സെപ്റ്റംബറിന്റെ കാഴ്ചകളിൽ തപ്പും കൊട്ടും വാദ്യമേളങ്ങളുമായി അവർ കടന്നുവന്നു. ഒഡിഷയിൽ നിന്നുള്ള കടുവ നർത്തകർ.

ഡൽഹി ബേസ്ഡ് ആർട്ടിസ്റ്റ് കൻഹ ബെഹ്‌റയുടെ സോളോ എക്സിബിഷന് Thy Fearful Symmetry എന്നാണ് പേരിട്ടിരുന്നത്. അത്യുത്സാഹത്തോടും അതിലേറെ കൗതുകത്തോടും കൂടി ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലെ ഓപ്പൺ പാം കോർട്ട് ഗ്യാലറിയിലേക്ക് സെപ്റ്റംബറിലെ ഒരു വൈകുന്നേരം എത്തുമ്പോൾ പ്രദർശനത്തിന്റെ ക്യൂറേറ്റർ ഒരു മലയാളി ആയിരുന്നുവെന്നുള്ളത് ഏറെ സന്തോഷം നൽകി.

ഒരു വർഷക്കാലം നീണ്ടുനിന്ന എന്റെ ഡൽഹി ജീവിതം സെപ്റ്റംബറിൽ അവസാനിക്കുകയായിരുന്നു. കൾച്ചറൽ ഷോക്ക് എന്നൊരു വാക്ക് പലപ്പോഴും എന്റെ നേർക്ക് മുന കൂർപ്പിച്ചു നിന്നിരുന്നു. ചെന്നെത്തിയ ദേശത്ത് അപരിചിതത്വവും വൈവിധ്യവും മതിയാവോളം അനുഭവിച്ചുതീർക്കുമ്പോൾ മ്യൂസിയങ്ങളും കലാപ്രദർശനങ്ങളും സമയാസമയങ്ങളിൽ വേണ്ടുന്നതൊക്കെ നൽകിക്കൊണ്ടിരുന്നു എന്ന ചാരിതാർഥ്യം ഈ കുറിപ്പെഴുതുമ്പോൾ എന്നിൽ വിങ്ങുന്നുണ്ട്. വാക്കുകളിൽ എഴുതപ്പെടാത്തതും സംസാരത്തിൽ പറയപ്പെടാത്തതുമായ ജീവിതത്തിന്റെ സൂക്ഷ്മയാഥാർഥ്യങ്ങൾ കല കാണിച്ചു തന്നിരുന്നു. സങ്കീർണ്ണവും വൈവിധ്യവും നിറഞ്ഞ ജീവിതപരിസരങ്ങളിൽ നിന്ന് ഏകാഗ്രതയിൽ സ്വരുക്കൂട്ടിയെടുക്കുന്ന സർഗ്ഗാത്മക സപര്യയിൽ സംഭവിക്കുന്ന വെളിപാടുകൾക്ക് അനിർവചനീയമായ സാധ്യതകളാണുള്ളതെന്ന ബോധവും ഇക്കാലത്താണ് മനസ്സിലുറച്ചത്. കലയിൽ അന്തർലീനമായിരിക്കുന്ന ഒന്ന് മനുഷ്യനെ എക്കാലത്തും ആർദ്രതയും സഹജവാ വബോധവുമുള്ളവനാക്കുന്നു. ഇത്രയധികം സൂക്ഷ്മതയിൽ സ്വയം കുടിയിരുത്തി അർപ്പണമനോഭാവത്തോടെ ജാഗ്രത്താകുന്ന കലാകാരരെ എന്റെ നാട് - കേരളം - വേണ്ട വിധം കരുതുന്നുണ്ടോ എന്നൊരു ചിന്തയും ഓരോ പ്രദർശനവും കണ്ടു മടങ്ങുമ്പോൾ എന്നിലുണ്ടായി.

കൻഹയുടെ കടുവകൾ
ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ നിന്നാണ് കൻഹ ബെഹ്‌റയുടെ വരവ്. തന്റെ സർഗ്ഗാത്മക കഴിവുകളെ നിരന്തരം പുതുക്കുന്ന കൻഹ ബെഹ്‌റ ചിത്രകലയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. തങ്ങളുടെ പാരമ്പര്യ നൃത്തമായ ബാഗ നാച്ച്ചാ - കടുവ നൃത്തത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കൻഹ ബെഹ്‌റ സൃഷ്ടികൾ നടത്തിയിരിക്കുന്നത്. കടുവയാണ് ഈ കലാകാരന്റെ സൃഷ്ടികളുടെ മുഖ്യ പ്രമേയം. കൗമാരത്തിൽ കൻഹയും കടുവ നൃത്തം ചെയ്തിരുന്നു. സമൂഹത്തിൽ നടക്കുന്ന അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ കടുവ വേഷം കെട്ടിയ മനുഷ്യർ പ്രതികരിക്കുന്നു. ഗ്രാമദേവതയുടെ മുന്നിൽ നൃത്തം ചെയ്ത് അവർ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നു.

ജീവസ്സുറ്റതും കഥ പറയുന്നതുമായ ഫ്രെയിമുകളിൽ കടുവകളിലേക്ക് മനുഷ്യരുടെ ദ്വന്ദഭാവങ്ങളെ സന്നിവേശിപ്പിച്ച് സാധാരണതയിലേക്ക് അസാധാരണത ചാലിച്ചും പൊലിപ്പിച്ചും കൻഹ ബെഹ്‌റ കഥകൾ പറയുന്നു. അങ്ങനെ പറയുന്ന മുഖ്യകഥയിൽ നിന്ന് ഉപകഥകളുണ്ടാകുന്നു. ജീവിതസംബന്ധിയായ ആചാരങ്ങളും അനുഷ്ഠനങ്ങളും മിഴിവോടെ നിറങ്ങളിൽ പുനർജ്ജനിക്കുന്നു. കാഴ്ചയും കാഴ്ചക്കാരും ഒന്നായി വല്ലാത്തൊരു ട്രാൻസിൽ അകപ്പെട്ടു പോകുന്ന പ്രതീതി.

പ്രതിസംസ്കാരം എന്നൊരു വാക്ക് മനസ്സിലേക്ക് എത്തുന്നുണ്ട്. അത് പ്രവർത്തിക്കുന്നത് മുഖ്യധാരയിൽ നിന്ന് അകലം പാലിച്ച്, മറ്റൊരു ഉപസംസ്കാരത്തിലൂടെ എല്ലാവിധ അനീതികളെയും എതിർത്തുകൊണ്ടാണ്. ഇന്ത്യയുടെ ഉൾഗ്രാമങ്ങൾക്ക് അത്തരം തനതായ ഒരു സംസ്കാരമുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് ഒരുമിച്ചു ജീവിക്കുന്ന മനുഷ്യരുടെ ആഗ്രഹങ്ങളെയും മൂല്യങ്ങളെയും കല ഏറ്റെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ അത് അഭിലഷണീയമായ പരിവർത്തനങ്ങൾ സമൂഹത്തിൽ ഉളവാക്കുന്നു. വാസ്തവത്തിൽ താൻ സൃഷ്ടിച്ചെടുത്ത വൈവിധ്യവും സങ്കീർണ്ണവുമായ ഭാവുകത്വ പരിസരങ്ങളിലൂടെ കൻഹ ബെഹ്‌രയും സാധ്യമാക്കിയിരിക്കുന്നത് മറ്റൊരു സാംസ്‌കാരിക മുന്നേറ്റമാണ്. പ്രതിസംസ്‍കാരത്തിന്റെ ബലമുള്ള നൂലിഴകൾ ദേശശരീരത്തിന്റെ ദുർബ്ബലമായിക്കൊണ്ടിരിക്കുന്ന ഇഴകളുള്ള ഗാത്രത്തിലേക്ക് കടന്നുചെന്ന് ഊടും പാവുമാകുന്ന മനോഹര കാഴ്ച. എന്ത് ചിന്തിക്കണമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നും സൂക്ഷ്മമായ നിരീക്ഷിക്കുമ്പോൾ കല പറഞ്ഞുതരുന്നുണ്ട്.

അധികാരത്തിന്റെ പിടുത്തം മുറുകുമ്പോഴാണ് മനുഷ്യരിൽ പ്രതികരണശേഷി സട കുടഞ്ഞെണീക്കുന്നത്. അത്തരം അവസരങ്ങളിൽ തങ്ങളിൽ രൂഢമൂലമായി നിലകൊള്ളുന്ന ഒന്നിനെത്തന്നെ അവർ ആശ്രയിക്കുന്നു. കല തങ്ങളെ സ്വതന്ത്രരാക്കുമെന്ന വിശ്വാസം അവരുടെ ഉൾബോധത്തിൽ ഉറഞ്ഞുകൂടിയിട്ടുണ്ടാവാം. കടുവ നൃത്തത്തിന്റെ ഉത്ഭവകാരണം തേടിപ്പോകുമ്പോൾ ഇത്തരം അധികാര ശ്രേണികളുടെ കടന്നു കയറ്റത്തിനെതിരെയുള്ള ശ്രമങ്ങൾ വ്യക്തമായി കണ്ടെത്താനാവും.

റസ്കിൻ ബോണ്ടിന്റെ ഒരു കഥ ഓർമ്മ വരുന്നു. He who rides a Tiger എന്ന് പേരിട്ടിരിക്കുന്ന കൂട്ടികൾക്കായുള്ള കഥയിൽ ഒരു ഗാസി സാഹെബ് ഉണ്ട്. ഹൂബ്ലി നദിക്കരയിലെ കടത്തുതോണി ക്കാരും സുന്ദർബാനിലെ മരംവെട്ടുകാരും തേൻ ശേഖരിക്കുന്നവരുമൊക്കെ ഗാസി സഹേബിനെ തങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളിൽ ഓർക്കും പോലും. എത്രയോ നാടോടിപ്പാട്ടുകളിലും ചൊൽക്കഥകളിലും ഈ വീരശൂരപരാക്രമിയുണ്ട്.

ഒരു കടുവപ്പുറത്താണ് ഗാസി സാഹെബ് സഞ്ചരിച്ചിരുന്നത്. ഗ്രാമത്തിലെ മനുഷ്യർ വ്യഥകൾ വന്നു പറയുമ്പോൾ “He dismounted from his Royal Bengal Tiger and sat down in deep meditation’’ എന്നാണ് റസ്കിൻ ബോണ്ട് തന്റെ ഉഗ്രവാക്ക്പാടവത്തിൽ ആ സന്ദർഭത്തെ അവതരിപ്പിച്ചിരിക്കുന്നത്. കഥ തുടരുമ്പോൾ കാര്യങ്ങൾ സംഭവബഹുലമാകുന്നുണ്ട്. ഡൽഹിയിലെ ഒരു ചക്രവർത്തിയും ഗ്രാമത്തിലെ സെമിന്ദാറും നിർബന്ധിത കരംപിരിവും എല്ലാം കൂടി മൊത്തം സ്വസ്ഥത തെറ്റിക്കുന്നുണ്ട്. അവിടെ ഗാസി സാഹെബ് രക്ഷകനാകുന്നു. ഇന്നും കൽക്കട്ടയ്ക്കും ബംഗാൾ തീരത്തിനുമിടയിൽ പാർക്കുന്നവർ ഗാസി സഹേബിനു വിശുദ്ധ പരിവേഷം കൊടുത്ത് ആദരിക്കുന്നുവെന്ന് റസ്ക്കിൻ ബോണ്ട് എഴുതിയിരിക്കുന്നു.

കഥ തുടരുമ്പോൾ കാലം മാറുന്നു. ഗാസി സഹേബിന്റെ നാമം പേറുന്ന തുടർച്ചക്കാരുണ്ടാകുന്നു. വീര്യമുള്ള പറച്ചിലിൽ നിന്ന് സൂക്ഷ്മമായ കേൾവി ഉണ്ടാകുന്നു. ജിജ്ഞാസയോടെ കുട്ടികൾ ചോദിക്കുന്നു; എന്നിട്ട്… എന്നിട്ട്… നമ്മുടെ ഗാസി സാഹെബ് എങ്ങോട്ട് പോയി?
Read: Indian Company Painting; പണ്ടുപണ്ട് ഇങ്ങനെയൊരു
ഇന്ത്യയുണ്ടായിരുന്നു…
കടുവപ്പുറത്ത് സഞ്ചരിച്ചിരുന്ന തന്റെ കഥാ പാത്രത്തെ (King of the Sundarbans and of the Wild Beasts) വെറും മനുഷ്യരാക്കുന്നന്നതിനു പകരം എഴുത്തുകാരൻ ഭാവനയുടെ മാജിക് വാൻഡ് വീശി മറ്റൊരു വിസ്മയം സൃഷ്ടിച്ചു. അസാധാരണമായി ജീവിച്ച പരോപകാരിയായ ഗാസി സഹേബിനെ ഉജ്വല ഭാവമുള്ള ബംഗാൾ ടൈഗറിന്റെ മുതുകത്ത് അമർത്തിയിരുത്തി ഉന്നതങ്ങളിലേക്ക് ജീവനോടെ പറഞ്ഞുവിട്ടു. ആരോഹണം ചെയ്യപ്പെട്ടു എന്നൊക്കെ പറയാവുന്നപോലെ.
What a Majestic Ride!!!
കഥ തീർന്നു.
Read: തോർത്തുകളുടെ പ്രദർശനം,
നൂലിഴകളിലെ വിയർപ്പുതുള്ളികളുടെയും…
മനുഷ്യർ എത്ര പെട്ടന്നാണ് തങ്ങളുടെ ബാല്യകൗമാരങ്ങളിലേക്ക് കൂപ്പു കുത്തുന്നത്. അനായാസമായി കണ്ടെടുക്കുന്ന ഓർമ്മകളെ കാലം അനുവദിച്ചുതരുന്ന കാഴ്ചകളോട് ചേർത്തു വയ്ക്കുന്നത്. കൻഹ ബെഹ്‌റയെന്ന ആർട്ടിസ്റ്റും വഴികണ്ടെത്തുന്നത് പിന്നിട്ട വഴികളിലെ ഓർമ്മകളിൽ നിന്നാണ്. അതിലൊന്നിൽ നിലനിൽക്കാനും, കലയെ അർത്ഥവത്തായ സാക്ഷാത് കാരത്തിലേക്കെത്തിക്കാൻ കടുവ ഇമേജറികൾ മാത്രമേ വരയ്ക്കു എന്ന് തന്നോടുതന്നെ വാക്കു കൊടുത്തുകൊണ്ടാണ്.
Read: മഗ്ദലിൻ in Ecstasy
കവിയും വിവർത്തകനുമായ കെ. വിനോദ് കുമാർ വില്യം ബ്ലേക്കിന്റെ ‘The Tiger ‘എന്ന കവിതയുടെ സ്വതന്ത്ര വിവർത്തനം നടത്തിയത് ഈ നാളുകളിൽ കണ്ണിൽപ്പെടുകയുണ്ടായി.
▮
വ്യാഘ്രരാജൻ
ഘോരകാന്താര തിമിരരാത്രിയിൽ
പ്രോജ്വലിക്കും മഹാവ്യാഘ്രതേജസ്സേ,
ഏതനശ്വര കൈകളാൽ നിർമ്മിതം
ഭീതിദം നിന്റെയീ ദേഹസൗഷ്ഠവം?
ഏതനന്തതയിൽ നിന്നുയിർക്കൊണ്ടു
തീക്ഷ്ണതയാർന്ന നിന്റെയീ കണ്ണുകൾ?
എത്രജോടി ചിറകുകളുണ്ടവ-
ന്നെത്ര കൈകൾ പടച്ചതീ ശക്തിയേ?
നിന്റെ ചങ്കിലൂടോടും സിരകളെ
നെയ്തു കൂട്ടിയതാരുടെ കൈയുകൾ?
പിന്നെ ജീവനതിൽ മിടിപ്പിച്ചൊരാ
പാദരേണുക്കളാരുടേതായിടാം?
ഏതു കൂടംകൊണ്ടാഞ്ഞാഞ്ഞു തച്ചിട്ടു
കൂട്ടിയിണക്കീ ഈ വ്യാഘ്രരാജനേ!
എത്ര മൂശകൾ; എത്രയുരുകിയി-
ട്ടുദ്ഭവിച്ചതാണീ നിന്റെ ബുദ്ധിയും!
ആയുധങ്ങളുപേക്ഷിച്ചു താരകൾ
വിണ്ടലം മെഴുകീയശ്രുധാരയിൽ
തന്റെ സൃഷ്ടിയേ നോക്കിച്ചിരിച്ചുവോ
ആടിനെ, നരിയേയും പടച്ചവൻ?
ഘോരകാന്താര തിമിരരാത്രിയിൽ
പ്രോജ്വലിക്കും മഹാവ്യാഘ്രതേജസ്സേ,
ഏതനശ്വര കൈകളാൽ നിർമ്മിതം
ഭീതിദം നിന്റെയീ ദേഹസൗഷ്ഠവം?
(മൂലകൃതി: The Tiger, വില്യം ബ്ലെയ്ക്, സ്വതന്ത്രവിവർത്തനം : കെ വിനോദ് കുമാർ).
▮
ഈ വായനയും കാഴ്ചകളുമെല്ലാം വീണ്ടും പുതിയ തുറസ്സുകൾ കാണിച്ചു തരുന്നു. മനുഷ്യകേന്ദ്രികൃതമായ നോട്ടങ്ങളിൽ നിന്ന് സ്വാതന്ത്ര്യം നേടി വില്യം ബ്ലേക്ക് ആദിമവും പുരാതനവുമായ കാടിന്റെ വന്യതയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. ചുറ്റുമുള്ള പ്രപഞ്ചം, അത് സമ്മാനിക്കുന്ന പാരസ്പര്യം. എല്ലാം പടച്ചുവച്ച മഹാകലാകാരൻ! വിശ്വകലാകാരന്റെ സമമിതിയുടെ അളവുകൾ മനോമുകുരത്തിൽ പതിപ്പിച്ച് കാവ്യരൂപത്തിൽ സാഹിത്യത്തിന് സമ്മാനിച്ച വില്യം ബ്ലേക്ക് ഓരോ കവിതയും എഴുതും മുൻപ് ചിത്രങ്ങൾ വരച്ചിരുന്നുവെന്ന അറിവ് എനിക്ക് ആനന്ദം നൽകുന്നു.

നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലേക്ക് നോട്ടത്തിന്റെ ലെൻസ് തിരിച്ചു വയ്ക്കുകയാണ്. മനുഷ്യേതരമായ ഒരു പ്രപഞ്ചത്തിലേക്ക് സ്നേഹം, കരുതൽ, അതിജീവനം എന്നിവയൊക്കെ വിനിമയം ചെയ്യപ്പെടുന്ന കാലമാണിത്. മൃഗങ്ങളും പക്ഷികളും തിരികെയെത്തുകയാണ്. സർവ്വ ജീവികളോടും പ്രാണി വർഗ്ഗത്തോടും അലിവുള്ള ഒരു തലമുറ ഉയിർക്കൊള്ളുകയാണ്. മനുഷ്യരുടെ ഭാഷയിൽ അവർ ജീവജാലങ്ങളോട് സംസാരിക്കുന്നു. പകരമായി കിട്ടുന്ന ഒരു തേങ്ങലിലും മൂളലിലും മനസ്സിനും ശരീരത്തിനും ഉണർവ്വും ഉന്മേഷവും കണ്ടെത്തി മുന്നോട്ട് കുതിക്കുന്ന ഒരു തലമുറ.
Read: ആകെ മൊത്തം കളറായി
ദാലിയ്ക്കു മുന്നിൽ
തല കുത്തി നിന്ന നിമിഷങ്ങൾ
ഇത് മനസ്സിലാക്കിയാലേ നാക്കുളുക്കാതെ യുവതയുടെ മുന്നിൽ ശരികൾ പറയാൻ മുതിർന്നവർക്ക് സാധിക്കു. പഠിച്ചുവച്ച പാഴ് വാക്കുകളെ ഉള്ളിലിട്ട് എഡിറ്റ് ചെയ്യേണ്ടി വരുന്ന നേരവുമാണിത്. വാക്കുകൾ ഇടഞ്ഞെടുത്ത് ഉപയോഗിക്കേണ്ട കാലവും.
രാഷ്ട്രീയവും സാമൂഹ്യവുമായ എല്ലാ നെറികേടുകൾക്കും ശമനമെന്നപോലെ കാലം ഒരുക്കി വയ്ക്കുന്ന സഹവർത്തിത്വ ത്തിന്റെ സന്ദേശം പ്രകൃതിയിൽ നിന്നും നമ്മൾ കണ്ടെടുക്കേണ്ടതുണ്ട്. അത് ലോകരാഷ്ട്രങ്ങളുടെ ഭരണഘടനകളിലും സമാധാന ഉടമ്പടികളിലും എഴുതിച്ചേർക്കും മുൻപ് കാടിന്റേത് മാത്രം ആയിരുന്നു. ആദിമമായ സഹജീവിതത്തിന്റെ സുവിശേഷം. അതിന് വെല്ലുവിളികൾ ഉണ്ടായതിന് ശേഷമാണ് ഇരയും വേട്ടക്കാരനും ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടത്.
അത് ഇന്നും തുടരുന്നു.

സെപ്റ്റംബർ, നീ എന്തൊരു മാസമാണ്. നഗരപ്പാർപ്പിനുള്ളിലേക്ക് കുടിയേറിയ കടുവകളുടെ വൻപടയെ നീ കഥ പറച്ചിലുകാരാക്കി. തപ്പും കൊട്ടും വാദ്യമേളവുമായി അവർ നിറഞ്ഞാടി. അവരുടെ കണ്ഠനാളം തൊട്ട് ഉടലാകെ ചെമ്പകപൂക്കൾ സൗരഭ്യം പടർത്തി. സജീവമായ ഒരു ഗ്രാമ്യജീവിതത്തിന്റെ ഉൾതുടിപ്പുകൾ കൻഹ ബെഹ്‌റയുടെ ഫ്രെയിമുകളിലൂടെ പറഞ്ഞുതന്നു.
ക്യൂറേറ്ററിയൽ നോട്സിൽ ജോണി എം.എൽ കുറിക്കുന്നു:
“വില്യം ബ്ലേക്കിന്റെ കവിതയിലെ കടുവ വെറുമൊരു മൃഗമല്ല, അത് മനുഷ്യരിൽ അന്തർലീനമായി നിക്ഷേപിക്കപ്പെട്ട നിരവധി ശക്തികളുടെ ആൾരൂപമാണ്. വന്യവും ഭീകരവുമായ അതിന് ശക്തരെ കീഴടക്കാനുള്ള കഴിവുണ്ട്. മറഞ്ഞിരിക്കുന്ന സാധ്യതയാണത്. കൻഹ ബെഹ്‌റയുടെ ചിത്രങ്ങൾക്ക് മനുഷ്യന്റെ ഉള്ളിൽ നിന്ന് ഏറ്റവും മികച്ചതും ശക്തവുമായതിനെ പുറത്തുകൊണ്ടുവരാനുള്ള കഴിവുണ്ട്. വളരെ നിഗൂഢമായി ഓരോ ചിത്രങ്ങളിലും അത് മറഞ്ഞിരിക്കുന്നു. കൂടാതെ, ഈ ചിത്രങ്ങളിൽ നിഷ്കളങ്ക പരിവേഷം അണിഞ്ഞുനിൽക്കുന്ന പശുവിനെ ബ്ലേക്കിന്റെ കവിതയിലെ കുഞ്ഞാടിനോട് സാദൃശ്യപ്പെടുത്താവുന്നതാണ്. മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന അസ്ഥിത്വത്തിന്റെ ദ്വന്ദഭാവങ്ങൾ; ദൈവികവും പൈശാചികവുമായത്; സൃഷ്ടിപരവും വിനാശകരവുമായത്; വിധേയത്വവും ഭീതിയും നിറഞ്ഞവ; സൂക്ഷ്മമായി കടുവ- പശു ഇമേജറിയിലൂടെ കൻഹ ബെഹ്‌റ വരച്ചു ചേർത്തിരിക്കുന്നു’’.

(ഒഡിഷയിൽ നിന്നുള്ള കലാകാരൻ കൻഹ ബെഹ്‌റയുടെ സോളോ എക്സിബിഷൻ സെപ്റ്റംബർ 19 മുതൽ 25 വരെ ഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലെ ഓപ്പൺ പാം കോർട്ട് ഗാലറിയിൽ നടന്നു. Thy Fearful Symmetry എന്ന് പേരിട്ട ഈ പ്രദർശനം ക്യൂറേറ്റ് ചെയ്തത് കലാചരിത്രകാരനും വിമർശകനുമായ ജോണി എം.എൽ ആണ്).
