‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര:
അധ്യായം നാല്
▮
1998 ജനുവരി 14, ബുധൻ.
തണുത്തുറഞ്ഞ പ്രഭാതത്തിൽ, തലേന്ന് രാത്രി ബിഹു ആഘോഷിച്ച വയലുകളിലേക്ക് ഒരു യാത്ര. വഴി കാണിക്കാൻ സദായും കൂടെയുണ്ട്. ഏതാണ്ട് ഒരു മണിക്കൂർ യാത്ര ചെയ്ത് ഞങ്ങൾ അവിടെയെത്തി. വയലിൽ അവിടവിടെയായി കച്ചിയും ഉണങ്ങിയ വാഴയിലയും കൊണ്ടുണ്ടാക്കിയ കൊച്ചുകൊച്ചു കുടിലുകൾ. വെളുപ്പിനു പൂജ കഴിഞ്ഞാൽ ഈ കുടിലുകൾക്ക് തീ വെയ്ക്കും. സാധാരണ സൂര്യോദയത്തിനു മുൻപാണ് ഈ ചടങ്ങ്. പക്ഷെ ഞങ്ങളുടെ വരവിനു വേണ്ടി അവർ കാത്തുനിന്നു.
‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര
ഷൂട്ടിങ്ങിനിടയിൽ സദാ എന്റെ അടുക്കൽ വന്നു.
“കഴിഞ്ഞദിവസം ഡി.ജി.പി ബറുവയുടെ നേർക്കുണ്ടായ വധശ്രമം ചെയ്തത് ULFA തന്നെയാണ്. പക്ഷെ അത് അവർക്ക് ആള് മാറിപ്പോയതാണ്.”
സദാ എന്തിനാണ് ഇത് എന്നോട് പറയുന്നത് എന്ന് മനസ്സിലായില്ല. കുറേ ദിവസങ്ങളായി ULFA- യുടെ നഷ്ടപ്പെടുന്ന ഇമേജിനെപ്പറ്റി ഞാൻ സംസാരിച്ചിരുന്നു, അതായിരിക്കാം കാരണം എന്ന് പിന്നെ ആലോചിച്ചപ്പോൾ തോന്നി.
പതുക്കെപ്പതുക്കെ ഒരു വലിയ വാർത്ത, ആ വിശാലമായ വയലിൽ ഒരു മൂടൽമഞ്ഞ് പോലെ പരന്നുവന്നു.
അടുത്ത ഗ്രാമത്തിലെ വയലിൽ 16 പേരെ ബോഡോസ് കഴിഞ്ഞ രാത്രി കൊലപ്പെടുത്തി.
ഇന്ന് ബോഡോ രാഷ്ട്രീയം ആസ്സാമിന്റെ അധികാരരാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലാണ്. ബോഡോ മേഖലയിൽ നിന്നുയർന്ന നേതാക്കൾ ആസ്സാം രാഷ്ട്രീയത്തിൽ നിർണായക സ്ഥാനത്താണ്.
ഞങ്ങൾക്ക് തിരിച്ചുപോകാനുള്ള വഴി ആ ഗ്രാമത്തിലൂടെയാണ്. ആ വഴിയിലൂടെ ഇനി പോകാനാവില്ല. പോലീസും പട്ടാളവും ആ വഴിയടച്ചു. ഗ്രാമവാസികളുമായി ചർച്ചയിലാണ് സദാ. ആ ഗ്രാമം ഒഴിവാക്കി മറ്റൊരു വഴി കണ്ടെത്തി.
ഹാജോ എന്ന പട്ടണം. ഹിന്ദു മുസ്ലിം ബൗദ്ധ വിശ്വാസങ്ങളുടെ സമ്മേളനം. ഒരമ്പലവും പള്ളിയും ബൗദ്ധസ്തൂപങ്ങളും അടുത്തടുത്ത് കാണാം. വർഗീയ കലാപങ്ങൾക്കൊന്നും വഴി കൊടുക്കാത്ത ജനജീവിതം.
തിരികെ ഗുവാഹട്ടിയിലേക്ക്. നിരത്തിനിരുപുറവും അനന്തതയിലേക്ക് നീണ്ടുകിടക്കുന്ന മഞ്ഞ നിറത്തിലുള്ള കടുകുപാടങ്ങൾ.
ഹോട്ടലിലെത്തുമ്പോൾ വളരെ ഇരുട്ടിയിരുന്നു. ചുറ്റുമുള്ള റെസ്റ്റോറന്റുകളെല്ലം അടച്ചു. ആഹാരം വേണ്ടെന്നുവച്ച് പുതപ്പിനുള്ളിൽ ചുരുണ്ടു.

▮
ജനുവരി 16, വെള്ളിയാഴ്‌ച.
ഇന്നലെ ബന്ദായിരുന്നു. മുറിയിൽ തന്നെ കഴിച്ചുകൂട്ടി. രാവിലെ കൂടുതൽ വാർത്തകളെത്തി. തലേന്ന് ഗുവഹട്ടിയിൽ ഒരു ആർമി കേണലിനെ വെടിവച്ചു കൊന്നിരിക്കുന്നു. മിനിയാന്നത്തെ ബോഡോ കൊലപാതകം റിപ്പോർട്ട് ചെയ്ത ദൂർദർശൻ വാർത്താസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആ വാർത്തകൾ കൂടുതൽ ജാതി വിദ്വേഷത്തിനു കാരണമായേക്കാം എന്ന പേരിലാണ് അറസ്റ്റ്.
▮
ആസ്സാമിന്റെ രാഷ്ട്രീയം മനസ്സിലാക്കണമെങ്കിൽ ആദ്യം ബോഡോകളെ മനസ്സിലാക്കണം.
ടിബറ്റോ- ബർമ്മൻ ഭാഷ സംസാരിക്കുന്ന ജനവിഭാഗമാണ് ബോഡോകൾ. ബോഡോ- കചാരി ജനവിഭാഗകുടുംബത്തിലെ അംഗങ്ങളായ ഇവർ ഏകദേശം 3000 വർഷങ്ങൾക്കുമുമ്പ് ആസ്സാമിൽ കുടിയേറി പാർത്തതാണെന്ന് കരുതപ്പെടുന്നു. ബോഡോലാൻഡ് ടെറിറ്റോറിയൽ മേഖലയിലാണ് ഇന്ന് ഇവർ പ്രധാനമായും താമസിക്കുന്നത്. എന്നാൽ ആസ്സാമിലെ മറ്റ് ജില്ലകളിലും മേഘാലയയുടെ ചില ഭാഗങ്ങളിലും ബോഡോ സമൂഹമുണ്ട്. ഭരണഘടനയുടെ ആറാം പട്ടിക പ്രകാരം ബോഡോകൾ സമതല ഗോത്രവിഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബോഡോലാൻഡ് ടെറിറ്റോറിയൽ മേഖലയ്ക്ക് പ്രത്യേക സ്വയംഭരണ അധികാരങ്ങളുമുണ്ട്. ബോഡോകൾ ന്യൂനപക്ഷ സമൂഹമായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ബി ജെ പി ആസ്സാം രാഷ്ട്രീയത്തിന്റെ കേന്ദ്രവിഷയങ്ങൾ സൂക്ഷ്മമായി തിരിച്ചറിഞ്ഞു. അനധികൃത കുടിയേറ്റം, ഹിന്ദു സ്വത്വരാഷ്ട്രീയം, അസമീസ് സംസ്കാരത്തിന്റെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ പാർട്ടി സ്വന്തമാക്കി.
ബോഡോലാൻഡിൽ താമസിക്കുന്നത് ബോഡോകൾ മാത്രമല്ല. മുസ്ലിം സമൂഹങ്ങളും മറ്റ് ഗോത്രവിഭാഗങ്ങളും അവിടെയുണ്ട്. ഭൂമി, കുടിയേറ്റം, രാഷ്ട്രീയ പ്രതിനിധാനം, സ്വത്വം എന്നിവയെ ചൊല്ലിയുള്ള തർക്കങ്ങൾ പലപ്പോഴും ജാതിസംഘർഷങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. അതിനാൽ ബോഡോ പ്രശ്നം ഒരു നിയമ- സമാധാന വിഷയം മാത്രമായിരുന്നില്ല. സ്വന്തം ഭൂമിയും വ്യക്തിത്വവും സംരക്ഷിക്കാനും കൂടുതൽ രാഷ്ട്രീയ അധികാരം നേടാനുമുള്ള ഒരു സ്വദേശിവർഗ്ഗത്തിന്റെ ദീർഘകാല പോരാട്ടമാണത്. ജാതിവൈവിധ്യവും ഭൂമിസംബന്ധമായ തർക്കങ്ങളും ചേർന്നതോടെ പ്രശ്നം കൂടുതൽ സങ്കീർണ്ണമായി.
1993 മുതൽ കേന്ദ്രസർക്കാർ ബോഡോ സംഘടനകളുമായി നിരവധി കരാറുകൾ ഒപ്പുവെച്ചു. പക്ഷേ അവയൊന്നും സ്ഥിരമായ സമാധാനം കൊണ്ടുവന്നില്ല. വഴിത്തിരിവായത് 2020-ലെ ബോഡോ സമാധാന കരാറാണ്. ഇതോടെ അക്രമസംഭവങ്ങൾ ഗണ്യമായി കുറഞ്ഞു. സായുധസംഘടനകളിലെ പലരും ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് കടന്നു. അതോടൊപ്പം ബോഡോ മേഖലയിൽ ബി ജെ പിയുടെ രാഷ്ട്രീയസ്വാധീനവും ശക്തമായി. പിന്നീട് അത് തിരഞ്ഞെടുപ്പുകളിൽ വോട്ടായും പ്രതിഫലിച്ചു.

ബോഡോ രാഷ്ട്രീയം എന്തുകൊണ്ട് നിർണായകമാണ്?
ഇന്ന് ബോഡോ രാഷ്ട്രീയം ആസ്സാമിന്റെ അധികാരരാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലാണ്. ബോഡോ മേഖലയിൽ നിന്നുയർന്ന നേതാക്കൾ ആസ്സാം രാഷ്ട്രീയത്തിൽ നിർണായക സ്ഥാനത്താണ്. അവിടുത്തെ ശക്തമായ രാഷ്ട്രീയനിയന്ത്രണം നിലനിർത്താൻ എല്ലാ പ്രധാന പാർട്ടികളും ശ്രമിക്കുന്നു. കാരണം, ബോഡോ മേഖലയുടെ പിന്തുണയില്ലാതെ ആസ്സാമിൽ സ്ഥിരമായ ഭരണാധികാരം നിലനിർത്തുക എളുപ്പമല്ല.
ഇപ്പോൾ ആസ്സാമിലെ പ്രധാന രാഷ്ട്രീയ കളിക്കാർ മൂന്ന് വിഭാഗങ്ങളാണ്. ദേശീയ ശക്തിയായ ബി ജെ പി, പ്രാദേശിക മുഖമായ അസം ഗണ പരിഷത്ത് (AGP), ബോഡോ മേഖലയിൽ നിർണായക സ്വാധീനമുള്ള മറ്റു പാർട്ടികൾ. ബി ജെ പിയും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി- ലിബറൽ (UPP-L) എന്ന ബോഡോ പാർട്ടിയും ചേർന്ന സഖ്യത്തിന് പിന്തുണ നൽകുന്ന പങ്കാളിയാണ് AGP. ഈ കൂട്ടുകെട്ട് ബി ജെ പിക്ക് ബോഡോ വോട്ടുകളും ആസ്സാമീസ് വോട്ടുകളും ഒരേസമയം നേടാൻ സഹായിക്കുന്നു.
ആസാമിൽ മാത്രമല്ല, വടക്കുകിഴക്കൻ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും ബി ജെ പിയുടെ വളർച്ച വ്യാപിപ്പിക്കുന്നതിൽ ഹിമന്ത ബിശ്വശർമ നിർണായക പങ്കുവഹിച്ചു.
1990-കളിൽ ബി ജെ പി ആസ്സാമിൽ ഒരു ചെറിയ പാർട്ടി മാത്രമായിരുന്നു. പ്രധാന മത്സരം കോൺഗ്രസും എ ജി പിയും തമ്മിലായിരുന്നു. ആസ്സാം പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട എ ജി പി വളരെ വേഗം ശക്തമായി. 1990-കളിൽ ഒരു ഘട്ടത്തിൽ 59 നിയമസഭാ സീറ്റുകൾ വരെ അവർ നേടി. അതേസമയം ബി ജെ പിക്ക് പത്തിൽ താഴെ സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വർഷങ്ങളോളം കോൺഗ്രസ് ആസ്സാം ഭരിച്ചു. ബി ജെ പിക്ക് ശക്തമായ വോട്ടുബാങ്ക് ഉണ്ടായിരുന്നില്ല.
പിന്നീട് ബി ജെ പി ആസ്സാം രാഷ്ട്രീയത്തിന്റെ കേന്ദ്രവിഷയങ്ങൾ വളരെ സൂക്ഷ്മമായി തിരിച്ചറിഞ്ഞു. അനധികൃത കുടിയേറ്റം, ഹിന്ദു സ്വത്വരാഷ്ട്രീയം, അസമീസ് സംസ്കാരത്തിന്റെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ മുമ്പ് എ ജി പിയുടെ ശക്തിയായിരുന്നു. ബി ജെ പി ആ രാഷ്ട്രീയഇടം ക്രമേണ സ്വന്തമാക്കി.
അതോടൊപ്പം പാർട്ടി ഒറ്റയ്ക്ക് മുന്നേറാൻ ശ്രമിച്ചില്ല. എ ജി പിയുമായി സഖ്യമുണ്ടാക്കി. ബോഡോ മേഖലയിലെ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (BPF) പോലുള്ള പാർട്ടികളുമായും കൈകോർത്തു. ഇതിലൂടെ പ്രാദേശിക വോട്ടുകളും ഗോത്രവിഭാഗങ്ങളുടെ വോട്ടുകളും ഒരുമിച്ച് നേടാൻ കഴിഞ്ഞു. ബി ജെ പിയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തന്ത്രങ്ങളിലൊന്നായിരുന്നു ഇത്.

ബി ജെ പിയുടെ വളർച്ചയിൽ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്ന്, ഹിമന്ത ബിശ്വശർമയുടെ വരവായിരുന്നു. ആസ്സാം കോൺഗ്രസിന്റെ പ്രധാന തന്ത്രജ്ഞനായി അറിയപ്പെട്ടിരുന്ന ഹിമന്ത, 1990-കളുടെ അവസാനത്തിൽ ഒട്ടേറെ അഴിമതി വിവാദങ്ങളിൽ അകപ്പെട്ടു. പിന്നീട് 2015-ൽ അദ്ദേഹം ബി ജെ പിയിൽ ചേർന്നു. ബൂത്ത് തലത്തിലുള്ള സംഘടനാ പ്രവർത്തനം, സൂക്ഷ്മമായ വോട്ടർ ലക്ഷ്യനിർണയം, ജാതി-സമുദായ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകൾ എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. ആസ്സാം പോലുള്ള വൈവിധ്യമാർന്ന സംസ്ഥാനത്ത് ഈ കഴിവുകൾ ബി ജെ പിക്ക് വലിയ നേട്ടമായി. ആസ്സാം മാത്രമല്ല, വടക്കുകിഴക്കൻ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും ബി ജെ പിയുടെ വളർച്ച വ്യാപിപ്പിക്കുന്നതിൽ ഹിമന്ത നിർണായക പങ്കുവഹിച്ചു.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ആസ്സാമിന്റെ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവായിരുന്നു. ബി ജെ പി, എ ജി പി, ബി പി എഫ് എന്നിവർ ചേർന്ന സഖ്യം ആദ്യമായി ആസ്സാമിൽ അധികാരത്തിലെത്തി. 2020-ലെ ബോഡോ സമാധാന കരാറിലൂടെ ബോഡോ മേഖലയിൽ സമാധാനം ശക്തിപ്പെട്ടു. അതോടെ ബി ജെ പിക്ക് ബോഡോ വോട്ടുകളിൽ സ്ഥിരത ലഭിച്ചു. പിന്നീട് യുണൈറ്റഡ് പീപ്പിൾസ് പാർട്ടി- ലിബറൽ (UPP-L) പോലുള്ള പുതിയ സഖ്യകക്ഷികളും ബി ജെ പിക്കൊപ്പം ചേർന്നു.

2026-ലെ തിരഞ്ഞെടുപ്പിൽ ബി ജെ പി 82 സീറ്റു നേടി. എ ജി പിക്ക് 10 സീറ്റും ലഭിച്ചു. വർഷങ്ങളോളം ആസ്സാം ഭരിച്ച കോൺഗ്രസിന് 19 സീറ്റുകളിലേക്ക് ചുരുങ്ങേണ്ടിവന്നു. ആസ്സാമിൽ ബി ജെ പിയുടെ ഉയർച്ച ഒരൊറ്റ തിരഞ്ഞെടുപ്പിന്റെ വിജയമല്ല. വർഷങ്ങളോളം കൃത്യമായി ആസൂത്രണം ചെയ്ത രാഷ്ട്രീയനീക്കങ്ങളുടെ ഫലമായിരുന്നു അത്.
ആദ്യഘട്ടത്തിൽ, ആസ്സാം ഐഡന്റിറ്റിയുടെ പ്രതിനിധിയായി കണക്കാക്കപ്പെട്ട എ ജി പി നേതാവ് സർബാനന്ദ സോനോവാളിനെ ബി ജെ പി മുന്നിൽ നിർത്തി. ശാന്തസ്വഭാവിയും സൗമ്യമായ പൊതുച്ഛായയുമുള്ള, ഏറ്റുമുട്ടലുകൾ പരമാവധി ഒഴിവാക്കുന്ന നേതാവായിരുന്നു അദ്ദേഹം. സർക്കാരിന്റെ "പൊതുമുഖം" സോനോവാളായിരുന്നു. അതേസമയം ആക്രമണോത്സുകവും തന്ത്രപരവും അധികാരനിർവഹണത്തിൽ നിർണായക സ്വാധീനമുള്ള ഹിമന്ത ബിശ്വശർമ ഭരണത്തിന്റെ "പവർ ഓപ്പറേറ്റർ" ആയി പ്രവർത്തിച്ചു.
ഒരു ഗാർഡ് ഇറങ്ങിവന്ന് ഡ്രൈവറെ ചോദ്യം ചെയ്ത് തുടങ്ങി. എന്തിനാണ് ഈ വഴി തിരഞ്ഞടുത്തതെന്നാണു അയാളുടെ ചോദ്യം. ഭുപേൻ ദാ ഇടപെട്ട് രണ്ടു പേരെയും സമാധാനിപ്പിച്ചു, ഞങ്ങൾ യാത്ര തുടർന്നു. ഭയത്തിന്റെ ഒരു നിഴൽ ഞങ്ങളുടെയുള്ളിൽ വളർന്നുതുടങ്ങി.
പിന്നീട് ഈ വേഷങ്ങൾ പരസ്പരം മാറി. സോനോവാളിൽ നിന്ന് നേതൃത്വത്തിന്റെ കേന്ദ്രസ്ഥാനം ഹിമന്തയിലേക്ക് ആസൂത്രിതമായി കൈമാറി. അത് പെട്ടെന്നുണ്ടായ രാഷ്ട്രീയ മാറ്റമായിരുന്നില്ല; മുൻകൂട്ടി രൂപകൽപ്പന ചെയ്ത അധികാര കൈമാറ്റത്തിന്റെ ഭാഗമായിരുന്നു.
ആസ്സാമിൽ ബി ജെ പി അധികാരം പിടിച്ചത് ഒരൊറ്റ നീക്കത്തിലൂടെയല്ല. പ്രാദേശിക വിഷയങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞും, ശരിയായ സഖ്യങ്ങൾ രൂപീകരിച്ചും, അനുയോജ്യമായ നേതാക്കളെ ശരിയായ സമയത്ത് മുന്നിൽ നിർത്തിയും, വർഷങ്ങളോളം ക്ഷമയോടെ നടപ്പാക്കിയ ഒരു ദീർഘകാല രാഷ്ട്രീയതന്ത്രത്തിന്റെ ഫലമായിരുന്നു അത്.

▮
രാവിലെ 7.30.
ഇന്ന് ഇതുവരെ ബന്ദ് പ്രഖ്യാപനങ്ങളൊന്നുമില്ല. ഞങ്ങൾ ഷൂട്ടിങ്ങിനായി ഇറങ്ങാൻ തീരുമാനിച്ചു. പ്രശസ്ത നാടകാചാര്യനായ ദുലാൽ റോയ് സംഘടിപ്പിച്ച ഏതാനും പരമ്പരാഗത നൃത്യങ്ങളുടെ ചിത്രീകരണം. യുവത്വത്തിന്റെ സൗന്ദര്യം, കടും നിറത്തിലുള്ള വേഷവിധാനം, നല്ല സംഗീതവും.
രാത്രിയായി.
പ്രൊതിമ ബറുവയുടെ സംഗീതം.
▮
പ്രൊതിമ ഒരു രാജകുമാരിയായിരുന്നു. ഗൗരിപൂർ രാജകുടുംബാംഗം. ദേവദാസിലൂടെ പ്രശസ്തനായ പ്രമഥേഷ് ചന്ദ്ര ബറുവയുടെ അനന്തിരവൾ. ഗോൾപരിയ നാടോടിഗാനങ്ങളിലൂടെ വളരെ പ്രശസ്തി ആർജിച്ചവൾ.
ഗോൾപരിയ എന്നത് ആസ്സാമീസ് ഭാഷയുടെ ഒരു വകഭേദമാണ്. ആസ്സാമിൽ ആനകളെ ഇണക്കുന്നവരും പരിശീലിപ്പിക്കുന്നവരും സംസാരിച്ചിരുന്നത് ആ ഭാഷയായിരുന്നു. അവരുടെ ഗാനങ്ങളെല്ലാം ആ ഭാഷയിലായിരുന്നു. പ്രൊതിമ അവരോടൊപ്പം നടന്നു. അവരുടെ സംഗീതം പഠിച്ചെടുത്തു. രണ്ട് ഏക് താരകളും ധോൾ എന്ന ഇടയ്ക്ക പോലുള്ള ഒരു ഉപകരണവും ചേർത്ത് ആ സംഗീതത്തെ അവർ ലോകപ്രിയമാക്കി. 1955- ൽ ഭുപേൻ ദായുമയുള്ള യാദൃച്‍ഛിക കണ്ടുമുട്ടൽ അവരുടെ ജീവിതത്തിലെ വഴിത്തിരിവായി. അദ്ദേഹത്തിന്റെ ‘ഏരാ ബത്തോർ സുർ’ എന്ന സിനിമയിൽ ഗോൾപരിയ ഗാനം പാടാനുള്ള അവസരം കൊടുത്തു. പദ്മശ്രീ, സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ അവരെ തേടിയെത്തി. പക്ഷേ ഈ പ്രൗഢിയൊന്നും 1998 ജനുവരിയിലെ ആ തണുത്ത രാത്രിയിൽ ഞാൻ അവരെ കാണുമ്പോൾ അവർക്കുണ്ടായിരുന്നില്ല. ഒരു പഴയ സിൽക്ക് സാരിയുടുത്ത് മൂന്ന് വാദ്യോപകരണ വായനക്കാരേയും പിന്നിലിരുത്തി അവർ മധുരമായ സ്വരത്തിൽ പാട്ട് തുടങ്ങി.

ഇടയ്ക്കെവിടെയോ ഒരു പാട്ടു പാടി നിർത്തിയപ്പോൾ ഭുപേൻ ദാ ചോദിച്ചു, മോൾ ഇപ്പോൾ എവിടെയാണ്?
ഒരു നിമിഷം ചിന്തിച്ചിട്ട് അവർ പറഞ്ഞു,
‘അവൾ ഒരു മുസ്ലിം പയ്യന്റെ കൂടെ ഒളിച്ചോടിപ്പോയി’.
‘ഓ... ഇപ്പോൾ എവിടെയാണെന്ന് അറിയില്ലേ?’
‘അറിയാം. കുറേ നാൾ മുൻപ് അവൾ തിരിച്ചുവന്നു.
ഇപ്പോൾ എന്റെ കൂടെയുണ്ട്’.
‘അവനോ?’
‘അവനല്ലേ എന്റെ പിറകിലിരുന്ന് ഏക് താര വായിക്കുന്നത്’.
ഒരു ഇളിച്ച ചിരിയോടെ അവൻ ഞങ്ങളെ നോക്കി.
ഭുപേൻ ദാ ചിരിച്ചു.
‘എത്ര നാൾ ഇവനെ ഇങ്ങനെ കൊണ്ടുനടക്കും?’
‘അത് നിങ്ങളല്ലേ തീരുമാനിക്കേണ്ടത്?
ഭുപേൻ ദാ ഒന്നു പകച്ചു, ‘ഞാനോ... അതെങ്ങനെ?’
‘നിങ്ങൾ അവനൊരു ജോലി കണ്ടെത്തും വരെ’.
ഭുപേൻ ദാ കുറെക്കൂടി ഉച്ചത്തിൽ ചിരിച്ചു.
ആ രാതി ഞങ്ങൾ കുറെ അകലെയുള്ള ഒരു ആന ക്യാമ്പിൽ പോയി, അവരെ ആനകളുടെ മുൻപിലിരുത്തി കുറേ പാട്ടുകൾ കൂടി ചിത്രീകരിച്ചു.
https://www.youtube.com/watch?v=YwzBL2Gdph8&t=587s

▮
മടക്കയാത്ര.
കാട്ടിനുള്ളിലെ വീതി കുറഞ്ഞ പൊട്ടിപൊളിഞ്ഞ വഴിത്താര. മണിക്കൂറുകളായിട്ടും തീരാത്ത വഴി.
പിൻപെ വന്നിരുന്ന സെക്യൂരിറ്റി ജീപ്പ്, ഞങ്ങളെ മറികടന്ന് മുൻപിലെത്തി, വഴിയുടെ നടുവിൽ തന്നെ വണ്ടി നിർത്തി. ഒരു ഗാർഡ് ഇറങ്ങിവന്ന് ഡ്രൈവറെ ചോദ്യം ചെയ്ത് തുടങ്ങി. തെറ്റായ വഴിയാണ് അതെന്നു അയാൾക്ക് ബലമായ സംശയം. എന്തിനാണ് ഈ വഴി തിരഞ്ഞടുത്തതെന്നാണു അയാളുടെ ചോദ്യം. ഈയൊരു വഴിയേ അറിയൂ എന്ന് ഡ്രൈവർ. ഭുപേൻ ദാ ഇടപെട്ട് രണ്ടു പേരെയും സമാധാനിപ്പിച്ചു, ഞങ്ങൾ യാത്ര തുടർന്നു.
ഭയത്തിന്റെ ഒരു നിഴൽ ഞങ്ങളുടെയുള്ളിൽ വളർന്നുതുടങ്ങി.
ദാദാ പതുക്കെ പറഞ്ഞുതുടങ്ങി:
ഈ ആനപ്പാട്ടുകളിൽ ഇടയ്ക്കൊക്കെ അള്ളായെ സ്തുതിക്കുന്നത് കേൾക്കാം. പ്രശസ്ത സരോദ് വാദകനായിരുന്ന, മൈഹാർ ഘരാനയിലെ, അലി അക്ബർ ഖാൻ ഒരു കാളീഭക്തനായിരുന്നു. ഈ കൊടുക്കൽ വാങ്ങലുകൾ ആ സമൂഹത്തിൽ സാധാരണമായിരുന്നു. ഈ ബന്ധങ്ങളെ പരിവർത്തനമെന്നും ജിഹാദെന്നുമൊക്കെയുള്ള പേരുകളിട്ടു വിളിക്കാൻ ആരും മെനക്കെട്ടിരുന്നില്ല.
തണുത്തുറഞ്ഞ ഇരുട്ടിലൂടെ വാഹനവ്യൂഹം മുൻപോട്ട് നീങ്ങിക്കൊണ്ടിരുന്നു. രാത്രി ഏതോ സമയത്ത് ഞങ്ങൾ ഹോട്ടലിലെത്തി.
നാളത്തെ ദിനപ്പത്രം എന്തു വാർത്തയാണോ കൊണ്ടുവരിക...
(തുടരും).

