സമഗ്ര ശിക്ഷ ഫണ്ട് വാങ്ങിയെടുക്കണം,
രാഷ്ട്രീയ നിലപാടിലൂടെ…

‘‘സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സാഹചര്യവുമായി ഒത്തിണങ്ങിപ്പോകാൻ സാധിക്കാത്ത വിഷയങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നിരിക്കെ, കേന്ദ്ര സർക്കാർ തൊടുന്യായം പറഞ്ഞ് സമഗ്ര ശിക്ഷാ ഫണ്ട് നിഷേധിക്കുന്നത് ഭരണഘടന വിരുദ്ധമാണ്’’- സമഗ്രശിക്ഷ മുൻ സംസ്ഥാന ​​പ്രൊജക്റ്റ് ഡയറക്ടർ ഡോ. കുട്ടികൃഷ്ണൻ എ.പി എഴുതുന്നു.

പൊതുവിദ്യാഭ്യാസ മേഖലയിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. നവോത്ഥാന നായകരുടെ ഇടപടെലിലൂടെ വിദ്യാഭ്യാസത്തിന് പൊതുസമൂഹത്തിൽ ലഭിച്ച പ്രാധാന്യം ഉൾക്കൊണ്ട് കേരപ്പിറവിക്കുശേഷം അധികാരത്തിൽ വന്ന സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസനിയമവും അതിനെത്തുടർന്നുണ്ടായ ജനകീയ വിദ്യാഭ്യാസ മുന്നേറ്റവും രാജ്യത്ത് മാത്രമല്ല മറ്റു ലോകരാജ്യങ്ങളിലടക്കം മാതൃകയാണ്.

കോത്താരി കമ്മീഷനടക്കമുള്ള നിരവധി വിദ്യാഭ്യാസ കമിഷനുകളുടെ ശുപാർശകൾക്കനുസരിച്ചുകൊണ്ടുള്ള പല പദ്ധതികളും പൂർണമായ തോതിലെങ്കിലും രാജ്യത്തെ വിദ്യാഭാസ മേഖലയിൽ സ്വാതന്ത്ര്യത്തിനുശേഷം നടപ്പിലാക്കിയെങ്കിലും വിദ്യാലയ പ്രാപ്യത, വിദ്യാഭ്യാസ തുടർച്ച, തുല്യതയും അവസര സമത്വവും, ഗുണമേന്മ എന്നിവയുമായി ബന്ധപ്പെട്ട പ്രതിസന്ധികളാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുകയെന്ന ലക്ഷ്യത്തോടെയും 1993–1994 കാലഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിലും സംസ്ഥാനങ്ങളിലും ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ കേന്ദ്രാവിഷ്കൃതപദ്ധതികളിലൊന്നായിരുന്നു ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി (DPEP). ഈ പരിപാടിയുടെ ചെലവ് കേന്ദ്ര സർക്കാരും (85%) സംസ്ഥാന സർക്കാരുകളും (15%) പങ്കിടുകയായിരുന്നു. UNICEF പോലെയുള്ള വിദ്യാഭ്യാസ ഏജൻസികളുടെ അക്കാദമിക പിന്തുണയും കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ ലഭിച്ചിരുന്നു.

അതിനുശേഷമാണ് എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം സമയബന്ധിതമായി രാജ്യത്താകെ നൽകുകയെന്ന ലക്ഷ്യത്തോടെ സർവ ശിക്ഷാ അഭിയാൻ (SSA) പ്രോജക്ട് 2000-01 വർഷത്തിൽ കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന അടൽ ബിഹാരി വാജ്‌പേയി സർക്കാർ രൂപീകരിക്കുന്നത്. ഭരണഘടനയുടെ 86-ാം ഭരണഘടനാ ഭേദഗതി പ്രകാരം 6 നും 14 നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമാക്കിയതിലൂടെ ഈ ലക്ഷ്യം നേടിയെടുക്കാനായുള്ള ഉത്തരവാദിത്യം സർവ ശിക്ഷാ അഭിയാൻ പ്രോജക്ടിനെ കേന്ദ്ര സർക്കാർ ഏൽപിക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ലഭിക്കേണ്ട രാജ്യത്തെ 6 നും 14 നും വയസ്സിനിടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയെന്നതായിരുന്നു SSA-യിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം. അതോടൊപ്പം സെക്കണ്ടറി വിദ്യാഭ്യാസ അവസരവും നിലവാരവുമുയർത്താനായി 2010- ൽ പുതിയ പദ്ധതിയായി രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (RMSA) രൂപീകരിച്ചു.

രാജ്യത്തെ മികച്ച പൊതുവിദ്യാഭ്യാസ സംവിധാനമുള്ള കേരളത്തിൽ  സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളോടൊപ്പം കേന്ദ്ര പദ്ധതിയെ  അതിനനുസൃതമായി  ഉപയോഗിക്കാനാണ് കഴിഞ്ഞ കാലങ്ങളിൽ സംസ്ഥാനം ശ്രമിച്ചത്.
രാജ്യത്തെ മികച്ച പൊതുവിദ്യാഭ്യാസ സംവിധാനമുള്ള കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളോടൊപ്പം കേന്ദ്ര പദ്ധതിയെ അതിനനുസൃതമായി ഉപയോഗിക്കാനാണ് കഴിഞ്ഞ കാലങ്ങളിൽ സംസ്ഥാനം ശ്രമിച്ചത്.

പ്രാഥമിക, സെക്കണ്ടറി തലങ്ങളിലുള്ള വിദ്യാഭ്യാസ സാർവത്രികവൽക്കരണവും ഗുണനിലവാരം വർധിപ്പിക്കാനുള്ള ഈ പദ്ധതികളും യഥാക്രമം 2015 ലും 2017ലും കൈവരിക്കുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും അത് കൈവരിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ പ്രോജക്ടിൻ്റെ കാലദൈർഘ്യം അനിശ്ചിതമായി നീട്ടിനൽകുകയും 2018- ൽ രണ്ടു പ്രൊജക്ടുകളും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്ര ശിക്ഷ പദ്ധതി 2018- ൽ പുതിയതായി നടപ്പിലാക്കുകയും ചെയ്തു.

ആദ്യ ഘട്ടങ്ങളിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് 75 ശതമാനം തുക കേന്ദ്ര സർക്കാർ അനുവദിച്ചപ്പോൾ പിന്നീട് അത് 60 ശതമാനമായി വെട്ടിച്ചുരുക്കി. അതായത്, സമഗ്ര ശിക്ഷാ പദ്ധതിയിൽ ഉൾപ്പെട്ട പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ 60 ശതമാനം തുക നൽകുമ്പോൾ 40 ശതമാനം തുക സംസ്ഥാന സർക്കാർ നൽകണമെന്ന വ്യവസ്ഥയിലൂടെയാണ് നിലവിൽ വിദ്യാഭ്യാസ പദ്ധതികൾ നടത്തിവരുന്നത്. സംസ്ഥാന സർക്കാരുകളുടെ 40 ശതമാനം തുക ഉപയോഗിച്ചുകൊണ്ടാണ് പദ്ധതികളിലൂടെ പരിപാടികൾ നടത്തേണ്ടതെങ്കിലും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ഗൗരവത്തിലൂള്ള കൂടിയാലോചനകളൊന്നുമില്ലാതെയാണ് പതിവായി പദ്ധതികൾ ആസൂത്രണം ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ കേന്ദ്രം നടപ്പിലാക്കാൻ ആവശ്യപ്പെടുന്ന പല പ്രോഗ്രാമുകളും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് അനുയോജ്യമല്ലായെങ്കിലും 40 ശതമാനം തുക നീക്കിവെക്കാൻ സംസ്ഥാനം നിര്ബന്ധിതരാവുകയാണ്.

Read: സമഗ്ര ശിക്ഷാ കേരളം: ഫണ്ട് നിഷേധത്തിന് പുറകിലുണ്ട്
ചില ‘കേന്ദ്ര പദ്ധതികൾ’

നാഷണൽ എഡ്യൂക്കേഷൻ പോളിസി (NEP- 2020) നടപ്പിലാക്കിയതോടെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പ്രീപ്രൈമറി തലം മുതൽ രണ്ടാം ക്ലാസു വരെ (ഫൗണ്ടഷണൽ), മൂന്നു മുതൽ അഞ്ചാം ക്ലാസു വരെ (പ്രെപ്പറേറ്ററി), ആറു മുതൽ എട്ടാം ക്ലാസു വരെ വരെ (മിഡിൽ), ഒമ്പതു മുതൽ പന്ത്രണ്ടാം ക്ലാസു വരെ (സെക്കന്ററി) എന്നിങ്ങനെ നാല് വിഭാഗങ്ങളായിട്ടാണ് വിഭജിച്ചത്. 2023-24 സാമ്പത്തിക സർവ്വേ റിപ്പോർട്ട് പ്രകാരം വിവിധ വിഭാഗങ്ങളിലെ ദേശീയ തലത്തിലെയും കേരളത്തിലെയും വിദ്യാലയ പ്രവേശന നിരക്ക് താഴെ സൂചിപ്പിക്കും പ്രകാരമാണ്.

*പ്രീപ്രൈമറി മേഖലയിലെ കണക്കുകൾ  വ്യത്യസ്ത ഏജൻസികൾ കൈകാര്യം ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് കേരളത്തിലെ GER 56.1 ശതമാനമായി വിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. യഥാർത്ഥത്തിൽ പ്രൈമറി മേഖലയിൽ കേരളത്തിന്റെ GER 100 ശതമാനമാണ്.
*പ്രീപ്രൈമറി മേഖലയിലെ കണക്കുകൾ വ്യത്യസ്ത ഏജൻസികൾ കൈകാര്യം ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് കേരളത്തിലെ GER 56.1 ശതമാനമായി വിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. യഥാർത്ഥത്തിൽ പ്രൈമറി മേഖലയിൽ കേരളത്തിന്റെ GER 100 ശതമാനമാണ്.

കേരളത്തിലെ സമഗ്ര ശിക്ഷ പദ്ധതികൾ

ദേശീയതലത്തിലെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടാറുള്ളത്. പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിദ്യാലയ പ്രവേശന നിരക്ക് (ഗ്രോസ് എൻറോൾമെൻറ് റേഷിയോ- GER) - സ്കൂൾ വിദ്യാഭ്യാസ പ്രായ പരിധിയിലുള്ള കുട്ടികളിൽ എത്ര ശതമാനം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നതെന്ന് കാണിക്കുന്ന സൂചകം- ദേശീയ തലത്തിലും പല സംസ്ഥാനങ്ങളിലും 100 ശതമാനത്തിൽ താഴെയാണ്. ഇതു സൂചിപ്പിക്കുന്നത്, മുഴുവൻ കുട്ടികളെയും പ്രാഥമിക തലത്തിലെങ്കിലും സ്കൂളിലെത്തിക്കുകയെന്ന ലക്ഷ്യത്തിലെത്താൻ പോലും പല സംസ്ഥാനങ്ങൾക്കും ഇതുവരെയായി സാധിച്ചിട്ടില്ല എന്നാണ്. കേരളമാകട്ടെ പ്രാഥമിക വിദ്യാഭ്യാസം മേഖല കൂടാതെ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയിലും 100 ശതമാനത്തിനടുത്ത് കുട്ടികളെ വിദ്യാലയത്തിലെത്തിക്കുന്നതിൽ വിജയം കൈവരിച്ച സംസ്ഥാനവുമാണ്.

പൊതുവിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക പിന്തുണ വർധിപ്പിക്കുന്നതിനുള്ള തീരുമാനം ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല എന്നത് ഓരോ വർഷവും പ്രോജക്ടിലൂടെ ലഭിക്കുന്ന കേന്ദ്ര ഫണ്ട് പരിശോധിച്ചാൽ ബോധ്യപ്പെടും.

ഈ പശ്ചാത്തലത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ വിദ്യാഭ്യാസ രംഗത്തെ രണ്ടാം തലമുറ പ്രശ്ങ്ങളായ തുല്യത, അവസര സമത്വം, ഗുണത എന്നിവ ഉറപ്പാക്കുന്നതിനായി വേണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാട്. ഈ കാഴ്ചപ്പാടിലാണ് കുട്ടികൾ അതാതു ക്ലാസുകളിൽ നിന്ന് ആർജ്ജിക്കേണ്ട കഴിവുകൾ നേടിയെന്ന് ഉറപ്പുവരുത്താനായി കേരളത്തിൽ ഒട്ടനവധി പഠന പരിപോഷണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. അതുപോലെ വൈജ്ഞാനിക-ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതിക്കനുസൃതമായി വിദ്യാഭ്യാസമേഖലയിൽ ഫലപ്രദമായി ഇടപെടാനായി കേരള സർക്കാർ ആരംഭിച്ച ഐ.ടി സ്കൂളിനെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കാലഘട്ടത്തിൽ കൂടുതൽ വിപുലീകരിച്ച് കേരള ഇൻഫ്രാസ്ട്രകച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്ഥാപനമായി ഉയർത്തിയതും ഈ സാഹചര്യത്തിലാണ്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കുന്നതരത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താലുള്ള പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ‘കൈറ്റ്’ സംസ്ഥാനത്ത് നടപ്പിലാക്കിയ പദ്ധതികൾ ഈ രംഗത്തുള്ള നല്ല മാതൃകയായി മറ്റു സംസ്ഥാനങ്ങൾ സ്വീകരിച്ചതും ഈ കാലഘട്ടത്തിൽ നാം കണ്ടതാണ്. എന്നാൽ ഇത്തരം മേഖലകളെ ഉന്നംവെച്ച് പദ്ധതി ആസൂത്രണം ചെയ്യുന്നതിനും ഫണ്ട് വിനിയോഗിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ നമുക്ക് വേണ്ടത്ര ലഭിക്കാറില്ല.

ഇത്തരം പരിമിതികളുണ്ടെങ്കിലും രാജ്യത്തെ മികച്ച പൊതുവിദ്യാഭ്യാസ സംവിധാനമുള്ള കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളോടൊപ്പം കേന്ദ്ര പദ്ധതിയെ അതിനനുസൃതമായി ഉപയോഗിക്കാനാണ് കഴിഞ്ഞ കാലങ്ങളിൽ സംസ്ഥാനം ശ്രമിച്ചത്. പ്രത്യേകിച്ചും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഒട്ടനവധി പഠന പരിപോഷണ പദ്ധതികൾ നടത്തിയും പാർശ്വവല്ക്കരിക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള അധിക പിന്തുണ നൽകിയും കേന്ദ്ര പദ്ധതിയെ സംരക്ഷണ യജ്ഞവുമായി കൂട്ടിയോജിപ്പിച്ചു. അതുകൊണ്ടാണ് നിതി ആയോഗിൻ്റെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും റിപ്പോർട്ടുകളിൽ കേരളത്തിലെ പൊതുവിദ്യാഭ്യസ മേഖലയുടെ മുന്നേറ്റങ്ങളെ പ്രകീർത്തിക്കുന്ന അവസരങ്ങളിൽ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന തരത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ കേരളം നടത്തിയ വേറിട്ട പരിപാടികളെ പ്രത്യേകമായി പരാമർശിക്കപ്പെട്ടതും.

അന്താരാഷ്ട്രതലത്തിൽ   ശ്രദ്ധിക്കുന്നതരത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താലുള്ള       പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ   ‘കൈറ്റ്’ സംസ്ഥാനത്ത് നടപ്പിലാക്കിയ  പദ്ധതികൾ   ഈ രംഗത്തുള്ള നല്ല മാതൃകയായി മറ്റു സംസ്ഥാനങ്ങൾ സ്വീകരിച്ചതും  ഈ കാലഘട്ടത്തിൽ നാം കണ്ടതാണ്.
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കുന്നതരത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താലുള്ള പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ‘കൈറ്റ്’ സംസ്ഥാനത്ത് നടപ്പിലാക്കിയ പദ്ധതികൾ ഈ രംഗത്തുള്ള നല്ല മാതൃകയായി മറ്റു സംസ്ഥാനങ്ങൾ സ്വീകരിച്ചതും ഈ കാലഘട്ടത്തിൽ നാം കണ്ടതാണ്.

ഇക്കൂട്ടത്തിൽ പരാമർശിച്ച പ്രധാനപ്പെട്ടവ, ഭിന്നശേഷിക്കാർക്കും ഗോത്രവിഭാഗം കുട്ടികൾക്കും അന്തർ സംസ്ഥാന വിദ്യാർത്ഥികൾക്കുമായുള്ള കേരളത്തിലെ പരിപാടികളായിരുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്നിരിക്കെ ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ ഒട്ടനവധി പ്രവർത്തനങ്ങളാണ് കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടത്തിവന്നത്. വൈദ്യപരിശോധനയിലൂടെ നിർദേശിക്കുന്ന നടക്കാൻ പ്രയാസമുള്ളവർക്കുള്ള വീൽ കസേരകളും മറ്റു ഉപകരണങ്ങളും കാഴ്‌ചക്കുറവും കേൾവിശക്തി കുറഞ്ഞവർക്കും യഥാകൃമം കണ്ണടയും ശ്രവണ സഹായിയുമടക്കമുള്ള സഹായ ഉപകരണങ്ങൾ നൽകിയിരുന്നത് ഈ പദ്ധതിയുടെ ഭാഗമാണ്‌. വിദ്യാലയത്തിലെത്താൻ ശാരീരിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ഗ്രഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതും എല്ലാ ബ്ലോക്കുകളിലും ഭിന്നശേഷി കുട്ടികളുടെ ശാരീരിക പ്രയാസങ്ങൾ ലഘൂകരിക്കാനായി ഓട്ടിസം സെന്ററുകളിലൂടെ നൽകിവരുന്ന തെറാപ്പികളും മറ്റു പിന്തുണകളും രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കാകെ മാതൃകയായ പ്രവർത്തനങ്ങളാണ്. ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് അക്കാദമിക പിന്തുണ നൽകാനായി നിയമിച്ച സ്പെഷ്യലിസ്റ്റ് അധ്യാപകർ കേരളത്തിലെ വിദ്യാഭ്യസ മേഖലയിലെ അവിഭാജ്യ ഘടകമായി ഇന്ന് മാറിയിരിക്കയാണ്.

Read: PM SHRI
പണയം വെയ്ക്കുന്നു,
കേരളത്തിന്റെ അവകാശങ്ങൾ

പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാനായി വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയ പദ്ധതികളാണ് ഊരു വിദ്യാകേന്ദ്രങ്ങളും പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളും. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ പ്രാദേശിക തലത്തിലുള്ള സന്നദ്ധപ്രവർത്തകരുടെയും സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ പ്രവർത്തകരുടെയും പിന്തുണയോടെ ആരംഭിച്ച ഇത്തരം കേന്ദ്രങ്ങൾ ഗോത്ര വിഭാഗം കുട്ടികളുടെയിടയിലുണ്ടായിരുന്ന കൊഴിഞ്ഞുപോക്ക് കുറക്കാനും സാമൂഹ്യ- വിദ്യാഭ്യാസ നിലവാരം ഉയർത്താനും ഏറെ സഹായകരമായി. അതുപോലെ കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച “സ്കൂൾ ചാലേ ഹം”, ജില്ലാ ഭാരണ കൂടത്തിൻ്റെ പിന്തുണയോടെയുള്ള “റോഷ്‌നി” തുടങ്ങിയ പദ്ധതികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലിനുവേണ്ടി ഇവിടെയെത്തുന്നവരുടെ പുതുതലമുറയെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കാൻ കേരളം അവസരമുണ്ടാക്കി.

കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാഭ്യാസ മേഖലയ്ക്ക് ഭരണഘടനപരമായി കേന്ദ്രം നൽകേണ്ട തുകയാണ് കേന്ദ്ര സർക്കാർ അതാതു കാലങ്ങളിൽ നടപ്പിലാക്കുന്ന PM SHRI പദ്ധതി പോലെയുള്ള പ്രോഗ്രാമിനോട് യോജിപ്പില്ലാത്ത സംസ്ഥാനങ്ങൾക്ക് ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും പൊതുവിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക പിന്തുണ വർധിപ്പിക്കുന്നതിനുള്ള തീരുമാനം ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല എന്നത് ഓരോ വർഷവും പ്രോജക്ടിലൂടെ ലഭിക്കുന്ന കേന്ദ്ര ഫണ്ട് പരിശോധിച്ചാൽ ബോധ്യപ്പെടും. ഭിന്നശേഷിക്കാർക്കുള്ള ഗ്രാന്റ് വിഹിതം കുറക്കുക, ഗോത്ര വിഭാഗം കുട്ടികൾക്കുള്ള യാത്രാബത്ത നൽകാതിരിക്കുക, പദ്ധതികളുടെ ഭാഗമായി നിയമിച്ചവരുടെ വേതനം വെട്ടിക്കുറക്കുക തുടങ്ങിയ നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുവന്നത്. കല-കായിക മേഖലയിൽ വിദ്യാർത്ഥികളുടെ കഴിവ് വർധിപ്പിക്കാനായി SSA പ്രോജക്ടിലൂടെ നിയമിച്ച കലാ- കായിക അധ്യാപകരുടെ വേതനം ആദ്യഘട്ടത്തിൽ ശരാശരി 25,000 രൂപയായിരുന്നെങ്കിൽ പിന്നീടുള്ള വർഷങ്ങളിൽ 7000 രൂപയായി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനമാണ് ഇക്കൂട്ടത്തിൽ ഏറെ നിരാശാജനകമായ നടപടി.

ഒടുവിലായി കേന്ദ്രം അംഗീകരിച്ച പദ്ധതി വിഹിതമായ 60 ശതമാനം തുക പോലും കേരളത്തിന് അനുവദിക്കാത്ത സ്ഥിതിയാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ കേന്ദ്രം നടപ്പിലാക്കുന്ന PM SHRI പദ്ധതി അംഗീകരിക്കാൻ കേരളം തയ്യാറായില്ലയെന്നതാണ് തുക അനുവദിക്കാത്തതിനുള്ള ന്യായികരണമായി കേന്ദ്ര സർക്കാർ പറയുന്നത്. കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാഭ്യാസ മേഖലയ്ക്ക് ഭരണഘടനപരമായി കേന്ദ്രം നൽകേണ്ട തുകയാണ് കേന്ദ്ര സർക്കാർ അതാതു കാലങ്ങളിൽ നടപ്പിലാക്കുന്ന PM SHRI പദ്ധതി പോലെയുള്ള പ്രോഗ്രാമിനോട് യോജിപ്പില്ലാത്ത സംസ്ഥാനങ്ങൾക്ക് ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സാഹചര്യവുമായി ഒത്തിണങ്ങിപ്പോകാൻ സാധിക്കാത്ത ഇത്തരം പ്രവർത്തനങ്ങളോട് സ്വതന്ത്രമായി തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നിരിക്കെ, കേന്ദ്ര സർക്കാർ ഇത്തരം തൊടുന്യായങ്ങൾ പറഞ്ഞ് സമഗ്ര ശിക്ഷാ ഫണ്ട് നിഷേധിക്കുന്നത് അങ്ങേയറ്റം ഭരണഘടന വിരുദ്ധമാണ്.

കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ കേന്ദ്രം നടപ്പിലാക്കുന്ന PM SHRI പദ്ധതി അംഗീകരിക്കാൻ കേരളം തയ്യാറായില്ലയെന്നതാണ് തുക അനുവദിക്കാത്തതിനുള്ള ന്യായികരണമായി കേന്ദ്ര സർക്കാർ പറയുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ കേന്ദ്രം നടപ്പിലാക്കുന്ന PM SHRI പദ്ധതി അംഗീകരിക്കാൻ കേരളം തയ്യാറായില്ലയെന്നതാണ് തുക അനുവദിക്കാത്തതിനുള്ള ന്യായികരണമായി കേന്ദ്ര സർക്കാർ പറയുന്നത്.

വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ ഈ പ്രശ്‍നം ഗൗരവത്തിൽ ചർച്ചചെയ്ത് സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ള പരാതി പരിഹരിക്കാൻ ശ്രമം കാണാതെ, സംസ്ഥാനങ്ങൾക്ക് അർഹമായ കേന്ദ്ര ഫണ്ടുകൾ തടയുകയെന്ന വിചിത്രമായ കേന്ദ്ര സർക്കാർ തീരുമാനം ഫെഡറൽ തത്വങ്ങളുടെ കടുത്ത ലംഘനമാണ്.

കേന്ദ്ര പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നടത്തിവന്നിരുന്ന പഠനപരിപോഷണ പരിപാടികളും ഭിന്നശേഷി കുട്ടികൾക്കും ഗോത്ര വിഭാഗം കുട്ടികൾക്കും നല്കിവന്നിരുന്ന പിന്തുണകളും കാര്യക്ഷമമായി നടപ്പിലാക്കാൻ കേരളം പ്രയാസപ്പെടുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ നിർദേശപ്രകാരം വിദ്യാലയങ്ങളിൽ നിയമിച്ച സ്പെഷ്യലിസ്റ്റ് അധ്യാപകർക്കും സംസ്ഥാനത്തെ 168 ബ്ലോക്കുകളിലും 14 ജില്ലകളിലും സംസ്ഥാന ഓഫീസിലുമുള്ള ആയിരക്കണക്കിന് ജീവനക്കാർക്കും ശമ്പളം നൽകാൻ പോലും തുക അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹവു മാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും സംസ്ഥാന സർക്കാർ മുൻകൂറായി തുക നീക്കിവെച്ചതുകൊണ്ടുമാത്രമാണ് സമഗ്ര ശിക്ഷയിൽ പ്രവർത്തിക്കുന്ന കരാർ ജീവനക്കാർക്ക് ഇപ്പോൾ ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read: PM SHRI-യെ മറയാക്കി
വിദ്യാർത്ഥികളോടും ഫെഡറലിസത്തോടും
നീതിനിഷേധം

അനിശ്ചിതമായി ഇത്തരം ധനകാര്യ നീക്കുപോക്കുകൾ നടത്തുന്നത് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നതിനാൽ കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് വാങ്ങിയെടുക്കുകയെന്ന പ്രായോഗിക നിലപാടിലൂന്നിയാണ്, കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പി.എം ശ്രീ പദ്ധതി സംസ്ഥാന സാഹചര്യത്തിലൂന്നി അംഗീകരിക്കാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയിരിക്കുന്നത്.

എന്നാൽ, പി എം ശ്രീ പദ്ധതിയുമായി കൂട്ടിച്ചേർത്ത് സമഗ്ര ശിക്ഷാ ഫണ്ട് നിഷേധിക്കുന്ന കേന്ദ്ര സർക്കാറിന്റെ ഭരണഘടനാലംഘനത്തിനെതിരെ രാഷ്ട്രീയനിലപാട് സ്വീകരിക്കേണ്ടത് പ്രധാനമാണ്. കേരളത്തിന് കിട്ടാനുള്ള ഫണ്ട് വാങ്ങിയെടുക്കുക എന്ന പ്രായോഗിക നിലപാട്, സംസ്ഥാനത്തിന്റെ അവകാശങ്ങൾ തീറെഴുതിയുള്ള ഒത്തുതീർപ്പിന്റെയോ കീഴടങ്ങലിന്റെയോ ഭാഗമാകാൻ പാടില്ല. ഫെഡറൽ അവകാശലംഘനത്തിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെ ദുർബലപ്പെടുത്തുന്ന ഒന്നായും അത് മാറാൻ പാടില്ല.

Read: സമഗ്ര ശിക്ഷാ ഫണ്ട് തടഞ്ഞ് കേരളത്തോട് കേന്ദ്രത്തിന്റെ പ്രതികാരം

Comments