പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനെതിരെ അമേരിക്കയിൽ കൂറ്റൻ പ്രതിഷേധപ്രകടനങ്ങൾ. യുനൈറ്റഡ് സ്റ്റേറ്റ്സിലെ 50 സ്റ്റേറ്റുകളിലുമായി പതിനായിരങ്ങൾ പങ്കെടുത്ത 1200 ലേറെ പ്രകടനങ്ങൾ നടന്നു. Hands Off ! അഥവാ ‘ തൊടരുത്’ എന്ന മുന്നറിയിപ്പു മുദ്രാവാക്യവുമായാണ് 150 ഓളം ലിബറൽ ഗ്രൂപ്പുകൾ പ്രതിഷേധത്തിനിറങ്ങിയത്.

പൊതുവിദ്യാഭ്യാസം, അബോർഷൻ അവകാശം, ഇമിഗ്രേഷൻ, ആരോഗ്യ സുരക്ഷ, നാഷണൽ പാർക്കുകൾ, ചെറുകിട വ്യവസായങ്ങൾ എന്നീ മേഖലകളിൽ ഇടപെടരുത് എന്നെഴുതിയ പ്രത്യേകം പ്ലക്കാർഡുകളും ബാനറുകളും പ്രകടനക്കാർ ഉയർത്തിപ്പിടിച്ചു. അമേരിക്കയുടെ വിമോചനത്തിനെന്ന് പറഞ്ഞ് ട്രംപ് നടപ്പിലാക്കിയ താരിഫ് നയങ്ങൾക്കും ഡാർക്ക് മണിയ്ക്കും ഒലിഗാർക്കിക്കും ഫാസിസത്തിനുമെതിരായി പ്രകടനക്കാർ മുദ്രാവാക്യം മുഴക്കി. ടെസ്ല മുതലാളി ഇലോൺ മസ്ക് നിയന്ത്രിക്കുന്ന ഡിപ്പാർട്ട്മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസിക്കെതിരെയും കടുത്ത പ്രതിഷേധ ശബ്ദമുയർന്നു.

രാജ്യവ്യാപകമായി ആറുലക്ഷം പേരെങ്കിലും പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തതായി വിവിധ ന്യൂസ് ഏജൻസികൾ കണക്കാക്കുന്നു. 2020 ൽ ജോർജ് ഫ്ലോയ്ഡിന്റെ കൊലയ്ക്കു ശേഷം നടന്ന Black Lives Matter മുന്നേറ്റം പോലെയും 2017 ൽ നടന്ന Women’s March പോലെയും ശക്തമായ ഒരു പ്രതിപക്ഷ മൂവ്മെൻ്റ് രൂപപ്പെടുന്നതിന്റെ മുന്നോടിയായി ഇന്നലത്തെ പ്രകടനങ്ങളെ അമേരിക്കയിലെ രാഷ്ട്രീയ വിദഗ്ധരും തിങ്ക് ഗ്രൂപ്പുകളും വിലയിരുത്തുന്നു.

ട്രംപിന്റെ സാമ്പത്തിക - വിദേശനയങ്ങൾ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ജനാധിപത്യത്തെയും അമേരിക്ക തന്നെ മുൻകൈയെടുത്ത് ആവിഷ്കരിച്ച ഗ്ലോബലൈസേഷനെയും തകർക്കുകയാണെന്ന് ക്യാപിറ്റലിസത്തിന്റെയും ലിബറലിസത്തിന്റെയും പണ്ഡിറ്റുകളും മാധ്യമങ്ങളും ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. പുതിയ ചുങ്കങ്ങൾ ചുമത്തി അമേരിക്ക വ്യാപാര യുദ്ധം പ്രഖ്യാപിച്ച ദിവസത്തെ, പ്രസിഡൻ്റ് ട്രമ്പ് Liberation Day എന്നു വിളിച്ചപ്പോൾ ലോക ക്യാപിറ്റലിസത്തിന്റെ മുഖപത്രം എന്നറിയപ്പെടുന്ന ഇക്കോണമിസ്റ്റ് വാരിക Ruination Day എന്നാണ് വിശേഷിപ്പിച്ചത്.

Related Stories:
ട്രംപിൻെറ തീരുവനയം എങ്ങനെ സമ്പദ് വ്യവസ്ഥയെ തകർക്കുന്നു? ജപ്പാനിൽ കടുത്ത പ്രതിസന്ധി
പകരത്തിന് പകരം തിരിച്ചടിച്ച് ചൈന; തീരുവയുദ്ധത്തിൽ ട്രംപിന് മറുപടി
Reciprocal Tariff യുദ്ധത്തിലൂടെ ആഗോളവിപണി തകർക്കുന്ന ട്രംപ്, തിരിച്ചടിക്കാൻ ലോകരാജ്യങ്ങൾ