അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾ;
മലപ്പുറം NH 66
നിർമാണവും പ്രശ്നങ്ങളും

‘‘കേരളം പോലെ നിമ്നോന്നത ഭൂപ്രകൃതിയുള്ള, ധാരാളം മഴ ലഭിക്കുന്ന, ജനങ്ങൾ ഇടതൂർന്ന് താമസിക്കുന്ന ഒരു ഗ്രാഗര (rurban) വ്യവസ്ഥ വളർന്നുവന്ന പ്രദേശത്ത് NHAI- യുടെ വാഗാഡ് പോലുള്ള കരാറുകാർ പ്രാദേശിക പരിഗണനയോ മുൻകരുതലോ ഇല്ലാതെ കുന്നുകൾ നേരേ വെട്ടിയിറക്കുകയും, പാടം നികത്തുകയുമായിരുന്നു. ഇതിനെല്ലാം മൌനാനുവാദം കൊടുക്കുന്ന അവസ്ഥയാണ് കേരളത്തിലുണ്ടായത്’’- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ ‘എൻ.എച്ച് 66: നിർമാണത്തിലെ പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും’ എന്ന പഠനത്തിലെ കണ്ടെത്തലുകൾ.

News Desk

NH 66 നിർമാണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലുണ്ടായ വെള്ളക്കെട്ട്, മണ്ണിടിച്ചിൽ, സർവീസ് റോഡിലെ യാത്രാ​പ്രശ്നങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പഠനം. ‘എൻ.എച്ച് 66: നിർമാണത്തിലെ പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും’ എന്ന പഠനത്തിലാണ് ജില്ലയിലെ ഗുരുതര പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ദേശീയപാത മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ഇടിമുഴിക്കൽ മുതൽ തലപ്പാറ വരെ അഞ്ച് റീച്ചുകളായാണ് പ്രാഥമിക വിവരശേഖരണം നടത്തിയത്.

ദേശീയപാത നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്ന ഘട്ടത്തിൽ ദേശീയപാത അരികുഭിത്തികളിൽ കൂരിയാടു ഭാഗത്ത് വലിയ തോതിലുണ്ടായ മണ്ണിടിച്ചിലും മറ്റു പല ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്ത നീരൊഴുക്ക് തടസ്സപ്പെടൽ, വെള്ളക്കെട്ട്, സർവ്വീസ് റോഡ് യാത്രാപ്രശ്നങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു പരിഷത്ത് പഠനം.

READ: പിഴവുകളുമായി യാന്ത്രികവേഗത്തിൽ
NH 66 നിർമാണം;
പ്രശ്നങ്ങൾ വെളിപ്പെടുത്തി
പരിഷത്ത് പഠനം

NH 66:
കാസർകോട്ട്
ദുരന്തം ക്ഷണിച്ചുവരുത്തുന്ന
അപകട ഖനനം;
പരിഷത്ത് പഠനത്തിലെ ക​ണ്ടെത്തൽ

NH 66:
കണ്ണൂരിൽ
വീതിയില്ലാത്ത സർവീസ് റോഡ്,
വെള്ളക്കെട്ട്,
തണ്ണീർത്തട നാശം;
പരിഷത്ത് പഠനത്തിലെ ക​ണ്ടെത്തൽ

കോഴിക്കോട് ജില്ലയിൽ
ദുരന്തപാതയാകുമോ
NH 66?

ദേശീയപാതയിൽ നിലവിൽ പ്രശ്നങ്ങളുണ്ടായ സ്ഥലങ്ങളും, പ്രശ്നങ്ങളും പഠനം ഇങ്ങനെ ക്രോഡീകരിക്കുന്നു:

റീച്ച് 1.

1. ഇടിമുഴിക്കൽ പടിഞ്ഞാറുവശത്ത് ദേശീയപാതയിൽ നിന്ന് വെള്ളമൊഴുകി വീടുകളിൽ വെള്ളക്കെട്ട്,

2. പഴയ സ്പിന്നിംഗ് മിൽ ദേശീയപാത പടിഞ്ഞാറുവശത്ത് അരികുമതിൽ ഇടിഞ്ഞു. പുനർനിർമ്മാണം അന്തിമഘട്ടത്തിൽ. വിശദമായ പഠനം വേണം.

3. ദേശീയപാതയിൽനിന്ന് വെള്ളം സർവ്വീസ് റോഡിലേക്കാണ് എല്ലായിടത്തും ഒഴുക്കിവിടുന്നത്. കനത്തമഴയിൽ വലിയതോതിലുള്ള വെള്ളമാണ് സർവ്വീസ്റോഡിലേക്ക് ഒഴുകിയെത്തുന്നത്. ഇത് സർവ്വീസ്റോഡിലെ യാത്രാപ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകും. വിശദമായ പഠനവും പരിഹാരവും വേണം.

4. കോഹിനൂർ ദേശീയപാത മുറിച്ചുകടക്കുന്നതിന് സൗകര്യമില്ല.

5. ചേളാരി അടിപ്പാതയിൽ നിന്നും സർവ്വീസ്റോഡിലൂടെ കയറി യു ടേൺ തിരിഞ്ഞ് പരപ്പനങ്ങാടി റോഡിൽ കയറുന്നത് വലിയ പ്രയാസമുണ്ടാക്കുന്നു. ട്രാഫിക് തടസമുണ്ടാക്കുന്നു. പരപ്പനങ്ങാടി റോഡിൽനിന്ന് ചേളാരി അടിപ്പാതയിൽ കയറുന്നതിന് 'റോങ്ങ് സൈഡി'ലൂടെ സർവ്വീസ് റോഡിൽ കയറി മാത്രമേ കിഴക്ക് വശത്തേക്ക് പോകാനാകൂ. ട്രാഫിക് തടസ്സത്തിനും അപകടത്തിനും സാധ്യതയുണ്ട്. പഠനവും പരിഹാരവും വേണം.

6. വാഹനങ്ങൾ എളുപ്പമാർഗ്ഗം നോക്കി വൺവേ ട്രാഫിക് ലംഘിച്ച് എതിർദിശയിൽ സഞ്ചരിക്കുന്നത് വ്യാപകം. വലിയ തോതിൽ അപകട സാധ്യതയുണ്ടാക്കുന്നു. പരിഹാരവും വേണം. മറ്റിടങ്ങളിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല.

ദേശീയപാത മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ഇടിമുഴിക്കൽ മുതൽ തലപ്പാറ വരെ അഞ്ച് റീച്ചുകളിലുള്ള നിർമിതികൾ.
ദേശീയപാത മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ഇടിമുഴിക്കൽ മുതൽ തലപ്പാറ വരെ അഞ്ച് റീച്ചുകളിലുള്ള നിർമിതികൾ.

റീച്ച് 2.

1. തലപ്പാറ എംബാങ്ക്മെന്റ് കെട്ടിൽ നേരിയ വിള്ളൽ പരിഹരിച്ചുവരുന്നു.

2. കൂര്യാട് 250 മീറ്റർ നീളത്തിൽ ദേശീയപാത കിഴക്ക് വശം സർവ്വീസ് റോഡിലേക്ക് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു കിടക്കുന്നു. സർവ്വീസ് റോഡിലെ മണ്ണ്നീക്കൽ നടക്കുന്നു. കൂര്യാട് അടിപ്പാത മുതൽ മണ്ണിടിഞ്ഞ ഭാഗം വരെ ഭാഗികമായി വയഡക്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതായി മനസ്സിലാക്കുന്നു. വിശദ പഠനം വേണം.

3. തലപ്പാറ മുതൽ ഒരു കിലോമീറ്റർ നീളത്തിൽ വയൽ ശേഖരം മുറിച്ച് കടന്നുപോകുന്ന ദേശീയപത മൂലം ഗുരുതര വെള്ളക്കെട്ട്. തോടുകൾ, കൾവെർട്ടുകൾ എന്നിവ അടഞ്ഞുപോയതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടുണ്ടായ വെള്ളക്കെട്ട് പ്രശ്നങ്ങൾ, കൃഷിനാശം, കൃഷി തുടർന്നുകൊണ്ടുപോകുന്നതിനുള്ള പ്രയാസങ്ങൾ, കർഷകരുടെ ഉപജീവനം തടസ്സപ്പെട്ട പ്രശ്നങ്ങൾ ഉണ്ട്.

4. ദേശീയപാതയിൽനിന്ന് വെള്ളം എല്ലായിടത്തും സർവ്വീസ്റോഡിലേക്കാണ് ഒഴുക്കിവിടുന്നത്. കനത്ത മഴയിൽ വലിയതോതിലുള്ള വെള്ളമാണ് സർവ്വീസ് റോഡിലേക്ക് എത്തുന്നത് ഇത് സർവ്വീസ് റോഡിലെ യാത്രാ പ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകും. വിശദമായ പഠനവും പരിഹാരവും വേണം.

5. ദേശീയപാതയ്ക്ക് പടിഞ്ഞാറ്, സമാന്തരമായി പോകുന്ന കൊളപ്പുറം - കക്കാട് സർവ്വീസ് റോഡും, കൊളപ്പുറം - തിരൂരങ്ങാടി റോഡും കൊളപ്പുറത്ത് ചേരുന്ന ജങ്ഷനിൽ നിന്നും കൊളപ്പുറം മേൽപാതയിലേക്കുള്ള 200 മീറ്റർ സർവ്വീസ് റോഡിൽ വീതി വളരെ കുറവായതിനാൽ കൊളപ്പുറത്ത്നിന്നും തിരൂരങ്ങാടിയിലേക്കും തിരിച്ചുമുള്ള യാത്ര 200 മീറ്റർ ദൂരം സർവ്വീസ്റോഡിലൂടെ ഗുരുതരമായ യാത്ര പ്രശ്നങ്ങൾക്കും അപകടങ്ങൾക്കും ഇടയാക്കും. വിശദ പഠനവും പരിഹാരവും വേണം.

6. മലപ്പുറം - പരപ്പനങ്ങാടി റോഡ് കൂര്യാടു നിന്നും ദേശീയപാതയിൽ കയറിയാണ് പനമ്പുഴ പാലം കടന്ന് സർവ്വീസ്റോഡിലേക്ക് കടക്കുന്നത്. മലപ്പുറം - പരപ്പനങ്ങാടി റോഡിൽ കൂര്യാട് പനമ്പുഴയിൽ സർ വ്വീസ്റോഡിന് പാലമില്ല. അപകടസാധ്യത സംശയിക്കുന്നു. വിശദമായ പഠനം വേണം. മറ്റിടങ്ങളിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല.

റീച്ച് 3.

1. ദേശീയപാതയിൽനിന്ന് വെള്ളം സർവ്വീസ്റോഡിലേക്കാണ് എല്ലായിടത്തും ഒഴുക്കി വിടുന്നത്.

2. എടരിക്കോട് (മമ്മാലിപ്പടി) ജംഗ്ഷൻ സിഗ്നൽ ഇല്ല. സർവ്വീസ് റോഡിൽ നിന്നും നല്ല ഇറക്കത്തിലാണ് ജംഗ്ഷൻ. അപകടസാധ്യതയുള്ള സ്ഥലം. ഇതിനകം തന്നെ അപകട മരണമുണ്ടായി.

3.എലക്കാപറമ്പ്- എടരിക്കോട്-ചെനക്കൽ വയൽ പാതയിൽ 2 കി.മി. സർവ്വീസ് റോഡ് ഇല്ല. വെള്ളം ഒഴിഞ്ഞുപോകാൻ ഡ്രെയിനേജിന് തുടർച്ചയില്ല. വെള്ളക്കെട്ട് പ്രശ്നങ്ങൾ ഉണ്ട്. 7-9 മീറ്റർ താഴ്ചയിൽ വീടുകൾ. ദേശീയപാതയിൽ നിന്നും വെള്ളം ജനവാസമേഖലയിലേക്ക് ഒലിച്ചിറങ്ങി വീടുകളിലെ കിണർ മലിനപ്പെടാനുള്ള സാധ്യതയുണ്ട്.

4. എടരിക്കോട്- ചെനക്കൽ സർവ്വീസ്റോഡ് ഭാഗികം. ഡ്രെയിനേജ് ഇല്ല.

5. പാലച്ചിറമാട് കക്കാട് അടിപ്പാത- ഡ്രെയിനേജ് ഇല്ല.

6. കനത്ത മഴയിൽ വലിയ തോതിലുള്ള വെള്ളമാണ് സർവ്വീസ് റോഡിലേക്ക് ഒഴുകിയെത്തുന്നത്. ഇത് സർവ്വീസ്റോഡിലെ യാത്ര പ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകും. വിശദമായ പഠനവും പരിഹാരവും വേണം.

റീച്ച് 4.

1. വെട്ടിച്ചിറ മുതൽ പേരശ്ശനൂർ വരെ ഡ്രെയിനേജ് ഇല്ല.

2. കാവുംപുറം ഭാഗത്ത് വയഡക്ട് തുടങ്ങുന്നിടത്ത് ദേശീയപാതയിൽ നിന്നും വെള്ളം ജനവാസമേഖലയിലേക്ക് ഒലിച്ചിറങ്ങി വീടുകളിലെ കിണർ മലിനപ്പെടാനുള്ള സാധ്യതയുണ്ട്.

3. പുത്തനത്താണി ചുങ്കത്ത് രണ്ട് സർവ്വീസ്റോഡുകൾ ചേരുന്ന ഭാഗത്ത് പണി പൂർത്തിയായാൽ വലിയ തോതിൽ വെള്ളം താഴേ​ക്ക് ഒഴുകി പ്രാദേശികവാസികൾക്ക് വലിയതോതിലുള്ള ബുദ്ധിമുട്ടുണ്ടാകും.

4. ദേശീയപാതയിൽ നിന്ന് വെള്ളം സർവ്വീസ് റോഡിലേക്കാണ് എല്ലായിടത്തും ഒഴുക്കി വിടുന്നത് . കനത്തമഴയിൽ വലിയ തോതിലുള്ള വെള്ളമാണ് സർവ്വീസ് റോഡിലേക്ക് ഒഴുകിയെത്തുന്നത്. ഇത് സർവ്വീസ് റോഡിലെ യാത്ര പ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകും. വിശദമായ പഠനവും പരിഹാരവും വേണം.

കീഴാറ്റൂരിലും തളിപ്പറമ്പിലും വസ്തുതകളുടെ അടിസ്ഥാനത്തിൽ, കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ചില കാര്യങ്ങൾ നേരത്തെ ചൂണ്ടിക്കാണിച്ചപ്പോൾ അതിനെ അവഗണിക്കുകയായിരുന്നു ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വം ചെയ്തത്.

റീച്ച് 5

1. സവിശേഷമായ പ്രശ്നങ്ങൾ ഇല്ല. താൽക്കാലിക വെള്ളക്കെട്ട് സാധ്യതയുണ്ട്.

2. ദേശീയപാതയിൽനിന്ന് വെള്ളം സർവ്വീസ് റോഡിലേക്കാണ് എല്ലായിടത്തും ഒഴുക്കിവിടുന്നത്. കനത്ത മഴയിൽ വലിയ തോതിലുള്ള വെള്ളമാണ് സർവ്വീസ് റോഡിലേക്ക് ഒഴുകിയെത്തുന്നത്. ഇത് സർവ്വീസ് റോഡിലെ യാത്രാപ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകും. വിശദമായ പഠനവും പരിഹാരവും വേണം.

3. സർവ്വീസ് റോഡ് ജംഗ്ഷനിൽ അപകട സാധ്യത ഇല്ല.

4. മണ്ണിടിച്ചിൽ സാധ്യത; വിദഗ്ദ പഠനം വേണം.

5. ഡ്രെയിനേജ് സംവിധാനം അപര്യാപ്തമാണ്.

6. പൊന്നാനി മുനിസിപ്പാലിറ്റി ജനസാന്ദ്രത കൂടിയ പ്രദേശമായതിനാൽ 13 ,14 കിലോമീറ്റർ ദൂരത്തോളം ദേശീയപാത മുറിച്ചുകടക്കുന്നതിന് 6 അടിപ്പാതകൾ മാത്രമേയുള്ളൂ. ഇത് അപര്യാപ്തമാണ്.

7. കനോലി കനാൽ കടന്നുപോകുന്നിടത്ത് സർവ്വീസ് റോഡില്ല. ഇത് ദേശീയപാതയിലേക്ക് പ്രവേശനമില്ലാത്ത ഓട്ടോ, ബൈക്ക് തുടങ്ങിയ വാഹനയാത്ര പ്രയാസത്തിലാക്കും.

8. പുതുപൊന്നാനി പഴയ പാലം തന്നെ ഉപയോഗിക്കുന്നതിനാൽ എറണാംകുളം ഭാഗത്തേക്ക് കടക്കാൻ രണ്ടുവരി പാതയേ പുഴക്ക് കുറുകേയുള്ളു.

കേരളം പോലെ നിമ്നോന്നത ഭൂപ്രകൃതിയുള്ള, ധാരാളം മഴ ലഭിക്കുന്ന, ജനങ്ങൾ ഇടതൂർന്ന് താമസിക്കുന്ന ഒരു ഗ്രാഗര (rurban) വ്യവസ്ഥ വളർന്നുവന്ന പ്രദേശത്ത് NHAI- യുടെ വാഗാഡ് പോലുള്ള കരാറുകാർ ഒരു തരത്തിലുള്ള പ്രാദേശിക പരിഗണനയോ മുൻകരുതലോ ഇല്ലാതെ കുന്നുകൾ നേരേ വെട്ടിയിറക്കുകയും, പാടം നികത്തുകയുമായിരുന്നുവെന്ന് പഠനം പറയുന്നു. ഇതിനെല്ലാം മൗനാനുവാദം കൊടുക്കുന്ന അവസ്ഥയാണ് കേരളത്തിലുണ്ടായത്.

കീഴാറ്റൂരിലും തളിപ്പറമ്പിലും വസ്തുതകളുടെ അടിസ്ഥാനത്തിൽ, കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ചില കാര്യങ്ങൾ നേരത്തെ ചൂണ്ടിക്കാണിച്ചപ്പോൾ അതിനെ അവഗണിക്കുകയായിരുന്നു ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വം ചെയ്തതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

കൂര്യാട് മണ്ണിടിച്ചിലുണ്ടായ ​​പ്രദേശം. ഇവിടെ മണ്ണ് സ്റ്റബിലൈസ് ചെയ്യാതെ Reinforced Earth Wall (RE Wall) ചെയ്തതാണ് പ്രശ്നമായത്.
കൂര്യാട് മണ്ണിടിച്ചിലുണ്ടായ ​​പ്രദേശം. ഇവിടെ മണ്ണ് സ്റ്റബിലൈസ് ചെയ്യാതെ Reinforced Earth Wall (RE Wall) ചെയ്തതാണ് പ്രശ്നമായത്.

NH 66-ന്റെ പണി നടന്നുകൊണ്ടിരിക്കുമ്പോൾ പരിഷത്ത് കണ്ണൂരിൽ മറ്റൊരു പഠനം നടത്തി റിപ്പോർട്ട് അധികാരികൾക്ക് നൽകിയിരുന്നു. അതിൽ അപകടസാധ്യതകളുള്ള പ്രദേശങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. ‘കൊപ്പം’ എന്ന പ്രദേശം അതിലൊന്നായിരുന്നു. പാടങ്ങളെയും കുന്നുകളെയും സംരക്ഷണ നിയമത്തിൽനിന്ന് ഒഴിവാക്കിക്കൊടുക്കുമ്പോഴും പലസ്ഥലങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. അവ തുടരുന്നുമുണ്ട്. എന്നാൽ, ഔദ്യോഗിക ഏജൻസികൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് ചെയ്തത് എന്നതാണ് ഏറെ ദുഃഖകരം. എൻജിനീയർമാർ നൽകിയ മുന്നറിയിപ്പുകൾ പരിഗണിക്കാതിരിക്കുന്നതാണ് മലപ്പുറത്തെ കൂരിയാടിൽ കാര്യങ്ങൾ ഇന്നത്തെ രീതിയിലാക്കിയതെന്ന് പറയുന്നു. ഓരോ പ്രദേശത്തെയും മണ്ണിന്റെ സ്വഭാവം മനസ്സിലാക്കാതെ മണ്ണട്ടിയിലൂടെ പാത പണിഞ്ഞതാണ് പലയിടത്തും തകർച്ചക്കിടയാക്കിയത്.

പാരിസ്ഥിതിക അവബോധമുള്ള ഒരു പൗരസമൂഹം കേരളത്തിലുണ്ടെങ്കിലും അതിനെയൊക്കെ അശക്തമാ‍ക്കാൻ മാത്രം ശക്തമാണ് മറുഭാഗത്തെ മൂലധന കൂട്ടുകെട്ടുകൾ.

കൂരിയാട്ട് മണ്ണ് സ്റ്റബിലൈസ് ചെയ്യാതെ Reinforced Earth Wall (RE Wall) ചെയ്തതാണ് പ്രശ്നമായത്. 2018- ലെയും 2019- ലെയും കാലവർഷം മൂലമുണ്ടായ വെള്ളപ്പൊക്കത്തിന്റെ ലെവൽ കണക്കാക്കാതെ സർവീസ് റോഡിന്റെ ഉയരം നിശ്ചയിച്ചതും വെള്ളം ഒഴുകിപ്പോകാൻ ഉണ്ടാക്കിയ കൾവെട്ടുകളുടെ ഔട്ട്ലറ്റ്കൾ മണ്ണ് നിറഞ്ഞ് അടഞ്ഞുപോയതും പ്രശ്നം രൂക്ഷമാക്കി. കുന്നിടിച്ച പലയിടങ്ങളിലും “സോയിൽ നെയ്‌ലിങ്” എന്ന തൊടുവിദ്യയിലാണ് സംരക്ഷണഭിത്തി പണിതിരിക്കുന്നത്. ഇതിന്റെ പരിണിത ഫലമാണ് കാസർകോട് ചെർക്കളയിലും കോഴിക്കോട്ടെ കുഞ്ഞ്യോര്‍മലയിലും കണ്ടത്; ഇനിയും പലയിടത്തും കാണാനിരിക്കുന്നതും.

പാരിസ്ഥിതിക അവബോധമുള്ള ഒരു പൗരസമൂഹം കേരളത്തിലുണ്ടെങ്കിലും അതിനെയൊക്കെ അശക്തമാ‍ക്കാൻ മാത്രം ശക്തമാണ് മറുഭാഗത്തെ മൂലധന കൂട്ടുകെട്ടുകൾ. NH-66 പോലുള്ള റോഡുകൾ നാടുള്ള കാലത്തോളം നിലനിൽക്കണമല്ലോ. ചെറിയ ടൗണുകളിൽ ഇന്നത്തെ കൂറ്റൻ മണ്ണട്ടികൾക്ക് (embankment) പകരം കോണ്‍ക്രീറ്റ് തൂണുകളി (viaduct) ലായിരുന്നു പാതയെങ്കിൽ റോഡിന് ഇരുഭാഗവും തമ്മിലുള്ള ബന്ധം പാടെ അറ്റുപോകുമായിരുന്നില്ല. അങ്ങനെയെങ്കിൽ അല്പം ചെലവ് കൂടുകയും ടോൾ പിരിവ് കുറെക്കാലംകൂടി തുടരുകയും ചെയ്യുമായിരിക്കാം. പക്ഷേ, അതിന്റെ സാമൂഹിക നേട്ടങ്ങൾ അതിനെക്കാളൊക്കെ എത്രയോ കൂടുതലാകുമായിരുന്നു. പക്ഷേ, സ്വകാര്യ കരാർ കമ്പനികൾ ഒരിക്കലും ലാഭത്തിൽ ഒരു ചില്ലിക്കാശ് കുറയാൻ സമ്മതിക്കില്ല.

മാത്രമല്ല, മരാമത്ത് പണികളിൽ ഏറ്റവും ലാഭമുണ്ടാകുന്നത് മണ്ണുകൊണ്ടുള്ള പണി(കളി) കളിലാണല്ലോ. DPR ജനങ്ങൾ ചർച്ച ചെയ്യുന്നത്, പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം പതിവാണ്. കേരളവും ഒരു പരിഷ്‌കൃത സമൂഹമാണല്ലോ. നടക്കുന്ന പ്രവൃത്തികൾ ഇത്തരത്തിലായിരിക്കേ, ഇനി നടക്കാനിരിക്കുന്നവക്കെങ്കിലും ഈ ഗതി വരാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ, പ്രത്യേകിച്ച് പരിസരം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് NH 66ന്റെ നിർമാണത്തെപ്പറ്റി പഠിച്ചത്.

Comments