കണ്ടുകണ്ടിരിക്കുമ്പോൾ ‘തടവി'ന്റെ അടിത്തട്ടിൽ ദൃശ്യഘടനയുടെ നൂലിഴകൾ ദൃഢമാകുന്നത് കാണാം. സിനിമകളേതിനെയും പോലെ കഥാതന്തുവിനെ ആശ്രയിക്കുകയും വികാരങ്ങളെ ദ്യോതിപ്പിക്കുകയും കഥാപാത്രങ്ങളെ വരച്ചുകാണിക്കുകയും ആശയങ്ങളെ അടിവരയിടുകയും ചെയ്യുമ്പോഴും ദൃശ്യഘടന നെയ്‌തെടുക്കുന്നതിലെ ആകാംക്ഷയാണ് എന്നെ തടവിനോട് ചേർത്തുനിർത്തുന്നത്. സാമ്പത്തികമായ ജയപരാജയങ്ങളല്ല, ഇത്തരം നെയ്ത്തുവഴികളാണ് ഓരോ കലാസൃഷ്ടിയേയും ചരിത്രത്തിൽ നിലനിർത്തുന്നത്. ഈ നെയ്ത്തിനെ പിൻതുടരുമ്പോൾ മൂന്നിൽ നൂറ്റ ഒരു ‘തടവ്' കാണാം.
ഒരു പ്രദേശത്തെ സാധാരണ മനുഷ്യരുടെ ജീവിതകഥയാണ് 'തടവ്'. അഥവാ ഒരു പ്രദേശത്തെ പ്രത്യേകതകളൊന്നുമില്ലാത്ത മനുഷ്യർക്കിടയിലെ ബന്ധങ്ങളുടെ അദൃശ്യമായ നൂലിഴകളെയാണ് സിനിമ പിൻതുടരുന്നത്. ഓരോ മനുഷ്യരും യഥാർത്ഥത്തിൽ ഒറ്റയൊറ്റയായിരിക്കുമ്പോഴും ജീവിതം കൊണ്ട് അവർ മറ്റു മനുഷ്യരിലേക്ക് നൂലു നെയ്ത് കടന്നുപോകുന്നുണ്ട്. ബന്ധങ്ങൾ തുന്നിച്ചേർക്കുന്നതിന്റെയും ഇറുത്തുകളയുന്നതിന്റെയും നിറം പിടിപ്പിക്കുന്നതിന്റെയും പ്രക്രിയ. അദൃശ്യമെങ്കിലും പരസ്പരമുള്ള ഈ നെയ്ത്തുതന്നെ ജീവിതമെന്ന് 'തടവ്' ദൃശ്യവത്കരിക്കുന്നു.

മൂന്നിനെ ചുറ്റിപ്പറ്റിയാണ് ജീവിതത്തിന്റെ ഈ ദൃശ്യവത്കരണം 'തടവ്' സാദ്ധ്യമാക്കുന്നത്. ഗ്രാമജീവിതത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളുടെ നീണ്ട നിരയിൽനിന്ന് മൂന്ന് പ്രധാന കഥാപാത്രങ്ങൾ ഉയർന്നുനിൽക്കുന്നത് നോക്കൂ. അങ്കണവാടി ടീച്ചറായ ഗീത (ബീന ആർ ചന്ദ്രൻ), സ്‌കൂൾ ടീച്ചറായ ഉമ (അനിത), ബാങ്ക് ജീവനക്കാരനായ ഹംസ (സുബ്രമണ്യൻ). മൂന്നിന്റെ നൂല്പ് ഇവിടെ തുടങ്ങുന്നു. മൂന്നുപേർക്കിടയിലും സൗഹാർദ്ദത്തിന്റെ ഇഴയടുപ്പം ദൃഢമാണ്. ഈ ആത്മബന്ധത്തെ സിനിമ സ്ഥാപിച്ചെടുക്കുന്നത് സംഭാഷണങ്ങളിലൂടെയല്ല, മൂന്നുപേർ മാത്രമുള്ള ദൃശ്യങ്ങളുടെ വ്യത്യസ്തങ്ങളായ ആവർത്തനങ്ങളിലൂടെയാണ്. മൂന്നിലധികം പേർ കടന്നുവരുന്ന രംഗങ്ങളിലും സമീപദൃശ്യങ്ങളിലൂടെ മൂന്നുപേരെ സിനിമ വേർതിരിച്ചെടുക്കുന്നു.
Watch: തടവിലെ കൂട്ടുകാർ
മൂന്നിൽ നൂൽപ് പ്രധാന കഥാപാത്രങ്ങളിൽ ഒതുങ്ങുന്നില്ല. മിക്ക ദൃശ്യങ്ങളുടെയും ധൃതി മൂന്നിലേക്ക് തുടരാനാണ്. അഥവാ മൂന്നിലേക്ക് ഊന്നാനാണ്. അതുമല്ലെങ്കിൽ മൂന്നിലൂടെ ഉദാഹരിക്കാനാണ്. ഗീത- ഉമ-ഹംസ, പഴയ ഭർത്താവ്- ഗീത- പുതിയ ഭർത്താവ്, ഉസ്മാൻ- സുമു- ഗീത, അച്ഛൻ- മകൾ- കാമുകൻ, ഗീത- ഭർത്താവ്- കുട്ടി, ഗീത- കുട്ടി- ഉമ്മ, മൊയ്തു- ഗീത- കുട്ടി, മൊയ്തു- ഗീത- പോലീസുകാരൻ, ഭർത്താവ്-വക്കീൽ- ഗീത തുടങ്ങി മൂന്നു കഥാപാത്രങ്ങളിൽ ഊന്നുന്ന സീക്വൻസുകൾ സിനിമയിലുണ്ട്. ഈ കഥാപാത്രങ്ങളൊക്കെയും അറിഞ്ഞോ അറിയാതെയോ പരസ്പരം ജീവിതത്തിൽ കയറിയിറങ്ങുന്നവരാണ്. നേരത്തേ വിശദീകരിച്ചതുപോലെ ജീവിക്കുന്നതിലൂടെ മറ്റു മനുഷ്യരുമായി അറിഞ്ഞോ അറിയോതെയോ നൂലു നെയ്ത് കടന്നുപോകുന്നവരാണ്. ഒരേസമയം കഥാപാത്രങ്ങളുടെ നീണ്ട നിരയെ അവതരിപ്പിച്ചും അതേസമയം അതിനിടയിൽനിന്ന് മൂന്നുപേരടങ്ങുന്ന ഗണങ്ങളിലേക്ക് സൂം ചെയ്തും മനുഷ്യബന്ധങ്ങളെ അവതരിപ്പിക്കാനാണ് 'തടവ്' ശ്രമിക്കുന്നത്. ഇത് കഥാപാത്രങ്ങളുടെ എണ്ണം ക്രമപ്പെടുത്തുന്നതിൽ മാത്രമല്ല, ദൃശ്യങ്ങളുടെ സ്വഭാവത്തിലുമാണ്.

ഗീത, ഭർത്താവ്, വക്കീൽ, ജൂനിയർ വക്കീൽ എന്നീ നാല് കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്ന വക്കീലോഫീസിലെ ദൃശ്യങ്ങൾ നോക്കൂ. നാലുപേർ ഒരുമിച്ച് വരുന്ന ഒരു ഷോട്ടു പോലുമില്ല. ഇടതുഭാഗത്ത് ഭർത്താവും വലതുഭാഗത്ത് ഗീതയും നടുവിൽ ജൂനിയർ വക്കീലും എന്ന ക്രമത്തിൽ മൂന്നുപേർ ഫ്രെയ്മിൽ വരുന്നു. പരസ്പരമുള്ള ചില നോട്ടങ്ങളാണ് ഈ മധ്യ ദൃശ്യത്തിൽ കഥാപാത്രങ്ങൾക്കിടയിലെ പ്രധാന നൂലിഴകളാവുന്നത്. തിരിച്ച് വക്കീലിന്റെ പ്രതികരണമുള്ള ദൃശ്യം നോക്കാം. ഒരു സമീപദൃശ്യത്തിലൂടെ വക്കീലിനെ മാത്രം അവതരിപ്പിക്കാമായിരുന്നിട്ടും ഫ്രെയ്മിന്റെ ഇടത്തും വലത്തും ഗീതയുടെയും ഭർത്താവിന്റെയും മങ്ങിയ രൂപങ്ങൾ ഉൾപ്പെടുത്തി മൂന്നിനെ പിൻതുടരുന്നു ദൃശ്യം. കേവലമായി മൂന്നിനെ പിൻതുടരുന്നതിനപ്പുറം മൂന്നാമതൊരാളുടെ തീർപ്പിന്റെ തടവിലാവേണ്ടി വരുന്ന രണ്ട് ജീവിതങ്ങളുടെ സംഘർഷങ്ങളെ ദൃശ്യവത്കരിക്കുകയാണ് ഈ മൂന്ന്.
Watch: ബീന ടീച്ചറുടെ ഗീത ടീച്ചര്‍
ആശുപത്രിയിൽ വച്ച് ഗീത ക്രിമിനലായ മൊയ്തുവിനെ കാണുന്ന രംഗമുണ്ട്. ഗീത- മൊയ്തു- പോലീസുകാരൻ എന്നീ മൂന്നിലേക്ക് ആ ദൃശ്യം ക്രമപ്പെടുത്തിയിരിക്കുന്നു. മൊയ്തു കട്ടിലിൽ ചാരിക്കിടന്ന് ഫ്രൂട്ടി കുടിക്കുന്നു. പോലീസുകാരൻ കാവലിരിക്കുന്നു. ജനാലയിലൂടെ ഗീത നോക്കുന്നു. ചില നോട്ടങ്ങൾ. ചുണ്ടിനിടയിൽ വിടരുകയോ കൊഴിയുകയോ ചെയ്യുന്ന ചിരികൾ. ചിന്തകൾ. ഇത്രയൊക്കെ മതി മനുഷ്യർക്കിടയിലെ നൂലിഴകൾക്ക്. ഈ നൂലിഴകളാവട്ടെ ഒരു സുഹൃത്തിൽ നിന്ന് മറ്റൊരു സുഹൃത്തിലേക്കാവാം. ശത്രുവിലേക്കാവാം. ചിലപ്പോഴത് ഒരു ക്രിമിനലിലേക്കാവാം. രോഗമനുഭവിക്കുന്ന രണ്ടുപേർക്കിടയിലാവാം. രണ്ടുപേരിൽ നിന്ന് വേറിട്ട് നിൽക്കുന്ന മൂന്നാമതൊരു സാക്ഷിയിലേക്കാവാം. അതുതന്നെയാണ് ദൃശ്യഘടനയിലെ മൂന്നിന്റെ സാദ്ധ്യത.

ദുരന്തങ്ങൾക്കിടയിൽ അപസ്മാരബാധിതയായ ഗീതയെ ജീവിതത്തിലേക്ക് പ്രചോദിപ്പിക്കാൻ ഹംസയും ഉമയും നടത്തുന്ന ശ്രമം ഈ ശ്രേണിയിൽ ഏറ്റവും തിളക്കമാർന്ന ദൃശ്യമാണ്. തകർന്ന പെണ്ണിനെ മദ്ദളദ്ധ്വനി ഉണർത്തുന്ന രംഗം. മദ്ദളം വായിക്കുന്ന ഹംസയും ഇനിയും ശരിയാവാനുണ്ടെന്ന് കമന്റടിക്കുന്ന ഉമയും ചിരിക്കുന്ന ഗീതയും നേർരേഖയിൽ വരുന്ന രംഗം കാഴ്ചയിൽ നിന്ന് മാഞ്ഞുപോകാനിടയില്ലാത്തവിധം ലളിതവും അഗാധവുമാണ്. ആദ്യത്തെ ക്രൈം പദ്ധതി പൊളിഞ്ഞ രാത്രിയിലും ചികിത്സാസഹായത്തെക്കുറിച്ച് ആശുപത്രി ക്യാന്റീനിലിരുന്ന് ചർച്ച ചെയ്യുമ്പോഴും ഈ മൂന്നു സുഹൃത്തുക്കൾ മാത്രം ഫ്രെയ്മിലെത്തുന്നു. അത് അവർ കണ്ടെത്തുന്ന അവരുടെ മാത്രം ലോകമാണ്. നൃത്തം ചെയ്ത് മതിമറക്കുന്ന രാവിൽ ഗീതയുടെയും ഹംസയുടെയും നിമിഷങ്ങളിലേക്ക് ഫോൺ വഴിയെങ്കിലും മൂന്നാമത്തെ സുഹൃത്തിനെ സന്നിഹിതമാക്കാൻ സംവിധായകൻ ശ്രമിക്കുന്നു.
Watch: ലോക സിനിമയിലേക്ക് ‘തടവ്’ കടന്നെന്തിയ ഫാസിൽ റസാഖ്
പെട്രോൾപമ്പിൽ ജോലിയേറ്റെടുക്കുന്ന ഗീതയിലേക്ക് പഴയ ഭർത്താവിൽനിന്നും പുതിയ ഭർത്താവിൽ നിന്നുമുള്ള പ്രതികരണങ്ങൾ നെയ്ത് മറ്റൊരു മൂന്ന് സജീവമാവുന്നിടത്ത് രണ്ട് പുരുഷൻമാർക്കിടയിൽ പൊരുതുന്ന പെണ്ണിനെ സിനിമ വരച്ചുകാണിക്കുന്നു. നോക്കുന്നതിന്റെയും നോക്കാതിരിക്കുന്നതിന്റെയും ചെറുബന്ധങ്ങളാണ് ഈ ദൃശ്യഘടനയിൽ കഥാപാത്രങ്ങൾ നിർവ്വഹിക്കുന്നത്. നടീനടൻമാരുടെ അഭിനയത്തിനപ്പുറം ദൃശ്യഘടന ആസ്വാദകരിൽ പ്രവർത്തിക്കുന്നതിന് തടവിൽ പലയിടത്തും ഉദാഹരണങ്ങളുണ്ട്. ഭർത്താവിൽനിന്ന് അകന്നു കഴിയുന്ന ഗീത ഇടവഴിയിലൂടെ നടന്നു പോകുമ്പോൾ അച്ഛനറിയാതെ മകൾ ഗീതയെക്കാണുന്ന രംഗത്ത് ഗീത- മകൾ- ഭർത്താവ് എന്ന ഗണം നേർരേഖയിൽ വരുന്നു. മകൾക്കും അമ്മക്കുമിടയിൽ ഒരു മതിലുണ്ട്. ഗീതയുടെയും ഭർത്താവിന്റെയും നടുവിലാണ് ദൃശ്യഘടനയിൽ കുട്ടിയുടെ സ്ഥാനം. സ്‌കൂളിൽ നടക്കുന്ന സംഘർഷരംഗത്ത് ഗീതയുടെ സ്ഥാനം ഭർത്താവിനും കുട്ടിക്കുമിടയിലാവുന്നുണ്ട്. രണ്ടുപേർക്കിടയിൽ പെടുന്ന മൂന്നാമതൊരാളെക്കൂടിയാണ് ഈ മൂന്നുകളെല്ലാം ലളിതമായി അനുഭവിപ്പിക്കുന്നത്. ഇത് ജീവിതത്തിൽ ഓരോരുത്തരും നേരിടുന്ന തടവാണ്. ഇവിടെ മൂന്ന് 'തടവി'ന്റെ ഭാഷയാണ്. സുജിത്തിന്റെ ഓട്ടോറിക്ഷ പോലീസ് പിടിച്ചു കൊണ്ടുപോയ രാത്രി നീതു, സുജിത്, അച്ഛൻ എന്നീ മൂന്ന് കഥാപാത്രങ്ങൾ പരസ്പരം തടവിലായി ആശ്വസിക്കുന്നതും കാണാം. ഈ മൂന്ന് ആശ്വാസത്തിന്റെ തടവിനെ പ്രതീകവത്കരിക്കുന്നു.

മൂന്നിൽ കുറവ് കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുമ്പോഴും മറ്റ് ഘടകങ്ങളിലൂടെ കാഴ്ചയെ മൂന്നിലേക്ക് ക്രമപ്പെടുത്താൻ 'തടവ്' ശ്രമിക്കുന്നത് കാണാം. അങ്കണവാടിടീച്ചറായ ഗീത വക്കീലോഫീസിന്റെ വരാന്തയിൽ നിൽക്കുന്ന ഒരു വിദൂരദൃശ്യത്തിൽ ഗീത മാത്രമേ കഥാപാത്രമായുള്ളൂ. പിന്നെയുള്ളത് ക്രമരഹിതമായി നിൽക്കുന്ന രണ്ട് ബോർഡുകളാണ്. വക്കീലിന്റെയും നിയമവേദിയുടെയും ബോർഡുകൾ. ജീവിതത്തിന്റെ തടവിലാവുകയും പുറത്തുകടക്കാൻ പൊരുതുകയും ചെയ്യുന്ന ഒരു പെണ്ണിനെ അവതരിപ്പിക്കാൻ ഈ ഷോട്ടിനെ പ്രാപ്തമാക്കുന്നത് കഥാപാത്രമുൾപ്പെടുന്ന മേൽവിവരിച്ച മൂന്ന് ദൃശ്യഘടകങ്ങളാണ്. കുട്ടിയെ കൂടെ നിർത്തീക്കൂടേയെന്ന് ചോദിക്കാൻ ഗീതയുടെ അടുക്കളയിലേക്ക് സുജിത് കടന്നുവരുന്ന രംഗത്ത് രണ്ടുപേർ മാത്രം. എന്നാൽ സുജിതിനു പിറകിലെ കണ്ണാടിയിൽ കാണുന്ന ഗീതയുടെ പ്രതിബിംബത്തിലൂടെ മൂന്നാമതൊരു ഘടകത്തിലേക്ക് കാഴ്ചയെ ബന്ധിപ്പിക്കുന്നു സംവിധായകൻ.
കലാചരിത്രത്തിൽ 'മൂന്ന്' കാഴ്ചയുടെ നിയമത്തിനു തന്നെ ആധാരമാവുന്നുണ്ട്. ഒന്ന് ഏകപക്ഷീയമാണ്. രണ്ട് തുല്യമോ തർക്കമോ ആണ്. മൂന്ന് മറ്റൊരു വഴിയും വായനയുമാണ്. ഫാസിൽ റസാഖ് സംവിധാനവും മൃദുൽ എസ്. ഛായാഗ്രഹണവും വിനായക് സുതൻ എഡിറ്റിങും നിർവ്വഹിച്ച 'തടവ്' ദൃശ്യപരമായി നിർവ്വഹിക്കുന്നത് ഈ സാദ്ധ്യതയാണ്.