നാല് അമേരിക്കൻ, നൈജീരിയൻ കവിതകൾ

അമേരിക്കൻ കവികളായ റിച്ചാർഡ് ജോൺസ്, ജാക്ക് ഗിൽബർട്ട്, അയ്, നൈജീരിയൻ ക്വീർ കവി റോമിയോ ഓറിയോഗൺ എന്നിവരുടെ കവിതകളുടെ വിവർത്തനം. പ്രമേയപരമായ സാമ്യതയാൽ ഒന്നിച്ച് വായിക്കാവുന്ന കവിതകൾ കൂടിയാണിത്. മലയാള വിവർത്തനം: സുജീഷ്.

മുകളിലത്തെ മുറി
- റിച്ചാർഡ് ജോൺസ്

ഞാൻ അവളുടെ മെത്തയിൽ കിടക്കുകയായിരുന്നു
അവൾ അന്നേരം ആ ജനലുകൾ തുറന്നിട്ടു
ഞങ്ങൾക്ക് നദിയും അതിനപ്പുറത്തെ
ഫാക്റ്ററികളും കാണാനായി.

അപരാഹ്നവെയിൽ ആ മുറിയിലേക്ക്
മനോഹരമായി വീണുകൊണ്ടിരുന്നു.

അവൾ മെഴുകുതിരികൾ കത്തിച്ചു,
കുന്തിരിക്കവും, ഞാൻ ശ്രദ്ധിക്കുന്നെന്നായപ്പോൾ
അവൾ പതുക്കെ സംസാരിച്ചുകൊണ്ടിരുന്നു.

ഞാനാണ്, ഇത് സാധ്യമാക്കാനായി
ഗൂഢാലോചനയിലേർപ്പെട്ടവൻ,
വാക്കുകളുടെ വല നെയ്തുകൊണ്ട്
അതിൻ്റെ കേന്ദ്രത്തിൽ
ഈ നിമിഷത്തെ കൊണ്ടുവെച്ചു.

ഇപ്പോൾ ഞാൻ എന്താണ് പറയുക?
ആസക്തികളില്ലാത്ത ഒരുവനാണ് ഞാനെന്നോ?

അവൾ മെത്തയുടെ അരികെ നിന്നു
താഴേക്ക് എനിക്കുനേരെനോക്കിക്കൊണ്ട്,
താൻ സ്വപ്നം കാണുകയായിരുന്നോ എന്നമട്ടിൽ
ഞാനൊരു സ്വപ്നമായിരുന്നെന്നമട്ടിൽ,
തീവ്രാഭിലാഷത്തിൻ്റെ അന്തിമതീരത്ത്
അവളും വന്നെത്തിയതുപോലെ.

ഞാൻ കിടന്നു, വേനലിനൊടുവിലെ
ആകാശത്തിൻ്റെ ശൂന്യത പ്രതിഫലിപ്പിക്കുന്ന
തടാകം പോലെ, ശാന്തമായി.

അപ്പോൾ അവൾ മിണ്ടാൻ തുടങ്ങി–
അവളെൻ്റെ പേര് ഉച്ചരിച്ചു–
അന്നേരം ഞാൻ, അവളെ സ്നേഹിച്ചിട്ടില്ലാത്തവൻ,
അവൾക്കുനേരെ കൈകൾ വിടർത്തി.

ന്യൂ യോർക്ക്, വേനൽ
- ജാക്ക് ഗിൽബർട്ട്

ജോലി കഴിഞ്ഞ് ഞാൻ
അവൾക്കൊപ്പം വീട്ടിലേക്ക് നടക്കും
റോസാപ്പൂക്കൾ വാങ്ങി,
പിയാനോയെപ്പറ്റി മിണ്ടിക്കൊണ്ട്.

ജീവസ്സുറ്റവളായിരുന്നു അവൾ.
ചൂടുതിങ്ങി വിങ്ങുന്നതായിരുന്നു
അവളുടെ ചെറിയ മുറി,
അവിടെ ജനാലകൾ ഒന്നുമില്ലായിരുന്നു.
കീഴ് വസ്ത്രമൊഴികെ
എല്ലാം അവൾ ഊരിക്കളയുമായിരുന്നു,
മുടിയിൽ നിന്നും പിന്നുകളൂരി
ഉച്ചത്തിൽ നിലത്തേക്കെറിയും.
ക്രീറ്റ് പോലെ.

ഞങ്ങൾ സെക്സിലേർപ്പെട്ടിരുന്നില്ല.
ആ മുലഞെട്ടുകളുമായി അവൾ
കിടക്കയിലേക്കു വരും.
എന്റെ ഉറ്റസുഹൃത്തിനെപ്പറ്റി മിണ്ടിക്കൊണ്ട്
ഞങ്ങൾ വിയർത്തങ്ങനെ കിടക്കും.
അവരിരുവരും പ്രേമത്തിലായിരുന്നു.
ഞാൻ സംസാരം നിർത്തുമ്പോൾ
അവൾ സാധാരണ ഡെബ്യുസിയെ വെക്കും,
എന്നിട്ട്, ചെറിയ വാരിയെല്ലുകളിലേക്ക്
ചരിഞ്ഞുതാഴ്ന്ന്, എന്നെ കടിക്കും.
അമർത്തിത്തന്നെ.

ഇരുപതുവർഷ വിവാഹം
- അയ്

ട്രക്കിൽ നീയെന്നെ കാത്തിരുത്തുകയാണ്,
അതിന്റെ നല്ല ചക്രം കുഴിയിൽ പൂണ്ടിരിക്കുന്നു.

നീയോ മരത്തിന് തെക്കേവശത്തേക്ക്
മൂത്രമൊഴിച്ചു സമയം കളയുന്നു.
ഒന്നുവേഗം. ഈ രാത്രി എന്റെ സ്കേർട്ടിനു
അടിയിൽ ഞാൻ ഒന്നുമിട്ടിട്ടില്ല.
അക്കാര്യമിപ്പോഴും നിന്റെ കാമമുണർത്തുന്നു,
പക്ഷേ ഈ പിക്കപ്പിനു വിൻഡോയില്ല, സീറ്റുമില്ല.

വ്യാജ തുകലിലുണ്ടാക്കിയ നീളൻ കാലുറ
അതെന്റെ തുടയിലമർന്നുള്ള തണുപ്പ്.
ഞാൻ അതേ വടിവിലും വണ്ണത്തിലും തന്നെ,
ഇരുപതുവർഷം മുമ്പത്തെപ്പോലെ,

എന്റെ അകത്ത് കേറ്, എഞ്ചിൻ സ്റ്റാർട്ടാക്ക്;
നിനക്കുണ്ടാകണം ബലം, മുന്നേറാൻ മനഃശക്തി.
ഞാൻ വലിക്കും, നീ തള്ള്,
നമ്മൾ അന്യോന്യം നടുവേ പിളർക്കും.
ഇങ്ങ് വാടാ, എന്നെ മലർത്തിക്കിടത്ത്.
എന്നോടില്ല ഒരു ബാധ്യതയുമെന്നു നടിക്ക്,
എല്ലാം ആദ്യമെന്ന മട്ടിൽ തുടങ്ങാനായേക്കും,
കഴിഞ്ഞതിനെയെല്ലാം പിന്നിൽ കൂട്ടിയിട്ട്
ഉപേക്ഷിക്കുകയാണ്; പഴയ പത്രങ്ങൾ
ഒരിക്കലുമാരും വീണ്ടും വായിക്കാറില്ല.

തകർന്ന ഉടലിൻ്റെ ദേവാലയം
- റോമിയോ ഓറിയോഗൺ

നിറയെ മെഴുകുതിരികൾ
ജ്വലിച്ചുനിൽക്കുന്ന മുറിയിൽ അയാളെന്നെ
ഉറ്റുനോക്കിനിൽക്കുന്നത് ഞാൻ കണ്ടു,
ആസക്തിയിൽ മുങ്ങി
ഞങ്ങൾക്കിടയിൽ നിൽക്കുന്നവർ
ഇല്ലാതെയാകുകയായിരുന്നു,
ജീവനോടെയുള്ളത് ഞങ്ങൾ
ഇരുവരും മാത്രമാണെന്നാകുവോളം.

പാട്ടുതീർന്നശേഷം, വേശ്യാലയത്തിലെ
പെൺകുട്ടികൾ അവരുടെ മുറികളിലേക്ക്
മടങ്ങിയ ശേഷം, ഞാൻ അയാൾക്കു പുറകെ
വീട്ടിലേക്ക് ചെന്നു, തെറ്റിദ്ധരിക്കരുത്,
എനിക്കയാളോട് പ്രേമമൊന്നുമില്ലായിരുന്നു.

അയാളുടെ ദാഹം എൻ്റെ ദാഹത്തെ
പ്രതിഫലിപ്പിക്കുന്നതുവരെ
രതിയ്ക്കായി ഒരു ആണ് യാചിക്കുന്നത്
എങ്ങനെയെന്ന് എനിക്കറിയണമായിരുന്നു.

അയാളുടെ കസേരയിൽ ഇരുന്ന്
ഞാൻ അയാളെ നോക്കി, അയാളുടെ
ശുക്ലക്കറ പുരണ്ട വിരിപ്പുകൾ
ഏകാന്തരാത്രികളുടെ ഭൂപടം.

എനിക്കു നിന്നെ വേണം; എനിക്കറിയില്ല
നമ്മൾ ഇവിടെയെന്താണ് ചെയ്യുന്നതെന്ന്,
അയാൾ പറഞ്ഞുകൊണ്ടേയിരുന്നു.
കഞ്ചാവിൻ്റെ ലഹരിയിൽ,
ഞാൻ കണ്ടിരുന്നില്ല, ആ തോക്കും അയാളുടെ
കൈകൾ എൻ്റെ അടുത്തേക്ക് നീങ്ങുന്നതും.
എനിക്കാകെ അറിയാനായത് അയാൾ
എൻ്റെ പേരുവിളിച്ചുകൊണ്ടിരുന്നതാണ്,
അയാളുടെ കാമം ഒരു വൃത്തികെട്ട
മൃഗമായിരുന്നെങ്കിലെന്നപോലെ,
എൻ്റെ മുഖമാണ് ശത്രുവെന്നപോലെ.
ഞാൻ പേടിച്ചരണ്ടിരുന്നു.

ആ മുറി ചെറുതായി,
ഞാൻ അയാളുടെ താഴേക്ക് ചെല്ലുമ്പോൾ
അയാളുടെ പച്ച സൈനികക്കുപ്പായം ചുവരിൽ
ഒരാണിയിൽ തൂങ്ങിക്കിടന്നിരുന്നു.
അയാൾ എൻ്റെ കൈകളിലേക്ക് വീണു,
ആദ്യമായി വെളിച്ചം കാണുന്ന കുഞ്ഞിനെ പോലെ.
അയാളുടെ രോമങ്ങളിൽ തഴുകുക മാത്രമാണ്
ഞാൻ ചെയ്തിരുന്നത്, കണ്ണുകളടച്ച്
അയാളുടെ ശുക്ലം ഞാൻ കുടിച്ചു.


Summary: അമേരിക്കൻ കവികളായ റിച്ചാർഡ് ജോൺസ്, ജാക്ക് ഗിൽബർട്ട്, അയ്, നൈജീരിയൻ ക്വീർ കവി റോമിയോ ഓറിയോഗൺ എന്നിവരുടെ കവിതകളുടെ വിവർത്തനം.


റിച്ചാർഡ് ജോൺസ്

അമേരിക്കൻ കവി. ജനനം 1953. പോയട്രി ഈസ്റ്റ് എന്ന സാഹിത്യ ജേണലിൻ്റെ എഡിറ്റർ.

ജാക്ക് ഗിൽബർട്ട്

അമേരിക്കൻ കവി, (1925- 2012), അഞ്ചിലേറെ കവിതാസമാഹാരങ്ങൾ.

റോമിയോ ഓറിയോഗൺ

നൈജീരിയയിൽ നിന്നുള്ള ക്വിയർ കവി. Sacrament of Bodies എന്ന ആദ്യ കവിതാസമാഹാരം 2020ൽ പ്രസിദ്ധീകരിച്ചു. ബ്രുണൽ സർവ്വകലാശാലയുടെ ആഫ്രിക്കൻ പോയട്രി പ്രൈസ്, 2022ൽ സാഹിത്യത്തിനുള്ള നൈജീരിയ പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്.

അയ്`

അയ് ഒഗാവ (1947- 2010), അമേരിക്കൻ കവി. Vice: New and Selected Poems എന്ന സമാഹാരത്തിന് 1999 ലെ കവിതയ്ക്കുള്ള നാഷണൽ ബുക്ക് അവാർഡ് ലഭിച്ചു.

സുജീഷ്​

കവി, പരിഭാഷകൻ. 'വെയിലും നിഴലും മറ്റു കവിതകളും' ആദ്യ കവിതാസമാഹാരം. ലോകകവിത: ഒന്നാം പുസ്തകം, ലോകകവിത: രണ്ടാം പുസ്തകം എന്നിവ മറ്റു പുസ്തകങ്ങൾ.

Comments