പുത്തൻ വലതുപക്ഷത്തിന്റെ
25 വർഷങ്ങൾ

21-ാം നൂറ്റാണ്ടിലെ ആദ്യ 25 വർഷങ്ങളിലെ മലയാളി; ദാമോദർ പ്രസാദ് എഴുതുന്ന പരമ്പരയുടെ നാലാം ഭാഗം.

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 4

സ്ലാം ഭീതിയുടെ 25 വർഷങ്ങളാണ് കഴിഞ്ഞുപോയത്. ജിഹാദിസ്റ്റ് ഭീതിയായി, കുടിയേറ്റ ഭീതിയായി, സംസ്കാരലോപന ഭീതിയായി, ജനസംഖ്യാപരിവർത്തന ഭീതിയായി, ഉദാരവാദ ജനാധിപത്യ ധ്വംസന ഭീതിയായി, വായുവിലും ഭക്ഷണത്തിലും കലരുന്ന വൈറസകളുടെ ഭീഷണിയായി- ഇതെല്ലം ആവിഷ്കൃതമാകുന്ന ലവ് ജിഹാദായി, ഹലാൽ പ്രശ്നമായി. ബുർഖാധിപത്യമായി, തൊഴിൽ ജിഹാദായി, നാർക്കോട്ടിക് ജിഹാദായി, ഏതിനൊപ്പവും ചേർക്കാവുന്ന ജിഹാദായി പല പ്രകാരങ്ങളിലും കഴിഞ്ഞ 25 വർഷങ്ങളിൽ ലോകത്തും ഇന്ത്യയിലും കേരളത്തിലും വലതുപക്ഷ രാഷ്‌ടീയത്തിന്റെ കുന്തമുനയായി ഇസ്ലാം / മുസ്ലിം വിരുദ്ധത ഇത്രയധികം തഴച്ചുവളർന്ന മറ്റൊരു കാലഘട്ടവുമില്ല.

സാംസ്‌കാരിക ദേശീയവാദത്തിനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിനും ലിബറൽ ജനാധിപത്യത്തിന്റെ വെണ്ണീറിൽനിന്ന് ഉയർന്നെണീക്കാൻ പ്രധാന പ്രചോദനമായത് ഇസ്ലാം ഭീതിയുടെ രാഷ്‌ടീയമാണ്. സിവിലിയൻ ആക്രമണം നടത്തിയും ആത്മഹത്യാ സ്‌ക്വാഡിലൂടെയുള്ള ജിഹാദിസ്റ്റ് ഭീകരപ്രവർത്തനങ്ങളിലൂടെയും ഇസ്ലാം ഭീതിയുടെ രാഷ്ട്രീയത്തിന് സാധൂകരണവും നൽകി. കഴിഞ്ഞ 25 വർഷത്തെ സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളിലും ആശയങ്ങളുടെ തലത്തിലും വലതുപക്ഷം പിടിമുറുക്കിയത് ഇസ്ലാമികവൽക്കരണത്തിന്റെ വ്യാജകഥകൾ നിർമ്മിച്ചാണ്.

വായിക്കാം, കേൾക്കാം: 21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി

കാലാവസ്ഥാമാറ്റവും
നിർമിതബുദ്ധിയും;
മലയാളി വേവലാതികളെന്ന
നിലയിൽ

മലയാളിയുടെ
മാധ്യമാസക്തിയുടെ
Algorithm

ഇസ്ലാമിനും മുസ്ലിം സമുദായത്തിനും അതുവരെയില്ലാതിരുന്ന പുതിയ ദൃശ്യത നൽകി എന്നു മാത്രമല്ല, പഴയ ദേശീയവാദി മുസ്ലിം / അല്ലാത്ത (?) മുസ്ലിം എന്ന വിഭജനത്തിനു പകരമായി നല്ല മുസ്ലിം / ചീത്ത മുസ്ലിം എന്ന ഗണവൽക്കരണമുണ്ടായി. പിന്നീട് മുസ്ലിം എന്നതുതന്നെ ദേശീയതക്കും രാഷ്ട്രത്തിനും എതിരെ നിലകൊള്ളുന്ന വിശ്വാസപരമായ ഉണ്മയായി മാധ്യമവ്യവഹാരങ്ങളിലൂടെ ചിരസ്ഥിതമാക്കി. തീവ്രവലതുപക്ഷ രാഷ്ട്രീയം ദേശാതീതമായി ആഗോളതലത്തിൽ കഴിഞ്ഞ 25 വർഷം മുഖ്യമായും രാഷ്ട്രവ്യവഹാരങ്ങളിലൂടെയും രാഷ്ട്രീയവിചാരങ്ങളിലൂടെയും കടന്നുവന്നത് ഇസ്ലാംഭീതിയുടെ വിദ്വേഷാത്മകത പ്രചരിപ്പിച്ചാണ്.

ഏതിനൊപ്പവും ചേർക്കാവുന്ന ജിഹാദായി പല പ്രാകാരങ്ങളിലും കഴിഞ്ഞ 25 വർഷങ്ങളിൽ ലോകത്തും ഇന്ത്യയിലും കേരളത്തിലും വലതുപക്ഷ രാഷ്‌ടീയത്തിന്റെ കുന്തമുനയായി ഇസ്ലാം / മുസ്ലിം വിരുദ്ധത ഇത്രയധികം തഴച്ചുവളർന്നു മറ്റൊരു കാലഘട്ടവുമില്ല.
ഏതിനൊപ്പവും ചേർക്കാവുന്ന ജിഹാദായി പല പ്രാകാരങ്ങളിലും കഴിഞ്ഞ 25 വർഷങ്ങളിൽ ലോകത്തും ഇന്ത്യയിലും കേരളത്തിലും വലതുപക്ഷ രാഷ്‌ടീയത്തിന്റെ കുന്തമുനയായി ഇസ്ലാം / മുസ്ലിം വിരുദ്ധത ഇത്രയധികം തഴച്ചുവളർന്നു മറ്റൊരു കാലഘട്ടവുമില്ല.

സോവിയറ്റാനന്തര ലോകം

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ യൂറോപ്പിൽ ആവിർഭവിക്കുകയും ന്യൂനപക്ഷ ജനതയ്ക്ക് കൊടുംവിനാശമായി മാറുകയും ചെയ്ത വംശീയ ദേശീയത (ethno-nationalism) കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ പിൻവാങ്ങി. ഇതിനുപകരം ശീതസമരത്തിന്റെ പശ്ചാത്തലത്തിൽ കമ്യൂണിസത്തിന്റെ ലോകവ്യാപനമായിരുന്നു യൂറോ- അമേരിക്കൻ മുതലാളിത്തം ആശങ്കയോടെ കണ്ട രാഷ്ട്രീയ പ്രവണത.

കോളനി ഭരണത്തിൽനിന്ന് നിർമുക്തമായ ജനത സോഷ്യലിസത്തിന്റെയും മതേതര ദേശീയതയുടെയും പാതയാണ് സ്വീകരിച്ചത്. കമ്യൂണിസത്തെ മുഖ്യശത്രുവായി കണ്ട അമേരിക്കൻ മുതലാളിത്തവും പെന്റഗണും സോവിയറ്റ് കമ്യൂണിസത്തിനെതിരെയുള്ള ഏതൊരു ശക്തിയെയും പിന്തുണയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ, സയണിസം പോലുള്ള വംശീയ ദേശീയതയ്ക്കു മാത്രമല്ല, അഫ്ഗാനിലെ ഗോത്ര ഇസ്ലാമിനും അകമഴിഞ്ഞ പിന്തുണ നൽകി. ഇസ്രായേൽ സയണിസ്റ്റ് അധിനിവേശത്തിനു പരിപൂർണ പിന്തുണ നൽകുമ്പോഴും സോവിയറ്റ് വിരുദ്ധമായ മതാത്മക പ്രസ്ഥാനങ്ങൾക്ക് ആയുധവും പരിശീലനവും നൽകിയിരുന്നത് പെന്റഗണും സി ഐ എയുമായിരുന്നു.

ടെക് കേന്ദ്രിത സമ്പദ് വ്യവസ്ഥയുടെയും ആഗോളമായി വിന്യസിതമായ പുതിയ സേവന മുതലാളിത്തത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താക്കളാണ് മലയാളികൾ. ആഗോളവൽക്കരണത്തിന്റെ തന്നെ ഉപലബ്ധിയായ ഉപഭോഗ മുതലാളിത്തിലേക്ക് കേരളം ഘടിപ്പിക്കപ്പെട്ടതിന് മുഖ്യ കാരണം മലയാളിയുടെ പ്രവാസിസംസ്കാരത്തിന്റെ സ്വാധീനമാണ്.

എന്നാൽ, സോവിയറ്റ് പതനത്തിനുശേഷം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഏകധ്രുവലോകം വ്യവസ്ഥാപിതമായതോടെ അമേരിക്കൻ സാമ്രാജ്യത്വ താല്പര്യങ്ങൾ മധ്യേഷ്യയിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ചൈന സമീപകാലം വരെ അമേരിക്കയുടെ കണ്ണിലെ കരടായിരുന്നില്ല. അമേരിക്കൻ ഫാക്ടറികൾ ചൈനയിലേക്ക് മാറ്റി സ്ഥാപിക്കപ്പെടുമെന്ന ഘട്ടമായിരുന്നു തൊണ്ണൂറുകൾ അവസാനം മുതൽ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെ. സോവിയറ്റാനന്തര അമേരിക്കൻ മുതലാളിത്തത്തിന്റെ ആഗോള വിന്യാസങ്ങൾക്ക് ചൈന ഒരു ആസ്ഥാനമായിരുന്നു. സാമ്പത്തിക ഉദാരീകരണവും, അമേരിക്കൻ മുതലാളിത്തത്തിന്റെ ആഗോളീകരണവും കമ്പോള മൗലികവാദവുമാണ് പുത്തൻ വലതുപക്ഷത്തിന്റെ അടിസ്ഥാന ആശയം.

ലിബറൽ ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവുമാണ് നവയാഥാസ്ഥിതികത്വം ആയുധവില്പനയ്‌ക്കൊപ്പം മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും ജനതയ്ക്ക് വാഗ്ദാനം ചെയ്തത്. പുത്തൻ വലതുപക്ഷം അഥവാ നവയാഥാസ്ഥിതികത്വം ലിബറൽ ജനാധിപത്യവും അനുബന്ധമായ ശ്വേതാധികാര മനുഷ്യാവകാശവും പാശ്ചാത്യ സംസ്കാരപദ്ധതിയായാണ് ആവിഷ്ക്കരിച്ചത്. ലോക രാജ്യങ്ങൾ സാമ്പത്തിക ഉദാരീകരണത്തിന്റെ പാത സ്വീകരിച്ച് ആഗോളവൽക്കരിക്കുകയും പാശ്ചാത്യ നാഗരികതയുടെ മാതൃകയിൽ സമൂഹങ്ങളെ പുനർനിർമ്മിക്കുകയും ചെയ്യുക എന്നതാണ് പുത്തൻ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉട്ടോപിക്ക് വിഭാവനം. പാശ്ചാത്യ നാഗരികതകളൊന്നും സാംസ്കാരിക വൈവിധ്യങ്ങളുടെ ഉൾപ്രേരണകളായി സമ്പന്നമായിരുന്നില്ല; ഏകശിലാ നിർമിതികളായിരുന്നു. മതവിശ്വാസത്തിൽ നിന്ന് മുക്തമായിരിക്കുന്നുവെന്നു പറയുമ്പോഴും സാംസ്‌കാരികമായി ക്രൈസ്തവമായിരുന്നു (cultural Christian).

നവലിബറൽ ആഗോളവൽക്കരണ പ്രവണതയെ ത്വരിതപ്പെടുത്തിയത് സാങ്കേതികവിദ്യയിലുണ്ടായ അഭൂതപൂർവമായ മുന്നേറ്റങ്ങളാണ്. വിച്ഛേദാത്മക സാങ്കേതികവിദ്യകൾ എന്ന നിലയിൽ ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകൾ ലോകമാകെ പടർത്തിയത് സിലിക്കൺ താഴ്‌വര ആസ്ഥാനമാക്കിയുള്ള അമേരിക്കൻ ടെക് കമ്പനികളാണ്. എല്ലാം അവരുടെ ഗവേഷണ ലാബുകളിലോ അല്ലെങ്കിൽ സർവകലാശാലതലത്തിലെ ഗവേഷണ കണ്ടുപിടുത്തങ്ങളോ ആയിരുന്നു എന്നത് വസ്തുതയാണ്. ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ മാതൃകയാക്കിയതും ഈ വലതുപക്ഷ പ്രചോദിതമായ ആഗോളവൽക്കരണമാണ്.

 പാശ്ചാത്യ നാഗരികതകളൊന്നും സാംസ്കാരിക വൈവിധ്യങ്ങളുടെ ഉൾപ്രേരണകളായി സമ്പനായിരുന്നില്ല; ഏകശില നിർമിതികളായിരുന്നു. മതവിശ്വാസത്തിൽ നിന്നും മുക്തമായിരിക്കുന്നുവെന്നു പറയുമ്പോഴും സാംസ്‌കാരികമായി ക്രൈസ്തവമായിരുന്നു
പാശ്ചാത്യ നാഗരികതകളൊന്നും സാംസ്കാരിക വൈവിധ്യങ്ങളുടെ ഉൾപ്രേരണകളായി സമ്പനായിരുന്നില്ല; ഏകശില നിർമിതികളായിരുന്നു. മതവിശ്വാസത്തിൽ നിന്നും മുക്തമായിരിക്കുന്നുവെന്നു പറയുമ്പോഴും സാംസ്‌കാരികമായി ക്രൈസ്തവമായിരുന്നു

സോഷ്യലിസ്റ്റ് ആരാധകനായ
ഉപഭോഗ മലയാളി:
ചില കേരള ​വൈരുദ്ധ്യങ്ങൾ

ടെക് കേന്ദ്രിത സമ്പദ് വ്യവസ്ഥയുടെയും ആഗോളമായി വിന്യസിതമായ പുതിയ സേവനമുതലാളിത്തത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താക്കളാണ് മലയാളികൾ. ആഗോളവൽക്കരണത്തിന്റെ തന്നെ ഉപലബ്ധിയായ ഉപഭോഗ മുതലാളിത്തിലേക്ക് കേരളം ഘടിപ്പിക്കപ്പെട്ടതിന് മുഖ്യ കാരണം മലയാളിയുടെ പ്രവാസിസംസ്കാരത്തിന്റെ സ്വാധീനമാണ്. നവഉദാരമുതലാളിത്തത്തിന്റെ ഗുണഭോക്താക്കളും ഗുണകാംക്ഷികളുമായിട്ടും പല ഗ്രേഡിലുമുള്ള ഇടതുപക്ഷ ആശയങ്ങളെയും സംഘടനകളെയും സംരക്ഷിക്കാനും മലയാളികൾ ആവേശം കാണിച്ചു. ഒരു വശത്ത്, ആഗോളീകൃത മുതലാളിത്തത്തെ ജീവിതവ്യവസ്ഥകളിലേക്കെല്ലാം ആവാഹിച്ച മലയാളി, മറുവശത്ത്, ആശയപരമായ ഉപരിതലലോകത്തിൽ മുതലാളിത്തവിരുദ്ധമായ സോഷ്യലിസ്റ്റ് ആശയങ്ങളുടെ ആരാധകനുമായി. മലയാളിയുടെ കലയും സാഹിത്യരചനകളും സാംസ്കാരിക ജീവിതവും മുതലാളിത്ത വിമർശനവും സെക്യുലർ ഇടതുപക്ഷചായ്‌വും പ്രകടമാക്കിയപ്പോൾ സ്വകാര്യ സാമൂഹിക ജീവിതത്തിൽ ഉപഭോഗ ബ്രാൻഡ് മുതലാളിത്തത്തിൽ അഭിനിവേശം കൊണ്ടു. അണ്ടർവയർ മുതൽ കണ്ണടഫ്രെയിം വരെ ഇതു പ്രദർശനാത്മകമാക്കി.

കേരളത്തിൽ അവശേഷിച്ചിരുന്ന ഫ്യൂഡൽ സാമൂഹികഘടനയെ തകർക്കാൻ എൺപതുകൾക്കുശേഷമുണ്ടായ സാമ്പത്തിക ഉണർവ്, സാമൂഹികമായി ജാതിപരത അനുഭവപ്പെട്ട വ്യത്യസ്ത ശ്രേണിയിൽപ്പെട്ട സാമൂഹികവിഭാഗങ്ങൾക്ക് ആഗോളീകരണത്തെയും ഉപഭോഗമുതലാളിത്തത്തെയും സ്വീകരിക്കുന്നതിൽ ഒരു പ്രേരണയായിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷം, പ്രത്യേകിച്ച് സി പി എം, അഭിമുഖീകരിച്ച ഒരു മുഖ്യസമസ്യ കേരളത്തിൽ ഈ സവിശേഷമായ സാമൂഹിക മാറ്റത്തെയും പുതിയ പൗരസംസ്കാരത്തെയും എങ്ങനെ ഉൾക്കൊള്ളണമെന്ന കാര്യത്തിലാണ്. മലയാളിയുടെ സകലമാന വൈരുധ്യങ്ങളും അതേയളവിൽ പ്രകടമാക്കുന്ന ഏക ജനകീയ പ്രസ്ഥാനം സി പി എം തന്നെയാണ്; കാൽനൂറ്റാണ്ടിനും മുമ്പും അങ്ങനെ തന്നെ.

മലയാളി ഡയസ്പോറാ സമൂഹം കേരളത്തിന്റെ നാഗരികവൽക്കരണത്തെ ത്വരിതപ്പെടുത്തുകയും നവമാധ്യമങ്ങളിലൂടെ കേരളത്തെ സാംസ്കാരിക ആഗോളവൽക്കരണത്തിന്റെ അവിഭാജ്യഭാഗമാക്കുകയും ചെയ്തു. കേരളത്തിലേക്ക് വലതുപക്ഷ ആശയങ്ങൾ കടന്നുവന്നതും പ്രധാനമായും ഈ ഉപാധികളിലൂടെയാണ്.

കേരളത്തിൽ മാത്രമല്ല ലോകത്തെവിടെയും കഴിഞ്ഞ 25 വർഷങ്ങളിൽ വികസിതമായ നാഗരിക ജീവിതത്തിലെ മുഖ്യമായ ഘടകം നവമാധ്യമ സാങ്കേതികവിദ്യയുടെ വർദ്ധിതമായ ഉപയോഗവും ഉപഭോഗവുമാണ്. കേരളത്തെ സംബന്ധിച്ചാണെങ്കിൽ മലയാളി ഡയസ്പോറാ (diaspora) സമൂഹം കേരളത്തിന്റെ നാഗരികവൽക്കരണത്തെ ത്വരിതപ്പെടുത്തുകയും നവമാധ്യമങ്ങളിലൂടെ കേരളത്തെ സാംസ്കാരിക ആഗോളവൽക്കരണത്തിന്റെ അവിഭാജ്യഭാഗമാക്കുകയും ചെയ്തു. കേരളത്തിലേക്ക് വലതുപക്ഷ ആശയങ്ങൾ കടന്നുവന്നതും പ്രധാനമായും ഈ ഉപാധികളിലൂടെയാണ്. ഉത്തരേന്ത്യൻ ഉത്സവങ്ങൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തപ്പോൾ ഹിന്ദുത്വ രാഷ്ട്രീയം അവരുടെ സംഘടനാപരമായ സാന്നിധ്യം അറിയിച്ചുവെന്നത് വസ്തുതയാണ്. എങ്കിൽ തന്നെയും, അതിനപ്പുറം കേരളത്തിന്റെ സംസ്കാരത്തിന്റെ സൂക്ഷ്മസ്ഥലികളിലേക്ക് വലതുപക്ഷ ആശയങ്ങളെ പടർത്താൻ അവർക്ക് ഇതുവഴി സാധിച്ചിരുന്നില്ല. എന്നാൽ, ആഗോളീകൃതമായ മലയാളിയുടെ പുത്തൻ അവസ്ഥകൾ ആഗോളതലത്തിൽ വിന്യസിക്കപ്പെട്ടിരുന്ന നവയാഥാസ്ഥിതിക ആശയങ്ങളെയും അതിന്റെ തന്നെ ഭാഗമായ ഇസ്ലാം ഭീതിയുടെയും വ്യാപനത്തിനും പ്രേരകമായി.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാനാശയങ്ങളായ തീവ്ര ദേശീയത, വംശീയത, കുടിയേറ്റ വിരുദ്ധത, മത -ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള അവജ്ഞയും വെറുപ്പും, ഏകാധിപത്യ ഭരണത്തോടോ പട്ടാള ഭരണത്തോടോ ഉള്ള ആഭിമുഖ്യം, സ്വേച്ഛാധിപതികളോടുള്ള വീരാരാധന, ഏകാധിപതികൾക്ക് മാത്രമേ ദേശീയ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്ന സാമാന്യബോധ്യം, വിദ്വേഷഭാഷണം സ്വതന്ത്രഭാഷണമെന്ന നിലയുള്ള ന്യായീകരണം, സാങ്കേതികവിദ്യകൾ നിയന്ത്രണാതീതമായി ഉപയോഗിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള വാചാലത, ഭൂതകാലത്തെക്കുറിച്ചുള്ള നിർമിത പാരമ്പര്യത്തെ മുൻനിർത്തി കുടിയേറ്റക്കാർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും സാമൂഹ്യ പിന്നാക്ക വിഭാഗങ്ങൾക്കുമെതിരെ അക്രമം അഴിച്ചുവിടൽ, മിനിമം സർക്കാർ എന്ന അജണ്ടയുടെ അടിസ്ഥാനത്തിലുള്ള ഭരണനിർവഹണത്തിനായി നിലകൊള്ളൽ, കോർപറേറ്റ് വരേണ്യ ഒളിഗാർക്കി ഭരണക്രമത്തിന്റെ കാര്യക്ഷമതയെ വാഴ്ത്തൽ, ന്യൂനപക്ഷ വിരുദ്ധമായ നിയമനങ്ങൾ സാമൂഹികാവശ്യങ്ങളായി പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള പ്രയത്നം, ധൈഷണിക- അക്കാദമിക് വിരുദ്ധ കലാലയങ്ങളെ സൃഷ്ടിക്കൽ, നിയമങ്ങളെ ആയുധവൽക്കരിക്കൽ- വലതുപക്ഷത്തിന്റെ ആഗോള ആവശ്യസംഹിത മൊത്തമായി മലയാളിയെ ഇക്കഴിഞ്ഞ കാലയളവിൽ വശംവദമാക്കിയിട്ടുണ്ട്. അതേസമയം, ഈ ആശയപ്രയോഗങ്ങൾ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ സംഘടനാശേഷിപ്പിലൂടെ നടപ്പാക്കാനാകുമോ എന്നതാണ് നവയാഥാസ്ഥിതികത്വം ആരായുന്നത്. ഇതാണ് കേരളം അഭിമുഖീകരിക്കുന്ന ഒരു പാരഡോക്സ്.

മലയാളിയുടെ സകലമാന വൈരുധ്യങ്ങളും അതേയളവിൽ പ്രകടമാക്കുന്ന ഏക ജനകീയ പ്രസ്ഥാനം സി പി എം തന്നെയാണ്- കാൽനൂറ്റാണ്ടിനും മുമ്പും അങ്ങനെ തന്നെ.
മലയാളിയുടെ സകലമാന വൈരുധ്യങ്ങളും അതേയളവിൽ പ്രകടമാക്കുന്ന ഏക ജനകീയ പ്രസ്ഥാനം സി പി എം തന്നെയാണ്- കാൽനൂറ്റാണ്ടിനും മുമ്പും അങ്ങനെ തന്നെ.

സംസ്കൃതിയുദ്ധം

കഴിഞ്ഞ 25 വർഷം കൊണ്ട് രൂപപ്പെട്ട ആശ്യങ്ങളല്ല ഇതൊക്കെ. എങ്കിലും ഈ ആശയങ്ങളുടെ പുനരുത്ഥാനതന്തിന് 21-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ലോകം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് 20-ാം നൂറ്റാണ്ടിൽൽ, ഇത്തരം വലതുപക്ഷ ആശയങ്ങൾ വികസിതമായ സന്ദർഭമല്ല, 21-ാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ. ആഗോളീയമായി ഈ ആശയങ്ങൾ പ്രചുരപ്രചാരം നേടിയത് ഭീകരതയ്ക്കെതിരായ അമേരിക്കയുടെ യുദ്ധപ്രഖ്യാപനത്തോടെയാണ്. എന്നാൽ, ഈ ആശയങ്ങൾക്ക് പ്രയോഗക്ഷമമായ ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഉദ്യമങ്ങൾ ഇതിനെ മുമ്പേ ആരംഭിച്ചിരുന്നു.

ഭീകരതയ്ക്കെതിരെയുള്ള യുദ്ധം ഒരു സംസ്കൃതിതല യുദ്ധമായി (civllizational war) പാശ്ചാത്യലോകം പൊതുബോധ്യത്തിലേക്ക് വിലയിപ്പിച്ചിരുന്നു. ലിബറൽ ആശയങ്ങളുടെ മറവിലാണ് തീവ്രവലതുപക്ഷ രാഷ്ട്രീയം അരങ്ങത്ത് പുനരുത്ഥാനം ചെയ്തത്. സാമുവൽ ഹണ്ടിങ്ടന്റെ Clash of Civilization തീസിസാണ് അമേരിക്കയിലെയും യൂറോപ്പിലെയും പൗരസ്ത്യവാദപരവും ഇസ്ളാം വിരുദ്ധവും കുടിയേറ്റവിരുദ്ധവുമായ ലോകവീക്ഷണത്തിന്റെ അടിസ്ഥാനമായത്. കമ്യൂണിസത്തെ യൂറോ- അമേരിക്കൻ രാഷ്ട്രീയത്തിന്റെ പ്രതിസ്ഥാനത്തുനിന്ന് നീക്കി സാംസ്കാരിക ദേശീയതയുടെ വിശ്വാസപ്രമാണങ്ങളുമായി സംയോജിപ്പിച്ച് സംസ്കൃതിയുദ്ധത്തെ പ്രാമാണികമായ ഒരാശയമായി വ്യവസ്ഥപ്പെടുത്തുകയായിരുന്നു.

കമ്യൂണിസത്തെ രാഷ്ട്രീയമായൊരു അധിനിവേശമായാണ് യൂറോ- അമേരിക്കൻ ബൂർഷ്വാസി കണ്ടതെങ്കിലും സംസ്കാരപരമായും ജ്ഞാനപദ്ധതി എന്ന നിലയിലും കമ്യൂണിസം അഥവാ 20-ാം നൂറ്റാണ്ടിലെ ശാസ്ത്രീയ സോഷ്യലിസം പിറവികൊണ്ടത് യൂറോപ്യൻ പ്രബുദ്ധതാ പാരമ്പര്യത്തിൽ നിന്നാകയാൽ സാംസ്കാരികമായി അതിനെ ചെറുക്കുക എളുപ്പമായിരുന്നില്ല. ബോൾഷെവിക് പ്രസ്ഥാനം യൂറോപ്യൻ രാഷ്ട്രീയ സംസ്കാരത്തിനു ചേർന്നതല്ലെന്നും അത് യൂറോ ഇതരമായ രാഷ്ട്രീയ പ്രയോഗവും ഭരണകൂട സങ്കൽപനവുമാണെന്നു വാദിക്കുക മാത്രമാണ് വലതുപക്ഷചിന്തകർ ചെയ്തത്. ജോസഫ് സ്റ്റാലിനോടുള്ള എതിർപ്പിലെ പ്രധാന ഘടകം, സ്റ്റാലിൻ പൗരസ്ത്യമാതൃകയിലുള്ള (Asiatic despot) സ്വേച്ഛാധിപതിയായിരുന്നു എന്നതായിരുന്നുവല്ലേ.

കമ്യൂണിസത്തിനു പകരമായി ഇസ്ലാമിനെ നേരിടാൻ കൂടുതൽ എളുപ്പമാക്കിയത് വിശ്വാസപരമായും ആചാരപരമായും അത് പാശ്ചാത്യേതരമാണ് എന്നതാണ്.

കമ്യൂണിസത്തിനു പകരമായി ഇസ്ലാമിനെ നേരിടാൻ കൂടുതൽ എളുപ്പമാക്കിയത് വിശ്വാസപരമായും ആചാരപരമായും അത് പാശ്ചാത്യേതരമാണ് എന്നതാണ്. ഇസ്ലാമിന്റെ സർവലൗകികത പടിഞ്ഞാറിൽ ഉദിച്ചതല്ല. ഇസ്ലാമിനെ അപരവൽക്കരിച്ചുകൊണ്ടുള്ള സാമുവൽ ഹണ്ടിങ്ടന്റെ സംസ്കൃതിയുദ്ധം എന്ന ആശയത്തിന്റെ മൂലാശയത്തെ വേർതിരിച്ചു വ്യക്തമാക്കി ദീർഘവീക്ഷണത്തോടെ എഡ്വേഡ് സെയ്ദ് ഉയർത്തുന്ന വിമർശം ഈ കഴിഞ്ഞ 25 വർഷത്തെ വലതുപക്ഷ രാഷ്ട്രീയത്തെ വേർതിരിച്ചറിയാൻ സഹായകമാണ്:

"ഇന്നത്തെ യൂറോപ്പിലും അമേരിക്കയിലും ഇസ്ലാം എന്ന് വിശേഷിപ്പിക്കപ്പെടുന്നിടത്താണ് സംസ്കൃതികളുടെ സംഘർഷത്തിന്റെ കേന്ദ്രം. എന്റെ അഭിപ്രായത്തിൽ, ഇസ്ലാം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഓറിയന്റലിസത്തിന്റെ വ്യവഹാരത്തിൽ പെടുന്നു, ലോകത്തിന്റെ എണ്ണയ്ക്ക് തന്ത്രപരമായി പ്രാധാന്യമുള്ള ഒരു ഭാഗത്തിനെതിരെ ശത്രുതയും വിദ്വേഷവും വളർത്തുന്നതിനായി കെട്ടിച്ചമച്ച ഒരു നിർമ്മിതി. അത് ക്രിസ്തുമതത്തോടുള്ള അടുപ്പത്തെ ഭീഷണിപ്പെടുത്തുന്നു, പാശ്ചാത്യ രാജ്യങ്ങളുമായുള്ള മത്സരത്തിന്റെ ശക്തമായ ചരിത്രവും ഓർമപ്പെടുത്തുന്നു. എന്നിരുന്നാലും, വിശ്വാസം വളരെ വ്യത്യസ്തമായ സംഗതിയാണ് ഈ മേഖലയിൽ ജീവിക്കുന്ന മുസ്ലീങ്ങൾക്ക്. ഇന്തോനേഷ്യയിലെ ഇസ്ലാമും ഈജിപ്തിലെ ഇസ്ലാമും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അതുപോലെ, ഇസ്‌ലാമിന്റെ അർത്ഥത്തെയും നിർവചനത്തെയും കുറിച്ചുള്ള ഇന്നത്തെ പോരാട്ടത്തിന്റെ അസ്ഥിരത ഈജിപ്തിൽ പ്രകടമാണ്. അവിടെ സമൂഹത്തിലെ മതേതര ശക്തികൾ ഇസ്ലാമിന്റെ സ്വഭാവത്തെച്ചൊല്ലി വിവിധ ഇസ്ലാമിക പ്രതിഷേധ പ്രസ്ഥാനങ്ങളുമായും പരിഷ്കർത്താക്കളുമായും സംഘർഷത്തിലാണ്. അത്തരം സാഹചര്യങ്ങളിൽ ഏറ്റവും എളുപ്പവും എന്നാൽ കൃത്യമല്ലാത്തതുമായ കാര്യം, ‘ഇസ്ലാമിന്റെ ലോകം ഇതാണ്. നോക്കൂ, അവിടെ തീവ്രവാദികളും മതമൗലികവാദികളുമാണ്, അവർ നമ്മളിൽ നിന്ന് എത്ര വ്യത്യസ്തരും യുക്തിരഹിതരുമാണെന്ന് കാണുക’ എന്ന പൊതുബോധ്യമാണ് ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തിലൂടെ ലോകകമാനം വ്യവസ്ഥപ്പെടുത്തിയത്’’.

ഏകശിലാരൂപത്തിൽ വിഭാവനം ചെയ്യപ്പെട്ട പടിഞ്ഞാറൻ സംസ്കാരത്തിന്റെ അതേ മൂശയിൽ വൈവിധ്യമാർന്ന ലോകസംസ്കാരങ്ങളെ പാശ്ചാത്യ രാഷ്ട്രീയാധികാരം രൂപകല്പന ചെയ്യാൻ ശ്രമിച്ചതിന്റെ ദുരന്തമാണ് പാശ്ചാത്യേതര സമൂഹങ്ങൾ പേറേണ്ടിവന്നത്. ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി മുസ്ലിം ഭീതിയുടെ ആഗോള വ്യാപനത്തിനുപിന്നിൽ ഒരേകീകൃത ലോകത്തെക്കുറിച്ചുള്ള അബദ്ധധാരണകളും പ്രചരിപ്പിക്കപ്പെട്ടു. സാംസ്കാരിക ദേശീയതയുടെ മിഥ്യാതനിമകളെക്കുറിച്ചു വീമ്പിളക്കിയിരുന്ന ആർ എസ് എസ് പോലുള്ള വലതുപക്ഷ പ്രസ്ഥാനങ്ങളാണ് ഈ മട്ടിലുള്ള ഏകീകൃതമായ പടിഞ്ഞാറൻ ലോകവീക്ഷണത്തിന്റെ പ്രഥമ ഉപഭോക്താക്കൾ. വലതുപക്ഷം പ്രതിനിധാനം ചെയ്യ്തിരുന്ന സാംസ്‌കാരിക ദേശീയതയ്ക്ക് (ethno-nationalism) അനുരൂപകമായിരുന്നു ഈ സാമ്രാജ്യത്വ വീക്ഷണം. ആഭ്യന്തര ശത്രുക്കളെ മുൻനിർത്തിയുള്ളതാണല്ലോ സാംസ്കാരിക ദേശീയവാദം.

സാമുവൽ ഹണ്ടിങ്ടന്റെ Clash of Civilization തീസിസാണ് അമേരിക്കയിലെയും യൂറോപ്പിലെയും പൗരസ്ത്യവാദപരവും ഇസ്ളാം വിരുദ്ധവും കുടിയേറ്റവിരുദ്ധവുമായ ലോകവീക്ഷണത്തിന്റെ അടിസ്ഥാനമായത്.
സാമുവൽ ഹണ്ടിങ്ടന്റെ Clash of Civilization തീസിസാണ് അമേരിക്കയിലെയും യൂറോപ്പിലെയും പൗരസ്ത്യവാദപരവും ഇസ്ളാം വിരുദ്ധവും കുടിയേറ്റവിരുദ്ധവുമായ ലോകവീക്ഷണത്തിന്റെ അടിസ്ഥാനമായത്.

ഇന്ത്യൻ വലതുപക്ഷത്തിന്റെ ഇന്ധനങ്ങൾ

19-ാം നൂറ്റാണ്ടിൽ ഇറ്റലിയിലെ മസ്സിനി വിഭാവനം ചെയ്ത ദേശീയതയാണ് ഇന്ത്യയിലെ ഹിന്ദു വലതുപക്ഷത്തിനു പ്രചോദനമായത്. ഹിന്ദുത്വത്തെക്കുറിച്ചുള്ള പഠനത്തിൽ ജ്യോതിർമയ ശർമ്മ പറയുന്നത്, മസ്സിനിയുടെ ആശയലോകത്തിൽ നിന്നാണ് വി.ഡി. സവർക്കർ തന്റെ ബ്രാൻഡ് ദേശീയതയ്ക്കുള്ള മൂലാശയങ്ങൾ കണ്ടെത്തിയത് എന്നാണ്. ഇന്ത്യൻ വലതുപക്ഷ സാംസ്കാരിക ദേശീയവാദത്തിന് ഇന്ത്യൻ എന്നു വിളിക്കാവുന്ന ഒന്നും തന്നെയില്ല. എല്ലാ അടിസ്ഥാന ആശയങ്ങളും പാശ്ചാത്യനിർമിതമായ ethno-nationalism-ൽ നിന്ന് സ്വീകരിച്ചതാണ്. ഇക്കാരണത്താൽ 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയുള്ള പുത്തൻ സാമ്രാജ്യത്വ അധിനിവേശത്തിനു നിദാനമായ ഇസ്ലാം ഭീതി, കുടിയേറ്റ വിരുദ്ധത, സാമ്പത്തിക ആഗോളവൽക്കരണം എന്നിവയുടെ മുഖ്യ പ്രയോജകരും പ്രയോക്താക്കളുമായത് ഇന്ത്യൻ വലതുപക്ഷമാണ്.

ഇന്ത്യൻ വലതുപക്ഷത്തിന് രാഷ്ട്രീയ അസ്ഥിവാരമിടുന്നതിന് സമ്പത്തിക ഉദാരവൽക്കരണം സുപ്രധാന ഘടകമായി. ഈ നൂറ്റാണ്ട് ആരംഭിക്കുമ്പോൾ ഇന്ത്യയിൽ അധികാരത്തിലുണ്ടായിരുന്നത് ഒരു വലതുപക്ഷ സർക്കാരാണ്. ബാബ്‌റി മസ്ജിദ് തകർക്കൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ എങ്ങനെ ദിശാസൂചകമായോ അതേപോലെ ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിഭാഗധേയത്തിനു കാരണമായി. വലതുപക്ഷം സമഗ്രമായി തന്നെ ആധിപത്യം ഉറപ്പിക്കാനുള്ള പരിശ്രമങ്ങൾ ഫലപ്രദമാകാൻ തുടങ്ങിയിരിക്കുന്നുവെന്നും ഇന്ത്യയുടെ ദേശീയതാസങ്കൽപനത്തിന് ഇതു ഭീഷണിയാണെന്നും മരുഭൂമിയിൽനിന്ന് ആദ്യമേ ഉറക്കെ വിളിച്ചുപറയാൻ യു.ആർ. അനന്തമൂർത്തിയെയും ഗിരീഷ് കർണാടിനെയും പോലെ നമ്മുടെ പ്രധാനപ്പെട്ട പല എഴുത്തുകാരുമുണ്ടായിരുന്നെങ്കിലും മാധ്യമങ്ങൾ ഇത് കേട്ടില്ലെന്നു നടിച്ചു. ഇവർ സാംസ്കാരിക വിഗ്രഹങ്ങളാകയാൽ അവരുടെ പ്രതികരണങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും അവരുടെ രാഷ്ട്രീയ വിമർശം ഗൗരവത്തിലെടുത്തില്ല. വലതുപക്ഷം അതിന്റെ ഉത്തേജിതമായ പ്രവർത്തനങ്ങളിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും വിഭജന രാഷ്ട്രീയത്തിലൂടെയും അധികാരം പിടിച്ചെടുക്കുകയായിരുന്നു.

പുത്തൻ വലതുപക്ഷമാണ് (New Right) ഈ നൂറ്റാണ്ടിൽ സമഗ്രാധികാരമുറപ്പിച്ചത്. പുത്തൻ വലതുപക്ഷം സ്വയം നവീകരിക്കാൻ കെല്പുള്ളതായിരുന്നു. പഴയ തന്ത്രമായ, അധികാരം അട്ടിമറിയിലൂടെ കൈവശപ്പെടുത്താനുള്ള ഒരു നീക്കവും പുത്തൻ വലതുപക്ഷം നടത്തിയില്ല. സാമൂഹികമായ സമവായത്തിലൂടെയും നിരന്തരമായ പ്രചാരവേലയിലൂടെയും നിർമ്മിച്ചെടുത്ത രാഷ്ട്രീയം വഴി അധികാരം സ്വായത്തമാക്കുകയായിരുന്നു. അതിൽ അവർ വിജയിക്കുകയും ചെയ്തു. സാമ്പത്തിക ഉദാരീകരണത്തെ തുടർന്നുണ്ടായ അസമത്വങ്ങൾ, വൻതോതിലുള്ള അഴിമതി, ഭരണവർഗ്ഗത്തോടുള്ള ജനത്തിന്റെ അവമതിപ്പ് എന്നിവ പുത്തൻ വലതുപക്ഷത്തിന്റെ അധികാരാരോഹണത്തിനു കാരണമായി എന്നു മാത്രമല്ല, പുത്തൻ മധ്യവർഗ്ഗത്തിന്റെ വികസ്വരമായിക്കൊണ്ടിരുന്ന അഭിലാഷങ്ങളെ സംതൃപ്തപ്പെടുത്താനും അവർക്ക് കഴിഞ്ഞു.

ബാബ്‌റി മസ്ജിദ് തകർക്കൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ എങ്ങനെ ദിശാസൂചകമായോ അതേപോലെ ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിഭാഗധേയത്തിനു കാരണമായി.
ബാബ്‌റി മസ്ജിദ് തകർക്കൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ എങ്ങനെ ദിശാസൂചകമായോ അതേപോലെ ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിഭാഗധേയത്തിനു കാരണമായി.

ഇന്ത്യയിൽ ‘ഗുജറാത്ത് മാതൃക’ വ്യവസ്ഥാപിതമാകുന്ന പരിസരം ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലും ഈ സ്വഭാവത്തിലുള്ള വലതുപക്ഷത്തിന് അനുകൂലമായ പ്രവണതകൾ കണ്ടുതുടങ്ങിയത് എ.കെ ആന്റണിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകൃതമായതിനു ശേഷമാണ്. എ.കെ. ആന്റണി മാതൃകയാക്കിയത് വലതുപക്ഷവീക്ഷണം പുലർത്തിയിരുന്ന കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ വികസനതന്ത്രങ്ങളാണ്. പിന്നീട് എസ്. എം. കൃഷ്ണ ബി ജെ പി യിലേക്ക് ചേക്കേറുകയും ചെയ്തു. പിണറായി വിജയന്റെ നവകേരള വികസന സങ്കല്പനങ്ങളുടെ അരാഷ്ട്രീയ ബോധ്യങ്ങളിലും ഇടതുപക്ഷ വിരുദ്ധമായ "വികസനവിരുദ്ധർ" എന്ന ഫ്രേമിങിലും ഈ വലതുപക്ഷകാഴ്ചപ്പാടിന്റെ നിഴൽ പറ്റിയിരിക്കുന്നു.

വസന്തവിപ്ലവങ്ങൾ, ജനസഞ്ചയരാഷ്ട്രീയം

വലതുപക്ഷവൽക്കരണത്തിന്റെ ആഖ്യാനത്തെ പ്ലോട്ട് ചെയ്യുമ്പോൾ ഉയരുന്ന ചോദ്യം 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കണ്ട വസന്തമുന്നേറ്റങ്ങളെ എവിടെ ഉൾക്കൊള്ളിക്കുമെന്നതാണ്. ട്യൂണിഷ്യയിൽ തുടങ്ങി അറബ് രാജ്യങ്ങളിൽ അലയടിച്ച്, അവിടുത്തെ സ്വേച്ഛാധിപത്യ ഭരണാധികാരികളെ വലിച്ചുതാഴേക്കിട്ട പുതുപ്രക്ഷോഭങ്ങൾ ചരിത്രത്തിൽ നാളിതുവരെ കാണാത്ത ഒരു രാഷ്ട്രീയ മുന്നേറ്റത്തിനു സാക്ഷ്യം വഹിച്ചു. വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ സംഘടനാരൂപങ്ങളെയും പ്രക്ഷോഭരീതികളെയുമൊക്കെ പുനഃപരിശോധനനയ്ക്ക് വിധേയമാക്കും വിധമുള്ള മുന്നേറ്റങ്ങളായിരുന്നു ഇവ. ജനസഞ്ചയ രാഷ്ട്രീയത്തിന് പ്രചോദനമാകുന്ന നവമാധ്യമങ്ങളുടെ ഉപയോഗക്ഷമതയും അനുഭവവേദ്യമായി. ചരിത്രത്തിൽ പുത്തനുണർവിനു പ്രേരണയാകുംവിധം ദക്ഷിണ രാഷ്ട്രങ്ങളിൽ കൊടുമ്പിരിക്കൊണ്ട രാഷ്ട്രീയ മുന്നേറ്റങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലും പ്രകമ്പനം സൃഷ്ടിച്ചു. 2008 മുതൽ മുതലാളിത്ത പ്രതിസന്ധി അനുഭവിച്ചു തുടങ്ങിയ യൂറോ അമേരിക്കൻ ജനതയെ ഫിനാൻസ് മുതലാളിത്തത്തിന്റെ കുത്തകാധികാരത്തിനെതിരെ സമരരംഗത്തിറങ്ങാൻ ഈ പ്രക്ഷോഭങ്ങൾ പ്രചോദനമായി. പുതിയ തലമുറയാണ് ഇത് ഏറ്റെടുത്തത്. "ഒക്യുപൈ വാൾസ്ട്രീറ്റ്" (Occupy Wall Street) പ്രക്ഷോഭം ഈ മുന്നേറ്റത്തിന്റെ ദൃഷ്ടാന്തമാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഇടതുപക്ഷതരംഗം സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായി പല രാജ്യങ്ങളിലും അധികാരത്തിൽ വന്നു. ഹ്യൂഗോ ഷാവേസും ലുലാ ഡി സിൽവയും ഏവ മൊറാൽസും ഈ മാറ്റത്തിന്റെ പ്രതിനിധികളാണ്.

പ്രതീക്ഷാനിർഭരമായ പുത്തൻ പ്രക്ഷോഭങ്ങൾക്കു പോലും സ്വയം നിലനിൽക്കാൻ കഴിയാതെ വരികയും അന്തിമമായി തീവ്ര വലതുപക്ഷത്തെ അധികാരത്തിലേക്ക് അവരോധിക്കാനുള്ള അന്തരാള പ്രക്ഷോഭ ഘട്ടമായി സ്വയം പരിണമിക്കുകയുമായിരുന്നു.

ഏറ്റവും അവസാന ഘട്ടത്തിലാണ് വസന്തവിപ്ലവങ്ങൾക്ക് സദൃശമായ ജനസഞ്ചയ രാഷ്ട്രീയം ദൽഹിയിൽ പ്രകടമായത്. അഴിമതി വിരുദ്ധ പ്രസ്ഥാനം എന്ന നിലയ്ക്ക് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം ജനസഞ്ചയ രാഷ്ട്രീയത്തിന്റെ ബാഹ്യപ്രതീതി മാത്രമുള്ളതായിരുന്നു. ആസൂത്രിതമായി സംഘാടനത്തിലും നേതൃത്വസ്വഭാവത്തിലുമൊക്കെ തികച്ചും പരമ്പരാഗത ശീലങ്ങൾ പിന്തുടർന്നും വൻകിട ദൃശ്യമാധ്യമങ്ങളുടെ പിന്തുണയോടെയും അരങ്ങേറിയതാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലെ വലതുപക്ഷ പ്രക്ഷോഭം. പ്രതീക്ഷാനിർഭരമായ പുത്തൻ പ്രക്ഷോഭങ്ങൾക്കു പോലും സ്വയം നിലനിൽക്കാൻ കഴിയാതെ വരികയും അന്തിമമായി തീവ്ര വലതുപക്ഷത്തെ അധികാരത്തിലേക്ക് അവരോധിക്കാനുള്ള അന്തരാള പ്രക്ഷോഭ ഘട്ടമായി സ്വയം പരിണമിക്കുകയുമായിരുന്നു.

21-ാം നൂറ്റാണ്ടിൽ നടന്ന പ്രക്ഷോഭങ്ങളെപ്പറ്റി പ്രത്യേകമായി അന്വേഷിക്കേണ്ടതുണ്ട്. അധികാരത്തിൽ അവരോധിതമായ പുത്തൻ വലതുപക്ഷ സർക്കാരുകൾ മർദനമുറകളിലൂടെ പിന്നീടുയർന്നുവന്ന പുതുപ്രക്ഷോഭങ്ങളെ തല്ലിക്കെടുത്താൻ ആവുന്നതും ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രക്ഷോഭങ്ങളുടെ ഭാഗമായി ചിതറിയ കനലുകൾ അങ്ങിങ്ങ് ഇപ്പോഴും എരിയുന്നുണ്ട്.

ട്യൂണിഷ്യയിൽ തുടങ്ങി അറബ് രാജ്യങ്ങളിൽ അലയടിച്ച്, അവിടുത്തെ സ്വേച്ഛാധിപത്യ ഭരണാധികാരികളെ വലിച്ചുതാഴേക്കിട്ട പുതുപ്രക്ഷോഭങ്ങൾ ചരിത്രത്തിൽ നാളിതുവരെ കാണാത്ത ഒരു രാഷ്ട്രീയ മുന്നേറ്റത്തിനു സാക്ഷ്യം വഹിച്ചു.
ട്യൂണിഷ്യയിൽ തുടങ്ങി അറബ് രാജ്യങ്ങളിൽ അലയടിച്ച്, അവിടുത്തെ സ്വേച്ഛാധിപത്യ ഭരണാധികാരികളെ വലിച്ചുതാഴേക്കിട്ട പുതുപ്രക്ഷോഭങ്ങൾ ചരിത്രത്തിൽ നാളിതുവരെ കാണാത്ത ഒരു രാഷ്ട്രീയ മുന്നേറ്റത്തിനു സാക്ഷ്യം വഹിച്ചു.

ജനാധിപത്യത്തിന്റെ വംശീയവൽക്കരണം

പുത്തൻ വലതുപക്ഷത്തിന്റെ നവീകരണക്ഷമത ഏതായാലും വ്യവസ്ഥാപിതമായോ അവ്യവസ്ഥാപിതമായോ ഇടതുപക്ഷ പാർട്ടികൾക്കോ അനുഭാവിസംഘങ്ങൾക്കോ ഇല്ല. നവീകരണക്ഷമത എന്നതുകൊണ്ടുദ്ദേശിക്കുന്നത് സാമൂഹികമായ ഊർജത്തെ സംഭരിക്കാനും അത് പുനർവിതരണം ചെയ്യാനുമുള്ള പ്രയോഗക്ഷമതയാണ്. വിദ്വേഷവും വെറുപ്പുമാണ് എക്കാലത്തെയും തീവ്രവലതുപക്ഷത്തിന്റെയും ഫാഷിസ്റ്റുകളുടെയും മുഖ്യ ഊർജസ്രോതസ്സ്. നവഫാഷിസ്റ്റുകൾ ഈ വിദ്വേഷത്തിന്റെ സാമൂഹിക പ്രയോഗങ്ങളെ നവീകരിക്കുന്നുണ്ട്.

ലോകത്തിലെവിടെയും വ്യാപകമായിക്കൊണ്ടിരിക്കുന്ന പുത്തൻ വലതുപക്ഷത്തിന്റെ ആശയങ്ങളുടെ ഊർജസ്രോതസ്സ് പടിഞ്ഞാറൻ രാജ്യങ്ങളിലെ കുടിയേറ്റ വിരുദ്ധതയും അതിന്റെ ഭാഗമായി രൂപീകൃതമായ വിദ്വേഷജനകമായ വിവിധ ആശയങ്ങളുമാണ്. ഇതിനെ അതാതു ദേശീയതകളിലെ വലതുപക്ഷ രാഷ്ട്രീയ സംഘടനകൾ തദ്ദേശീയവൽക്കരിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. വിദ്വേഷ ആശയങ്ങളുടെ തദ്ദേശീയവൽക്കരണമാണ് വലതുപക്ഷത്തിന്റെ നവീകരണക്ഷമത പ്രകടമാകുന്ന ഒരു മേഖല. ലവ് ജിഹാദ് കേരളത്തിലാണ് ഉറവെടുത്തതെങ്കിലും ഈ വിദ്വേഷ കല്പന ഡയാസ്പോറിക് ഘടങ്ങളാൽ നിർമ്മിതമാണ്. യൂറോപ്പിൽ വ്യാപകമായ ലിബറൽ ക്രൈസ്തവ പാശ്ചാത്യ സംസ്കാരത്തിന്റെ ധ്വംസനത്തെക്കുറിച്ചുള്ള ഭീതിയുടെ പുനരാവിഷ്ക്കരമാണ് ലവ് ജിഹാദിലും പ്രകടമാകുന്നത്. ജനസംഖ്യ മാറ്റിസ്ഥാപിക്കപ്പെടുന്നു (replacement) എന്നതാണ് ഈ ഭീതിയ്ക്ക് ആധാരമായ വേവലാതി.

ഇന്ത്യപ്പോലുള്ള ഇത്രയും ഭൂഖണ്ഡ വൈവിധ്യമുള്ള, അനേകം സംസ്കാരങ്ങൾ ഇടപഴുകുന്ന, പല കാലങ്ങളിൽ നിന്നുമുള്ള ജനതകളുടെ സഞ്ചയത്തിലൂടെ രൂപപ്പെട്ട ബഹുമത രാഷ്ട്രത്തെ ഭീതിപ്പെടുത്തേണ്ടതല്ല ജനസംഖ്യ മാറ്റിസ്ഥാപിക്കപ്പെടുമെന്ന പ്രചാരണം. വസ്തുതകളും ഇതിനെതിരാണ്. നൂറ്റാണ്ടുകളുടെ അനുഭവചരിത്രമുള്ള മഹത്തായ അനേക ജനസംസ്കാരങ്ങളുടെ പാരമ്പര്യങ്ങൾ മേളിച്ചുകിടക്കുന്ന രാജ്യത്തിലാണ് യൂറോപ്പിലെ കൊച്ചുകൊച്ചു രാഷ്ട്രങ്ങളുടെ സങ്കുചിത വീക്ഷണങ്ങൾ വലതുപക്ഷത്തിന് ആയുധമാക്കാൻ കഴിയുന്നത്. സ്വന്തം രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ മനസ്സിലാക്കാൻ കഴിയാതിരിക്കുന്നത് ഇന്ത്യയിലെ തീവ്രവലതുപക്ഷത്തിനാണ്. 19-ാം നൂറ്റാണ്ടിലെ പാശ്ചാത്യ നിർമിത ചരിത്രത്തിലൂടെയും ജനസംഖ്യാ സെൻസസ് തന്ത്രങ്ങളിലൂടെയും നിർമിതമായ മതവത്കൃത ശ്രേണീബോധത്തിന്റെ സങ്കുചിത്വത്തിലാണ് ഇന്ത്യൻ വലതുപക്ഷം അവരുടെ ആശയങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അവരുടെ ഇടുങ്ങിയ ബോധ്യം രാജ്യത്തിന്റെ ഭാവിക്ക് ആപൽക്കരമായി മാറുകയാണ്.

പുത്തൻ വലതുപക്ഷം വളരെ സൂക്ഷ്മതയോടെ ആഗോളീയമായി തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ വംശീയവൽക്കരണത്തെ രാഷ്ട്രസ്വത്വപദ്ധതി (National Identity Project) എന്നു വിളിക്കാം. രാഹുൽ ഭാട്ടിയ എഴുതിയ The Identity Project: The Unmaking of a Democracy എന്ന ഇന്ത്യൻ യാഥാർഥ്യത്തിന്റെ ജേണലിസ്റ്റിക് രീതികൾ അവലംബിച്ച് തയ്യാറാക്കിയ ആഖ്യാനത്തിൽ ഈ പദ്ധതിയുടെ സൂചനകൾ ലഭ്യമാണ്. 25 വർഷത്തെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ സവിശേഷ ഉദ്യമം തന്നെ ജനാധിപത്യത്തെ വംശീയവൽക്കരിക്കുക എന്നതാണ്. Demos എന്നതു Ethnos ആയി താദാത്മ്യപെടുകയാണ് ഇതിൽ.

ലോകമാകെയും ഇന്ത്യയിലും കേരളത്തിലും മുസ്ലിം വിരുദ്ധ- കുടിയേറ്റ വിരുദ്ധ വിദ്വേഷഭാഷണങ്ങൾ സ്വത്വരാഷ്ട്ര നിർമാണത്തിനാധാരമായ ഐഡന്റിറ്റി പ്രോജക്ടിനെ സാധൂകരിക്കാനും അതിന് ജനസമ്മതിയാർജിക്കാനും വേണ്ടിയുള്ളതാണ്.

പ്രത്യക്ഷത്തിൽ ജനാധിപത്യത്തിന്റെ എല്ലാ സവിശേഷതകളും നിലനിർത്തുകയും അകക്കാമ്പിൽ ജനമെന്നത് വംശീയമായി നിര്വചിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. സ്വത്വരാഷ്ട്രം എന്നത് മതരാഷ്ട്രത്തിന്റെ വകഭേദമാണ്. എന്നാൽ മതം എന്നതിനുപകരം വംശീയതയാണ് ഭൂരിപക്ഷത്തെ നിർവചിക്കുന്ന ഘടകം. നാസികളുടേത് വംശീയ ദേശീയതയാണ്. ആര്യൻ വംശീയതയാണ് അതിന്റെ അടിസ്ഥാനം. നാസികൾ ലഭ്യമായ എല്ലാ പുതുസാങ്കേതികവിദ്യകളും രാഷ്ട്ര നിർമാണത്തിനും രാഷ്ട്രശത്രുക്കളുടെ നിഗ്രഹത്തിനും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ പുത്തൻ വലതുപക്ഷം വംശീയമായ ഉന്മൂലനത്തെ പ്രത്യക്ഷത്തിൽ പ്രകടമാക്കാതെ ജനസംഖ്യയിൽ നിന്ന് ന്യൂനപക്ഷ ജനവിഭാഗങ്ങളെ നിർമാർജ്ജനം ചെയ്യാനുള്ള ഡാറ്റാ സാങ്കേതികവിദ്യയെ ഫലപ്രദമായ ഉപകരണമായി 21-ാം നൂറ്റാണ്ടിലെ വംശീയഭരണകൂടങ്ങൾ ഉപയുക്തമാക്കുന്നു. ഈ നിശ്ശബ്ദവംശഹത്യാ ഉപകരണം (silent ethnic cleansing / genocide) കഴിഞ്ഞ നൂറ്റാണ്ടിലെ ഭീകരഭരണകൂടങ്ങൾക്ക് ലഭ്യമായിരുന്നില്ല.

എത്തനിക് ക്ലൻസിങ് അഥവാ വംശീയ ഉന്മൂലനം നടപ്പാക്കാൻ കുടിയേറ്റ വിരുദ്ധതയുടെ ഭാഗമായി പൗരത്വ രജിസ്റ്ററുകൾ നടപ്പിലാക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. വാസ്തവത്തിൽ, ആധാർ എന്ന തിരിച്ചറിയൽ കാർഡിന്റെ പ്രൊജക്ടിൽ നിന്നാണ് സ്വത്വരാഷ്ട്രത്തിന്റെ ഡാറ്റാബേസ് നിർമാണപ്രക്രിയ ആരംഭിച്ചത് എന്ന് രാഹുൽ ഭാട്ടിയയുടെ നീരിക്ഷണങ്ങളിൽ നിന്ന് തിരിച്ചറിയാം. ഐഡന്റിറ്റി പ്രോജക്ടിലൂടെ സ്വത്വരാഷ്ട്രം അതിന്റെ ജനസംഖ്യാപരമായ സ്വത്വം പുനർനിർവചിക്കുകയാണ്. ഈ പുനർനിർവചനത്തിന് അടിസ്ഥാനമേകാൻ പൗരത്വത്തെ തന്നെ പുനർനിർവചിക്കുന്ന ഒരു സങ്കൽപനത്തിനു സാമൂഹികാനുമതി വേണം (social consensus).

ലോകമാകെയും ഇന്ത്യയിലും കേരളത്തിലും മുസ്ലിം വിരുദ്ധ- കുടിയേറ്റ വിരുദ്ധ വിദ്വേഷഭാഷണങ്ങൾ സ്വത്വരാഷ്ട്ര നിർമാണത്തിനാധാരമായ ഐഡന്റിറ്റി പ്രോജക്ടിനെ സാധൂകരിക്കാനും അതിന് ജനസമ്മതിയാർജിക്കാനും വേണ്ടിയുള്ളതാണ്. പൗരത്വപട്ടികയിൽ ഏതൊക്കെ മത ഭാഷാ ന്യൂനപക്ഷ വിഭാഗത്തെ ഉൾപ്പെടുത്തണം, ഒഴിവാക്കണം എന്നതിന് ആധാരമാകാൻ പൗരത്വത്തിന് അർഹർ / അനർഹർ എന്ന ഗണം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതിനായി ആഭ്യന്തര ശത്രുവായി ഹിന്ദുത്വം മുൻവിധിച്ചിട്ടുള്ള ജനവിഭാഗങ്ങളെ പൈശാചികവൽക്കരിക്കുകയും അവർ അനർഹരാണെന്ന വ്യവഹാരം വ്യാപകമാക്കുകയുമാണ് നിരന്തരമായ വിദ്വേഷ പ്രചാരവേലയോടെ നിർവഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

രാഹുൽ ഭാട്ടിയ എഴുതിയ The Identity Project: The Unmaking of a Democracy എന്ന ഇന്ത്യൻ യാഥാർഥ്യത്തിന്റെ ജേണലിസ്റ്റിക് രീതികൾ അവലംബിച്ച് തയ്യാറാക്കിയ ആഖ്യാനത്തിൽ ഈ പദ്ധതിയുടെ സൂചനകൾ ലഭ്യമാണ്.
രാഹുൽ ഭാട്ടിയ എഴുതിയ The Identity Project: The Unmaking of a Democracy എന്ന ഇന്ത്യൻ യാഥാർഥ്യത്തിന്റെ ജേണലിസ്റ്റിക് രീതികൾ അവലംബിച്ച് തയ്യാറാക്കിയ ആഖ്യാനത്തിൽ ഈ പദ്ധതിയുടെ സൂചനകൾ ലഭ്യമാണ്.

നിയമബാഹ്യമായ ഇടപെടലുകളിലൂടെയും ബുൾഡോസർ കയറ്റിയും പൗരത്വത്തിൽ നിന്ന് ഉന്മൂലനം ചെയ്യാം. അതുവഴി പൗരർക്ക് ലഭിക്കുന്ന അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കാം. അവരെ തടങ്കൽ പൗരരായി (detained citizen) മാറ്റാം. തടങ്കൽ പൗരർ എന്നതിനർത്ഥം, പൗരത്വപരമായ അവകാശങ്ങൾ ലഭ്യമാക്കുന്നതിൽ നിന്ന് പിടിച്ചുവെക്കപ്പെട്ടവർ എന്നാണ് (detained). ഡീറ്റെയ്‌ൻ ചെയ്യപ്പെട്ട പൗരർ രാഷ്ട്രത്തിന് ഉത്തരവാദിത്തമില്ലാത്തവരാണ്. അവരെ സംരക്ഷിക്കാനുള്ള ബാധ്യത ഭരണകൂടത്തിനില്ല. എന്നാൽ, അവരെ ശിക്ഷയ്ക്ക് വിധേയമാക്കാൻ ഭരണകൂടത്തിനും ഏതു നിയമ പരിപാലന ഏജൻസിക്കും അവകാശമുണ്ടുതാനും. അമേരിക്കയിലും അർജന്റീനയിലും പെറുവിലും തുർക്കിയിലും അസർബൈജാനിലും ഫിൻലാൻഡിലും ഇന്ത്യയിലും ഐഡന്റിറ്റി പ്രൊജക്ടുകളിലൂടെ പൗരത്വം പുനർനിർവചിക്കപ്പെടുന്നു. ഇതിനായി പൗരത്വ തിരിച്ചറിയൽരേഖ സൃഷ്ടിക്കാൻ പൗരത്വ ഡാറ്റാബേസ് നിർമിക്കുന്നു. ഭരണകൂടം ആവശ്യപ്പെടുന്ന രേഖകൾ ലഭ്യമല്ലാത്തവർ സ്റ്റേറ്റിന്റെ ഗുണഭോക്തൃ പട്ടികയിൽ നിന്നും സ്റ്റേറ്റിന്റെ ഡാറ്റ ബേസിൽ നിന്നും പുറത്തുപോകുന്നു. തുടർന്ന് ബാങ്ക് മുതൽ പ്രാഥമിക പൗരവകാശം നിഷേധിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്നും പുറന്തള്ളപ്പെടുന്നതോടെ പൂർണപൗരത്വം ശിഥിലമായി. സയണിസ്റ്റ് ഇസ്രയേലിന്റെ മാതൃകയിലുള്ള സ്വത്വരാഷ്ട്രം അഥവാ ഐഡന്റിറ്റി പ്രൊജക്റ്റ് ആഗോളമായി വ്യവസ്ഥാപിതമായിരിക്കുന്നു. ഐഡന്റിറ്റി പ്രോജക്റ്റാണ് പുത്തൻ വലതുപക്ഷത്തെ ആഗോളമായി ഒരുമിപ്പിക്കുന്നത്. 25 വർഷങ്ങളായി ഇതിനായുള്ള വലതുപക്ഷ ശ്രമദാനം നടക്കുകയായിരുന്നു.

കേരള സമൂഹത്തിൽ വ്യാപകമാകുന്ന വിദ്വേഷം ഈ സ്വത്വനിർമാണപദ്ധതിയുടെ ഭാഗമാണ്. ഇത് ആഗോള പദ്ധതിയാണെന്നുമാത്രമല്ല, രാഷ്ട്രത്തിന്റെ പരമാധികാരത്തിനപ്പുറമുള്ള ടെക് കോർപറേറ്റുകൾക്ക് ഈ പദ്ധതി രൂപീകരണത്തിൽ നിർണായകപങ്കുണ്ട്. കേരളം അഭേദ്യമാംവിധത്തിൽ ഈ അന്താരാഷ്ട പദ്ധതിയോടു ഘടിപ്പിക്കപ്പെട്ടിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ഖ്യാതിയുടെ ചരിത്രവും കൗതുകമുണർത്തുന്നതാണ്. 1954-ൽ ജോർജ് ഓർവെൽ 1984 എന്ന നോവൽ എഴുതുമ്പോൾ, ശീതസമരത്തിന്റെ പശ്ചാത്തലത്തിൽ കമ്മ്യൂണിസ്റ്റ് കേന്ദ്രമായി ദക്ഷിണേന്ത്യയിലെ മലബാറിനെ പരോക്ഷമായി പരാമർശിക്കുന്നു. കേരളം വലതുപക്ഷത്തിന്റെ റഡാറിൽ ഉൾപ്പെടുന്ന ഒരു സവിശേഷ ഭൂമികയാകണം. പാർലമെന്ററി കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കുന്നത്തിനായി 57-ൽ വിമോചന സമരത്തിൽ സി ഐ എ ഇടപെട്ടതായി രേഖകളുണ്ട്. പിന്നീട്, സോവിയറ്റ് യൂണിയൻ തകർന്നുവീണശേഷമുള്ള കമ്മ്യൂണിസ്റ്റാനന്തര കാലത്ത് ചാരത്രില്ലറുകൾ എഴുതുന്ന ഫ്രഡറിക് ഫോർസിത്തിന്റെ ത്രില്ലറിൽ കേരളം ഇസ്ലാമിക് തീവ്രവാദകേന്ദ്രമാവുകയാണ്. ചെറുത്തുനിൽപ്പിന്റെ സവിശേഷ ഇടമെന്ന നിലയിൽ കേരളത്തെ വംശീയവൽക്കരിക്കുക സുപ്രധാന രാഷ്ട്രീയ അജണ്ടയാണ്. വംശീയവൽക്കരണത്തിന് നാസി ജർമനിയിലാണെങ്കിലും ഗുജറാത്തിലാണെങ്കിലും കേരളത്തിലാണെങ്കിലും വിദ്വേഷപ്രചാരണത്തിലൂടെയും വെറുപ്പു വിറ്റും മാത്രമേ അസ്ഥിവാരമുറപ്പിക്കാൻ കഴിയൂ, കേരളത്തിൽ ദിനേനയെന്നോണം ആവർത്തിക്കുന്ന വിദ്വേഷഭാഷണം ഈയൊരു ലക്ഷ്യപൂർത്തികരണത്തിന്റെ ഭാഗമായി ഉള്ളതാണെന്നു സംശയിക്കണം.

പ്രശസ്ത നടൻ നസറുദ്ദീൻ ഷാ Stranger in my own land, a Muslim in India after 2014 എന്ന ഫരീദ് ഖാന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ, ഒരു ഇന്ത്യൻ പൗരൻ മുസ്ലിം പൗരനായി തിരിച്ചറിയപ്പെടുന്നതിനെക്കുറിച്ചുള്ള ആത്മബോധം സ്ഫുരിക്കുന്ന വാക്കുകൾ ഇവിടെ പകർത്തട്ടെ:

"ഞാൻ മുസ്ലീമാണെന്ന കണ്ടെത്തലിന് ഹിന്ദുത്വ ബ്രിഗേഡിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു’’.
1935-ൽ പ്രിൻസ്റ്റണിൽ താമസിച്ചിരുന്ന ആൽബർട്ട് ഐൻസ്റ്റീൻ, ജർമ്മനിയിൽ തന്റെ സമൂഹത്തിനു നേരെയുണ്ടായ പീഡനങ്ങൾ ഓർമ്മിച്ചുകൊണ്ട്, ജൂത- വിജാതീയ സമവാക്യത്തെക്കുറിച്ച് മേൽപ്പറഞ്ഞ നിരീക്ഷണം നടത്തി (ഞാൻ അല്പം ഭേദഗതി ചെയ്തിട്ടുണ്ട്). എന്നെ പ്രാഥമികമായി ഒരു മുസ്ലീമായി മുദ്രകുത്താനും, ഇന്ത്യൻ സ്വഭാവം ഇല്ലാതാക്കാനും, എന്റെ വീട് ഞാൻ താമസിക്കാൻ അർഹമല്ലാത്ത സ്ഥലമാണെന്ന് പറയാനും നടത്തിയ ശ്രമങ്ങളിൽ ഇന്ന് ഞാൻ ഈ വികാരം പ്രകടിപ്പിക്കുന്നു. ആർക്കും എന്നോട് അത് പറയാൻ കഴിയില്ല. എന്റെ കുടുംബത്തിലെ അഞ്ച് തലമുറകൾ ജനിച്ചതും അവരെ അടക്കം ചെയ്തതുമായ രാജ്യത്ത്, ഞാൻ ജനിച്ചുവളർന്നതും എന്റെ രാജ്യത്തെ സ്നേഹിക്കാൻ പഠിപ്പിച്ചതുമായ രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തിനായി ഞാൻ മരണം വരെ പോരാടും. ഞാൻ ഉള്ളത് ഉള്ളതുപോലെ തന്നെ പറയും. കഴിഞ്ഞുപോയ മഹാദുരന്ത വർഷത്തിൽ സംഭവിച്ചത്, ഒരാൾ ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത് ഒരാളുടെ സാമൂഹിക പദവിയുടെ കാരണത്താൽ അയാൾ പീഡിപ്പിക്കപ്പെടുന്നതിനു തുല്യമാണ്. ഈ വസ്തുത എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു."

ഫാഷിസ്റ്റ് ഗൈഡു പുസ്തകം സ്വായത്തമാക്കി അത് അതേപോലെ പ്രയോഗിക്കുന്നവർ ഫാഷിസ്റ്റ് നേതാക്കളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും നാസറുദീൻ ഷാ ഈ ആമുഖക്കുറിച്ച് അവസാനിപ്പിച്ച് പറയുന്നു. ഹിറ്റ്ലറുടെ പതനം ഐൻസ്റ്റീനു പോലും പ്രവചിക്കാൻ പറ്റില്ലായിരുന്നുവല്ലോ.

(അവസാനിക്കുന്നില്ല).

Comments