മുടി നീട്ടിയതിന് ബി.എഡ് വിദ്യാർഥിയെ പരിശീലനത്തിൽനിന്ന് തടഞ്ഞു, സ്കൂളിൽ പ്രിൻസിപ്പലിന്റെ മോറൽ പൊലീസിങ്

കോഴിക്കോട് മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ അധ്യാപന പരിശീലനത്തിനെത്തിയ ബി.എഡ് വിദ്യാർഥിയെ, മുടി നീട്ടിവളർത്തിയതിന്റെ പേരിൽ പരിശീലനത്തിൽനിന്ന് തടഞ്ഞു. അധ്യാപന പരിശീലനത്തിന് എത്തുന്ന വിദ്യാർഥികൾ മുടി നീട്ടരുതെന്ന നിയമാവലി ഇല്ല. എന്നിട്ടും അധ്യാപകർക്ക് ഇത്തരം മോറൽ പൊലീസിങ് അടിച്ചേൽപ്പിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്?

വ്യക്തിസ്വാതന്ത്ര്യത്തെയും സ്വയംനിർണയാവകാശത്തെക്കുറിച്ചുമെല്ലാം വലിയ ചർച്ച നടക്കുന്ന കാലമാണിത്. പക്ഷേ കാലാഹരണപ്പെട്ട സദാചാരശാഠ്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള പങ്ക് അധികം ചർച്ചയാകാറില്ല. വിദ്യാർഥികളുടെ നല്ലനടപ്പിന്റെ പേരിൽ അവ ന്യായീകരിക്കപ്പെടുന്നു, അതിനായി സ്കൂളുകൾ നിർമ്മിച്ചെടുക്കുന്ന അച്ചടക്കനടപടികളും.

കോഴിക്കോട് മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ അധ്യാപന പരിശീലനത്തിനെത്തിയ ബി.എഡ് വിദ്യാർഥിയെ, മുടി നീട്ടിവളർത്തിയതിന്റെ പേരിൽ പരിശീലനത്തിൽനിന്ന് തടഞ്ഞു. ബി.എഡ് ട്രെയ്‌നിങ്ങിന്റെ ഭാഗമായുള്ള ഇനീഷിയേറ്ററി സ്കൂൾ എക്‌സ്പീരിയൻസിനായി മടപ്പള്ളി സ്‌കൂളിലെത്തിയ ബി.എഡ് വിദ്യാർഥിക്കാണ് ദുരനുഭവം. അദ്ധ്യാപക പരിശീലനത്തിനെത്തിയ അഞ്ച് വിദ്യാർഥികളിൽ ഒരാളുടെ മുടിയാണ് നീട്ടിവളർത്തിയിരുന്നത്.

അച്ചടക്കനടപടിയുടെ ഭാഗമായി നീണ്ടമുടിയുള്ള ബി.എഡ് വിദ്യാർഥിയെ സ്‌കൂളിലെ ട്രെയിനി അധ്യാപകനായി നിയമിക്കാൻ കഴിയില്ലെന്നാണ് മടപ്പള്ളി സ്‌കൂൾ പ്രിൻസിപ്പിൾ രാജീവൻ എൻ.പി വിദ്യാർഥികളോട് പറഞ്ഞിരുന്നത്. വിദ്യാർഥി നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് മെന്റർ അദ്ധ്യാപകനായ സച്ചിൻ ടി.വി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അദ്ധ്യാപകരെന്നാൽ രൂപത്തിലും വേഷത്തിലുമൊക്കെ ഇങ്ങനെയൊക്കെയായിരിക്കണമെന്ന അലിഖിത നിയമത്തിലൂന്നിയാണ് പല സ്‌കൂളുകളും പ്രവർത്തിക്കുന്നതെന്നും ഇതിൽ കാര്യമായ മാറ്റം വരണമെന്നുമാണ് വിവേചനം നേരിട്ട ബി.എഡ് വിദ്യാർഥി ശിവപ്രസാദ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്.

''എന്റെ ആദ്യത്തെ അധ്യാപന അനുഭവമായിരുന്നു മടപ്പള്ളി സ്‌കൂളിലേത്. 2023 ജൂൺ 19 മുതൽ 23 വരെയാണ് പരിശീലനത്തിന് പോയിരുന്നത്. രാവിലെ ഒമ്പത് മണിക്കെത്തി പ്രിൻസിപ്പലിനുമുന്നിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞിരുന്നു. ഞങ്ങളുമായി കുറച്ചുസമയം അദ്ദേഹം സംസാരിച്ചു. അതിനുശേഷം പിരിയഡ് വാങ്ങാൻ ചെന്നപ്പോഴാണ് എന്നോട് ക്ലാസിൽ പഠിപ്പിക്കാൻ കയറേണ്ടെന്നു പറഞ്ഞത്. പ്രിൻസിപ്പലിന്റെ നിർദ്ദേശാനുസരണം ഒരു മാഷ് വന്നാണ് കാര്യങ്ങൾ പറഞ്ഞത്. മുടി നീട്ടിയതിനാൽ ക്ലാസിൽ കയറേണ്ടെന്നാണ് പറഞ്ഞത്. ''

ശിവപ്രസാദ്, തന്റെ മെന്റർ അദ്ധ്യാപകനായ സച്ചിൻ ടി.വിയെ വിവരമറിയിച്ചു. അദ്ദേഹം സ്കൂളിലെത്തി പി.ടി.എ പ്രസിഡന്റുമായി സംസാരിച്ചശേഷമാണ് വിദ്യാർഥിയെ പരിശീലനത്തിന് സ്‌കൂളിൽ നിയമിക്കാമെന്ന തീരുമാനത്തിലെത്തുന്നത്. പ്രിൻസിപ്പിളുമായി താൻ ആദ്യം സംസാരിച്ചുവെങ്കിലും സ്കൂൾ അച്ചടക്കത്തിന്റെ ഭാഗമായി നീണ്ട മുടിയുള്ള ഒരാളെ അദ്ധ്യാപക പരിശീലനത്തിന് അനുവദിക്കാൻ കഴിയില്ലെന്നുതന്നെയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നതെന്നും സച്ചിൻ ടി.വി ട്രൂകോപ്പിയോട് പറഞ്ഞു:

സച്ചിൻ ടി.വി

“ മെന്ററെന്ന നിലയ്ക്ക് എന്നോട് കുട്ടി കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാൻ പ്രിൻസിപ്പലുമായി സംസാരിച്ചിരുന്നു. അധ്യാപന ജോലിക്ക് വരുന്ന വിദ്യാർഥികൾ ആദ്യമായി പരിശീലനത്തിനായി സ്കൂളിലേക്ക് പോകുന്ന അനുഭവമാണ്. പുതുതായി അദ്ധ്യാപനവൃത്തിയിലേക്ക് വരുന്നവർക്ക് പ്രോത്സാഹനങ്ങളും ഗൈഡിങ്ങുമാണ് ഓരോ സ്കൂളും നൽകേണ്ടത്. എന്നാൽ ഇവിടെ അതുണ്ടായില്ല. നീണ്ട മുടിയുടെ പേരിൽ വിദ്യാർഥിയെ മാറ്റിനിർത്തി. അച്ചടക്കവും മുടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ അയാളോട് പല കാര്യങ്ങളും ചോദിച്ചു. അതിനൊന്നും അയാൾക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. നമ്മുടെ ടെകസ്റ്റ് ബുക്കുകളിലൊക്കെ അബ്ദുൾകലാമിനെയും ഐൻസ്റ്റൈനെയും പോലുള്ള മുടിയുള്ള പ്രതിഭകളെക്കുറിച്ചുതന്നെയാണ് പഠിപ്പിക്കുന്നത്. പക്ഷേ നമ്മുടെ ഭരണഘടന ഒരു വ്യക്തിയെന്ന നിലയിൽ അനുവദിച്ചുതന്ന സ്വാതന്ത്ര്യങ്ങളെ മുഴുവൻ അദ്ധ്യാപകർ തന്നെ നിഷേധിക്കുന്നുവെന്നതാണ് വസ്തുത.”

അദ്ധ്യാപകർക്ക് മജിസ്റ്റീരിയൽ പദവിയില്ല എന്നത് സമൂഹവും തിരിച്ചറിയേണ്ടതുണ്ട്. മടപ്പള്ളി സ്‌കൂളിൽപരിശീലനത്തിനുപോയ അഞ്ച് വിദ്യാർഥികൾക്കും സ്‌കൂളിൽ നിന്ന് പ്രതികൂലമായ അനുഭവങ്ങളാണുണ്ടായിരുന്നതെന്നും സച്ചിൻ ടി.വി പറഞ്ഞു. പുതിയ ട്രെയ്‌നിങ്ങ് അദ്ധ്യാപകരൊന്നും തീരെ പോരെന്ന തരത്തിലുള്ള മുൻവിധികളും പ്രതികരണങ്ങളും നിരന്തരം നേരിടേണ്ടി വന്നതായി ശിവപ്രസാദും പറഞ്ഞിരുന്നു.

സമൂഹം മുന്നോട്ടുപോകുകയാണ് എന്നറിയാതെ, ഇപ്പോഴും പഴഞ്ചൻ ചിന്താഗതി പുലർത്തുന്നവരാണ് പല അധ്യാപകരും. അവർ അത് വിദ്യാർഥികൾക്കുമേൽ അടിച്ചേൽപ്പിക്കുന്നു. ഇത് വിദ്യാർഥികളുടെ ചിന്താഗതിയിലും വ്യക്തിത്വരൂപീകരണത്തിലും പ്രതിലോമകരമായ സ്വാധീനങ്ങളുണ്ടാക്കുന്നുണ്ട്. മടപ്പള്ളി സ്‌കൂളിലെ വിദ്യാർഥികളെല്ലാം ആൺകുട്ടികൾ മുടി നീട്ടുന്നതിനെ വലിയ തെറ്റായാണ് കണ്ടിരുന്നതെന്നാണ് ശിവപ്രസാദ് പറയുന്നത്: ‘‘ക്ലാസിൽ പഠിപ്പിക്കാൻ പോയ സമയത്ത് മാഷ് എന്താ മുടി നീട്ടിയതെന്നും ഇവിടെ മുടി നീട്ടാൻ പറ്റില്ലെല്ലോന്നൊക്കെ വിദ്യാർഥികൾ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. മാഷിനെ പ്രിൻസിപ്പൽ കാണണ്ട എന്നും അവർ ആശങ്കയോടെ പറഞ്ഞിരുന്നു. ആ സ്‌കൂളിൽ മുടി നീട്ടിവളർത്തിയ ആൺകുട്ടികളെയൊന്നും ഞാൻ കണ്ടിരുന്നില്ല. പക്ഷേ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന സ്‌കൂളുകളുമുണ്ട്. ഞാൻ ഇപ്പോൾ ട്രെയ്‌നിങ്ങിന് പോകുന്ന സ്‌കൂളുകളിലൊക്കെ കുട്ടികൾ മുടി നീ്ട്ടിയിട്ടുണ്ട്. ഞാൻ ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്ത് നേരത്തെ ഉണ്ടായിരുന്ന ട്രെയ്‌നിങ്ങ് അദ്ധ്യാപകനും മുടി ഉണ്ടായിരുന്നതായി എന്റെ സ്റ്റുഡൻസ് പറഞ്ഞറിഞ്ഞിരുന്നു. കുട്ടികൾ ഇപ്പോഴും അദ്ധ്യാപകനെ മുടിയിലൂടെയാണ് ഓർത്തെടുക്കുന്നത്. അധ്യാപകന് നീണ്ട മുടിയുള്ളത് ഒരു പ്രശ്‌നമായൊന്നും എനിക്ക് തോന്നിയിട്ടില്ല”

photo: Tissy Mariam 

അധ്യാപന പരിശീലനത്തിന് എത്തുന്ന വിദ്യാർഥികൾ മുടി നീട്ടരുതെന്ന നിയമാവലി ഇല്ല. എന്നിട്ടും ഇത്തരം മോറൽ പൊലീസിങ് നടപ്പാക്കാൻ അധ്യാപകർക്ക് എങ്ങനെയാണ് കഴിയുന്നത് എന്നത് വലിയ ചോദ്യമാണ്. ഇത്തരം പിന്തിരിപ്പൻ വ്യവസ്ഥകൾ നിയമപരമാണ് എന്ന അബദ്ധ ധാരണയിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളും നിരവധിയുണ്ടെന്നതാണ് യാഥാർത്ഥ്യം. 'നല്ല' കുട്ടികളെ വാർത്തെടുക്കാനുള്ള അദ്ധ്യാപകരുടെ ഇത്തരം സദാചാരശ്രമങ്ങൾക്ക് രക്ഷിതാക്കളുടെ പൂർണപിന്തുണ കിട്ടുന്നുണ്ടെന്നതും വസ്തുതയാണ്.

കാസർഗോഡ് ചിറ്റാരിക്കൽ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ സ്‌കൂൾ അസംബ്ലിയിൽ വെച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ മുടി മുറിച്ചതിന് പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്ത സംഭവമുണ്ടായിരുന്നു. അച്ചടക്കനടപടിയുടെ ഭാഗമായി മുടി മുറിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുസരിക്കാത്തതിന്റെ ശിക്ഷയായാണ് മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ച് വിദ്യാർഥിയുടെ മുടി അധ്യാപിക മുറിച്ചത്. അസംബ്ലിയിൽ നേരിടേണ്ടിവന്ന അപമാനവും നാണക്കേടും ഭയന്ന് വിദ്യാർഥി സ്‌കൂളിൽ പോകാൻ മടിച്ചതിനെതുടർന്നാണ് രക്ഷിതാക്കൾ പ്രധാന അധ്യാപികയെക്കതിരെ പരാതി നൽകിയത്.

ചിറ്റാരിക്കലിൽ വിദ്യാർഥിക്ക് നേരിടേണ്ടി വന്ന അനുഭവം ഞെട്ടിക്കുന്നതാണെന്നും കേരളത്തിന്റെ രാഷ്ട്രീയ- സാംസ്‌കാരിക അന്തരീക്ഷത്തിന് ഒട്ടും യോജിക്കാത്തതാണെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്. എന്നാൽ ചിറ്റാരിക്കലിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇത്തരത്തിൽ കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് യോജിക്കാത്ത, അച്ചടക്ക നടപടികൾ പിന്തുടരുന്ന നിരവധി സ്‌കൂളുകൾ ഇനിയുമുണ്ടെന്ന വസ്തുത കൂടിയാണ് മടപ്പള്ളി സ്കൂൾ സംഭവം തെളിയിക്കുന്നത്.

യാഥാസ്ഥിതികവും പ്രതിലോമകരവുമായ ചിട്ടവട്ടങ്ങളെ തിരുത്തി മുന്നോട്ടുപോകുന്ന ഒരു അക്കാദമിക് അന്തരീക്ഷമൊരുക്കാനുള്ള ശ്രമങ്ങളെ ഇത്തരം അധ്യാപക പൊലീസിങ് അട്ടിമറിക്കുമെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ കർശന നടപടിയെടുക്കേണ്ടത് ഭരണകൂട ഉത്തരവാദിത്തമാണ്. സ്‌കൂളുകൾ സ്വമേധയാ അടിച്ചേൽപ്പിക്കുന്ന അച്ചടക്കനടപടികളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുകയും വേണം.

മുടിയുടെ കാര്യത്തിലും വേണ്ടേ ലിംഗനീതി?.: വിദ്യാലയങ്ങൾ വെട്ടുന്ന തല (മുടി) കൾ

ആൺതലകൾ മുണ്ഡനം ചെയ്യപ്പെടാതിരിക്കാൻ

തിരുമുടിനീരുമ്പോൾ

എന്റെ മുടി, എന്റെ ജീവിതം, എന്റെ ഇഷ്ടം

Comments