വിദ്യാഭ്യാസ വികസന പ്രക്രിയയിൽ സാധാരണയായി, വരേണ്യ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് പരിഷ്കരിച്ച സർവകലാശാലാ സംവിധാനത്തിലേക്കും, തുടർന്ന് ബഹുജന സർവകലാശാലാ സംവിധാനത്തിലേക്കുമുള്ള മാറ്റം കാലക്രമേണ നടക്കുന്നു എന്നാണ് വിദ്യാഭ്യാസ സൈദ്ധാന്തികർ അഭിപ്രായപ്പെടുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വികസനത്തിലും ഇതേ വികസന പ്രക്രിയ കാണാൻ കഴിയും. എന്നാൽ, ഉന്നത വിദ്യാഭ്യാസവും ജോലിയും ലക്ഷ്യം വെച്ച് വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണമേന്മാ പ്രതിസന്ധി മൂലമാണെന്ന വാദം മുഖ്യധാരാ ചർച്ചകളിൽ പ്രബലമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാര ആശങ്കകൾ യാഥാർത്ഥ്യമാണെങ്കിലും, അതിനെ ഇവിടെനിന്നുള്ള വിദ്യാർത്ഥി കുടിയേറ്റത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്ന പ്രവണത തീർത്തും ഏകപക്ഷീയമാണ്.
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥി കുടിയേറ്റം വിദ്യാഭ്യാസ അവസരങ്ങൾ, തൊഴിൽ സാധ്യതകൾ, സാമൂഹിക- സാമ്പത്തിക പുരോഗതി, ആഗോളാവകാശങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ലക്ഷ്യമാക്കിയാണ്. അതിനെ വിദ്യാഭ്യാസ നിലവാര തകർച്ചയുടെ കാരണമായി വിവരിക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന്റെ സ്ഥാപനപരമായ ചട്ടക്കൂടിനെയും വികസന പാതയെയും സംബന്ധിച്ച് സൂക്ഷ്മമായ ധാരണയില്ലാത്തതിനാലാണ്.
വിദ്യാഭ്യാസ വികസനത്തിന്റെ
ആദ്യ ഘട്ടം
കേരളത്തിലെ വിദ്യാഭ്യാസ വികസനത്തിന്റെ ആദ്യ ഘട്ടം 1900- 1950 വരെയാണ്. ഇതിനെ ‘മന്ദഗതിയിലുള്ള വളർച്ചാ കാലഘട്ടം’ (Phase of slow growth) എന്ന് വിളിക്കാം. ആധുനിക വിദ്യാഭ്യാസ വ്യവസ്ഥയുടെ ആരംഭവും അടിസ്ഥാന ഘടനയും ഈ കാലഘട്ടത്തിലാണ് രൂപപ്പെട്ടത്. പ്രധാനമായും വരേണ്യ സാമൂഹിക വിഭാഗങ്ങളുടെ അവകാശമായി മാത്രമേ ഈ ഘട്ടത്തിന്റെ ആദ്യപകുതി വരെ വിദ്യാഭ്യസം നിലകൊണ്ടിരുന്നുള്ളൂ. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹിക- മത സംഘടനകളുടെ ഇടപെടലുകൾ, ജനകീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉയർച്ച, അതിന്റെ ഫലമായി ഉണ്ടായ സാമൂഹിക- സാമ്പത്തിക മാറ്റങ്ങൾ തുടങ്ങിയവ വിദ്യാഭ്യാസത്തിന്റെ സാമൂഹിക വ്യാപനത്തിനും ജനാധിപത്യവൽക്കരണത്തിനും വഴിയൊരുക്കി.

എന്നാലും 19-ാം നൂറ്റാണ്ടിൽ നാട്ടുരാജ്യങ്ങൾ പിന്തുടർന്ന പുരോഗമനപരമല്ലാത്ത ചില നയങ്ങൾ വിദ്യാഭ്യാസത്തിന്റെ വ്യാപനം വളരെ മന്ദഗതിയിലാക്കി. ഈ കാലയളവിൽ 21 കോളേജുകൾ മാത്രമാണ് സ്ഥാപിക്കപ്പെട്ടിരുന്നത്. അവയിൽ 43 ശതമാനം സർക്കാരിന്റെയും ബാക്കി 57 ശതമാനം വിവിധ സാമൂഹിക- മത സംഘടനകളുടെയും നിയന്ത്രണത്തിലായിരുന്നു. ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസാവകാശം സമൂഹത്തിലെ ചെറിയൊരു വിഭാഗത്തിന്റേതായി തുടർന്നതിനാൽ ജനാധിപത്യ സാമൂഹിക പ്രവേശനം സാക്ഷാത്കരിക്കപ്പെട്ടിരുന്നില്ല.
വിപുലീകരണ ഘട്ടം
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ‘വിപുലീകരണഘട്ടം’ (Expansion Phase) 1950-കളുടെ തുടക്കം മുതൽ 1980-കളുടെ ആദ്യ വർഷങ്ങൾ വരെ ഏകദേശം മൂന്ന് ദശാബ്ദങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഈ കാലയളവിൽ കോളേജുകളുടെ എണ്ണത്തിലും പ്രവേശന നിരക്കിലും വളർച്ച രേഖപ്പെടുത്തി. സർക്കാരിതര സ്ഥാപനങ്ങളുടെ (non-state actors) ശക്തമായ ഇടപെടൽ ഈ ഘട്ടത്തിന്റെ പ്രത്യേകതയാണ്. അതായത് 1950–68 കാലയളവിൽ ആരംഭിച്ച 90 പുതിയ കോളേജുകളിൽ 87 എണ്ണം എയ്‌ഡഡ് മാനേജ്മെന്റുകളുടെ കീഴിലായിരുന്നു. 1964–68 കാലയളവിൽ മാത്രം 57 കോളേജുകളാണ് സ്വകാര്യ മേഖലയിൽ സ്ഥാപിതമായത്. ഇത് മത–സാമൂഹിക മാനേജ്മെന്റുകൾ വിദ്യാഭ്യാസ വ്യാപനത്തിൽ വഹിച്ച പങ്ക് നിർണായകമാണെന്ന് തെളിയിക്കുന്നു.

എന്നാൽ, വിദ്യാഭ്യാസ അവസരങ്ങളുടെ തുല്യവിതരണം ഉറപ്പാക്കുന്നതിനായി 1972- 83 കാലയളവിൽ സർക്കാർ പിന്നാക്ക ജില്ലകളിലടക്കം 22 കോളേജുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ ഘട്ടത്തിൽ, പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികളുടെ പങ്കാളിത്തം നാമമാത്രമായിരുന്നു. പാരമ്പര്യാധിഷ്ഠിത മത-സാമൂഹിക മുൻഗണനകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപന പ്രക്രിയയിൽ മേൽക്കോയ്‌മ നേടിയത് പിന്നാക്ക വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിലുള്ള പങ്കാളിത്തം പരിമിതപ്പെടുത്തി. അതുകൊണ്ടുതന്നെ, വിപുലീകരണഘട്ടം കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കും പ്രവേശനത്തിന്റെ പൊതുജനവൽക്കരണത്തിനും നിർണായകമായിരുന്നെങ്കിലും, സാമൂഹിക നീതി, ഉൾപ്പെടുത്തൽ, തുല്യത എന്നിവയിൽ ഗൗരവമായ പരിമിതികൾ ഉയർത്തി.
ബഹുജനവൽക്കരണ ഘട്ടം
ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവമായ വളർച്ച രേഖപ്പെടുത്തിയ 1980-കളുടെ മധ്യകാലം മുതൽ 2000-കളിലേക്ക് നീളുന്ന കാലഘട്ടത്തെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിൽ ‘ബഹുജനവൽക്കരണ ഘട്ടം’ (massification phase) എന്ന് വിശേഷിപ്പിക്കാം. ഈ ഘട്ടത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉന്നത വിദ്യാഭ്യാസം പ്രാപ്യമായി. 1980-കളിൽ ഒറ്റ അക്കത്തിലായിരുന്ന മൊത്ത പ്രവേശനാനുപാതം (Gross Enrolment Ratio), 2000-ത്തോടെ ഇരട്ട അക്കത്തിലേക്ക് ഉയർന്നു. സ്ഥാപനങ്ങളുടെ എണ്ണത്തിലും പ്രവേശന നിരക്കിലും വൻ വർദ്ധനവ് ഉണ്ടായി. ഓൾ ഇന്ത്യ ഹയർ എഡ്യൂക്കേഷൻ സർവേ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് നിലവിൽ 1332 കോളേജുകളും 25 സർവകലാശാലകളും പ്രവർത്തിക്കുന്നു. ഇതിൽ, 16 ശതമാനം സർക്കാർ കോളേജുകളും, 21 ശതമാനം സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന (aided) കോളേജുകളും, 62 ശതമാനം സ്വകാര്യ (unaided) കോളേജുകളും ആണ്. സ്വാശ്രയ കോളേജുകളുടെ (self-financing) എണ്ണത്തിലും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ സ്വാശ്രയ കോഴ്സുകളുടെ വ്യാപനത്തിലും ഈ കാലയളവിൽ വർദ്ധനവുണ്ടായിട്ടുണ്ട്. സ്ഥാപനങ്ങളുടെ എണ്ണത്തിലും ഘടനയിലും ഉണ്ടായ മാറ്റം, കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ‘ബഹുജനവൽക്കരണ’ ഘട്ടത്തിലേക്ക് കടന്നതായി വ്യക്തമാക്കുന്നു. ആഗോള തലത്തിൽ, ഉന്നത വിദ്യാഭ്യാസത്തിലെ ബഹുജനവൽക്കരണം സാധാരണയായി വിപണി കേന്ദ്രീകൃത പരിഷ്കാരങ്ങളിലൂടെയാണ് സംഭവിക്കുന്നത്. കേരളത്തിലെ സാഹചര്യവും ഇതിൽ നിന്ന് വ്യത്യസ്തമല്ല.
വിദ്യാഭ്യാസ അവസരങ്ങളുടെ തുല്യവിതരണം ഉറപ്പാക്കുന്നതിനായി 1972- 83 കാലയളവിൽ സർക്കാർ പിന്നാക്ക ജില്ലകളിലടക്കം 22 കോളേജുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ ഘട്ടത്തിൽ, പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികളുടെ പങ്കാളിത്തം നാമമാത്രമായിരുന്നു.
‘എയ്ഡഡ് ചൂഷണം’
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിൽ സ്വകാര്യവൽക്കരണം ആദ്യ ഘട്ടം മുതലേ പ്രകടമാണ്. വികസനത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പ്രധാനമായും ജാതി- മത സംഘടനകളുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ, ബഹുജനവൽക്കരണ ഘട്ടത്തിൽ, സാങ്കേതികവും പ്രൊഫഷണൽ വിദ്യാഭ്യാസവും നിയന്ത്രിച്ചത് സർക്കാർ സഹായമില്ലാത്ത (unaided) സ്വകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ ആണ്. സർക്കാരിതര സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് എയ്‌ഡഡ് സ്ഥാപനങ്ങളുടെ കാലക്രമേണയുള്ള സ്വഭാവമാറ്റത്തിലും, ഉത്തരവാദിത്തത്തിലും, സുതാര്യതയിലും വിമർശനങ്ങൾ ഉയരുന്നുണ്ട്. തുടക്കത്തിൽ, സർക്കാരിതര സ്ഥാപനങ്ങളുടെ പങ്കാളിത്തം സർക്കാരുമായി ചെലവ് പങ്കിടുന്ന രൂപത്തിലായിരുന്നു, എന്നാൽ പിന്നീട് പുതിയ സ്വാശ്രയ കോളേജുകൾ, ക്യാപിറ്റേഷൻ ഫീസ് സംവിധാനങ്ങൾ, സ്വാശ്രയ കോഴ്സുകൾ എന്നിവയ്ക്കുള്ള അവരുടെ ആവശ്യങ്ങൾ ഉയർന്നുവരാൻ തുടങ്ങി. എന്നാൽ, പാഠ്യപദ്ധതി നവീകരണത്തിലും, അധ്യാപക നിയമനത്തിലും, ഗവേഷണ പ്രവർത്തനങ്ങളിൽ പുതുമ വരുത്തുന്നതിലും പല എയ്‌ഡഡ് സ്ഥാപനങ്ങളും തയ്യാറായിരുന്നില്ല.

ആദ്യഘട്ടങ്ങളിൽ എയ്‌ഡഡ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തെ ജനപ്രിയമാക്കിയിരുന്നെങ്കിലും, പിന്നീട് സംവരണ നയങ്ങളോടുള്ള അവഗണനയും സാമൂഹിക ഉത്തരവാദിത്തത്തിലെ കുറവും മൂലം അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് പ്രവേശനം നൽകുന്നതിൽ വിമുഖത ഉണ്ടായിട്ടുണ്ട്. കൂടാതെ, അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ അധ്യാപക നിയമനത്തിലും ഗൗരവമായ പുറംതള്ളുലും അവസരങ്ങളുടെ അസമത്വവും നിലനിൽക്കുന്നത് പ്രകടമാണ്. എയ്‌ഡഡ് മേഖലയിലെ കോളേജുകളിൽ ഭൂരിഭാഗവും ജാതി-മത മാനേജ്‌മെന്റുകളുടെ നിയന്ത്രണത്തിലായത് സാമൂഹിക അധികാരത്തിന്റെ പുനരുൽപാദനത്തിന് കാരണമായി.
എയ്‌ഡഡ് കോളേജുകളിൽ അധ്യാപകരുടെ നിയമനം, മാനേജ്‌മെൻറുകളുടെ സമുദായങ്ങൾക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. നിയമനപ്രക്രിയയിൽ സുതാര്യതക്കുറവും ഉദ്യോഗാർത്ഥികളിൽ നിന്ന് വൻതോതിൽ കോഴ ആവശ്യപ്പെടുന്ന പ്രവണതയും ഉണ്ട്.
പൊതുവെ, കേരളത്തിലെ എയ്‌ഡഡ് കോളേജുകളിൽ അധ്യാപകരുടെ നിയമനം, അതാത് മാനേജ്‌മെൻറുകളുടെ സമുദായങ്ങൾക്ക് സംവരണം ചെയ്യപ്പെട്ട രീതിയിലാണ് നടപ്പിലാക്കുന്നത്. നിയമനപ്രക്രിയയിൽ സുതാര്യതക്കുറവും ഉദ്യോഗാർത്ഥികളിൽ നിന്ന് വൻതോതിൽ സാമ്പത്തിക പ്രതിഫലം (കോഴ) ആവശ്യപ്പെടുന്ന പ്രവണതയും ഉണ്ട്. ഇതിന്റെ ഫലമായി, അർഹതയും കഴിവും അടിസ്ഥാനമാക്കിയുള്ള നിയമനത്തിന് പകരം സാമ്പത്തിക ശേഷിയാണ് നിർണായക ഘടകമാകുന്നത്. ഇത്തരം സംവിധാനം, ഗുണമേന്മയുള്ള വിദ്യാഭ്യാസ സേവനത്തിന്റെ ക്ഷയത്തിനും സാമൂഹിക നീതിയുടെ ദുർബലീകരണത്തിനും കാരണമായി പ്രവർത്തിക്കുന്നു. ചുരുക്കത്തിൽ, എയ്ഡഡ് സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സർക്കാർ സാമ്പത്തിക പിന്തുണ ചൂഷണം ചെയ്തുകൊണ്ട്, സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വച്ചുള്ള വിപണി അധിഷ്ഠിത വിദ്യാഭ്യാസ രീതിയാണ് അവർ ഇപ്പോൾ പിന്തുടരുന്നത്.
സ്വകാര്യ മൂലധനം:
ഗുരുതര ചോദ്യങ്ങൾ
അതേസമയം, കേരളത്തിൽ അൺ എയ്ഡഡ് പ്രൊഫഷണൽ കോളേജുകളുടെ ആധിപത്യത്തോടെ, അത്തരം കോഴ്സുകൾ സമ്പന്നർക്ക് മാത്രമേ ലഭ്യമാകൂ എന്ന സ്ഥിതി വന്നു. വർദ്ധിച്ചുവരുന്ന പഠന ചെലവുകളും പ്രവേശനത്തിനുള്ള സാമ്പത്തിക- സാമ്പത്തികേതര തടസ്സങ്ങളും, അരികുവൽക്കരിക്കപ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് പുറംതള്ളുന്നതിനു കാരണമായി. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ കുറഞ്ഞ പ്രവേശന നിരക്കും കുറഞ്ഞ വിജയശതമാനവും കാരണം നിരവധി സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾ പൂട്ടുന്ന സാഹചര്യവുമുണ്ടായി.

ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവന്ന സ്വകാര്യ മൂലധനത്തിന്റെ സ്വഭാവത്തെയും പങ്കിനെയും കുറിച്ച് ഇത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഉന്നത വിദ്യാഭ്യാസം പൊതുജനങ്ങൾക്ക് ലഭ്യമാക്കിയ ചരിത്രപരമായ മാറ്റത്തിന്റെ കാലമാണിതെങ്കിലും, വിദ്യാഭ്യാസമേഖല വിപണി-കേന്ദ്രീകൃതമായി മാറിയതിനാൽ, സാമൂഹിക നീതി, ഉൾപ്പെടുത്തൽ, അക്കാദമിക നിലവാരം എന്നിവ സംബന്ധിച്ച ആശങ്കകൾ മറ്റ് കാലഘട്ടങ്ങളിൽ ഉള്ളതിനേക്കാൾ ഉയർന്നിരിക്കുകയാണ്.
രണ്ടാം തലമുറ വെല്ലുവിളികൾ
പൊതുവെ, വികസന മാതൃകകളിൽ അനിവാര്യമായി ഉയരുന്ന രണ്ടാം തലമുറ വെല്ലുവിളികൾ (second generation problems) നമ്മുടെ സംസ്ഥാനത്തെയും ബാധിക്കുന്നുണ്ടെന്ന സത്യം തിരിച്ചറിയേണ്ടത് ഈ സന്ദർഭത്തിൽ നിർണായകമാണ്. രണ്ടാം തലമുറ വെല്ലുവിളികൾ എന്ന് പറയുന്നത് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, അവർ തൊഴിൽ വിപണിയിൽ എത്രത്തോളം തൊഴിൽയോഗ്യരാകുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആഗോള തലത്തിൽ എത്രത്തോളം മത്സരാധിഷ്ഠിതമാകുന്നു എന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാമ്പത്തിക സമ്മർദ്ദം, അധ്യാപക നിയമനത്തിലെ പോരായ്മകൾ, 2020- ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ (NEP) നയപരമായ തടസ്സങ്ങൾ, സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനത്തിലെ അനിശ്ചിതത്വം എന്നിവ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ടെന്നത് കണക്കിലെടുക്കേണ്ടതാണ്. എന്നാൽ ഇത്തരം തടസ്സങ്ങളാണ് കുടിയേറ്റത്തെ ത്വരിതപ്പെടുത്തുന്നത് എന്ന് വിശദീകരിക്കാൻ സാധിക്കില്ല. മാത്രമല്ല, അത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങളെ പിൻതള്ളാൻ ഉതകുന്ന കാരണങ്ങളാകുന്നതുമില്ല.
സ്ത്രീകളുടെ പ്രവേശനാനുപാതം കേരളത്തിൽ 49 ശതമാനം ആണെങ്കിൽ, ദേശീയതലത്തിൽ ഇത് 28.5 ശതമാനം മാത്രമാണ്. രാജ്യത്തെ സ്ത്രീ പ്രവേശനാനുപാതം പുരുഷന്മാരുടെ പ്രവേശനത്തെ മറികടന്നിരിക്കുന്ന മുൻനിരയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
കേരളത്തിന്റെ നേട്ടങ്ങൾ
കേരളം നാളിതുവരെ ഉന്നത വിദ്യാഭ്യാസത്തിൽ നേടിയ വളർച്ചയും, പ്രവേശനത്തിൽ കൈവരിച്ച നേട്ടങ്ങളും, വർദ്ധിച്ച സാമൂഹിക ഉൾക്കൊള്ളലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ മികച്ചതാണ്. ഏറ്റവും പുതിയ ഓൾ കേരള ഹയർ എഡ്യൂക്കേഷൻ സർവേയുടെ (2021-22-ലെ) കണക്കുകൾ പ്രകാരം, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊത്ത പ്രവേശനാനുപാതം 41.3 ശതമാനം ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയായ 28.4 ശതമാനത്തേക്കാൾ ഗണ്യമായി കൂടുതലാണ്. സ്ത്രീകളുടെ പ്രവേശനാനുപാതം കേരളത്തിൽ 49 ശതമാനം ആണെങ്കിൽ, ദേശീയതലത്തിൽ ഇത് 28.5 ശതമാനം മാത്രമാണ്. രാജ്യത്തെ സ്ത്രീ പ്രവേശനാനുപാതം പുരുഷന്മാരുടെ പ്രവേശനത്തെ മറികടന്നിരിക്കുന്ന മുൻനിരയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സ്ത്രീകളുടെ പ്രവേശനാനുപാതം പുരുഷന്മാരെ മറികടക്കുന്നത്, വിദ്യാഭ്യാസ മേഖലയിലെ ലിംഗസമത്വം ഉറപ്പാക്കുന്നതിലും സ്ത്രീശാക്തീകരണത്തിലും ഉള്ള സംസ്ഥാനത്തിന്റെ പ്രധാന ചുവടുവെപ്പുകളിൽ ഒന്നാണ്. സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ട പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനാനുപാതം കേരളത്തിൽ 28.9 ശതമാനം ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയായ 21.1 ശതമാനത്തേക്കാൾ കൂടുതലാണ്. മാത്രമല്ല, സംസ്ഥാനത്തെ 153 കോളേജുകൾക്ക് NAAC അംഗീകാരം A ഗ്രേഡിന് മുകളിലാണ് ലഭിച്ചിട്ടുള്ളത്, അതിൽ 18 സ്ഥാപനങ്ങൾക്ക് A++ ഗ്രേഡുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിംവർക്ക് (NIRF) ഏജൻസിയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ കേരളം ഗണ്യമായ സ്ഥാനം നേടിയിട്ടുണ്ട്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ, കേരളത്തിലെ രണ്ട് സർവകലാശാലകൾ ആദ്യ അമ്പത് സ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. മികച്ച സ്റ്റേറ്റ് സർവകലാശാലകളിൽ കേരള സർവകലാശാലയ്ക്ക് അഞ്ചാം സ്ഥാനവും മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് ആറാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. ഈ മുന്നേറ്റം കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണാത്മക നേട്ടങ്ങളെയും ഗവേഷണ-പഠന ശേഷികളെയും തെളിയിക്കുന്നതാണ്. പൊതുവിൽ, കേരളത്തിന്റെ സാമൂഹിക പുരോഗതിയെ സാധാരണയായി നിർവ്വചിക്കാൻ ഉപയോഗിക്കുന്ന സാക്ഷരതാ നിരക്കിനെക്കാളധികമായി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതി വിശാലമായ പശ്ചാത്തലത്തിൽ അവതരിപ്പിക്കാനുതകുന്ന തരത്തിലുള്ളതാണ് ഈ നേട്ടങ്ങൾ.
READ ALSO: വിദേശ പഠനത്തിനു പോകുന്നവർക്കുവേണം,
കൃത്യമായ കൂട്ടലും കിഴിക്കലും
ദേശീയ വിദ്യാഭ്യാസനയവും കേരളവും
ഇന്ന് വിദ്യാഭ്യാസ ബജറ്റിന്റെ പ്രധാന വിഹിതം ശമ്പളവും പെൻഷനും പോലുള്ള ആവർത്തിച്ചുള്ള ചെലവുകളിലേക്ക് കേന്ദ്രീകരിക്കുന്നതിനാൽ, നിലവിലെ മാതൃക ദീർഘകാല സാമ്പത്തിക സുസ്ഥിരതയുടെ കാര്യത്തിൽ ഗൗരവമായ ആശങ്കകൾ ഉയർത്തുന്നു. ഇതിന്റെ പ്രത്യാഘാതമായി ഗവേഷണം, നവീകരണം, ശേഷിവികസനം എന്നിവയ്ക്കായി വിനിയോഗിക്കുന്ന വിഭവങ്ങൾ ക്രമാനുഗതമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ (National Education Policy- 2020) കേന്ദ്രസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പല വിദ്യാഭ്യാസ നയങ്ങളും സംസ്ഥാനങ്ങളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. കേരളം ഈ നയത്തെ എതിർക്കുന്നത്തിന്റെ ഒരു പ്രധാന കാരണം, വിദ്യാഭ്യാസത്തിലെ അധികാരവും നിയന്ത്രണവും കേന്ദ്രസർക്കാരിലേക്ക് ഏകീകരിക്കുന്നതു മൂലം സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിലെ സ്വതന്ത്രഇടപെടലിന് തടസ്സം സൃഷ്ടിക്കുന്നു എന്നതുകൊണ്ടാണ്. കൂടാതെ വിദ്യാഭ്യാസത്തെ കൂടുതൽ വിപണികേന്ദ്രീകൃത ഉല്പന്നമാക്കാനുള്ള ശ്രമവും, പ്രാദേശിക ഭാഷകളുടെ പ്രാധാന്യം കുറക്കുന്ന ഭാഷാനയവും, അഫിലിയേറ്റഡ് കോളേജുകളുടെ അടച്ചുപൂട്ടലും മറ്റു പ്രധാനപ്പെട്ട കാരണങ്ങളാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വിപണി- നിയന്ത്രിത (market-determined) മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, സംസ്ഥാന സർക്കാർ സഹായത്തോടെയും നിയന്ത്രണത്തോടെയും സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു സ്ഥാപന ചട്ടക്കൂടിനകത്ത് പരിണമിച്ചുണ്ടായതാണ്. എയ്‌ഡഡ് വിദ്യാഭ്യാസ മേഖലയുടെയും സർക്കാരിതര സ്ഥാപനങ്ങളുടെയും ഇടപെടലുകൾ ഉണ്ടായിരുന്നുവെങ്കിലും, പ്രവേശനാവകാശത്തിന്റെ ജനാധിപത്യവൽക്കരണവും സാമൂഹിക നീതിയും ഉറപ്പാക്കുന്നതിൽ സർക്കാർ സഹായം നിർണായക പങ്ക് വഹിച്ചു. അതിനാൽ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മാതൃകയെ ചരിത്രപരമായ സാമൂഹിക പുരോഗതിയുടെയും പൊതുപിന്തുണയുടെയും പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. അതിനാൽ, പൂർണ വിപണികേന്ദ്രിത സ്വകാര്യ സർവകലാശാലാ മാതൃകകളെ കേരളത്തിലേക്ക് പകർത്താനുള്ള ശ്രമങ്ങൾ അത്ര നല്ലതാവില്ല. അത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ചരിത്രപരമായ നേട്ടങ്ങളായ പ്രവേശനവും തുല്യതയും ദുർബലപ്പെടുത്തും, മറിച്ച് സ്വകാര്യ പങ്കാളിത്തം ഉപയോഗിച്ച് മികച്ച കോഴ്സുകളും ബോധനനിലവാരവും ഉണ്ടാക്കിയെടുക്കാനുതകുന്ന തരത്തിലുള്ള സ്വകാര്യ സർവകലാശാലകളെ കൃത്യമായ നിയന്ത്രണങ്ങളെ അടിസ്ഥാനപ്പെടുത്തി ക്യാമ്പസ് ഉണ്ടാക്കാൻ ക്ഷണിക്കുകയാണ് ചെയ്യേണ്ടത്. മാത്രമല്ല, എയ്ഡഡ് മേഖലയിലെ അദ്ധ്യാപക നിയമന പ്രക്രിയയിൽ സുതാര്യത, ഉത്തരവാദിത്തം, സർക്കാരിന്റെ ശക്തമായ നിയന്ത്രണം എന്നിവ ഉറപ്പാക്കുന്ന തരത്തിലുള്ള ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണ്.
പൂർണ വിപണികേന്ദ്രിത സ്വകാര്യ സർവകലാശാലാ മാതൃകകളെ കേരളത്തിലേക്ക് പകർത്താനുള്ള ശ്രമങ്ങൾ അത്ര നല്ലതാവില്ല. അത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ചരിത്രപരമായ നേട്ടങ്ങളായ പ്രവേശനവും തുല്യതയും ദുർബലപ്പെടുത്തും.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ
പുനർനിർമാണം
ഈ പശ്ചാത്തലത്തിൽ, സുസ്ഥിര വളർച്ചയ്ക്കുള്ള പ്രേരകശക്തിയായി വിദ്യാഭ്യാസ രംഗത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ, 'വിജ്ഞാന സമ്പദ്‌വ്യവസ്ഥ' (knowledge economy) എന്ന ആശയത്തെ അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസ മേഖലയെ പുനർനിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ ഗവേഷണ കേന്ദ്രങ്ങൾ, പരിസ്ഥിതി പഠന പരിപാടികൾ, ഡിജിറ്റൽ വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ, സ്റ്റാർട്ടപ്പുകൾക്കായുള്ള ഇൻകുബേഷൻ കേന്ദ്രങ്ങൾ എന്നിവയിൽ നടത്തിയ നിക്ഷേപങ്ങൾ ഈ ദിശയിൽ സർക്കാർ നടത്തുന്ന കൃത്യമായ ഇടപെടലുകളാണ്. അതുപോലെ, മികച്ച സർക്കാർ- എയ്ഡഡ് കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ എടുക്കുന്ന നിർണ്ണായക മാറ്റമാണ്. ഇത് വെറും നയപരമായ പ്രസ്താവനകൾ മാത്രമല്ല മറിച്ച്, രണ്ടാം തലമുറ വെല്ലുവിളികളെ നേരിടുന്നതിനായി രൂപകൽപ്പന ചെയ്ത്‌തിരിക്കുന്ന ദീർഘവീക്ഷണമുള്ള ഇടപെടലുകളാണ്. ഡിജിറ്റൽ ഇന്നൊവേഷൻ ഹബുകളുടെ സ്ഥാപനം സർവകലാശാലകളും സാങ്കേതിക സ്ഥാപനങ്ങളും തമ്മിലുള്ള അന്തർസ്ഥാപന സഹകരണത്തെ ഗണ്യമായി വർദ്ധിപ്പിച്ചിരിക്കുന്നു. അതേസമയം, ആരോഗ്യം, ജീവശാസ്ത്രം തുടങ്ങിയ മേഖലകളിൽ സ്ഥാപിതമായ പ്രത്യേക ഗവേഷണ കേന്ദ്രങ്ങൾ, അന്തർദേശീയ ഗവേഷണ ഫണ്ടിംഗും സ്ഥാപന പങ്കാളിത്തവും ആകർഷിക്കുന്ന പ്രവണത ആരംഭിച്ചിരിക്കുന്നു. ഭാവി തൊഴിൽ സാധ്യതകൾക്ക് പ്രാധാന്യം നൽകുന്ന മേഖലകളുമായി ഉന്നത വിദ്യാഭ്യാസത്തെ വിന്യസിക്കുന്നതിലേക്ക് കേരളം നീങ്ങുകയാണെന്ന് ഇത്തരം മുന്നേറ്റങ്ങൾ തെളിയിക്കുന്നു.

കേരളത്തിൽ ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്ന ഫലാധിഷ്ഠിത വിദ്യാഭ്യാസം (Outcome Based Education) ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനും ആഗോള തലത്തിലുള്ള തൊഴിൽ വിപണിയുമായി വിദ്യാർത്ഥികളെ ബന്ധിപ്പിക്കാനുമുള്ള നയപരമായ ശ്രമമാണ്. എന്നാൽ, അധ്യാപകശേഷി വികസനം, പഠനഫലങ്ങളുടെ സാമൂഹിക പ്രാധാന്യം, സ്ഥാപനങ്ങൾക്ക് ആവശ്യമായ പിന്തുണ എന്നിവ സമഗ്രമായി ഉൾപ്പെടുത്തി മാത്രമേ ഇത് നടപ്പിലാക്കാൻ കഴിയൂ. അതിനാൽ ഫലാധിഷ്ഠിത വിദ്യാഭ്യാസം വിദ്യാഭ്യാസ നയത്തിൽ വിജയകരമായി നടപ്പിലാക്കാൻ തൊഴിൽയോഗ്യതയ്ക്കു പുറമെ സാമൂഹികനീതി, ഉൾക്കൊള്ളൽ, വിമർശനാത്മക അറിവ് തുടങ്ങിയവക്ക് കൂടി ബോധനപ്രക്രിയയിൽ പ്രാധാന്യം നൽകണം.
വിദ്യാർത്ഥി കുടിയേറ്റത്തെ
തടയേണ്ടതുണ്ടോ?
നിലവിലെ ഉത്കണ്ഠകളിൽ ഏറ്റവും പ്രകടമായത് കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെയും വിദ്യാസമ്പന്നരായ യുവാക്കളുടെയും വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ്. എന്നാൽ, യുവജന കുടിയേറ്റം കേരളത്തിൽ മാത്രമുള്ളതല്ല, വികസ്വര സമൂഹങ്ങളിലുടനീളം ഇത് ഒരു ഘടനാപരമായ പ്രതിഭാസമാണ്. അതിനാൽ, കുടിയേറ്റം എങ്ങനെ തടയാം എന്നതല്ല, മറിച്ച് അത് എങ്ങനെ ഉൽപ്പാദനപരമായി പ്രയോജനപ്പെടുത്താം എന്നതാണ് യഥാർത്ഥ ചോദ്യം. ആഗോള വിദ്യാർത്ഥി കുടിയേറ്റ ഗവേഷണ ഫലങ്ങളെക്കുറിച്ച് ധാരണയുണ്ടാകുന്നത്, അവയിൽ നിന്നുള്ള സാധ്യതകളും നേട്ടങ്ങളും പ്രയോജനപ്പെടുത്താൻ നമ്മെ സഹായിക്കും. സിലിക്കൺ വാലിയിലെ ഇന്ത്യൻ, ചൈനീസ് എഞ്ചിനിയർമാരെക്കുറിച്ചുള്ള അന്നലീ സാക്സെനിയന്റെ പഠനം വിശദീകരിക്കുന്നത്, പ്രവാസി പ്രൊഫഷണലുകൾ അവരുടെ മാതൃരാജ്യങ്ങളുമായി ശക്തമായ ബൗദ്ധികവും സാമ്പത്തികവുമായ ബന്ധങ്ങൾ നിലനിർത്തുന്നുണ്ടെന്നും അതുവഴി അവർ മാതൃരാജ്യത്തിന്റെ നവീകരണപ്രക്രിയയുടെ നിർണായക സ്രോതസുകളായി വിനിയോഗിക്കപ്പെടുന്നുണ്ടെന്നുമാണ്. അതുപോലെ, ജനീവയിലെ ഇന്റർനാഷണൽ മൈഗ്രേഷൻ ഇന്സ്ടിട്യൂട്ടിൽ ഗവേഷകനായ ജെ.ബി. മേയർ (2001) ഉം കനേഡിയൻ പ്രൊഫസറായ റോസാലി എൽ. തുങ്ങും അന്താരാഷ്ട്ര വിദ്യാർത്ഥികൾ പലപ്പോഴും ഭാവി ഗവേഷണ പങ്കാളികളായും നിക്ഷേപകരായും പരിഷ്കരണ വക്താക്കളായും എങ്ങനെ പരിണമിക്കുന്നുവെന്ന് എടുത്തുകാണിക്കുന്നു.
കേരളത്തിന്റെ വെല്ലുവിളി കുടിയേറ്റം കുറയ്ക്കുന്നതിലല്ല, മറിച്ച് വിദേശത്തുള്ള വിദ്യാർത്ഥികളെയും വിദഗ്ദ്ധരെയും സംസ്ഥാനത്തിന്റെ വികസന പാതയുമായി ബൗദ്ധികമായും സാമൂഹികമായും സാമ്പത്തികമായും ബന്ധപ്പെട്ടിരിക്കാൻ അനുവദിക്കുന്ന വേദികൾ നിർമ്മിക്കുന്നതിലാണ്.
അതിനാൽ, കേരളത്തിന്റെ വെല്ലുവിളി കുടിയേറ്റം കുറയ്ക്കുന്നതിലല്ല, മറിച്ച് വിദേശത്തുള്ള വിദ്യാർത്ഥികളെയും വിദഗ്ദ്ധരെയും സംസ്ഥാനത്തിന്റെ വികസന പാതയുമായി ബൗദ്ധികമായും സാമൂഹികമായും സാമ്പത്തികമായും ബന്ധപ്പെട്ടിരിക്കാൻ അനുവദിക്കുന്ന വേദികൾ നിർമ്മിക്കുന്നതിലാണ്. ഇത്തരത്തിലുള്ള നടപടികളിൽ പ്രധാനപ്പെട്ടതാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KSHEC) ആരംഭിച്ച ബ്രെയിൻ ഗെയിൻ പ്രോഗ്രാമും ഇറുടൈറ്റ് സ്കോളർസ് റെസിഡന്റ്‌സ് പ്രോഗ്രാമും (Erudite scholars in residents programme). ഇത് വിസിറ്റിംഗ് ഫെലോഷിപ്പുകൾ, സംയുക്ത പ്രോജക്ടുകൾ, അറിവ് പങ്കിടൽ ശൃംഖലകൾ എന്നിവയിലൂടെ ആഗോള മലയാളി അക്കാദമിക് പ്രവാസികളെ പ്രാദേശിക സർവകലാശാലകളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു. ബയോ ടെക്നോളജിയിലും പുനരുപയോഗ ഊർജ്ജത്തിലും സഹകരണപരമായ ഗവേഷണം, മടങ്ങിവരുന്ന പണ്ഡിതരെ അധ്യാപന പരിപാടികളിലേക്ക് സംയോജിപ്പിക്കൽ എന്നിവയാണ് ആദ്യകാല ശ്രമങ്ങളിൽ ഉൾപ്പെടുന്നത്. സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയെ ദീർഘകാലമായി പിന്തുണച്ച പ്രധാന ഘടകങ്ങളിൽ ഒന്നാണ് പ്രവാസി തൊഴിലാളികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ. ഇതേ തന്ത്രപരമായ ചലനാത്മകതയെ വിദ്യാഭ്യാസ മേഖലയിലും പ്രയോജനപ്പെടുത്താൻ കഴിയും. പ്രവാസി വിജ്ഞാന ശൃംഖലകൾ, റിട്ടേൺ ഫെലോഷിപ്പുകൾ, സഹകരണ പദ്ധതികൾ എന്നിവ ദക്ഷിണ കൊറിയയും തായ്‌വാനും വിജയകരമായി വിന്യസിച്ച മോഡലുകളാണ്. അവ കേരളത്തിനും മാതൃകകളാക്കാവുന്നതാണ്.
കോളേജുകളിൽ വിമർശനാത്മക ചിന്ത വളർത്തുന്നതിനും സർവകലാശാലകളിൽ ഗവേഷണശേഷി ശക്തിപ്പെടുത്തുന്നതിനും ഉന്നത വിദ്യാഭ്യാസ കാഴ്ചപ്പാട് വ്യക്തമാക്കുന്നതിനുമുള്ള പരിപാടികൾ സംസ്ഥാനം ഇതിനോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ഇവിടെനിന്ന് വിദേശത്തേക്കുള്ള കുടിയേറ്റത്തെ ബൗദ്ധിക തിരിച്ചുവരവിന്റെയും വിഭവസമാഹരണത്തിന്റെയും ഒരു ചക്രമാക്കി മാറ്റുന്നതിനുള്ള ബോധപൂർവമായ ശ്രമത്തെ ഈ ഇടപെടലുകൾ പ്രതിഫലിപ്പിക്കുന്നു. വിദ്യാർത്ഥി കുടിയേറ്റത്തെ വെറും തകർച്ചയുടെ സൂചനയായി കാണുന്നതിനുപകരം, അത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനുള്ള സാധ്യതയായി കാണേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ പ്രവാസികളെ തന്ത്രപരമായി സംയോജിപ്പിക്കാൻ കഴിഞ്ഞാൽ, വിദേശ വിദ്യാർത്ഥി കുടിയേറ്റത്തെ നമ്മുടെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല വളർച്ചയ്ക്കുള്ള ഒരു ശക്തിയാക്കി മാറ്റാനും വികസനത്തിന്റെ പരിവർത്തനവേഗത ത്വരിതപ്പെടുത്താനും സാധിക്കും.
READ ALSO: Study Abroad
സുവർണകാലം
ഇനി എത്ര കാലം?
മലയാളി കുടിയേറ്റം
പുതിയ ലോകത്തേക്ക്,
പുതിയ സംഘർഷങ്ങളിലേക്ക്
പഠനത്തിനും തൊഴിലിനും കേരളത്തിൽ നിന്ന് സ്ത്രീകുടിയേറ്റം കൂടുന്നു
