KEAM സ്‍കോർ സമീകരണം:
ഇതാ, മുഖ്യമന്ത്രിയുടെ
ഇടപെടലിനെ പരിഹസിക്കുന്ന
ഒരു പ്രഹസന വിദഗ്ധ സമിതി

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റെ തീരുമാനത്തെപ്പോലും അട്ടിമറിക്കത്തക്ക നിലയിൽ വിദ്യാഭ്യാസ മാഫിയ എത്രമാത്രം ആഴത്തിൽ പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് കീം സ്കോർ സമീകരണം പഠിക്കാനെന്ന പേരിൽ രൂപീകരിച്ച വിദഗ്ധ സമിതി. കീം സ്കോർ സമീകരണത്തിന്റെ പേരിൽ നടക്കുന്ന ഉദ്യോഗസ്ഥതല അട്ടിമറികളെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി പി. പ്രേമചന്ദ്രൻ എഴുതുന്നു.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ നെഞ്ചേറ്റുന്നവർ ആകാംക്ഷയോടെ കാത്തിരുന്ന, ഒരു വിദഗ്ധ സമിതി രൂപീകരണം, ഉന്നതവിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ ലോബി അതിവിദഗ്ധമായി അട്ടിമറിച്ചിരിക്കുന്നു. കേരള മുഖ്യമന്ത്രിയുടെ താല്പര്യങ്ങളെപ്പോലും അട്ടിമറിക്കത്തക്ക നിലയിൽ നമ്മുടെ സംസ്ഥാനത്ത് വിദ്യാഭ്യാസ മാഫിയ എത്രമാത്രം ആഴത്തിൽ പിടിമുറുക്കിയിരിക്കുന്നു എന്നുള്ളതിന്റെ ദൃഷ്ടാന്തം കൂടിയാണ് കീം (Kerala Engineering Architecture Medical - KEAM) സ്കോർ സമീകരണത്തെ സംബന്ധിച്ച് പഠിക്കാൻ എന്ന പേരിൽ രൂപീകരിച്ച വിദഗ്ധ സമിതി. ജനനത്തിൽ തന്നെ ചാപിള്ളയായിത്തീർന്ന ഒരു സമിതി!

എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഏതാനും വർഷങ്ങളായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന, സമീകരണം എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന, പൊതുവിദ്യാഭ്യാസത്തിലെ കുട്ടികളുടെ പ്രവേശനത്തിന് തടയിടാനും CBSE അടക്കമുള്ള സ്ട്രീമുകൾക്ക് മേൽക്കൈ ലഭിക്കാനുമുണ്ടാക്കിയ ഒരു സൂത്രവാക്യത്തിന് ഒരിക്കൽകൂടി അടിവരയിട്ടുകൊടുക്കാനുള്ള കളിയാണ് അതിവിദഗ്ധമായി ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നത്. എൻട്രൻസ് പരീക്ഷാ സംവിധാനത്തെപ്പോലും അടിമുടി വിശകലനം ചെയ്യാനുതകുന്ന ഒരു സമിതിയുടെ രൂപീകരണം എന്ന കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെപ്പോലും പരിഹസിച്ചുകൊണ്ടാണ് കേവലം സാങ്കേതികമായ മേൽനോട്ടം മാത്രം നടത്താനുള്ള ഒരു കമ്മിറ്റിയെ പേരിനു നിയമിച്ചുകൊണ്ട്, പൊതുവിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുന്നവരുടെ കണ്ണിൽ പൊടിയിടാൻ അവരിപ്പോൾ ധൈര്യം കാണിച്ചിരിക്കുന്നത്! അത്ര വിലയേ രാഷ്ട്രീയവും സാമൂഹികവുമായ താത്പര്യങ്ങൾക്ക് ഇവിടെ നൽകേണ്ടതുള്ളൂ എന്ന് കേരളത്തിലെ പുതുഫ്യൂഡലിസത്തിലെ ഉദ്യോഗസ്ഥതമ്പുരാക്കന്മാർക്ക് ഇന്നറിയാം. അവരെ ചോദ്യം ചെയ്യാൻ ഒരാളും ചെറുവിരൽ അനക്കില്ലെന്നും.

എന്താണ്, എന്തിനാണ് ഈ വിദഗ്ധ സമിതി?

കീം സമീകരണത്തെ സംബന്ധിച്ച് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിശ്ചയിക്കേണ്ടിവന്ന സാഹചര്യങ്ങൾ മറന്നുകൂടാത്തതാണ്. എല്ലാവർഷവും സമീകരണത്തിന് മേൽനോട്ടം വഹിക്കാൻ സാങ്കേതികമായി രൂപീകരിക്കാറുള്ള ഒരു ടെക്നിക്കൽ കമ്മറ്റിയല്ല ഇക്കുറി രൂപീകരിക്കാൻനിർദ്ദേശിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ കുറച്ചുകാലമായി 'സമീകരണം' എന്ന ഓമനപ്പേരിട്ടുവിളിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൽ പഠിച്ച് എൻട്രൻസ് പരീക്ഷയെഴുതി ഉന്നതമായ സ്കോറുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ സ്കോറുകൾ വെട്ടിച്ചുരുക്കുന്ന നീചപ്രവൃത്തി എൻട്രൻസ് പരീക്ഷാ വിഭാഗത്തിൽ നടന്നുവരുന്നു.

പരീക്ഷയെഴുതി ഉന്നതമായ സ്കോറുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ സ്കോറുകൾ വെട്ടിച്ചുരുക്കുന്ന നീചപ്രവൃത്തി എൻട്രൻസ് പരീക്ഷാ വിഭാഗത്തിൽ നടന്നുവരുന്നു.
പരീക്ഷയെഴുതി ഉന്നതമായ സ്കോറുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ സ്കോറുകൾ വെട്ടിച്ചുരുക്കുന്ന നീചപ്രവൃത്തി എൻട്രൻസ് പരീക്ഷാ വിഭാഗത്തിൽ നടന്നുവരുന്നു.

ഒപ്പം CBSE വിദ്യാർത്ഥികൾക്ക് അവർ പരീക്ഷയെഴുതി നേടിയതിനെക്കാളും സ്കോറുകൾ ഇതേ സമീകരണത്തിന്റെ പേരിൽ സൗജന്യമായി അനുവദിക്കുകയും ചെയ്യുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ വേരറ്റു പോകാൻ പാകത്തിലുള്ള ഈ ഹീനകൃത്യം മൂലം ഒന്നാം റാങ്കിൽ വരേണ്ടുന്ന മിടുമിടുക്കനായ വിദ്യാർത്ഥി ഇക്കഴിഞ്ഞ വർഷം പിൻതള്ളപ്പെട്ടത് 84-ാം റാങ്കിലേക്കാണ്. എൻട്രൻസ് പരീക്ഷയിലും യോഗ്യതാപരീക്ഷയിലും ഏറ്റവും ഉന്നത സ്കോർ നേടിയ ആയിരക്കണക്കിന് പൊതുവിദ്യാലത്തിലെ കുട്ടികൾക്ക്, അവരെക്കാൾ എത്രയോ സ്കോർ കുറച്ചുമാത്രം നേടിയ CBSE- ക്കാർക്ക് കേരളത്തിലെ പൊതുമേഖലയിലെ എഞ്ചിനീയറിംഗ് സീറ്റുകൾ വിട്ടുനൽകിക്കൊണ്ട് സ്വകാര്യ സ്വാശ്രയവിദ്യാലയങ്ങളിൽ പഠിക്കേണ്ടിവന്നു. ലക്ഷങ്ങൾ അവരുടെ രക്ഷിതാക്കൾക്ക് അവിടങ്ങളിൽ ഫീസ് ഒടുക്കേണ്ടിവന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവർ ഞെട്ടലോടുകൂടിയാണ് എൻട്രൻസ് കമ്മീഷണറേറ്റിനകത്ത് നടക്കുന്ന ഈ രഹസ്യ ഇടപാടിന്റെ വിശദാംശങ്ങൾ മനസ്സിലാക്കിയത്.

Read: ‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു?
സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം

എന്തുകൊണ്ടാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ എൻട്രൻസ് പരീക്ഷാ ഫലപ്രഖ്യാപനദിവസം മുഖ്യധാരാ മാധ്യമങ്ങളുടെ ജക്കാറ്റ് പരസ്യങ്ങളിൽ അച്ചടിച്ചുവരാത്തത് എന്നത് പൊതുവിദ്യാഭ്യാസ പ്രവർത്തകർ അപകർഷതയോടെ നേരിടേണ്ടിവന്നിരുന്ന ഒരു ചോദ്യമായിരുന്നു. എല്ലായ്പ്പോഴും എൻട്രൻസ് പരീക്ഷകൾ, അതിനായുള്ള അതികഠിനമായ പരിശീലനവഴികളിലൂടെ പോയവർക്കും ഉയർന്ന സാമൂഹികപദവികളിൽ ഉള്ളവർക്കും പലതരത്തിലുള്ള കോച്ചിങ്ങുകൾക്കായി ലക്ഷങ്ങൾ വാരിയെറിയാൻ കെൽപ്പുള്ളവവർക്കും പതിച്ചുകൊടുക്കപ്പെട്ട ഇടമാണ് എന്ന് സമർത്ഥിച്ചുകൊണ്ടാണ് ആ അപകർഷതയിൽ നിന്നും അവർ രക്ഷപ്പെട്ടിരുന്നത്. അത്തരം ആളുകൾക്ക് മാത്രം ജയിക്കാൻ പാകത്തിൽ പരുവപ്പെടുത്തിയ പ്രവേശന പരീക്ഷകളെ അക്കാദമികമായി വിമർശിക്കാനും സ്കോപ്പുണ്ടായിരുന്നു.

എന്തുകൊണ്ടാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ എൻട്രൻസ് പരീക്ഷാ ഫലപ്രഖ്യാപനദിവസം മുഖ്യധാരാ മാധ്യമങ്ങളുടെ ജക്കാറ്റ് പരസ്യങ്ങളിൽ അച്ചടിച്ചുവരാത്തത്?
എന്തുകൊണ്ടാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ എൻട്രൻസ് പരീക്ഷാ ഫലപ്രഖ്യാപനദിവസം മുഖ്യധാരാ മാധ്യമങ്ങളുടെ ജക്കാറ്റ് പരസ്യങ്ങളിൽ അച്ചടിച്ചുവരാത്തത്?

എന്നാൽ പരിശീലന വഴികളിലൂടെ അതികഠിനമായി യാത്ര ചെയ്ത പൊതുവിദ്യാഭ്യാസത്തിലെ കുട്ടികൾക്കും ഉന്നത റാങ്കുകളുടെ പട്ടികകളിൽ ഇടംപിടിക്കാൻ സാധിക്കാത്തതെന്ത് എന്ന അന്വേഷണമാണ്, 'സ്കോർ സമീകരണം' എന്ന ഒരു ഭീകരജീവിയുടെ വായിൽപ്പെട്ടാണ് ലക്ഷ്യത്തിന് തൊട്ടുമുൻപ് അവരെല്ലാം അപ്രത്യക്ഷരാകുന്നത് എന്ന കണ്ടെത്തലിലേക്ക് പൊതുവിദ്യാഭ്യാസ പ്രവർത്തകരെ എത്തിച്ചത്. ഇന്നിപ്പോൾ കേരളത്തിലെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഇക്കാര്യം മനസ്സിലായിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്ന ഒന്നിലേക്കോ അതിനെ വലിച്ചെറിയുന്ന മറ്റൊന്നിലേക്കോ ആ തിരിച്ചറിവ് അവരെ നയിച്ചേക്കാം. രണ്ടായാലും അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഈ വിഷയത്തെ ഇന്നുവരെ ഗൗരവത്തിൽ സമീപിച്ചിട്ടില്ലാത്ത ഇവിടുത്തെ അധ്യാപക വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് കഴിയുകയില്ല.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ തീരുമാനങ്ങളെ പരിഹസിക്കുന്ന, വിശിഷ്യാ, മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെ കാതൽ കാണാത്ത, അതിൽ പങ്കെടുത്തവരെയും അവരുടെ ആലോചനകളിൽ പ്രതീക്ഷവെച്ചു പുലർത്തിയവരെയും അപമാനിക്കുന്ന തരത്തിലുള്ള ഒരു കമ്മറ്റിയെയാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

സ്കോർ സമീകരണം എന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ഉപാധിയാണ് എന്ന തത്വം പറഞ്ഞാണ് CBSE പക്ഷപാതികൾ ഈ നെറികെട്ട സമ്പ്രദായത്തെ ന്യായീകരിക്കുക. അത് ഒരർത്ഥത്തിൽ ശരിയാണ്; ഒരേ തരത്തിലുള്ള പരീക്ഷകൾ വിവിധ സമയങ്ങളിൽ, സന്ദർഭങ്ങളിൽ, സ്ഥലങ്ങളിൽ നടക്കുമ്പോൾ. എന്നാൽ രണ്ടുരീതിയിലുള്ള പരീക്ഷകൾ, ചേർത്തുവെക്കാൻ കഴിയാത്ത രണ്ടുരീതിയിലുള്ള മൂല്യനിർണ്ണയം നടക്കുന്ന രണ്ടു സമ്പ്രദായങ്ങളെ ചേർത്തുകെട്ടുക എന്ന ദ്രോഹമാണ് ഇവിടെ നടക്കുന്നത്. അതിൽ ഒരു സ്ട്രീമിനെ, ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ മക്കൾ പഠിക്കുന്ന സ്ട്രീമിനെ സഹായിക്കാനാണ് ഇവിടെ സ്കോർ സമീകരണം എന്ന ആഭാസം നടത്തുന്നത് എന്നത് ഗൂഢമായി മറച്ചുവെക്കപ്പെടുന്നു. അതിന്റെ അശാസ്ത്രീയത ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. സമീകരണസൂത്രവാക്യത്തെയല്ല, അതിലെ സാമൂഹിക നീതിനിഷേധത്തെയാണ് ചോദ്യം ചെയ്യുന്നത് എന്നത് കാണാതെപോകുന്നു. എൻട്രൻസ് / CBSE ലോബിയുടെ ഈ ഗുഢപദ്ധതി പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തുമെന്നും അത് കേരളം ആർജ്ജിച്ച എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും ദീർഘകാലങ്ങളിൽ അസാധുവാക്കുമെന്നുമുള്ള ഉത്കണ്ഠകൾ തിരിച്ചറിയപ്പെടാതെ പോകുന്നു.

Plus Two ഫിസിക്സ്, കെമിസ്ട്രി പരീക്ഷ
കഠിനമാക്കിയതിൽ എൻട്രൻസ് ഗൂഢാലോചന?

കോഴിക്കോട് DDE ഓഫീസിന് മുന്നിൽ ഐക്യ മലയാള പ്രസ്ഥാനം  നടത്തിയ ധർണ പ്രൊഫ പാപ്പൂട്ടി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് DDE ഓഫീസിന് മുന്നിൽ ഐക്യ മലയാള പ്രസ്ഥാനം നടത്തിയ ധർണ പ്രൊഫ പാപ്പൂട്ടി ഉദ്ഘാടനം ചെയ്യുന്നു

എങ്കിലും ചില ചെറുത്തുനിൽപ്പുകൾ ഈ നീതിനിഷേധത്തിനെതിരെ കേരളത്തിൽ നടക്കുകതന്നെചെയ്തു. മലയാള ഐക്യവേദിയുടെയും ഐക്യമലയാള പ്രസ്ഥാനത്തിന്റെയും മുൻകയ്യിൽ തിരുവനന്തപുരത്ത് എൻട്രൻസ് കമ്മീഷണറേറ്റിന്റെ മുന്നിലും കോഴിക്കോടും എറണാകുളത്തും സർക്കാർ ഓഫീസുകൾക്ക് മുന്നിലും പ്രത്യക്ഷ സമരങ്ങൾ നടന്നു. നിരവധിയായുള്ള വിവരാവകാശരേഖകളും നിവേദനങ്ങളും പരാതികളും പൊതുവിദ്യാഭ്യാസ വകുപ്പിലും ഉന്നതവിദ്യാഭ്യാസവകുപ്പിലും സമർപ്പിക്കപ്പെട്ടു. കേരളാമുഖ്യമന്ത്രിയെത്തന്നെ ഇക്കാര്യത്തിൽ ഇടപെടുവിക്കാൻ നിരന്തരമായി അപേക്ഷകൾ നൽകി. വിപുലമായ എഴുത്തുകളും ഓൺലൈൻ ഇടപെടലുകളും ഉണ്ടായി. ചെറിയ ചെറുത്തുനിൽപ്പെങ്കിലും അതിലൊക്കെ ഉന്നയിക്കപ്പെട്ട മർമ്മപ്രധാനമായ വിവേചനത്തെ കണ്ടില്ലെന്നു നടിക്കാൻ സർക്കാരിനായില്ല. ആദ്യം SCERT ഈ വിഷയത്തിൽ ഒരു പഠനം നടത്തുകയുണ്ടായി. അതിനായി തെരഞ്ഞെടുത്ത അക്കാദമിക ഗ്രൂപ്പിൽ CBSE പക്ഷപാതികളെ വിന്യസിച്ചാണ് ആ തീരുമാനത്തെ അട്ടിമറിക്കാൻ ഉദ്യോഗസ്ഥ ലോബി ശ്രമിച്ചത്. എങ്കിലും സമീകരണത്തിലെ നീതിനിഷേധം കാണാതിരിക്കാൻ ആ സമിതിക്ക് കഴിഞ്ഞില്ല.

ദേശീയ ശാരാശരി കണക്കാക്കി സി ബി എസ് ഇയുടെ മീനും സ്റ്റാൻഡേർഡ് ഡീവിയേഷനും പരിഗണിക്കുന്നു. വിദ്യാഭ്യാസവിഷയത്തിൽ ഇന്ത്യയ്ക്കുതന്നെ മാതൃകയായ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഇതേകാര്യങ്ങളുമായി ചേർത്തുവെക്കുമ്പോൾ അത് താഴ്ന്നുകിടക്കും. അതിന്റെ ഗുണം ലഭിക്കുന്നതോ ഇവിടുത്തെ ഉന്നത CBSE വിഭാഗത്തിന്. ഈ സമീകരണം അശാസ്ത്രീയവുമാണെന്ന് ആ കമ്മറ്റി കണ്ടെത്തി. കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ നേട്ടങ്ങൾ നമുക്കുതന്നെ ശിക്ഷയാകുന്ന, സാമ്പത്തിക വിതരണത്തിലടക്കം വിവേചനത്തിന് കാരണമാക്കുന്ന ദേശീയ രാഷ്ട്രീയ നിലപാടുകളെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് ദേശീയ ശരാശരിയെടുത്ത് നമ്മുടെ മേന്മകളുടെപേരിൽ നമ്മടെ കുഞ്ഞുങ്ങളുടെ സ്കോറുകൾ ഇവിടെ വെട്ടിക്കുറക്കുന്നത്. അതിന്റെ രാഷ്ട്രീയം പിടികിട്ടേണ്ടവർക്ക് എളുപ്പത്തിൽ പിടികിട്ടും.

കീം പരീക്ഷയിസലെ വിവേചനങ്ങൾക്കെതിരെ തിരുവനന്തപുരം എൻട്രൻസ് കമ്മീഷണർ ഓഫീസിന് മുന്നിൽ നടന്ന സമരം
കീം പരീക്ഷയിസലെ വിവേചനങ്ങൾക്കെതിരെ തിരുവനന്തപുരം എൻട്രൻസ് കമ്മീഷണർ ഓഫീസിന് മുന്നിൽ നടന്ന സമരം

മുഖ്യമന്ത്രി തന്നെ നേരിട്ട് ഈ വിഷയത്തിൽ തുടർന്ന് ഇടപെട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഉന്നതവിദ്യാഭ്യാസമന്ത്രിയുടെയും പൊതുവിദ്യാഭ്യാസമന്ത്രിയുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ഒരു ഉന്നതതല യോഗം കീം സമീകരണത്തെക്കുറിച്ച് ചർച്ചചെയ്യാൻ കൂടുകയുണ്ടായി. ആദ്യമാദ്യം കീമിലെ സ്കോർ സമീകരണത്തെ എതിർക്കുന്നവരെ ശാസ്ത്രമറിയാത്തവരെന്നും കോടതിയുത്തരവിനെ ചോദ്യം ചെയ്യുന്നവരെന്നും പരിഹസിച്ചവർതന്നെ സമീകരണത്തിലെ നീതിനിഷേധം തുറന്നു സമ്മതിക്കുന്നവരായി! ആ യോഗത്തിലാണ് ഈ വിഷയത്തെക്കുറിച്ച് ശരിയായി പഠിക്കാൻ ഒരു വിദഗ്ദ്ധസമിതി രൂപീകരിക്കാൻ തീരുമാനമായത്. കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന രീതിയിൽ ഒരു എൻട്രൻസ് പരീക്ഷയുടെ തന്നെ ആവശ്യമുണ്ടോ, തമിഴ്‌നാട്ടിലെന്ന പോലെ എന്തുകൊണ്ട് പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ റാങ്കുലിസ്റ്റ് തയ്യാറാക്കിക്കൂടാ എന്നുമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിതന്നെ പ്രസ്തുത യോഗത്തിൽ നിർദ്ദേശിച്ചെന്ന് പിന്നീട് ഉന്നതവിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ പറയുകയുണ്ടായി.

പൊതുവിദ്യാഭ്യാസ പ്രവർത്തകരെ പോകട്ടെ, ഉന്നതരായ രാഷ്ട്രീയ നേതൃത്വത്തെ പരിഹസിക്കുന്നതിന് ഒരു കണക്കുവേണ്ടേ? അവരുടെ യോഗതീരുമാനപ്രകരമെന്ന പേരിൽ നിശ്ചയിക്കപ്പെട്ട, സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധരുടെ ഈ സാങ്കേതിക സമിതി അവരോടുള്ള ഒരു പരിഹാസമാണെന്ന് ആരാണ് അവർക്ക് പറഞ്ഞുകൊടുക്കുക?

Read: കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ

ആ നിലയിൽ സമീകരണത്തിലെ നീതിനിഷേധവും വിവേചനവും പൊതുവിദ്യാഭ്യാസമേഖലയിലെ കുട്ടികൾ പിന്തള്ളപ്പെടുന്നതിന്റെ കാര്യകാരണങ്ങളും പഠിക്കത്തക്ക നിലയിലുള്ള, അക്കാദമിക മേഖലയിലെയും സാമൂഹികമേഖലയിലെയും വിദഗ്ദ്ധരെ ഉൾപ്പെടുത്തിയുള്ള ഒരു സമിതി രൂപീകരിക്കാനാണ് ആ ഉന്നതതലയോഗം തീരുമാനിച്ചത്. എന്നാൽ ആ യോഗത്തിന്റെ തീരുമാനങ്ങളെ പരിഹസിക്കുന്ന, വിശിഷ്യാ, മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെ കാതൽ കാണാത്ത, അതിൽ പങ്കെടുത്തവരെയും അവരുടെ ആലോചനകളിൽ പ്രതീക്ഷവെച്ചു പുലർത്തിയവരെയും അപമാനിക്കുന്ന തരത്തിലുള്ള ഒരു കമ്മറ്റിയെയാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. അവരുടെ ചുമതലകളിൽ മേൽപ്പറഞ്ഞ ഒരാകുലതകളും ഇല്ല. ഒരു പ്രശ്നവും പഠിക്കാനില്ല. ഒരു നിർദ്ദേശവും പരിഗണിക്കാനില്ല. ആ യോഗത്തെത്തന്നെ റദ്ദ് ചെയ്യത്തക്ക നിലയിൽ എല്ലാവർഷവും നടക്കുന്ന കീം സമീകരണത്തിന്റെ ഒരു മേൽനോട്ടക്കമ്മിറ്റി. ചില ഗണിതശാസ്ത്ര സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകരുടെ ഒരു മോണിട്ടറിംഗ് കമ്മറ്റി. എല്ലാവർഷത്തെയും പോലെ ഒരു സാധാരണ നടപടിക്രമം.

ഇതാണോ മുഖ്യമന്ത്രി മുൻകൈയെടുത്ത് വിളിച്ച ഒരു യോഗതീരുമാനപ്രകാരമുള്ള വിദഗ്ദ്ധസമിതി? ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പൊതുവിദ്യാഭ്യാസ മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടേയും വിലപ്പെട്ട സമയവും ഊർജ്ജവും ചെലവഴിച്ച്, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിനായി പലതവണ മാറ്റിവെച്ച് നടത്തപ്പെട്ട ഒരു ഉയർന്ന മീറ്റിംഗിന്റെ തീരുമാനപ്രകാരം നിശ്ചയിക്കപ്പെട്ട വിദഗ്ദ്ധസമിതി?
കേരളത്തിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും അക്കാദമിക പ്രവർത്തകരെയും കണ്ടും കേട്ടും, പൊതുവിദ്യാഭ്യാസത്തിന്റെ ഭാവികൂടി നിശ്ചയിക്കപ്പെടുന്ന തരത്തിലുള്ള തീരുമാനങ്ങൾ എടുക്കേണ്ട വിദഗ്ദ്ധസമിതി?

 കീം സ്കോർ സമീകരണം പഠിക്കാനെന്ന പേരിൽ വിദഗ്ധ സമിതി രൂപീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട്
കീം സ്കോർ സമീകരണം പഠിക്കാനെന്ന പേരിൽ വിദഗ്ധ സമിതി രൂപീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട്

കേരളത്തിലെ പൊതുവിദ്യാഭ്യാസ പ്രവർത്തകരെ പോകട്ടെ, ഉന്നതരായ രാഷ്ട്രീയ നേതൃത്വത്തെ പരിഹസിക്കുന്നതിന് ഒരു കണക്കുവേണ്ടേ? അവരുടെ യോഗതീരുമാനപ്രകരമെന്ന പേരിൽ നിശ്ചയിക്കപ്പെട്ട, സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധരുടെ ഈ സാങ്കേതിക സമിതി അവരോടുള്ള ഒരു പരിഹാസമാണെന്ന് ആരാണ് അവർക്ക് പറഞ്ഞുകൊടുക്കുക? അവരറിയുന്നുണ്ടോ അവരുടെ തീരുമാനത്തിന്റെ, പേരിന്റെ ബലത്തിൽ എല്ലാവർഷവും നിശ്ചയിക്കുന്ന ഒരു സാങ്കേതിക സമിതിയെ നിശ്ചയിച്ച്, തങ്ങൾ നടത്തുന്ന അതിനീചമായ വിവേചനത്തിന് അംഗീകാരം നൽകുകയാണ് ഈ ഉദ്യോഗസ്ഥലോബി ചെയ്യുന്നതെന്ന്?

കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയിലെ ഒന്നാന്തരം പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനം, ഇന്നുവരെ പൊതുവിദ്യാഭ്യാസത്തെ അപഹസിച്ചുനടന്ന ഒരു കൂട്ടർക്ക് സംവരണം ചെയ്യാനാണ് തങ്ങളെ കരുക്കളാക്കുന്നതെന്ന്? തീർച്ചയായും കേരള മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും ഈ സാങ്കേതിക കമ്മറ്റിക്ക് വേണ്ടിയാണോ തങ്ങൾ തലപുകച്ചത് എന്ന് പറയേണ്ടതുണ്ട്; ആ ഉന്നതയോഗതീരുമാനങ്ങളെ വളച്ചൊടിച്ച ഉദ്യോഗസ്ഥമാഫിയയെ നിലയ്ക്ക് നിർത്തേണ്ടതുണ്ട്.

സി ബി എസ് ഇ / എൻട്രൻസ് ലോബിയുടെ സ്വാധീനത്തിനപ്പുറം ഇവിടെ വിദ്യാഭ്യാസമേഖലയിൽ ഒരു ചുക്കും നടത്താൻ ആരെക്കൊണ്ടും കഴിയില്ല എന്ന ചിലരുടെ ധാർഷ്ട്യത്തിന് അടിവരയിടുന്ന ഒന്നാണ്, വിദഗ്ധ സമിതി എന്ന പേരിൽ നടന്നിരിക്കുന്നത്.

Read: എൻട്രൻസ് സ്‍കോർ സമീകരണം: മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന CBSE താത്പര്യങ്ങൾ

കേരളത്തിലെ എൻട്രൻസ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് എൻട്രൻസ് പരീക്ഷാ സ്കോറിനൊപ്പം ഹയർ സെക്കന്ററി പാഠ്യവിഷയങ്ങളുടെ സ്കോർ കൂടി പരിഗണിക്കണമെന്ന അക്കാദമിക ആവശ്യം ഉന്നയിക്കപ്പെട്ടപ്പോൾ അതിനായി നിശ്ചയിച്ച ഒരു വിദഗ്ദ്ധസമിതിയെ ഈ സന്ദർഭത്തിൽ ഓർക്കുകയാണ്. എഞ്ചിനീയറിംഗ് മേഖലയിൽ നിന്ന് ഡോ. ആർ.വി. ജി. മേനോനും മെഡിക്കൽ രംഗത്തുനിന്നും ഡോ. സി.ആർ. സോമനും ഒരു സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധനും ഉൾപ്പെട്ട ഒരു കമ്മറ്റി. ഡോ ആർ വി ജി മേനോനെയും ഡോ. സി.ആർ. സോമനെയും പോലുള്ള ശാസ്ത്രപ്രചാരകരെ, ജനകീയ ഇടപെടലുകൾ നടത്തുന്ന പ്രബുദ്ധരായ മനുഷ്യരെ, രാഷ്ട്രീയവിവേകത്തോടെ തങ്ങളുടെ മേഖലകളിൽ നിറഞ്ഞുനിൽക്കുന്നവരെ ചുമതലപ്പെടുത്തിയാണ് അത്തരം ഗൗരവമുള്ള അന്വേഷണങ്ങൾ ഇവിടെ നടന്നത്. അപ്രകാരമുള്ള ഒരു വിദഗ്ദ്ധസമിതിയാണ്, സ്കോർ സമീകരണത്തിന്റെ പേരിൽ പൊതുവിദ്യാഭ്യാസത്തെയും അതിനെ ഏക പ്രതീക്ഷയുമായി കാണുന്ന ഇവിടുത്തെ സാധാരണ മനുഷ്യരേയും ഗളഛേദം ചെയ്യുന്ന, ദീർഘകാലമായി ഇവിടെ തുടരുന്ന ഒരനീതിയെ പരിഹരിക്കുന്നതിന് നിശ്ചയിക്കപ്പെടേണ്ടത്. അത്തരം മനുഷ്യർക്ക് മാത്രമേ സാങ്കേതിക ശരികൾക്ക് അപ്പുറമുള്ള വിദ്യാഭ്യാസത്തിന്റെ കാതലിനെ തൊടാൻ ഇച്ഛാശക്തികൊണ്ട് സാധിക്കൂ. അതിനു പകരം തങ്ങൾക്ക് നിശ്ചയിച്ച മേൽനോട്ടച്ചുമതലയിൽ, എൻട്രൻസ് കമ്മീഷണറേറ്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്കോർ സമീകരണത്തിന്റെ നക്കലിൽ ഒപ്പിടാനും അവർ തരുന്ന ടി എ യിലും ഡി എ യിലും സന്തോഷം പ്രകടിപ്പിക്കാനുമുള്ള, ഈ വിഷയത്തിന്റെ സാമൂഹികവും അക്കാദമികവുമായ യാതൊരു വേവലാതിയുമില്ലാത്ത ഒരു സാങ്കേതിക വിദഗ്ദ്ധസമിതിയെ നിശ്ചയിക്കുന്നത് ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ കേരളത്തിന്റെ മുഖ്യമന്ത്രിയെയും ഉന്നത / പൊതുവിദ്യാഭ്യാസമന്ത്രിമാരെയും അപമാനിക്കുന്നതിന് തുല്യമാണ്; അവരുടെ താത്പര്യങ്ങളെ ചവറ്റുകൊട്ടയിലിടലാണ്‌. സി ബി എസ് ഇ / എൻട്രൻസ് ലോബിയുടെ സ്വാധീനത്തിനപ്പുറം ഇവിടെ വിദ്യാഭ്യാസമേഖലയിൽ ഒരു ചുക്കും നടത്താൻ ആരെകൊണ്ടും കഴിയില്ല എന്ന ചിലരുടെ ധാർഷ്ട്യത്തിന് ബലം നൽകലാവും അത്. കേവലം ഉദ്യോഗസ്ഥ ഭരണമല്ല ഇവിടെ നടക്കുന്നത് എന്ന് തെളിയിക്കാൻ ഇതിൽ ഇടപെട്ട രാഷ്ട്രീയ നേതൃത്വത്തിന് ഇച്ഛാശക്തി ഉണ്ടാവേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസത്തെ നെഞ്ചേറ്റുന്നവർ ഇനി കാത്തിരിക്കുന്നത് അതിനാണ്.

Comments