2001 സപ്തംബർ 11-ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഒരു വർഷം തികഞ്ഞ 2002 സപ്തംബർ 11ന് പ്രസിദ്ധീകരിച്ച കവിത. കൊളോണിയലിസത്തിന്റെയും നിയോ കൊളോണിയലിസത്തിന്റെയും ഇംപീരിയലിസത്തിന്റെയും ചരിത്രം ഓർമിപ്പിക്കുകയും മനുഷ്യർക്കുനേരെയുള്ള ആക്രമണങ്ങളെ നിശിത വിചാരണ ചെയ്യുകയും ചെയ്യുന്നു, ഇമാനുവൽ ഓർടിസ് ഈ കവിതയിലൂടെ.
സ്വതന്ത്ര പരിഭാഷ:
ബീനാ അലക്‌സ്, യു. ജയചന്ദ്രൻ

ഞാൻ ഈ കവിത വായിക്കാൻ തുടങ്ങും മുൻപ്
ഒറ്റ മിനിറ്റ് നേരത്തേക്ക്
ഒരു നിശ്ശബ്ദ സ്മൃതിയിൽ
നിങ്ങൾ എന്നോടൊപ്പം ചേരുക.

കഴിഞ്ഞ(1) സെപ്റ്റംബർ11- ന്
വേൾഡ് ട്രേഡ് സെന്ററിലും പെന്റഗോണിലും
മരിച്ചുവീണവർക്കായി.

ആ ആക്രമണങ്ങളുടെ പേരിൽ പീഡിപ്പിക്കപ്പെട്ട, തടവിലായ, അപ്രത്യക്ഷരായ, ക്രൂരദണ്ഡനങ്ങൾക്ക്, ബലാത്സംഗങ്ങൾക്ക് വിധേയരായ അഫ്ഗാനിസ്ഥാനിലെയും യു.എസിലെയും
എല്ലാ ഇരകൾക്കുവേണ്ടിയും
ഒരു നിമിഷത്തെ മൗനം ഞാൻ ആവശ്യപ്പെടുന്നു.

ഒന്നു കൂടി ചേർക്കാം എന്നു കരുതുന്നു...

ദശാബ്ദങ്ങളായി അമേരിക്കൻ കൈത്താങ്ങോടെ അധിനിവേശ ഇസ്രായേലി സൈന്യം
കൊന്നു തള്ളിയ പതിനായിരക്കണക്കായ പലസ്തീനികൾക്ക് വേണ്ടി
ഒരു മുഴുദിന മൗനം…

6 മാസത്തെ മൗനം...
ഒന്നര ദശലക്ഷം ഇറാക്കിമനുഷ്യരെ
(ഏറിയ കൂറും പിഞ്ചുകുഞ്ഞുങ്ങൾ)
വറുതിയിലേക്കും പോഷകാഹാരക്കുറവ് മൂലമുള്ള മരണത്തിലേക്കും നയിച്ച
11 വർഷം നീണ്ടുനിന്ന
ഇറാക്കിനെതിരെയുള്ള സാമ്പത്തിക പ്രതിരോധം
കാരണമായതിന്.

ഈ കവിത തുടങ്ങും മുൻപ്,
സ്വന്തം ആഭ്യന്തര സുരക്ഷാവ്യവസ്ഥ,
സ്വരാജ്യത്ത് തന്നെ തങ്ങളെ അപരവൽക്കരിച്ച
വർണ്ണവിവേചനത്തിന്റെ ഇരകളായ
ദക്ഷിണാഫ്രിക്കയിലെ കറുത്തവർക്കായി
2 മാസത്തെ മൗനം...

മരണം പെയ്തിറങ്ങി കോൺക്രീറ്റിന്റെയും ഉരുക്കിന്റെയും മണ്ണിന്റെയും അടരുകളെ ഒന്നൊന്നായി
ഇളക്കിമാറ്റിയ
ഹിരോഷിമയിലെയും നാഗസാക്കിയിലെയും
മരണപ്പെട്ടവർക്കായി
9 മാസത്തെ മൗനം...
അവിടെ
അതിജീവിതർ ജീവനുണ്ടെന്ന് സങ്കല്പിച്ചു
മുന്നോട്ടു പോയി.

ഒരു വർഷത്തെ മൗനം...

വിയറ്റ്‌നാമിൽ- ഒരു ജനത,
ഒരു യുദ്ധമല്ല-
ദശലക്ഷക്കണക്കിൽ
മരിച്ചവർക്ക്
എരിയുന്ന ഇന്ധനത്തിന്റെ ഗന്ധത്തെക്കുറിച്ച് അറിയുന്നവർക്ക് അറിയാം.
ഉറ്റവരുടെ അസ്ഥികൾ അതിനടിയിൽ
മറവു ചെയ്യപ്പെട്ടിരുന്നു.
അവരുടെ നവജാത ശിശുക്കൾ
അതിൽ നിന്നാണ് പിറന്നത്.

ഒരു വർഷത്തെ മൗനം...
ഒളിയുദ്ധത്തിന്റെ ഇരകൾക്ക്
കമ്പോഡിയ, ലാവോസ്
ശ് ശ് ശ് ശ്...
ഒന്നും പറയരുത്, തങ്ങൾ മരിച്ചെന്ന്
അവർ അറിയണ്ട

2 മാസത്തെ മൗനം...
കൊളമ്പിയയിൽ ദശാബ്ദങ്ങളായി
മരിച്ചവർക്കുവേണ്ടി...
അട്ടിയട്ടിയായി കുമിഞ്ഞുകൂടിയ
അവരുടെ മൃതശരീരങ്ങളിൽനിന്നും
നമ്മുടെ ഓർമ്മകളിൽ നിന്നും
ആ പേരുകൾ പൊഴിഞ്ഞുപോയപ്പോഴും.

ഞാൻ ഈ കവിത തുടങ്ങും മുൻപ്,
എൽ സൽവാഡോറിനായി
ഒരു മണിക്കൂർ മൗനം...
നിക്കാറാഗ്വയ്ക്കായി
ഒരു മധ്യാഹ്ന മൗനം...
ശാന്തിയുടെ ഒരു നിമിഷം പോലും
ഒരിക്കലും അറിയാതിരുന്ന
ഗ്വാട്ടിമാൽറ്റികൊസിനായി
2 ദിവസത്തെ മൗനം...

ആക്ടെയ്ൽ- ചിയാപസ് (2)
മരിച്ച 45 പേർക്ക്
45 നിമിഷങ്ങളുടെ മൗനം...

25 വർഷത്തെ മൗനം...
ആകാശങ്ങളിൽ എത്ര ഉയരങ്ങളിലേക്ക്
ഒരു സൗധത്തിന് ഉയരാനാവുമോ
അതിനേക്കാൾ
എത്രയോ
ആഴത്തിൽ
സമുദ്രത്തിൽ
തങ്ങളുടെ ശവകുടിരങ്ങൾ കണ്ടെത്തിയ
100 മില്യൺ ആഫ്രിക്കൻ ജനതയ്ക്ക്.
DNA ടെസ്റ്റിംഗോ ഡെന്റൽ റെക്കോർഡുകളോ അവരുടെ ഐഡന്റിറ്റി തെളിയിക്കാൻ ആരും പരിശോധിക്കില്ല.
സിക്കാമോർ മരങ്ങളിൽ
തെക്കും വടക്കും കിഴക്കും പടിഞ്ഞാറും
വരിഞ്ഞു മുറുക്കപ്പെട്ടു തൂങ്ങിയാടിയവരെയും (3).

100 വർഷത്തെ മൗനം...
ഈ പാതിയിലെ തദ്ദേശീയർക്കുവേണ്ടി
പിക്ചർ പോസ്റ്റുകാർഡുകൾ പോലെ ഭംഗിയുള്ള
പൈൻ റിഡ്ജ്, (4)
വൂണ്ടഡ് നീ,
സാൻഡ് ക്രീക്ക്, ഫോള്ളെൻ ടിബേർസ്,
ട്രെയ്ൽ ഓഫ് ടിയേഴ്‌സ്
ഇവിടങ്ങളിൽ നിന്നെല്ലാം
മോഷ്ടിക്കപ്പെട്ട
അവരുടെ ജീവിതങ്ങൾക്കും
ആവാസസ്ഥലികൾക്കും വേണ്ടി
നമ്മുടെ അവബോധത്തിന്റെ
ശീതീകരണികളിൽ അടക്കപ്പെട്ട
അർത്ഥരഹിതമായ
മാഗ്‌നെറ്റിക് കവിതകളായി(5)
തരം താഴ്ത്തപ്പെട്ട
ആ പേരുകൾക്കായി
ഒരു നിമിഷത്തെ മൗനാചരണം വേണമെന്നോ?

നമ്മളെല്ലാം ഊമകളായിരിക്കുന്നു.
നമ്മുടെ വായകളിൽ നിന്ന് നാവുകൾ പിഴുതെടുക്കപ്പെട്ടിരിക്കുന്നു.
നമ്മുടെ കണ്ണുകൾ സ്റ്റേപ്പിൾ ചെയ്ത് പൂർണ്ണമായും അടക്കപ്പെട്ടിരിക്കുന്നു.

ഒരു നിമിഷത്തെ മൗനം...
കവികളെല്ലാം അന്ത്യനിദ്രയിൽ ആഴ്ത്തപ്പെട്ടിരിക്കുന്നു.
ചെണ്ടകൾ ജീർണ്ണിച്ചു പൊടിയായിരിക്കുന്നു.
ഈ കവിത തുടങ്ങും മുൻപ്
നിങ്ങൾക്ക് ഒരുനിമിഷത്തെ
മൗനം വേണം!
ലോകം ഒരിക്കലും പഴയതുപോലെ
ആവില്ലെന്ന് നിങ്ങൾ വിലപിക്കുന്നു.
അവശേഷിക്കുന്ന ഞങ്ങളും വിചാരിക്കുന്നു,
'നാശം, ലോകം ഒരിക്കലും ഞങ്ങൾ കണ്ടിരുന്നതുപോലെ ആവില്ല'.

ഇതൊരു 9/11 കവിത അല്ലാത്തതിനാൽ
ഇതൊരു 9/10 കവിതയാണ്.
ഇത് 9/9 കവിതയാണ്.
ഇത് 9/8 കവിത ആണ്.
ഇത് 9/7 കവിത ആണ്.
ഇതൊരു 1492 കവിത ആണ്.
ഇത്തരം കവിതകൾ എന്തുകൊണ്ട്
എഴുതപ്പെടുന്നു എന്നതിന് ഈ കവിത
ഇതൊരു 9/11 കവിതയാണെങ്കിൽ…

ഇത് മറ്റൊരു
സെപ്റ്റംബർ 11-ന്റെ കവിതയാണ്.
ചിലി, 1971 (6).
ഇത് സെപ്റ്റംബർ 12-ന്റെ കവിതയാണ്.

സ്റ്റീവ്ൻ ബീകോയ്ക്ക്,
സൗത്ത് ആഫ്രിക്ക, 1977 (7).
സെപ്റ്റംബർ 13-ന്റെ കവിതയാണ്-
ആറ്റിക്ക ജയിലിലെ സഹോദരങ്ങൾക്ക്,
ന്യൂയോർക്ക്, 1971 (8).
ഇത് സെപ്റ്റംബർ 14-ന്റെ കവിതയാണ്-
സോമാലിയക്ക്, 1992 (9).
ചാരമായി മണ്ണിൽ വീണടിയുന്ന
ഓരോ നാളിനും ഉള്ള കവിതയാണിത്.
ഇന്നിതുവരെ പറയപ്പെടാത്ത 110 കഥകൾക്ക് വേണ്ടിയാണ് ഈ കവിത.
ചരിത്രം
ടെക്സ്റ്റ് പുസ്തകങ്ങളിൽ എഴുതിവയ്‌ക്കേണ്ടതില്ല എന്നു തീർപ്പു കല്പിച്ച 110 കഥകൾ.
CNN, BBC, The New York Times, Newsweek എല്ലാവരും നിഷ്‌കരുണം തഴഞ്ഞ 110 കഥകൾ.
ഈ പരിപാടി അലോസരപ്പെടുത്താൻ വേണ്ടിയാണ് ഈ കവിത.
എന്നിട്ടും നിങ്ങൾക്ക് നിങ്ങളുടെ മരിച്ചവർക്ക് വേണ്ടി ഒരു നിമിഷത്തെ
മൗനം വേണം, അല്ലേ?

നിങ്ങൾക്ക് ഞങ്ങൾ ജന്മാന്തരങ്ങളുടെ
ശൂന്യത നൽകാം:

അടയാളമേതുമില്ലാത്ത ശവകുടീരങ്ങൾ,
അന്യം നിന്ന ഭാഷകൾ,
വേര് പിഴുതു മാറ്റിയ മരങ്ങൾ, ചരിത്രങ്ങൾ,
പേരില്ലാത്ത കുഞ്ഞുങ്ങളുടെ
മുഖങ്ങളിലെ മൃതമായ, തുറിച്ച നോട്ടം.

ഈ കവിത തുടങ്ങും മുൻപ്
കൽപാന്തത്തോളം ഞങ്ങൾ
മൗനത്തിൽ ആഴാം,
അല്ലെങ്കിൽ വിശക്കുവോളം,
പൊടി വന്നു ഞങ്ങളെ മൂടുവോളം.
അപ്പോഴും നിങ്ങൾ ഞങ്ങളോട് കൂടുതൽ മൗനം ആവശ്യപ്പെടും.

നിങ്ങൾക്ക് ഇനിയും മൗനം വേണമെങ്കിൽ: എണ്ണക്കുഴലുകൾ
ഓഫ് ചെയ്യൂ,
എഞ്ചിനുകളും ടെലിവിഷനുകളും
കെടുത്ത്,
ആഡംബരക്കപ്പലുകളെ മുക്കിക്കൊല്ലൂ,
ഊഹക്കച്ചവട വിപണി തകർക്കൂ,
ഉല്ലാസക്കൂടാരങ്ങളിലെ
പ്രകാശധോരണി നിർത്തൂ,
ഉടന്തടി സന്ദേശങ്ങൾ(10) മായ്ക്കൂ,
ട്രെയിനുകളുടെയും
ലൈറ്റ് റെയിൽ ട്രാൻസിറ്റിന്റെയും പാളങ്ങൾ തെറ്റിക്കൂ.

നിങ്ങൾക്ക് ഒരു നിമിഷത്തെ
മൗനം വേണമെങ്കിൽ
ടാക്കോ ബെൽന്റെ (11)
ജാലകത്തിലേക്ക് ഒരു ഇഷ്ടിക എറിയൂ.
തൊഴിലാളികൾക്ക് നഷ്ടമായ കൂലി നൽകൂ.
കള്ളുകടകൾ
ടൗൺഹൗസുകൾ,
വൈറ്റ് ഹൗസുകൾ, തടവറകൾ
പെന്റ് ഹൗസുകൾ(12), പ്ലേബോയ്‌സ്
എല്ലാം തച്ചുടയ്ക്കൂ.

നിങ്ങൾക്ക് ഒരു നിമിഷത്തെ മൗനം വേണമെങ്കിൽ അത് സൂപ്പർ ബൗൾ ഞായറാഴ്ച (13) ആവട്ടെ

ജൂലൈ നാലിനു
ഡെയ്റ്റന്റെ (14)
13 മണിക്കൂർ സെയ്ലിന് ആയ്‌ക്കോട്ടെ.
അതല്ലെങ്കിൽ
എന്റെ സുന്ദരന്മാരും സുന്ദരികളും ഒത്തുചേരുന്ന മുറിയിൽ നിന്റെ വംശീയ കുറ്റബോധം നിറയുമ്പോൾ

നിനക്ക് ഒരു നിമിഷത്തെ മൗനം വേണം അല്ലേ?
എങ്കിൽ അത് ഇപ്പോൾ തന്നെ എടുത്തുകൊൾക,
ഈ കവിത തുടങ്ങും മുൻപ്.
ഇതാ നിന്റെ മൗനം...
എന്റെ ശബ്ദത്തിന്റെ മാറ്റൊലിയിൽ
നിമിഷസൂചികയിലെ
ഗൂസ്സ്‌റ്റെപ്പുകളുടെ(15) വിരാമത്തിൽ,
ആലിംഗനത്തിലമരുന്ന
ഉടലുകൾക്കിടയിലെ ദൂരങ്ങളിൽ.

ഇതാ നിന്റെ മൗനം...
എടുത്തോ.
പക്ഷെ,
മുഴുവനായി എടുക്കണം.
വരി മുറിക്കരുത്.
കുറ്റകൃത്യത്തിന്റെ ആരംഭത്തിൽ തന്നെ
നിന്റെ മൗനം തുടങ്ങട്ടെ.
പക്ഷേ ഞങ്ങൾ,
ഈ രാത്രി നീളെ ഞങ്ങൾ പാടിക്കൊണ്ടേയിരിക്കും,
ഞങ്ങളുടെ മരിച്ചവർക്കായി.

കുറിപ്പുകൾ:
1. 9/11സംഭവത്തിന്റെ ഒന്നാം വാർഷികത്തിലാണ് ഈ കവിത എഴുതിയത്.
2. ചിയാപസ് എന്ന മെക്‌സിക്കൻ പ്രവിശ്യയിലെ ആക്‌റ്റെൽ ഗ്രാമത്തിൽ 45 തദ്ദേശീയരെ കൂട്ടക്കൊല ചെയ്തു.
(3) കറുത്തവരെ ക്രൂരമായി മർദ്ദിക്കുകയും കൊന്ന് മരങ്ങളിൽ കെട്ടിത്തൂക്കുകയും ചെയ്യുന്നത് ധനികരായ വെള്ളക്കാരുടെ പതിവായിരുന്നു.
ടോണി മോറിസൺന്റെ Beloved എന്ന കൃതിയിലെ, chokecherry മരങ്ങൾ ഉദാഹരണം.
(4) റെഡ് ഇന്ത്യൻസ് / Native Americans കൂട്ടമായി താമസിച്ചിരുന്ന ചില സ്ഥലങ്ങൾ. അവിടെ നിന്നെല്ലാം തദ്ദേശീയരെ നിഷ്‌കാസനം ചെയ്യുകയാണുണ്ടായത്.
(5) magnetic alphabet blocks ഉപയോഗിച്ച് ഫ്രിഡ്ജിൽ ചെറുകവിതകൾ എഴുതുന്ന രീതി.
(6) സൽവഡോർ ആയെന്‌ടെയുടെ ഭരണകൂടത്തെ CIA യുടെ പിന്തുണയോടെ ജനറൽ പിനോഷേ പട്ടാളവിപ്ലവത്തിലൂടെ ആട്ടിമറിച്ച ദിവസം. ലക്ഷക്കണക്കിന് ചിലിയന്മാരാണ് അന്ന് കശാപ്പ് ചെയ്യപ്പെട്ടത്.
(7) Black Consciounsess Movement ന്റെ നേതാവ് Steven Biko-യെ അറസ്റ്റ് ചെയ്ത് 48 മണിക്കൂറിനകം അടിച്ചും ചവിട്ടിയും കൊന്നു.
(9) ആറ്റിക്ക ജയിൽ കലാപം. അഞ്ചു ദിവസം ജയിൽ പുള്ളികൾ പോലീസിനെയും കറക്ഷണൽ സർവിസിനെയും പ്രതിരോധിച്ചു. 11 കറക്ഷണൽ ഓഫീസർമാറും 33 തടവുകാരും ഉൾപ്പെടെ 44 രക്തസാക്ഷികൾ.
(9) പ്രസിഡന്റ് ജോർജ് ബുഷ് (Sr) സോമാലിയയിൽ സൈനിക ഇടപെടലിനു തുടക്കം കുറിച്ചു. പിൽക്കാലത്ത് Black Hawk Down എന്ന പേരിൽ പ്രസിദ്ധമായ ഓപ്പറേഷനിൽ മൂന്ന് അമേരിക്കൻ ബ്ലാക്ക് ഹോക്കുകൾ സോമാലികൾ വെടിവെച്ചിട്ടു. 200000 - 300000 ആളുകൾ ഈ സംഘർഷത്തിൽ മരിച്ചു.
(10) sms, ഇ-മെയിൽ തുടങ്ങിയവ.
(11) അമേരിക്കൻ ഫാസ്റ്റ്ഫുഡ് ചെയിൻ.
(12) മുകൾനിലയിൽ ഒറ്റയ്ക്ക് നിൽക്കുന്ന ക്രീഡാഗ്രഹം. വിശ്വപ്രസിദ്ധമായ പ്ലേബോയ് പ്രസിദ്ധീകരണശാല.
(13) അമേരിക്കൻ ഫുട്‌ബോൾ ലീഗ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന മത്സരം. ഞായറാഴ്ചകളിലാണ് അത് നടത്താറ്.
(14) ഡെയ്റ്റൻ (അമേരിക്ക) നഗരത്തിലെ ഷോപ്പിംഗ് മാൾ: 13 മണിക്കൂർ നീണ്ടുനിൽക്കുന്ന ആദായവിൽപ്പനക്ക് പ്രശസ്തം.
(15) മുട്ടു വളയ്ക്കാതെ, ഒരേ താളത്തിൽ കാലുയർത്തിവെച്ച് ചെയ്യുന്ന പട്ടാള മാർച്ച്.


ഇമാനുവല്‍ ഓര്‍ടിസ്

ഐറിഷ്- അമേരിക്കന്‍ ആക്റ്റിവിസ്റ്റും സംസാരഭാഷാ കവിയും. വായനാഗ്രൂപ്പുകളിലും രാഷ്ട്രീയ റാലികളിലും ആക്റ്റിവിസ്റ്റ് സമ്മേളനങ്ങളിലുമാണ് കവിതകള്‍ അവതരിപ്പിക്കാറ്.

ബീനാ അലക്​സ്​

ദക്ഷിണാഫ്രിക്കയിൽ ഈസ്റ്റേൺ കേപ്പ് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൽ ജ്യോഗ്രഫി ചീഫ് എഡ്യൂക്കേഷൻ സ്‌പെഷ്യലിസ്റ്റായിരുന്നു. ജീവിതപങ്കാളിയായ യു. ജയച​ന്ദ്രനൊപ്പം 40 വർഷത്തോളം ആഫ്രിക്കയിൽ. എ.ഐ.എസ്.എഫ് പ്രവർത്തകയായിരുന്നു. കഥകളെഴുതിയിട്ടുണ്ട്.

യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments