോഴേക്കും 51% ത്തിന്റെ കുറവാണ് കേരള അതിർത്തിക്കുള്ളിലെ കാട്ടാനകളുടെ എണ്ണത്തിൽ സംഭവിച്ചിട്ടുള്ളത്. നമ്മുടെ മാധ്യമ സംവാദങ്ങളിലൊന്നും ഇതൊരു വിഷയമായി ഉയർന്നുവരിക പോലും ചെയ്യാറില്ല.

നടന്ന അക്രമസംഭവങ്ങളിലെല്ലാം വ്യാപകമായി മുൻനിർത്തിയത് കടുവകൾ വർദ്ധിക്കുന്നു എന്ന വാദമായിരുന്നു. തെറ്റായ കണക്കുകൾ എങ്ങനെ പ്രത്യക്ഷ പ്രകോപനമാകും എന്നതിന്റെ തെളിവ് കൂടിയായിരുന്നു അത്. കാട്ടാനകളുടെ എണ്ണം വർദ്ധിക്കുന്നുവെന്നും അതിനാൽ അവയെ കൊന്നൊടുക്കണമെന്നു പോലും നിരന്തരം മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും സംഘടനകളും വനംവകുപ്പിന്റെ സർവ്വേ പ്രകാരമുള്ള ആനകളുടെ യഥാർത്ഥ എണ്ണം പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നതും, അവ വനംവകുപ്പ് വ്യാജമായി നിർമ്മിച്ചതാണെന്ന് പോലും വാദിക്കുന്നതായും കാണാം.

2017- ൽ നിന്ന് 2023-24 ആകുമ്പോഴേക്കും 51% ത്തിന്റെ കുറവാണ് കേരള അതിർത്തിക്കുള്ളിലെ കാട്ടാനകളുടെ എണ്ണത്തിൽ സംഭവിച്ചിട്ടുള്ളത്. നമ്മുടെ മാധ്യമ സംവാദങ്ങളിലൊന്നും ഇതൊരു വിഷയമായി ഉയർന്നുവരിക പോലും ചെയ്യാറില്ല. പകരം, രാഷ്ട്രീയമായി ഉയരുന്ന വ്യാജവാദങ്ങളെ അതേപടി ഏറ്റെടുക്കുകയായിരുന്നു ദൃശ്യ- പത്ര മാധ്യമങ്ങൾ ചെയ്തത്. തോട്ടങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള വനവിസ്തൃതി കണക്കുകൾ കാണിച്ച് കേരളത്തിൽ ആവശ്യത്തിലധികം മനുഷ്യ ഇടപെടലുകളില്ലാത്ത വനം ബാക്കികിടപ്പുണ്ടെന്ന് ഒരു വിഭാഗം നിരന്തരം പ്രചരിപ്പിക്കുമ്പോഴാണ്, വന്യജീവികളുടെ എണ്ണവും പെരുപ്പിച്ച് പ്രചരിപ്പിക്കുന്നത്. അത്തരം വ്യാജ നറേറ്റീവുകൾ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകർ കൂടി ഏറ്റെടുക്കുമ്പോൾ, ദുരൂഹലക്ഷ്യം മുൻനിർത്തി അത് നിർമ്മിച്ചുവിടുന്നവരുടെ ലക്ഷ്യം വിജയിക്കുക കൂടിയാണ്.

വനം വകുപ്പ് ഒരു വർഷം മുൻപ് പ്രസിദ്ധീകരിച്ച, കടുവകളുടെ എണ്ണത്തെക്കുറിച്ചുള്ള യഥാർത്ഥ കണക്ക്.
വനം വകുപ്പ് ഒരു വർഷം മുൻപ് പ്രസിദ്ധീകരിച്ച, കടുവകളുടെ എണ്ണത്തെക്കുറിച്ചുള്ള യഥാർത്ഥ കണക്ക്.

ഒട്ടും നിഷ്കളങ്കമല്ല,
ഡാറ്റ ദുരുപയോഗം

ഫെബ്രുവരി 14ന് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ടൈറ്റിൽ കാർഡ് ഇങ്ങനെയായിരുന്നു: ‘‘1000 വേണ്ടിടത്ത് 6000 കാട്ടാനകൾ, മന്ത്രിയും വനംവകുപ്പും മറയ്ക്കുന്നതെന്ത്?’’
പരിഹാസ്യമായ നിഗമനങ്ങൾ നിറഞ്ഞ ഒരു ലേഖനമാണ് മനോരമ പോലൊരു മാധ്യമം പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയമായും സാമൂഹികമായും നിരന്തര പ്രതിഷേധങ്ങൾക്കിടയാകുന്ന ഒരു വിഷയത്തിൽ വാസ്തവുമായി വിദൂരബന്ധം പോലും ഇല്ലാത്ത നുണകൾ വലിയ പ്രാധാന്യത്തോടെ പ്ലെയ്സ് ചെയ്യപ്പെട്ടു. പണം നൽകിയാൽ മാത്രം വായിക്കാവുന്ന പ്രീമിയം കണ്ടന്റായാണ് മനോരമ ഇത് പ്രസിദ്ധീകരിച്ചത്. അതേ ദിവസം തന്നെ, “പെരുകുന്ന വന്യമൃഗങ്ങളും ഒട്ടും ന്യൂജൻ ആവാത്ത പ്രതിരോധവും” എന്ന കാർഡിറക്കിയാണ് മാതൃഭൂമി ഓൺലൈൻ മനോരമയോട് ആഭിമുഖ്യം പ്രകടിപ്പിച്ചത്. എന്നാൽ കൂടിയ മൃഗങ്ങൾ ഏതൊക്കെയെന്നും, കൂടിയെന്നതിന്റെ തെളിവെന്താണെന്നതിനും ഒരൊറ്റ ഡാറ്റ പോലും സ്റ്റോറിയിൽ എവിടെയും കാണാനുമില്ല. പ്രത്യേക അജണ്ട വച്ച് പ്രവർത്തിക്കുന്ന സംഘങ്ങളും ഏതാനും വ്ലോഗർമാരും പടച്ചുവിടുന്ന പോസ്റ്റുകളായിരുന്നു ഈ അറിവുകളുടെ ആധാരമെന്ന് സോഷ്യൽ മീഡിയയിൽ വിഷയം ഫോളോ ചെയ്യുന്നവർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്നതേയുള്ളൂ.

തോട്ടങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള വനവിസ്തൃതി കണക്കുകൾ കാണിച്ച് കേരളത്തിൽ ആവശ്യത്തിലധികം മനുഷ്യ ഇടപെടലുകളില്ലാത്ത വനം ബാക്കികിടപ്പുണ്ടെന്ന് ഒരു വിഭാഗം നിരന്തരം പ്രചരിപ്പിക്കുമ്പോഴാണ്, വന്യജീവികളുടെ എണ്ണവും പെരുപ്പിച്ച് പ്രചരിപ്പിക്കുന്നത്.

“ബേലൂർ മഖ്ന വീണ്ടും വയനാട് വന്യജീവി സങ്കേതത്തിൽ; ആശങ്കയോടെ ജനം” എന്ന് കഴിഞ്ഞ ജനുവരി നാലിനാണ് മാതൃഭൂമി ഓൺലൈൻ വാർത്ത നൽകിയത്. കാട്ടാന വയനാട് വന്യജീവി സങ്കേതത്തിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചുപോയെന്നും വാർത്തയുടെ ഉള്ളിൽ പറയുന്നുണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടാണ് ആന തിരിച്ചുപോയെന്നത് ടൈറ്റിലിൽ നൽകിയില്ല എന്നിടത്താണ് വാർത്തയിലെ കുശാഗ്രത വെളിപ്പെടുന്നത്. റേഡിയോ കോളർ സിഗ്നൽ ഡീകോഡ് ചെയ്ത് യഥാസമയം എങ്ങനെയാണ് ജേണലിസ്റ്റുകൾക്ക് ലഭിച്ചതെന്നത് മാധ്യമ സ്വാതന്ത്ര്യത്തിലെ ചോദ്യമല്ലയെങ്കിലും, ആന വയനാട് വന്യജീവി സങ്കേതത്തിന്റെ ഉള്ളിൽ എത്തിയെന്ന കാര്യം മാതൃഭൂമി റിപ്പോർട്ടറും വനംവകുപ്പിലെ ഇൻഫോർമറും മാത്രം അറിഞ്ഞിരിക്കെ, എങ്ങനെയാണ് വാർത്ത വരും മുൻപേ ‘ജനം ആശങ്കയിൽ’ ആകുന്നതെന്നതാണ് ഇതിലെ യഥാർത്ഥ ചോദ്യം. പക്ഷേ, ന്യായമായ ഇത്തരം സംശയങ്ങളുമായി ആരുംതന്നെ ഈ തരംതാഴ്ന്ന ജേർണലിസത്തെ ചോദ്യം ചെയ്യാൻ മുതിർന്നില്ല.

ഫെബ്രുവരി 14ന് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ടൈറ്റിൽ കാർഡ് ഇങ്ങനെയായിരുന്നു: ‘‘1000 വേണ്ടിടത്ത് 6000 കാട്ടാനകൾ, മന്ത്രിയും വനംവകുപ്പും മറയ്ക്കുന്നതെന്ത്?’’ 
രാഷ്ട്രീയമായും സാമൂഹികമായും നിരന്തര പ്രതിഷേധങ്ങൾക്കിടയാകുന്ന ഒരു വിഷയത്തിൽ വാസ്തവുമായി വിദൂരബന്ധം പോലും ഇല്ലാത്ത നുണകൾ വലിയ പ്രാധാന്യത്തോടെ പ്ലെയ്സ് ചെയ്യപ്പെട്ടു.
ഫെബ്രുവരി 14ന് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ടൈറ്റിൽ കാർഡ് ഇങ്ങനെയായിരുന്നു: ‘‘1000 വേണ്ടിടത്ത് 6000 കാട്ടാനകൾ, മന്ത്രിയും വനംവകുപ്പും മറയ്ക്കുന്നതെന്ത്?’’
രാഷ്ട്രീയമായും സാമൂഹികമായും നിരന്തര പ്രതിഷേധങ്ങൾക്കിടയാകുന്ന ഒരു വിഷയത്തിൽ വാസ്തവുമായി വിദൂരബന്ധം പോലും ഇല്ലാത്ത നുണകൾ വലിയ പ്രാധാന്യത്തോടെ പ്ലെയ്സ് ചെയ്യപ്പെട്ടു.

ജനുവരി 25ന് 24 ന്യൂസ് പബ്ലിഷ് ചെയ്ത കാർഡിലെ കണക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാൽ, മറ്റവസരങ്ങളിലെന്ന പോലെ പബ്ലിഷ് ചെയ്ത കണക്കുകളിലായിരുന്നില്ല ഇവിടെ പിശക് സംഭവിച്ചത്, പകരം, യഥാർത്ഥ കണക്കുകളെ തങ്ങളുടെ വാർത്താവൈകൃതത്തിനായി ഒളിച്ചുവെക്കുകയായിരുന്നു ചെയ്തത്.

2011 മുതൽ 2025 വരെയുള്ള കാലയളവിൽ വന്യജീവി ആക്രമണങ്ങളിൽ 1523 പേർ മരിച്ചെന്നും അതിൽ കാട്ടാന കാരണം 273 / കടുവ 11 / കാട്ടുപന്നി 63 / കാട്ടുപോത്ത് 9 പേർ വീതം എന്നിങ്ങനെയും വിശദമായി അടയാളപ്പെടുത്തിയിരുന്നു. എന്നാൽ, 24 ന്യൂസ് പറഞ്ഞ 2011 മുതൽ 2025 ജനുവരി 24 വരേക്കും 1149 പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. 1149 മരണങ്ങളെ ഒളിപ്പിച്ച് നിർത്തി ഗൂഢലക്ഷ്യത്തോടെ തങ്ങൾക്ക് ആവശ്യമുള്ളവ മാത്രം ചേർത്ത് കാർഡ് അടിച്ചിറക്കുകയാണ് ചാനൽ ചെയ്തത്.

‘പത്ത് വർഷങ്ങൾക്കിടെ അറുപതിനായിരം ആക്രമണങ്ങൾ’ എന്ന പ്രയോഗം മാധ്യമചർച്ചകളിൽ വ്യാപകമാണ്. ഇതിന്റെ വാസ്തവം എന്താണ്?

ന്യൂസ് മലയാളം ജനുവരി 5ന് നൽകിയ ഒരു കാർഡിൽ, ‘കാടിറങ്ങുന്ന വന്യത, ഏഴ് വർഷത്തിനിടെ ഏറ്റവും കൂടുതൽ ആക്രമണം 2023-24ൽ, മരണസംഖ്യ 184’ എന്നും രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഡിപ്പാർട്ട്മെന്റ് ഡാറ്റ പ്രകാരം ആ കാലയളവിൽ 94 മരണങ്ങളാണ് നടന്നിട്ടുള്ളതെന്നും, ഒപ്പം അത്രയും മരണങ്ങളിൽ 184 നഷ്ടപരിഹാര അപേക്ഷകൾ ഉണ്ടായിട്ടുണ്ടെന്നും കാണാം. യഥാർത്ഥത്തിൽ മരണശേഷം അടുത്ത ബന്ധുക്കളുടെ പേരിലുണ്ടായിട്ടുള്ള ‘Number of Applicants 184’ എന്നതിനെ മരണനിരക്കാക്കി ചിത്രീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. മരിച്ചവർ ‘Number of Applicants’ ആകില്ല എന്ന വാർത്താശേഖരണത്തിലെ, ഡാറ്റാ വായനയിലെ പ്രാഥമിക കാര്യം ഇവിടെ ഓർമ്മിക്കപ്പെടുകയുണ്ടായില്ല. എത്ര ലക്ഷം ആളുകൾ ഈ തെറ്റായ വാർത്ത വിശ്വസിച്ചിരിക്കുമെന്നതും, ഒരു സാറ്റലൈറ്റ് ചാനലിന്റെ കാർഡിന് എത്രമാത്രം വിശ്വാസ്യത ആളുകൾ കൽപ്പിക്കും എന്നതുമാണ് ഈ വിഷയത്തിലെ പ്രധാനകാര്യം.

ന്യൂസ് മലയാളം നൽകിയ ഒരു കാർഡിൽ, ഏഴ് വർഷത്തിനിടെ ഏറ്റവും കൂടുതൽ ആക്രമണം 2023-24ൽ, മരണസംഖ്യ 184’ എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഡിപ്പാർട്ട്മെന്റ് ഡാറ്റ പ്രകാരം ആ കാലയളവിൽ 94 മരണങ്ങളാണ് നടന്നിട്ടുള്ളത്, അത്രയും മരണങ്ങളിൽ 184 നഷ്ടപരിഹാര അപേക്ഷകൾ ഉണ്ടായി. മരണശേഷം അടുത്ത ബന്ധുക്കളുടെ പേരിലുണ്ടായിട്ടുള്ള  ‘Number of Applicants 184’ എന്നതിനെ മരണനിരക്കാക്കി ചിത്രീകരിക്കുകയായിരുന്നു.
ന്യൂസ് മലയാളം നൽകിയ ഒരു കാർഡിൽ, ഏഴ് വർഷത്തിനിടെ ഏറ്റവും കൂടുതൽ ആക്രമണം 2023-24ൽ, മരണസംഖ്യ 184’ എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഡിപ്പാർട്ട്മെന്റ് ഡാറ്റ പ്രകാരം ആ കാലയളവിൽ 94 മരണങ്ങളാണ് നടന്നിട്ടുള്ളത്, അത്രയും മരണങ്ങളിൽ 184 നഷ്ടപരിഹാര അപേക്ഷകൾ ഉണ്ടായി. മരണശേഷം അടുത്ത ബന്ധുക്കളുടെ പേരിലുണ്ടായിട്ടുള്ള ‘Number of Applicants 184’ എന്നതിനെ മരണനിരക്കാക്കി ചിത്രീകരിക്കുകയായിരുന്നു.

സമാനമായി, ‘പത്ത് വർഷങ്ങൾക്കിടെ അറുപതിനായിരം ആക്രമണങ്ങൾ’ എന്ന പ്രയോഗം മാധ്യമചർച്ചകളിൽ വ്യാപകമാണ്. ഒരാന കാടിറങ്ങിയാൽ അഥവാ വനാതിർത്തി ഗ്രാമങ്ങളിലേക്ക് എത്തിച്ചേർന്നാൽ പലയിടങ്ങളിലായി സഞ്ചരിച്ചശേഷമാകും ആന തിരികെ കാട് കയറുന്നത്. ആന നടന്നുപോകുന്ന വഴികളിലെ ചെറുതും വലുതുമായ നാശനഷ്ടങ്ങളെല്ലാം ‘Number of Applicants’ എന്ന നിലയിൽ എണ്ണപ്പെടും. ആന കടന്നുപോയിട്ടുള്ള സ്ഥലഉടമകളെല്ലാം മേൽപ്പറഞ്ഞ അറുപതിനായിരത്തിന്റെ എണ്ണത്തിലേക്ക് രേഖപ്പെടുത്തപ്പെടും. ഒരാന കാടിറങ്ങി ഒരു കിലോമീറ്റർ സഞ്ചരിച്ച് തിരികെ കയറിയാലും, ചെറുതും വലുതുമായ പത്തോ ഇരുപതോ അതിലധികമോ പരാതികൾ സംഭവിക്കാം. എന്നാൽ, അറുപതിനായിരം അപേക്ഷകർ എന്നതിനെ ‘അറുപതിനായിരം തവണ വന്യമൃഗങ്ങൾ കാടിറങ്ങി‘യെന്ന രീതിയിലാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

ജനുവരി 25ന്  24 ന്യൂസ് പബ്ലിഷ് ചെയ്ത കാർഡിലെ കണക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാൽ, പബ്ലിഷ് ചെയ്ത കണക്കുകളിലായിരുന്നില്ല ഇവിടെ പിശക് സംഭവിച്ചത്, പകരം, യഥാർത്ഥ കണക്കുകളെ തങ്ങളുടെ വാർത്താവൈകൃതത്തിനായി ഒളിച്ചുവെക്കുകയായിരുന്നുത്.
ജനുവരി 25ന് 24 ന്യൂസ് പബ്ലിഷ് ചെയ്ത കാർഡിലെ കണക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാൽ, പബ്ലിഷ് ചെയ്ത കണക്കുകളിലായിരുന്നില്ല ഇവിടെ പിശക് സംഭവിച്ചത്, പകരം, യഥാർത്ഥ കണക്കുകളെ തങ്ങളുടെ വാർത്താവൈകൃതത്തിനായി ഒളിച്ചുവെക്കുകയായിരുന്നുത്.

കാലാവസ്ഥയും, വിലയിടിവും പോലുള്ള അനവധി വെല്ലുവിളികളെ തരണം ചെയ്താണ് കർഷകർ മലയോരങ്ങളിൽ അതിജീവിക്കുന്നത്. കൃഷിക്ക് മേലെ ചെറുതും വലുതുമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ള സാഹചര്യങ്ങൾ നിരവധിയാണ്. ഭരണസംവിധാനം ഏറ്റവും മുൻഗണന നൽകേണ്ട വിഷയമാണിത്. പക്ഷേ, സംസ്ഥാനത്തിന്റെ സവിശേഷമായ ഭൂപ്രകൃതി കാരണമുണ്ടാകുന്ന പരിമിതികളെക്കൂടി ഉൾക്കൊള്ളാതെയാണ് പ്രതികരണങ്ങൾ നിർമിക്കപ്പെടുന്നത്. വ്യാജകണക്കുകളുടെ അവതരണങ്ങളാണ് ഇതിന് പിൻബലമാകുന്നത്.

സംരക്ഷിത വനത്തിലെ
മനുഷ്യമരണങ്ങൾ, എന്താണ് വാസ്തവം?

പത്ത് വർഷങ്ങൾക്കിടയിലെ നഷ്ടക്കണക്കുകൾ ഒറ്റയായി പറയുമ്പോൾ തന്നെ സംസ്ഥാനത്തിന്റെ വനാതിർത്തിയുടെ നീളം 16,845 km ദൂരമാണെന്നും, അതിൽ 4,500 കിലോമീറ്ററിലധികം ദൂരം സദാ മനുഷ്യ ഇടപെടലുകൾ ഉള്ളവയാണെന്നും, 5079 കിലോമീറ്റർ റോഡുകൾ വനംവകുപ്പിന്റെ നിയന്ത്രണത്തിൽ ഉള്ളതാണെന്നുകൂടി കാണേണ്ടതുണ്ട്. ഒപ്പം, 750 ഗ്രാമങ്ങളാണ് പൂർണമായും വനങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നത്. സംരക്ഷണ വനത്തിനുള്ളിലൂടെയല്ലാതെ ഇവിടങ്ങളിലേക്ക് മനുഷ്യരുടെ ദിനസഞ്ചാരങ്ങൾ സാധ്യവുമല്ല. സമാനമായി ലക്ഷക്കണക്കിന് വാഹനങ്ങൾ മേല്പറഞ്ഞ വനപാതകളിലൂടെ ദിവസേന സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. മനുഷ്യ-വന്യജീവി സമ്പർക്ക സാധ്യത എത്രമാത്രം വിപുലമാണെന്നും അതിന്റെ എത്ര നേരിയ ശതമാനമാണ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും തിരിച്ചറിയാൻ ഇത് സഹായിക്കും.

2016 മുതൽ ആയിരം പേർ മരിച്ചെന്ന് പറയുമ്പോൾ, അതിൽ എത്ര ശതമാനം ആളുകൾ പാമ്പ് കടിയേറ്റ് മരിച്ചവരാണെന്നത് പറയാതിരിക്കാൻ മാധ്യമങ്ങൾ കാണിക്കുന്ന സജീവ ശ്രദ്ധ ചെറുതൊന്നുമല്ല.

അവതരിപ്പിക്കപ്പെടാത്ത
കണക്കുകൾ

വന്യജീവി ആക്രമണങ്ങളെന്ന പേരിൽ നമ്പരുകൾ പ്രചരിപ്പിക്കുന്നതിലും അലസ സമീപനമാണ്. മേൽ ഉദാഹരിച്ചതുപോലെ, 2016 മുതൽ ആയിരം പേർ മരിച്ചെന്ന് പറയുമ്പോൾ, അതിൽ എത്ര ശതമാനം ആളുകൾ പാമ്പ് കടിയേറ്റ് മരിച്ചവരാണെന്നത് പറയാതിരിക്കാൻ മാധ്യമങ്ങൾ കാണിക്കുന്ന സജീവ ശ്രദ്ധ ചെറുതൊന്നുമല്ല.

2021-22 സാമ്പത്തിക വർഷം മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിൽ കൊല്ലപ്പെട്ട 306 പേരിൽ 147 പേരും പാമ്പ് കടിയേറ്റ് മരിച്ചവരായിരുന്നു. 2017-18 മുതൽ 2024-25 വരെയുള്ള ദീർഘമായ കാലയളവിൽ മനുഷ്യ- വന്യജീവി സംഘർഷങ്ങളിൽ മരിച്ചതായി ഡിപ്പാർട്ട്മെന്റ് രേഖപ്പെടുത്തിയ ആകെ 817 മരണങ്ങളിൽ 63% അഥവാ, 516 എണ്ണവും പാമ്പുകടി മരണങ്ങളായിരുന്നു. അതിലാവട്ടെ, എട്ട് വർഷങ്ങൾക്കിടയിൽ കാട്ടാന കാരണം രേഖപ്പെടുത്തപ്പെട്ട മരണങ്ങളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുള്ളതായും കാണാം.

2021-22 ൽ 35 മരണങ്ങൾ സംഭവിച്ചിടത്ത് 2022-23 ൽ 27 ആയും 2023-24 ൽ 22 ആയും കുറഞ്ഞുവന്നു. 2024-25 കലണ്ടർ ഇയർ അവസാനിക്കാറായപ്പോൾ 19 ആണ്. ഇത് പലരും പറയുന്നതിലും പ്രചരിപ്പിക്കുന്നതിലും നിന്ന് വിഭിന്നമായി സംഘർഷം കുറയുകയാണ് എന്നതിന്റെ പ്രത്യക്ഷസൂചനയാണ്. മേൽ സൂചിപ്പിച്ചതിൽ 13 മരണങ്ങളും നടന്നത് സംരക്ഷിത വനത്തിനുള്ളിലാണ് എന്നത് പ്രത്യേകം ഓർമിക്കപ്പെടണം. അതിൽതന്നെ, മരിച്ചവരിൽ 11 പേരും ആദിവാസികളായിരുന്നു. സംരക്ഷിത വനത്തിനുള്ളിൽ മരിച്ചവരിൽ ആദിവാസികളല്ലാത്ത 4 പേരുണ്ട്. വ്യത്യസ്തമായി പരിഗണിക്കപ്പെടേണ്ട ഈ വിഷയങ്ങളെല്ലാം കാട്ടാന ആക്രമണമെന്ന പേരിൽ ഒരൊറ്റ ലിസ്റ്റ് ആയാണ് നമുക്കു മുന്നിലേക്ക് വരുന്നത്.

2017-18 മുതൽ 2024-25 വരെയുള്ള ദീർഘമായ കാലയളവിൽ മനുഷ്യ- വന്യജീവി സംഘർഷങ്ങളിൽ മരിച്ചതായി ഡിപ്പാർട്ട്മെന്റ് രേഖപ്പെടുത്തിയ ആകെ 817 മരണങ്ങളിൽ 63% അഥവാ, 516 എണ്ണവും പാമ്പുകടി മരണങ്ങളായിരുന്നു.
2017-18 മുതൽ 2024-25 വരെയുള്ള ദീർഘമായ കാലയളവിൽ മനുഷ്യ- വന്യജീവി സംഘർഷങ്ങളിൽ മരിച്ചതായി ഡിപ്പാർട്ട്മെന്റ് രേഖപ്പെടുത്തിയ ആകെ 817 മരണങ്ങളിൽ 63% അഥവാ, 516 എണ്ണവും പാമ്പുകടി മരണങ്ങളായിരുന്നു.

വനാതിർത്തിക്ക് പുറത്തല്ലാതെ സംരക്ഷിത വനത്തിൽ നടക്കുന്ന മരണങ്ങളെ പ്രതിരോധിക്കാൻ വനംവകുപ്പിന് പോലും യാതൊന്നും ചെയ്യുക സാധ്യവുമല്ല. അവസാന മൂന്ന് വർഷങ്ങളിൽ കടന്നലിന്റെയും, തേനീച്ചയുടേയും കുത്തേറ്റ് 46 പേരാണ് മരിച്ചത്. എന്നാൽ ഈ കാലയളവിൽ 3 പേരാണ് കടുവ കാരണം മരിച്ചത്. എന്നാൽ, ഏറ്റവും കൂടുതൽ രാഷ്ട്രീയ വിഷയമാക്കപ്പെടുന്നതും കടുവയുമായി ബന്ധപ്പെട്ടവയാണ്.

എല്ലാ അപകടങ്ങളെയും മരണങ്ങളെയും ഒരേ ഫോർമാറ്റിൽ വ്യാഖ്യാനിക്കുന്നതിന്റെ അപാകതയെ വെളിപ്പെടുത്തുന്നതാണീ സ്ഥിതിവിവരക്കണക്കുകൾ. നാടെന്നോ കാടെന്നോ ഭേദമില്ലാതെ ചേർക്കപ്പെടുന്ന ലിസ്റ്റാണിത്. ഇൻഫോ പാർക്കിൽ വച്ചോ, പാളയം മാർക്കറ്റിൽ വച്ചോ, തേക്കടി വനത്തിൽ നിന്നോ ആരെയെങ്കിലും പാമ്പ് കടിച്ചാലും ആ ദിവസത്തെ ‘വന്യജീവി ആക്രമണം’ എന്ന പേരിലാണ് ഇത് സർക്കാർ രേഖകളിൽ അടയാളപ്പെടുന്നത്. അതിനാലാണ് ഈ വിഷയങ്ങളെ കുറച്ചുകൂടി സംയമനത്തോടെ നമ്മൾ കാണേണ്ടതുണ്ട് എന്ന് പറയുന്നത്.

അവസാന പത്ത് വർഷങ്ങൾക്കിടയിൽ വന്യജീവി ഇടപെടലുകൾ കാരണം 8741 മനുഷ്യർക്കാണ് പരിക്കേറ്റതെങ്കിൽ, ഇതേ കാലയളവിൽ പേവിഷ ബാധമൂലം പരിക്കേറ്റവരുടെ എണ്ണം 17,39,651 ആണെന്ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട ഒരു കണക്കിൽ പറയുന്നു.

ഒന്നുകൂടി വ്യക്തമാകുമ്പോൾ, 2024 ആയപ്പോഴേക്കും, പാമ്പ് കടിച്ചുള്ള മരണങ്ങൾ അഞ്ചിൽ ഒന്നായി കുറയുകയാണ് ചെയ്തിട്ടുള്ളതെന്ന് കാണാം. സ്വാഭാവികമായും ഇത് വന്യജീവി സംഘർഷങ്ങളിലെ ആകെ മരണസംഖ്യയിലും പ്രതിഫലിക്കും. 2019- ൽ 123 പാമ്പുകടി മരണങ്ങൾ രേഖപ്പെടുത്തിയ സ്ഥാനത്ത് 2024 ഫെബ്രുവരി 20 വരേയ്ക്കുള്ള കാലയളവിൽ 30 മരണങ്ങൾ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. വിഷപ്പാമ്പുകളെ പിടികൂടാൻ ലൈസൻസുള്ള 2,400 പേർ പങ്കെടുത്ത ഈ ഉദ്യമത്തിന്റെ ഭാഗമായി 15,822 പാമ്പുകളെയാണ് 2024- ൽ മാത്രം പിടികൂടി വനത്തിൽ വിട്ടത്. ‘സർപ്പ പ്രൊജക്റ്റ്’ നിലവിൽ വന്ന നാല് വർഷക്കാലത്തിനിടയ്ക്ക് 48,000 പാമ്പുകളെയാണ് ആകെ റീ ലൊക്കേറ്റ് ചെയ്തത്. ഇത്രയധികം പാമ്പുകളെ റീ ലൊക്കേറ്റ് ചെയ്യുന്നത് അതത് മേഖലകളിൽ ഉണ്ടാക്കുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥ എത്രമാത്രം വലുതാണെന്ന ആലോചന ഒരു സമാന്തര വിഷയമായി നിൽക്കുമ്പോഴും, മനുഷ്യവാസ മേഖലകളിൽ അത്തരം പ്രവർത്തനങ്ങൾ സാധൂകരിക്കപ്പെട്ടേക്കാം. ഇതോടൊപ്പം പരിശോധിക്കേണ്ട മറ്റൊരു വിഷയം, അവസാന പത്ത് വർഷങ്ങൾക്കിടയിൽ വന്യജീവി ഇടപെടലുകൾ കാരണം 8741 മനുഷ്യർക്കാണ് പരിക്കേറ്റതെങ്കിൽ, ഇതേ കാലയളവിൽ പേവിഷ ബാധമൂലം പരിക്കേറ്റവരുടെ എണ്ണം 17,39,651 ആണെന്ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട ഒരു കണക്കിൽ പറയുന്നു. സംസ്ഥാനത്ത് 2019 വരെ 2,89,986 തെരുവ് നായകൾ ഉണ്ടെന്നാണ് ഏകദേശ കണക്കെടുത്തിട്ടുള്ളത്. ഒന്ന് മറ്റൊന്നിനെ സാധൂകരിക്കില്ലെങ്കിലും, പതിനേഴര ലക്ഷം മനുഷ്യർക്ക് പരിക്കേറ്റ വിഷയവും, 8741 പേർക്ക് പരിക്കേറ്റ വിഷയവും നമ്മുടെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ആന്തരിക രാഷ്ട്രീയം പരിശോധിക്കപ്പെടാൻ ഇത് സഹായകമാകും.

2024 ആയപ്പോഴേക്കും, പാമ്പ് കടിച്ചുള്ള മരണങ്ങൾ അഞ്ചിൽ ഒന്നായി കുറയുകയാണ് ചെയ്തിട്ടുള്ളതെന്ന് കാണാം. സ്വാഭാവികമായും ഇത് വന്യജീവി സംഘർഷങ്ങളിലെ ആകെ മരണസംഖ്യയിലും പ്രതിഫലിക്കും.
2024 ആയപ്പോഴേക്കും, പാമ്പ് കടിച്ചുള്ള മരണങ്ങൾ അഞ്ചിൽ ഒന്നായി കുറയുകയാണ് ചെയ്തിട്ടുള്ളതെന്ന് കാണാം. സ്വാഭാവികമായും ഇത് വന്യജീവി സംഘർഷങ്ങളിലെ ആകെ മരണസംഖ്യയിലും പ്രതിഫലിക്കും.

അജണ്ടകളിലൂടെയുള്ള പൊതുബോധനിർമ്മിതി

വയനാട്ടിൽ കടുവ സ്ത്രീയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഘർഷ സാഹചര്യങ്ങളിലെ വാർത്താവിതരണങ്ങളിലെല്ലാം തന്നെ പ്രത്യക്ഷ പ്രകോപനം വ്യക്തമായിരുന്നു. വാർത്തകളെ തത്സമയം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന സാമൂഹിക ദൗത്യം എങ്ങനെയൊക്കെയാണ് റേറ്റിംഗ് എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ള വെറും പോർവിളികളായി പരിവർത്തനപ്പെടുന്നത് എന്നത്, ആ ദിവസത്തെ വീഡിയോ കണ്ടന്റുകളിലൂടെ ഒന്ന് സ്ക്രോൾ ചെയ്താൽ കണ്ടെടുക്കാനാകും. ഒട്ടും പ്രകോപനപരമല്ലാത്ത സാഹചര്യങ്ങളിൽ പോലും ചോദ്യങ്ങളിലൂടെ ജനങ്ങളിലേക്ക് അഗ്രഷൻ കുത്തിവെക്കുന്നതെങ്ങനെയെന്നും, സന്ദർഭങ്ങളെ എങ്ങനെയൊക്കെയാണ് കലുഷിതമാക്കുന്നതെന്നും ആ ദൃശ്യങ്ങളിൽ കാണാം. തത്സമയ ക്യാമറകൾ പ്രതിഷേധങ്ങളുടെ സ്വഭാവത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നതും സാമൂഹിക മനസ്സിനെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്നും വേണ്ടത്ര നിരീക്ഷിക്കപ്പെട്ടിട്ടില്ല.

പഞ്ചാരക്കൊല്ലിയിൽ രാധയെന്ന സ്ത്രീയുടെ വീട് സന്ദർശിക്കാൻ വനംമന്ത്രിയും ഉദ്യോഗസ്ഥരും എത്തിച്ചേരുമ്പോളുള്ള സംഘർഷാത്മക സാഹചര്യത്തിനിടയിൽ, മാതൃഭൂമി ന്യൂസിൽ തത്സമയം വന്ന ഒരു സ്ക്രോൾ, കോഴിക്കോട് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയുമായി ബന്ധപ്പെട്ടതായിരുന്നു. ‘വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, പെട്ടെന്ന് തന്നെ കൂട് ഇവിടെ നിന്ന് മാറ്റാൻ ശ്രമം’ എന്നെഴുതിക്കാണിച്ചത് മനഃപൂർവ്വമായ, അനാവശ്യ പ്രകോപനമായിരുന്നുവെന്ന് എളുപ്പം മനസിലാക്കാം. ഓരോ ചാനലുകളും വൈകാരികത ആളിക്കത്തിക്കാൻ ഓൺസ്ക്രീനിൽ മത്സരിക്കുകയായിരുന്നുവെന്ന് അന്നത്തെ വിഷ്വലുകൾ കാണിച്ചുതരും. ഒറ്റ വെടിക്ക് കടുവയെ കൊല്ലാൻ ഒരു സിസ്റ്റത്തിന് സാധിക്കില്ല എന്നറിയാത്തവരായിരുന്നില്ല ചർച്ചകളിൽ വന്നിരുന്ന് ആക്രോശിച്ചിരുന്നത്. ഒരു സിസ്റ്റത്തിന് അങ്ങനെ ചിന്തിക്കുന്നതിന്, അല്ലെങ്കിൽ അതിലേക്ക് എത്തിച്ചേരുന്നതിന് ദേശീയതലത്തിൽ നിഷ്കർഷിക്കപ്പെട്ട, ഘട്ടംഘട്ടമായി അനുവർത്തിക്കേണ്ട നടപടി ക്രമങ്ങളുണ്ടെന്നതിനെ മറച്ചുപിടിച്ച് സംസാരിക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചു.

ബന്ദിപ്പൂർ ടൈഗർ റിസർവ്വിലൂടെയും വയനാട് വൈൽഡ് ലൈഫ് സാങ്ച്വറിയിലൂടെയും കടന്നുപോകുന്ന വനപാതയുടെ സമീപത്തുള്ള വന്യജീവികളെല്ലാം ഇന്ന് മീഡിയാ / വീഡിയോ കണ്ടന്റുകളാണ്.
ബന്ദിപ്പൂർ ടൈഗർ റിസർവ്വിലൂടെയും വയനാട് വൈൽഡ് ലൈഫ് സാങ്ച്വറിയിലൂടെയും കടന്നുപോകുന്ന വനപാതയുടെ സമീപത്തുള്ള വന്യജീവികളെല്ലാം ഇന്ന് മീഡിയാ / വീഡിയോ കണ്ടന്റുകളാണ്.

മസ്തകത്തിൽ മുറിവേറ്റ ആനയ്ക്ക് മയക്കുവെടിവെച്ചുവെന്ന വാർത്ത തങ്ങളിലൂടെയാണ് ആദ്യം കാണിക്കുന്നതെന്ന് ആർപ്പ് വിളിച്ച ഒരു റിപ്പോർട്ടർ തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസത്തെപ്പോലും നാണിപ്പിക്കുന്ന വിധത്തിലായിരുന്നു അന്ന് തത്സമയ കമന്ററി നടത്തിയത്. നിലമ്പൂർ വനത്തിൽ ആനകളുടെ ആക്രമണം വർദ്ധിക്കുകയാണെന്ന് പറഞ്ഞത് മനോരമയുടെ റിപ്പോർട്ടറായിരുന്നു. വനത്തിലല്ലാതെ കാട്ടാനകൾ എവിടെയാണ് വസിക്കേണ്ടതെന്നും, സംരക്ഷിത വനത്തിലെ വന്യജീവി ആക്രമണമെന്നത് ലോജിക്കലി നിലനിൽക്കുന്ന ഒന്നല്ലെന്നും റിപ്പോർട്ടർക്ക് തോന്നിയതേയില്ല എന്നതായിരുന്നു അതിലെ കൗതുകം.

ബന്ദിപ്പൂർ ടൈഗർ റിസർവ്വിലൂടെയും വയനാട് വൈൽഡ് ലൈഫ് സാങ്ച്വറിയിലൂടെയും കടന്നുപോകുന്ന വനപാതയുടെ സമീപത്തുള്ള വന്യജീവികളെല്ലാം ഇന്ന് മീഡിയാ / വീഡിയോ കണ്ടന്റുകളാണ്. സംരക്ഷിത വനത്തിലൂടെ സഞ്ചരിക്കുന്ന കാട്ടാനകൾ വഴി തടഞ്ഞു എന്ന ടൈറ്റിലുകൾ പതിവായി. ഉപദ്രവമുണ്ടാക്കാതെ റോഡ് മുറിച്ച് കടക്കുന്ന വനാതിർത്തികളിലും വനമേഖലകളിലും സമീപവാസികൾ പകർത്തി നൽകുന്ന മൊബൈൽ വീഡിയോയ്ക്ക് തുണ്ടുപൈസ നൽകി മത്സരിച്ച് വാങ്ങുന്ന അവസ്ഥയിലെത്തിയിട്ടുണ്ട് കാര്യങ്ങൾ.

“ലോറിക്ക് പോകാൻ അനുവാദമില്ല” എന്നാണ് കാട്ടുപാതയിലെ കാട്ടാന വീഡിയോ നൽകിക്കൊണ്ട് ടൈറ്റിൽ ചെയ്തത്. ഇതേ വീഡിയോ വയനാട് വിഷൻ നൽകിയത് “നടുറോഡിൽ പാഞ്ഞുവന്ന് വണ്ടി തടഞ്ഞ് കാട്ടാന” എന്നായിരുന്നു. ബന്ദിപ്പൂർ നാഷണൽ പാർക്കിലൂടെ കാട് മുറിച്ച് പോകുന്ന റോഡിന് കുറുകെ ശാന്തമായി കടന്നുപോകുന്ന കാട്ടാനയുടെ വീഡിയോയിൽ പ്രേതസിനിമയുടെ ബി ജി എം നൽകിയശേഷം, ‘ബന്ദിപ്പൂരിൽ സഞ്ചാരികളെ വിറപ്പിച്ച് കാട്ടാന’ എന്ന് കാപ്ഷൻ നൽകിയത് മീഡിയ വൺ ആയിരുന്നു. ഒരൊറ്റ മനുഷ്യനെയും നോക്കുക പോലും ചെയ്യാതെ ഏതാനും സെക്കന്റുകൾ കൊണ്ട് കാട്ടിലേക്ക് മറഞ്ഞുപോയ ഒരു കാട്ടാനയെക്കുറിച്ചാണ് ഇത്തരത്തിൽ ഇൻഹൗസ് സാഹിത്യം എഴുതപ്പെട്ടത്. എല്ലാ മീഡിയകളും ഈ വീഡിയോകളെല്ലാം ഭീകരമാക്കി നൽകുന്നതിൽ മത്സരിക്കുകയായിരുന്നു.

വനവ്യവസ്ഥകൾ ആവശ്യപ്പെടുന്നത് സൂക്ഷ്മവിശകലനങ്ങൾ

കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ടർ ചാനലിൽ ഒരു വ്ലോഗറുമായി നടന്ന അഭിമുഖത്തിൽ, നിരവധി വ്യാജവാദങ്ങളും തെറ്റായ വിവരങ്ങളുമാണ് അവതരിപ്പിക്കപ്പെട്ടത്. ആനയും കടുവയും പുലിയും പോലുള്ളവയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും, പതിറ്റാണ്ടുകളായി കേരളത്തിലെ ഒരിഞ്ച് കാട് പോലും ആരും കൈയ്യേറിയിട്ടില്ലയെന്നുമുള്ള പൊള്ളയായ വാദങ്ങൾ മറുചോദ്യങ്ങളില്ലാതെ അവതരിപ്പിക്കപ്പെട്ടു. സമാനമായി അഴിമുഖം ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, വനാവരണമാണ് ഇന്ത്യയിൽ വനമായി കണക്കാക്കുന്നതെന്നും, ആനകൾ കാട്ടിലായാലും നാട്ടിലായാലും ആ പ്രദേശം നശിപ്പിക്കുന്നവയാണെന്നുമുള്ള പരിഹാസ്യവാദമുയർത്തിയിരുന്നു. എഡിറ്റിംഗ് ടേബിൾ ഇല്ലാതെ ഈ ലേഖനം അതുപോലെ പബ്ലിഷ് ചെയ്യപ്പെട്ടു. ഇതേ മാധ്യമം ഫെബ്രുവരി 18ന് പ്രസിദ്ധീകരിച്ച ‘ആന പോലെത്തെ ആനക്കാര്യങ്ങൾ’ എന്ന ലേഖനത്തിന്റെ പ്രസക്തഭാഗം നവകാല ജേർണലിസത്തിന്റെ ദുർബലതയെ അപ്പാടെ കാണിക്കുന്ന ഒന്നായിരുന്നു. അതിലെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു:

‘‘മനസ്സിലൊന്ന് നിനച്ചാല്‍ നടത്തിയെടുക്കുന്ന ക്ഷാത്രതേജസാണ് ലീഡര്‍ കരുണാകരന്‍ എന്നും അന്നും. ഒടുവില്‍ റെയില്‍വേയുടെ പ്രത്യേക തീവണ്ടി ബോഗികളില്‍ ആനകളെ കൊണ്ടുപോകാന്‍ തീരുമാനമായി. 1982 നവംബര്‍ 1, കേരളപിറവി ദിവസം ചരിത്രത്തില്‍ ഇടം നേടിയ മഹാഗജ യാത്ര, തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മുഖ്യമന്ത്രി കെ. കരുണാകരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയൊട്ടാകെ വാര്‍ത്താപ്രാധാന്യം നേടിയ ഈ ഗജവാഹന ഘോഷയാത്രയ്ക്ക് സാക്ഷികളായി യാത്രയയ്ക്കാന്‍ രാഷ്ട്രീയക്കാരും പത്രക്കാരും അടക്കം വന്‍ ജനാവലിയുണ്ടായിരുന്നു. ഏത് നല്ല കാര്യത്തിനും ശകുനം മുടക്കികളുണ്ടാകുന്നത് നമ്മുടെ നാട്ടില്‍ പതിവാണല്ലോ ഇതിനും ഉണ്ടായി എതിര്‍പ്പ്. കരുണാകര വിരോധം ശീലമാക്കിയ ഒരു ഇടതുപക്ഷ സംഘടന കരിങ്കൊടിയുമായി ആനകളെ കൊണ്ടുപോകുന്നത് സാംസ്‌കാരിക അപചയമാണെന്ന് മുദ്രാവാക്യം വിളിച്ച് റെയില്‍വേ ട്രാക്കില്‍ സമരക്കാര്‍ കുത്തിയിരുന്നു. കളി ലീഡറോടൊ? അതും കരുണാകരന്റെ തൃശൂരില്‍? ഉത്തരവ് ഉടനെ വന്നു. അതോടെ പോലീസ് എതിര്‍പ്പുകാരെ തല്ലിയോടിച്ച് നീക്കം ചെയ്തു. അങ്ങനെ ആന ട്രെയിന്‍ യാത്ര പുറപ്പെട്ടു. 34 ആനകളും (4 ആനകള്‍ റിസര്‍വ്) 300 നടുത്ത് മനുഷ്യരുമടങ്ങുന്ന, സംഘം സുഖമായി ഡല്‍ഹിയില്‍ എത്തി…’’

അരിക്കൊമ്പൻ എന്ന് പേരിടപ്പെട്ട ഒരു കാട്ടാന നൂറു കോടിക്കുമേൽ സാമ്പത്തിക വ്യവഹാരം നടന്ന മീഡിയാ കണ്ടന്റായി മാറിയതും, മീഡിയാ എത്തിക്സിന്റെ നഗ്നത പരിപൂർണ്ണതയിലെത്തിയതും ഒരു വർഷം മുൻപാണ് മലയാളികൾ കണ്ടത്.

ജനാധിപത്യപരമായ ഒരു പ്രതിഷേധത്തെ ‘ശകുനംമുടക്കി’കളായി വ്യാഖ്യാനിച്ച് പ്രസിദ്ധീകരിക്കപ്പെടുമ്പോൾ തെളിയുന്നത് എത്രമാത്രം വിശ്വാസബന്ധിതമായവരാണ് നമ്മുടെ മാധ്യമങ്ങളിൽ എഴുതുന്നതെന്നതാണ്. നാട്ടാന ഫാൻസ് അസോസിയേഷന്റെ സ്തുതിപാഠങ്ങൾ നിറഞ്ഞ ലേഖനം നിശ്ചയമായും എല്ലാ മാധ്യമപ്രവർത്തകരും വായിച്ചിരിക്കേണ്ട ഒന്നുമാണ്. ഇന്ന് കൊണ്ടറിയുന്ന നാട്ടാനദുരന്തങ്ങളുമായി ചേർത്ത് വായിക്കുമ്പോഴാണ് ഇതിൽ കൂടുതൽ വ്യക്തത ലഭിക്കുക. ന്യൂസ് എഡിറ്ററെന്ന ഫിൽറ്ററിങ് ടേബിൾ ഇല്ലാത്ത ഇത്തരം പബ്ലിഷിങ് പൊതുബോധത്തിന് മേൽ എത്രമാത്രം പരിക്കുണ്ടാക്കുമെന്നത് തിരിച്ചറിയപ്പെടേണ്ടതുണ്ട്.

പാരിസ്ഥിതിക സമഗ്രതയെന്ന ആശയത്തെ പരിഗണിക്കാത്ത ആളുകളിലേക്ക്, അതിന്റെ സമഗ്രതയെയും, പൂർണ്ണാർത്ഥത്തെയും പരിവർത്തനപ്പെടുത്തി നൽകുകയെന്നത് ശ്രമകരമായ പ്രവൃത്തിയാണ്. പരിസ്ഥിതിയെ സാമൂഹ്യമുന്നേറ്റങ്ങളുടെ തന്നെ ഭാഗമായി കണ്ടിരുന്നവർ, അതിന്റെ സങ്കീർണ്ണതകളെ സാമാന്യഭാഷയിലേക്ക് പരിവർത്തനപ്പെടുത്തിയാണ് നിരന്തരം സംവദിച്ചുകൊണ്ടിരുന്നത്. കലാ- സാഹിത്യ പ്രവർത്തനങ്ങൾക്കപ്പുറം മാധ്യമഭാഷ ഇതിൽ ഏറ്റവും സുപ്രധാനമായ കണ്ണിയായിരുന്നു. പക്ഷേ, പുതിയകാലത്ത് പാരിസ്ഥിതികനീതിയുടെ സാമാന്യപാഠങ്ങളറിയാത്തവർ ആറന്മുള വള്ളംകളിക്കുശേഷം നേരെ വനാതിർത്തിയിലെ ‘കാട്ടാന ലൈവി’ലേക്ക് എത്തുമ്പോൾ, തങ്ങൾക്ക് മുൻപിൽ പള്ളിയോടങ്ങൾക്കുപകരം ഭൗമവ്യവസ്ഥയെത്തന്നെ നിശ്ചയിക്കുന്ന ശതകോടി ജൈവദേഹങ്ങളാണെന്നത് തിരിച്ചറിയപ്പെടാതെ പോകുകയാണ്. അതിനാൽ തന്നെയാണ് കാടിനെ ഒരു വിസ്തൃതമായ പാരിസ്ഥിതിക വ്യവസ്ഥയായി കാണാതെ, സുപ്രധാന പങ്കാളിത്തമുള്ള സകല ജീവികളും ഒരു താൽക്കാലിക ‘കണ്ടന്റ്’ മാത്രമായി പരിഗണിക്കപ്പെടുന്നത്. ‘കാട്ടാനയ്ക്ക് വെടിയേറ്റത് ഞങ്ങളിലൂടെ’യെന്നും, ‘6.00am; ആന റിപ്പോർട്ടർ ടിവിയുടെ ക്യാമറയിൽ’ എന്നും എഴുതിക്കാണിക്കുന്നതും അതിന്റെ തുടർച്ചയാണ്. സമാനമായി, അരിക്കൊമ്പൻ എന്ന് പേരിടപ്പെട്ട ഒരു കാട്ടാന നൂറു കോടിക്കുമേൽ സാമ്പത്തിക വ്യവഹാരം നടന്ന മീഡിയാ കണ്ടന്റായി മാറിയതും, മീഡിയാ എത്തിക്സിന്റെ നഗ്നത പരിപൂർണ്ണതയിലെത്തിയതും ഒരു വർഷം മുൻപാണ് മലയാളികൾ കണ്ടത്. അന്ന് മലയാളം മാധ്യമങ്ങൾ നൽകിയ ചില വാർത്താതലക്കെട്ടുകൾ മീഡിയ അക്കാദമിയുടെ പാഠപുസ്തകങ്ങളിൽ അടയാളപ്പെടേണ്ടവയായിരുന്നു.
‘മിഷൻ അരിക്കൊമ്പൻ പ്രതിസന്ധിയിൽ, ആന കാട്ടിൽ കിടന്നുറങ്ങുന്നതായി സംശയം’ എന്ന് നൽകിയത് കേരള കൗമുദിയായിരുന്നു.

‘35 വയസ്സുള്ള അരിക്കൊമ്പൻ പക്കാ ലോക്കൽ’ എന്ന് മാതൃഭൂമി ന്യൂസും, ‘ജസ്റ്റ് ഷൂട്ടഡ്’ എന്ന് കൈരളി ന്യൂസും, ‘ആനകേറാമല ആരുകേറും അതിനപ്പുറം മിഷൻ അരിക്കൊമ്പൻ കേരളം കണ്ടത് 24ൽ’ എന്ന് 24-ഉം, ‘അരിക്കൊമ്പൻ മുങ്ങിയതെങ്ങനെ?’ എന്ന് മനോരമ ന്യൂസും, ചർച്ചകളും കാർഡുകളും ഇറക്കി അന്നത്തെ ദൃശ്യവ്യവസായത്തിൽ പരസ്പരം മത്സരിച്ചപ്പോൾ നൂറുവർഷത്തിന്റെ പാരമ്പര്യമുള്ള ഒരു മാധ്യമം നൽകിയത് ‘പ്രണയപരവശനായ അരിക്കൊമ്പൻ ചില്ലിങ്ങാണ്’ എന്നായിരുന്നു. ചിന്നക്കനാലിന്റെ യഥാർത്ഥ പാരിസ്ഥിതിക ചരിത്രത്തെ തൊട്ടുനോക്കാതെ നൈതികതമറന്ന മലയാളമാധ്യമങ്ങൾ ഒരു കാട്ടാനയുടെ മേൽ സകലമാർക്കറ്റിംഗ് വഴികളും ഇടതടവില്ലാതെ പരീക്ഷിച്ചു.

കാടിനെ വിസ്തൃതമായ പാരിസ്ഥിതിക വ്യവസ്ഥയായി കാണാതെ, സുപ്രധാന പങ്കാളിത്തമുള്ള സകല ജീവികളും ഒരു താൽക്കാലിക ‘കണ്ടന്റ്’ മാത്രമായി പരിഗണിക്കപ്പെടുകയാണ്.
കാടിനെ വിസ്തൃതമായ പാരിസ്ഥിതിക വ്യവസ്ഥയായി കാണാതെ, സുപ്രധാന പങ്കാളിത്തമുള്ള സകല ജീവികളും ഒരു താൽക്കാലിക ‘കണ്ടന്റ്’ മാത്രമായി പരിഗണിക്കപ്പെടുകയാണ്.

മുഖ്യധാരാ ചാനലുകളെല്ലാം യൂട്യൂബ് വ്ലോഗർമാരുമായുള്ള കടുത്ത മത്സരത്തിലാണെന്ന് രംഗം നിരീക്ഷിച്ചാൽ കാണാം. മാധ്യമപ്രവർത്തനമെന്നാൽ വൺ മില്യൺ കണ്ടന്റുകൾക്കുള്ള വ്ലോഗിങ് ആണെന്ന് കരുതുന്നവരുടെ എണ്ണം അധികരിച്ചതോടെ, ഫീൽഡിലായാലും സ്റ്റുഡിയോ ഇടപെടലുകളിലായാലും ഇന്ന് ജേർണലിസ്റ്റുകളെയും വ്ലോഗേഴ്സിനെയും കണ്ടാൽ തിരിച്ചറിയാതെയായി. റേറ്റിങ്ങിൽ യൂട്യൂബ് വ്ലോഗർമാരുടെ വ്യൂവർഷിപ്പ് അളക്കപ്പെടാത്തതിനാൽ ഇതിലെ ജയപരാജയങ്ങൾ വ്യക്തമാകുന്നില്ലയെന്ന് മാത്രം. കാരണം, യൂട്യൂബ് കണ്ടന്റുകൾക്കായി ഇന്ന് വനാതിർത്തികളിലും വനങ്ങളിലും മത്സരിക്കുന്ന വ്ലോഗർമാരുടെ എണ്ണം ആയിരക്കണക്കിന് വരും. ജീവൻ പണയം വച്ച് കാട് കയറുന്ന വനംവകുപ്പ് വാച്ചർമാരേക്കാൾ പതിന്മടങ്ങ് വരുമാനം നേടുന്നവരാണ് ആനത്താരകളിലും വനാതിർത്തിയിലെ പുഴയോരത്തും വനാന്തരപാതകളിലും തമ്പടിക്കുന്ന വ്ലോഗർമാർ. ആനയുടെ വൃഷണം എവിടെ / ബലാത്സംഗം ചെയ്യുന്ന പ്രാണി / ആനയുടെ സ്തനങ്ങൾ / എന്നീ വീഡിയോകൾ ചെയ്യുന്ന വ്ലോഗർമാരുടെ മാസവരുമാനം പോലും അനേകലക്ഷണങ്ങളാണ്.

വന്യജീവി വിഷയങ്ങളിലുള്ള കാഴ്ചക്കാരുടെ എണ്ണവും വരുമാനവുമാണ് സുപ്രധാന ജനകീയ പ്രശ്നങ്ങൾ പോലും മാറ്റിവച്ച് കാട് കയറാൻ ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങളെ നിരന്തരം പ്രേരിപ്പിക്കുന്ന ഘടകം.

വന്യജീവി വിഷയങ്ങളിലുള്ള കാഴ്ചക്കാരുടെ എണ്ണവും വരുമാനവുമാണ് സുപ്രധാന ജനകീയ പ്രശ്നങ്ങൾ പോലും മാറ്റിവച്ച് കാട് കയറാൻ ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങളെ നിരന്തരം പ്രേരിപ്പിക്കുന്ന ഘടകം. മാധ്യമമെന്നത് ആത്യന്തികമായി വ്യവസായമാണെന്നും, നിലനിൽപ്പിന് വേണ്ടി എന്തുംചെയ്യാമെന്നുമുളള സാമ്പ്രദായികവാദം കൊണ്ട് മാത്രം ഇതിനെ ന്യായീകരിക്കാനാവില്ല. നഗരവാർത്തകൾ പോലെ മനുഷ്യകേന്ദ്രിതമായി മാത്രം അവതരിപ്പിക്കപ്പെടേണ്ട ഒന്നല്ല വനവുമായി ബന്ധപ്പെട്ട വാർത്തകൾ. വിസ്തൃതമായ ഒരു വനവ്യവസ്ഥയെന്നത് ഏത് വിധത്തിലും ഉപയോഗിക്കപ്പെടേണ്ട ഒരു ഓപ്പൺ ടൂളുമല്ല. സുതാര്യമായ സ്ഥിതിവിവരക്കണക്കുകളെ രാഷ്ട്രീയമായ പ്രതിരോധത്തിന് വേണ്ടിയും, ചാനൽ റേറ്റിങ്ങിന് വേണ്ടിയും അതിവായന നടത്തുന്ന ഇത്തരം മാധ്യമസംഘങ്ങൾ നഷ്ടമാക്കിയത് ശാസ്ത്രത്തെ ജനകീയമാക്കുന്ന മാധ്യമ ഇടനാഴികൾ കൂടിയാണ്.

11,531 ചതുരശ്ര കിലോമീറ്റർ വരുന്ന സംസ്ഥാനത്തെ വനവിസ്തൃതിയെയും അതിലെ ശതകോടിജീവികളുടെയും ഭാവിയെത്തന്നെ നിശ്ചയിക്കുന്ന രീതിയിൽ വിഷയങ്ങളെ നിയന്ത്രിക്കുന്നത് വിരലിലെണ്ണാവുന്ന റിപ്പോർട്ടർമാരാണെന്നും, രാഷ്ട്രീയമായി വഴിതിരിച്ചുവിടുന്ന മുഖ്യധാരാ പ്രസ്ഥാനങ്ങളുമാണെന്ന് വാർത്തകൾ നിരീക്ഷിച്ചാൽ തിരിച്ചറിയാം. ആർക്കും സെക്കന്റുകൾക്കുള്ളിൽ മൊബൈലിൽ പോലും ലഭ്യമാകുന്നതും സാമാന്യ ഭാഷാപരിചയമുള്ള ഏതൊരു വ്യക്തിക്കും വിശകലനം ചെയ്യാവുന്നതുമായ പബ്ലിക് ഡാറ്റയ്ക്ക് മേലാണ് വ്യാപകമായ ദുർവ്യാഖ്യാനങ്ങൾ നടക്കുന്നത്. സത്യസന്ധമായും, സമഗ്രവുമായി നടത്തേണ്ടിയിരുന്ന പൊതുപ്രവർത്തനങ്ങളുടെ മുൻപന്തിയിൽ നിൽക്കേണ്ടിയിരുന്ന മാധ്യമങ്ങളുടെ സുപ്രധാനമായ ആ ഇടം ശൂന്യമാകുമ്പോൾ, അതേറ്റെടുക്കുന്നത് പ്രത്യേകം അജണ്ട നിശ്ചയിച്ച് പ്രവർത്തിക്കുന്ന ചില സംഘങ്ങളും സംഘടനകളുമാണെന്നത് മറക്കപ്പെടാതിരിക്കട്ടെ.

മാധ്യമങ്ങൾ മനുഷ്യ - വന്യജീവി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴുണ്ടാവുന്ന ജാഗ്രതക്കുറവുകൾ

WATCH:

References:
National Tiger Conservation Authority Report 2022-23.
Forest and Wildlife Department / Annual Administration Report 2024.
Elephant Population Estimation in Kerala 2024.
Details of Human death due to Elephant attack 2024-25.
Details of HWC - Loss and Compensation 2024-25.

Comments