നായികാ പ്രാധാന്യമുള്ള രണ്ട് സിനിമകൾ ഒരേ സമയം പ്രേക്ഷകപ്രീതി പിടിച്ചു പറ്റിക്കൊണ്ട് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നത് മലയാള സിനിമയിലെങ്കിലും പുതിയ കാഴ്ചയാണ്. 'കച്ചവടത്തിൻ്റെ നിയമപുസ്തക'ങ്ങളിൽ അടയാളപ്പെടുത്തപ്പെടാത്ത അഭിനേത്രികളുടെ ലോകത്തുനിന്നും മെച്ചപ്പെട്ട രണ്ട് സിനിമകളിലൂടെ തിയേറ്ററിൽ ആളെ നിറയ്ക്കാൻ ഉർവ്വശിയ്ക്കും പാർവ്വതിയ്ക്കും സാധിക്കുന്നത് ചെറിയ കാര്യമല്ല. പി.കെ റോസി എന്ന ദലിത് പെൺകുട്ടി നായികയായി അഭിനയിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണ്, തിരുവിതാംകൂറിൽ വിഗതകുമാരൻ എന്ന ചിത്രത്തിൻ്റെ പ്രദർശനം തടയപ്പെട്ടത്. 1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോൾ തിയറ്ററിലായിരുന്നു നിശ്ശബ്ദസിനിമയായ വിഗതകുമാരൻ റിലീസ് ചെയ്തത്. സവർണ്ണ കഥാപാത്രത്തെ ദലിത് അഭിനേത്രി അഭിനയിച്ചു ഫലിപ്പിച്ചതുകൊണ്ട് തിയറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി. ആക്ഷേപങ്ങളും ആക്രമണങ്ങളും സഹിക്കവയ്യാതെ അവർ തമിഴ്നാട്ടിലേയ്ക്ക് രക്ഷപ്പെടുകയാണുണ്ടായത്. പിന്നീട്, സ്ത്രീകൾ സിനിമാ രംഗത്തേയ്ക്ക് കടന്നു വന്നെങ്കിലും പുരുഷകേന്ദ്രിതമായ കച്ചവട സിനിമയിൽ, സ്ത്രീകൾ ബാഹ്യസൗന്ദര്യം പ്രദർശിപ്പിക്കുന്ന വിൽപ്പന വസ്തുക്കളായി മാത്രമാണ് പരിഗണിക്കപ്പെട്ടത്. ഷീലയും ശാരദയും ഉർവ്വശിയും മഞ്ജുവാര്യരുമൊക്കെ അഭിനയിച്ച സ്ത്രീ കേന്ദ്രിതമായ ചില സിനിമകൾ ഉണ്ടായെങ്കിലും ആ പരിശ്രമങ്ങളൊക്കെയും തുടർച്ചയില്ലാതെ അവസാനിക്കുകയാണുണ്ടായത്.
പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; ഫൈനലി ഒരു പാർവതിപ്പടം
മലയാള സിനിമയിൽ അഭിനയസിദ്ധി കൊണ്ടും നിലപാടുകൾ കൊണ്ടും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിയാണ് പാർവ്വതി തിരുവോത്ത്. ഉർവ്വശിയാവട്ടെ, മുഖ്യധാരാ സിനിമയിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ സവിശേഷ സ്ഥാനം നേടിയ അഭിനേത്രിയും. കഴിഞ്ഞ നാൽപ്പതിലേറെ വർഷങ്ങളായി അഭിനയ മികവുകൊണ്ടു മാത്രം ഒരു നായിക, മുഖ്യധാര സിനിമയുടെ കാഴ്ചാ പരിസരങ്ങളിൽ അതിജീവിക്കുന്നുവെന്നത് അപൂർവ്വതയാണ്. സഫർ സനൽ എന്ന നവാഗത സംവിധായകൻ്റെ 'ആശ' എന്ന ചിത്രത്തിൽ ടൈറ്റിൽ ക്യാരക്ടറിനെയാണ് ഉർവ്വശി അവതരിപ്പിക്കുന്നതെങ്കിൽ, 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ഷഹദ് സംവിധാനം ചെയ്ത ചിത്രത്തിൽ സിവിൽ പോലീസ് ഓഫീസറായ അലീന എന്ന കേന്ദ്രകഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിക്കുന്നത്.
എന്തുകൊണ്ട്
സിനിമയിൽ,
ജീവിതത്തിലും,
‘ആശ’യെപ്പോലൊരു
സ്ത്രീ?

നേവിയിൽ ഉദ്യോഗസ്ഥനായ ഭർത്താവിൽ നിന്നനുഭവിക്കേണ്ടി വന്ന പീഢനങ്ങളും അകാലത്തിലുള്ള അയാളുടെ മരണം ഏൽപ്പിച്ച ആഘാതവും അനിശ്‌ചിതത്വവും രൂപപ്പെടുത്തിയ ആശ എന്ന സ്ത്രീയുടെ ഏതാനും ദിവസത്തെ ജീവിതമാണ് 'ആശ' പറയുന്നത്. രണ്ട് പെൺകുട്ടികളെ ഒരമ്മ ഒറ്റയ്ക്ക് വളർത്തുമ്പോൾ ഉണ്ടാകുന്ന ആശങ്കകളുടെ അതിഭാവുകത്വം നിറഞ്ഞ കാഴ്ചകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ആശയെ സ്ക്രീനിൽ കാണിക്കുന്ന ബാങ്ക് സീനിൽ തന്നെ അവരുടെ സ്വഭാവത്തിൻ്റെ പ്രത്യേകതയിലേയ്ക്ക് സിനിമ വെളിച്ചം വീശുന്നുണ്ട്. ബാങ്കിലെ കൗണ്ടറിനു മുന്നിൽ ടോക്കൺ എടുത്ത് കാത്തിരിക്കുന്ന ആശയെ മറികടന്ന് മറ്റൊരു സ്ത്രീയ്ക്ക് ബാങ്ക് ജീവനക്കാരി സേവനം നൽകാൻ തയ്യാറാകുമ്പോൾ, അഭിമാനം വ്രണപ്പെട്ട് അതിരുകടന്ന പ്രതികരണം നടത്തുന്ന ആശയെയാണ് പ്രേക്ഷകർ കാണുന്നത്. ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അവിടെ ആശ എന്തു സമീപനമാകും സ്വീകരിക്കുക എന്നതിൻ്റെ സൂചനകൾ ഒന്നിലധികം പ്രാവശ്യം സിനിമ നൽകുന്നുണ്ട്. കുട്ടിക്കാലത്തുതന്നെ അച്ഛനെ നഷ്ടപ്പെട്ട രണ്ടു പെൺമക്കളെ സുരക്ഷിതമായി വളർത്തി വലതാക്കിയതിൻ്റെ അത്യധികമായ അവകാശബോധം ആശയിലുണ്ട്. അതുകൊണ്ടുതന്നെ അധികാരബോധത്തോടെയാണ് ആശ മക്കളോട് സംസാരിക്കുന്നതും ഇടപഴകുന്നതും. ആശ, അഴിച്ചെടുക്കാനാവാത്ത വലിയൊരു കുരുക്കിലകപ്പെടുകയും അഴിയ്ക്കാൻ ശ്രമിക്കുന്തോറും സ്വയം കൂടുതൽ കുരുങ്ങുകയും അവരുമായി ബന്ധപ്പെട്ടു നിൽക്കുന്നവരെയും കുരുക്കുകയും ചെയ്യുന്നു.
‘ആശ’യുണ്ടാകുന്നത്…
A.M.M.A യിൽ നിന്നും രാജിവച്ച് വുമൺ ഇൻ സിനിമ കളക്റ്റീവ് (WCC) രൂപീകരിക്കുവാൻ മുൻകൈ എടുത്ത വ്യക്തിത്വം. ഒരു ഗോഡ് ഫാദറുമില്ലാതെ സിനിമയിൽ തൻ്റേതായ വഴിയിലൂടെ സഞ്ചരിക്കുന്ന പാർവ്വതിയുടെ ശക്തമായ കഥാപാത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലെ അലീന.
അതിചിന്തയുടെ ഇരയായി മാറിയ ആശയിൽ ഉത്കണ്ഠയും സമ്മർദ്ദവും ക്ഷീണവുമൊക്കെ ശക്തമാകുന്നു. ഉർവ്വശി എന്ന അതുല്യ നടി അപാരമായ പെർഫോമൻസിലൂടെ ആശയുടെ മാനസികാവസ്ഥയുടെ സൂക്ഷ്മഭാവങ്ങളെപ്പോലും പ്രേക്ഷകരെ അനുഭവിപ്പിക്കുന്നുണ്ട്. സങ്കടവും വെപ്രാളവും ക്ഷീണവുമൊക്കെ ഉർവ്വശി ചെയ്തിട്ടുള്ളത് അനന്യമായ കൈയ്യടക്കത്തോടെയാണ്. ജീമോൻ എന്ന പ്ലംബറെ ജോജു ജോർജജ് ശ്രദ്ധേയമായ നിലയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. വേഷത്തിലും പെട്ടെന്നുള്ള പെരുമാറ്റങ്ങളിലും ക്രിമിനലുകൾ എന്നു തോന്നിപ്പിക്കുന്ന ചില കഥാപാത്രങ്ങളുടെ ഉള്ളിലുള്ള മനുഷ്യരെ അനാവരണം ചെയ്തുകൊണ്ട് കാണികളുടെ വീക്ഷണത്തെ തന്നെ സിനിമ മാറ്റിമറിക്കുന്നുണ്ട്. ആശയുടെ അതിചിന്തയുടെ കാരണങ്ങൾ വ്യക്തിപരമെന്നതിനെക്കാളുപരി, സാമൂഹികമാണ്. എന്നാൽ, അങ്ങനെയൊരു കാഴ്ചപ്പാട് സിനിമ മുന്നോട്ട് വെയ്ക്കുന്നില്ലെന്നത് പരിമിതിയായി അവശേഷിക്കുന്നു. പുരുഷാധിപത്യ സമൂഹത്തിലെ പുരുഷൻ്റെ വാശിയ്ക്കും സ്ത്രീയുടെ വാശിയ്ക്കും സാമൂഹ്യമായ രണ്ടുതരം കാരണങ്ങൾ ഉണ്ടെന്നത് സിനിമയുടെ അണിയറ പ്രവർത്തകർക്ക് കാണാനാവുന്നില്ലെന്നത് രാഷ്ട്രീയചിന്തയുടെ പോരായ്മയായി കണക്കാക്കണം.

നേവിയിൽ ഉദ്യോഗസ്ഥനായ ഭർത്താവിൽ നിന്നനുഭവിക്കേണ്ടി വന്ന പീഢനങ്ങളും അകാലത്തിലുള്ള അയാളുടെ മരണം ഏൽപ്പിച്ച ആഘാതവും അനിശ്‌ചിതത്വവും രൂപപ്പെടുത്തിയ ആശ എന്ന സ്ത്രീയുടെ ഏതാനും ദിവസത്തെ ജീവിതമാണ് 'ആശ' പറയുന്നത്.ഷഹദ് സംവിധാനം ചെയ്ത്, പാർവ്വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ, ഒരു ക്രൈം ഡ്രാമ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ്. ശക്തമായ നിലപാടുകൾ എടുത്തതുകൊണ്ടുമാത്രം മലയാളത്തിലെ മുഖ്യധാര സിനിമാക്കാർ ബഹിഷ്‌കരിച്ച പാർവ്വതി തിരുവോത്തിൻ്റെ കരിയറിൻ്റെ ഇരുപതാം വർഷത്തിലിറങ്ങിയ സിനിമ. 'കസബ'യിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് പറഞ്ഞതിന് ക്രൂരമായ സൈബർ ആക്രമണം നേരിടുമ്പോഴും നിലപാടിൽ മാറ്റമില്ലാതെ അതിജീവിക്കാൻ ശ്രമിച്ച അഭിനേത്രി, അക്രമിക്കപ്പെട്ട നടിയോടൊപ്പം നിലകൊണ്ട്, A.M.M.A യിൽ നിന്നും രാജിവച്ച് വുമൺ ഇൻ സിനിമ കളക്റ്റീവ് (WCC) രൂപീകരിക്കുവാൻ മുൻകൈ എടുത്ത വ്യക്തിത്വം. ഒരു ഗോഡ് ഫാദറുമില്ലാതെ സിനിമയിൽ തൻ്റേതായ വഴിയിലൂടെ സഞ്ചരിക്കുന്ന പാർവ്വതിയുടെ ശക്തമായ കഥാപാത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലെ അലീന. നായിക പ്രാധാന്യമുള്ള ഒരു ക്രൈം ഡ്രാമയെ പാർവ്വതി തൻ്റെ അഭിനയ മികവുകൊണ്ട് Pull off ചെയ്യുന്ന കാഴ്ച നയനാനന്ദകരമാണ്. പി. എസ് സുബ്രഹ്‌മണ്യനും വിജേഷ് തോട്ടുങ്കലും ചേർന്നെഴുതിയ സ്ക്രിപ്റ്റാണ് സിനിമയുടെ ശക്തിയായി വർത്തിക്കുന്നത്. നിലപാടുകളുടെ പേരിൽ, കഴിഞ്ഞ പത്ത് വർഷത്തോളമായി മാറ്റിനിർത്തപ്പെട്ട പാർവ്വതി തിരുവോത്ത്, എണ്ണം പറഞ്ഞ സോളോ ഹിറ്റുമായി മലയാള സിനിമയുടെ ഒന്നാം നിരയിൽ ഒരു കസേര വലിച്ചിട്ട് ഇരുപ്പുറപ്പിക്കുന്ന കാഴ്ച പ്രതീക്ഷ നൽകുന്നതാണ്.

