‘ബാലൻ’
ഒന്നാന്തരം പുരുഷൻ
തന്നെ

‘‘നിസ്സംശയം പറയട്ടെ, ചിദംബരത്തിന്റെ ബാലൻ ശരാശരിക്ക് മുകളിലേക്ക് പോകാത്ത ഓവർ ഹൈപ്പ്ഡ് മൂവിയാണ്. ബാലാവകാശങ്ങളെല്ലാം സൂക്ഷ്മമായി റദ്ദ് ചെയ്യപ്പെടുകയാണ് സിനിമയിൽ. അതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ അവൻ്റെ അമ്മയും. ഹിംസകളെ സാമാന്യവൽക്കരിക്കുന്ന സമകാല മലയാളസിനിമാസ്വഭാവങ്ങളോട് അതിസ്വാഭാവികമായി ചേർന്നുനിൽക്കുന്ന സിനിമ’’- ഡോ. ശിവപ്രസാദ് പി. എഴുതുന്നു.

1938- ലാണ് ബാലൻ എന്ന പേരിൽ ഒരു സിനിമ മലയാളത്തിൽ ആദ്യമുണ്ടാവുന്നത്. ഒരു ബാലൻ്റെയും സഹോദരിയുടെയും കഥയാണത്. രണ്ടാനമ്മയുടെ ക്രൂരതകളോടാണ് കുട്ടികൾക്ക് പൊരുതേണ്ടിവരുന്നത്. അവിടെ ദൈവം കുട്ടികൾക്ക് തുണയാകുന്നു. ഒരു ഗാനമൊഴികെ മറ്റൊന്നും സാങ്കേതികമായി ബാക്കിയില്ല. സിനിമയുടെ പ്രിൻ്റ് ഇപ്പോൾ ലഭ്യമല്ല.

88 വർഷങ്ങൾക്കിപ്പുറം, മലയാളസിനിമയുടെ ആകെയുള്ള പ്രായത്തെ ഓർമിപ്പിച്ച് ‘ബാലൻ’ എന്ന പേര് വീണ്ടും ഉപയോഗിക്കപ്പെടുന്നു. ജിത്തു മാധവൻ എഴുതി ചിദംബരം സംവിധാനം ചെയ്ത് ബാലൻ ദ ബോയ് എന്നൊരു ചിത്രം 2026- ൽ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നു.

സിനിമയുടെ സാങ്കേതികവിദ്യയും ലാവണ്യബോധവും എന്നുവേണ്ട, കളക്ഷൻ റെക്കോർഡുകളും തുടരെത്തുടരെ പുതുക്കപ്പെടുന്ന ഒരു കാലത്ത്, തീർച്ചയായും ഒറ്റനോട്ടത്തിൽ ഒരു ബാലൻ്റെ കഥ തന്നെയാണ് ഇവിടെയുമുള്ളത്. ഒപ്പം, അവനെ വളർത്താൻ പരിശ്രമിക്കുന്നതായി ഭാവിക്കുന്ന അവൻ്റെ അമ്മയുടെയും.

ഒറ്റക്കാഴ്ചയിൽ അല്പമൊരു പതിഞ്ഞ താളത്തിൽ, എന്നാൽ ഇഴയാതെയും ഇടറാതെയും കഥ പറയാൻ ചിത്രത്തിന് കഴിഞ്ഞിരിക്കുന്നു എന്നുപറയാം. നല്ല അഭിനേതാക്കളും ഫ്രെയിമുകളും സംഗീതവും ഗാനങ്ങളും സിനിമയിലുണ്ട്. പക്ഷെ പ്രമേയത്തിൻ്റെ കേന്ദ്രബിന്ദു അതിൻ്റെ സാധ്യതകളിലേക്ക് വികസിക്കുന്നതിനുപകരം പ്രതിലോമതകളിലേക്ക്, ഒരുപക്ഷെ നടപ്പുകാല ട്രെൻ്റുകളിലേക്ക് ചുരുങ്ങുകയാണ് ചെയ്യുന്നത്.

READ: ബാലൻ: അസ്തിത്വസങ്കീർണ്ണതകളുടെ ആഖ്യാനലോകം

‘രക്ഷകഅച്ഛൻ’ സിനിമയുടെ
കാലത്തൊരു ‘ബാലൻ’

‘ബാലൻ’;
അടയാളങ്ങളെല്ലാം
ഉടഞ്ഞുപോയവരുടെ
ലോകം

നല്ല സിനിമ എന്ന നിലവിലെ നറേറ്റീവ് അഥവാ പരസ്യത്തിനപ്പുറം, സിനിമയുടെ ഗണം അഥവാ ജോണർ അതിനെ തകർത്തുകളയുന്നത് എങ്ങനെ എന്നതിന് ഒരു മാതൃകയായാവും ചിദംബരത്തിൻ്റെ ബാലൻ ദ ബോയ് ഭാവിയിൽ ഓർക്കപ്പെടുക എന്ന് തോന്നുന്നു. ചിത്രത്തിൻ്റെ ജോണർ ത്രില്ലർ ആക്കുക എന്നതോടെ, ഒരു സ്ത്രീ അവളുടെ മകനെയും കൊണ്ട് തങ്ങളുടെ അതിജീവനത്തിനിറങ്ങുന്നതിൽ സംഭവിക്കാനിടയുള്ള സംഭവ്യതകളെ, അപ്രകാരം തുറന്നുകാട്ടാവുന്ന പ്രധാന സാമൂഹികതയെ കൈവിട്ടുപോവുകയാണ് അണിയറക്കാർ. പകരം ത്രില്ലർ ഗണത്തിന് അനുപേഷണീയമെന്നോ അനിവാര്യമെന്നോ കരുതിവരുന്ന (തെറ്റിദ്ധരിച്ചുവരുന്ന) കൊലയും നിയമലംഘനവും അതിൽവരുന്ന സംഘർഷവും മാത്രമായി സിനിമ ചുരുങ്ങുന്നു. ഈ താളംതെറ്റലിൽ യുക്തിയും നീതിബോധവും പിന്നാമ്പുറത്തേക്ക് മറയുന്നു. സ്ത്രീ ഒറ്റയാകുന്ന, ഒരുപക്ഷെ മാനസികമായി തകർന്നുപോയ മറ്റൊരു സ്ത്രീയെപ്പോലും കരുവാക്കുന്നു. ഒളിച്ചുകളിയിലും കഥയുണ്ടാക്കലിലും കരുങ്ങിപ്പോകുന്നു. എല്ലാതരം സാമൂഹികതകളെയും നിരാകരിക്കുന്നു. പതിയെ ഏകാധിപതിയുടെ ഭാവചലനങ്ങൾ സ്വന്തമാക്കുന്നു.

ഒരു സ്ത്രീ നടത്തുന്ന അതിജീവനശ്രമങ്ങൾ എന്ന നിലയിൽ അവളുടെ വേഷപ്പകർച്ചകളെ വളർത്തിയെടുക്കുന്നതിൽ സിനിമ​ തോറ്റുപോകുന്നത് ത്രില്ലർ എന്ന ഗണത്തിൻ്റെ ചതിക്കുഴിയിലേക്ക് ചുരുങ്ങിയിറങ്ങിയപ്പോഴാവണം. ശരിയായ പ്രശ്നമെന്താണ് എന്നല്ല, എങ്ങനെയെല്ലാം പുതിയ പ്രശ്നങ്ങൾ അഥവാ സംഘർഷങ്ങൾ ഉണ്ടാക്കാം എന്നായിപ്പോയി അണിയറക്കാരുടെ നോട്ടം. ഇത്രയുംകൊണ്ട് സിനിമ പരാജയമായി എന്നല്ല, ഈ വഴിയിലേക്ക് വീണതോടെ പറയുന്നതിൻ്റെ വിപരീതങ്ങൾപോലും വന്നുചേർന്നു എന്നതാണ്. അതിലേക്ക് വരാം.

1938- ലാണ് ബാലൻ എന്ന പേരിൽ ഒരു സിനിമ മലയാളത്തിൽ ആദ്യമുണ്ടാവുന്നത്. ഒരു ബാലൻ്റെയും സഹോദരിയുടെയും കഥയാണത്. രണ്ടാനമ്മയുടെ ക്രൂരതകളോടാണ് കുട്ടികൾക്ക് പൊരുതേണ്ടിവരുന്നത്.
1938- ലാണ് ബാലൻ എന്ന പേരിൽ ഒരു സിനിമ മലയാളത്തിൽ ആദ്യമുണ്ടാവുന്നത്. ഒരു ബാലൻ്റെയും സഹോദരിയുടെയും കഥയാണത്. രണ്ടാനമ്മയുടെ ക്രൂരതകളോടാണ് കുട്ടികൾക്ക് പൊരുതേണ്ടിവരുന്നത്.

നിസ്സംശയം പറയട്ടെ, ചിദംബരത്തിന്റെ ബാലൻ ശരാശരിക്ക് മുകളിലേക്ക് പോകാത്ത ഒരു ഓവർ ഹൈപ്പ്ഡ് മൂവിയാണ്. ഹിംസകളെ സാമാന്യവൽക്കരിക്കുന്ന സമകാല മലയാളസിനിമാസ്വഭാവങ്ങളോട് അതിസ്വാഭാവികമായി ചേർന്നുനിൽക്കുന്ന സിനിമ തന്നെയാണ് ബാലനും.

തന്റെ മകനെ രാക്ഷസനോ അടിമയോ ആക്കാതിരിക്കാൻ ഒരമ്മ നടത്തുന്ന അതിജീവനം എന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും അടിമയായി അവനെ തളയ്ക്കുക മാത്രമാണ് അവരും ഫലത്തിൽ ചെയ്യുന്നത്. ചിത്രത്തിന്റെ പേര് 1938- ലെ മലയാളസിനിമയുടെ ആവർത്തനമാണ് എന്ന് സൂചിപ്പിച്ചുകഴിഞ്ഞു. രണ്ടാനമ്മയ്ക്കുപകരം സ്വന്തം അമ്മ തന്നെയാണ് ഇത്തവണ ക്രൂരത പ്രവർത്തിക്കുന്നത് എന്നതാണ് പ്രധാന പ്രമേയബന്ധം. അത് മാറ്റിവച്ചാൽ ആ പേര്, സകല ബാലാവകാശങ്ങളും റദ്ദ് ചെയ്തുകൊണ്ട്, ഒരു കുട്ടിയിൽ അധികാരം പ്രയോഗിക്കുന്ന പ്രമേയം എന്ന നിലയിൽ പുതിയ കാലത്ത് ദുരൂപയോഗിച്ചിരിക്കുന്നു എന്നുപറയാം. അതിനാലത് അനുയോജ്യമല്ല എന്നുമല്ല, അങ്ങേയറ്റം പ്രതിലോമവുമാണ്.

ബാലൻ ദ ബോയ് എന്ന ചിദംബരംസിനിമയിൽ ബാലാവകാശങ്ങളെല്ലാം സൂക്ഷ്മമായി റദ്ദ് ചെയ്യപ്പെടുകയാണ്. അതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ അവൻ്റെ അമ്മയും. വേണ്ടി വന്നാൽ കൊല്ലാം എന്നും, മുഴുവൻ സമയവും നുണ പറയാം എന്നും, തന്നെ മാത്രമേ അനുസരിക്കാവൂ അഥവാ വിശ്വസിക്കാവൂ എന്നും അമ്മ അവനെ പഠിപ്പിക്കുന്നു.

ബാലൻ വാസ്തവത്തിൽ എല്ലാവരാലും നിയന്ത്രിക്കപ്പെടുകയും അടിമയാക്കപ്പെടുകയും ചെയ്യുന്ന ഒരു കുട്ടിയുടെ കഥയാണ്. കഥകൾ കേട്ട് വളരേണ്ട അവൻ്റെ ബാല്യം കള്ളക്കഥകൾ ആടിത്തീർക്കേണ്ട വ്യാജസ്വത്വനിർമ്മിതികളുടെ കേളീരംഗമാകുന്നു. (മുതിർന്ന ആളെ സംബന്ധിച്ച് ഇതൊരു സാധ്യതയാണ് എന്ന് വാദിക്കാം. പോരാത്തതിന് വ്യത്യസ്ത മതങ്ങൾ തെരഞ്ഞെടുക്കുന്നതിലും മറ്റുമുള്ള കൗതുകങ്ങളുമുണ്ട്. എന്നാലത് ഒരു കുട്ടിയിലേക്ക് രക്ഷിതാവിനാൽ നിർബന്ധിതമായി എത്തുമ്പോൾ കടുത്ത അനീതിയാകുന്നു).

അവന് പേരോ നാടോ ഉണ്മയോ കർതൃത്വമോ സ്വത്വമോ ഇല്ല. എപ്പോഴും കർമ്മസ്ഥാനത്ത് കെട്ടിയിടപ്പെടുകയാണ് അവൻ. ഒരു കുട്ടിയ്ക്ക് രക്ഷിതാക്കൾ / രക്ഷിതാവ്, ആധുനിക സമൂഹം, ഭരണകൂടം, നിയമവ്യവസ്ഥ എന്നിങ്ങനെ നിർബന്ധമായും ലഭിക്കേണ്ട യാതൊന്നും ലഭിക്കാതെവരുന്നു എന്നുമാത്രമല്ല, പകരം രക്ഷിതാവിനാൽതന്നെ (ആദ്യാവസാനം അമ്മയും ഇടയിൽ ടൊവിനോയുടെ കഥാപാത്രമായ വളർത്തച്ഛനും) കബളിപ്പിക്കപ്പെടുകയോ അടിമയാക്കപ്പെടുകയോ ചെയ്യുന്നു എന്നതാണ് സിനിമ കാണിച്ചുതരുന്നത്.

ഏതൊരു രാജ്യത്തും കുഞ്ഞുങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച സങ്കല്പനങ്ങളും നിയമങ്ങളും ഉണ്ടായിരിക്കും. ജനായത്തരാഷ്ട്രങ്ങൾ വളരെ മികച്ചുനില്ക്കുന്നത് ഇത്തരം കാര്യങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടാവും. ബാലാവകാശങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം കമ്മീഷനുകളോ സംവിധാനമോ ഉണ്ടായിരിക്കുന്നതും ഇതിനാലാണ്. ലോകരാഷ്ട്രങ്ങൾക്ക് ആകെയും പാലിക്കേണ്ടതായുള്ള അന്താരാഷ്ട്രനിയമങ്ങളും ഈ വിഷയത്തിലുണ്ട്. കുട്ടിയെ സ്വതന്ത്ര്യസ്വത്വമായി പരിഗണിച്ച് അവകാശങ്ങൾ കല്പിക്കുകയാണ് തത്വത്തിൽ ചെയ്തിരിക്കുന്നത്. പല രാജ്യങ്ങളും കുട്ടികളുടെ പ്രൈവസി പോലും വളരെ പ്രധാനമായി കണക്കാക്കിയുള്ള നിയമനിർമ്മാണം നടത്തിയിരിക്കുന്നു. മാത്രമല്ല, കുട്ടികളുടെ ചുമതല പലപ്പോഴും സ്റ്റേറ്റ് ഏറ്റെടുക്കുന്ന സംവിധാനങ്ങളും മിക്ക ജനായത്ത രാജ്യങ്ങളിലുമുണ്ട്. രക്ഷിതാക്കൾക്കുപോലും കുഞ്ഞിനുമേലുള്ള അധികാരങ്ങളെ ശ്രദ്ധിച്ചുപയോഗിക്കേണ്ടിവരുന്നത് ശക്തമായ ഇത്തരം സംവിധാനങ്ങൾ ഉള്ളതുകൊണ്ടാണ്.

ബാലൻ വാസ്തവത്തിൽ എല്ലാവരാലും നിയന്ത്രിക്കപ്പെടുകയും അടിമയാക്കപ്പെടുകയും ചെയ്യുന്ന ഒരു കുട്ടിയുടെ കഥയാണ്. കഥകൾ കേട്ട് വളരേണ്ട അവൻ്റെ ബാല്യം കള്ളക്കഥകൾ ആടിത്തീർക്കേണ്ട വ്യാജസ്വത്വനിർമ്മിതികളുടെ കേളീരംഗമാകുന്നു.
ബാലൻ വാസ്തവത്തിൽ എല്ലാവരാലും നിയന്ത്രിക്കപ്പെടുകയും അടിമയാക്കപ്പെടുകയും ചെയ്യുന്ന ഒരു കുട്ടിയുടെ കഥയാണ്. കഥകൾ കേട്ട് വളരേണ്ട അവൻ്റെ ബാല്യം കള്ളക്കഥകൾ ആടിത്തീർക്കേണ്ട വ്യാജസ്വത്വനിർമ്മിതികളുടെ കേളീരംഗമാകുന്നു.

ഇതെല്ലാം എല്ലായ്പ്പോഴും പാലിക്കപ്പെടുന്നുണ്ടോ എന്നതും കുട്ടികൾ ഉപദ്രവിക്കപ്പെടുകയോ കൊല്ലപ്പെടുകയോപോലും ചെയ്യുന്നില്ലേ എന്നതും വാദത്തിനായി ഉന്നയിക്കാം. തീർച്ചയായും നീതിന്യായവ്യവസ്ഥയുടെ, സംവിധാനത്തിൻ്റെ പരാജയമാണത്. അപ്പോഴും വിഭാവനം വ്യർഥമല്ല എന്നർഥം.

ബാലൻ ദ ബോയ് എന്ന ചിദംബരംസിനിമയിൽ ബാലാവകാശങ്ങളെല്ലാം സൂക്ഷ്മമായി റദ്ദ് ചെയ്യപ്പെടുകയാണ്. അതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ അവൻ്റെ അമ്മയും. വേണ്ടി വന്നാൽ കൊല്ലാം എന്നും, മുഴുവൻ സമയവും നുണ പറയാം എന്നും, തന്നെ മാത്രമേ അനുസരിക്കാവൂ അഥവാ വിശ്വസിക്കാവൂ എന്നും അമ്മ അവനെ പഠിപ്പിക്കുന്നു. രാക്ഷസനോ അടിമയോ ആകാതിരിക്കാൻ എന്ന ഭാവത്തിൽ ഇത് രണ്ടുമാകാൻ, രണ്ടിൻ്റെയും ചേരുവയാകാൻ അവർ മകനെ പരിശീലിപ്പിക്കുന്നു. ബാലൻ മുതിർന്നശേഷവും അമ്മയിലേക്ക്, അമ്മയെന്ന അധികാരിയിലേക്ക് നിരുപാധികം കീഴടങ്ങുകയും പുതിയ കഥ അഥവാ കള്ളം തുടങ്ങിവെയ്ക്കുകയും ചെയ്തുകൊണ്ടാണ് സിനിമ അവസാനിക്കുന്നത് എന്ന് കാണാം. എന്തിനും പോന്ന അമ്മയെന്ന അധികാരിയാവട്ടെ, അവനെ കണ്ടെത്താനോ വാക്കുപാലിക്കാനോ അല്ല വർഷങ്ങളോളം കാത്തിരിക്കുന്നത്; പകരം തൻ്റെ വാക്കുപാലിക്കുന്ന മകനെ/അടിമയെയാണ്.

ഒരു സ്ത്രീപക്ഷ സിനിമ എന്ന ലേബൽ / പ്രതീതി ഇതിനോടകം ചിത്രം നേടിയെടുത്തിരിക്കുന്നതായി കാണാം.

സ്ത്രീമുന്നേറ്റത്തിൻ്റെ, അതിജീവനത്തിൻ്റെ പ്രഹേളികാസ്വഭാവമുള്ള സ്വത്വായനങ്ങളുടെ കഥയെന്ന് തോന്നിപ്പിക്കുന്നിടത്ത് ചിദംബരവും ജിത്തു മാധവനും ഒരളവ് വിജയിച്ചിരിക്കാമെങ്കിലും സൂക്ഷ്മമായി പുംപ്രധാനവ്യവസ്ഥയുടെ ആഖ്യാനങ്ങളോടോ പൊതുബോധങ്ങളോടോ കക്ഷിചേരുകയാണ് സിനിമ ചെയുന്നത്. ഒറ്റയാകുന്ന പെണ്ണ് അപകടകാരിയാണെന്ന ആൺ(ൾ)ക്കൂട്ടബോധത്തെ അരക്കിട്ടുറപ്പിക്കുയാണ് സിനിമ.

എൻ. കൃഷ്ണപിള്ളയുടെ കന്യകയെന്ന നാടകത്തിലേതുപോലെ, മാധവിക്കുട്ടിയുടെ സീരിയൽ നടിയെന്ന കഥപോലെ സ്ത്രീ സമയത്ത് വിവാഹം കഴിച്ചില്ലെങ്കിൽ, ആൺകുട്ടിയില്ലെങ്കിൽ അപകടമാണ്, അഥവാ കൊലപാതകിവരെയാവാം എന്ന പുംപ്രധാനപൊതുബോധം സിനിമ പങ്കുവെയ്ക്കുന്നു. സീരിയൽ നടിയാകാൻ കൊതിക്കുന്ന പെൺകുട്ടിയുടെ മോഹം കല്യാണം കഴിക്കാത്തതിൻ്റെയാണ് എന്ന തീർപ്പിലെത്തുന്ന കുടുംബത്തെ ചിത്രീകരിച്ചാണ് ഒരു സ്ത്രീയായ മാധവിക്കുട്ടി ഇത് ഗംഭീരമായി തുറന്നുകാണിക്കുന്നത്. കന്യകയാകട്ടെ, ഇതിനു വിപരീതമായി പുരുഷൻ്റെ നോട്ടത്തിലുള്ള ആഖ്യാനമായാണ് വന്നത്. കന്യകയോടാണ് തത്വത്തിൽ ജിത്തുവും ചിദംബരവും കക്ഷിചേരുന്നത്. വിവാഹവാഗ്‌ദാനങ്ങളെയടക്കം സിനിമയിലെ സ്ത്രീനിരാകരിക്കുന്നുണ്ടല്ലോ എന്ന് വാദിക്കാവുന്നതാണ്. എന്നാലവൾ ആത്യന്തികമായി എന്താണ് ആഗ്രഹിക്കുന്നത് എന്ന് ചിത്രം മറച്ചുവെയ്ക്കുന്നു. ഈ മറച്ചുവെയ്ക്കലാണ് സ്ത്രീപക്ഷത്തുനിന്ന് ചിത്രത്തെ അടർത്തി നിർത്തുന്നത്.

കേവലമായ ഒരു ഹിംസയല്ല, ചെയ്യുന്നതെല്ലാം ഹിംസയോ നിയമലംഘനമോ ആകുന്നു എന്നതാണ് പ്രധാനം. ഒരു കുഞ്ഞിനെ വളർത്തുക എന്നതല്ല ഇവിടെ സ്ത്രീയുടെ ലക്ഷ്യം. അവൾക്ക് മറ്റെന്തോ ബാക്ക്സ്റ്റോറിയും ലക്ഷ്യവുമുണ്ട്. അതാകട്ടെ ആഖ്യാനം ചെയ്യപ്പെടുന്നത് ടോക്സിക് പാരൻ്റിങ്ങിൻ്റെ സ്വാഭാവികവത്കരണത്തിലൂടെയും.

ചായക്കടയിലെ താരതമ്യേന സുരക്ഷിതമായ പൊറുതി മകൾ, പേരക്കുട്ടി എന്ന വാഗ്ദാനങ്ങളിലാണ് അവൾ വേണ്ടെന്ന് വയ്ക്കുന്നത്. അത്തരം നിരാകരണങ്ങൾ ഒടുവിൽ ഒരിടത്തൊഴികെ തുടരുന്നുമുണ്ട്. അപ്പോഴും കുട്ടി പോലുമല്ലാത്ത ഒരു ജീവിതലക്ഷ്യം അവൾക്കുള്ളളതായി സിനിമ സുചിപ്പിക്കുന്നു. ഒരിക്കൽ അടിമയാക്കപ്പെട്ടതിൻ്റെ അനുഭവം സ്വയമൊരു അധികാരിയായിക്കൊണ്ട് മറികടക്കാനാവണം ശ്രമമെന്ന് സമാധാനിക്കാം. ഏറ്റവും വലിയ അടിമയായി സ്വന്തം മകനെയും നിരന്തരമുണ്ടാക്കുന്ന കള്ളക്കഥകൾകൊണ്ട് ആകെ സമൂഹത്തെയും അവർ തത്വത്തിൽ ഭരിക്കുകയാണ് ചെയ്യുന്നത്. നിയമലംഘനങ്ങൾക്കോ വേണ്ടിവന്നാൽ കൊലയ്ക്കോ വരെ വീണ്ടും തയ്യാറാവുന്നതിൻ്റെ പിന്നിൽ ഈ സൈക്കോ മനോഭാവം ഉണ്ടായിരിക്കാം.

ജയിലിൽനിന്നിറങ്ങിയവൾ അതുവരെയും ഉണ്ടായിരുന്ന ഐഡൻ്റിറ്റികൾ ഉപേക്ഷിക്കുന്നതും ജയിൽനിന്നേ കുട്ടിയെ പഠിപ്പിച്ച കള്ളക്കഥകളിലേക്ക് പരകായപ്പെടുന്നതും നിവൃത്തികേടുമാത്രമല്ല എന്ന് വരുന്നതിലാണ് ഇത്തരം വിപരീതവായനകൾക്കുപോലുമുള്ള താക്കോലുള്ളത്. അതായത്, ഗാനത്തിൽ പറയുന്നതുപോലെ താക്കോൽ അന്വേഷിക്കുകയല്ല, ബോധപൂർവം കളയുകയും തിരിച്ചുകിട്ടാതിരിക്കാൻ ശ്രമിക്കുകയുമാണ് എന്നർഥം.

ചായക്കടയിലെ താരതമ്യേന സുരക്ഷിതമായ പൊറുതി മകൾ, പേരക്കുട്ടി എന്ന വാഗ്ദാനങ്ങളിലാണ് അവൾ വേണ്ടെന്ന് വയ്ക്കുന്നത്. അത്തരം നിരാകരണങ്ങൾ ഒടുവിൽ ഒരിടത്തൊഴികെ തുടരുന്നുമുണ്ട്.
ചായക്കടയിലെ താരതമ്യേന സുരക്ഷിതമായ പൊറുതി മകൾ, പേരക്കുട്ടി എന്ന വാഗ്ദാനങ്ങളിലാണ് അവൾ വേണ്ടെന്ന് വയ്ക്കുന്നത്. അത്തരം നിരാകരണങ്ങൾ ഒടുവിൽ ഒരിടത്തൊഴികെ തുടരുന്നുമുണ്ട്.

ആൺതുണയില്ലാത്ത, ഒറ്റയ്‌ക്കൊരുവൾ അപകടമാവുമെന്നും അവൾക്കുമുന്നിൽ നിയമവ്യവസ്ഥകൾപോലും പാഴാകുമെന്നും (‘പെണ്ണൊരുമ്പെട്ടാൽ’ എന്നൊരു പ്രയോഗമുള്ളത് ഓർക്കുക. അവിടെയും ൠണാത്മകമല്ല ധ്വനിയെന്നും) യക്ഷിക്കഥകളോട് കണ്ണിചേരുന്നതുപോലെ സിനിമയും സൂക്ഷ്‌മത്തിൽ പറഞ്ഞുവയ്ക്കുന്നു. പല പേരിൽ, പല വേഷത്തിൽ ചോര കുടിക്കാനിറങ്ങുന്ന യക്ഷിസങ്കല്പങ്ങളെ പുരുഷബോധം ഉണ്ടാക്കിയെടുക്കുന്നതുപോലും മറ്റൊരു ലക്ഷ്യത്തിലാവില്ലല്ലോ. അവിടെയും ഒറ്റയാകുന്ന സ്ത്രീ കാമാർത്തിയുള്ളവളും പ്രതികാരബുദ്ധിയുള്ളവളും അപകടകാരിയും നിയമലംഘകയും ആയാണ് ആഖ്യാനപ്പെടുന്നത് എന്നും ഓർക്കാം.

ഫാസിൽ റസാഖിൻ്റെ തടവ് എന്ന സിനിമയിലെ സ്വത്വബോധമുള്ള സ്ത്രീയിൽനിന്ന് നേരെ വിപരീതത്തിൽ വായിക്കാവുന്ന കഥാപാത്രമായി ചിദംബരത്തിൻ്റെ ബാലനിലെ നായിക മാറുന്നു. (സ്നേഹങ്ങളെ ദൂരെ നിർത്തുന്നതിലും സ്വന്തം ഇച്ഛയിൽ ഉറച്ചുനില്ക്കുന്നതിലും സ്വന്തം ബാധ്യത സ്വയമോ സ്റ്റേറ്റിലോമാത്രം ഉറപ്പാക്കുന്നതിലോ ശ്രദ്ധിക്കുന്ന തടവിലെ ഗംഭീരസ്ത്രീപാത്രം ഈ ചിത്രത്തെ വായിക്കുന്നതിൽ ഉപയുക്തമാണ്)

ഹിംസ അതിൻ്റെ പിന്നിലെ കഥകൊണ്ട് ന്യായീകരിക്കുക അഥവാ സ്വാഭാവികമോ സാധാരണമോ ആക്കുക എന്നത് സമകാലസിനിമകൾ ആവർച്ചുറപ്പിക്കുന്നത് ഓർക്കുക. അടുത്തകാലത്ത് വിജയിച്ച സിനിമകളിലേറെയും -ദൃശ്യം മുതൽ മോഹിനിയാട്ടം വരെ എത്രയോ ഉദാഹരണങ്ങൾ എടുത്തുപറയാൻ കഴിയും- ഈ ഗണത്തിൽ ഹിംസയുടെ സ്വാഭാവികവത്കരണത്തിൻ്റെ മാതൃകകളായിരുന്നു. സീമാതീതഹിംസകളുടെ ദൃശ്യാവിഷ്‌കാരങ്ങളായി വന്ന സിനിമകൾ -മാർക്കോ, RDX, പണി, ആവേശം, തുടരും തുടങ്ങി എത്രയോ എണ്ണം- വേറെയും ഉദാഹരിക്കാനുമുണ്ട്. എന്തുകൊണ്ട് ഹിംസ എന്നതും എന്തുകൊണ്ട് ഹിംസ ആഘോഷിക്കപ്പെടുന്നു എന്നതും ആലോചിക്കാതിരിക്കുന്നത്, കേവലം ട്രെൻ്റ് ആയിമാത്രം അവയെ തള്ളിക്കളയുന്നത് ഒരു ആധുനികസമൂഹം എന്ന നിലയിൽ ഉചിതമായിരിക്കുമെന്ന് തോന്നുന്നില്ല; സിനിമകളുടെ അനുകരണങ്ങളെന്നോണം ദിനംപ്രതിയെന്നോണം ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ നമുക്കുചുറ്റും നടക്കുമ്പോഴെങ്കിലും.

കിഷ്കിന്ധാകാണ്ഡം, എക്കോ, ആർക്കറിയാം, മോഹിനിയാട്ടം തുടങ്ങി സ്ലോപേസ് സിനിമകളുടെ ഹിംസാഖ്യാനംതന്നെയാണ് ചിദംബരത്തിൻ്റെ ബാലനും നിർവഹിക്കുന്നത്. പ്രകടമായ ഹിംസാഖ്യാനങ്ങളെക്കാൾ അപകടമാണ് സൂക്ഷ്‌മങ്ങൾ എന്നതാണ് വാസ്തവം. കാരണം അവ ഹിംസകളാണ് എന്നത് സാമാന്യമായി മറയ്ക്കുന്ന വിധമാണ് അവ പ്രവർത്തിക്കുക എന്നതുതന്നെ. ഈ ഗണത്തിലാണ് ചിദംബരത്തിൻ്റെ ബാലനും ഉള്ളത്.

ഫാസിൽ റസാഖിൻ്റെ തടവ് എന്ന സിനിമയിലെ സ്വത്വബോധമുള്ള സ്ത്രീയിൽനിന്ന് നേരെ വിപരീതത്തിൽ വായിക്കാവുന്ന കഥാപാത്രമായി ചിദംബരത്തിൻ്റെ ബാലനിലെ നായിക മാറുന്നു.
ഫാസിൽ റസാഖിൻ്റെ തടവ് എന്ന സിനിമയിലെ സ്വത്വബോധമുള്ള സ്ത്രീയിൽനിന്ന് നേരെ വിപരീതത്തിൽ വായിക്കാവുന്ന കഥാപാത്രമായി ചിദംബരത്തിൻ്റെ ബാലനിലെ നായിക മാറുന്നു.

കേവലമായ ഒരു ഹിംസയല്ല, ചെയ്യുന്നതെല്ലാം ഹിംസയോ നിയമലംഘനമോ ആകുന്നു എന്നതാണ് പ്രധാനം. ഒരു കുഞ്ഞിനെ വളർത്തുക എന്നതല്ല ഇവിടെ സ്ത്രീയുടെ ലക്ഷ്യം. അവൾക്ക് മറ്റെന്തോ ബാക്ക്സ്റ്റോറിയും ലക്ഷ്യവുമുണ്ട്. അതാകട്ടെ ആഖ്യാനം ചെയ്യപ്പെടുന്നത് ടോക്സിക് പാരൻ്റിങ്ങിൻ്റെ സ്വാഭാവികവത്കരണത്തിലൂടെയും. അവിടെയാണ് ചിത്രം ഏറ്റവും പ്രതിലോമമാകുന്നത്. വൈറലാകുന്നതിലെല്ലാം ഏതെങ്കിലും തരത്തിൽ സമൂഹത്തെ പിന്നോട്ടുനയിക്കുന്ന സൂക്ഷ്മമെങ്കിലുമായ ഉള്ളടക്കമുണ്ടാകും എന്ന വസ്തുത ഇവിടെയും തുടരുന്നു. സിനിമ ആഘോഷിക്കപ്പടുന്നത് സ്ത്രീപക്ഷം, അമ്മയും കുഞ്ഞും എന്നിങ്ങനെയാകുന്നത് അത്ഭുതത്തോടെ നോക്കുക.

ചിദംബരത്തിൻ്റെ ബാലൻ രൂപം കൊണ്ട് പലനിലയിൽ മികവുകളുള്ള ചിത്രമാണ്. ക്യാമറയും സംഗീതവും ഗാനങ്ങളുമടക്കം പല ഘടകങ്ങൾ ശരാശരിക്ക് മുകളിലായിട്ടുണ്ട്. സിനിമയുടെ താളവും മികച്ചതാണ്. പക്ഷെ മികച്ച ഒരു പ്രമേയത്തിലെ സാധ്യതകളെ കയ്യൊഴിഞ്ഞ് ആസ്വാദനത്തിനുമാത്രം പ്രാധാന്യം കൊടുത്തതോടെ രൂപമാത്രമായി ചിത്രം പരിമിതപ്പെട്ടു.

ഈ ബാലൻ ഒന്നാന്തരം പുരുഷൻ മാത്രമാണ്, മിസ്റ്റർ ചിദംബരം.


Summary: Chidambaram directed Drama Mystery Psychological Thriller Malayalam movie Balan The Boy, Critical review writen by Dr sivaprasad P


ഡോ. ശിവപ്രസാദ് പി.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മലയാളകേരള പഠനവിഭാഗം അധ്യാപകൻ. ഓർമ്മച്ചാവ്, ദിവ്യഗർഭങ്ങൾ ഉണ്ടാകുന്നവിധം, തലക്കെട്ടില്ലാത്ത കവിതകൾ, പദപ്രശ്നങ്ങൾ, ഉടൽ മുനമ്പ്, ആഖ്യാനത്തിലെ ആത്മഛായകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments