കെ. എൻ. പണിക്കർ

കെ. എൻ. പണിക്കർ:
ഗ്രാംഷിയൻ
‘കീഴാളപഠന’ങ്ങളുടെ
മറ്റൊരു മുഖം

‘‘മലബാർ കലാപവുമായി ബന്ധപ്പെട്ട് കെ. എൻ. പണിക്കർ തെളിയിക്കുന്ന പുതിയ വെളിച്ചങ്ങൾ ഇന്നത്തെ ഇരുണ്ട ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയെ മറികടക്കാനുള്ള ശ്രമങ്ങളെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും. Against Lord and State: Religion and Peasant Uprising in Malabar 1836-1921 എന്ന ചരിത്രഗ്രന്ഥത്തെ മുൻനിർത്തി ബി. രാജീവൻ എഴുതുന്നു.

ന്ത്യാ ചരിത്രരചനയുടെ വിവിധ ധാരകളിൽ കെ. എൻ. പണിക്കരുടെ രചനകളെ വ്യത്യസ്തമാക്കുന്ന സവിശേഷത എന്തെന്ന്, ഇനിയും അത് അർഹിക്കുന്ന വിധം നാം വിലയിരുത്തിയിട്ടില്ല. ‘മാർക്സിസ്റ്റ് ചരിത്രകാരൻ’ എന്ന പൊതു ലേബലിൽ അദ്ദേഹത്തെ പരാമർശിക്കുന്ന ഒരു സാമാന്യരീതിയാണ് നിലവിലുള്ളത്. എന്നാൽ അതുകൊണ്ടുമാത്രം കെ. എൻ. പണിക്കർ എന്ന ചരിത്രകാരന്റെ സംഭാവനയുടെ സവിശേഷതയെ നമുക്ക് സ്പർശിക്കാനാവില്ല.

ഡി.ഡി. കോസാംബി എന്ന മാർക്സിസ്റ്റ് ചരിത്രകാരന് തന്നെ തന്റെ മാർക്സിസ്റ്റ് ചരിത്രരചന എങ്ങനെ ‘ഒഫീഷ്യൽ മാർക്സിസ്റ്റ്’ ചരിത്രരചനയിൽ നിന്ന് വേറിട്ട് നിൽക്കുന്നു എന്ന് എടുത്തുപറയേണ്ടി വന്നു. കെ. എൻ. പണിക്കർ എന്ന ചരിത്രകാരന് അങ്ങനെ എടുത്തുപറയേണ്ട സാഹചര്യം ഇന്നില്ലെങ്കിലും നമുക്ക് പണിക്കരുടെ മാർക്സിസത്തിന്റെ സവിശേഷത കണ്ടില്ലെന്ന് നടിക്കാനാവില്ല. Against Lord and State: Religion and Peasant Uprising in Malabar 1836-1921 എന്ന ചരിത്രഗ്രന്ഥത്തെ മുൻനിർത്തി ഈ വഴിക്കുള്ള ചില നിരീക്ഷണങ്ങളാണ് ഇവിടെ നടത്തുന്നത്.

ഡി.ഡി. കോസാംബി
ഡി.ഡി. കോസാംബി

മലബാർ കലാപത്തെക്കുറിച്ച് ഇന്ന് ലഭ്യമായ കൊളോണിയൽ- ദേശീയ- മാർക്സിസ്റ്റ് ചരിത്ര പഠനങ്ങളുടെ പരിമിതികളെ മുറിച്ചുകടന്ന് പണിക്കരുടെ പ്രസ്തുത രചന എങ്ങനെ മുന്നോട്ടു പോകാൻ ശ്രമിക്കുന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്. മലബാർ കലാപത്തിന് പിന്നിൽ പ്രവർത്തിച്ച സാമ്പത്തികവും മതപരവുമായ കാരണങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിൽ ഈ രചനകൾ എങ്ങനെ പരാജയപ്പെട്ടു എന്ന് പണിക്കർ തുറന്നു പറയുന്നത് നോക്കുക.

‘‘മലബാറിലെ കാർഷിക കലാപങ്ങളുടെ സ്വഭാവവും കാരണങ്ങളും ചർച്ചചെയ്യുമ്പോൾ സാധാരണയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒന്നുകിൽ അവ വർഗീയ കലാപങ്ങളോ അതോ കാർഷിക പ്രക്ഷോഭങ്ങളോ എന്നതിലും, അല്ലെങ്കിൽ ആ കലാപങ്ങൾ പ്രചോദിതമായത് സാമ്പത്തിക പ്രേരണകളാൽ ആണോ അതോ മതവിശ്വാസത്താലാണോ എന്നതിലുമാണ്. സമകാലിക കാഴ്ചപ്പാടുകളും ആധുനിക ചരിത്രഗവേഷണവും പൊതുവെ ഈയൊരു പ്രശ്നപരിസരത്തിൽ അടഞ്ഞു കിടക്കുന്നു; സാമ്പത്തികമോ ആശയ സംഹിതാപരമോ ആയ വ്യത്യാസങ്ങളിൽ ഊന്നലുണ്ടെങ്കിൽ പോലും. ഇത് കലാപകാരികളുടെ വിവിധ ചാർച്ച- വേഴ്ചകളെ മറയത്താക്കുന്നു. പകരം സാമ്പത്തികവും വർഗീയവുമായ ബന്ധങ്ങളിൽ നിന്നും മുളപൊട്ടുന്ന കലാപ കർമ്മങ്ങളിൽ ഒന്നിനെ ഒത്തനടുക്ക് പ്രതിഷ്ഠിക്കുകയും ചെയ്യുന്നു”.

Read: ഫാഷിസത്തിന്റെ
മുഖത്തേക്ക് വലിച്ചെറിഞ്ഞ ഷൂ:
കെ.എൻ. പണിക്കരുടെ
ചരിത്രനിലപാട്

ഇങ്ങനെ പണിക്കർ ചൂണ്ടിക്കാട്ടുന്ന, ഇന്ന് സുലഭമായ ലിബറൽ ദേശീയവാദപരമോ മാർക്സിസ്റ്റോ ആയ ചരിത്രരചനകളുടെ ഈ പരിമിതികളിൽനിന്ന് പണിക്കരുടെ മാർക്സിസം എങ്ങനെ മുന്നോട്ടു പോകുന്നു എന്ന് നോക്കാം.

മലബാർ കലാപത്തെക്കുറിച്ച് ഇന്ന് ലഭ്യമായ കൊളോണിയൽ- ദേശീയ- മാർക്സിസ്റ്റ് ചരിത്ര പഠനങ്ങളുടെ പരിമിതികളെ മുറിച്ചുകടന്ന് പണിക്കരുടെ പ്രസ്തുത രചന എങ്ങനെ മുന്നോട്ടു പോകാൻ ശ്രമിക്കുന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്.
മലബാർ കലാപത്തെക്കുറിച്ച് ഇന്ന് ലഭ്യമായ കൊളോണിയൽ- ദേശീയ- മാർക്സിസ്റ്റ് ചരിത്ര പഠനങ്ങളുടെ പരിമിതികളെ മുറിച്ചുകടന്ന് പണിക്കരുടെ പ്രസ്തുത രചന എങ്ങനെ മുന്നോട്ടു പോകാൻ ശ്രമിക്കുന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്.

“മലബാറിലെ കൊളോണിയൽ ജന്മിത്തത്തിന്റെ കാലത്ത് മാപ്പിള കർഷകരെ പോലെ തന്നെ ഹിന്ദു കർഷകരും കൊടിയ ചൂഷണത്തിന് വിധേയരായിരുന്നു. അതിനാൽ, സാമ്പത്തികാസംതൃപ്തിയോ മതപരമായ വൈരാഗ്യങ്ങളോ തനിച്ച് കലാപത്തിൽ ഏർപ്പെടുന്നതിന് പര്യാപ്തമായിരുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്’’- എന്ന് പണിക്കർ പ്രസ്താവിക്കുന്നു. ഇങ്ങനെ സാമ്പത്തികാസംതൃപ്തി ഹിന്ദുകൾക്കും മാപ്പിളമാർക്കും പൊതുവായിരുന്ന സ്ഥിതിയിൽ മതവും സംസ്കാരവും എങ്ങനെ കലാപത്തിന്റെ നിർണായകമായ സാമൂഹ്യ- രാഷ്ട്രീയ പ്രത്യയശാസ്ത്രകാരണങ്ങളായി വ്യത്യസ്ത രീതികളിൽ മാപ്പിളമാരിലും ഹിന്ദുക്കളിലും പ്രവർത്തിച്ചു എന്നാണ് പണിക്കാർ തന്റെ ഗ്രന്ഥത്തിൽ അന്വേഷിക്കുന്നത്.

സാമ്പത്തികാടിത്തറയിൽ നിന്ന് വിട്ട് സ്വച്ഛന്ദമായി രൂപപ്പെടുന്ന മത- സാംസ്കാരിക പ്രത്യയ ശാസ്ത്രത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ കുറിച്ചുള്ള പണിക്കരുടെ ഈ സവിശേഷമായ അന്വേഷണങ്ങളുടെ സൈദ്ധാന്തിക അടിസ്ഥാനം അന്തോണിയോ ഗ്രാംഷിയുടെ ആശയങ്ങളാണ്.

പ്രകൃതിയുമായി നേരിട്ട് ബന്ധപ്പെടുന്ന കൃഷിക്കാരെ പോലെയുള്ള കീഴാള ജനവിഭാഗങ്ങളുടെ മതവിശ്വാസം അടക്കമുള്ള സാംസ്കാരിക ജീവിത ബോധത്തെ ജനങ്ങളുടെ ‘സാമാന്യബോധം’ (common sense) എന്ന ഒരു നൂതന പരികല്പന കൊണ്ടാണ് അന്റോണിയോ ഗ്രാംഷി വിശകലനം ചെയ്യുന്നത്. ഈ ‘കോമൺസെൻസ്’ കീഴാളർ എന്ന നിലയിൽ ജനങ്ങളെ അടിമപ്പെടുത്തി നിർത്താൻ സഹായിക്കുന്ന അന്ധവിശ്വാസങ്ങളും അതേസമയം പ്രകൃതിയിൽ നേരിട്ട് പ്രവർത്തിക്കുന്നവരെന്ന നിലയിലുള്ള അവരുടെ അപ്രതിരോധ്യമായ മനുഷ്യവീര്യത്തിന്റെ ശക്തികളും കൂടിക്കലരുന്ന ഒരു മണ്ഡലമാണ്.

കീഴാളരെന്ന നിലയിൽ ജനങ്ങൾ മേലാളർക്ക് അടിമപ്പെട്ടു നിൽക്കുമ്പോൾ സാമാന്യബോധം നിഷേധാത്മകമായ പ്രാകൃതവിശ്വാസങ്ങളുടെ മണ്ഡലമാണ്. എന്നാൽ അവർ മേലാളർക്കെതിരെ തിരിയുമ്പോൾ ഈ സാമാന്യബോധം ഒരു സമര ശക്തിയായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. ഗ്രാംഷി ബോധവൈപരീത്യം (Contradictory Consciousness) എന്നു വിശേഷിപ്പിക്കുന്ന മതപരവും സാംസ്കാരികവുമായ ഈ രാഷ്ട്രീയശക്തി മാപ്പിള കലാപത്തിന്റെ ചരിത്രത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കാനാണ് കെ. എൻ. പണിക്കർ തന്റെ ഗ്രന്ഥത്തിൽ ശ്രമിക്കുന്നത്. അതിനായി അദ്ദേഹം ഗ്രാംഷിയെ പിന്തുടർന്ന്, പരമ്പരാഗത ബുദ്ധിജീവികൾ (Traditional Intellectuals ) മലബാർ കലാപത്തിൽ വഹിച്ച പങ്കിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്നു.

അന്തോണിയോ ഗ്രാംഷി
അന്തോണിയോ ഗ്രാംഷി

ഈ അന്വേഷണത്തിലൂടെ ‘മാപ്പിള മതഭ്രാന്തി’നെ മലബാർകലാപത്തിന്റെ ചരിത്രം പഠിക്കുന്ന ലിബറൽ ദേശീയവാദികളും മാർക്സിസ്റ്റുകളും എന്തിന് മഹാത്മാഗാന്ധി പോലും കലാപത്തിന്റെ മൗലിക കാരണങ്ങളിൽ ഒന്നായി കാണുന്നതിന്റെ പരിമിതിയെയാണ് പണിക്കർ ഇവിടെ മറികടക്കാൻ ശ്രമിക്കുന്നത്. ചുരുക്കത്തിൽ ‘മാപ്പിള മതഭ്രാന്തൻ’ എന്ന കൊളോണിയൽ വ്യവഹാരനിർമ്മിതിയുടെ അപനിർമാണത്തിനുള്ള വാതിലാണ് ഇവിടെ തുറക്കപ്പെടുന്നത്.

ഇതുമായി ബന്ധപ്പെട്ട മലബാറിലെ കാർഷിക ഭൂവുടമാബന്ധത്തെ പണിക്കർ ഒരു സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നു. മലബാറിലെ ജന്മിസമ്പ്രദായം എന്ന പേരിൽ പൊതുവേ പറയപ്പെടുന്ന ഭൂ ഉടമാബന്ധത്തെ പണിക്കർ രണ്ട് ഘട്ടങ്ങളായി വേർതിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കോളനിവാഴ്ചയ്ക്ക് മുമ്പുള്ള കാർഷിക ഗ്രാമവ്യവസ്ഥയിലെ ഭൂഉടമാ സമ്പ്രദായത്തിനും കോളനിവാഴ്ചക്കാലത്ത് നടപ്പിലാക്കപ്പെടുന്ന ഭൂ ഉടമബന്ധത്തിനും തമ്മിലുള്ള ഗുണപരമായ അന്തരത്തിലേക്കാണ് ഇത് വെളിച്ചം പായിക്കുന്നത്.

Read: ഡോ. കെ.എൻ. പണിക്കർ, ചരിത്രത്തെ ഖനനം ചെയ്ത ധിഷണാശാലി

പാശ്ചാത്യ മാതൃകയിലുള്ള ഫ്യൂഡലിസത്തെ ഇന്ത്യൻ കാർഷിക ഗ്രാമവ്യവസ്ഥയിലും ആരോപിക്കുന്ന പൊതു മാർക്സിസ്റ്റ് സമീപനത്തിൽനിന്ന് ഇവിടെ പണിക്കർ മുന്നോട്ടുപോകുന്നു. ഇങ്ങനെ പാശ്ചാത്യ മാതൃകയിൽ ഭൂമിയിന്മേൽ കൊളോണിയൽ ഭരണകൂടത്തിനുള്ള പരമാധികാരം സ്ഥാപിക്കുന്നതിനും കരം പിരിക്കുന്നതിനും വേണ്ടി ഇടനിലക്കാരായ മേലാളന്മാർക്ക് ഭൂമിയിൽ സ്ഥിരാവകാശം നൽകുന്നതിലൂടെ ഭൂമിയെ സ്വകാര്യ സ്വത്താക്കി മാറ്റിക്കൊണ്ട് ഇന്ത്യൻ കാർഷിക ഗ്രാമ വ്യവസ്ഥയെ തകർക്കുകയാണ് കോളനി മേധാവികൾ ചെയ്തത് എന്ന നിഗമനത്തിൽ പണിക്കർ എത്തിച്ചേരുന്നു.

മലബാർ കലാപവുമായി ബന്ധപ്പെട്ട് കെ. എൻ. പണിക്കർ തെളിയിക്കുന്ന പുതിയ വെളിച്ചങ്ങൾ ഇന്നത്തെ ഇരുണ്ട ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയെ മറികടക്കാനുള്ള ശ്രമങ്ങളെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും.
മലബാർ കലാപവുമായി ബന്ധപ്പെട്ട് കെ. എൻ. പണിക്കർ തെളിയിക്കുന്ന പുതിയ വെളിച്ചങ്ങൾ ഇന്നത്തെ ഇരുണ്ട ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയെ മറികടക്കാനുള്ള ശ്രമങ്ങളെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും.

ആധുനിക സ്വകാര്യ സ്വത്തുടമസ്ഥതയുടെ സ്ഥാനത്ത് രാജാവിനും പുരോഹിതനും കൈവേലക്കാർക്കും കൃഷിപ്പണിക്കാർക്കും ഭൂമിയിൽ ശ്രേണീബദ്ധമായ അവകാശങ്ങളാണ് ഇന്ത്യൻ കാർഷിക ഗ്രാമവ്യവസ്ഥയിൽ കോളനിവാഴ്ചയ്ക്കുമുമ്പ് നിലനിന്നിരുന്നത്. മലബാറില കൊളോണിയൽ ജന്മി സമ്പ്രദായത്തിന്റെ ചൂഷണ സ്വഭാവം എടുത്തു കാട്ടുന്നതിനുവേണ്ടി പണിക്കർ കോളനിവാഴ്ചയ്ക്ക് മുമ്പ് നിലനിന്ന ഈ ഭൂവുടമാബന്ധങ്ങളുടെ സ്വഭാവം വിശദമായി പരിശോധിക്കുന്നുണ്ട്.

‘‘ഭൂ ഉടമാവകാശത്തിൽ അടിസ്ഥാനപരമായ വ്യതിയാനങ്ങൾക്ക് വഴിയൊരുക്കിയ കമ്പനിയുടെ ഭൂനികുതിനയം പരമ്പരാഗതമായി നിലനിന്നിരുന്ന കാർഷിക ഭൂവുടമാബന്ധങ്ങളെ തകിടം മറിച്ചു. വസ്തുവിന്റെ മേലുള്ള ജന്മാവകാശവും കാണാവകാശവും ആയിരുന്നു പരമ്പരാഗതമായി ഭൂമിയുടെ മേലുള്ള ഇടപാടുകളെ നിയന്ത്രിച്ചിരുന്ന രണ്ട് കീഴ്വഴക്കങ്ങൾ… മൊത്തം കാർഷികോൽപ്പാദനത്തിൽനിന്ന് മൂന്നിലൊന്ന് വീതം ജന്മിക്കും കാണക്കാരനും വേല ചെയ്യുന്നവനും തുല്യമായി അവകാശപ്പെട്ടതാണ് എന്നുള്ള ചട്ടം ഇപ്രകാരം രൂപം കൊണ്ടതാണ്… മണ്ണൊരുക്കൽ, ലാഭം എന്നീ ഇനങ്ങളിൽ മൂന്നിലൊന്ന് കാണക്കാരനും; കൃഷി ഇറക്കുന്നതിനായി മൂന്നിലൊന്ന് തീയർക്കും ചെറുമർക്കും പാട്ടമായി മൂന്നിലൊന്ന് ജന്മിക്കും-അതായിരുന്നു രീതി. ഭൂമിയിൽ ഉൽപ്പാദിപ്പിക്കുന്ന വിളകളുടെ മേൽ മൂന്നു വിഭാഗക്കാർക്കും തുല്യമായ അവകാശം ഉറപ്പാക്കുന്നതായിരുന്നു ഈ വിഭജന രീതി. ഓരോ ഗ്രാമത്തിലും കാർഷികോപകരണങ്ങളുടെ നിർമ്മാതാക്കളായ ആശാരിമാർക്കും ഇരുമ്പ് പണിക്കാർക്കും കൂടി ഒരു വിഹിതം അവകാശമാക്കാൻ കഴിയുന്ന തരത്തിലാണ് യഥാർത്ഥത്തിൽ ഈ പരമ്പരാഗത രീതി വിഭാവനം ചെയ്തിട്ടുള്ളത്. മലബാറിൽ ജന്മിത്തത്തിന്റെയും കാണത്തിന്റെയും കൊള്ളക്കൊടുക്കകൾ ഓരോ വിഭാഗക്കാർക്കുമുള്ള അവകാശങ്ങൾക്ക് അല്പം പോലും കോട്ടം തട്ടാതെ നടത്താൻ കഴിഞ്ഞിരുന്നത് പരസ്പരം സ്വതന്ത്രങ്ങളായ ഈ അവകാശങ്ങളെ അംഗീകരിച്ചിരുന്നതുകൊണ്ടാണ്. ജന്മി ഭൂസ്വത്തിന് എത്രമാത്രം ഉടമയാണ് അത്രമാത്രം തന്നെ കാണക്കാരനും ആ ഭൂമിക്ക് ഉടമയായിരുന്നു എന്ന മലബാറിലെ നികുതി സമ്പ്രദായങ്ങളെ പറ്റി നല്ലവണ്ണം അറിവുണ്ടായിരുന്ന വില്യം ലോഗൻറെ വിലയിരുത്തൽ തികച്ചും യുക്തിയുക്തമായിരുന്നു എന്ന് വേണം കരുതാൻ. കാണക്കാരന് ഭൂമിയിൽ സ്വതന്ത്രമായ അവകാശമുണ്ടായിരുന്നു എന്നുള്ളത് അയാൾക്ക് അതിന്മേൽ ഉണ്ടായിരുന്ന കൈവശാവകാശത്തിന്റെ സുസ്ഥിരതയെ കുറിക്കുന്നു…’’.

തുടർന്ന് കൊളോണിയൽ ജന്മിത്വത്തിന്റെ കാലത്ത് ഭൂവുടമാബന്ധങ്ങളിൽ വന്ന പരിവർത്തനത്തെക്കുറിച്ച് പണിക്കർ ഇങ്ങനെ വിശദീകരിക്കുന്നു.

Read: കെ. എൻ. പണിക്കർ: മരിച്ചിട്ടും മരിക്കാത്ത മതനിരപേക്ഷത

‘‘മണ്ണിന്റെ മേലുള്ള പൂർണാവകാശം ജന്മക്കാരന്റെതാണെന്നും നേരായ മാർഗ്ഗേണ ഭൂമിയിൽ ഒരു ശക്തിക്കും ഇതിൽ അവകാശമുന്നയിക്കാൻ കഴിയില്ലെന്നുമാണ് മലബാറിലെ ഭൂബന്ധങ്ങളെ സംബന്ധിച്ച വിഷയങ്ങളിൽ തികച്ചും ഒരു പണ്ഡിതനായി കരുതിയിരുന്ന മേജർ വാക്കർ 1801- ൽ കുറിച്ചിരിക്കുന്നത്. അങ്ങനെ ഭൂസ്വത്തിന്റെ തികച്ചും സ്വതന്ത്രരായ ഉടമസ്ഥർ ജന്മിമാർ തന്നെയാണെന്നുള്ള തത്വത്തിന് സാവധാനം അംഗീകാരം ലഭിച്ചു. ആദ്യമുണ്ടായ ചില വിവാദങ്ങൾക്കുശേഷം ജില്ലാ അധികൃതരുടെ വാദം സ്വീകരിച്ചുകൊണ്ട് ഭൂഉടമസ്ഥതയും ഉപയോഗാധികാരവും ജന്മിയുടെതാണെന്ന് ഗവൺമെൻറ് അംഗീകരിക്കുകയുണ്ടായി. മലബാറിലെ ജന്മിക്ക് അങ്ങനെ യൂറോപ്പിലെ ഭൂപ്രഭുവിനെക്കാൾ ഭുസ്വത്തിന്മേൽ അധികാരം ലഭിച്ചു. (bold കൂട്ടിച്ചേർത്തത്).

ഇന്ത്യൻ കാർഷിക ഗ്രാമവ്യവസ്ഥയിൽ നിലനിന്ന ഭൂമിയിന്മേലുള്ള പൊതു അവകാശബന്ധങ്ങൾ അട്ടിമറിക്കപ്പെടുന്നത്, സെമിന്ദാർമാർക്ക് ഭൂമിയിൽ സ്ഥിരാവകാശം നൽകുന്ന ‘Permanent Settlement’ എന്നറിയപ്പെടുന്ന നിയമം 1793- ൽ ഗവർണർ ജനറൽ ആയിരുന്ന ലോഡ് കോൺവാലിസ് നടപ്പാക്കിയതോടെയാണ്. സ്വകാര്യ സമ്പദ് വ്യവസ്ഥയിലൂടെ ഇന്ത്യയെ ലോകമുതലാളിത്തത്തിന്റെ ഭാഗമാക്കുന്ന പുരോഗമനപരമായ ഒരു കൊളോണിയൽ സംഭാവനയായാണ് ഇന്നും ഇതിനെ തത്വത്തിൽ ഇന്ത്യയിലെ ഔദ്യോഗിക മാർക്സിസ്റ്റുകളും ലിബറൽ സ്വത്വവാദികളും അടക്കമുള്ള ‘ആധുനിക പുരോഗമനവാദികൾ’ കണക്കാക്കുന്നത്. ഈ ധാരണ മാർക്സ് യൂറോ സെൻട്രിസത്തിൽ നിന്നും ഏകരേഖീയമായ (Uniliner) ചരിത്ര വികാസ സങ്കൽപ്പത്തിൽ നിന്നും പുറത്തു കടക്കുന്നതിന് മുമ്പ് 1853- ൽ ഇന്ത്യയെ കുറിച്ച് എഴുതിയതിന്റെ തുടർച്ചയാണ്.

ലോഡ് കോൺവാലിസ്, മാര്‍ക്സ്
ലോഡ് കോൺവാലിസ്, മാര്‍ക്സ്

എന്നാൽ ഈ നിലപാട് പിന്നീട് മാർക്സ് പൂർണമായും തിരുത്തി. ഇന്ത്യയെ കുറിച്ചുള്ള അവസാനകാല പഠനങ്ങളിലൊന്നിൽ ഇന്ത്യൻ കാർഷിക ഗ്രാമവ്യവസ്ഥയെ തകർത്തുകൊണ്ട് കൃഷിഭൂമിയെ സ്വകാര്യ സ്വത്താക്കി മാറ്റിയ ലോഡ് കോൺവാലിസിനെ അക്കാരണത്താൽ മാർസ് ‘’സ്കൗൺട്രൽ’’ എന്ന് അധിക്ഷേപിക്കുക പോലും ചെയ്യുന്നു. ഇതറിയാതെ മാർക്സിന്റെ ആദ്യകാല നിലപാടിനെ പ്രമാണമാക്കി ഇന്ത്യാ ചരിത്രത്തെ ഇന്നും വിലയിരുത്തുന്ന മേൽപ്പറഞ്ഞ പുരോഗമനവാദികളെ ഇന്ത്യയുടെ ഭൂതകാല യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണുതുറപ്പിക്കാനുതകുന്നവയാണ് മലബാറിലെ കോളനിവാഴ്ചയ്ക്ക് മുമ്പുള്ള ഭൂബന്ധങ്ങളെ കുറിച്ചുള്ള കെ.എൻ. പണിക്കരുടെ അന്വേഷണങ്ങൾ.

ഇങ്ങനെ മലബാർ കലാപവുമായി ബന്ധപ്പെട്ട് കെ. എൻ. പണിക്കർ തെളിയിക്കുന്ന പുതിയ വെളിച്ചങ്ങൾ ഇന്നത്തെ ഇരുണ്ട ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയെ മറികടക്കാനുള്ള ശ്രമങ്ങളെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും. കാരണം സംഘപരിവാറിനെ നേരിടാൻ എന്ന പേരിൽ പഴയ സായിപ്പിനോട് ചേർന്നുനിന്ന് ഇന്ത്യയുടെ ഭൂതകാലത്തെ കരിപൂശി കാട്ടുന്നതിലൂടെ വിശ്വാസികളായ ഇന്ത്യൻ ഗ്രാമീണ ജനതയുടെ വികാരങ്ങളെ മുറിപ്പെടുത്തി, അവരെ വർഗീയ ശക്തികളിൽ അഭയം തേടാൻ പ്രേരിപ്പിക്കുന്ന ‘പുരോഗമനവാദികൾ’ സൃഷ്ടിക്കുന്ന അപകടം തുറന്നുകാട്ടാനുള്ള ശ്രമങ്ങൾക്ക് ഇത് വെളിച്ചം പകരുക തന്നെ ചെയ്യും.


Summary: K. N. Panikkar’s Study on Malabar Rebellion Offers Insights to Challenge India’s Current Dark Political Climate; B.Rajeevan Writes on Against Lord and State: Religion and Peasant Uprising in Malabar


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments