ഒരു പ്രണയപ്പൊട്ടിന്റെ
ഓർമയ്ക്ക്

ആനന്ദ് ഗംഗൻ എഴുതുന്ന പരമ്പര- 90’s Nostalgia- തുടരുന്നു.

90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത്:
നാലാം വഴി

ദിച്ചുവരുന്ന സൂര്യൻ ഉണർന്ന നമ്മളെ ഉമ്മറപ്പടിയിൽ കാണുന്നു. ഒന്നുനിന്ന്, ഇത് ഇവൻ തന്നെയോ എന്നുറപ്പുവരുത്തുന്ന സൂര്യനെ നോക്കി നമ്മൾ ഒരു സൺ കിസ് ആവശ്യപ്പെടുന്നു. വകവെക്കാതെ സൂര്യൻ ആകാശത്തിന്റെ ഉച്ചിയിലേക്ക് വീണ്ടും വലിഞ്ഞുകയറുന്നു. പരിഭവമില്ലാതെ, പടിയിറങ്ങി നമ്മൾ പൂമുറ്റം കറങ്ങുന്നു.
വിരിഞ്ഞ സകല പൂക്കളിലും വിടരാനുള്ള സർവത്ര മൊട്ടുകളിലും നമ്മുടെ കണ്ണെത്തുന്നു. കിളിപ്പാട്ടുകൾക്ക് കാതു നൽകുന്നു.
പശു-പൂച്ച-പട്ടികൾ വരെ നമ്മുടെ സ്നേഹാഭിവാദ്യമറിയുന്നു.
ആകാശത്തൊരു മഴവിൽ അപ്രത്യക്ഷമാകാതെ നിൽക്കുന്നു.
പ്രപഞ്ചവും സകല പ്രപഞ്ച സൃഷ്ടികളും അത്രമേൽ മനോഹരമായി നമുക്ക് തോന്നുന്നു.
ഇടവഴിയിലൂടെ പോകുന്നവരെയെല്ലാം നമ്മൾ ഒരു ചിരികൊണ്ട് എറിയുന്നു.
തള്ളിപ്പറഞ്ഞ് അയക്കാതെ തന്നെ, തണുപ്പ് അറിയാതെ തന്നെ കുളിച്ചുകയറുന്നു.
കണ്ണാടി നമ്മളെ കാണുന്നതിലേറെ കാണുന്നു. പതിവിലും പകിട്ടോടെ ഒരുങ്ങുന്നു.
സ്കൂൾ വഴിയിലേക്ക് ഉൽസാഹിതനായി ഇറങ്ങിത്തിരിക്കുന്നു.
എന്തിനിത്ര നേരത്തെ പോകുന്നുവെന്ന അമ്മച്ചോദ്യം ഉത്തരംകിട്ടാതെ അന്തരീക്ഷത്തിലെങ്ങോ ലയിക്കുന്നു.
വീടിനകത്ത് നിന്ന് തൊടുക്കുന്ന തുടർചോദ്യങ്ങളും തുളച്ചുകയറാതെ പോകുമ്പോൾ നാം ധരിച്ച ഒരു അദൃശ്യ പ്രേമകവചത്തെ നമ്മൾ പതിയെ തൊട്ടറിയുന്നു.
ആദ്യപ്രണയം നമ്മളിൽ പ്രവർത്തിച്ചുതുടങ്ങിയതായി നമ്മൾ തിരിച്ചറിയുന്നു.

വായിക്കാം, കേൾക്കാം: 90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത് ഒന്നാം വഴി

വിയർത്തു നനഞ്ഞ,
വീണു മുറിഞ്ഞ മൈതാനങ്ങൾ

തിരികെപ്പോകാൻ
കൊതിയുള്ള വഴികൾ,
ഓർമച്ചുഴികൾ

ഓർക്കുന്നുണ്ടോ നിങ്ങളുടെ ഒന്നാമത്തെ പ്രണയം?

പൂക്കി പ്രവീൺ,
പൂക്കാത്ത പ്രണയങ്ങൾ

ആറാംക്ലാസുകാലം പ്രേമലേഖനം എഴുതിവന്ന പ്രവീൺ ഒരു വിസ്മയമായിരുന്നു. കൊച്ചിയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് വളഞ്ഞെഴുതിപ്പോകുന്ന വരികളെ ഒരു വരയിലാക്കാൻ പെടാപാടുപെടുന്ന ഞങ്ങളുടെ ഇടയിലേക്ക് നടുപേജ് കീറി നാലായി മടക്കി പ്രണയമെഴുതി അവനെത്തി.

പഠിച്ചുവന്നില്ലെങ്കിൽ പെൺകുട്ടികളുടെ ഇടയിലിരുത്തുന്ന അപരിഷ്കൃത കാലത്താണ് പ്രായം പത്ത് തികഞ്ഞുടൻ പ്രപ്പോസലിനിറങ്ങി പൂക്കി പ്രവീൺ ഞങ്ങളെ ഞെട്ടിക്കുന്നത്. അവളത് വത്സല ടീച്ചർക്ക് നൽകി അവനെ വേണ്ടരീതിയിൽ ആദരിച്ചെങ്കിലും ഞങ്ങൾക്കിടയിലെ ആദ്യ കാമുകപ്പട്ടം അവൻ സ്വന്തമാക്കി. അകാലത്തിൽ പ്രണയപ്പനി പിടികൂടിയ അവൻ, അതിനുശേഷവും മഞ്ചും മിൽക്കിബാറും പ്രമോപഹാരമാക്കി പ്രണയപരിശ്രമം തുടരുന്നത് ഭക്തിയാദരപൂർവം ഞങ്ങൾ നോക്കിക്കണ്ടു.

പ്രേമം അറുപതു വയസുകാരനെ പതിനാറുകാരനാക്കുന്നതും ദേവനെ അസുരനാക്കുന്നതും കണ്ടിട്ടില്ലെങ്കിലും പ്രേമം ധീരരെ സൃഷ്ടിക്കുന്നത് അവനിലൂടെ ഞങ്ങൾ കണ്ടിട്ടുണ്ട്. യു.പി സ്കൂൾ പ്രണയം വിരലിലെണ്ണാവുന്നതേ കണ്ടിട്ടുള്ളൂ. യു.പി കാലത്ത് പ്രണയം തുടങ്ങി കോളേജുവരെ പ്രണയം സൂക്ഷിച്ച് പിന്നീട് വിവാഹിതരാകാതെ പോയ അഖിലും ശ്യാമയുമുണ്ടായിരുന്നു. വിവാഹത്തിലെത്തിയില്ലെങ്കിലും കുഞ്ഞുനാൾ മുതലുള്ള അവരുടെ പ്രണയകാലം കൂടെ നടന്ന കൂട്ടുകാരായ ഞങ്ങൾക്ക് നിറവും നോവുമായിരുന്നു.

പ്രേമം അറുപതു വയസുകാരനെ പതിനാറുകാരനാക്കുന്നതും ദേവനെ അസുരനാക്കുന്നതും കണ്ടിട്ടില്ലെങ്കിലും പ്രേമം ധീരരെ സൃഷ്ടിക്കുന്നത് അവനിലൂടെ ഞങ്ങൾ കണ്ടിട്ടുണ്ട്.
പ്രേമം അറുപതു വയസുകാരനെ പതിനാറുകാരനാക്കുന്നതും ദേവനെ അസുരനാക്കുന്നതും കണ്ടിട്ടില്ലെങ്കിലും പ്രേമം ധീരരെ സൃഷ്ടിക്കുന്നത് അവനിലൂടെ ഞങ്ങൾ കണ്ടിട്ടുണ്ട്.

അഖിലിനെ ഓർക്കുമ്പോൾ ഓടിയെത്തുന്ന ഒരു യാദൃച്ഛികത, അക്കാലം അഖിലും നീതുവും ഇല്ലാത്ത ഒരു ക്ലാസിലും ഞാൻ പഠിച്ചിട്ടില്ലെന്നതാകും. ഏതെങ്കിലും ഒരു അഖിൽ എല്ലാ ക്ലാസിലും കൂടെ പഠിക്കാനുണ്ടാകും. മൂന്നിൽ പഠിച്ച നീതുവോ നാലിൽ പഠിച്ചോ നീതുവോ അതല്ലെങ്കിൽ പുതിയൊരു നീതുവോ ആറിലോ ഏഴിലോ കൂടെ കാണും. പിൽക്കാലം ഇവർ ഇനീഷ്യലിൽ മാത്രം അറിയപ്പെടും. പി.ടി, എം.ടി, പി.വി, സി.വി ഇനീഷ്യലിൽ മാത്രം വിളിക്കപ്പെട്ട ചങ്ങാതിമാരേറെയുണ്ട്. പെൻസിലിന്റെ രണ്ടറ്റവും കൂർപ്പിക്കുക, റബ്ബർ അരിഞ്ഞു വെളുപ്പിക്കുക, നടുപേജ് കീറി വിമാനം പറത്തുക, തീപ്പെട്ടി കാർഡ് കളിക്കുക തുടങ്ങിയ ഇൻഡോർ ആക്ടിവിറ്റികളും മുട്ടുകുത്തി ക്രിക്കറ്റ്, കോട്ടി കളി തുടങ്ങി ഔട്ട് ഡോർ ഗെയിംസുമായി യു.പി കാലത്തിന് ഷട്ടറിട്ടു. അശ്വമേധത്തിന്റെ അനുകരണമാവർത്തിച്ച് ഇന്‍റലക്ച്വലുകളാണെന്ന് ഉറപ്പിക്കാനും സമയം കണ്ടെത്തി.

ചുരുക്കിപ്പറഞ്ഞാൽ ചെറിയ വിനോദങ്ങൾക്കപ്പുറം പ്രണയസാഹസങ്ങൾക്കൊന്നും അധികമാരും മുതിർന്നില്ല. ഹൈസ്ക്കൂൾ ലൈഫ് അടിമുടി സീൻ മാറ്റി. സ്കൂൾ ലൈഫാകെ ഒരു ലോംഗ് ഡ്രൈവായി കണ്ടാൽ ഒരു ഫിഫ്ത്ത് ഗിയർ ചേഞ്ചായിരുന്നു ഹൈസ്കൂൾ ജീവിതം. തട്ടിയും തടഞ്ഞും പോയ യാത്ര കെട്ടുപൊട്ടിച്ച കാലം. മാറ്റം പലതായിരുന്നു. വേണ്ടതും വേണ്ടാത്തതുമായ സകല വാതിലും ചവിട്ടുതുറന്ന വിഞ്ജാന കുതുകികളായി ഞങ്ങൾ പരിണമിച്ചു.

ഹൈറേഞ്ച് ഹൈസ്കൂൾ ലൈഫ്

നീണ്ട വരാന്തകളുള്ള, വിശാലമായ നടുമുറ്റമുള്ള, നെല്ലിക്കാമരമുള്ള, ആഴക്കിണറുള്ള വലിയ, പഴയ വിദ്യാലയം. നീല പാന്‍റും വെള്ള ഷർട്ടുമായിരുന്നു ഹൈസ്കൂൾ യൂണിഫോം. പെൺകുട്ടികൾക്ക് പച്ച പാവാടയും വെള്ള ഷർട്ടും. പെൺകുട്ടികൾ മുടി ഇരുവശവും പിന്നിട്ട് പച്ച റിബൺ കെട്ടണമെന്നതും നിയമം. റീഫില്ലറുകൾ നിരന്തര പരീക്ഷണ വസ്തുവായതുകൊണ്ടുതന്നെ വെള്ളഷർട്ടിൽ എല്ലാക്കാലവും ഒരു നീലവരയെങ്കിലും മായാതെ നിന്നു. വരി തെറ്റാ നിരയുണ്ടാക്കി, തീവണ്ടിപോലെ തിങ്കളും വ്യാഴവും അസംബ്ലിക്ക് പോകും. സംഘബലം കാണിക്കുകയായിരുന്നോ അസംബ്ലികളുടെ ഉദ്ദേശ്യം. അറിയില്ല.

പരീക്ഷയിൽ ചോദ്യം മാത്രമറിയുന്ന ചോദ്യപേപ്പറുകളാണ് ലഭിക്കുന്നതെങ്കിൽ ഉത്തര പേപ്പർ വാങ്ങാനോ കൊടുക്കാനോ, ഇടനിലക്കാർ ഇടക്ക് ഇരിക്കുന്നവരായിരിക്കും. അതുകൊണ്ട് മാത്രം അവളുടെ പേരും ഊരും ചോദിച്ച് പരിചയമുറപ്പിച്ചു.

പഠിച്ചകാലമത്രയും പതിവുതെറ്റിക്കാതെ പോയി വെയിലുകൊണ്ടു. ഹൈസ്ക്കൂൾ പ്രവേശനത്തോടെ സയൻസ്, കെമിസ്ട്രി - ഫിസിക്സ് -ബയോളജി എന്നിങ്ങനെ മൂന്നായി, സോഷ്യൽ സയൻസ് ഹിസ്റ്ററിയും ജ്യോഗ്രഫിയുമായി. പ്രത്യേക പേരിടാൻ മറന്നതോ എന്തോ കണക്ക് കൂടാതെ കണക്ക് സെക്കൻഡുണ്ടായി. പാഠ്യേതര അഭ്യാസങ്ങളുടെ നിര അതിനൊപ്പം വളർന്നു. ഇന്‍റർവെല്ലുകളിൽ ഗേറ്റിനകം രക്ഷ, പിടി പീരീഡിൽ ഗേറ്റിനപ്പുറം ക്രിക്കറ്റും ഫുട്ബോളും, തീപ്പെട്ടി കാർഡുകൾക്ക് പകരം ബിഗ് ഫൺ കാർഡുകൾ ഇനി വലിയ കളികൾ മാത്രമെന്നതായി മോട്ടോ! ഓടിക്കളികൾക്ക് ഒടുവിലെ ഒടുങ്ങാത്ത ദാഹം സ്കൂൾ മുറ്റത്തെ കിണറെന്നും ശമിപ്പിച്ചു. കൂട്ടം ചേർന്ന് ഒരു പാട്ടത്തൊട്ടിയിൽ കോരി കുടിക്കുന്ന ആ വെള്ളത്തിന്‍റെ രുചി ഒരു ബിസിലേരിയും ഒരു കാലത്തും തന്നില്ല.

ബെഞ്ചിനൊപ്പം ഒരു ഡെസ്ക്കിനെ കാണുന്നത് ഹൈസ്ക്കൂൾ ക്ലാസുകളിലാണ്. നോട്ടിലെഴുതിയതിനേക്കാൾ ഡെസ്ക്കിലെഴുതിയവരുണ്ട്. ഒരു പീരീഡ് അവസാനിച്ച് അടുത്ത പീരീഡ് ആരംഭിക്കുന്ന വരെയുള്ള ഇടവേളയിൽ ഡെസ്ക്ക് ഒരു പ്ലേ ഗ്രൌണ്ടായി മാറും. പെന്നുപയോഗിച്ചുള്ള വെട്ടിക്കളിയിൽ പ്രീമിയർ ലീഗുകൾ വരെ അരങ്ങേറി. പഞ്ചഗുസ്തി മുതൽ ഗോൾ പോസ്റ്റ് വരച്ചുള്ള പേപ്പർ ഫുട്ബോളിന് വരെ ഡെസ്ക്കുകൾ വേദിയായി. മുൻഗാമികൾ ബിനാലെ നടത്തി പോയ ഡെസ്ക്കുകളാണ് കയ്യിൽ വരുന്നതെങ്കിൽ തരംപോലെ പുതിയത് പൊക്കിക്കൊണ്ടുവരും. പുതിയത് ഒപ്പിക്കാനായില്ലെങ്കിൽ പഴയ കുത്തിവരകളെ ബ്ലേഡുകൊണ്ടുരച്ചുകളയും. കോംപസും കോംപസിന്‍റെ പേരറിയാത്ത കൂടെപ്പിറപ്പിനേയുമെല്ലാം ഏറ്റവുമധികം പ്രയോഗിച്ചത് ഡെസ്കിൽ തന്നെ. കോണളക്കാൻ, പ്രൊട്ടാക്ടർ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിനൊപ്പമുള്ള ത്രികോണങ്ങളെ ഡസ്ക്കളക്കാൻ തന്നെ മാറ്റിവച്ചു.

ബെഞ്ചിനൊപ്പം ഒരു ഡെസ്ക്കിനെ കാണുന്നത് ഹൈസ്ക്കൂൾ ക്ലാസുകളിലാണ്. നോട്ടിലെഴുതിയതിനേക്കാൾ ഡെസ്ക്കിലെഴുതിയവരുണ്ട്.
ബെഞ്ചിനൊപ്പം ഒരു ഡെസ്ക്കിനെ കാണുന്നത് ഹൈസ്ക്കൂൾ ക്ലാസുകളിലാണ്. നോട്ടിലെഴുതിയതിനേക്കാൾ ഡെസ്ക്കിലെഴുതിയവരുണ്ട്.

എല്ലാം ബ്രാൻഡാകുന്ന കാലത്ത് പഴയ ബ്രഹ്മാണ്ഡ ബ്രാൻഡുകളെങ്ങുപോയെന്നത് ഓർക്കാറുണ്ടോ. പെന്നുകളിൽ ജനകീയൻ സ്റ്റിക്ക് ആയിരുന്നു. സ്റ്റിക്കും ലെക്സിയും സാധാരണക്കാരുടെ പോക്കറ്റിലും സെല്ലോ ഗ്രിപ്പറും ടെക്നോടിപ്പും പത്രാസുകാരുടെ പോക്കറ്റിലും കണ്ടു. നടരാജിന്റെ ബോക്സ് വാങ്ങാതെ കാമലിൻ വാങ്ങുകയും നടരാജിന്റെ പെൻസിൽ വാങ്ങാതെ അപ്സരയുടെ പെൻസിൽ വാങ്ങുകയും ചെയ്ത കരിങ്കാലികളും കൂട്ടത്തിലുണ്ടായിരുന്നു. നോട്ടുബുക്കുകളിൽ ഈഗിളായിരുന്നു രാജാവ്. ലേബർ ഇന്ത്യയുടെ, സ്കൂൾ മാസ്റ്ററിന്റെ, ട്യൂഷൻ സെന്‍ററുകളുടെ ഓർമ കൂടി തുന്നിച്ചേർക്കാതെ വയ്യ. അങ്ങനെ കൗമാരകിക്കുകളുടെ ചിറകേറി പറന്നവരെല്ലാം ഒരു പ്രണയത്തിലേക്ക് കൂടി ലാൻഡ് ചെയ്തു. സ്കൂൾ മതിലുകളിൽ ആദ്യാക്ഷരം കൂട്ടിയെഴുതി നിർവൃതിയടഞ്ഞു. മതിലുപോരാത്തവർ ഉത്തരത്തിലെഴുതി. ഇംഗ്ലീഷിൽ പേരെഴുതിവെട്ടി പൊരുത്തം നോക്കി. പ്രണയലേഖനങ്ങൾ എഴുതുന്ന സ്പെഷ്യലിസ്റ്റുകൾ പിറന്നു. എന്‍റെ നമ്പർ എപ്പോൾ വരുമെന്നതായി ചിന്ത. സ്കൂൾ ലൈഫിൽ ആദ്യം പ്രണയിച്ചയാളെ നിങ്ങൾ ആദ്യമായി കണ്ടത് എവിടെ വച്ചായിരുന്നു?

ഒൻപതാം ക്ലാസിലെ
ഓണപ്പരീക്ഷ, ഒന്നാംകാഴ്ച

സ്വന്തം ക്ലാസ് മുറിയാരുന്നില്ല അക്കാലം പരീക്ഷാമുറികൾ. നോട്ടീസ് ബോർഡ് നോക്കി പരീക്ഷ നടക്കുന്ന ക്ലാസേതെന്ന് കണ്ടുപിടിക്കും. ബെഞ്ചിൽ ചോക്കുകൊണ്ട് എഴുതിയ രജിസ്ട്രർ നമ്പറുകൾ നോക്കി സ്വന്തം ഇരിപ്പിടത്തിലെത്തും. ഒരു ബഞ്ചിൽ മൂന്നുപേർ മാത്രം. വശങ്ങളിൽ മുതിർന്ന ക്ലാസിൽ നിന്നുള്ളവരും നടുവിൽ ചെറിയ ക്ലാസിൽ നിന്നുള്ളവരും. ഒൻപതാം ക്ലാസിലെ ഓണപ്പരീക്ഷാക്കാലത്ത് ഞങ്ങൾക്ക് നടുവിൽ എട്ടാം ക്ലാസുകാർ. അങ്ങനെ ഒരു പരീക്ഷാക്കാലത്ത് ഇടകലർന്നിരിക്കാനെത്തിയതായിരുന്നു ആ പഴയ കൂട്ടുകാരി. എട്ടാംക്ലാസുകാരി. പരീക്ഷയോട് പരിഭ്രമമില്ലാത്ത ഒരു ബേബി ചാർമിള.

എല്ലാ പരീക്ഷകളിലും എഴുത്തും കുത്തും കഴിഞ്ഞ് എമ്പാടും നേരമുള്ളതിനാൽ ബേബി ചാർമിളയെ നോക്കിയിരിക്കാൻ തുടങ്ങി. നേരമ്പോക്ക് നോട്ടം, കാര്യപ്പെട്ട നോട്ടമായി. അവൾ, മംഗലശേരി നീലകണ്ഠനെപ്പോലെ എപ്പോഴുമൊരു കർച്ചീഫ് കയ്യിൽ മുറുക്കെപിടിച്ചിട്ടുണ്ടായിരുന്നു.

പരീക്ഷയിൽ ചോദ്യം മാത്രമറിയുന്ന ചോദ്യപേപ്പറുകളാണ് ലഭിക്കുന്നതെങ്കിൽ ഉത്തര പേപ്പർ വാങ്ങാനോ കൊടുക്കാനോ, ഇടനിലക്കാർ ഇടക്ക് ഇരിക്കുന്നവരായിരിക്കും. അതുകൊണ്ട് മാത്രം അവളുടെ പേരും ഊരും ചോദിച്ച് പരിചയമുറപ്പിച്ചു. വരക്കാനൊത്തിരി കാണുമെന്നതാണ് അക്കാല പരീക്ഷകളിലെ വലിയ ആശ്വാസം. ഇന്ത്യയെ വരക്കാം, അമീബയെ വരക്കാം, കണ്ണ് വരക്കാം, ലംബമോ കർണമോ വരച്ചുകണ്ടുപിടിക്കാം. പക്ഷേ എഴുതിഫലിപ്പിക്കുക അത്ര എളുപ്പമല്ല. എത്ര പഠിച്ചാലും ആവശ്യം വേണ്ടപ്പോൾ ഓർമയുടെ പരിസരത്ത് ആരേയും കാണില്ല. ഹിന്ദിയാണ് പരീക്ഷയെങ്കിൽ ഇംഗ്ലീഷാണ് ഓർമ വരുക. ഏറെക്കുറെ എല്ലാത്തിലുമങ്ങനെ.

എല്ലാ പരീക്ഷകളിലും എഴുത്തും കുത്തും കഴിഞ്ഞ് എമ്പാടും നേരമുള്ളതിനാൽ ബേബി ചാർമിളയെ നോക്കിയിരിക്കാൻ തുടങ്ങി. നേരമ്പോക്ക് നോട്ടം, കാര്യപ്പെട്ട നോട്ടമായി. അവൾ, മംഗലശേരി നീലകണ്ഠനെപ്പോലെ എപ്പോഴുമൊരു കർച്ചീഫ് കയ്യിൽ മുറുക്കെപിടിച്ചിട്ടുണ്ടായിരുന്നു. കർച്ചീഫ് കയ്യിലെഴുതി കൊണ്ടുവന്ന കോപ്പിയുടെ മറയാകുമെന്ന് ചിന്തിച്ചെങ്കിലും പ്രണയിക്കാൻ തീരുമാനിച്ചതുകൊണ്ട്, ആ ചിന്ത തല്ലിക്കെടുത്തി സന്മാർഗിയുടെ സ്വഭാവസർട്ടിഫിക്കറ്റ് നൽകി.

എന്റെ നോട്ടത്തിനപ്പുറം വലിയ സംസാരങ്ങളില്ലാതെ എല്ലാ പരീക്ഷകളും തീരാറായി. അവസാന ബയോളജി പരീക്ഷയിൽ നോട്ടം ഖണ്ഡിച്ച് ഇത്ര വേഗം കഴിഞ്ഞോ എന്ന അവളുടെ ചോദ്യമെത്തി. ആ ചോദ്യം കുറച്ചിലായി തോന്നിയപ്പോൾ അഡീഷണൽ ഷീറ്റ് വാങ്ങി ചെറിയ അമീബയെ മായിച്ച് വലിയ അമീബയെ വരച്ചു. പരീക്ഷകൾ അവസാനിച്ചു. സ്കൂളടച്ചു. നാളെ മുതൽ കാണില്ലെന്നോർത്തപ്പോഴാണ് പ്രേമപ്പനി തെർമോമീറ്ററിൽ നൂറിനും മുകളിലെന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞത്.

കാലത്ത് സ്കൂളിലേക്കുള്ള യാത്രയിലോ, അസംബ്ലി പിരിഞ്ഞുപോകുമ്പോഴോ, ഇന്‍റർവെല്ലിൽ വെള്ളം കുടിക്കാനോടുമ്പോഴോ, ഉച്ചക്കഞ്ഞിക്ക് ക്യൂ നിൽക്കുമ്പോഴോ, ജനഗണമന കേട്ട് ഓടി പിരിയുമ്പോഴോ, അപ്പോഴൊന്നും കണ്ടുമുട്ടാതെ ഒരവധിക്കാലത്തിന് മുൻപ് തന്നെ അവളെ കണ്ടുമുട്ടിച്ചത് എന്തിനെന്ന് ഞാൻ ദൈവത്തോട് പരാതിപ്പെട്ടു. വാട്സാപ്പില്ല, ഇൻസ്റ്റയില്ല, ഫേസ്ബുക്കില്ല, മെസഞ്ചറോ, മെയിലോ ഇല്ല, എക്സില്ല, വൈ ഇല്ല. ഉള്ളതൊന്നുമാത്രം, അവൾ നിനക്ക് വീഴുമെന്ന അനാവശ്യ ആത്മവിശ്വാസം തരുന്ന, അവൾ പിറന്നതേ നിനക്കുവേണ്ടിയെന്ന പൾപ്പ് സാഹിത്യം പറയുന്ന നൻപൻമാർ മാത്രം.

പരീക്ഷയിൽ ചോദ്യം മാത്രമറിയുന്ന ചോദ്യപേപ്പറുകളാണ് ലഭിക്കുന്നതെങ്കിൽ ഉത്തര പേപ്പർ വാങ്ങാനോ കൊടുക്കാനോ, ഇടനിലക്കാർ ഇടക്ക് ഇരിക്കുന്നവരായിരിക്കും.
പരീക്ഷയിൽ ചോദ്യം മാത്രമറിയുന്ന ചോദ്യപേപ്പറുകളാണ് ലഭിക്കുന്നതെങ്കിൽ ഉത്തര പേപ്പർ വാങ്ങാനോ കൊടുക്കാനോ, ഇടനിലക്കാർ ഇടക്ക് ഇരിക്കുന്നവരായിരിക്കും.

മെറ്റയും ഡാറ്റയുമില്ലാക്കാലത്തെ പ്രണയാന്വേഷണം

കാലം എല്ലാത്തിനും പുതിയ വഴി കണ്ടുപിടിച്ചു. മാറാതെ ഒന്നും തുടർന്നില്ല. അനുഭവിച്ച ആയിരം മാറ്റങ്ങളിൽ അത്ഭുതം തോന്നിയ മാറ്റമേതാണ്. എനിക്കത് ഗൂഗിൾ മാപ്പാണ്. സകല വഴികളും കാണാപാഠം പഠിച്ചൊരാളെ പോക്കറ്റിലിട്ട് തന്നു ഗൂഗിൾ. വഴി ചോദിച്ചു പോകുന്ന ആരാണ് ഇക്കാലത്തുള്ളത്. വഴി ചോദിക്കാതെ വളർന്ന ആരും തന്നെ നമ്മുടെ കാലത്തുണ്ടായിരുന്നില്ല. ചോദിച്ചു ചോദിച്ചു പോയ വഴികൾ സുന്ദരമായിരുന്നു. ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചപോലെ എന്തോ പുതിയത് തേടിപിടിച്ച അനുഭൂതി തന്ന അന്വേഷണങ്ങൾ. അന്വേഷണ- ഗവേഷണങ്ങളിലൂടെ അക്കാലം ഞങ്ങൾ കണ്ടെത്തുന്ന പ്രധാനവഴികളിലൊന്ന്, പ്രണയവഴികളായിരുന്നു. പ്രണയം തോന്നിയവരുടെ വീട്ടിലേക്കുള്ള വഴിയിൽ സൈക്കിളെടുത്തു കറങ്ങാത്തവരാരുണ്ടാകും. ആ ഓണാവധിക്കാലം എല്ലാവരും എന്‍റെ പ്രണയ വഴി തേടി.

അതൊരു പൊലീസുകാരന്റെ പടിക്കൽ ചെന്നുനിന്നു, ശുഭം.

പ്രണയാവതരണം കടുത്ത വെല്ലുവിളി നേരിടുന്ന കാലം കൂടിയാണ്. പ്രത്യേകിച്ചും ഇൻട്രോവെർട്ടുകൾ. ഇന്‍റർനെറ്റില്ലാക്കാലത്തെ ഇൻട്രോവേർട്ടുകളെ ജീവിതം വേറെ തന്നെ പഠനവിഷയമാക്കേണ്ടതാണ്. ഇന്ന് ഇൻട്രോവെർട്ടുകൾക്കും സോഷ്യലായി ജീവിക്കാമെന്ന സോഷ്യൽമീഡിയ അനുഗ്രഹം ആവോളമുണ്ട്. പൊലീസുകാരന്റെ മകളായതു കൊണ്ട് പ്രണയം എഴുതിയറിയിക്കാൻ ധൈര്യമുണ്ടായില്ല. കത്ത് ചോർന്നാൽ കണ്ടകശ്ശനി. കത്ത് അധ്യാപകരുടെ പക്കലേക്ക് പരാതിയായി എത്തിയാലും മാനംപോകും. അവളുടെ ക്ലാസിന്റെ വരാന്തകളിൽ എന്നെ നിരന്തരം കുഴിച്ചിട്ട് എന്തോ പറയാനുണ്ടെന്ന സൂചന നൽകി. ഒരു വൈകുന്നേരം നെല്ലിമരത്തിനരികിലേക്ക് മാറ്റിനിർത്തി കാര്യം പറഞ്ഞു. എന്റെ അച്ഛനാരെന്നറിയുമോ എന്ന് തിരിച്ചുചോദിച്ചു. പഴയകാല പ്രണയങ്ങളുടെ വലിയ സൌന്ദര്യം കൊള്ളുന്നതും തള്ളുന്നതുമെല്ലാം സ്നേഹം തന്നെയായിരുന്നു. ഒരു പ്രണയനിരാസം പോലും ആർക്കും പരുക്കായില്ല. ഒരുപാട് ആഘോഷിക്കാതെ ഒരുപാട് ദൂരം പായാതെ ആ പ്രണയകാലം ഹൈസ്കൂൾ ജീവിതത്തോടെ തന്നെ അവസാനിച്ചു.

പ്രണയിനിയെ ഒരു വർണപ്പട്ടമായി കാണണമെങ്കിൽ ട്യൂഷൻ സെന്‍ററിലെത്തണം. അല്ലെങ്കിൽ യൂണിഫോം നിർബന്ധമില്ലാത്ത ശനിയാഴ്ച ക്ലാസുകൾ ഉണ്ടാകണം. ഒരു കുഞ്ഞുപാസ്പോർട്ട് സൈസ് ഫോട്ടോയിലോ ഒരുമിച്ചെടുക്കുന്ന ക്ലാസ് ഫോട്ടോയിലെ ഓർമചിത്രങ്ങളുടെ നിരതീരും. ദൂതൻമാർ പ്രണയത്തിന് അനിവാര്യമായ കാലം കൂടിയായിരുന്നു.

ഇന്ന്, കാണുന്നതും കേൾക്കുന്നതും അതാഗ്രഹിക്കുന്ന മനുഷ്യരിൽ ഒതുങ്ങുന്നൊരു പ്രകിയ മാത്രമാണ്. ബാഹ്യലോകത്തിനവിടം ഇടപെടലുകൾ അസാധ്യം. പോയ കാലം അതസംഭവ്യമായിരുന്നു. കണ്ടുപിരിഞ്ഞാൽ കാണുക എളുപ്പമല്ല, കേൾക്കാൻ കൊതിച്ചാലുമതുതന്നെ. പലവിധ നിരീക്ഷകരുടെ ദൃശ്യവും അദൃശ്യവുമായ വലയം ഭേദിക്കണം. ലാൻഡ് ഫോണിൽ വിളിച്ചാൽ ആരുമെടുത്തേക്കാം. നമ്മൾ വിളിച്ചവരെങ്കിൽ സംസാരിക്കാം. അതല്ലെങ്കിൽ ഫോൺ കട്ടാക്കിയോടാം. ഇനി എടുത്തുകിട്ടിയിട്ടും കാര്യമില്ല, ചുറ്റിലും ആരെങ്കിലുമുണ്ടെങ്കിൽ അത് അടുത്ത കടമ്പ. സ്കൂളിനപ്പുറം കാണാൻ തീരുമാനിച്ചാലത് അതിദുർഘടം, അതിലേറെ സാഹസം. അമ്പലമായാലും കല്യാണവീടായാലും വായനശാലയായാലും കാണാം, കുശലം പറയാം. പ്രണയിനിയെ ഒരു വർണപ്പട്ടമായി കാണണമെങ്കിൽ ട്യൂഷൻ സെന്‍ററിലെത്തണം. അല്ലെങ്കിൽ യൂണിഫോം നിർബന്ധമില്ലാത്ത ശനിയാഴ്ച ക്ലാസുകൾ ഉണ്ടാകണം. ഒരു കുഞ്ഞുപാസ്പോർട്ട് സൈസ് ഫോട്ടോയിലോ ഒരുമിച്ചെടുക്കുന്ന ക്ലാസ് ഫോട്ടോയിലെ ഓർമചിത്രങ്ങളുടെ നിരതീരും. ദൂതൻമാർ പ്രണയത്തിന് അനിവാര്യമായ കാലം കൂടിയായിരുന്നു. കൂടിക്കാഴ്ചകൾക്ക് അവർ എങ്ങനെയും കളമൊരുക്കും. ക്ലാസ് റൂമുകൾക്ക് കാവലിരിക്കും. വീടും നാടും എന്തിന് ജന്മനക്ഷത്രം വരെ തപ്പിയെടുത്ത് തരും. അമ്പലവഴികളിൽ, ഉത്സവരാവുകളിൽ കൂട്ടുതരും. പ്രണയകാല ഓർമകൾ, ചങ്ങാതികണ്ണാടിമാർക്ക് കൂടി അവകാശപ്പെട്ടതാകുന്നു.

ആദ്യകാലത്തെപ്പെഴോ പകർത്തിയ ഭൂമിയുടെ ആകാശചിത്രത്തിന് ആ ഇളംനീലപൊട്ട്  അഥവാ A Pale Blue Dot എന്നാണവർ പേരുനൽകിയത്
ആദ്യകാലത്തെപ്പെഴോ പകർത്തിയ ഭൂമിയുടെ ആകാശചിത്രത്തിന് ആ ഇളംനീലപൊട്ട് അഥവാ A Pale Blue Dot എന്നാണവർ പേരുനൽകിയത്

ആ ഇളംനീലപൊട്ട് അഥവാ A Pale Blue Dot

ആദ്യകാലത്തെപ്പെഴോ പകർത്തിയ ഭൂമിയുടെ ആകാശചിത്രത്തിന് ആ ഇളംനീലപൊട്ട് അഥവാ A Pale Blue Dot എന്നാണവർ പേരുനൽകിയത്. ആ ചെറുചിത്രപൊട്ടിനെ നോക്കി, രാജാവും കർഷകനും ധീരനും ഭീരുവും അമ്മയും അച്ഛനും ഇരയും വേട്ടക്കാരനും പാപിയും പുണ്യാളനുമെല്ലാം തന്നെ സൂര്യരശ്മിയിൽ തൂങ്ങിക്കിടക്കുന്ന ഈ പൊട്ടിലാണ് ജീവിക്കുന്നതെന്ന് അവർ നമ്മെ ഓർമിപ്പിച്ചു. പൊട്ടുവട്ടത്തിലൊരു ഭൂമി!

പങ്കുവച്ച ആദ്യപ്രണയത്തിന് ഭൂമിപ്പൊട്ടുമായി എന്തുബന്ധമെന്നല്ലേ? കണ്ടമാത്രയിലെല്ലാം ആ പഴയ കൂട്ടുകാരി ഒരു കറുത്ത കുഞ്ഞി പൊട്ട് കുത്തിയിരുന്നു. കറുത്ത പൊട്ടോ കാക്കാ പുള്ളിയോ എന്ന് തിരിച്ചറിയാനാകാത്തവിധം ഒരു ഒട്ടിപ്പിടിയൻ പൊട്ട്. അല്ലെങ്കിലും പൊട്ടാണ്, എക്കാലവും കണ്ടുപിടിച്ച ഏറ്റവും നല്ല ആഭരണം. സ്വർണം കൊണ്ടാരും പൊട്ടുതൊടാത്ത കാലം, പൊട്ടിനോളം പണക്കാരോടും പാവപ്പെട്ടവരോടും സമദൂരം പ്രഖ്യാപിച്ച ഒന്നില്ല. ഏറിയാൽ ഒരു വിരൽത്തുമ്പോളം, അതിനകം കയറിനിന്നു ഇന്നോളം ജനിച്ച പൊട്ടുകളെല്ലാം. വലുപ്പ-ചെറുപ്പമില്ലാത്ത ലളിത സുന്ദര സൃഷ്ടി. ഓർമോപനിഷത്ത്, പൊട്ടാസുപ്രായത്തിലെ ആ പ്രണയപ്പൊട്ടിന്റെ ഓർമകളെ തേടിയെന്ന് മാത്രം. ഒരു കൂട്ടിന്റെ കുപ്പിവളപ്പൊട്ടോർമകൾ നിങ്ങൾക്കും കുറിക്കാൻ കാണില്ലേ?

(അവസാനിക്കുന്നില്ല).


Summary: First half life of 90's Kids and their Nostalgia and memories from different fields, Anand Gangan writes a series, part four.


ആനന്ദ് ഗംഗൻ

24 ന്യൂസിൽ അസോസിയേറ്റ് ന്യൂസ് എഡിറ്ററായും മനോരമ ന്യൂസിൽ അസ്സി. പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫ്രീലാൻസ് കണ്ടന്റ് റൈറ്റർ.

Comments