ജീവിതത്തിൽ ആദ്യമായി നേരിട്ട് കണ്ട ഷൂട്ടിംഗ് 'അച്ഛനുറങ്ങാത്ത വീട്' എന്ന സലിം കുമാർ സിനിമയുടേതാണ്. സിനിമയെപ്പറ്റിയും സിനിമക്കാരെപ്പറ്റിയും അതുവരെയ്ക്കും ഉണ്ടായിരുന്ന ഒട്ടേറെ ധാരണകൾ പൊളിച്ചെഴുതപ്പെട്ട ഒരു അനുഭവം ആയിരുന്നു അന്നത്തേത്. സ്‌ക്രീനിൽ ചിരിയുടെ മാലപ്പടക്കം തീർത്തു മാത്രം കണ്ടിട്ടുള്ള സലിം കുമാർ എന്ന നടൻ ക്യാമറക്ക് പിന്നിൽ നന്നേ ഗൗരവത്തിൽ ആളുകളോട് ഇടപെടുന്നതും സാമുവേൽ എന്ന കഥാപാത്രമായി ആയി പരകായ പ്രവേശം നടത്തുന്നതും നേരിട്ട് കണ്ടത് സ്‌കൂൾ കാലത്തെ മികച്ച ഓർമ്മകളിൽ ഒന്നാണ്.
സലിം കുമാർ എന്ന സിനിമാക്കാരന്റെ മരണം സമൂഹ മാധ്യമ ഫീഡുകളിൽ ആകമാനം നിറയുന്നത് കണ്ടുകൊണ്ടാണ് ഇത് കുറിക്കുന്നത്. റീലായും സ്റ്റോറി അപ്‌ഡേറ്റുകൾ ആയും അയാളുടെ ഹാസ്യ കഥാപാത്രങ്ങൾ പണ്ടത്തെപ്പോലെ ഇന്നും ആളുകൾ ഓർത്തെടുക്കുന്നു. അത്രയധികമാണ് മീം ആയും, സ്റ്റിക്കർ ആയും നമ്മുടെ ഗാഡ്ജറ്റുകളിൽ അയാൾക്കുള്ള സ്ഥാനം. സന്തോഷം!
പക്ഷെ ഹാസ്യത്തിന്റെ ആ ചിരിച്ചീളുകൾക്കപ്പുറം കാമ്പുള്ള ,ആർദ്രമായ ഒരുപിടി കഥാപാത്രങ്ങളെയും സലിം കുമാർ നമുക്ക് സമ്മാനിച്ചിരുന്നു എന്നത് ഓർക്കേണ്ടതുണ്ട്. കുറഞ്ഞപക്ഷം അയാൾ നമ്മോട് വിടപറഞ്ഞകലുന്ന ഈ വൈകുന്നേരമെങ്കിലും.
കേരളകഫേയിലെ ബ്രിഡ്‌ജ് (2009) എന്ന അൻവർ റഷീദ് സെഗ്മെന്റിലെ മണി, ലാൽജോസിന്റെ അച്ഛനുറങ്ങാത്ത വീടിലെ (2005) സാമുവൽ, സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബു (2011) വിലെ അത്തർ അബു, ഫയർമാൻ എന്ന സിനിമയിലെ അച്ഛൻ കഥാപാത്രം തുടങ്ങി ഒരുപിടി പകർന്നാട്ടങ്ങൾ കൂടി അയാൾ നടത്തിയിട്ടുണ്ട്.
READ: സലിം കുമാർ: ചിരിയുടെ രാഷ്ട്രീയം
സലിംകുമാർ : ഒരേ മുറിവിൽ നിന്നുള്ള ചിരിയും സങ്കടവും
അന്നോളം താൻ ചവിട്ടി പതിഞ്ഞ വഴികൾ മനഃപൂർവം ഒഴിവാക്കിക്കൊണ്ട് ബോധപൂർവം,അപകട സാധ്യതകളെ പൂർണമായി ഉൾക്കൊണ്ടു അയാൾ നടത്തിയ ചില തിരഞ്ഞെടുപ്പുകൾ.
അച്ഛനുറങ്ങാത്ത വീടിലെ സാമുവൽ, ഭാര്യയുടെ വേർപാടിന് ശേഷം തങ്ങളുടെ മൂന്നു പെണ്മക്കളെ കരപറ്റിയ്ക്കാൻ ഒറ്റയ്ക്ക് വഞ്ചി തുഴയുന്ന,ഇടയ്ക്കെവിടെയോ വച്ച് ദിശ തെറ്റുന്ന ആ കുടുംബനാഥന്റെ ആവലാതികൾ സലിംകുമാറിൽ ഭദ്രമായിരുന്നു. തനിക്കു സീരിയസ് കഥാപാത്രങ്ങളും വഴങ്ങുമെന്നും, ഒരു മുഴുനീള സിനിമയ്ക്കായി ക്യമറ തന്നിലേക്ക് ധൈര്യമായി സൂം ചെയ്യാമെന്നും അയാൾ മലയാള സിനിമയ്ക്ക് അതോടെ വെളിപ്പെട്ടു തുടങ്ങി.

അക്കൊല്ലത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡും സാമുവേൽ നേടിക്കൊടുത്തു. ഹാസ്യതാരം എന്ന നിലയിൽ മികച്ച മാർക്കറ്റ് ഉള്ള കാലത്തു അങ്ങനൊരു തിരഞ്ഞെടുപ്പ് തിരിച്ചടിയാവാനുള്ള സാദ്ധ്യതകൾ ഏറെയായിരുന്നു എന്ന് ഓർക്കണം. എന്നാൽ ചിരിപ്പിക്കുന്നവന് കണ്ണ് നിറയ്ക്കാനും കഴിയുമെന്ന് അവിടം മുതൽ അയാൾ തെളിയിച്ചു തുടങ്ങി. ഒരിക്കൽ മാത്രം കണ്ടിട്ടുള്ള, പിന്നീട് ഒന്നുകൂടി കാണാൻ കഴിയാതെ മാറ്റിവച്ചിട്ടുള്ള സിനിമകളും കഥാപാത്രങ്ങളും ഉണ്ടാവില്ലേ?
വ്യക്തിപരമായി എനിക്ക് അത്തരത്തിൽ ഒന്നാണ് 'കേരളം കഫെ'യിലെ അൻവർ റഷീദിന്റെ 'ബ്രിഡ്ജ്. കടൽ കാണാനും കപ്പൽ കാണാനും വെമ്പൽ കൊണ്ട് കൊച്ചുമകളുടെ ബാഗിൽ കീറത്തുണിയും പൊതിഞ്ഞു യാത്രയ്ക്ക് ദിനവും ഒരുമ്പെടുന്ന ഒരമ്മയുണ്ട് ആ സിനിമയിൽ. അവരെ നോക്കാനുള്ള പാങ്ങ് തന്റെ കീശയ്ക്കില്ലെന്ന യാഥാർഥ്യം അതിനും എത്രയോ മുൻപ് മനസ്സിലാക്കിയിട്ടുള്ള മണി എന്ന മകനും.
ഒടുവിൽ സ്ക്രീനിലെ സിനിമയുടെ അവസാനം ,ആളും തിരക്കുമൊഴിഞ്ഞ ടാക്കീസിന്റെ ഇരുട്ടിൽ അമ്മയെ കൊണ്ട് തള്ളിയശേഷം കഴുത്തിൽ കിടക്കുന്ന മുഷിഞ്ഞ തോർത്തിൽ കണ്ണീർ ഒപ്പിക്കൊണ്ടു ആ മകൻ ഇറങ്ങി വരുന്നുണ്ട്. എന്നാൽ ആ കാഴ്ച കാണുന്ന പ്രേക്ഷകരിൽ ഒരാൾക്ക് പോലും അയാളോട് വെറുപ്പോ കലഹമോ തോന്നുന്നില്ല. കാരണം ഒരു ആന്തോളജി മുന്നോട്ട് വയ്ക്കുന്ന സംഭാഷണത്തിന്റെയും, സമയത്തിന്റെയും എല്ലാവിധ പരിമിതികളെയും ഉല്ലംഘിച്ച് കൊണ്ട് തന്നെ കുറഞ്ഞ സമയത്തിൽ, കൂടുതൽ ആഴത്തിൽ മണിയുടെ മനോവ്യഥകൾ പ്രേക്ഷകനുമായി സംവേദനം ചെയ്യാൻ സലിംകുമാർ എന്ന കലാകാരന് കഴിഞ്ഞിരുന്നു.
''മണിയേ'' എന്നുള്ള കലമ്പിച്ച ഒരു പിൻവിളി ഭയന്ന് അത്രയും വേഗം നഗരത്തിരക്കുകളിലേയ്ക്ക് ഊളിയിടുന്ന, ബസിലേക്ക് ചാടിക്കയറുന്ന മണിയോട് ,മണിയായി പകർന്നാടിയ സലിം കുമാറിനോട് പ്രേക്ഷകരും അതോടെ അനുരൂപപ്പെടുന്നു.

ഒരത്തറു വില്പനക്കാരന്റെ ഹജ്ജ് സ്വപ്നമാണ് സലിം മുഹമ്മദിന്റെ 'ആദാമിന്റെ മകൻ അബു'. വർഷാവർഷം ഹജ്ജിനു പോകുന്നവരുള്ള അതെ നാട്ടിൽ, ഉള്ളതെല്ലാം പറമ്പിലെ വൃക്ഷങ്ങൾ വരെയും വെട്ടിവിറ്റ് ഹജ്ജ് നിർവഹിക്കാൻ പണം സ്വരുക്കൂട്ടുന്ന,ആ ശ്രമത്തിൽ ഒരിക്കലും വെള്ളം ചേർക്കാത്ത ഒരു പറ്റം മനുഷ്യരുടെ പ്രതിനിധിയാണ് അബു. ആ അബുവിന്റെ കണ്ണിലെ ദൈന്യതയും ,ഭൂമിയെപ്പോലും വേദനിപ്പിക്കാത്തവണ്ണം പതുക്കെയുള്ള നടപ്പും, പോറ്റിവളർത്തിയ മക്കളാൽ തള്ളപ്പെട്ടവരുടെ പരിക്ഷീണങ്ങളും സലിംകുമാറിൽ ഭദ്രമായിരുന്നു. 'മിമിക്രിക്കാർ'എന്ന് പറഞ്ഞു തഴയപ്പെട്ടിരുന്ന ഒരുപറ്റം കലാകാരന്മാർക്ക് തലയുയർത്തി നില്ക്കാൻ ,തണലേകാൻ സലിം കുമാറിന്റെ അബുവും, അബുവിലൂടെ ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഏറെ ദൂരം താണ്ടിയെത്തിയ ദേശീയ പുരസ്കാരവും വഴിയൊരുക്കി.
ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറത്ത് രണ്ടു മത വിഭാഗങ്ങൾ തമ്മിലുള്ള വൈരം ഇങ്ങു മലബാറിലെ മാളയിലെ ജീവിതങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ കഥ ആയിരുന്നു കറുത്ത ജൂതൻ (2017). തന്റെ തന്നെ കഥ സംവിധാനം ചെയ്യുന്നതിനൊപ്പം, സിനിമ ചിത്രീകരണത്തിന്റെ തുടക്കത്തിന് കണ്ണൂരിൽ തന്നെ വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങൾ പിന്തുടരുന്ന കെ.സുധാകരനെയും പി.ജയരാജനെയും സലിം കുമാർ അന്ന് ഒരുമിച്ചു ക്ഷണിച്ചത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. കമ്മ്യൂണിസ്റ്റ്-കോൺഗ്രസ് നേതാക്കൾ ഒരുമിച്ചു, ജൂത-ഇസ്ലാം സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമയുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കുക, ചരിത്രം തേടിയിറങ്ങി സ്വന്തം ചരിത്രം തന്നെയും നഷ്‌ടമായ ആരോൺ ഏല്യാഹു വായി ഉള്ള പകർന്നാട്ടത്തിനു സലിം കുമാർ അക്കുറി ഏറെ പ്രശംസ നേടി.
സ്വന്തം മരണത്തെ ഇത്ര രസത്തോടെ കണ്ടിട്ടുള്ള ഒരാൾ മലയാള സിനിമ ലോകത്തുണ്ടോ എന്നത് സംശയമാണ്. രോഗ പീഡകളെത്തുടർന്നു സിനിമയിൽ നിന്നും, പൊതു വേദികളിൽ നിന്നും ഇടവേളകൾ എടുത്ത കാലങ്ങളിൽ പലതിലും 'സലിം കുമാർ മരണപ്പെട്ടു' എന്ന് അച്ചു നിരത്തിയവരെത്തന്നെ ഫോൺ വിളിച്ചു 'ഞാൻ ഇപ്പോഴും മരിച്ചിട്ടില്ല' എന്ന് പറയാൻ, 'സ്വന്തം പതിനാറടിയന്തിരം കണ്ടു കണ്ണ് തള്ളിപ്പോയ ഒരാളാണ് ഞാൻ' എന്ന് വേദികളിൽ സ്വയം പരിചയപ്പെടുത്താൻ, സ്വർഗത്തിൽ ലഭിക്കാനിടയുള്ള മദ്യത്തിന്റെയും, പാലിന്റെയും പുഴകൾ സ്വപ്നം കണ്ടു ഇന്ന് ജീവിക്കാൻ മറക്കുന്ന 'മദ' ജീവികളെ ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം ഭേദമില്ലാതെ പരിഹസിക്കാൻ, അശാസ്ത്രീയ ചികിത്സരീതികളുടെ മർമ്മത്തിലേയ്ക്ക് ചിരി പൊതിഞ്ഞ കൂരമ്പുകൾ പായിക്കാൻ നമുക്കൊരു സലിം കുമാറേ ഉണ്ടായിരുന്നുള്ളൂ…

അയാൾ ഒരു ഹാസ്യതാരം മാത്രം ആയിരുന്നില്ല. മികച്ച ഒരു കലാകാരൻ ആയിരുന്നു.
തനിക്ക് പറ്റിയ തെറ്റുകൾ ഇനിയുമൊരാൾ ആവർത്തിക്കരുതെന്ന് കലശലായി നിർബന്ധമുള്ള , സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരനും.
വിട...!
