നീലിയുടെയും ചാത്തന്റെയും ലോക യൂണിവേഴ്സിലെ മിത്തും സൈക്കോളജിയും

“ലോകയിലെ കഥാപാത്രങ്ങളെയെല്ലാം വേറൊരു ലോകത്തിൽ ജീവിക്കുന്നവരായോ, വെള്ള സാരിയുടുത്ത് ധംഷ്ട്രകൾ കാണിച്ച് ആളുകളെ ഭയപ്പെടുത്തുന്നവരായോ ഒന്നുമല്ല അവതരിപ്പിക്കുന്നത്. ഈ കഥാപാത്രങ്ങൾ മനുഷ്യർക്കിടയിൽ ജീവിക്കുന്നു.” ‘ലോക: ചാപ്റ്റർ 1: ചന്ദ്ര’ സിനിമയുമായി ബന്ധപ്പെട്ട് മന:ശാസ്ത്രപരമായ ചില ചിന്തകൾ എഴുതുന്നു, അഭിരാമി ഇ.

ലയാള സിനിമ ഒരു മാറ്റത്തിന്റെ പാതയിലാണ്. പുരുഷ കേന്ദ്രീകൃതമായ ആശയങ്ങളിൽ നിന്നും പൂർണമായും ഒരു സ്ത്രീ കേന്ദ്രീകൃതമായ ആശയത്തിൽ എത്തിച്ചേർന്നു എന്നത് തന്നെയാണ് ‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’യെ വ്യത്യസ്തമാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഈ അടുത്തറിങ്ങിയ ആട്ടം, പടക്കളം, ഭ്രമയുഗം, കാതൽ, മൂത്തോൻ, ലോക തുടങ്ങിയവയെല്ലാം പരമ്പരാഗത ആശയങ്ങളെയും രീതികളെയും പുതുക്കിക്കൊണ്ടു മുന്നേറാൻ ശ്രമിക്കുന്നു എന്നത് മലയാള സിനിമയുടെ ചരിത്രത്തിൽ എടുത്തു പറയേണ്ട ഒന്നാണ്.

ഐതിഹ്യവും പുരാവൃത്തവുമെല്ലാം ശരിയോ തെറ്റോ എന്ന ചർച്ച വലിയ രീതിയിൽ നടക്കുന്നുണ്ട്. മനുഷ്യജീവിതത്തെ ബന്ധപ്പെടുത്തിക്കൊണ്ട് തന്നെയാണ് മിത്തും പുരാവൃത്തവും വിശ്വാസവും നിലനിൽക്കുന്നതെന്ന് തീർച്ചയാണ്. അന്ധവിശ്വാസങ്ങളെ പോഷിപ്പിക്കുന്ന ആശയങ്ങളല്ല സിനിമകളിൽ വരേണ്ടതെന്ന ബോധ്യത്തോടൊപ്പം ഇവ മനുഷ്യൻ്റെ ഉള്ളിലെ നന്മയെ ഉദ്ദീപിപ്പിക്കുന്നതിന് സഹായിക്കുമെങ്കിൽ അത്തരം മിത്തുകളെ കൂട്ടുപിടിച്ചുകൊണ്ട് ലോക പോലെയുള്ള സിനിമകൾക്ക് ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിൽ പ്രസക്തിയേറെയാണ്. യാഥാർത്ഥ്യത്തെ അങ്ങനെയും മിത്തിനെ അങ്ങനെയും വേർതിരിച്ചറിയാനുള്ള ശേഷി ആർജിച്ചെടുക്കുണ്ടേതുമുണ്ട്.

മലയാള സിനിമയിലെ ആദ്യ സൂപ്പർ വുമൺ

കാലാകാലങ്ങളായി ചരിത്രം കൊണ്ടാടുന്നതും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നതും പുരുഷന്മാരാണ്. സിനിമയിലും ഏറെക്കുറെ അങ്ങനെയൊക്കെ തന്നെയാണ്. പാട്രിയാർക്കിലായ സമൂഹത്തിന്റെ മുതുകിനേറ്റ അടിയാണ് ലോക. ഈയടുത്ത് കാണാനിടയായ ഒരു സീരീസിൽ ഒരു പെൺകുട്ടി പറയുന്ന ഡയലോഗ് ഉണ്ട്. നിധി തേടിയിറങ്ങുന്ന ഒരു കൂട്ടം, അവർക്ക് പല തരത്തിലുള്ള പസിലുകൾ സോൾവ് ചെയ്ത് അതിനടുത്ത് എത്തണം. അവർ തേടുന്ന പുസ്തകങ്ങളിലും ചരിത്രത്തിലുമെല്ലാം അതിനു വേണ്ടി പോരാടിയ നിധി സംരക്ഷിച്ച പുരുഷന്മാരെയാണ് കാണാനുള്ളത്. ഒരു ഘട്ടത്തിൽ അവർക്ക് ഇതൊരു സ്ത്രീയാണ് സംരക്ഷിച്ചതെന്ന് മനസ്സിലാവുകയും എന്തുകൊണ്ടാണ് ഇതൊരു രേഖകളിലും ഇല്ലാത്തത് എന്ന് ഈ ഗ്രൂപ്പിന്റെ ലീഡർ ആയ ആൺകുട്ടി ചോദിക്കുകയും ചെയ്യുമ്പോൾ ആ പെൺകുട്ടി പറയുന്നത്, "കാരണം ചരിത്രം എഴുതിയതെല്ലാം പുരുഷന്മാരാണ്," എന്നാണ്. ഇതുതന്നെയാണ് കാലാകാലങ്ങളായി ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും.

ശാന്തി ബാലചന്ദ്രൻ സഹ എഴുത്തുകാരിയായി ഡൊമിനിക് അരുണിനൊപ്പം തിരക്കഥ എഴുതിയപ്പോൾ പിറന്നത് മലയാളത്തിലെ ആദ്യത്തെ സൂപ്പർ വുമൺ ആണ്. മലയാള സിനിമയിൽ അത്തരത്തിൽ ഒരു ആശയം പുതിയതും വിപ്ലവാത്മകവുമാണ്. നീലിയുടെ ഓരോ ഇടിയും ചെന്നതും പുരുഷാധിപത്യം അടക്കിവാഴുന്ന ഇടങ്ങളിലേക്ക് കൂടിയാണ്.

ഏതുകാലവും തളയ്ക്കപ്പെട്ടവളായി നീലിയെ അവതരിപ്പിക്കുന്നതും കത്തനാർ അവളെ ആണിയടിച്ചു തറയ്ക്കുന്നതുമെല്ലാം പുരുഷ കേന്ദ്രീകൃതമായ ചുറ്റുപാടുകളിൽ നിന്ന് കണ്ടീഷനിങ് ചെയ്യപ്പെട്ടതാണ്. ഇന്നും സ്ത്രീകളെ ബഹുമാനിക്കാത്ത, അവരെ തങ്ങളോടൊപ്പം തുല്യരായി കാണാൻ സാധിക്കാത്ത പുരുഷൻമാരുടെ പ്രതിനിധിയായാണ് നാച്ചിയപ്പ ഗൗഡ(സാൻഡി)യെ സിനിമയുടെ തുടക്കത്തിൽ കൊണ്ടുവരുന്നത്. ചരിത്രത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒരു പൊതുനിർമ്മിതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾ അവഗണിക്കപ്പെടുമ്പോൾ അത്തരം വാർപ്പ് മാതൃകകളെ ഉടച്ചുവാർക്കാൻ ചില നീലികൾ രൂപം കൊള്ളേണ്ടിവരും. അങ്ങനെയുള്ള ശ്രമങ്ങളിലൂടെ മാത്രമേ പൊതുബോധം ഉടച്ചു വാർക്കപ്പെടുന്നുള്ളൂ. 'Men deal with men, no women needed'- എന്ന് നാച്ചിയപ്പ ഗൗഡ സിനിമയിൽ പറയുമ്പോൾ സമൂഹം സ്ത്രീയെ ഏതു ചങ്ങലയ്ക്കുള്ളിലാണ് ആണി അടിച്ചു ബന്ധിച്ചിരിക്കുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്.

കാലാകാലങ്ങളായി ചരിത്രം കൊണ്ടാടുന്നതും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നതും  പുരുഷന്മാരാണ്. സിനിമയിലും ഏറെക്കുറെ അങ്ങനെയൊക്കെ തന്നെയാണ്. പാട്രിയാർക്കിലായ സമൂഹത്തിന്റെ മുതുകിനേറ്റ അടിയാണ് ലോക.
കാലാകാലങ്ങളായി ചരിത്രം കൊണ്ടാടുന്നതും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നതും പുരുഷന്മാരാണ്. സിനിമയിലും ഏറെക്കുറെ അങ്ങനെയൊക്കെ തന്നെയാണ്. പാട്രിയാർക്കിലായ സമൂഹത്തിന്റെ മുതുകിനേറ്റ അടിയാണ് ലോക.

ഗോത്രദൈവങ്ങളും ഐതിഹ്യങ്ങളും രാഷ്ട്രീയവും

ചരിത്രവും പുരാവൃത്തങ്ങളും ഐതിഹ്യങ്ങളുമെല്ലാം മനുഷ്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ ഇവയെ ഉപയോഗിച്ച് പലതും നിർമിക്കാം. ചരിത്രത്തെ ബോധപൂർവ്വം വളച്ചൊടിക്കുന്ന ഒരു രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതിയിൽ നിന്നുകൊണ്ടുതന്നെ വേണം ഇതിനെ കൃത്യമായി മനസ്സിലാക്കാൻ. സവർണ്ണ ദേശീയതയും ഫാസിസവും അതിൻ്റെ ദംഷ്ട്രകൾ കാണിച്ചുകൊണ്ട് മനുഷ്യരെ ഇല്ലാതാക്കാൻ ഇറങ്ങുമ്പോൾ ഒരു ദേശത്തിൻ്റ ചരിത്രത്തിനും അവർ എങ്ങനെയാണ് അധ:കൃതരായ അവർണ ഗോത്ര മനുഷ്യരെ പതിയെ പതിയെ ചരിത്രത്തിൽ നിന്നും ഇല്ലാതാക്കിയതെന്നതിനുമെല്ലാം പ്രാധാന്യമുണ്ട്. സിനിമയിൽ ഡോക്ടർ വർഗീസ് കുര്യൻ്റെ (വിജയരാഘവൻ) രസകരമായ കഥ പറച്ചിലിലൂടെ അവതരിപ്പിക്കപ്പെടുന്ന കുഞ്ഞു നീലിയേയും (ദുർഗ. സി. വിനോദ്) അവരുടെ ഗോത്രത്തെയും സംവിധായകൻ സൂക്ഷ്മമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. മോളിവുഡിന് ഹിന്ദുഫോബിയയാണെന്ന് പറഞ്ഞു കരയുന്നവർക്ക് ഇതൊക്കെ ആയിരിക്കാം ട്രിഗറായിട്ടുള്ള ഘടകങ്ങൾ.

ഗോത്ര വിഭാഗത്തിലുള്ളവർ സവർണ്ണ ദൈവങ്ങളെ കാണാൻ പാടില്ലെന്നും, ക്ഷേത്രത്തിൽ പ്രവേശിച്ച അവരെയും അവരുടെ ദൈവത്തെയും മൊത്തമായി ഇല്ലാതാക്കുന്നതും സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ഈ രാഷ്ട്രീയത്തെ വിസ്മരിച്ചുകൊണ്ട് ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുക അസാധ്യമാണ്. കുതിരപ്പുറത്ത് വന്നിറങ്ങുന്ന രാജാവിനെ ഈ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഗവൺമെൻ്റായും അയാളുടെ ക്രൂരതക്കിരയാകുന്ന ജനവിഭാഗത്തെ ന്യൂനപക്ഷമെന്നുമെല്ലാം നമുക്ക് കണക്കാക്കാം. അവരുടെ ലാഭങ്ങൾക്കനുസരിച്ച് പുരാണവും ഐതിഹ്യവും പുരാവൃത്തവും എല്ലാം ഉപയോഗിക്കുകയും ജനങ്ങൾക്കിടയിൽ വർഗീയത സൃഷ്ടിക്കുകയും ചെയ്യുന്നവരെ ജനം തിരിച്ചറിയുന്നുണ്ടെന്നും പല നീലികളായി, ചാത്തൻമാരായി അവർക്കെതിരെ പ്രതിഷേധിക്കുമെന്നും മാത്രം പറഞ്ഞു വെക്കട്ടെ.

ഗോത്രദൈവങ്ങൾക്ക് മുകളിൽ സവർണ ദൈവങ്ങൾ ആധിപത്യം സ്ഥാപിക്കുന്ന ഈ വർത്തമാന കാലഘട്ടത്തിൽ ഒരു ദേശത്തിൻറെ ഐതിഹ്യങ്ങൾക്കും പുരാവൃത്തങ്ങൾക്കും എല്ലാം പ്രാധാന്യമുണ്ട്. സെലക്ടീവ് അംനേഷ്യ ബാധിച്ച ചിലരോടുള്ള ചില ഓർമ്മപ്പെടുത്തലുകളും മുന്നറിയിപ്പുകളും ആയി ഇവയെല്ലാം കരുതുന്നതിൽ തെറ്റൊന്നുമില്ല.

കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ ബി.ജെ.പി ആഗ്രഹിക്കുന്ന വർഗീയ ധ്രുവീകരണം അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ‘കേരള സ്റ്റോറി’ പോലെയുള്ള സിനിമകൾ നിർമ്മിച്ച് അതിന് ദേശീയ അവാർഡുകൾ നൽകുന്നതിന് തന്നെയെ സാധിക്കുകയുള്ളൂ. ഇത്തരത്തിലുള്ള സിനിമകളിലൂടെ കൃത്യമായ രാഷ്ട്രീയ അജണ്ട നടപ്പിലാക്കി കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കാനുള്ള ശ്രമങ്ങളെ മലയാളി സമൂഹം ഒറ്റക്കെട്ടായി തന്നെ പ്രതിരോധിച്ചിട്ടുണ്ട്. കേരളത്തെ മറ്റു ഭാഷാസിനിമകളിൽ ഇത്തരത്തിൽ വസ്തുതാരഹിതമായി അവതരിപ്പിക്കുമ്പോൾ ഇവിടെ മലയാള സിനിമ സൃഷ്ടിപരമായതും ഉൽപാദനക്ഷമമായതുമായ ആശയങ്ങളുമായി മുന്നോട്ട് നീങ്ങുന്നതിനാണ് ശ്രമിക്കുന്നത്.

സിനിമയിൽ ഡോക്ടർ വർഗീസ് കുര്യൻ്റെ (വിജയരാഘവൻ) രസകരമായ കഥ പറച്ചിലിലൂടെ അവതരിപ്പിക്കപ്പെടുന്ന കുഞ്ഞു നീലിയേയും (ദുർഗ. സി. വിനോദ്) അവരുടെ ഗോത്രത്തെയും സംവിധായകൻ സൂക്ഷ്മമായി തന്നെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയിൽ ഡോക്ടർ വർഗീസ് കുര്യൻ്റെ (വിജയരാഘവൻ) രസകരമായ കഥ പറച്ചിലിലൂടെ അവതരിപ്പിക്കപ്പെടുന്ന കുഞ്ഞു നീലിയേയും (ദുർഗ. സി. വിനോദ്) അവരുടെ ഗോത്രത്തെയും സംവിധായകൻ സൂക്ഷ്മമായി തന്നെ അവതരിപ്പിക്കുന്നുണ്ട്.

നീലി, നിൻ്റെ കണ്ണുകളിലിപ്പോഴും തീനാളമുണ്ടെന്നത് നേരോ?

ലോകയിലെ നീലിയെ കാണുമ്പോൾ ഏഴാച്ചേരിയുടെ കവിതയാണ് ഓർമ്മ വന്നത്.

"കള്ളിയങ്കാട്ടെ കറുത്ത നീലി

നീലി നിൻ്റെ കണ്ണുകളിലിപ്പോഴും

തീ നാളമുണ്ടെന്ന്

കാറ്റു പറയുന്നതും കടലു പറയുന്നതും

കവിത പറയുന്നതും നേരോ?"

സിനിമയിൽ നീലി (കല്യാണി പ്രിയദർശൻ) മറ്റു മനുഷ്യരുടെ അവകാശങ്ങൾക്കും ജീവിതത്തിനും വേണ്ടി പോരാടുമ്പോൾ കാറ്റും കടലും കവിതയും പറയുന്നത് ശരിയാണെന്ന് തോന്നിപ്പോകുന്നു. തളയ്ക്കപ്പെട്ട യക്ഷികളിലൂടെ പുരുഷൻ്റെ സ്ത്രീയോടുള്ള സമീപനവും അവളോടുള്ള ഭയവും കാണാം. തൻ്റെ പുരുഷാധികാരത്തിന് ഒരു മങ്ങലും ഏൽക്കാതിരിക്കാൻ ചരിത്രത്തിൽ എമ്പാടും അവൾ ബന്ധിക്കപ്പെട്ടവളായി. സ്ത്രീ ഇത്തരത്തിൽ പുരുഷൻ്റെ കീഴിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടതാണെന്ന കാലാകാലങ്ങളായുള്ള ധാരണ തന്നെയാണ് ഈ തളക്കലിനെല്ലാം പിന്നിൽ. നാച്ചിയപ്പ ഗൗഡയിലൂടെ സമൂഹത്തിലെ പാട്രിയാർക്കലായ അനവധി പുരുഷന്മാരെ അവതരിപ്പിക്കുമ്പോൾ കത്തനാരിലൂടെ മറ്റൊരു ആശയവും സംവിധായകൻ അവതരിപ്പിക്കുന്നതായി തോന്നി.

ആദ്യം നീലിയെ ആക്രമിക്കുന്നവർ ഇഷ്താറിൻ്റെ ആളുകളാണെന്നും ഗുഹയിൽ കാണിക്കുന്ന തലയില്ലാത്ത രൂപം മിത്തുകളിലുള്ള ഇഷ്താ റാണെന്നും പല വിലയിരുത്തലുകളിലും വായിച്ചതായി ഓർക്കുന്നു. സിനിമയിൽ ഇഷ്താറിനെ ഏത് ഷെയ്ഡിൽ അവതരിപ്പിച്ചാലും പ്രാചീന മെസപ്പൊട്ടേമിയൻ സംസ്കാരത്തിൽ ഇഷ്താർ പ്രണയത്തിന്റെയും രതിയുടെയും ദേവത ആയിരുന്ന പോലെ തന്നെ യുദ്ധത്തിന്റെയും അധികാരത്തിന്റെയും കൂടി ദേവതയാണ്. സ്ത്രീക്ക് അത്തരത്തിൽ പല വേഷപ്പകർച്ചകളും നടത്താൻ സാധിക്കുന്നു. എല്ലാ കാലവും അവളെ അടക്കി വാഴണം എന്ന പുരുഷൻറെ കണ്ടീഷനിങ്ങ് പാട്രിയാർക്കിയെ സിനിമ തച്ചുടയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് മനോഹരമായി വെള്ള സാരിയുടുത്ത് വശീകരിക്കുന്ന യക്ഷികളെ തന്നെ പുരുഷന്മാർ ചരിത്രത്തിലും സിനിമയിലും എന്നും നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ ലോകയിലെ നീലി അത്തരമൊരു വാർപ്പുമാതൃകയിൽ നിന്ന് മാറി ‘രക്ഷക’ എന്ന പരിവേഷത്തിൽ എത്തിനിൽക്കുന്നത് വലിയ മാറ്റം തന്നെയാണ്. 'യക്ഷി' എന്ന മലയാറ്റൂരിൻ്റെ കഥയിൽ അവളുടെ ലൈംഗികതയെ ഭയത്തോടെയും ലജ്ജയോടെയും നോക്കിക്കാണുന്നതായി പഠനങ്ങളിൽ പറയുന്നുണ്ട്. കഥയിലെ നായികയെ ഭയത്തോടെ നോക്കി കാണുന്ന പുരുഷനെ അവതരിപ്പിക്കുന്ന മലയാറ്റൂരിന്റെ യക്ഷിയേയും ലോകയിലെ നീലിയെയും ചേർത്ത് വായിക്കാവുന്നതാണ്.

പ്രേതസിനിമകളോടുള്ള ആരാധന

ആളുകളിൽ ജിജ്ഞാസ നിറയ്ക്കുകയും പിടിച്ചിരുത്തുകയും ചെയ്യുന്ന ആശയങ്ങളാണ് പ്രേത പടങ്ങളുടെ അടിസ്ഥാനം. ഓരോ ഭാഷയിലും ഇറങ്ങുന്ന ഇത്തരം സിനിമകളിൽ സ്ഥലത്തിൻ്റെതായ സംസ്കാരവും വിശ്വാസങ്ങളുമായി ബന്ധിപ്പിക്കുന്നതുകൊണ്ടുതന്നെ ഇത്തരം ആശയങ്ങൾ പ്രേക്ഷകർ കൈനീട്ടി സ്വീകരിക്കുന്നുണ്ട്. സിനിമകളിലെ ഹീറോകളെയും അമാനുഷിക കഴിവുകൾ ഉള്ളവരെയും കാണുമ്പോൾ തനിക്ക് ചെയ്യാൻ സാധിക്കാത്ത എന്തൊക്കെയോ അവർ ചെയ്യുന്നു എന്ന ധാരണ ഇത്തരം കഥാപാത്രങ്ങളോടും ആശയങ്ങളോടും ആരാധന വളർത്തുന്നതിനുള്ള ഘടകങ്ങളാണ്. ലോകയിലെ ചന്ദ്രയോട് (നീലിയുടെ കുട്ടിക്കാലം) അവളുടെ അമ്മ പറയുന്ന ഒരു ഡയലോഗ് ഉണ്ട്: “ആരുമില്ലാത്ത നമ്മളെപ്പോലുള്ളവരെ സഹായിക്കാൻ ആയിരിക്കും ഇങ്ങനെ നീ പിറവിയെടുത്തത്,” എന്ന്. പിന്നീട് സിനിമ കാണുമ്പോൾ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം പണ്ട് കേട്ടുവളർന്ന ഐതിഹ്യങ്ങളിലെ ഭീകരരൂപിയായി നീലിയെ സങ്കൽപ്പിക്കാൻ അസാധ്യമാവുകയും അവളുടെ പരിണാമത്തോടും മൊത്തം ആശയത്തോടും ആരാധന തോന്നുകയും ചെയ്യാം. മനുഷ്യമനസ്സിനെ അത്തരത്തിൽ പരുവപ്പെടുത്താൻ സാധിക്കുന്നുണ്ട്. കേരളത്തിൽ വളരെ ആഴത്തിൽ തന്നെ വേരോടിയതാണ് ഇത്തരം വിശ്വാസങ്ങളും ഐതിഹ്യങ്ങളും എല്ലാം. അതുകൊണ്ടുതന്നെയാണ് ഇതുമായി ബന്ധപ്പെടുത്തി ഉയർന്നുവരുന്ന അന്ധവിശ്വാസങ്ങളെയും നാം ചേർത്തുപിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നത്. ഇവിടെ നമ്മുടെ വിശ്വാസപ്രമാണങ്ങളുമായി ഒത്തുപോകുന്ന വിവരങ്ങളെ കൂടുതൽ അന്വേഷിക്കുന്നതിനും നമ്മുടെ വിശ്വാസങ്ങൾ ശരിയാണെന്ന് സമർത്ഥിക്കുന്നതിനും മനുഷ്യർ ശ്രമിക്കാറുണ്ട്. കൺഫർമേഷൻ ബയാസ് (Confirmation Bias) എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രേതങ്ങളിൽ വിശ്വസിക്കുന്ന ഒരു മനുഷ്യനെ അത്തരത്തിൽ തന്റെ വിശ്വാസങ്ങളെ ഒന്നുകൂടി ബലവത്താക്കാൻ ഇത്തരം സിനിമകൾ കാരണമാകുന്നുണ്ട്. ഇതൊന്നും കെട്ടുകഥകൾ അല്ലെന്നും, മിത്തുകൾ ആണെന്നാണോ നിങ്ങൾ വിശ്വസിക്കുന്നതെന്നും നമുക്കിടയിൽ ഇവർ ജീവിക്കുന്നു എന്നുമെല്ലാം ലോകയിൽ പറയുന്നത് ഒരുപക്ഷേ ഒരു ഇല്യൂഷൻ (Illusion) ആളുകളിൽ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു.

പാരാസൈക്കോളജി (Parapsychology) എന്ന ശാഖ നിലവിൽ ഉണ്ടെങ്കിലും പഠനങ്ങൾ അതുമായി ബന്ധപ്പെട്ട് ഒരുപാട് നടക്കുന്നുണ്ടെങ്കിലും സയൻസിന്റെ ഒരു മേഖല എന്ന നിലയിൽ സൈക്കോളജിയിലും സയൻസ് സവിശേഷതകൾ പിന്തുടരപ്പെടേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇത്തരം പ്രതിഭാസങ്ങളെ എത്രത്തോളം അഡ്രസ്സ് ചെയ്യാനാകും എന്നതാണ് ചിന്തിക്കേണ്ടത്. ഇന്നും അന്ധവിശ്വാസങ്ങളും വിശ്വാസങ്ങളും അനാചാരങ്ങളും എല്ലാം തഴച്ചുവളരാൻ സാധിക്കുന്ന മണ്ണാണ് കേരളത്തിലേത് എന്നത്കൊണ്ട് തന്നെ സിനിമകൾ ആളുകൾക്കിടയിലേക്ക് ഇത്തരം ആശയങ്ങൾ പടർത്തുന്നതിനാണ് സഹായിക്കുന്നത്. എന്നാൽ മലയാള സിനിമയിലെ ഒരു വ്യത്യസ്തമായ പരീക്ഷണവും സ്ത്രീപക്ഷത്തു നിന്നുകൊണ്ട് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പറയാൻ ‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’ എന്ന സിനിമയ്ക്ക് സാധിച്ചു എന്നത് എടുത്തുപറയേണ്ടതുണ്ട്.

നാച്ചിയപ്പ ഗൗഡയിലൂടെ സമൂഹത്തിലെ പാട്രിയാർക്കലായ അനവധി പുരുഷന്മാരെ അവതരിപ്പിക്കുമ്പോൾ കത്തനാരിലൂടെ മറ്റൊരു ആശയവും സംവിധായകൻ അവതരിപ്പിക്കുന്നതായി തോന്നി.
നാച്ചിയപ്പ ഗൗഡയിലൂടെ സമൂഹത്തിലെ പാട്രിയാർക്കലായ അനവധി പുരുഷന്മാരെ അവതരിപ്പിക്കുമ്പോൾ കത്തനാരിലൂടെ മറ്റൊരു ആശയവും സംവിധായകൻ അവതരിപ്പിക്കുന്നതായി തോന്നി.

മിത്തും സൈക്കോളജിയും

മിത്തുകളും യക്ഷിക്കഥകളും മറ്റ് സാങ്കല്പിക കഥകളും എല്ലാം മനുഷ്യമനസ്സിൽ ഉണ്ടാകുന്ന സ്വാധീനത്തെ പറ്റിയും മനുഷ്യന്റെ ചിന്തകളെയും ഭാവനകളെയും പറ്റിയും പഠിക്കുന്ന സൈക്കോമിത്തോളജി (Psychomuthology) എന്ന ഒരു ശാഖ തന്നെ വളർന്നുവരുന്നുണ്ട്. പുരാണ കഥാപാത്രങ്ങളുമായും അവയിലെ ആശയങ്ങളുമായും ആളുകൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും മനുഷ്യന്റെ ചിന്തയിലും സ്വഭാവത്തിലും എന്തെല്ലാം സ്വാധീനം ഉണ്ടാക്കുമെന്നും ഇവിടെ ചർച്ച ചെയ്യുന്നുണ്ട്.

യഥാർത്ഥത്തിൽ മന:ശാസ്ത്രത്തെയും പുരാണത്തെയും എതിർദിശയിൽ സഞ്ചരിക്കുന്ന രണ്ടായി കണക്കാക്കാം എങ്കിലും മനുഷ്യന്റെ ചിന്തകളുടെയും ഭാവനയുടെയും ബോധത്തിന്റെയും ഉൽപ്പന്നമായി മിത്തുകൾ മാറുമ്പോൾ മനുഷ്യമനസ്സിൽ അവയുണ്ടാക്കുന്ന സ്വാധീനത്തെ ബന്ധപ്പെടുത്തേണ്ടതുണ്ട്. എന്തുകൊണ്ടാണ് മനുഷ്യർ യാഥാർത്ഥ്യത്തെക്കാളേറെ ഇത്തരം മിത്തുകളിലേക്ക് ആകൃഷ്ടരാകുന്നതെന്നും അവയെ അന്ധമായി വിശ്വസിക്കുകയും അവ ശരിയാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതെന്നതിനെപ്പറ്റി വിലയിരുത്തിയപ്പോൾ ലഭിച്ച ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ഇത് എഴുതുന്നത്. ലോകയിലെ കഥാപാത്രങ്ങളെയെല്ലാം വേറൊരു ലോകത്തിൽ ജീവിക്കുന്നവരായോ, വെള്ള സാരിയുടുത്ത് ധംഷ്ട്രകൾ കാണിച്ച് ആളുകളെ ഭയപ്പെടുത്തുന്നവരായോ ഒന്നുമല്ല അവതരിപ്പിക്കുന്നത്. അത്തരം കഥാപാത്രങ്ങൾ മനുഷ്യർക്കിടയിൽ ജീവിക്കുന്നു. അന്ധമായി ഇത്തരം ആശയങ്ങളിൽ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം യഥാർത്ഥ ലോകത്തിൽ ഇതൊരു ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഇടയുണ്ട്. സാമൂഹ്യശാസ്ത്രം ആയിരുന്ന സൈക്കോളജി ഇപ്പോഴാണ് സയൻസിന്റെ മേഖലയിലേക്ക് കടന്നുവരുന്നത്? മിത്തിനെ സാഹിത്യം, സാമൂഹ്യശാസ്ത്രം, സൈക്കോളജി തുടങ്ങിയ വിഷയങ്ങളുമായി കണക്ട് ചെയ്ത് വിശദീകരിക്കണമെന്ന് തോന്നുന്നു. മിത്തിനെയും സൈക്കോളജിയെയും ബന്ധപ്പെടുത്തി വിശദീകരിക്കുന്നതിൽ പ്രഥമ ഗണനീയനായി ഫ്രോയിഡി(Sigmund Freud)നെയും യുങ്ങി(Carl Jung)നെയും കണക്കാക്കാം. ഫ്രോയിഡിന്റെ ഇലക്ട്ര കോംപ്ലക്സ് (Electra Complex), ഈഡിപ്പസ് കോംപ്ലക്സ് (Oedipus Complex) തുടങ്ങിയ ആശയങ്ങൾ പുരാതന ഗ്രീക്ക് മിത്തോളജിയിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്താം. ഇലക്ട്രയും ഈഡിപ്പസും ഗ്രീക്ക് പുരാണത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ തന്നെയാണ്. ഇത്തരത്തിൽ പുരാതന ഗ്രീക്ക് മിത്തോളജിയുമായി സൈക്കോളജിക്ക് വലിയ ബന്ധമുണ്ട്. സൈക്കോളജി പഠിക്കുമ്പോൾ പ്ലേറ്റോ(Plato)യിൽ നിന്നും അരിസ്റ്റോട്ടിലി(Aristotle)ൽ നിന്നും തുടങ്ങുന്നതും അങ്ങനെയെങ്കിൽ വെറുതെയല്ല. അഡോണീസ് കോംപ്ലക്സ് (Adonis complex), ആൻഡ്രോമിഡാ കോംപ്ലക്സ് (Andromeda complex), പിഗ്മേലിയൻ എഫക്ട് (Pygmalian Effect) തുടങ്ങിയ പേരുകളെല്ലാം വരുന്ന വഴി ഗ്രീക്ക് ഐതിഹ്യങ്ങൾ തന്നെ.

ALSO READ: മലയാള സിനിമയ്ക്കിതാ
വണ്ടർഫുൾ ലോക,
സൂപ്പർ ചന്ദ്ര

Lokah Chapter 1: Chandra, വാണിജ്യനേട്ടവും രാഷ്ട്രീയവും

നീലിയും ഡ്രാക്കുളയും…
ആൾട്ടർനേറ്റീവ്
മിത്തോളജിയുടെ ‘ലോക’

കാൾ യുങ് വിശ്വസിക്കുന്നത് മിത്തിനെ ഒരു മനുഷ്യൻറെ കളക്ടീവ് അൺകോൺഷ്യസ് (Collective Unconsciousness) ആയാണ്. വ്യത്യസ്തമായ സംസ്കാരങ്ങളിൽ മിത്തുകളിലെ കഥകൾക്കും ആശയങ്ങൾക്കും എല്ലാം സമാനത ഉണ്ടാകുന്നതിനെ കളക്ടീവ് അണ്‍കോൺഷ്യസ് എന്ന് യുങ് വിശേഷിപ്പിക്കുന്നുണ്ട്. ഇവിടെ വ്യക്തിപരമായ നമ്മുടെ ചിന്തകളിൽ നിന്നും ആശയങ്ങളിൽ നിന്നും വ്യത്യസ്തമായി കളക്ടീവ് അൺകോൺഷ്യസ്നെ പൊതുവായ ചില പാറ്റേണുകളായി കണക്കാക്കാം. പേഴ്സണാലിറ്റിയുടെ ക്ലാസിഫിക്കേഷനിൽ കളക്ടീവ് അൺകോട്സ്നെസ്സിനെയും അതിൽ ആർക്കിടൈപ്പ് (Archetype), അനിമ (Anima), അനിമസ് (Animas) എന്നതിനെയും എല്ലാം യുങ് വിശദീകരിക്കുന്നുണ്ട്.

കാൾ യുങ് വിശ്വസിക്കുന്നത് മിത്തിനെ ഒരു മനുഷ്യൻറെ കളക്ടീവ് അൺകോൺഷ്യസ് (Collective Unconsciousness) ആയാണ്. വ്യത്യസ്തമായ സംസ്കാരങ്ങളിൽ മിത്തുകളിലെ കഥകൾക്കും ആശയങ്ങൾക്കും എല്ലാം സമാനത ഉണ്ടാകുന്നതിനെ കളക്ടീവ് അണ്‍കോൺഷ്യസ് എന്ന് യുങ് വിശേഷിപ്പിക്കുന്നുണ്ട്.
കാൾ യുങ് വിശ്വസിക്കുന്നത് മിത്തിനെ ഒരു മനുഷ്യൻറെ കളക്ടീവ് അൺകോൺഷ്യസ് (Collective Unconsciousness) ആയാണ്. വ്യത്യസ്തമായ സംസ്കാരങ്ങളിൽ മിത്തുകളിലെ കഥകൾക്കും ആശയങ്ങൾക്കും എല്ലാം സമാനത ഉണ്ടാകുന്നതിനെ കളക്ടീവ് അണ്‍കോൺഷ്യസ് എന്ന് യുങ് വിശേഷിപ്പിക്കുന്നുണ്ട്.

നമ്മൾ ചിന്തിക്കുന്നതിന്റെയും മറ്റുള്ളവരുമായി ബന്ധപ്പെട്ടിരിക്കുന്നതിന്റെയും പല കാര്യങ്ങൾ നമ്മൾ അനുഭവിക്കുന്നതിലുമെല്ലാം പുരാതനവും സാർവത്രികവുമായ ചില പാറ്റേണുകൾ അടങ്ങിയിരിക്കുന്നു എന്നും പറയുന്നുണ്ട്. യുങ് തന്റെ രോഗികളിൽ സ്വപ്നങ്ങളുടെ പാറ്റേണിനും അവയിലെ മിത്തോളജിക്കൽ ആയ തീമുകളിലും സാമ്യത തിരിച്ചറിയുന്നുണ്ട്. ഈ സാമ്യതയുള്ള സിംബലുകളെ ആർക്കിടൈപ്പ് (Archetype) ആയി അവതരിപ്പിക്കുന്നുണ്ട്. ഈ ആർക്കിടൈപ്പുകളാണ് സ്വപ്നത്തിലും മിത്തോളജിയിലും ഉള്ളതെന്ന് യുങ് പറഞ്ഞുവെക്കുന്നുണ്ട്. നമ്മുടെ പൂർവ്വികരിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ചിന്താഗതികളുടെയും പെരുമാറ്റത്തിന്റെയും അടയാളങ്ങൾ, ചിഹ്നങ്ങൾ അല്ലെങ്കിൽ രീതികളാണ് ആർക്കി ടൈപ്പുകൾ. യുങ് അതിനെ പരിണാമവുമായി ബന്ധപ്പെടുത്തി പറയുന്നു. ഇത്തരത്തിൽ വിശകലനം ചെയ്യുമ്പോൾ നീലിയും ചാത്തനും മാടനും മറുതയും എല്ലാം ആർക്കിടൈപ്പ് ആയി മാറുകയും മനുഷ്യജീവിതത്തെ ഓരോ കാലഘട്ടങ്ങളിലും സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ രൂപത്തിലും ഭാവത്തിലും ആശയങ്ങളിലും വ്യത്യാസങ്ങൾ വരുന്നുണ്ടെങ്കിലും രൂപപ്പെട്ടുവരുന്ന കഥകൾ ആളുകളുടെ മനസിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നതിന്റെ കാരണമായി ഇതിനെയും കണക്കാക്കാം.

ഇവയെ വേർതിരിച്ചു മനസ്സിലാക്കുന്നതിലേക്കും ശാസ്ത്രീയമായി തിരിച്ചറിയുന്നതിലേക്കും ആളുകൾ മാറുമ്പോൾ ഐതിഹ്യങ്ങളെയും പുരാണങ്ങളെയും അത്തരത്തിലും മനുഷ്യജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ അങ്ങനെയും വിവേചിച്ചറിയാനാകുന്നു.

‘ലോക’ സിനിമയുടെ സാങ്കേതിക മേഖലകളിലേക്കും മറ്റു മേഖലകളിലേക്കും ഊന്നൽ നൽകുന്നതിന് ഇവിടെ ശ്രമിക്കുന്നില്ല. മികച്ച രീതിയിൽ സിനിമയെ അനുഭവേദ്യമാക്കുന്നതിൽ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും വലിയ പങ്കുണ്ട്. ഇതോടൊപ്പം ചേർത്ത് വെക്കേണ്ടത് തന്നെയാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെയും. നൈജിലും (അരുൺ കുര്യൻ ), സണ്ണിയും (നസ്‌ലിൻ ഗഫൂർ ), വേണുവും (ചന്തു സലിം കുമാർ), ഡോക്ടർ വർഗീസ് കുര്യനും (വിജയരാഘവൻ), ചാത്തനും (ടോവിനോ തോമസ്), ചാർലി (ദുൽഖർ സൽമാൻ )യുമെല്ലാം സിനിമയുടെ അനുഭവത്തെ കൂടുതൽ രസകരമാക്കുന്നുണ്ട്. കല്യാണി പ്രിയദർശനെ അവതരിപ്പിച്ച രീതിയും സിനിമയിലെ പ്രകടനവും ഗംഭീരമായിരുന്നു. വരും അധ്യായങ്ങൾ എത്തരത്തിലാണ് രൂപപ്പെടുന്നതെന്നും ആശയങ്ങൾ ഏതുതരത്തിൽ വഴി മാറിപ്പോകും എന്നും പ്രവചനാതീതമായതുകൊണ്ടുതന്നെ ആളുകൾക്കിടയിൽ ഏതുതരത്തിലുള്ള സ്വാധീനമാണ് വരും അധ്യായങ്ങൾ ഉണ്ടാക്കുന്നത് എന്നതും വിസ്മരിച്ചു കൂടാ. സൂക്ഷ്മതലങ്ങളിൽ പോലും സിനിമയുടെ ഭംഗി കുറയാത്ത രീതിയിൽ പ്രേക്ഷകർക്കിടയിലേക്ക് മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ വുമൺ സിനിമയെ അവതരിപ്പിച്ചു കൊണ്ട് മലയാളസിനിമ അവരുടേതായ ഒരു അടയാളം തീർത്തു വെക്കുന്നു.

Reference: ഒരു യക്ഷിയുടെ ജന്മാന്തരങ്ങൾ: മുഹമ്മദ് ശമീം.

Comments