“If the Vice Chancellor of the University is being paid salary regularly, there can be no justification for non-payment of the petitioner's fellowship”-
- Justice D. K. Singh
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായി അഡ്മിഷൻ നേടിയിട്ട് 18 മാസമാകുന്നു. ഒരു വർഷമായിട്ടും സർവകലാശാല ഗവേഷക ഫെലോഷിപ്പ് ലഭിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയിൽ ‘ദിശ’ എന്ന സംഘടന മുഖേന ഒരു കേസ് ഫയൽ ചെയ്തിരുന്നു. പ്രസ്തുത കേസിന്മേലുള്ള വിധി കഴിഞ്ഞ ദിവസം വന്നു. ഫെലോഷിപ്പ് കുടിശ്ശിക നൽകിയില്ലെങ്കിൽ സംസ്കൃത സർവകലാശാല വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും ശമ്പളം തടയാനാണ് വിധി.
ഒരു വർഷത്തോളം ഫെലോഷിപ്പില്ലാതെയാണ് ഗവേഷണം മുന്നോട്ടുപോയത്. ഫെലോഷിപ്പ് വൈകൽ വളരെ സ്വാഭാവികമായ ഒന്നായാണ് സർവകലാശാല ഉദ്യോഗസ്ഥർ മനസ്സിലാക്കുന്നത്. ഒരു മാസത്തെ ശമ്പളം വൈകിയാൽ ഹാലിളകുന്ന ഉദ്യോഗസ്ഥവൃന്ദത്തിന് ഗവേഷകരുടെ ഒരു വർഷവും മൂന്ന് മാസവുമായുള്ള കാത്തിരിപ്പ് ഒട്ടും അസ്വസ്ഥയുണ്ടാക്കുന്നില്ല. ഫെലോഷിപ്പ് എത്രത്തോളം ഗവേഷകർക്ക് അത്യാവശ്യമാണെന്ന് മുന്നേ ട്രൂകോപ്പി തിങ്കിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
READ: ഒരു വർഷമായി ഫെലോഷിപ്പില്ല,
ഗവേഷക വിദ്യാർഥികൾ എങ്ങനെ പഠനം തുടരും?
ഗവേഷണം ആത്യന്തികമായി ഒരു അധ്വാനപ്രവൃത്തിയാണ്. വൈകാരികവും ബൗദ്ധികവും ശാരീരികവുമായ അധ്വാനം ഗവേഷണത്തിന് ആവശ്യമുണ്ട്. ഗവേഷകർ ആ നിലയിൽ തൊഴിലാളികളാണ്. ഗവേഷകരുടെ ഫെലോഷിപ്പ് അവർ ചെയ്യുന്ന തൊഴിലിനുള്ള കൂലി തന്നെയാണ്. എല്ലാ അധീശവ്യവസ്ഥകളും ചൂഷണത്തെ അപ്പാടെ സ്വാഭാവികവത്കരിച്ചാണ് പ്രവർത്തിക്കുന്നത്. വീട്ടുവേല ചെയ്യുന്ന പെണ്ണുങ്ങളുടെ അധ്വാനം ചൂഷണമായി തിരിച്ചറിയപ്പെടാതെ പോകുന്നതിൻ്റെ കാരണം മറ്റൊന്നല്ല. ഗവേഷകരുടെ ഫെലോഷിപ്പ് ആവശ്യവും വളരെ ലാഘവത്തോടെയാണ് അധികാരികൾ കാണുന്നത്.

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഗവേഷകർക്ക് ഫെലോഷിപ്പ് ഇനത്തിൽ നൽകുന്നത് പ്രതിമാസം 12,000 രൂപയാണ്. മറ്റ് ഫെലോഷിപ്പുകളെ മുൻനിർത്തി പരിശോധിച്ചാൽ വളരെ തുച്ഛമായ തുകയാണിത്. ഫെലോഷിപ്പ് തുക ഉയർത്താൻ പല ഘട്ടങ്ങളിലായി ആവശ്യങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും സർവകലാശാല ഈ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒരു വർഷത്തോളം ഫെലോഷിപ്പ് ലഭിക്കാത്ത സാഹചര്യത്തെ തുടർന്ന് 2025 ജനുവരി 6 മുതൽ എസ് എഫ് ഐയും AKRSA യും സംയുക്തമായി സർവകലാശാലയിൽ അനിശ്ചിതകാല സമരം ഏറ്റെടുത്ത് നടത്തിയിരുന്നു. സമരത്തിൻ്റെ ഭാഗമായി മാർച്ചിലാണ് ഒരു വർഷത്തെ കുടിശ്ശിക ഗവേഷകർക്ക് ലഭിക്കുന്നത്.
സമയബന്ധിതമായി ഗവേഷകർക്ക് ഫെലോഷിപ്പ് തുക ലഭിക്കേണ്ടതുണ്ടെന്നതിനെ ഉറപ്പിക്കുകയാണ് കേരള ഹൈക്കോടതിയുടെ വിധി. ഗവേഷകരുടെ ഫെലോഷിപ്പ് തുക ഔദാര്യമല്ലല്ലെന്നും ഗവേഷകരുടെ അവകാശമാണെന്നും ഈ വിധിയിലൂടെ അംഗീകരിക്കപ്പെടുകയാണ്. ഫെലോഷിപ്പിനായി സമരം ചെയ്യുന്ന കേരളത്തിലെ മുഴുവൻ ഗവേഷകർക്കും ഈ വിധി പ്രതീക്ഷ നൽകുമെന്ന് കരുതുന്നു. വൈസ് ചാൻസലർമാരും രജിസ്ട്രാർമാരും ഗവേഷകരുടെ അവകാശങ്ങളോട് ഇനിയും ഉദാസീനത കാണിക്കാതിരിക്കട്ടെ.

READ ALSO: E-grantz, ഫെല്ലോഷിപ്പ്;
നീളുന്ന പ്രതിസന്ധി,
വഴികളെല്ലാമടഞ്ഞ്
ഗവേഷണ വിദ്യാർത്ഥികൾ
‘ദിവസം രണ്ടുനേരം പട്ടിണി കിടക്കേണ്ടിവരുന്ന വിദ്യാർത്ഥികൾ കേരളത്തിലെ യൂണിവേഴ്സിറ്റികളിലുമുണ്ട്’
ഫെല്ലോഷിപ്പ് നിഷേധിക്കപ്പെട്ട് 350 ഗവേഷക വിദ്യാർഥികൾ;
ഉന്നത വിദ്യാഭ്യാസത്തിലെ ഭരണകൂട എക്സ്ക്ലൂഷൻ

