പൗരസമൂഹത്തെ പൂട്ടിയിട്ടിരിക്കുന്ന
പാർട്ടിമെഷിനറി

പാർലമെൻ്ററി പാർട്ടികൾക്കതീതമായ രാഷ്ട്രീയ പ്രവർത്തനം ബഹുജന മുന്നേറ്റമായി ജനായത്തത്തെ കൂടുതൽ സുതാര്യവും പൂർണ്ണവും അർത്ഥവത്തുമാക്കുന്നതിന് തടസ്സമായി നിൽക്കുകയല്ലേ സമകാലിക പാർലമെൻ്ററി പാർട്ടികൾ?- രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്ന് പാർട്ടിമെഷിനറിയിലേക്കുള്ള പാർലമെന്ററി പാർട്ടികളുടെ ചരിത്രപരിണാമം വിശലകനം ചെയ്യുന്നു. അശോകകുമാർ വി. എഴുതുന്ന ലേഖനപരമ്പരയുടെ നാലാം ഭാഗം.

ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം 4

രാജഭരണത്തിന്റെ പാർലമെന്ററി സംവിധാനത്തിൽനിന്ന് സാർവ്വത്രിക വോട്ടവകാശം അടിസ്ഥാനമാക്കിയ പാർലമെന്ററി ജനായത്തത്തിലേക്കുള്ള പരിണാമം ഒരു നൂറ്റാണ്ടിലേറെ നീണ്ട ചരിത്രപ്രക്രിയയായിരുന്നല്ലോ. അതുപോലെ, ഇന്ന് നാം കാണുന്ന പാർലമെന്ററി രാഷ്ട്രീയ പാർട്ടികളുടെ രൂപീകരണവും വികാസവും ദീർഘമായ ചരിത്രപരിണാമത്തിന്റെ ഫലമാണ്. അതിനാൽ, പാർലമെൻ്ററി പാർട്ടികളുടെ വികാസഘട്ടങ്ങളെ പരിശോധിക്കുന്നത് അവയുടെ ചരിത്രം മനസ്സിലാക്കാം എന്നതിലുപരി, പ്രാതിനിധ്യ ജനായത്തത്തിൽ സാമൂഹികനീതി എന്തുകൊണ്ട് ഉചിതമായി സാക്ഷാത്കരിക്കപ്പെടുന്നില്ല എന്ന അന്വേഷണത്തിലേക്കും വെളിച്ചം നൽകുന്നു. പ്രാതിനിധ്യ സാമൂഹികനീതിയും വ്യക്തിസ്വാതന്ത്ര്യവും വാഗ്ദാനം ചെയ്ത ലിബറൽ ജനായത്തം ഇന്ന് നേരിടുന്ന അടിസ്ഥാനപരമായ വൈപരീത്യങ്ങളെയും വിമർശനാത്മകമായി വിലയിരുത്താൻ ഇത് സഹായിക്കുന്നു.

രാഷ്ട്രീയം പാർലമെൻ്റിനകത്തും പുറത്തും

17 -ാം നൂറ്റാണ്ടിൻ്റെ ആദ്യം മുതൽ തന്നെ ഇംഗ്ലണ്ടിലെ ഭരണാധികാരികളും പാർലമെൻ്റും തമ്മിൽ അധികാരത്തർക്കം ശക്തമാകുന്നുണ്ട്. ഇതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന്, കയറ്റുമതി-ഇറക്കുമതി നികുതികൾ ഏകപക്ഷീയമായി രാജാവ് വർദ്ധിപ്പിക്കുന്നു എന്നതായിരുന്നു. പാർലമെൻ്റ് അംഗങ്ങളിൽ നല്ലൊരു പങ്കും, അക്കാലത്ത് അഭിവൃദ്ധിപ്പെട്ട അമേരിക്കൻ കോളനിവൽക്കരണത്തിൻ്റെയും അതുവഴി ഉയർന്ന അറ്റ്ലാൻ്റിക് വാണിജ്യവ്യാപാരങ്ങളുടെയും നേരിട്ടുള്ള പങ്കാളികളോ ഗുണഭോക്താക്കളോ ആയിരുന്നു. അപ്രതീക്ഷിത ചുങ്കം വർദ്ധനവ് തങ്ങളുടെ സാമ്പത്തികോന്നതിയിൽ വരുത്തിവെയ്ക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനായി നികുതിനിശ്ചയത്തിൻ്റെ അധികാരം പാർലമെൻ്റിനായിരിക്കണമെന്ന് വളരുന്ന സാമ്പത്തികവർഗ്ഗം വാദിച്ചു. ആഭ്യന്തരയുദ്ധവും രക്തരഹിതവിപ്ലവവും വഴി ഈ പുത്തൻ സാമ്പത്തിക വർഗ്ഗം രാജാധികാരത്തിനു കടിഞ്ഞാണിട്ട് പാർലമെൻ്റിനെ മുന്നിൽ പ്രതിഷ്ഠിച്ചു.

അമേരിക്കൻ കോളനിവൽക്കരണത്തോടെ രാജ്യത്തിൻ്റെ മുഖ്യ വരുമാനം കയറ്റുമതി- ഇറക്കുമതി ചുങ്കവും അതിൻ്റെ ഭാഗമായ സാമ്രാജ്യത്വവും ആയതിനാൽ ഭരണാധികാരികൾക്ക് പാർലമെൻ്റിൽ പുത്തൻ സാമ്പത്തിക വർഗ്ഗത്തിനു വിധേയരാകേണ്ടിയും വന്നു. കാരണം, അറ്റ്ലാൻ്റിക് വാണിജ്യവ്യാപാരങ്ങളുടെ സാമ്പത്തിക വർഗ്ഗമില്ലാതെ കോളനി സാമ്രാജ്യത്വസ്ഥാപനം ഭരണകൂടത്തിന് ഒറ്റയ്ക്കു സാധ്യമല്ല. യഥാർത്ഥത്തിൽ കോളനി സാമ്രാജ്യത്വ വിപുലനത്തിൻ്റെയും അതുവഴി വന്നുചേർന്ന സാമ്പത്തികോന്നതിയുടെയും നേരവകാശികൾ ആരാണെന്നു തീർപ്പുകല്പിക്കുന്നതായിരുന്നു ഇംഗ്ലണ്ടിൽ 17 -ാം നൂറ്റാണ്ടിലുണ്ടായ രാജാവ്- പാർലമെൻ്റ് സംഘർഷങ്ങളിൽ നല്ലൊരു പങ്കും. വ്യാപാര- വാണിജ്യങ്ങളിലൂടെ രാജ്യത്ത് സമ്പത്ത് കൊണ്ടുവരുന്ന തങ്ങളാണോ അതോ, അതിൻ്റെ പങ്കുപറ്റുന്ന രാജാവാണോ യഥാർത്ഥ അധികാരി എന്നതാണ് പാർലമെൻ്റ് ഉയർത്തിയ ചോദ്യം

ഈ സാമ്പത്തിക- രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ്, 17-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ (1679 - 1685) പാർലമെന്റിൽ വിഗ്ഗുകളും ടോറികളും എന്ന രണ്ട് രാഷ്ട്രീയചേരികൾ രൂപംകൊണ്ടത്. പുത്തൻ അധികാരവർഗ്ഗത്തെയും പരമ്പരാഗത അധികാരവർഗ്ഗത്തെയും പ്രതിനിധാനം ചെയ്യുന്ന ഈ പാർലമെൻ്ററി ചേരികളാണ് പിന്നീട് ആധുനിക രാഷ്ട്രീയ പാർട്ടികളുടെ വികാസത്തിന് അടിത്തറയിട്ടത്.

1647-ൽ ഇംഗ്ലണ്ടിലെ ലെവലർമാർ ജനങ്ങളുടെ അവകാശങ്ങളും ജനാധിപത്യ ഭരണവും ഉറപ്പാക്കാൻ മുന്നോട്ടുവച്ച ഒരു രേഖയായിരുന്നു ‘ജനങ്ങളുടെ സമ്മതപത്രം’ (Agreement of the People).
1647-ൽ ഇംഗ്ലണ്ടിലെ ലെവലർമാർ ജനങ്ങളുടെ അവകാശങ്ങളും ജനാധിപത്യ ഭരണവും ഉറപ്പാക്കാൻ മുന്നോട്ടുവച്ച ഒരു രേഖയായിരുന്നു ‘ജനങ്ങളുടെ സമ്മതപത്രം’ (Agreement of the People).

അധികാരക്കോയ്മക്കുവേണ്ടി രാജാവ് - പാർലമെൻ്റ് സംഘർഷങ്ങൾ ശക്തമായ ഇംഗ്ലീഷ് ആഭ്യന്തര യുദ്ധകാലത്തുതന്നെ (1642-1651), പാർലമെൻ്റിനു പുറത്ത് ചെറുകിട കൃഷിക്കാർ, കൈവേലക്കാർ, കച്ചവടക്കാർ എന്നിവർ രാഷ്ട്രീയമായി സംഘടിക്കുകയും (1645–46) ‘ജനങ്ങളുടെ സമ്മതപത്രം’ (Agreement of the People) എന്ന പേരിൽ ഒരു ഭരണഘടനാ മാനിഫെസ്റ്റോ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. ‘ലെവലേഴ്സ്’ (Levellers) എന്നറിയപ്പെടുന്ന ഈ രാഷ്ട്രീയക്കൂട്ടായ്മ രാജാവിനെയോ പാർലമെൻ്റിനെയോ അല്ല, ജനങ്ങളെ തന്നെയാണ് പരമാധികാരികളായി പ്രഖ്യാപിച്ചത്.

നിയമത്തിനു മുന്നിലെ സമത്വം, അഭിപ്രായപ്രകടന സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, പാർലമെൻ്റിലേക്ക് ജനങ്ങളുടേതായ പ്രതിനിധികൾ, കൃത്യമായ പാർലമെൻ്റ് യോഗങ്ങൾ, സാർവ്വത്രിക (ആൺ) വോട്ടവകാശം, കുത്തകാവകാശങ്ങൾ റദ്ദാക്കൽ, ചെറുകിട ഭൂമികളുടെ ഉടമസ്ഥതാസംരക്ഷണം, അവശ്യവിഭവങ്ങൾക്ക് മിനിമം നികുതി, മതസഹിഷ്ണുത, നീതിന്യായ പരിഷ്‌ക്കരണം എന്നിങ്ങനെ അന്നും ഇന്നും പ്രസക്തമായ മുദ്രാവാക്യങ്ങൾ, 350 വർഷങ്ങൾക്കുമുന്നേ, ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ ലെവലേഴ്സ് ഉയർത്തി.

ലെവലേഴ്സ് നേതാക്കളുടെ തെരഞ്ഞെടുത്ത കൃതികൾക്ക് ("Freedom in Arms: A Selection of Leveller Writings"-1975) എഴുതിയ ആമുഖത്തിൽ ചരിത്രകാരൻ എ. എൽ. മോർട്ടൻ (A. L. Morton), ഇവരെ ആധുനിക രാഷ്ട്രീയചരിത്രത്തിലെ ആദ്യത്തെ സംഘടിത രാഷ്ട്രീയ പ്രസ്ഥാനമായോ ആദ്യത്തെ രാഷ്ട്രീയപ്പാർട്ടിയായോ വിശേഷിപ്പിക്കുന്നുണ്ട്. കാരണം, അവർ വ്യക്തമായ ഒരു രാഷ്ട്രീയപദ്ധതി പ്രസിദ്ധീകരിക്കുകയും സംഘടിക്കുകയും, ലണ്ടനിൽ വാർഡ്- പാരിഷ് തലങ്ങളിൽ പ്രാദേശിക സമിതികൾ രൂപീകരിക്കുകയും അംഗത്വ ഫീസ് ഏർപ്പാടാക്കുകയും ബഹുജന നിവേദനങ്ങൾ, പത്രങ്ങൾ, ക്യാമ്പയിനുകൾ എന്നിവ ഒരുമിപ്പിക്കുകയും ചെയ്തു. ലെവലേഴ്സ് നേതാക്കളിൽ ഒരാളായ റിച്ചാർഡ് ഒവർടൺ (Richard Overton) പാർലമെൻ്റിനോടു പറഞ്ഞത്, "We are your Principals, and you our Agents" എന്നാണ്.

READ:ഭരണപ്പാർട്ടിയുടെ ഭരണകൂട അധിനിവേശങ്ങൾ

ഭരണഘടനാ പരിഷ്ക്കരണ നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് ഇംഗ്ലീഷ് പാർലമെൻ്റിന് 1647- ൽ ലെവലേഴ്സ് ഒരു ഭീമഹർജി നൽകി. പാർലമെൻ്റാകട്ടെ നേതാക്കളെയെല്ലാം അറസ്റ്റുചെയ്തു; നിവേദനങ്ങൾ കത്തിച്ചുകളഞ്ഞു; പ്രക്ഷോഭങ്ങളെ സായുധമായി അടിച്ചമർത്തി. എങ്കിലും, സർക്കാർ എന്നാൽ ആത്യന്തികമായി ജനങ്ങളുടേതാകണമെന്നും, അത് ജനങ്ങൾക്കു വേണ്ടിയാകണമെന്നും, പ്രതിനിധികൾ ജനങ്ങളുടെ ഡെലിഗേറ്റ് ആയിരിക്കണമെന്നും, അവർ ജനങ്ങളുടെ യജമാനരാകരുതെന്നും, ആരുടെ അധികാരവും ഭരണഘടനാപരമായി നിയന്ത്രിക്കപ്പെടണമെന്നും, സ്വാതന്ത്ര്യം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും, അത് സമൂഹത്തിലെ ഉന്നതർക്കു മാത്രം വേണ്ടി സംവരണം ചെയ്തതല്ലെന്നും ലെവലേഴ്സ് വിതച്ച ജനായത്ത ആശയങ്ങളെ തുടച്ചു നീക്കാൻ പാർലമെൻ്റിനു കഴിഞ്ഞില്ല.

ഭരണഘടനാ പരിഷ്ക്കരണ നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് ഇംഗ്ലീഷ് പാർലമെൻ്റിന് 1647- ൽ ലെവലേഴ്സ് ഒരു ഭീമഹർജി നൽകി. പാർലമെൻ്റാകട്ടെ നേതാക്കളെയെല്ലാം അറസ്റ്റുചെയ്തു; നിവേദനങ്ങൾ കത്തിച്ചുകളഞ്ഞു; പ്രക്ഷോഭങ്ങളെ സായുധമായി അടിച്ചമർത്തി.
ഭരണഘടനാ പരിഷ്ക്കരണ നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് ഇംഗ്ലീഷ് പാർലമെൻ്റിന് 1647- ൽ ലെവലേഴ്സ് ഒരു ഭീമഹർജി നൽകി. പാർലമെൻ്റാകട്ടെ നേതാക്കളെയെല്ലാം അറസ്റ്റുചെയ്തു; നിവേദനങ്ങൾ കത്തിച്ചുകളഞ്ഞു; പ്രക്ഷോഭങ്ങളെ സായുധമായി അടിച്ചമർത്തി.

പരമ്പരാഗത പാർലമെൻ്ററി ഭരണത്തെ പാർലമെൻ്ററി ഡെമോക്രസിയാക്കി പരിണമിപ്പിക്കാൻ പിൽക്കാല പാർലമെൻ്റ് ഇതര (extra-parliamentary) രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്- ലണ്ടൻ കറസ്പോണ്ടിംഗ് സൊസൈറ്റിക്കും ചാർട്ടിസ്റ്റുകൾക്കും സോഷ്യലിസ്റ്റുകൾക്കും പ്രചോദനമാതൃകയായി ലെവലേഴ്സ്. തന്നെയുമല്ല, ലിബറൽ ഡെമോക്രസിയുടെ താത്വികമായ ആശയങ്ങൾ വികസിപ്പിക്കാൻ ജോൺ ലോക്കിനെ പോലുള്ളവർക്കും അതുവഴി അമേരിക്കൻ വിപ്ലവത്തിനും പ്രേരണയാകുന്നുണ്ട്, ലെവലേഴ്സിൻ്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ.

ജനകീയ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പ്രധാന ലക്ഷ്യം ഭരണകൂടത്തെ ജനങ്ങളുടെ സമ്മർദ്ദത്തിന് വിധേയമാക്കുകയും ഭരണഘടനാപരവും സാമൂഹികവുമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുക എന്നതായിരുന്നു. എന്നാൽ പാർലമെന്ററി രാഷ്ട്രീയപ്പാർട്ടികളുടെ ലക്ഷ്യം തെരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണാധികാരം നേടുകയും അത് നിലനിർത്തുകയും ചെയ്യുക എന്നതാണ്

ശ്രദ്ധിക്കേണ്ട വസ്തുതയെന്തെന്നാൽ, ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ പ്രസ്ഥാനം എന്ന് എ.എൽ. മോർട്ടൻ ഉയർത്തിയ ലെവലേഴ്സ് ഒരു പാർലമെൻ്ററി രാഷ്ട്രീയ പാർട്ടി ആയിരുന്നില്ല എന്നതത്രേ. താഴ്ന്ന മധ്യവർഗ്ഗത്തിൽപ്പെട്ടവരും അടിത്തട്ടിലെ ജനങ്ങളും അടങ്ങിയ ഈ പ്രസ്ഥാനം പാർലമെൻ്റിനു പുറത്ത് സിവിൽ സൊസൈറ്റിയിൽ രൂപപ്പെട്ടതും, പാർലമെൻ്റിനെ ഭരണഘടനാ പരിഷ്‌ക്കാരങ്ങളിലൂടെ അഴിച്ചുപണിത് ജനായത്തവൽക്കരിക്കുന്നതിനുമുള്ള, സമൂഹത്തിൻ്റെ തന്നെ ഒരു പ്രതിപക്ഷ രാഷ്ട്രീയവേദിയായിരുന്നു.

അതുപോലെ പ്രസക്തമായ മറ്റൊരു കാര്യം, ലെവലേഴ്സ് ഉയർന്നുവന്ന 17-ാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഇംഗ്ലീഷ് പാർലമെൻ്റ് രണ്ടു രാഷ്ട്രീയ ചേരികളായി- വിഗ്ഗും ടോറിയുമായി വേർതിരിഞ്ഞിരുന്നില്ല എന്നതാണ്. 17-ാം നൂറ്റാണ്ടിൻ്റെ ഒടുവിലാണ് ഈ രാഷ്ട്രീയചേരികൾ ഇന്നത്തെ പാർലമെൻ്ററി രാഷ്ട്രീയപാർട്ടികളുടെ പൂർവ്വഘട്ടമായി (embryonic political parties) പാർലമെൻ്റിനകത്ത് പ്രത്യക്ഷമാകുന്നത്.

പാർലമെൻ്റ് ജനങ്ങളിലേക്ക്

ബ്രിട്ടനിൽ വിഗ്ഗുകളും ടോറികളും പാർലമെൻ്റ് രാഷ്ട്രീയചേരികൾ എന്നതിൽനിന്ന് പാർലമെൻ്ററി രാഷ്ട്രീയപ്പാർട്ടികൾ എന്നതിലേക്കുള്ള പരിവർത്തനത്തിൻ്റെ ഒന്നാംഘട്ടം 1832- ലെ ആദ്യ തെരഞ്ഞെടുപ്പു പരിഷ്‌ക്കാരങ്ങളിൽ, കൂടുതൽ നിയോജകമണ്ഡലങ്ങളും മധ്യവർഗ്ഗത്തിനു വോട്ടവകാശവും പ്രാബല്യത്തിലായ നാളുകളിൽ ആരംഭിക്കുന്നതുകാണാം. അപ്പോഴേക്കും, 1640- കളിൽ ലെവലേഴ്സ് തുടക്കമിട്ട പാർലമെൻ്റ് ഇതരമായ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ പുതിയ രൂപങ്ങൾ - ചാർട്ടിസ്റ്റുകളും മറ്റും- രാഷ്ട്രീയത്തിൽ സജീവമാകുകയും പാർലമെൻ്ററി ഭരണത്തെ പുതുക്കിയെടുക്കുന്നതിനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ ആലോചനകളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. പുതുതായി വോട്ടവകാശം കിട്ടിയ മധ്യവർഗ്ഗം മാത്രമല്ല, കൈത്തൊഴിൽകാരും തൊഴിലാളികളും ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു.

ബ്രിട്ടനിൽ വിഗ്ഗുകളും ടോറികളും പാർലമെൻ്റിലെ രാഷ്ട്രീയ ചേരികളിൽ നിന്ന് രാഷ്ട്രീയ പാർട്ടികളായി മാറുന്ന പ്രക്രിയ 1832-ലെ ആദ്യ തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തോടെ ആരംഭിച്ചു. ഈ പരിഷ്‌കരണത്തിലൂടെ കൂടുതൽ നിയോജകമണ്ഡലങ്ങളും മധ്യവർഗ്ഗത്തിന് വോട്ടവകാശവും ലഭിച്ചു.
ബ്രിട്ടനിൽ വിഗ്ഗുകളും ടോറികളും പാർലമെൻ്റിലെ രാഷ്ട്രീയ ചേരികളിൽ നിന്ന് രാഷ്ട്രീയ പാർട്ടികളായി മാറുന്ന പ്രക്രിയ 1832-ലെ ആദ്യ തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തോടെ ആരംഭിച്ചു. ഈ പരിഷ്‌കരണത്തിലൂടെ കൂടുതൽ നിയോജകമണ്ഡലങ്ങളും മധ്യവർഗ്ഗത്തിന് വോട്ടവകാശവും ലഭിച്ചു.

സമൂഹത്തിൽ വേരോട്ടമുള്ള ജനായത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തിയെയും ഉയർച്ചയെയും തടയുന്നതിനും, മധ്യവർഗ്ഗത്തിനു കൈവന്ന വോട്ടുകൾ തങ്ങൾക്കായി സമാഹരിക്കുന്നതിനും വേണ്ടി, 1832- ലെ ആദ്യത്തെ ഭരണപരിഷ്ക്കാരങ്ങളോടെ, വിഗ്ഗുകളും ടോറികളും എന്ന പാർലമെൻ്റ് ചേരികൾ സമൂഹമധ്യത്തിലേക്കു ഇറങ്ങിവരാൻ നിർബന്ധിതരായി. അവർ ജനായത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അതേ മാതൃകയെ പിൻപറ്റി തങ്ങളുടേതായ പ്രാദേശിക ക്ലബ്ബുകൾ രൂപീകരിച്ച് ജനസമ്പർക്കത്തിൻ്റെ പാതയിലേക്കു കടന്നു. മാത്രമല്ല, വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കൽ, സ്ഥാനാർത്ഥിനിർണ്ണയം, വോട്ടേഴ്സ് ക്യാമ്പയിൻ തുടങ്ങിയവയിൽ വ്യാപൃതരാകുകയും, ഇതിനൊക്കെയി ഓഫീസുകൾ തുറക്കുകയും ചെയ്തു അവർ. അതായത് ജനകീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മാതൃക അനുകരിച്ച്, അതേ നാണയത്തിൽ തിരിച്ചടി കൊടുത്ത്, പാർലമെൻ്ററി രാഷ്ട്രീയത്തിൻ്റെ പുതിയൊരു സംഘടനാമുഖം അവർ സമൂഹത്തിൽ തുറന്നു.

അങ്ങനെ നോക്കുമ്പോൾ, ഇന്ന് നാം സ്വാഭാവികമെന്നു കരുതുന്ന പാർലമെന്ററി രാഷ്ട്രീയപ്പാർട്ടികളുടെ സംഘടനാരൂപം പാർലമെന്റിനകത്ത് സ്വയം വികസിച്ചതല്ല. പാർലമെന്റിന് പുറത്തു വളർന്ന ജനായത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംഘാടനരീതികളും ജനസമ്പർക്കമാർഗ്ഗങ്ങളും ജനപിന്തുണ സമാഹരിക്കുന്ന രീതികളും അനുകരിച്ചുകൊണ്ടാണ് വിഗ്ഗുകളും ടോറികളും പുതിയ സംഘടനാരൂപം സ്വീകരിച്ചത്. പാർലമെൻ്ററി അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി ജനഹിതത്തെ ചാലു കീറുന്നതിനുള്ള ഉത്തമ ഉപാധിയായി ജനകീയ സംഘടനാ രൂപത്തെ വിഗ്ഗു-ടോറികൾ ഉപയുക്തമാക്കുകയായിരുന്നു.

സിവിൽ സമൂഹം ജനായത്ത പരിഷ്‌ക്കാരങ്ങൾക്കും നിതാന്തമായ ജനകീയ ജാഗ്രതയ്ക്കും വേണ്ടി നിർമ്മിച്ചെടുത്ത രാഷ്ട്രീയപ്രസ്ഥാനം എന്ന സംഘടനാരൂപം പാർലമെൻ്ററി അധികാര പ്രാപ്തിക്കുള്ള ഉപാധിയാക്കി സ്വീകരിച്ചതിലൂടെ ഈ സംഘടനാരൂപത്തിനുതന്നെ എന്തെന്തു മാറ്റങ്ങൾ സംഭവിച്ചു എന്നന്വേഷിക്കുന്നതും രസകരമായിരിക്കും. കാരണം, ഒരു സംഘടനയുടെ ലക്ഷ്യം മാറുമ്പോൾ അതിന്റെ ഘടനയും പ്രവർത്തനരീതിയും നേതൃത്വസ്വഭാവവും അംഗങ്ങളുമായുള്ള ബന്ധവും അനിവാര്യമായി മാറുന്നു.

ജനകീയ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പ്രധാന ലക്ഷ്യം ഭരണകൂടത്തെ ജനങ്ങളുടെ സമ്മർദ്ദത്തിന് വിധേയമാക്കുകയും ഭരണഘടനാപരവും സാമൂഹികവുമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുക എന്നതായിരുന്നു. എന്നാൽ പാർലമെന്ററി രാഷ്ട്രീയപ്പാർട്ടികളുടെ ലക്ഷ്യം തെരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണാധികാരം നേടുകയും അത് നിലനിർത്തുകയും ചെയ്യുക എന്നതാണ്. അതിനാൽ, ജനകീയ പ്രസ്ഥാനങ്ങളിൽ ജനപങ്കാളിത്തത്തിനും പൊതുചർച്ചയ്ക്കും സ്വതന്ത്രമായ രാഷ്ട്രീയ ഇടപെടലുകൾക്കും നൽകിയിരുന്ന പ്രാധാന്യം ക്രമേണ തിരഞ്ഞെടുപ്പിനും വോട്ടർമാരെ സമാഹരിക്കുന്നതിനും സ്ഥാനാർഥി നിർണ്ണയത്തിനും പാർട്ടി അച്ചടക്കത്തിനും വഴിമാറി.

ഈ മാറ്റം സംഘടനയുടെ പ്രവർത്തനരീതിയിൽ മാത്രമല്ല, പ്രതിനിധാനത്തെക്കുറിച്ചുള്ള ധാരണയിലും അടിസ്ഥാനപരമായ പരിവർത്തനത്തിന് വഴിവെച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ പാർലമെന്റിലേക്ക് എത്തിക്കുന്നതിനുപകരം, പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ദിശയിലേക്കാണ് സംഘടനയുടെ ചലനം ക്രമേണ മാറിയത്.

ജനകീയ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പ്രധാന ലക്ഷ്യം ഭരണകൂടത്തെ ജനങ്ങളുടെ സമ്മർദ്ദത്തിന് വിധേയമാക്കുകയും ഭരണഘടനാപരവും സാമൂഹികവുമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുക എന്നതായിരുന്നു.
ജനകീയ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പ്രധാന ലക്ഷ്യം ഭരണകൂടത്തെ ജനങ്ങളുടെ സമ്മർദ്ദത്തിന് വിധേയമാക്കുകയും ഭരണഘടനാപരവും സാമൂഹികവുമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുക എന്നതായിരുന്നു.

ആധുനിക രാഷ്ട്രീയപ്പാർട്ടികളുടെ തുടർന്നുള്ള ചരിത്രം ഈ സംഘടനാപരമായ പരിവർത്തനത്തിന്റെ ചരിത്രം കൂടിയാണ്. ജനായത്തപരിഷ്‌കാരങ്ങൾക്കായി രൂപപ്പെട്ട സംഘടന എങ്ങനെ തെരഞ്ഞെടുപ്പ് യന്ത്രമായും പിന്നീട് അധികാരസംരക്ഷണസ്ഥാപനമായും പരിണമിച്ചു എന്നതാണ് ഇനി പരിശോധിക്കേണ്ട പ്രധാനപ്പെട്ട ചോദ്യം. ബാഹ്യാകാരത്തിൽ മാത്രം ജനകീയത പുലർത്തിക്കൊണ്ട് ആന്തരിക ഘടനയിലും ലക്ഷ്യത്തിലും പാർലമെൻ്ററി പാർട്ടികൾക്കു അവയുടെ അതിജീവനവും വളർച്ചയും സുഗമമായി എന്നർത്ഥം.

പ്രാതിനിധ്യ സംഘർഷങ്ങൾ

തെരഞ്ഞെടുപ്പു പരിഷ്ക്കരണത്തിൻ്റെ ഒന്നാംഘട്ടത്തിലൂടെ സമൂഹത്തിൽ നങ്കൂരമിട്ട പാർലമെൻ്ററി പാർട്ടികൾ അവയുടെ പരിണാമപരമായ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നത് തൊഴിലാളിവർഗ്ഗ പുരുഷന്മാർക്കു കൂടി വോട്ടവകാശം കൈവരുന്ന 1860-1880 കാലഘട്ടത്തിലാണ്. കൂടുതൽ ജനസഞ്ചയത്തിലേക്കു പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുവേണ്ടി അപ്പോൾ വാർഡുതലം മുതൽ മുകളിലേക്കു യോഗങ്ങൾ, കമ്മിറ്റികൾ, ഭാരവാഹികൾ, ആശയരൂപീകരണങ്ങൾ എന്നിവയെല്ലാം സാധ്യമാക്കേണ്ട സാഹചര്യം വന്നുചേർന്നു.

ഇതേ കാലഘട്ടത്തിൽ തന്നെ, സാർവത്രിക പ്രതിനിധ്യത്തെ പറ്റിയുള്ള ചർച്ചകളും ലിബറൽ ജനായത്തത്തിൽ സ്ഥലംപിടിച്ചു തുടങ്ങി. ഭൂരിപക്ഷ വോട്ടിൻ്റെ ഭരണമാണ് പാർലമെൻ്ററി ജനായത്തമെങ്കിൽ അവിടെ ന്യൂനപക്ഷവോട്ടിൻ്റെ അവകാശങ്ങൾ കൂടി സംരക്ഷിക്കപ്പെടണം. ലിബറൽ ജനായത്തം എന്ന രാഷ്ട്രീയ മനസ്സും പാർലമെൻ്ററി ജനായത്തം എന്ന ഭൂരിപക്ഷ ശരീരവും തമ്മിലുള്ള സംഘർഷം ഉടലെടുക്കുന്നത് ഇവിടെയാണ്. ലിബറൽ ജനായത്തം വ്യക്തിസ്വാതന്ത്ര്യസംരക്ഷണത്തിൻ്റെ രാഷ്ട്രീയ രൂപമാണ്. ഭരണകൂടം വ്യക്തിയുടെ അവകാശങ്ങളെ (ജീവനും സ്വത്തും അഭിപ്രായ സ്വാതന്ത്ര്യവും ഇതര പൗരാവകാശങ്ങളും) സംരക്ഷിക്കുന്നതിനുള്ള ഉപാധിയാണ് ലിബറൽ ജനായത്തത്തിൽ. ഭരണകൂടത്തിനു വേണ്ടിയല്ല വ്യക്തികൾ; വ്യക്തികളുടെ ഭൗതികവും മാനസികവുമായ ഉയർച്ചയ്ക്കുവേണ്ടിയാണ് ഭരണകൂടം.

പാർലമെന്റിലെ ഭൂരിപക്ഷഭരണം ന്യൂനപക്ഷങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ ഇടയാക്കുമെന്നതിനാൽ, ന്യൂനപക്ഷങ്ങൾക്കും അവരുടെ ജനപിന്തുണയ്ക്കനുസൃതമായ പ്രാതിനിധ്യം ലഭിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനം വേണമെന്ന് ജോൺ സ്റ്റുവർട്ട് മിൽ വാദിച്ചു.
പാർലമെന്റിലെ ഭൂരിപക്ഷഭരണം ന്യൂനപക്ഷങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ ഇടയാക്കുമെന്നതിനാൽ, ന്യൂനപക്ഷങ്ങൾക്കും അവരുടെ ജനപിന്തുണയ്ക്കനുസൃതമായ പ്രാതിനിധ്യം ലഭിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനം വേണമെന്ന് ജോൺ സ്റ്റുവർട്ട് മിൽ വാദിച്ചു.

പാർലമെൻ്ററി രാഷ്ട്രീയഘടനയെ താങ്ങിനിർത്തുന്നത് ഭൂരിപക്ഷത്തിൻ്റെ അഭിപ്രായമാകയാൽ അതുമൂലം ന്യൂനപക്ഷത്തിൻ്റെ വ്യക്തിപരമായ പൗരാവകാശങ്ങൾ നിഷേധിക്കപ്പെടാമെന്നും അതിനാൽ ലിബറൽ ജനായത്തത്തിൽ ന്യൂനപക്ഷ സംരക്ഷണത്തിനുള്ള പ്രതിവിധികൾ അനിവാര്യമാണെന്നും തോമസ് ഹെയർ (Thomas Hare, 1806–1891), ജോൺ സ്റ്റുവർട്ട് മിൽ (John Stuart Mill,1806-1873) തുടങ്ങിയ രാഷ്ട്രീയചിന്തകർ 19 -ാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ആവശ്യപ്പെടുകയുണ്ടായി. പാർലമെന്റിലെ ഭൂരിപക്ഷഭരണം ന്യൂനപക്ഷങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ ഇടയാക്കുമെന്നതിനാൽ, ന്യൂനപക്ഷങ്ങൾക്കും അവരുടെ ജനപിന്തുണയ്ക്കനുസൃതമായ പ്രാതിനിധ്യം ലഭിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനം വേണമെന്ന് ജോൺ സ്റ്റുവർട്ട് മിൽ വാദിച്ചു. അതിനായി അദ്ദേഹം തോമസ് ഹെയറിന്റെ ആനുപാതിക പ്രാതിനിധ്യ പദ്ധതിയെ (Proportional Representation) ശക്തമായി പിന്തുണച്ചു. ജോൺ സ്റ്റുവർട്ട് മിൽ ആവശ്യപ്പെട്ടത് പ്രത്യേക വിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്യുക എന്നതല്ല; മറിച്ച്, ഓരോ രാഷ്ട്രീയ വിഭാഗങ്ങൾക്കും ലഭിക്കുന്ന വോട്ടിന്റെ അനുപാതത്തിൽ പാർലമെന്റിൽ പ്രാതിനിധ്യം ഉറപ്പാക്കുന്ന ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമായിരുന്നു അത്.
READ: ജനങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടോ
പാർട്ടികൾ?

ബ്രിട്ടനിൽ പഴയ വിഗ്ഗ്- ടോറികളുടെ പിൻതുടർച്ചയായി പാർലമെൻ്ററി പാർട്ടികളായി പരിണമിച്ച ലിബറൽ- കൺസർവേറ്റീവ് പാർട്ടികൾക്ക് ന്യൂനപക്ഷപ്രാതിനിധ്യം എന്ന അവകാശത്തെ ഉൾക്കൊള്ളുക അത്ര എളുപ്പമായിരുന്നില്ല. കാരണം സാർവ്വത്രിക ആൺ വോട്ടവകാശം പ്രാബല്യത്തിൽ വന്നെങ്കിലും, പാർലമെൻ്റിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ, പരിഷ്‌ക്കാരങ്ങൾക്കു ശേഷവും കാര്യമായ മാറ്റമുണ്ടായില്ല. മുമ്പ് പ്രാദേശിക ഭൂധനികർ അല്ലെങ്കിൽ അവർ നിശ്ചയിക്കുന്നവർ, അവർക്ക് പണം കൊടുത്തു പാർലമെൻ്റ് അംഗത്വം നേടാൻ കഴിവുള്ളവർ, സാമൂഹികമായ പദവി കരസ്ഥമാക്കിയവർ മാത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ, പാർലമെൻ്ററി രാഷ്ട്രീയപ്പാർട്ടികളായി ജനസമൂഹത്തിലേക്ക് പഴയ വിഗ്ഗ്- ടോറികൾ വന്നപ്പോഴും, മിക്കവാറും ഇതേവിധത്തിൽ അത്തരക്കാർ തന്നെ സ്ഥാനാർത്ഥികളും പാർലമെൻ്റ് അംഗങ്ങളുമായി നിശ്ചയിക്കപ്പെട്ടു പോന്നു. അതിനാൽ ന്യൂനപക്ഷ വോട്ടുകൾക്കായി പ്രത്യേക പ്രാതിനിധ്യം ഉറപ്പാക്കുന്നത് നിലവിലുള്ള പാർട്ടിനേതൃത്വത്തിന്റെ സ്ഥാനാർഥി നിർണയാധികാരത്തെയും പാർലമെന്റിലെ അധികാരസന്തുലനത്തെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടായിരുന്നു. അപ്പോൾ ന്യൂനപക്ഷ വോട്ടുകളുടെ സംരക്ഷണം എന്ന ലിബറൽ ഡെമോക്രസി തത്വവും പാർട്ടിഭൂരിപക്ഷം എന്ന പാർലമെന്ററി യുക്തിയും തമ്മിലുള്ള സംഘർഷം കൂടുതൽ മൂർച്ഛിച്ചു.

ജോൺ സ്റ്റുവർട്ട് മില്ലും മറ്റും ആവശ്യപ്പെട്ട വിധത്തിൽ ന്യൂനപക്ഷ വോട്ടുകൾക്കും പാർലമെൻ്റിൽ പ്രാതിനിധ്യം ഉറപ്പാക്കുന്ന ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കിയില്ലെങ്കിലും, 1867-ലെ രണ്ടാം തെരഞ്ഞെടുപ്പ് പരിഷ്കാരത്തിൽ, ഭരണകക്ഷിയായ കൺസർവേറ്റീവ് സർക്കാർ, മൂന്നംഗ മണ്ഡലങ്ങളിൽ ഓരോ വോട്ടർക്കും മൂന്ന് വോട്ടുകൾക്കുപകരം രണ്ട് വോട്ടുകൾ മാത്രമായി പരിമിതപ്പെടുത്തി (limited vote). ഇതിലൂടെ, ഭൂരിപക്ഷം എല്ലാ സീറ്റുകളും സ്വന്തമാക്കുന്നത് തടയുകയും ന്യൂനപക്ഷ സ്ഥാനാർഥികൾക്കും വിജയസാധ്യത വർധിപ്പിക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം.

തുടർന്ന്, 1868- ലെ പൊതു തെരഞ്ഞെടുപ്പിൽ തങ്ങൾക്കു ഭൂരിപക്ഷമുള്ള ഒരു മണ്ഡലമായ ബ്രിമ്മിംഗ്‌ഹാമിൽ (Birmingham) നിന്നും തങ്ങളുടെ മൂന്നു സ്ഥാനാർത്ഥികളെയും ജയിപ്പിക്കാൻ ലിബറൽ പാർട്ടിക്കാർ അപ്പോൾ വാർഡ് തലം മുതൽ വോട്ടർമാരെ സംഘടിപ്പിച്ചു; അതിനായി വാർഡ് കമ്മിറ്റികൾ, ജനറൽ കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി, മാനേജ്മെൻ്റ് കമ്മിറ്റി എന്നിവ രൂപീകരിച്ചു; അവരുടെ മൂന്നു സ്ഥാനാർത്ഥികൾക്കും വോട്ടു കിട്ടുന്ന വിധത്തിൽ ഓരോ വാർഡിലെയും വോട്ടുകൾ ക്രമപ്പെടുത്തി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വോട്ടുകൾ രേഖപ്പെടുത്തി; മൂന്നു സ്ഥാനാർത്ഥികളെയും ലിബറൽ പാർട്ടി വിജയിപ്പിച്ചെടുത്തു.

1868 ലെ പൊതു തെരഞ്ഞെടുപ്പിൽ തങ്ങൾക്കു ഭൂരിപക്ഷമുള്ള ഒരു മണ്ഡലമായ ബ്രിമ്മിംഗ്‌ഹാമിൽ  നിന്നും തങ്ങളുടെ മൂന്നു സ്ഥാനാർത്ഥികളെയും ജയിപ്പിക്കാൻ ലിബറൽ പാർട്ടിക്കാർ അപ്പോൾ വാർഡ് തലം മുതൽ വോട്ടർമാരെ സംഘടിപ്പിച്ചു.
1868 ലെ പൊതു തെരഞ്ഞെടുപ്പിൽ തങ്ങൾക്കു ഭൂരിപക്ഷമുള്ള ഒരു മണ്ഡലമായ ബ്രിമ്മിംഗ്‌ഹാമിൽ നിന്നും തങ്ങളുടെ മൂന്നു സ്ഥാനാർത്ഥികളെയും ജയിപ്പിക്കാൻ ലിബറൽ പാർട്ടിക്കാർ അപ്പോൾ വാർഡ് തലം മുതൽ വോട്ടർമാരെ സംഘടിപ്പിച്ചു.

വാർഡ് തലം മുതൽ വോട്ടർമാരെ സംഘടിപ്പിക്കുകയും അവരെ സംഘടനാനിർദ്ദേശമനുസരിച്ച് തങ്ങളുടെ സ്ഥാനാർത്ഥികളിൽ ആർക്കൊക്കെ വോട്ടു ചെയ്യണമെന്ന് തെരഞ്ഞെടുപ്പിനു സജ്ജമാക്കുകയും ചെയ്യുന്ന പാർട്ടിസംവിധാനം, തുടർന്ന് എല്ലാ നിയോജകമണ്ഡലങ്ങളിലേക്കും ലിബറൽ കക്ഷി വ്യാപിപ്പിച്ചു. സ്ഥിരമായ വാർഡ് തല യൂണിറ്റ് കമ്മറ്റികൾ, പ്രാദേശിക സംഘാടകർ, വോട്ടർമാരുടെ രേഖാവിവരങ്ങൾ, അച്ചടക്കമുള്ള സ്ഥിരം പാർട്ടിപ്രവർത്തകർ, നിരന്തരമായആശയവിനിമയ തന്ത്രങ്ങൾ, കേന്ദ്രീകൃതമായ ഇലക്ഷൻ പരിപാടികൾ എന്നിവയ്ക്കു ജന്മം നൽകിയപ്പോൾ, അയഞ്ഞ പാർട്ടി സംവിധാനം ഉറപ്പുള്ള ഒരു പാർട്ടി മെഷിണറിയായി സ്ഥാപിക്കപ്പെട്ടു; മേൽത്തട്ടു മുതൽ കീഴ്ത്തട്ടുവരെ കൃത്യമായ നിരീക്ഷണ നിർദ്ദേശങ്ങളും, താഴെ നിന്നും റിപ്പോർട്ടുകൾ മുകളിലേക്കും പോകുന്ന മാനേജ്മെൻ്റ് ശൈലിയും ഉറപ്പിക്കപ്പെട്ടു.

തങ്ങൾക്കു വലിയ വിജയം നേടിക്കൊടുത്ത കോക്കസ് എന്ന പരിഹാസ പേരിനെ ലിബറൽ പാർട്ടി നേതാക്കൾ സ്വയം സ്വീകരിച്ച്, അതേ പാതയിൽ മുന്നേറുകയാണുണ്ടായത്. മാത്രമല്ല, കാലാന്തരത്തിൽ ഇതര പാർലമെൻ്ററി പാർട്ടികളും, കേന്ദ്രീകൃത അധികാരഘടനയെന്ന കോക്കസ് മാതൃകയെ കാതലായ വ്യത്യാസമില്ലാതെ സ്വാംശീകരിക്കുന്നതു കാണാം.

എന്നാൽ, അക്കാലത്ത് ലിബറൽ കക്ഷി കൊണ്ടുവന്ന പ്രൊഫഷണൽ മാനേജ്മെൻ്റ് തന്ത്രം, കൺസർവേറ്റീവുകൾ, മാധ്യമങ്ങൾ, സോഷ്യലിസ്റ്റുകൾ, തൊഴിലാളി യൂണിയനുകൾ, ജനായത്ത വാദികൾ- എല്ലാവരുടെയും കടുത്ത വിമർശനം വിളിച്ചുവരുത്തി. കാരണം അന്നുവരെയുള്ള അയഞ്ഞതും വികേന്ദ്രീകൃതവും അസ്ഥിരവുമായ പാർട്ടിഘടനയ്ക്കും, അതിലൂടെയുള്ള തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കും ചേരുന്നതായിരുന്നില്ല കേന്ദ്രീകൃതവും അച്ചടക്കം നിറഞ്ഞതും സ്ഥിരം പ്രവർത്തകരുമുള്ള പുതിയ പാർട്ടിചട്ടക്കൂട്. അതുകൊണ്ട് വിമർശകർ കേന്ദ്രീകൃതമായ അധികാരഘടനയും കൃത്യമായ മാനേജ്മെൻ്റും നിയന്ത്രണവുമുള്ള സംഘം എന്ന അർത്ഥത്തിൽ "കോക്കസ്" (Caucus) എന്നാണ് ലിബറൽ പാർട്ടിയെ പരിഹസിച്ചത്. ചിലർ അതിനെ, അമേരിക്കയിൽ വേരുപിടിച്ചതും സ്വതന്ത്ര സംവാദങ്ങൾ അനുവദിക്കാത്തതുമായ പാർട്ടി മെഷിൻ്റെ (party machine) അനുകരണം എന്നു കുറ്റപ്പെടുത്തി.

പാർട്ടിമാനേജർമാരോ എക്സിക്യൂട്ടീവോ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് ജനങ്ങളെ അതിന് അനുകൂലമാക്കുന്ന സംവിധാനമാണ് കോക്കസ് എന്നും, അതുവഴി പാർലമെൻ്റ് എന്നത് പൊതുജനാഭിപ്രായത്തിൻ്റെ പ്രതിഫലന വേദിയെന്നതിൽനിന്ന് പാർട്ടിതാൽപ്പര്യങ്ങളുടെ പ്രകടനകേന്ദ്രമായി വഴിതെറ്റുമെന്നും ‘ദ ടൈംസ്’ പോലുള്ള മാധ്യമങ്ങൾ അന്ന് ചൂണ്ടിക്കാട്ടി.

ലിബറൽ കക്ഷി കൊണ്ടുവന്ന പ്രൊഫഷണൽ മാനേജ്മെൻ്റ് തന്ത്രം, കൺസർവേറ്റീവുകൾ, മാധ്യമങ്ങൾ, സോഷ്യലിസ്റ്റുകൾ, തൊഴിലാളി യൂണിയനുകൾ, ജനായത്ത വാദികൾ- എല്ലാവരുടെയും കടുത്ത വിമർശനം വിളിച്ചുവരുത്തി.
ലിബറൽ കക്ഷി കൊണ്ടുവന്ന പ്രൊഫഷണൽ മാനേജ്മെൻ്റ് തന്ത്രം, കൺസർവേറ്റീവുകൾ, മാധ്യമങ്ങൾ, സോഷ്യലിസ്റ്റുകൾ, തൊഴിലാളി യൂണിയനുകൾ, ജനായത്ത വാദികൾ- എല്ലാവരുടെയും കടുത്ത വിമർശനം വിളിച്ചുവരുത്തി.

സ്ഥാനാർത്ഥീനിർണ്ണയാധികാരം പാർട്ടി മാനേജർമാരിൽ കേന്ദ്രീകരിക്കുമ്പോൾ അത് ലിബറൽ പാർട്ടിയിലൂടെയുള്ള തൊഴിലാളിവർഗ്ഗ പ്രാതിനിധ്യത്തിനു തടസ്സമാകുമെന്ന് സോഷ്യലിസ്റ്റുകൾ ഭയപ്പെട്ടു. തൊഴിലാളികളാണ് ലിബറൽ പാർട്ടിയിലെ പ്രാദേശിക പ്രവർത്തകരെങ്കിലും സ്ഥാനാർത്ഥികളായി ഫലം കൊയ്യുന്നത് മധ്യവർഗ്ഗങ്ങളാകയാൽ ട്രേഡ് യൂണിയനുകളും കോക്കസിനെ അംഗീകരിച്ചില്ല. ജനപ്രതിനിധികൾ ജനങ്ങളുടെ ഡെലിഗേറ്റ് ആകുന്നതിനുപകരം പാർട്ടിയുടെ വിശ്വസ്തർ ആകുന്നത് ജനായത്തത്തെ പരിമിതപ്പെടുത്തുന്നതായി ജനായത്തവാദികളും ആരോപിച്ചു.

എന്നാൽ, തങ്ങൾക്കു വലിയ വിജയം നേടിക്കൊടുത്ത കോക്കസ് എന്ന പരിഹാസ പേരിനെ ലിബറൽ പാർട്ടി നേതാക്കൾ സ്വയം സ്വീകരിച്ച്, അതേ പാതയിൽ മുന്നേറുകയാണുണ്ടായത്. മാത്രമല്ല, കാലാന്തരത്തിൽ ഇതര പാർലമെൻ്ററി പാർട്ടികളും, കേന്ദ്രീകൃത അധികാരഘടനയെന്ന കോക്കസ് മാതൃകയെ കാതലായ വ്യത്യാസമില്ലാതെ സ്വാംശീകരിക്കുന്നതു കാണാം. കാരണം തെരഞ്ഞെടുപ്പ് വിജയത്തിന് അത് ഫലപ്രദമായിരുന്നു. അതിനാൽ പാർട്ടി മെഷിനറി എന്ന ലിബറൽ പാർട്ടി മോഡലിനെ ബ്രിട്ടനിൽ മാത്രമല്ല, 19-ാം നൂറ്റാണ്ടിൻ്റെ ഒടുവിൽ യൂറോപ്യൻ രാജ്യങ്ങളിലെ ഒട്ടുമിക്ക പാർലമെൻ്ററി പാർട്ടികളും തങ്ങളുടേതായ വ്യത്യാസങ്ങളോടെ അനുകരിച്ചു.

ഉദാഹരണമായി ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി കടുത്ത അച്ചടക്കവും പാർട്ടി ബ്രാഞ്ചുകളും സ്ഥിരം പ്രവർത്തകരും അധികാരം കേന്ദ്രീകരിച്ച സെൻട്രൽ കമ്മറ്റിയുമുളള സംഘടനയായി വളർന്നു. ജർമ്മൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ മാതൃകയിലെ പല ഘടകങ്ങളും റഷ്യയിൽ ലെനിൻ്റെ ബോൾഷെവിക് വിപ്ലവ പാർട്ടിയിലും (1902) എത്തിച്ചേർന്നിട്ടുണ്ടെന്നു കരുതാം. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സംഘടിതശൈലിയെ ലെനിൻ ഗൗരവമായി പഠിക്കുകയും അതിലെ പല സംഘടനാപരമായ ഘടകങ്ങളെ റഷ്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി രൂപാന്തരപ്പെടുത്തുകയും ചെയ്തു. ലിബറൽ പാർട്ടി വികസിപ്പിച്ചെടുത്ത പാർട്ടി മെഷിനറി പ്രത്യയശാസ്ത്രഭേദമില്ലാതെ അധികാര കേന്ദ്രിത പാർട്ടികളെയെല്ലാം സ്വാധീനിച്ചിട്ടുണ്ട്.

 ജർമ്മൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ മാതൃകയിലെ പല ഘടകങ്ങളും റഷ്യയിൽ ലെനിൻ്റെ ബോൾഷെവിക് വിപ്ലവ പാർട്ടിയിലും (1902) എത്തിച്ചേർന്നിട്ടുണ്ടെന്നു കരുതാം.
ജർമ്മൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ മാതൃകയിലെ പല ഘടകങ്ങളും റഷ്യയിൽ ലെനിൻ്റെ ബോൾഷെവിക് വിപ്ലവ പാർട്ടിയിലും (1902) എത്തിച്ചേർന്നിട്ടുണ്ടെന്നു കരുതാം.

പാർട്ടി മെഷിനറിയുടെ സാമൂഹിക ധർമ്മം

പാർട്ടി മെഷിനറിയെന്നത് ജനാഭിപ്രായം പ്രതിഫലിപ്പിക്കുന്ന ഒരുപാധിയല്ല, അത് അനുഭാവികളുടെ രാഷ്ട്രീയപ്രകൃതത്തെ സമാഹരിക്കുകയും സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അധികാരകേന്ദ്രീകൃതമായ പ്രൊഫഷണൽ മാനേജ്മെൻ്റ് ഘടനയാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ച് പാർട്ടിയെ അധികാരത്തിലെത്തിക്കാൻ സമൂഹത്തെ എങ്ങനെ സംഘടിപ്പിക്കണം എന്നതാണ് പാർട്ടിയുടെ അധികാര കേന്ദ്രീകൃത ഘടന അഭിമുഖീകരിക്കുന്ന ചോദ്യം. അതിനാൽ പാർട്ടിയുടെ ഓരോ ചുവടും, ഓരോ ശ്വാസവും തെരഞ്ഞെടുപ്പു വിജയം എന്ന ഉല്പന്നവുമായി കണ്ണി ചേർക്കപ്പെട്ടിരിക്കുന്നു. പാർട്ടി മെഷിനറി വികസിച്ചപ്പോൾ സ്ഥാനാർഥികളെ തീരുമാനിക്കുന്ന അധികാരവും നയരൂപീകരണവും ധനസമാഹരണവും കേന്ദ്രനേതൃത്വത്തിന്റെ കൈകളിൽ ഒതുങ്ങാൻ തുടങ്ങി. പാർട്ടിയാണ് ജനങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളെ നിർവ്വചിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാപനം. തെരഞ്ഞെടുക്കപ്പെട്ടയാൾ ജനങ്ങളുടെ പ്രതിനിധി എന്നതിനേക്കാൾ പാർട്ടിയുടെ പ്രതിനിധിയായി മാറുന്ന ചരിത്രപ്രക്രിയയുടെ ആരംഭം ഇവിടെയാണ് കാണാൻ കഴിയുന്നത്.

എന്നാൽ, ലെവലേഴ്സിൽ ആരംഭിച്ച ജനകീയ രാഷ്ട്രീയഘടനയുടെ ലക്ഷ്യം ജനങ്ങളെ സ്വയം എങ്ങനെ ജനായത്ത പരിഷ്‌ക്കാര പ്രക്ഷോഭങ്ങളിൽ പങ്കാളികളാക്കാം എന്നതായിരുന്നു. പകരം പാർലമെൻ്ററി വിജയത്തിൻ്റെ ഭൂരിപക്ഷ നിർമ്മിതി ഒന്നാമതെത്തിയപ്പോൾ കമ്മിറ്റികൾ, ഓഫീസ്, അംഗത്വ രജിസ്റ്റർ, പ്രവർത്തകർ, ചർച്ചകൾ ഇവയെല്ലാം വിജയത്തിലേക്കു മാത്രം ബന്ധിതമായി. അപ്പോൾ, ജനായത്ത രാഷ്രീയഘടനയെ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന സംഘടനാദൗത്യം ജനായത്തത്തിൻ്റെ ബാഹ്യരൂപങ്ങളിഞ്ഞു കൊണ്ടു പാർലമെൻ്റിൽ അധികാരം കൈയടക്കുക എന്ന ലക്ഷ്യമായി പരിണമിച്ചു.

സമൂഹം സ്വയം പാർലമെന്റിനെ നിയന്ത്രിക്കാൻ സംഘടിതമാകുന്നതിനുപകരം, പാർലമെന്റിനെ പിടിച്ചടക്കാൻ ജനസമൂഹത്തെ സംഘടിപ്പിക്കുക എന്ന അർത്ഥത്തിലേക്കാണ് പാർട്ടിഘടന ക്രമേണ ചുരുങ്ങിയത്. അഥവാ, രാഷ്ട്രീയാധികാരത്തെ ജനായത്തവൽക്കരിക്കാൻ സിവിൽ സൊസൈറ്റി രൂപപ്പെടുത്തിയ സംഘടനാരൂപം ഒടുവിൽ പാർലമെന്ററി അധികാരം നേടാനും നിലനിർത്താനും വിപുലീകരിക്കാനുമുള്ള സംഘടിത അധീശശക്തിയായി ജനങ്ങൾക്കു മുകളിൽ പ്രവർത്തിക്കാൻ തുടങ്ങി. അങ്ങനെ, ജനായത്ത പ്രസ്ഥാനങ്ങൾ സൃഷ്ടിച്ച സംഘടനാരൂപത്തെ പാർലമെന്ററി പാർട്ടികൾ സ്വീകരിച്ചപ്പോൾ അതിന്റെ ലക്ഷ്യവും സംഘടനയുടെ സ്വഭാവവും അടിസ്ഥാനപരമായി മാറി. ജനങ്ങളെ പാർലമെന്റിനും മുകളിൽ ജനായത്തത്തിന്റെ യഥാർഥ അവകാശശക്തിയാക്കാൻ രൂപംകൊണ്ട സംഘടന, പാർലമെന്റിനെ കീഴടക്കുന്നതിനായി ജനശക്തിയെ സമാഹരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പാർട്ടി മെഷിണറിയായി രൂപാന്തരപ്പെട്ടു.

ഈ പരിവർത്തനത്തിന്റെ മറ്റൊരു സുപ്രധാന ഫലം, സംഘടിത രാഷ്ട്രീയത്തിന്റെ കേന്ദ്രം ക്രമേണ സിവിൽ സമൂഹത്തിൽ നിന്ന് പാർലമെന്ററി പാർട്ടികളിലേക്കു മാറിയെന്നതാണ്. ജനായത്തപരിഷ്‌കാരങ്ങൾക്കായി ഭരണകൂടത്തെ നിരന്തരം ചോദ്യം ചെയ്യുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്തിരുന്ന ജനകീയ രാഷ്ട്രീയ സംഘങ്ങളുടെ സ്ഥാനം തെരഞ്ഞെടുപ്പ് കേന്ദ്രീകൃതമായ പാർട്ടി രാഷ്ട്രീയമാണ് ക്രമേണ കൈയടക്കിയത്. ഇതിന്റെ അർത്ഥം ജനകീയ പ്രസ്ഥാനങ്ങൾ അപ്രത്യക്ഷമായി എന്നല്ല; മറിച്ച്, നിയമാനുസൃതവും ഫലപ്രദവുമായ രാഷ്ട്രീയം എന്ന നിലയിൽ പാർലമെന്ററി പാർട്ടി രാഷ്ട്രീയം മേൽക്കൈ നേടുകയും, ജനകീയ രാഷ്ട്രീയത്തിന്റെ സ്വതന്ത്ര സ്ഥാപനങ്ങൾക്ക് പൊതുരാഷ്ട്രീയത്തിൽ താരതമ്യേന കുറഞ്ഞ പ്രാധാന്യം ലഭിക്കുകയും ചെയ്തു എന്നതാണ്.

പാർലമെൻ്ററി പാർട്ടി പ്രവർത്തനത്തെ മാത്രം, അല്ലെങ്കിൽ അധികാര സ്ഥാപനം ലക്ഷ്യമാക്കിയ പാർട്ടി പ്രവർത്തനത്തെ മാത്രം രാഷ്ട്രീയ പ്രവർത്തനമാക്കി മാറ്റുന്ന ചരിത്രപ്രക്രിയ പാർട്ടികളുടെ മാത്രം മുൻകൈയിൽ സംഭവിച്ച ഒന്നല്ല. അതിന് സമൂഹമനസ്സിൽ വലിയ പ്രാധാന്യം കിട്ടത്തക്കവിധം നിയമപരമായ പരിരക്ഷണം കൂടി ആവശ്യമാണ്.

ഇതോടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പൊതുബോധവും മാറി. രാഷ്ട്രീയം എന്നത് സമൂഹം ഭരണകൂടത്തെ ജനായത്തവൽക്കരിക്കുന്ന നിരന്തര പ്രക്രിയയല്ല, മറിച്ച് തെരഞ്ഞെടുപ്പിലൂടെ അധികാരം നേടുകയും പാർലമെന്റിൽ ഭൂരിപക്ഷം കൈവരിക്കുകയും ചെയ്യുന്ന പാർട്ടി മത്സരമാണെന്ന ധാരണ ക്രമേണ പ്രബലമായി. ജനങ്ങളുടെ രാഷ്ട്രീയാഭിലാഷങ്ങളും കൂട്ടായ പ്രവർത്തനങ്ങളും പാർലമെന്ററി പാർട്ടികളുടെ ഘടനയിലൂടെ മാത്രം പ്രകടിപ്പിക്കപ്പെടേണ്ടതാണെന്ന ആശയം ശക്തിപ്പെട്ടു. അങ്ങനെ, രാഷ്ട്രീയത്തിന്റെ വിശാലമായ ജനായത്തമണ്ഡലം ക്രമേണ പാർലമെന്ററി പാർട്ടി മത്സരത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങിത്തുടങ്ങി. പാർലമെൻ്ററി പാർട്ടികൾക്ക് അതീതമായ രാഷ്ട്രീയ പ്രവർത്തനം ബഹുജന മുന്നേറ്റമായി ജനായത്തത്തെ കൂടുതൽ സുതാര്യവും പൂർണ്ണവും അർത്ഥവത്തുമാക്കുന്നതിന് തടസ്സമായി നിൽക്കുകയല്ലേ സമകാലിക പാർലമെൻ്ററി പാർട്ടികൾ?

READ:രാഷ്ട്രീയപാർട്ടികളും
സാമൂഹികനീതിയും തമ്മിലെന്ത്?

ഈ അധ്യായം അവസാനിക്കുമ്പോൾ ഒരു സമകാലിക വിഷയം കൂടി കുറിയ്ക്കുന്നു. ജന്തർ മന്തർ പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച മോഹൻലാലിൻ്റെ മകൾ വിസ്മയ രാഷ്ട്രീയം അറിയാത്ത കുട്ടിയാണെന്നു മേജർ രവി പറഞ്ഞതു ശ്രദ്ധിച്ചിരിക്കുമല്ലോ. പാർലമെൻ്ററി അധികാര പ്രവർത്തനങ്ങളെ മാത്രം രാഷ്ട്രീയം എന്നു വ്യവഹരിക്കുന്ന ബോധനിർമ്മിതിയുടെ ഉള്ളിലിരുന്നു കൊണ്ട് രവി സംസാരിക്കുന്നു. അതിനു പുറത്തേക്കു കടക്കാൻ കഴിയാത്ത വിധത്തിൽ ബലപ്പെടുത്തിയ ഒരു മതിൽക്കെട്ടിനകത്തേക്കു പൗരസമൂഹത്തെ പാർട്ടിമെഷിനറി പൂട്ടിയിട്ടിരിക്കുകയാണ്.

പാർലമെൻ്ററി പാർട്ടി പ്രവർത്തനത്തെ മാത്രം, അല്ലെങ്കിൽ അധികാര സ്ഥാപനം ലക്ഷ്യമാക്കിയ പാർട്ടി പ്രവർത്തനത്തെ മാത്രം രാഷ്ട്രീയ പ്രവർത്തനമാക്കി മാറ്റുന്ന ചരിത്രപ്രക്രിയ പാർട്ടികളുടെ മാത്രം മുൻകൈയിൽ സംഭവിച്ച ഒന്നല്ല. അതിന് സമൂഹമനസ്സിൽ വലിയ പ്രാധാന്യം കിട്ടത്തക്കവിധം നിയമപരമായ പരിരക്ഷണം കൂടി ആവശ്യമാണ്. അപ്പോൾ മാത്രമേ പാർലമെൻ്ററി പാർട്ടികൾക്ക് സമൂഹത്തിൻ്റെ പ്രതിനിധാന ശക്തിയാകാൻ കരുത്തു കിട്ടൂ. എങ്ങനെയാണ് സംഘടിത പാർട്ടിസംവിധാനം നിയമപരമായി തന്നെ ഈ കരുത്താർജ്ജിക്കുന്നതെന്ന അന്വേഷണവും അതിനാൽ ആവശ്യമായിവരുന്നു.

(തുടരും)


Summary: From political movements to party machinery: The historical evolution of parliamentary parties, Ashok Kumar V writes - series part 4.


അശോകകുമാർ വി.

എഴുത്തുകാരൻ. രാഷ്ട്രീയം, സമൂഹം , സംസ്‌ക്കാരം, പരിസ്ഥിതി എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ എഴുതുന്നു.

അറിവിൻ്റെ ആപൽക്കരമായ തൂവൽസ്പർശം: നവലിബറലിസം -സാംസ്കാരിക പഠനങ്ങൾ, പരിസ്ഥിതി പ്രവർത്തനം: വീട്ടിലും വിദ്യാലയത്തിലും, രോഗം തരുന്ന വെളുത്ത ചോറ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments