Gen-Z പ്രവാസികൾ,
ഋതുക്കളുടെ
കേളീശരീരങ്ങൾ

UK- ൽ രണ്ടു വർഷം പഠിച്ചും ജോലി ചെയ്തും ജീവിച്ച നയൻ സുബ്രഹ്മണ്യം, തന്റെയും സുഹൃത്തുക്കളുടെയും അനുഭവങ്ങളിലൂടെ ഇന്ത്യക്കാരുൾപ്പെടുന്ന മൂന്നാം ലോക കുടിയേറ്റ പൗരർ നേരിടുന്ന പ്രശ്നങ്ങൾ വിശകലനം ചെയ്യുന്നു. പരമ്പരയുടെ നാലാം ഭാഗം.

മൂന്നാം ലോക GEN Z യുടെ
കുടിയേറ്റ ജീവിതം;
സ്വപ്നവും യാഥാർത്ഥ്യവും-
നാല്

‘ചിങ്ങത്തിലെ ഒരു തണുത്ത വെളുപ്പാൻകാലത്ത്, ആ ലാർവ ഓണത്തുമ്പിയായി രൂപാന്തരപ്പെട്ടു’ എന്ന് ഒഴുക്കൻ ശൈലിയിൽ പറഞ്ഞുതീർക്കാൻ സാധിക്കുന്നതല്ല Gen-Z പ്രവാസികളുടെ പരിണാമ പുരാണങ്ങൾ. അഥവാ ഇനിയങ്ങനെ പറഞ്ഞു തീർത്താൽ തന്നെ, കുടിയേറ്റങ്ങളാൽ പരുവം കൊണ്ട കേരളം പോലൊരു ഭൂമികയ്ക്കുണ്ടാവുന്ന നഷ്ടവും ചെറുതല്ല. എന്തെന്നാൽ കേരളത്തിൽ ഇനിയുണ്ടാകാനിരിക്കുന്ന അനേകം കുടിയേറ്റ തരംഗങ്ങളുടെ ഭാവി നിർണ്ണയിക്കുക, ഈ Gen-Z പലായനമായിരിക്കും. അതിനാൽ, ഇതിനകം കുടിയേറിയവരുടെ രൂപാന്തരീകരണം (Metamorphosis) പരിശോധിക്കുന്നതോടുകൂടി, കേരളത്തിന്റെ സാംസ്കാരിക ഭാവിയാണ്, പ്രവചിക്കപ്പെടുന്നത്. അന്നേരവും ഓർക്കേണ്ടത്, ഈ പരിണാമ സിദ്ധാന്തങ്ങളിൽ കൈവെക്കുമ്പോൾ സ്വൽപ്പം വൈകാരികത അത്യാവശ്യമാണ് എന്നാണ്. കേവലം സ്ഥിതിവിവരപ്പട്ടികയുടെ തുലാസ്സിൻ കട്ടകളാൽ ഞെരിഞ്ഞമരേണ്ടതല്ല മനുഷ്യപുരാണങ്ങൾ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

പുതിയ മാനങ്ങൾ തൊടാനുള്ള മനുഷ്യന്റെ സഞ്ചാരരതിയാണ് ഇതിനുപിന്നിലും എന്ന്, മുൻപ് പ്രസ്താവിച്ചെങ്കിലും, അതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല Gen-Z പലായനം എന്ന് ഒരിക്കൽ കൂടി പറയേണ്ടതുണ്ട്. കാരണം കുടിയേറ്റമെന്നത് സത്യം തേടിയുള്ള ബൗദ്ധയാത്രയോ അവധിക്കാല സഞ്ചാരമോ മുക്തിക്കായുള്ള അലച്ചിലോ ടൂർ പാക്കേജോ അല്ലെന്നും; ഒരു വ്യക്തിയുടെ പൊട്ടിത്തെറിയാണെന്നും വായനക്കാരെ ഓർമ്മപ്പെടുത്തേണ്ടത് എന്റെ കടമയാണ്.

കേരളത്തിൽ ഇനിയുണ്ടാകാനിരിക്കുന്ന അനേകം കുടിയേറ്റ തരംഗങ്ങളുടെ ഭാവി നിർണ്ണയിക്കുക, ഈ Gen-Z പലായനമായിരിക്കും.

Gen-Z കളടങ്ങുന്ന ഓരോ പ്രവാസിയും നൂറ് കഷ്ണങ്ങളായി ചിന്നിചിതറുന്നുണ്ട്; അവരെല്ലാവരും ചത്തു തുലയുന്നുണ്ട്. ഈ ചിതറിയ കഷ്ണങ്ങളെ വീണ്ടും ചേർത്തൊട്ടിക്കുന്നതോടെയും പുനർജീവിപ്പിക്കുന്നതോടെയും അവർ പുതിയ വ്യക്തിയായി പിറവിയെടുക്കുന്നു. യു.കെയിൽ ചെന്നിറങ്ങിയപ്പോൾ ജീവിതം വീണ്ടും പൂജ്യത്തിൽ നിന്നാരംഭിച്ചുവെന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു. എന്നാൽ ഈ തോന്നൽ എന്നിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്നാണ് പറഞ്ഞുവരുന്നത്. കാനഡയിലേക്ക് കുടിയേറിയ സുഹൃത്ത് ജിഷ്ണുവും; “ഞാൻ ഇങ്ങോട്ടേക്ക് വന്നിറങ്ങിയത് ശരിക്കും രണ്ടാം പിറവി തന്നായിരുന്നു” എന്നാണ് പങ്കിടുന്നത്. കനേഡിയൻ ശൈത്യത്തിൽ വീണ്ടും വിറച്ചു നടക്കാനും കമിഴാനും, പുതിയ വാക്കുകൾ കൂട്ടിച്ചൊല്ലാനും, പുതുരീതിയിൽ ഭക്ഷണം കഴിക്കാനുമെല്ലാം വീണ്ടും പഠിക്കേണ്ടിവന്നു. ഇപ്പോഴത്തെ ജീവിതം സുഖമായി മുന്നോട്ടോടുന്നത്, തന്റെ പുനർ- പിറവി കാരണമാണെന്ന് അയാൾ ഒടുവിൽ മനസിലാക്കിയിരിക്കുന്നു. ഇങ്ങനെ നശിച്ചും, വീണ്ടും സൃഷ്ടിച്ചുമെല്ലാമാണ് Gen-Z കൾ പാശ്ചാത്യഭൂമിയുമായി ഇഴുകുന്നത്.

സമപ്രായക്കാരായ അനേകം പ്രവാസികളുമായി ബന്ധപ്പെട്ടപ്പോൾ അവരെല്ലാം ഒരുപോലെ പറഞ്ഞതിങ്ങനെ: ‘നാട്ടിലെ ഞാനും ഇവിടുത്തെ ഞാനും രണ്ടാണ്’.
സമപ്രായക്കാരായ അനേകം പ്രവാസികളുമായി ബന്ധപ്പെട്ടപ്പോൾ അവരെല്ലാം ഒരുപോലെ പറഞ്ഞതിങ്ങനെ: ‘നാട്ടിലെ ഞാനും ഇവിടുത്തെ ഞാനും രണ്ടാണ്’.

സമപ്രായക്കാരായ അനേകം പ്രവാസികളുമായി ബന്ധപ്പെട്ടപ്പോൾ അവരെല്ലാം പലതും വെളിപ്പെടുത്തിയെങ്കിലും, എല്ലാപേരും ഒരുപോലെ പുലമ്പിയതിനെ ഇങ്ങനെ സംയോജിപ്പിക്കാം: ‘നാട്ടിലെ ഞാനും ഇവിടുത്തെ ഞാനും രണ്ടാണ്’. ഈ വരികൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന സൽമാൻ റുഷ്ദിയെയും അയാളുടെ വാക്കുകളെയും നമ്മൾ പിഴുതെടുക്കേണ്ടതുണ്ട്:

“Sometimes we feel we straddle two cultures; at other times, we fall between two stools.”

സ്വതന്ത്രമായി പരിഭാഷപ്പെടുത്താൻ തുനിഞ്ഞാൽ, അതേതാണ്ട് ഇങ്ങനെയാവും: ‘ചില നേരങ്ങളിൽ രണ്ട് സംസ്കാരങ്ങളിലുമായി നാം കാല് കവച്ചുവെച്ച് നിലകൊള്ളുന്നു; മറുനേരങ്ങളിൽ രണ്ടിന്റെയും ഇടയിലേക്ക് പതിക്കുന്നു.’

ഇതെല്ലാം തന്നെ അടക്കം പറയുന്നത്, ഒരു പ്രവാസിയുടെ ദ്വന്ദ്വവ്യക്തിത്വത്തെപ്പറ്റിയാണ് (Dual Personality). യു.കെയിൽ തങ്ങിയിരുന്ന നാളുകളിൽ, ആദ്യമായി സന്ദർശനത്തിന് നാട്ടിലേക്ക് വന്നനേരം, ഞാൻ തിരിച്ചറിഞ്ഞതും ഇതുതന്നെയാണ്. അവിടങ്ങളിൽ ഞാൻ സ്വയം പര്യാപ്തനും ആരെയും കൂസാത്തവനുമൊക്കെ ആയിരുന്നെങ്കിൽ, നാടിന്റെ ചൂടറിഞ്ഞ നിമിഷം, ഇതിനെല്ലാം വിപരീതനായ ആ പഴയ വ്യക്തിയായി മാറുകയാണുണ്ടായത്. അഴിച്ചു വെച്ച അസ്തിത്വം തിരിച്ചെത്തി, വീണ്ടുമണിയുന്ന പ്രക്രിയ.


READ: മൂന്നാം ലോക
GEN Z യുടെ കുടിയേറ്റ ജീവിതം;
സ്വപ്നവും യാഥാർത്ഥ്യവും

Gen-Z കളുൾപ്പടെയുള്ള പ്രവാസികൾ നടത്തുന്ന ഈ ഞാണിന്മേൽക്കളി തന്നെയാണ് റുഷ്ദിയെയും അലട്ടുന്നതെന്ന് സ്പഷ്ടം. രണ്ട് അസ്തിത്വങ്ങൾ നിർമ്മിച്ച് ഒരെണ്ണം ജന്മനാട്ടിലേതെന്നും മറ്റേത് മറുനാട്ടിലേതെന്നും വേർതിരിച്ചുകൊണ്ട്, രണ്ട് സംസ്കാരങ്ങളിലും ഒരുമിച്ചിഴുകിച്ചേരാനുള്ള ട്രപ്പീസ് കളി. ചില നേരങ്ങളിൽ തങ്ങൾ രണ്ടിടത്തെയും സ്വദേശികളാണെന്ന് ആഹ്ലാദിക്കുകയും, മറുനേരങ്ങളിൽ ഒരിടവുമില്ലാത്തവരെന്ന് വിലപിക്കുകയും ചെയ്യുന്ന കുടിയേറ്റ ദുരവസ്ഥ.

പോര് വിളിക്കുന്ന പ്രവാസിയും പ്രകൃതിയും

Gen-Z പ്രവാസികളുടെ, ഈ ഇരട്ടവ്യക്തിത്വത്തിന് പിന്നിലെ കാമ്പും കുരുവും എന്തായിരിക്കും? ഉത്തരങ്ങൾക്കായി നടത്തിപ്പോന്ന അനുഭവവിചാരണയുടെയും സംഭാഷണ സംവാദങ്ങളുടെയും വെളിച്ചത്തിൽ, ഞാനെത്തി ചേർന്നതാകട്ടെ ഒരു സുപ്രധാന തിരിച്ചറിവിലാണ് - മറുനാടൻ പ്രകൃതിയുമായുള്ള കുടിയേറ്റക്കാരുടെ നിരന്തരം പോരാട്ടത്തിൽ നിന്നും പതഞ്ഞു പൊങ്ങുന്നതാണത്രെ ഈ ‘ദ്വന്ദ്വവ്യക്തിത്വം’. അങ്ങനെ വായിച്ചാൽ, മനുഷ്യപരിണാമത്തിൽ പ്രകൃതിക്ക് പ്രധാന പങ്കുണ്ടെന്നതുപോലെ, കുടിയേറ്റ പരിണാമത്തിലും പ്രകൃതിക്ക് പങ്കുണ്ടെന്ന് വ്യക്തമാകുന്നു.

 സൽമാൻ റുഷ്ദി. “Sometimes we feel we straddle two cultures; at other times, we fall between two stools’’ എന്ന റുഷ്ദിയുടെ വാക്കുകൾ ജെൻ സി പ്രവാസികളെ സംബന്ധിച്ച് സത്യമാണ്.
സൽമാൻ റുഷ്ദി. “Sometimes we feel we straddle two cultures; at other times, we fall between two stools’’ എന്ന റുഷ്ദിയുടെ വാക്കുകൾ ജെൻ സി പ്രവാസികളെ സംബന്ധിച്ച് സത്യമാണ്.

ഇനിയുള്ള കടമയെന്തെന്നാൽ, ഇതിനകം, ഡിറ്റക്റ്റീവ് പരിവേഷം കൈവരിച്ച വായനക്കാരും ഞാനുമെല്ലാം ഈ വാദത്തിന്റെ കെട്ടുറപ്പ് കണ്ടത്തണമെന്നതാണ്. അതിനായി, പ്രകൃതിയും പ്രവാസിയും തമ്മിലുള്ള നിത്യയുദ്ധത്തെ തുറന്നുകാട്ടുന്ന, ചില സ്വാഭാവിക സാഹചര്യങ്ങൾ നമുക്ക് എണ്ണിപ്പറയേണ്ടതുണ്ട്.

സാഹചര്യങ്ങൾ

  • ഋതുക്കളുടെ ക്രൂരത.

  • ദിനരാത്രങ്ങളുടെ വടംവലി.

  • പടം പൊഴിക്കുന്ന ശരീരങ്ങൾ.

ഋതുക്കളുടെ ക്രൂരത

ശിഥിലമാക്കുന്ന ശൈത്യത്തെക്കുറിച്ചും, അത് പകരുന്ന ആത്മഹത്യാമൂർച്ചയുള്ള ഏകാന്തതയെക്കുറിച്ചും മുൻപ് സംസാരിച്ചെങ്കിലും, മാറിമാറി കടന്നുവരുന്ന ഋതുക്കൾ (Seasons) പകരുന്ന ആശയക്കുഴപ്പത്തെക്കുറിച്ച് പരാമർശിക്കേണ്ടതുണ്ട്.

പഠനകാലത്ത്, ബയോടെക്നോളജി (Biotechnology) ലാബിൽ യീസ്റ്റിനെയും ബാക്റ്റീരിയകളെയുമെല്ലാം, ഞങ്ങൾ പല താപനിലകളിൽ വളർത്തി പരീക്ഷണം നടത്തുമ്പോൾ, ആ രാജ്യം ഞങ്ങളിലും സമാനമായ പരീക്ഷണങ്ങൾ നടത്തുകയാണെന്ന് ഞാൻ ചിന്തിക്കുമായിരുന്നു. കാരണം, കേരളത്തെ പോലുള്ള ഉഷ്ണമേഖലാ (Tropical) പ്രദേശങ്ങളിലുള്ളവരുടെ ശരീരങ്ങൾ സ്വാഭാവികമായും ഉചിതമായ താപനിലയിൽ ഉല്ലസിച്ചവയാണ്. അവ പെട്ടെന്ന് യു.കെയിലേതു പോലുള്ള മിതശീതോഷ്ണ കാലാവസ്ഥയിലേക്ക് (Temperate Climate) വലിച്ചെറിയപ്പെടുമ്പോൾ, അനുഭവിക്കുന്ന ശാരീരിക ഷോക്ക് ചെറുതൊന്നുമല്ല. ക്ലേശകരമെങ്കിലും, ശിശിരകാലത്ത്, ശരീരം തണുപ്പേറ്റ് തഴക്കം വന്ന് പാകപ്പെടുന്നു. മെല്ലെയാണെകിലും, വേനൽ വരുന്നതോടുകൂടി ഇതേ ശരീരം കടുത്ത ചൂടാൽ വഴറ്റുന്നു. വീണ്ടും ശൈത്യം അത് കഴിഞ്ഞ് വേനൽ… അങ്ങനെയങ്ങനെ ഈ പ്രക്രിയ സൈക്കിൾ മാതൃകയിൽ തുടർന്നുകൊണ്ടിരിക്കുന്നു.

READ: മലയാളി GEN Z യുടെ
സ്വാതന്ത്ര്യാന്വേഷണ പരീക്ഷണങ്ങളുടെ
UK

നമ്മുടേതുപോലുള്ള കാലസ്ഥിരതയുള്ള നാടുകളിൽ നിന്ന് കാലസ്ഥിരതയില്ലാത്ത പാശ്ചാത്യ നാടുകളിലേക്ക് ചേക്കേറുന്നവരുടെ ശരീരങ്ങൾ ചില്ലറ ആശയക്കുഴപ്പങ്ങളിലൂടെയൊന്നുമല്ല കടന്നുപോകുന്നത്.

ദിനരാത്രങ്ങളുടെ
വടംവലി

കുടിയേറ്റക്കാരനുഭവിക്കുന്ന പ്രകൃതി പരീക്ഷണങ്ങളിൽ ഏറ്റവും ക്രൂരമായി തോന്നുക ഇതായിരിക്കും. വിന്ററിൽ ദിവസത്തിന്റെ ദൈർഘ്യം വല്ലാതെ ചുരുങ്ങും. ജനുവരി ദിനങ്ങളിൽ രാവിലെ എട്ട് മണിക്കാണ് യു.കെയിൽ സൂര്യനുദിക്കുന്നത്. അസ്തമിക്കുന്നതാകട്ടെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കും. ഈ സാഹചര്യത്തിൽ, പഠനത്തിരക്കുകൾ മൂലം രണ്ടാഴ്ചയോളം പകൽവെട്ടം കാണാതിരുന്ന സന്ദർഭങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ശരീരത്തിനിത് പകരുന്ന തിരിച്ചടികൾ ചെറുതല്ല. വെയിൽ ലഭിക്കാതെ വരുമ്പോൾ വൈറ്റമിൻ-ഡിയുടെ (Vitamin D) കുറവുണ്ടാവുണ്ടാകുന്നതും, അത് ഹോർമോൺ വ്യതിയാനത്തിന് (Hormonal Imbalance) കാരണമാകുന്നതും, തുടർന്ന് വിഷാദരോഗം പോലുള്ളവ ക്ഷണമില്ലാതെ വാതിലിൽ മുട്ടുന്നതുമെല്ലാം അവിടങ്ങളിലെ ശൈത്യാചാരമാണെന്ന് വരെ ചിലപ്പോൾ തോന്നിയേക്കാം.

ഋതുക്കൾ ചുറ്റിത്തിരിഞ്ഞ്, വേനലാകുമ്പോൾ, സാഹചര്യങ്ങൾ വവ്വാൽ മലക്കത്തോടെ മറിയുന്നു. ജൂൺ- ജൂലൈക്കാലങ്ങളിൽ ദിവസം രാത്രിയെ കാർന്നുതിന്ന് വളരുന്നു. രാവിലെ നാല് മണിക്ക് സൂര്യനുദിച്ചാൽ, അസ്തമിക്കുന്നത് രാത്രി പതിനൊന്നരക്കായിരിക്കും. എല്ലാപേരിലുമിത് ആവേശമുളവാക്കുമെങ്കിലും, ഉറക്കം പതിയെ വിട്ടൊഴിയുന്നത് പ്രകടമായി തന്നെ കാണുവാൻ സാധിക്കും.

ഇങ്ങനെ നമ്മുടേതുപോലുള്ള കാലസ്ഥിരതയുള്ള നാടുകളിൽ നിന്ന് കാലസ്ഥിരതയില്ലാത്ത പാശ്ചാത്യ നാടുകളിലേക്ക് ചേക്കേറുന്നവരുടെ ശരീരങ്ങൾ ചില്ലറ ആശയക്കുഴപ്പങ്ങളിലൂടെയൊന്നുമല്ല കടന്നുപോകുന്നത്. കുടിയേറിയ Gen-Z ശരീരങ്ങളുടെ ജൈവികതാളം (Circadian Rhythm), ഇങ്ങനെ സർപ്പീളമായി കറങ്ങിചുഴിയുന്നതോടുകൂടി, മനസിനും ചിന്തകൾക്കുമെല്ലാം ക്ഷീണമുണ്ടാകുന്നു.

കുടിയേറ്റക്കാരനുഭവിക്കുന്ന പ്രകൃതിപരീക്ഷണങ്ങളിൽ ഏറ്റവും ക്രൂരമായ ചില അനുഭവങ്ങളുണ്ട്. വിന്ററിൽ ദിവസത്തിന്റെ ദൈർഘ്യം വല്ലാതെ ചുരുങ്ങും. ജനുവരി ദിനങ്ങളിൽ രാവിലെ എട്ട് മണിക്കാണ് യു.കെയിൽ സൂര്യനുദിക്കുന്നത്.
കുടിയേറ്റക്കാരനുഭവിക്കുന്ന പ്രകൃതിപരീക്ഷണങ്ങളിൽ ഏറ്റവും ക്രൂരമായ ചില അനുഭവങ്ങളുണ്ട്. വിന്ററിൽ ദിവസത്തിന്റെ ദൈർഘ്യം വല്ലാതെ ചുരുങ്ങും. ജനുവരി ദിനങ്ങളിൽ രാവിലെ എട്ട് മണിക്കാണ് യു.കെയിൽ സൂര്യനുദിക്കുന്നത്.

പടം പൊഴിക്കുന്ന
ശരീരങ്ങൾ

ഉഷ്ണമേഖലയിൽ കുഴച്ചുരുട്ടപ്പെട്ട എന്റെ ശരീരത്തെ വിദേശികൾക്കു മുന്നിൽ കൊണ്ടു​ചെല്ലുമ്പോൾ, ചെറുവിരലറ്റംവരെ വിചാരണ ചെയ്യപ്പെടുന്നു. നിമിഷനേരംകൊണ്ട് വിയർപ്പും ശരീരഗന്ധവും ഉയരുന്ന നമ്മുടെ ശരീരപ്രകൃതത്തെ വൃത്തിയില്ലായ്മയായാണ്, ഒരു പരിധിവരെ, വിദേശനാടുകളിൽ താരതമ്യം ചെയ്യപ്പെടുന്നത്. ഇക്കാരണത്താലാണ്, മലയാളികളുൾപ്പെടുന്ന Gen-Zകൾ തങ്ങളുടെ ശരീരത്തെ പാശ്ചാത്യ വ്യവസ്ഥിതിക്കനുസരിച്ച് വെടിപ്പാക്കുന്നത്. സുഗന്ധദ്രവ്യങ്ങളാൽ മൂടപ്പെട്ട മമ്മികളെപ്പോലെ, യുവപ്രവാസികൾ പെർഫ്യൂമിലും മൗത്ത് വാഷിലും, ഡിയോഡ്രെന്റിലുമെല്ലാം തങ്ങളെ പൊതിയുന്നു. കൂടാതെ തങ്ങളുടെ മേൽ അവശേഷിക്കുന്ന അവസാനത്തെ കറുത്ത രോമത്തെപ്പോലും പിഴുതും, മറ്റാളുകളുടെ മുന്നിൽവെച്ച് കൈകൾ കൊണ്ട് അറിയാതെ പോലും ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടുമെല്ലാം, Gen-Z കൾ അവരിലൊരാളായി പടംപൊഴിച്ച് പരിണമിക്കുന്നു.

ഇങ്ങനെയോരോ യുവവ്യക്തിയും തങ്ങളുടെ ആറ്റങ്ങളെപ്പോലും കെട്ടിയൊതുക്കി, മറുനാടൻ പരിസ്ഥിതിയുമായി ഇഴുകിച്ചേരാൻ അനുദിനം കഷ്ടപ്പെടുന്നത് ഞാൻ കണ്ണാൽ കണ്ട സത്യമാണ്.

പാശ്ചാത്യ പരിസ്ഥിതിയുമായുള്ള നിരന്തരം സംഘർഷത്തിലൂടെ, മറുനാടൻ ജീവിതശൈലിക്കിണങ്ങുന്ന അസ്തിത്വത്തെ, കുടിയേറ്റക്കാർ തയ്ച്ചുതുന്നുന്നു. ഒരു രീതിയിൽ, അനിവാര്യമായ സമസ്യ തന്നെയാണിതെന്നും, ഇങ്ങനെയാണ് യുവാക്കൾ പുതുയിടങ്ങളുമായി സന്ധിയിലാവുന്നതും.

മേൽപ്പറഞ്ഞ Gen-Z പ്രവാസ-പ്രതിഭാസത്തെ, പുഴു പ്യൂപ്പയിൽ തിളച്ച് പൂമ്പാറ്റയായി പരിണമിക്കുന്നതിനോട് ചേർത്തു വായിക്കുന്നതോടൊപ്പം തന്നെ, കുളത്തിൽ നിന്നും കരയിലേക്ക് നടന്നുനീന്തിക്കയറിയ വരാൽപിടച്ചിലായും വായിക്കണമെന്ന് ഓർമ്മപ്പെടുത്തിക്കൊള്ളുന്നു.

READ: ‘American Dream’
കാണാൻ ഭയക്കുന്ന
ഇന്ത്യൻ യുവാക്കൾ

ഈ മൂന്ന് സാഹചര്യങ്ങളെയും ചിക്കിചികഞ്ഞ വായനക്കാർക്ക് ബോധ്യമാകുന്നത് ഒരൊറ്റക്കാര്യമാണ്: ‘പ്രകൃതി’ ഒരു Gen-Z പ്രവാസിക്കുമുകളിൽ ചെലുത്തുന്ന സമ്മർദ്ദം വളരെ വലുതാണ്. സ്ഥിരതയുള്ള കാലാവസ്ഥയും കാലവുമുള്ള കേരളം പോലൊരു ഉഷ്ണമേഖലാ പ്രദേശത്തു​നിന്ന് ചേക്കേറിയവർ, ശൈത്യത്തിലൂടെയും, ഋതുക്കളുടെ തീവ്രവ്യത്യാസങ്ങളിലൂടെയും, ഏറിയും കുറഞ്ഞും വിളയാടുന്ന ദിനദൈർഘ്യത്തിലൂടെയും, മറുനാട്ടിൽ മുഷിയുന്ന ശരീരപ്രകൃതത്തിലൂടെയുമെല്ലാം കടന്നുപോകുന്നു. ഇത്തരം പാശ്ചാത്യ പരിസ്ഥിതിയുമായുള്ള നിരന്തരം സംഘർഷത്തിലൂടെ, മറുനാടൻ ജീവിതശൈലിക്കിണങ്ങുന്ന അസ്തിത്വത്തെ, കുടിയേറ്റക്കാർ തയ്ച്ചുതുന്നുന്നു. ഒരു രീതിയിൽ, അനിവാര്യമായ സമസ്യ തന്നെയാണിതെന്നും, ഇങ്ങനെയാണ് യുവാക്കൾ പുതുയിടങ്ങളുമായി സന്ധിയിലാവുന്നതും.

എന്നാൽ ചില സന്ദർഭങ്ങൾ ഇതിന്റെ ഇതരവശം കാട്ടിത്തരുന്നു. സൽമാൻ റുഷ്ദി വരികൾക്കുള്ളിലൂടെ പറഞ്ഞതുപോലെ, ഒരിടത്തും ഇടമില്ലാത്ത ഫക്കീറുകളായി, പ്രവാസികൾ മാറുന്ന സന്ദർഭങ്ങൾ… അവയിൽ ഞാനിന്നും ഭീതിയോടെ ഓർക്കുന്നത്, ഒരു സുഹൃത്തിന്റെ പിതാവിന്റെ വേർപാടാണ്. താൻ മറ്റൊരു നാട്ടിലിരിക്കുമ്പോൾ അച്ഛൻ മരിച്ചത് അവളെ ഉലച്ചെങ്കിലും, എന്തു​ ചെയ്യണമെന്നറിയാതെ അവൾ കുറേനേരമിരുന്നു, ഒന്നും മിണ്ടാതെ… കുറച്ചു നേരത്തിനുശേഷം നിർവ്വികാരമായി എന്നോട് പറഞ്ഞത്: ‘I don't know what to feel’ (‘എന്തു വികാരമാണ് ഇപ്പോൾ തോന്നേണ്ടതെന്ന് എനിക്കറിയില്ല’) എന്നാണ്. അച്ഛനുമായി എന്തെല്ലാം പൊരുത്തക്കേടുകൾ നിലനിന്നാലും, മാതൃനാട്ടിലായിരുന്നെങ്കിൽ ഞെട്ടുകയോ, ചിലപ്പോൾ കരയുകയോ ചെയ്യുമായിരിക്കും. പക്ഷെ മറുനാട്ടിൽ, മറ്റൊരു വ്യക്തിത്വത്തിന്റെ തുടിപ്പിൽ, എന്ത് തോന്നണമെന്നു പോലും അവൾ മറന്നുപോയതായിരിക്കുമോ? അങ്ങനെയെങ്കിൽ ചില നേരങ്ങളിലെങ്കിലും, വികാരങ്ങൾക്കുപോലും ഇടമില്ലാത്തവരായി ചുരുങ്ങുകയാണോ യുവപ്രവാസികൾ? വാക്കിന് ഒരു പറയെന്നയളവിൽ, ഈ ചോദ്യം കലിയടങ്ങാതെ നീറുന്നുണ്ട്, ഓരോ പ്രവാസിയുടെയുള്ളിലും…

(അടുത്ത പാക്കറ്റിൽ തുടരും)

Comments