നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അനേകം പ്രതികരണങ്ങൾ വന്ന് കൊണ്ടിരിക്കുന്നുണ്ട്. അതിൽ പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ട ഒരു പ്രതികരണം വെൽഫെയർ പാർട്ടിയുടേതാണ്. യുഡിഎഫിന്റെ വിജയത്തിൽ തങ്ങളുടെ പങ്ക് അവകാശപ്പെടുന്ന നിലയിലാണ് വെൽഫെയർ പാർട്ടിയുടെ പ്രസിഡൻ്റ് പ്രസ്താവന നടത്തിയിരിക്കുന്നത്. യുഡിഎഫ് അതിനെ നിഷേധിക്കാതെ മൗനമായി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. ഇനി അതിനെ വാക്ക് കൊണ്ട് കൂടി അംഗീകരിക്കുമോ എന്നറിയില്ല. വെൽഫെയർ പാർട്ടി അണികളെ ആവേശം കൊള്ളിക്കുമെങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ ഒരു പ്രസ്താവനയാണിത്. കാരണം, വെൽഫെയർ പാർട്ടി എന്നത് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ തകർക്കുന്ന വിഷമയമായ ഒരു രാഷ്ട്രീയ ഘടനയാണ്. ഇത് വീണ്ടും വീണ്ടും നമുക്ക് പറയേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാം.
കാലങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ് മുസ്‌ലിം ലീഗ്. ശക്തമായ രാഷ്ട്രീയ ഘടനയും വലിയ ജനകീയ പിന്തുണയും അതിന്റെ ശക്തി കേന്ദ്രങ്ങളിൽ മുസ്‌ലിം ലീഗിനുണ്ട്. രാഷ്ട്രീയമായി നോക്കിയാൽ ലീഗ് ഒരു ആനയാണെങ്കിൽ വെൽഫെയർ പാർട്ടി അതിന്റെ ഒരു പൂട പോലുമല്ല. ആളെണ്ണത്തിൽ തീർത്തും അവഗണിക്കാൻ കഴിയുന്ന ഒരു ചെറുപാർട്ടി. കേരളത്തിലെ ഒരു പഞ്ചായത്ത് പോലും ഒറ്റയ്ക്ക് ഭരിക്കാൻ ശേഷിയില്ലാത്തവർ. എന്നിട്ടും മുസ്ലിം ലീഗിനോടില്ലാത്ത ഒരെതിർപ്പും പ്രതിരോധവും എന്ത് കൊണ്ട് വെൽഫെയറിനോടുണ്ടാകുന്നു എന്ന ചോദ്യം പ്രസക്തമാണ്. മുസ്‌ലിം ലീഗ് ഒരു സ്വത്വ, സാമുദായിക പാർട്ടിയാണ്. സ്വത്വ രാഷ്ട്രീയം രാജ്യത്തിന്റെ പല ഭാഗങ്ങളിലുമായി രാഷ്ട്രീയ മുഖ്യധാരയിൽ നിലനിൽക്കുന്നുണ്ട്. വിശദാംശങ്ങളിൽ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും ജനാധിപത്യത്തിനും മതേതരത്വത്തിനും ആശയപരമായി ഉൾകൊള്ളാവുന്ന ഒരു ഉള്ളടക്കമാണ് ഇവർക്കൊക്കെയുള്ളത്. പക്ഷേ വെൽഫെയർ പാർട്ടിയുടെ ഘടന, ലക്ഷ്യം, പ്രവർത്തന രീതി എന്നിവയൊക്കെ പരിശോധിക്കുമ്പോൾ ലീഗ് പോലെയോ മറ്റേതെങ്കിലും സ്വത്വ രാഷ്ട്രീയ പാർട്ടി പോലെയൊ അല്ല അവരെന്ന് വ്യക്തമാകും.

ആശയപരമായി അവരെ വിലയിരുത്തിയാൽ ബിജെപിയുടെ മറുപാതിയാണ് വെൽഫെയർ പാർട്ടി. രണ്ടിന്റെ പുറകിലും ഓരോ മതകീയ ശക്തികളുണ്ട്. അവരാണ് ഈ പാർട്ടികളെ നിയന്ത്രിച്ച് കൊണ്ടിരിക്കുന്നതും അജണ്ടകൾ നിശ്ചയിച്ച് അതിനെ ചലിപ്പിക്കുന്നതും. ഒരു ബാഹ്യ ലക്ഷ്യവും ഒരു ആന്തരിക ലക്ഷ്യവും ഈ രണ്ട് പാർട്ടികൾക്കുമുണ്ട്. രണ്ടിന്റെയും ആന്തരികമായ ലക്ഷ്യങ്ങൾ ജനാധിപത്യ വിരുദ്ധവും മതേതര വിരുദ്ധവും മതാത്മകവുമാണ്. പുറമെയുള്ള മതേതര അഭിനയങ്ങൾ ഒരു മേമ്പൊടി മാത്രമാണ് രണ്ട് കൂട്ടർക്കും. ബി.ജെ.പി ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തെ ആയിരം കാതം അകലെ നിർത്തി പോന്നവരാണ് കേരളത്തിലെ മതേതര ബോധമുള്ള ജനത. അതാണ് കേരളത്തിന്റെ രാഷ്ട്രീയ സവിശേഷത. പക്ഷേ ഈ മനോഭാവത്തിന്റെ കടക്കൽ കത്തി വെക്കുകയും സമീപ ഭാവിയിൽ തന്നെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ പോന്ന വിധം വെൽഫെയർ പാർട്ടിയെ ഒരു ഘടക കക്ഷിയായോ/ ഘടക കക്ഷിയെ പോലെയോ കൂടെ കൂട്ടുകയും ചെയ്യുന്ന ഒരു നിലപാടാണ് ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണി സ്വീകരിച്ചത്. അതാണ് വെൽഫെയർ പാർട്ടിയുടെ അവകാശ വാദത്തിന്റെയും അതിനോടുള്ള യുഡിഎഫിന്റെ മൗനത്തിന്റെയും പിന്നിലെ കാരണം.
താത്കാലിക ലാഭത്തിന് വേണ്ടിയാണെങ്കിലും വെൽഫെയർ പോലെയുള്ള ഒരു പാർട്ടിയെ കൂടെ കൂട്ടുന്നത് കേരളത്തിന്റെ മതേതര രാഷ്ട്രീയത്തോട് ചെയ്യുന്ന പാതകമാണ് എന്ന് പറയുന്നതിന് വലിയ ചില കാരണങ്ങളുണ്ട്. അത് പറയുമ്പോൾ വെൽഫെയർ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിമർശനങ്ങളെ പ്രതിരോധിക്കാനായി ഉന്നയിക്കപ്പെടുന്ന ഒരു മറുചോദ്യം, അവർ ഇടത് പക്ഷത്തിന് പിന്തുണ നൽകിയ കാലത്ത് എന്ത് കൊണ്ടാണ് ഇങ്ങനെയൊരു വിമർശനം അവരെ സംബന്ധിച്ച് ഉയരാതിരുന്നത് എന്നാണ്. യഥാർത്ഥത്തിൽ വളരെ തെറ്റിദ്ധാരണാജനകമായ ഒരു ചോദ്യമാണിത്. കാരണം, കേരളത്തിന്റെ രാഷ്ട്രീയ ഘടനയിൽ ഒരു കാലത്തും വെൽഫെയറിന്റെ പിന്തുണ ഇടതുപക്ഷം ആവശ്യപ്പെട്ടിട്ടില്ല. അത് മാത്രമല്ല, അവരെയോ അവരുടെ അടിസ്ഥാന സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയേയോ ഇന്ന് യുഡിഎഫ് ചെയ്യുന്നത് പോലെയുള്ള ഒരു രാഷ്ട്രീയ സംഘാടനത്തിന് ഇടതുപക്ഷം ഇന്ന് വരെയും കൂടെ കൂട്ടിയിട്ടില്ല. ഇത് രണ്ടും അനിഷേധ്യമായ രണ്ട് യാഥാർത്ഥ്യങ്ങളാണ്.

ജമാഅത്തെ ഇസ്‌ലാമി വെൽഫെയർ പാർട്ടി രൂപീകരിക്കുന്നത് ഒന്നര പതിറ്റാണ്ട് മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 2011 ഏപ്രിലിൽ. അത് വരെ കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ അവരെ ഒരു മതസംഘടന മാത്രമായാണ് പരിഗണിച്ചിരുന്നത്. സുന്നികളെപ്പോലെ, മുജാഹിദുകളെപ്പോലെ, തബ്ലീഗ്കാരെപ്പോലെ, ദക്ഷിണ പോലെ കുറച്ച് അണികളുള്ള ഒരു മതസംഘടന. അങ്ങനെയായിരുന്നു അന്നവരുടെ ലേബൽ. പക്ഷേ മുജാഹിദുകളെപ്പോലെയുള്ള മുസ്‌ലിം സംഘടനകൾ പണ്ടേ പറഞ്ഞിരുന്നത് ജമാഅത്തെ ഇസ്‌ലാമി ഒരു മതസംഘടനയല്ല, മതത്തെ രാഷ്ട്രീയമായി കാണുന്ന ഒരു മതരാഷ്ട്ര സംഘടനയാണ് എന്നായിരുന്നു. അതിന്റെ പേരിൽ പല ആഭ്യന്തര സംവാദങ്ങളും മുസ്‌ലിം മത സംഘടനാ വൃത്തങ്ങൾക്കുള്ളിൽ നടന്നിട്ടുമുണ്ട്. പക്ഷേ അത്തരം ചർച്ചകളെല്ലാം മുസ്‌ലിം സമൂഹത്തിനുള്ളിൽ മാത്രമാണ് നടന്നിരുന്നത്. ഇസ്‌ലാം മതമെന്നാൽ രാഷ്ട്രീയം കൂടി ചേർന്നതാണ് എന്നും രാഷ്ട്രീയമില്ലാതെ ഇസ്‌ലാമില്ല എന്നുമാണ് ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരമായ ഇത്തരം വിമർശനങ്ങളോട് മറുപടി പറഞ്ഞിരുന്നത്. എന്നാൽ മതവിശ്വാസം വേറെ, രാഷ്ട്രീയം വേറെ എന്ന നിലപാടായിരുന്നു മറ്റെല്ലാ സംഘടനകൾക്കും. അത് കൊണ്ട് തന്നെയാണ് ഇത്രയധികം മത സംഘടനകൾ ഇവിടെയുണ്ടായിട്ടും ജമാത്തെ ഇസ്ലാമിക്ക് മാത്രം ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടണമെന്ന ആഗ്രഹമുണ്ടാകുന്നത്.
READ: രാഷ്ട്രീയത്തിൽ
ഒരു മരക്കുറ്റിയുടെ പങ്ക്
അഥവാ നിലമ്പൂരിലെ അടിയൊഴുക്ക്
ഒരു മതസംഘടന എന്ന നിലയിൽ മാത്രം ഇവരെ കണ്ട രാഷ്ട്രീയ പാർട്ടികൾ മറ്റുള്ള സാമുദായിക, മത സംഘടനകളുടെ നേതാക്കളെ കാണുന്നത് പോലെ ഇവരെയും കണ്ടിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സാധ്യതക്ക് വിഘാതമായി നിന്നത് യഥാർത്ഥത്തിൽ മുസ്‌ലിം ലീഗായിരുന്നു. ഒരു വിജയ മാതൃകയായി അധികാര രാഷ്ട്രീയം കൈയാളാൻ സാധിക്കുന്ന നിലയിൽ മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധാനം അവകാശപ്പെട്ട് നിൽക്കുന്ന ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സാധ്യതകൾക്ക് മുന്നിലെ തടസമായിരുന്നു. ലീഗിനോടുള്ള ശത്രുതാപരമായ അകൽച്ച കൊണ്ട് ലീഗ് രാഷ്ട്രീയത്തെ എതിർക്കുന്ന ഒരു ശൈലിയാണ് ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ചത്. എമ്പാടും തെളിവുകൾ നമുക്ക് മുന്നിലുണ്ട്. അത് കൊണ്ട് തന്നെ കേരളത്തിൽ 'മൂല്യം നോക്കി' എന്ന മാനദണ്ഡത്തിൽ തെരഞ്ഞെടുപ്പ് പിന്തുണ നൽകുമ്പോൾ ലീഗ് ഉള്ള സ്ഥലങ്ങളിൽ ഭൂരിപക്ഷവും എൽഡിഎഫിനെ പിന്തുണക്കുന്ന ഒരു നിലപാടാണ് ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ചിട്ടുള്ളത്.

മിക്കവാറും മറ്റ് മുസ്‌ലിം മത സംഘടനകളെല്ലാം ലീഗ് വഴി യുഡിഎഫ് അനുഭാവം പുലർത്തുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് പുലർത്തിയിരുന്ന ഒരു സംഘടന എന്ന നിലയിൽ ഇടത് പക്ഷം ജമാത്തെ ഇസ്‌ലാമിയെ പരിഗണിച്ചിരുന്നു. ആ പരിഗണന കാന്തപുരം വിഭാഗം എന്നറിയപ്പെടുന്ന സമസ്ത വിഭാഗത്തിനും ലഭിച്ചിട്ടുണ്ട്. അപ്പോഴും ജമാത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്ര ആശയങ്ങളോ അതുമായി ബന്ധപ്പെട്ട അവരുടെ മത ഭാഷ്യങ്ങളോ മുസ്‌ലിം സമുദായത്തിൽ നിന്ന് പുറത്തേക്ക് എത്തിയിരുന്നില്ല. മറ്റുള്ളവരെപ്പോലെ ഒരു മതസംഘടന എന്ന ലേബലായിരുന്നു ഇവർക്കുമുണ്ടായിരുന്നത് എന്നത് കൊണ്ട് ആരും ഒരസാംഗത്യവും കണ്ടിരുന്നില്ല. ഇക്കാലത്ത് നടന്ന ചർച്ചകളും സന്ദർശനങ്ങളുമൊക്കെ മുന്നിൽ വെച്ചാണ് ഇടത് പക്ഷവുമായി അവർ സഹകരിച്ചിരുന്നു എന്ന അവകാശവാദത്തെ അവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
2006ൽ ഇടതുപക്ഷ സർക്കാരിന്റെ ഭരണ കാലത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ ആസ്ഥാനമായ കോഴിക്കോട് ഹിറാ സെൻ്ററിൽ പോലീസ് റെയ്ഡ് നടക്കുന്നതോടെയാണ് ജമാഅത്തെ ഇസ്‌ലാമി ഇടത് പക്ഷത്ത് നിന്ന് അകലാൻ തുടങ്ങുന്നത്. ഇംഗ്ലണ്ടിൽ അച്ചടിച്ച് പ്രചരിപ്പിച്ച, കശ്‌മീരുമായി ബന്ധപ്പെട്ട, ഇന്ത്യാ വിരുദ്ധമായ, ഒരു പുസ്തകം നിരോധിത സംഘടനയായ സിമി പ്രവർത്തകന്റെ കൈയിൽ നിന്ന് കണ്ടെടുത്തതുമായി ബന്ധപ്പെട്ട് എറണാകുളം നോർത്ത് പോലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിമിയുടെ ആദ്യകാല രക്ഷകർത്താക്കളായ ജമാത്തെ ഇസ്‌ലാമി അന്വേഷണത്തിന്റെ പരിധിയിൽ വന്നു.
ആ പുസ്തകത്തിന്റെ സ്രോതസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഹിറാ സെൻ്ററിലെ ഓഫീസ് ലൈബ്രറി റെയ്ഡിലേക്ക് വരെ നീണ്ടു. ജമാഅത്തെ ഇസ്‌ലാമി കശ്മീരിനെ ഇന്ത്യൻ ഭാഗമായല്ല കാണുന്നതെന്ന ചർച്ചകൾ അക്കാലത്ത് ഉയർന്ന് വന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി ഓരോ രാജ്യങ്ങളിലും വെവ്വേറെ കമ്മിറ്റികൾ ഉള്ളത് പോലെ കശ്മീർ ജമാഅത്തെ ഇസ്‌ലാമിക്ക് എന്ത് കൊണ്ട് ഇന്ത്യയിൽ നിന്ന് ഭിന്നമായി മറ്റൊരു കമ്മിറ്റി പ്രവർത്തിക്കുന്നു എന്നൊരു ചോദ്യവും ഉയർന്ന് വന്നു. ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയും അവരുടെ ആശയങ്ങളും പൊതു സമൂഹത്തിൽ ചർച്ചയാകുന്നതിന് ഹിറാ സെൻ്റർ റെയ്ഡ് ഒരു കാരണമായി.

കേരളീയ പൊതു സമൂഹത്തിൽ തങ്ങൾക്ക് നേരെ ഉയരുന്ന പ്രതിരോധം ജമാഅത്തെ ഇസ്ലാമിക്ക് മനസിലാകുന്നുണ്ടായിരുന്നു. മാധ്യമം പത്രമുപയോഗിച്ച് മുസ്‌ലിം സമൂഹത്തിനിടയിൽ നന്നായി കടന്ന് കയറാനും മുസ്‌ലിം വിഷയങ്ങളിൽ ആഗോള ഇസ്ലാമിസ്റ്റ് വീക്ഷണങ്ങൾ പ്രചരിപ്പിക്കുന്നതിനും ജമാത്തെ ഇസ്ലാമിക്ക് സാധിച്ചിരുന്നു. ശരീഅത്ത് വിവാദ കാലത്ത് കേരളത്തിലെ മുസ്ലിംകൾക്കായി ഒരു പൊതു പത്രം വേണമെന്ന അജണ്ട ഏറ്റെടുത്ത് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി മാധ്യമം പത്രം സ്ഥാപിക്കുന്നത്. കേരളത്തിന്റെ പൊതു സമൂഹത്തിൽ നിന്ന് രാഷ്ട്രീയമായി തങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള വിമർശനങ്ങളെയും ആക്ഷേപങ്ങളെയും നേരിടാൻ 'മാധ്യമം മോഡൽ' ഒരു രാഷ്ട്രീയ പ്രതിരോധത്തെ സംബന്ധിച്ച് ജമാത്തെ ഇസ്‌ലാമി ആലോചിച്ച് തുടങ്ങുന്നത് ഇവിടെ നിന്നാണ്.
മുസ്‌ലിം ലീഗിനെ പിണക്കിയും മറ്റ് മുസ്‌ലിം സംഘടനകളുടെ പഴി കേട്ടും മലബാർ ഭാഗങ്ങളിൽ ഇടത് പക്ഷത്തിനൊപ്പം നിന്ന ജമാഅത്തെ ഇസ്ലാമിക്ക് ഒരു സന്ദിഗ്ധ ഘട്ടത്തിൽ സിപിഎം തങ്ങളെ സഹായിക്കാത്തതിൽ വലിയ നീരസമുണ്ടായിരുന്നു. അവിടെ നിന്നുള്ള ആലോചനയാണ് 2011-ൽ വെൽഫെയർ പാർട്ടി എന്നൊരു രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. രംഗപടം തയാറാക്കാനും വെൽഫെയറിന്റെ രാഷ്ട്രീയം മുസ്‌ലിം സമൂഹത്തിൽ ക്രമേണ പ്രചരിപ്പിക്കുന്നതിനും അവർ മീഡിയ വൺ എന്ന പേരിൽ ഒരു ചാനലും ആരംഭിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്ക് പേരിന് ഒരു ദേശീയ കമ്മിറ്റി നിലവിലുണ്ടെങ്കിലും കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി കേരള ഘടകമാണ് അതിന്റെ മുഖ്യമായ പ്രവർത്തനങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നതും ഏകോപിപ്പിക്കുന്നതും. കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ദേശീയമായ മുഖഛായയോടെയാണ് വെൽഫെയർ പാർട്ടി രൂപീകരിക്കുന്നത്.
READ: തീവ്രവലതുപക്ഷം ആഘോഷമാക്കുന്ന
നിലമ്പൂർ ഫലം വിരൽചൂണ്ടുന്നത്…
യുഡിഎഫിൽ മുസ്ലിം ലീഗുള്ളതിന് പകരമായി മുസ്‌ലിം ദലിത് വിഭാഗങ്ങളെ നിർണായകമായി സ്വാധീനിക്കാൻ പോന്ന ഒരു പാർട്ടിയായി തങ്ങളെ പരിഗണിച്ച് വെൽഫെയർ പാർട്ടിയെ ഇടത് പക്ഷ മുന്നണിയിൽ ക്രമേണ ഉൾപ്പെടുത്തും എന്നൊരു പ്രതീക്ഷ രൂപീകരണ ഘട്ടത്തിൽ ജമാഅത്തെ ഇസ്‌ലാമിക്ക് ഉണ്ടായിരുന്നു. അക്കാലത്ത് അതിന്റെ പല പ്രവർത്തകരും അങ്ങനെ വിശ്വസിച്ചിരുന്നു. ദലിത് നേതാക്കളെ കൂടി നേതൃതലത്തിൽ ഉൾപ്പെടുത്തിയാണ് പാർട്ടിക്ക് ഒരു പ്രോ ദലിത് മുഖം ഉണ്ടാക്കാൻ അവർ ശ്രമിച്ചത്. പക്ഷെ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. ഒരു മത സംഘടന, അതും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലർത്തുന്ന, മതരാഷ്ട്ര ആശയങ്ങളെ ഉൾകൊള്ളുന്നതെന്ന വിമർശനങ്ങളുള്ള ഒന്ന്, അവരുടെ ആസ്ഥാനത്തിരുന്ന രൂപീകരിച്ച ഒരു പ്രോക്സി പാർട്ടിയെ അംഗീകരിച്ച് കൂടെ കൂട്ടുന്നതിന്റെ അപകടവും രാഷ്ട്രീയ ശരിയില്ലായ്മയും സിപിഎം ഉൾക്കൊണ്ടു.

ഇങ്ങിനെയൊരു മതകീയ പാർട്ടി കേരളത്തിന്റെ മതേതര രാഷ്ട്രീയ സമൂഹത്തിൽ ഇടപെടുന്നതിന്റെ അപകടത്തെ സംബന്ധിച്ച് ഇടത് പക്ഷ കക്ഷി എന്ന നിലയിൽ സിപിഎം മനസിലാക്കുകയും ചെയ്തു. ഒരു മതസംഘടന എന്ന നിലയിൽ കാണുകയും അനുഭാവപൂർവം ഇടപെടുകയും ചെയ്തിരുന്ന ജമാത്തെ ഇസ്‌ലാമിയെ ഒരു രാഷ്ട്രീയ സംഘടന എന്ന നിലയിൽ നിരാകരിക്കാൻ സിപിഎം തീരുമാനിക്കുന്നതോടെ ശരിക്കും വെൽഫെയർ പാർട്ടി പ്രതിസന്ധിയിലായി. ഇല്ലത്തൂന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന നിലയിലായി വെൽഫെയറിൻറെ രാഷ്ട്രീയ ഭാവി. തുടർന്ന് നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് നിന്ന് തങ്ങളുടെ ശക്തി ഇടത് പക്ഷത്തെ ബോധ്യപ്പെടുത്തുക എന്നൊരു അജണ്ടയുമായാണ് വെൽഫെയർ പാർട്ടി ആദ്യമായി മത്സര രംഗത്തേക്ക് ഇറങ്ങുന്നത്. അതി ദയനീയമായ പരാജയമായിരുന്നു വെൽഫെയർ ഏറ്റുവാങ്ങിയത്. മാധ്യമം പത്രമുപയോഗിച്ച് കേരളത്തിലെ ഇടത് വലത് മുന്നണികൾക്ക് ബദലായി ജനപക്ഷ രാഷ്ട്രീയം എന്ന ബാനറിൽ അർഹിക്കുന്നതിലും എത്രയോ ഇരട്ടി ഹൈപിൽ പരമാവധി വോട്ടുകൾ നേടാനായി ശ്രമം നടത്തിയെങ്കിലും അതിദയനീയമായ നിലയിൽ, സ്വയം പരിഹാസ്യപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലമാണ് അവരെ കാത്തിരുന്നത്. കേരള രാഷ്ട്രീയത്തിൽ ഒരു കോമാളിയായി മാറുകയായിരുന്നു അവർ.
സിപിഎം കടുത്ത നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ ലീഗിനോടുളള പരമ്പരാഗത ശത്രുത മാറ്റിവെച്ച് കൊണ്ട് യുഡിഎഫ് രാഷ്ട്രീയത്തെ പിന്നിൽ നിന്ന് സഹായിക്കുക എന്നൊരു സ്‌ട്രാറ്റജിയിലേക്ക് ജമാഅത്തെ ഇസ്‌ലാമി നീങ്ങാൻ തുടങ്ങി. മലബാറിൽ ഇടത് പക്ഷ രാഷ്ട്രീയം കൂടുതൽ സ്വീകാര്യമാകുകയും ലീഗിന്റെ കോട്ടകൾ എന്നറിയപ്പെടുന്ന ഇടങ്ങളിൽ പോലും സിപിഎം കടന്ന് കയറാൻ ആരംഭിക്കുകയും ചെയ്തത് കഴിഞ്ഞ പത്ത് കൊല്ലം കൊണ്ട് സംഭവിച്ച വലിയൊരു മാറ്റമായിരുന്നു. സ്വഭാവികമായും അത് ലീഗിനുണ്ടാക്കുന്ന വേവലാതികൾ ഊഹിക്കാവുന്നതാണ്. കാലഹരണപ്പെട്ട നിലയിലുള്ള ഒരു ചന്ദ്രിക മാത്രമായിരുന്നു മുസ്‌ലിം ലീഗിനുള്ള മാധ്യമ മൂലധനം. മുസ്‌ലിം പൊതു സമൂഹവുമായി കാര്യമായ ആശയ വിനിമയത്തിന് സാധ്യതകൾ നഷ്ടപ്പെട്ട നിലയിൽ നിന്ന ലീഗും ജമാഅത്തെ ഇസ്‌ലാമിയും തമ്മിൽ കൈ കോർക്കുന്നത് പൊതു ശത്രുവായ സിപിഎമ്മിനെ നേരിടാനാണ്. തങ്ങളെ പിണക്കിയാൽ എങ്ങനെയായിരിക്കും പ്രതികരണമെന്ന് കാണിക്കാനാണ് ജമാത്തെ ഇസ്‌ലാമി തങ്ങളുടെ മാധ്യമവും മീഡിയാവണ്ണും ഉപയോഗിച്ച് ദിവസം മൂന്ന് നേരമെന്ന മുൻ ധാരണ പോലെ സിപിഎം വിരുദ്ധത പ്രസരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഏതൊക്കെ വാർത്തകൾ എങ്ങനെയൊക്കെ വളച്ചൊടിച്ചും വ്യാഖ്യാനിച്ചും സിപിഎമ്മിനെ പ്രഹരിക്കാനുള്ള വഴിയാക്കാമെന്ന ഗവേഷണം അതിനുള്ളിൽ നടക്കുന്നത് പോലെയാണ് ഓരോ ദിവസവും ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
ലീഗിനെ സംബന്ധിച്ചിടത്തോളം ആരായിരുന്നു അവർക്ക് വെൽഫെയർ പാർട്ടി എന്ന് പൊതു സമൂഹത്തിന് മനസിലാക്കണമെങ്കിൽ കുറെ വർഷം ഇനിയും കഴിയണം. നിലവിൽ സിപിഎമ്മിനെ അടിക്കാനുള്ള ഒരു മാർഗവും മുസ്‌ലിം സമുദായത്തിലേക്ക് തങ്ങളുടെ ആശയ പ്രചാരണം ശക്തമാക്കാനുള്ള ഒരു ഉപകരണവുമാണ് അവർക്ക് ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങൾ. ആളായും വോട്ടായും കാര്യമായി ആരും കൂടെയില്ലെങ്കിലും പ്രചാരവേലകളുടെ ഉസ്താക്കൻമാരായ ജമാഅത്തെ ഇസ്‌ലാമി വഴി സാധാരണ മുസ്‌ലിംകളുടെ ബോധ്യങ്ങളിൽ അദൃശ്യമായി സ്വാധീനം ചെലുത്താമെന്നും മുസ്‌ലിം വിഭാഗങ്ങൾ ഇടതുപക്ഷവുമായി അടുക്കുന്നത് തടയാമെന്നും അതിനായി ഈ പ്രചാരവേലകൾ ഉപയോഗപ്പെടുത്താമെന്നുമാകും ലീഗ് വിചാരിക്കുന്നത്. ചുരുക്കത്തിൽ, മുസ്‌ലിം സമൂഹത്തിൽ നിരന്തരമായി സിപിഎം വിരുദ്ധതയും കല്ലുവെച്ച നുണകളും വർഗീയ വിഷവും പ്രചരിപ്പിക്കുന്നതിനായി ലീഗിൽ നിന്ന് ഏറ്റെടുത്ത ക്വട്ടേഷൻ പണിയാണ് ജമാഅത്തെ ഇസ്‌ലാമി നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി അവർക്ക് ലഭിച്ചിരിക്കുന്ന പ്രതിഫലമാണ് യുഡിഎഫ് പ്രവേശമെന്ന ബംബർ ഓഫർ. ഈ ക്വട്ടേഷൻ വർക്ക് പൂർത്തിയാക്കാൻ വേണ്ടിയാണ് എല്ലാറ്റിലും വർഗീയത ചികഞ്ഞും, സിപിഎമ്മിനെയും അതിന്റെ നേതാക്കളെയും ആർഎസ്എസുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചും, സിപിഎം മുസ്‌ലിം വിരുദ്ധമമാണെന്ന നുണകൾ ആവർത്തിച്ചും ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ മാധ്യമ പ്രവർത്തകരെക്കൊണ്ട് ഓവർടൈം പണിയെടുപ്പിച്ച് കൊണ്ടിരിക്കുന്നത്.

ലീഗിനെയും ജമാത്തെ ഇസ്‌ലാമിയേയും സംബന്ധിച്ചേടത്തോളം അവർ പരസ്പരം അറിഞ്ഞ് നടത്തുന്ന ഏർപ്പാടുകളാണ് ഇവയൊക്കെ. യഥാർത്ഥത്തിൽ കെണിയിൽ പെടാൻ പോകുന്നത് കോൺഗ്രസാണ്. അന്ധൻ ആനയെ കാണുന്നത് പോലെയാണ് ജമാഅത്തെ ഇസ്‌ലാമിയെ അവർ കാണുന്നത്. ഒരിക്കൽ തപ്പി നോക്കുമ്പോൾ തൂണായും പിന്നീട് തപ്പി നോക്കുമ്പോൾ ചൂലായുമൊക്കെയേ അവർക്ക് ജമാത്തെ ഇസ്‌ലാമിയെ അനുഭവപ്പെടുന്നുള്ളൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം സമുദായം കൂടെ നിന്നത് കൊണ്ടാണ് ഇടത് പക്ഷത്തിന് തുടർഭരണം ലഭിച്ചത് എന്ന നിരീക്ഷണം കോൺഗ്രസിനുണ്ട്. ഇത്തവണ അത് പൊളിച്ച് മുസ്‌ലിം സമുദായത്തെ തങ്ങളുടെ കൂടെ നിർത്തണം എന്നൊരജണ്ട മാത്രമാണ് അവർക്ക് മുന്നിലുള്ളത്. പത്ത് വർഷത്തെ ഭരണമില്ലായ്മയുടെ എല്ലാ ആധി വ്യാധികളും തകർച്ചയും പേറി നിൽക്കുന്ന കോൺഗ്രസിന് തത്കാലം വേണ്ടത് മുസ്‌ലിം സമുദായത്തെ സി പി എമ്മിനെതിരെ തിരിക്കാൻ പറ്റിയ ആയുധങ്ങളാണ്. അത് നിർമിച്ച് നൽകാനുള്ള ശേഷിയാണ് സിപിഎം നിരാകരിച്ച ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര ആശയത്തെ ഒട്ടും മടിയില്ലാതെയും മുൻ-പിൻ നോക്കാതെയും ആശ്ലേഷിക്കാൻ കോൺഗ്രസിനെ പ്രേരിക്കുന്നത്.
READ: നിലമ്പൂരിൽ
ദുരധികാരത്തിനെതിരായ
ജനവിധി
ഒരു പഞ്ചായത്ത് പോലും തികച്ച് ഭരിക്കാൻ സാധിക്കാത്ത ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയെ ഇത്ര മാത്രം ഫോക്കസ് ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ഒട്ടും നിഷ്കളങ്കമല്ല. വിധ്വംസക ആശയങ്ങൾ ചെറുതും വലുതും എല്ലാം അപകടകരമാണ്. രാജ്യം ഭരിക്കാൻ ശേഷിയുള്ള വിധം വളർന്ന് നിൽക്കുന്ന ആർഎസ്എസുമായി താരതമ്യം ചെയ്യുമ്പോൾ ജമാഅത്തെ ഇസ്‌ലാമി അശുക്കളാണ്. പക്ഷേ മൂർഖനോളം വിഷമില്ലെന്ന് കരുതി മൂർഖന്റെ കുഞ്ഞിനെ അവഗണിക്കുന്നത് പോലെയാണ് ജമാഅത്തെ ഇസ്‌ലാമി ലീഗിന്റെയും കോൺഗ്രസിന്റെയും ചുമലിലേറി കേരളത്തിന്റെ മതേതര രാഷ്ട്രീയത്തിലേക്ക് ഒളിച്ച് കടന്ന് വരുന്നത്. ഒരു ആശയം അപകടകരമാണോ അല്ലയോ എന്ന് മനസിലാക്കുന്നത് അവർ ഭൂരിപക്ഷമാണോ ന്യൂനപക്ഷമാണോ എന്ന് നോക്കിയല്ല. ഇനി ഭൂരിപക്ഷ, ന്യൂനപക്ഷ കണക്കുകൾ നോക്കിത്തന്നെ ജമാഅത്തെ ഇസ്‌ലാമിയെ വിലയിരുത്തണം എന്ന നിർബന്ധ ബുദ്ധിയുള്ളവർക്ക് നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശും ഒരു സ്‌പെസിമനാണ്. അവിടങ്ങളിൽ അക്രമങ്ങൾക്കും ന്യൂനപക്ഷ വേട്ടക്കും കൊലപാതകങ്ങൾക്കും കുറ്റപത്രം ലഭിച്ച് വിചാരണ നേരിട്ട് വധ ശിക്ഷക്ക് വരെ വിധിക്കപ്പെട്ട ഡസൻ കണക്കിന് നേതാക്കളുടെ പേരെടുത്ത് പറയാൻ സാധിക്കും. ഇക്കാര്യം പറയുമ്പോൾ ഇന്ത്യയിലെ ഹിന്ദുത്വ കക്ഷികൾക്ക് അവരുടെ ശിക്ഷിക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്ത നേതാക്കളെ സംബന്ധിച്ച് പറയാനുള്ള അതേ ന്യായം തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിക്കും പറയാനുള്ളത്.
ചുരുക്കത്തിൽ, ലീഗിനോടും കോൺഗ്രസിനോടും കേരളത്തിലെ മതേതര ബോധമുള്ള മുഴുവൻ മനുഷ്യർക്കും പറയാനുള്ളത് ഇതാണ്. പാമ്പിന്റെ കുഞ്ഞിന്റെ പാട്ട് കേട്ട് അതിന് പാല് കൊടുക്കരുത്. ഉഗ്രവിഷം പൂണ്ട് അത് തിരികെ കൊത്തും. ഒരു പക്ഷെ യുഡിഎഫിനൊപ്പം നിൽക്കുന്ന സാധാരണക്കാരും കാര്യം മനസിലാക്കുന്ന നേതാക്കളും രാഷ്ട്രീയ പക്ഷപാതിത്വവും വിധേയത്വവും കൊണ്ട് ഇക്കാര്യങ്ങൾ ഉറക്കെ പറയുന്നില്ല എന്നേ ഉള്ളൂ. പക്ഷേ ആ കൊത്ത് കൊള്ളുന്നത് യുഡിഎഫുകാർക്ക് മാത്രമല്ല, പതിറ്റാണ്ടുകൾ കൊണ്ട് ഒരു ജനത നിരന്തരമായ പ്രതിരോധവും പോരാട്ടവും കൊണ്ട് കെട്ടിയുയർത്തിയ മതേതര ഘടനക്ക് തന്നെയാണ്. മാനിഷാദ! കോൺഗ്രസേ മാനിഷാദ!
