B.Ed കോളേജുകൾ
എന്തുകൊണ്ട്
വിമർശിക്കപ്പെടുന്നു?

യോഗ്യതാ പരീക്ഷയിൽ മിനിമം മാർക്ക് വാങ്ങിയ ആർക്കും പണം കൊടുത്തു പഠിക്കാനും ജോലി വാങ്ങിക്കാനും പറ്റുന്ന തൊഴിലായി അധ്യാപനം മാറി. അധ്യാപനത്തിനോട് പ്രത്യേക അഭിരുചിയോ താല്പര്യമോ ഇല്ലാത്ത വിദ്യാർഥികളാണ് കൂടുതലായും B.Ed പഠനത്തിന് എത്തുന്നത്. അതുകൊണ്ട് B.Ed കോഴ്സുകളുടെ നിലവാരത്തിനെ കുറിച്ചുള്ള വിമർശനങ്ങൾ, അതിനെ പൊതിഞ്ഞുനിൽക്കുന്ന നയപരവും ഘടനാപരവും കാലികവുമായ വശങ്ങളെ സമഗ്രമായി സമീപിച്ചുകൊണ്ടു​വേണം എന്ന വാദമുയർത്തുകയാണ് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.​ സോഫിയ കെ.എം. B.Ed പാഠ്യപദ്ധതിയുമായും കോളേജുകളിലെ പഠനപ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട് ‘ട്രൂകോപ്പി തിങ്കി’ൽ തുടരുന്ന സംവാദത്തിന്റെ തുടർച്ച.

പാഠ്യപദ്ധതി പരിഷ്കരണങ്ങളുടേയും നിരന്തരം പുതുക്കപ്പെടുന്ന പഠനസങ്കേതങ്ങളുടെയും അതോടൊപ്പം തലമുറാ മാറ്റത്തിൻ്റേയും പശ്ചാത്തലത്തിൽ നമ്മുടെ അധ്യാപക വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ഉള്ളടക്കവും പ്രവർത്തന രീതികളും പലപ്പോഴും വിശകലനങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്. വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് അത്തരം വിമർശനങ്ങൾ അനിവാര്യവുമാണ്. എന്നാൽ സമീപകാലത്തായി B.Ed കോളേജുകളുടെ പ്രവർത്തനം സംബഡിച്ച രൂക്ഷമായ വിമർശനങ്ങൾ അക്കാദമിക്ക് മേഖലയിലും പൊതുമണ്ഡലത്തിലും ഉയർന്നുവരുന്നുണ്ട്. ഈ വിമർശനങ്ങളെ കേരളത്തിലെ അധ്യാപക വിദ്യാഭ്യാസത്തിന്റെ ഗുണ മേന്മാ വർദ്ധനവുമായി ബന്ധപ്പെട്ട സമഗ്ര കാഴ്ച്ചപ്പാടുകളുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്.

നിലവിലെ അധ്യാപക വിദ്യാഭ്യാസ സംവിധാനങ്ങളുടെ പൊതു ഘടനയേയും സർവ കലാശാലകൾ തൊട്ട് താഴോട്ടുള്ള അക്കാദമികവും ഭരണ പരവുമായ ഘടകങ്ങളെയും അവയുടെ ഏകീകരണത്തെയും പരിഗണിക്കാതെ ഈ ഒറ്റ തിരിഞ്ഞ വിമർശനങ്ങൾക്ക് വലിയ പ്രസക്തിയില്ല. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ എന്നത് വ്യത്യസ്തമായ നിരവധി സാമൂഹിക ഘടകങ്ങളുടെ പാരസ്പര്യത്തെ ആശ്രയിച്ചിരിക്കുന്നു. പാഠ്യപദ്ധതി, അധ്യാപകർ, ഭൗതിക സൗകര്യങ്ങൾ, വിഭവങ്ങൾ, സാമൂഹിക പങ്കാളിത്തം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളുടെ ഏകോപനം വഴിയാണത് സാധ്യമാകുന്നത്. ഇവയിൽ ഏറ്റവും മുൻഗണന അർഹിക്കുന്നതാണ് അധ്യാപന മികവ്. (Hanushek & Woessmann, 2017; Hattie, 2005, 2009; Muijs & Reynolds, 2017). കഴിവും താല്പര്യവും അഭിരുചിയും ഉള്ള പ്രാപ്തരായ അധ്യാപകരെ സൃഷ്ടിക്കുക എന്നതാണ് അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ധർമം.

‘അന്തരിച്ച’
അധ്യാപകരും
അന്തകരാകുന്ന
BEd കോളേജുകളും

പുതിയ കാലത്ത്
B.Ed ക്ലാസ് മുറികൾ
ഇങ്ങനെയൊക്കെ മതിയോ?

മാറിയ കാലത്തും
മടുപ്പൻ B.Ed

എന്തിനാണ്​ ഇങ്ങനെയൊരു ബി.എഡ് കോഴ്​സ്​? ഒരു വിദ്യാർഥി ചോദിക്കുന്നു

ഞങ്ങൾക്കും ബി.എഡ്​ പഠിക്കണം, പക്ഷെ...

അധ്യാപക വിദ്യാഭ്യാസ ചരിത്രം

അധ്യാപകരാകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അവരുടെ തൊഴിൽപരമായ കടമകളും ഉത്തരവാദിത്തങ്ങളും മികച്ച രീതിയിൽ നിർവഹിക്കാനാവശ്യമായ അറിവും വൈദഗ്ധ്യവും മനോഭാവവും പകർന്നുനൽകുന്ന സംവിധാനമാണ് അധ്യാപക വിദ്യാഭ്യാസം.

അധ്യാപക വിദ്യാഭ്യാസം ബ്രിട്ടീഷ് ഭരണത്തിനുമുമ്പ്- ശേഷം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ബ്രിട്ടീഷ് ഭരണത്തിന് മുമ്പുള്ള കാലഘട്ടങ്ങളിൽ, പ്രത്യേകിച്ച്, ഗുരുകുല സമ്പ്രദായത്തിൽ ശിഷ്യർ തങ്ങളുടെ ഗുരുവിന്റെ വാമൊഴിയായുള്ള അധ്യാപന രീതികൾ കണ്ടും കേട്ടും പഠിക്കുകയും, മിടുക്കരായ വിദ്യാർത്ഥികൾ മറ്റു കുട്ടികളെ പഠിപ്പിക്കാൻ സഹായികളായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് ബുദ്ധമത കാലഘട്ടത്തിലാണ് കുറച്ചുകൂടി ക്രമീകൃതമായ ഒരു അധ്യാപക പരിശീലന രീതി വികസിച്ചു വന്നത്. മക്തബുകളിലും മദ്രസകളിലും മൗലവിമാരും പണ്ഡിതന്മാരും അധ്യയനത്തിന് നേതൃത്വം നൽകിയപ്പോഴും മിടുക്കരായ മുതിർന്ന വിദ്യാർത്ഥികളെ കൊണ്ട് ക്ലാസുകൾ നിയന്ത്രിക്കുന്ന പഴയ രീതി തന്നെ തുടർന്നുപോന്നു. ചുരുക്കത്തിൽ, ഈ കാലഘട്ടങ്ങളിലൊക്കെയും അധ്യാപക വിദ്യാഭ്യാസം എന്നത് പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ഔപചാരിക പഠനം എന്നതിലുപരി, അനുഭവസമ്പന്നരായ അധ്യാപകരിൽ നിന്ന് നേരിട്ട് കണ്ടുപഠിക്കുന്ന പരിശീലന രീതി മാത്രമായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത്, കൊളോണിയൽ ലക്ഷ്യങ്ങൾക്കനുസൃതമായി ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം പുനഃസംഘടിപ്പിക്കപ്പെടുകയും യൂറോപ്യൻ മിഷനറി സ്‌കൂളുകളുടെ വരവോടെ വ്യവസ്ഥാപിതമായ അധ്യാപക പരിശീലനത്തിന്റെ ആവശ്യകത ഉയർന്നുവരികയും ചെയ്തു. ഇതിന്റെ ഭാഗമായി വിവിധ കമ്മീഷനുകളുടെ ശുപാർശപ്രകാരം അധ്യാപക പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടു. 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ട്രെയിനിംഗ് കോളേജുകളും സർവ്വകലാശാലകളിൽ പ്രത്യേക വിദ്യാഭ്യാസ ഫാക്കൽറ്റികളും ആരംഭിച്ചതോടെ അധ്യാപക വിദ്യാഭ്യാസം കൂടുതൽ ഔപചാരികമായ രൂപം പ്രാപിച്ചു.

 ബ്രിട്ടീഷ് ഭരണത്തിന് മുമ്പുള്ള കാലഘട്ടങ്ങളിൽ, പ്രത്യേകിച്ച്, ഗുരുകുല സമ്പ്രദായത്തിൽ  ശിഷ്യർ തങ്ങളുടെ ഗുരുവിന്റെ  വാമൊഴിയായുള്ള അധ്യാപന രീതികൾ കണ്ടും കേട്ടും പഠിക്കുകയും, മിടുക്കരായ വിദ്യാർത്ഥികൾ മറ്റു കുട്ടികളെ പഠിപ്പിക്കാൻ സഹായികളായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
ബ്രിട്ടീഷ് ഭരണത്തിന് മുമ്പുള്ള കാലഘട്ടങ്ങളിൽ, പ്രത്യേകിച്ച്, ഗുരുകുല സമ്പ്രദായത്തിൽ ശിഷ്യർ തങ്ങളുടെ ഗുരുവിന്റെ വാമൊഴിയായുള്ള അധ്യാപന രീതികൾ കണ്ടും കേട്ടും പഠിക്കുകയും, മിടുക്കരായ വിദ്യാർത്ഥികൾ മറ്റു കുട്ടികളെ പഠിപ്പിക്കാൻ സഹായികളായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.

അധ്യാപക വിദ്യാഭ്യാസം
സ്വതന്ത്ര ഭാരതത്തിൽ

സ്വതന്ത്ര ഭാരതത്തിൽ നിലവിൽ വന്ന സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയ മാറ്റങ്ങൾ അധ്യാപക വിദ്യാഭ്യാസ മേഖലയിൽ വലിയ സ്വാധീനം ചെലുത്തിയതായി കാണാം. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് ഭൂരിഭാഗം അധ്യാപകരും ആവശ്യമായ പരിശീലനം ലഭിക്കാത്തവരായിരുന്നതിനാൽ അധ്യാപകരുടെ 'എണ്ണം കൂട്ടുക' (Quantity), അതോടൊപ്പം 'ഗുണനിലവാരം ഉറപ്പാക്കുക' (Quality) എന്ന ഇരട്ട വെല്ലുവിളിയാണ് രാജ്യം നേരിട്ടത്.

അധ്യാപക പരിശീലന പരിപാടികളിലെ സിദ്ധാന്തങ്ങളും (Theory) പ്രായോഗിക പരിശീലനവും (Practical training) തമ്മിൽ ശരിയായ അനുപാതം ഉണ്ടായിരിക്കണമെന്നും കോഴ്‌സുകളുടെ ഉള്ളടക്കം പ്രാദേശിക സ്കൂൾ സാഹചര്യങ്ങൾക്ക് അനുയോജ്യമായിരിക്കണമെന്നും ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച രാധാകൃഷ്ണൻ കമ്മീഷൻ (1948-49) നിർദ്ദേശിച്ചു.

തുടർന്നുവന്ന മുതലിയാർ കമ്മീഷൻ (1952-53), കോത്താരി കമ്മീഷൻ (1964-66) എന്നിവ അധ്യാപക പരിശീലനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേകമായി ചില നിർദേശങ്ങൾ സമർപ്പിച്ചു. അധ്യാപക വിദ്യാഭ്യാസ ചരിത്രം പരിശോധിച്ചാൽ 1986- ലെ ദേശീയ വിദ്യാഭ്യാസ നയം ഈ രംഗത്ത് പ്രകടമായ മാറ്റങ്ങൾ വരുത്തിയതായി കാണാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NPE 1986) ഭാഗമായാണ് അധ്യാപക പരിശീലന രംഗത്തെ വലിയ നാഴികക്കല്ലുകളായ DIET (District Institute of Education and Training), CTE (College of Teacher Education) എന്നിവ സ്ഥാപിക്കപ്പെടുന്നത്.

ഇന്ത്യയിലെ അധ്യാപക പരിശീലനത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള നിയമനിർമാണം നടന്നത് 1993- ലാണ് (NCTE Act 1993). ഇത് പ്രകാരം രാജ്യത്തെ അധ്യാപക വിദ്യാഭ്യാസത്തിന്റെ സമഗ്രപരിഷ്കരണത്തിനായി 1995-ൽ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (NCTE) സ്ഥാപിതമായി. ഇതുവഴി അധ്യാപക വിദ്യാഭ്യാസ സംവിധാനങ്ങളുടെ പ്രവർത്തനം ഏകീകരിക്കുകയും അത്തരം സ്ഥാപനങ്ങളുടെ പശ്ചാത്തല വികസനം ഉറപ്പുവരുത്തുകയും അധ്യാപകരുടെ യോഗ്യതകൾ നിജപ്പെടുത്തുകയും പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും കൊണ്ടുവരികയും ചെയ്തു. ഇതോടെ ഈ രംഗത്ത് പൊതുവായ ഒരു മാനകീകരണം സാധ്യമായി.

2012- ലെ ജസ്റ്റിസ് വർമ്മ കമ്മിറ്റി (2012) യുടെ നിർദേശപ്രകാരമാണ് B.Ed കോഴ്സിന്റെ കാലാവധി 2 വർഷമായി ദീർഘിപ്പിച്ചത്. 34 വർഷത്തെ ഇടവേളക്ക് ശേഷം വന്ന 2020- ലെ ദേശീയ വിദ്യാഭ്യാസനയവും അധ്യാപക വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയതായി കാണാം. പുതുതലമുറ രൂപപ്പെടുന്നത് അധ്യാപകർ വഴിയാണെന്നും അതിനു കഴിവും അഭിരുചിയും ഉള്ളവരെ സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദിത്തം പൂർണമായും അധ്യാപക വിദ്യാഭ്യാസത്തിനാണെന്നും നയം അടിവരയിടുന്നു. ഇന്ത്യൻ മൂല്യങ്ങൾ, ഭാഷകൾ, അറിവ്, ധാർമ്മികത, ഗോത്ര പാരമ്പര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രദേശികവും അതോടൊപ്പം സാർവദേശീയവുമായ അറിവുകളിൽ അധിഷ്ഠിതമായിരിക്കണം അധ്യാപക വിദ്യാഭ്യാസം എന്നും, വിദ്യാഭ്യാസ മേഖലയിലെയും ബോധനശാസ്‌ത്രത്തിലേയും നൂതന ധാരകളെ ഉൾക്കൊള്ളുന്നതായിരിക്കണം (NEP 2020) എന്നും നിർദ്ദേശിക്കുന്നു. പ്ലസ് ടുവിന് ശേഷം നേരിട്ട് ചേരാവുന്ന നാലു വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ് (ITEP), അധ്യാപക പരിശീലന കോളേജുകൾ മൾട്ടി-ഡിസിപ്ലിനറി ആക്കുക എന്നിവയും നിർദേശിക്കപ്പെട്ട മാറ്റങ്ങളിൽപെട്ടവയാണ്.

പ്ലസ് ടുവിന് ശേഷം നേരിട്ട് ചേരാവുന്ന നാലു വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ് (ITEP),  അധ്യാപക പരിശീലന കോളേജുകൾ മൾട്ടി-ഡിസിപ്ലിനറി ആക്കുക എന്നിവയും നിർദേശിക്കപ്പെട്ട മാറ്റങ്ങളിൽപെട്ടവയാണ്.
പ്ലസ് ടുവിന് ശേഷം നേരിട്ട് ചേരാവുന്ന നാലു വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ് (ITEP), അധ്യാപക പരിശീലന കോളേജുകൾ മൾട്ടി-ഡിസിപ്ലിനറി ആക്കുക എന്നിവയും നിർദേശിക്കപ്പെട്ട മാറ്റങ്ങളിൽപെട്ടവയാണ്.

കേരളത്തിലെ അധ്യാപക പരിശീലന രംഗം (Teacher Education) ദേശീയ- സംസ്ഥാന തലങ്ങളിൽ രൂപീകരിച്ച വിവിധ വിദ്യാഭ്യാസ കമ്മീഷനുകളുടെയും കമ്മിറ്റികളുടെയും നയങ്ങളുടേയും നിർദേശങ്ങൾക്കനുസരിച്ച് നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പ്രീ പ്രൈമറി, പ്രൈമറി, സെക്കന്ററി തലങ്ങളിലെ അധ്യാപകർക്ക് ശിശു കേന്ദ്രിതവും ശാസ്ത്രീയവുമായി ബോധനശാസ്ത്രത്തിൽ അറിവും അഭിരുചിയും വളർത്തിയെടുക്കുന്നതിനും അധ്യാപനമികവ് വർദ്ധിപ്പിക്കുന്നതിനുമുള്ള അധ്യാപക പരിശീലന പരിപാടികൾ ഇതോടെ ആവിഷ്ക്കരിക്കപ്പെട്ടു. പ്രീ പ്രൈമറി തലത്തിൽ പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ്, പ്രൈമറി തലത്തിൽ (1 മുതൽ 7 വരെ) ഡി എൽ എഡ്, സെക്കണ്ടറി, ഹയർ സെക്കന്ററി തലങ്ങളിൽ (8 മുതൽ 12 വരെ) B.Ed എന്നിങ്ങനെയാണ് നിലവിലെ അധ്യാപക പരിശീലന കോഴ്സുകൾ.

ഗുണനിലവാരമുള്ള
അധ്യാപക വിദ്യാഭ്യാസം

അധ്യാപകരുടെ ഗുണനിലവാരത്തെ കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും വിമർശന വിധേയമാവുന്നത് B.Ed കോഴ്സ് ആണ്. ‘ശരിക്കും ദുരന്തമാണ് നമ്മുടെ B.Ed കോളേജുകൾ’, ‘അന്തരിച്ച അധ്യാപകരും അന്തകരാകുന്ന B.Ed കോളേജുകളും’ എന്നീ തലക്കെട്ടുകളോടെ സമീപകാലത്ത് വന്ന ലേഖനങ്ങൾ ഉദാഹരണങ്ങളാണ്. ഈ ലേഖനങ്ങൾ കേരളത്തിലെ അധ്യാപക പരിശീലന രംഗത്തെ, പ്രത്യേകിച്ച്, B.Ed കോളേജുകളെ വിമർശനാത്മകമായി വിശകലനം ചെയ്തതായി കാണാം. മാറുന്ന ലോകത്തിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായവും അധ്യാപന രീതികളും മാറിയിട്ടും, പല B.Ed കോളേജുകളും ഇപ്പോഴും പഴയതും പ്രായോഗികമല്ലാത്തതുമായ രീതികളാണ് പിന്തുടരുന്നത് എന്നും കാലത്തിന് അനുയോജ്യമായ മാറ്റങ്ങൾ ഇതിൽ ഉണ്ടാവേണ്ടതുണ്ടെന്നും ലേഖകർ സൂചിപ്പിക്കുന്നു.

കുട്ടികളിൽ സർഗ്ഗാത്മകതയും വിമർശനാത്മക ചിന്തയും (critical thinking) വളർത്തേണ്ട അധ്യാപകർ, കേവലം പരീക്ഷാകേന്ദ്രീകൃതമായ യന്ത്രങ്ങളെപ്പോലെ മാറുന്നുവെന്നും, പ്രായോഗികമായ അറിവിനേക്കാൾ റെക്കോർഡ് ബുക്കുകൾ തീർക്കുന്നതിനും ചടങ്ങുകൾ പൂർത്തിയാക്കുന്നതിനുമാണ് പലയിടത്തും മുൻഗണന നൽകുന്നത് എന്നും വിമർശനങ്ങളുണ്ട്.എന്നാൽ അധ്യാപക വിദ്യാഭ്യാസത്തെ സമഗ്രമായും ആഴത്തിലും പരിശോധിക്കുന്ന നിരീക്ഷണങ്ങൾ പൊതുവേ കുറവാണ് താനും. NCTE നിർദേശിക്കുന്ന മാനദണ്ഡങ്ങൾ, യൂണിവേഴ്സിറ്റി തലത്തിൽ തയ്യാറാക്കപ്പെടുന്ന സിലബസ് എന്നിവയെ കുറിച് വിമർശകർ അധികം ചർച്ച ചെയ്തതായി കാണുന്നില്ല.

അധ്യാപക വിദ്യാഭ്യാസം
കേരളത്തിൽ

​കേരളത്തിൽ നിലവിൽ ആകെ നാല് ഗവണ്മെന്റ് B.Ed കോളേജുകളും 17 എയ്ഡഡ് കോളേജുകളും 131 സെൽഫ് ഫിനാൻസിംഗ് കോളേജുകളും 36 യൂണിവേഴ്സിറ്റി സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. എൻ സി ടി ഇ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള മതിയായ അടിസ്ഥാന സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും കാര്യത്തിൽ ഈ സ്ഥാപനങ്ങൾ തമ്മിൽ വലിയ അന്തരങ്ങളുണ്ടെന്ന് മനസിലാക്കാം. അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ച പരിശോധിച്ചാൽ ഇന്ത്യയിൽ നടപ്പിലാക്കിയ വിദ്യാഭ്യാസപദ്ധതികൾ അധ്യാപകരുടെ എണ്ണത്തിൽ വർദ്ധനവ് ആവശ്യപ്പെടുന്ന ഒന്നായിരുന്നു എന്ന് കാണാൻ കഴിയും. ‘എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം’ എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ നടപ്പിലാക്കിയ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി (DPEP), സർവ ശിക്ഷാ അഭിയാൻ (SSA), പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സാർവത്രികവൽക്കരണം (UEE) തുടങ്ങിയ പാൻ-ഇന്ത്യൻ പ്രാഥമിക വിദ്യാഭ്യാസ വികസന പരിപാടികൾ വിദ്യാഭ്യാസരംഗത്ത് ദൂരവ്യാപക സ്വാധീനങ്ങൾ ഉണ്ടാക്കി. കുട്ടികളുടെ സ്കൂൾ പ്രവേശനത്തിൽ വർധനവുണ്ടാവുകയും പുതിയ വിദ്യാലയങ്ങൾ ആരംഭിക്കേണ്ടിവരികയും ചെയ്തതോടെ കൂടുതൽ അധ്യാപകരേയും ആവശ്യമായി വന്നു. സ്വാഭാവികമായും കൂടുതൽ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായി.

 അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ച പരിശോധിച്ചാൽ ഇന്ത്യയിൽ നടപ്പിലാക്കിയ വിദ്യാഭ്യാസപദ്ധതികൾ അധ്യാപകരുടെ എണ്ണത്തിൽ വർദ്ധനവ് ആവശ്യപ്പെടുന്ന ഒന്നായിരുന്നു എന്ന് കാണാൻ കഴിയും.
അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ച പരിശോധിച്ചാൽ ഇന്ത്യയിൽ നടപ്പിലാക്കിയ വിദ്യാഭ്യാസപദ്ധതികൾ അധ്യാപകരുടെ എണ്ണത്തിൽ വർദ്ധനവ് ആവശ്യപ്പെടുന്ന ഒന്നായിരുന്നു എന്ന് കാണാൻ കഴിയും.

ഇതിനുപുറമെ, പരിശീലനം ലഭിക്കാത്ത അധ്യാപകരുടെ ബാക്ക്‌ലോഗും നിയമനത്തിന് പ്രീ-സർവീസ് അധ്യാപക വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന്റെ ആവശ്യകതയും നിലവിലുള്ള സ്ഥാപന ശേഷിയിൽ സമ്മർദ്ദം വർദ്ധിക്കുന്നതിലേക്ക് നയിച്ചു. ഇതിന്റെ ഫലമായി വളരെ പെട്ടെന്ന് തന്നെ ഈ മേഖല വിപണിവൽക്കരണത്തിന് വിധേയമാവുകയും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധനവ് ഉണ്ടാവുകയും ചെയ്തു. ഈ മാറ്റം അടിസ്ഥാന സൗകര്യങ്ങൾ, ഫാക്കൽറ്റി, പഠനവിഭവങ്ങൾ, വിദ്യാർത്ഥി പ്രൊഫൈൽ തുടങ്ങിയ ഗുണനിലവാര മാനദണ്ഡങ്ങളിലൊന്നും പ്രതിഫലിച്ചതുമില്ല.

B.Ed കോളേജുകളിലെ
കാലഹരണപ്പെട്ട നിയമങ്ങൾ

B.Ed കോളേജുകൾ കാലഹരണപ്പെട്ട നിയമങ്ങൾ പാലിക്കുന്ന ഇടങ്ങളാണ് എന്നതാണ് മറ്റൊരു പ്രധാന ആരോപണം. അധ്യാപകപരിശീലന കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളെയാണ് ലിംഗ വൈവിധ്യങ്ങളെ അംഗീകരിക്കാനുള്ള വിമുഖത എന്ന കാഴ്ചപ്പാടിൽ വിമർശിക്കുന്നത്. ആധുനിക ലോകം ലിംഗസമത്വത്തെയും വൈവിധ്യങ്ങളെയും (Gender Diversity) അംഗീകരിക്കുമ്പോൾ, B.Ed കോളേജുകൾ പഴയ ചിന്താഗതിയിലാണ് എന്നും സദാചാര പൊലീസിംഗിന്റെ (Moral Policing) ഇടങ്ങളാണ് എന്നുമൊക്കെയുള്ള നിരീക്ഷണങ്ങളുണ്ട്.

എന്നാൽ പഠന പഠനാനുബന്ധപ്രവർത്തനങ്ങളുടെ മുഖ്യ പരിഗണനാവിഷയമായി ജെൻഡർ ഇവിടങ്ങളിൽ കടന്നുവരുന്നുണ്ട്. അതിനെ ആശയപരമായി സമീപിക്കുന്നുണ്ട്. പല സ്ഥാപനങ്ങളിലും ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയിട്ടുണ്ട്. ആൺകുട്ടികളുടെ എണ്ണം അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതുവെ കുറവാണ്. പെൺകുട്ടികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. മറ്റു പ്രൊഫഷണൽ സ്ഥാപനങ്ങളിൽ കാണുന്ന നിയന്ത്രണങ്ങൾ B.Ed കോളേജുകളിൽ കുറവാണ് എന്നും കാണാൻ കഴിയും. ഇനി ഇത്തരം വിമർശനങ്ങളെ അംഗീകരിച്ചാൽ തന്നെയും നിലവിലെ B.Ed അധ്യാപക പരിശീലന സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ചില നടപടികളിലൂടെയോ തീരുമാനങ്ങളിലൂടെയോ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന ഇത്തരത്തിലുള്ള ബാഹ്യതലസ്പർശിയായ നോട്ടങ്ങളല്ല, അത് ഘടനാപരവും ഏകോപനപരവും ആശയപരവുമായ ചില പ്രതിസന്ധികളാണ്.

B.Ed കരിക്കുലം

പത്തു മാസം കൊണ്ട് കൈയിൽ കിട്ടുന്ന ഡിഗ്രി എന്നതിൽ നിന്ന് രണ്ടു വർഷത്തെ കോഴ്സ് എന്ന നിലയിൽ B.Ed-ന് മാറ്റം വന്നതു തന്നെ ചില ആത്മ വിമർശനങ്ങളുടെ കൂടി ഫലമാണ് എന്ന് കാണാം. 2015-ൽ B.Ed കരിക്കുലം മാറ്റിയെങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് അത് കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടില്ല. ഒരു പ്രധാന കാരണം, കേരളത്തിൽ പ്രീസ്കൂൾ- പ്രൈമറി സ്കൂൾ അധ്യാപകർക്കായുള്ള അധ്യാപകവിദ്യാഭ്യാസ പാഠ്യപദ്ധതി വികസിപ്പിക്കുന്നത് എസ്. സി.ഇ.ആർ.ടി ആണ്. എസ്. സി.ഇ.ആർ‍.ടി തന്നെയാണ് സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള പാഠ്യപദ്ധതിയും തയ്യാറാക്കുന്നത്. 1997- ലും തുടർന്ന് 2007, 2013 (KCF) വർഷങ്ങളിലും നടന്ന കേരള സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിലെ മാറ്റങ്ങൾ, സ്കൂൾ വിദ്യാഭ്യാസരംഗത്ത് വന്ന പരിവർത്തനങ്ങൾ ‍ എന്നിവയെല്ലാം പ്രീ പ്രൈമറി, പ്രൈമറി അധ്യാപക വിദ്യാഭ്യാസത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.

2015-ൽ B.Ed കരിക്കുലം മാറ്റിയെങ്കിലും   സ്കൂൾ വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച്  അത് കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടില്ല. ഒരു  പ്രധാന കാരണം, കേരളത്തിൽ പ്രീസ്കൂൾ- പ്രൈമറി സ്കൂൾ അധ്യാപകർക്കായുള്ള അധ്യാപകവിദ്യാഭ്യാസ പാഠ്യപദ്ധതി വികസിപ്പിക്കുന്നത് എസ്. സി.ഇ.ആർ.ടി ആണ്
2015-ൽ B.Ed കരിക്കുലം മാറ്റിയെങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് അത് കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടില്ല. ഒരു പ്രധാന കാരണം, കേരളത്തിൽ പ്രീസ്കൂൾ- പ്രൈമറി സ്കൂൾ അധ്യാപകർക്കായുള്ള അധ്യാപകവിദ്യാഭ്യാസ പാഠ്യപദ്ധതി വികസിപ്പിക്കുന്നത് എസ്. സി.ഇ.ആർ.ടി ആണ്

എന്നാൽ B.Ed ബിരുദത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കുന്നത് അതത് യൂണിവേഴ്സിറ്റികളാണ്. ഇത് പ്രായോഗിക തലത്തിൽ പല പ്രതിസന്ധികൾക്കും കാരണമാവുന്നുണ്ട്. യൂണിവേഴ്സിറ്റി തലത്തിൽ നടക്കുന്ന ആലോചനകളിലൊന്നും സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണങ്ങൾ, പ്രായോഗികമായി ക്ലാസ് മുറികളിൽ വന്നിട്ടുള്ള മാറ്റങ്ങൾ, നൂതനാശയങ്ങൾ, പഠന സമ്പ്രദായങ്ങൾ, സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പഠനം, വിലയിരുത്തൽ രീതികൾ, സമഗ്ര ഗുണമേന്മാപ്രവർത്തനങ്ങൾ എന്നിവയെയൊന്നും പരിഗണിക്കുകയോ ഉൾക്കൊള്ളാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. 2015- ൽ ഒരു വർഷ കോഴ്സിൽനിന്ന് രണ്ടു വർഷ കോഴ്സ് ആക്കിയതിനപ്പുറം സ്കൂൾ വിദ്യാഭ്യാസ രംഗത്തുണ്ടായ പുതിയ ആശയധാരകളെയൊന്നും സ്വാംശീകരിക്കുകയോ അതിനനുസരിച്ച് സിലബസ് ക്രമീകരിക്കുകയോ ചെയ്തിട്ടില്ല.

അധ്യാപക വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം

അധ്യാപക വിദ്യാഭ്യാസം (Teacher education) എന്നത് അധ്യാപന ശേഷികൾ (teaching skills), പെഡഗോഗിക്കൽ സിദ്ധാന്തങ്ങൾ (pedagogical theories), പ്രൊഫഷണൽ വൈദഗ്ധ്യം (Professional expertise) എന്നീ മൂന്ന് പ്രധാന തൂണുകളിൽ അധിഷ്ഠിതമായ സമഗ്ര ചട്ടക്കൂടാണ്. ഇതിൽ 'അധ്യാപന ശേഷികൾ ' എന്നത് പാഠാസൂത്രണം, ആശയവിനിമയം, വിലയിരുത്തൽ, ക്ലാസ്റൂം മാനേജ്മെന്റ് എന്നിവയുൾപ്പെടെയുള്ള പ്രായോഗിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 'പെഡഗോജിക്കൽ സിദ്ധാന്തങ്ങൾ' കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ആവശ്യങ്ങളെ അടിസ്ഥാനമാക്കി, വിവിധ അധ്യാപനരീതികൾ സംബന്ധിച്ച മനഃശാസ്ത്രപരവും സാമൂഹികവും ദാർശനികവുമായ അടിത്തറ നൽകുന്നു. 'പ്രൊഫഷണൽ വൈദഗ്ധ്യം' മികച്ച അധ്യാപകരവാൻ ആവശ്യമായ സാങ്കേതികവിദ്യ പരിജ്ഞാനം (technological knoeledge), കൗൺസിലിംഗ് ശേഷി , പരസ്പര ആശയവിനിമയത്തിനുള്ള കഴിവ് , നിരന്തരമായ പഠനം (lifelong learning) എന്നിവയിലൂടെ അധ്യാപകരുടെ കരിയർ വളർച്ചയും തൊഴിൽ പുരോഗതിയും ഉറപ്പാക്കുന്നു.

കേരളത്തിലെ പ്രമുഖ സർവ്വകലാശാലകളായ കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി (MG), കണ്ണൂർ യൂണിവേഴ്സിറ്റികളിലെ B.Ed സിലബസിന് കൃത്യമായ പൊതുരൂപമുണ്ട്. NCTE (National Council for Teacher Education) നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് നാല് യൂണിവേഴ്സിറ്റികളും കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

രണ്ട് വർഷത്തെ (4 സെമസ്റ്ററുകൾ) കോഴ്സിന്റെ സിലബസ് ഘടനയെ പൊതുവായി മൂന്ന് പ്രധാന ഭാഗങ്ങളായി തിരിക്കാം:

കോർ കോഴ്സുകൾ
(Core Courses / Perspectives in Education): എല്ലാ വിദ്യാർത്ഥികൾക്കും പൊതുവായി പഠിക്കാനുള്ള തിയറി പേപ്പറുകളാണിവ.

വിദ്യാഭ്യാസത്തിന്റെ ദാർശനികവും സാമൂഹികവുമായ അടിത്തറകൾ (Philosophy and Sociology of Education), ശിശുമനഃശാസ്ത്രം (Child Psychology), ലിംഗഭേദവും സമൂഹവും (gender and society), ഉൾച്ചേർക്കൽ വിദ്യാഭ്യാസം (Inclusive Education) എന്നിവ മറ്റു നിർബന്ധിത പഠന വിഷയങ്ങളാണ്.

അധ്യാപക വിദ്യാർത്ഥികൾ പ്രത്യേകമായി തിരഞ്ഞെടുത്ത വിഷയം (optional papers) പ്രായോഗിക പരിശീലനം (Practical / EPC / Internship) എന്നിവയാണ് പിന്നീട് പ്രധാനമായും വരുന്നത്.

ആദ്യ സെമസ്റ്ററുകളിൽ തിയറി പേപ്പറുകൾക്ക് മുൻതൂക്കം നൽകുമ്പോൾ മൂന്നാം സെമസ്റ്റർ പൂർണ്ണമായും സ്കൂൾ ഇന്റേൺഷിപ്പിനായി മാറ്റിവെച്ചിരിക്കുന്നു.

അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന പരിമിതികൾ താഴെ പറയുന്നവയാണ്.

  • അധ്യാപനവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അധ്യാപക വിദ്യാഭ്യാസ സ്ഥാപനവുമായി ചേർന്ന് ലാബ് സ്കൂളുകൾ വേണമെന്ന് എൻ സി ടി ഇ നിഷ്കർഷിക്കുന്നുണ്ട് .എന്നാൽ പല ബി എഡ് സ്ഥാപനങ്ങൾക്കും ഇത്തരത്തിലുള്ള ലാബ് സ്കൂളുകൾ ഇല്ല എന്നുതന്നെ പറയാം.

  • അധ്യാപകർ ടെക്നോപെടഗോഗ്സ് (technopedagogue) ആകണമെന്നും ടെക്നോളജിക്കൽ പെഡഗോജിക്കൽ കോണ്ടൻ്റ് നോളജ് (TPACK) അധ്യാപകരെ സംബന്ധിച്ച് പരമപ്രധാനമാണെന്നും പുതിയ കാലത്തെ ക്ലാസ് മുറിയേയും കുട്ടികളെയും പരിഗണിക്കുമ്പോൾ ആവർത്തിച്ചു പറയുന്നതാണ്. എന്നാൽ പ്രീ സർവീസ് അധ്യാപക പരിശീലനങ്ങളിൽ പ്രത്യേകിച്ച് ബി എഡ് കോഴ്സിൽ സാങ്കേതിക വിദ്യാ പഠനം അനുയോജ്യമായ വിധം ഉൾപ്പെടുത്തി കാണുന്നില്ല .വിവരസാങ്കേതികവിദ്യയും ഇതുമായി ബന്ധപ്പെട്ട ബോധനശാസ്ത്രവും പാഠ്യപദ്ധതി ഉള്ളടക്കത്തിലും വിനിമയത്തിലും വേണ്ടത്ര പരിഗണനയോടെ ഉൾച്ചേർന്നാൽ മാത്രമേ അധ്യാപകരുടെ പ്രൊഫഷണൽ വികാസം സാധ്യമാകൂ. ചില യൂണിവേഴ്സിറ്റികളിൽ ഐ സി ടി ഒരു പ്രത്യേക വിഷയം ആയി ഉൾപെടുത്തിയിട്ടില്ലാത്തത് കാരണം അധ്യാപകരെ നിയമിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.


സ്കൂൾ കുട്ടികൾ അനുഭവിക്കുന്ന മാനസിക വൈകാരിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് അധ്യാപക വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനാണ് ആക്ഷൻ റിസർച്ച്, കേസ് സ്റ്റഡി തുടങ്ങിയവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി യിട്ടുള്ളത്. എന്നാൽ അതിന് വേണ്ടത്ര പ്രായോഗിക അനുഭവങ്ങൾ ലഭിക്കാറില്ല. ബാഹ്യ തല വിലയിരുത്തലിനായുള്ള കമ്മീഷൻ മുമ്പാകെ സമർപ്പിക്കേണ്ടുന്ന ഒരു രേഖ എന്നതിനപ്പുറം അത് ഗവേഷണാത്മക അധ്യാപനത്തിന്റെ ഭാഗമായി മാറുന്നേയില്ല.

അധ്യാപനവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അധ്യാപക വിദ്യാഭ്യാസ സ്ഥാപനവുമായി ചേർന്ന് ലാബ് സ്കൂളുകൾ വേണമെന്ന് എൻ സി ടി ഇ നിഷ്കർഷിക്കുന്നുണ്ട് .എന്നാൽ പല ബി എഡ് സ്ഥാപനങ്ങൾക്കും ഇത്തരത്തിലുള്ള ലാബ് സ്കൂളുകൾ ഇല്ല എന്നുതന്നെ പറയാം.
അധ്യാപനവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അധ്യാപക വിദ്യാഭ്യാസ സ്ഥാപനവുമായി ചേർന്ന് ലാബ് സ്കൂളുകൾ വേണമെന്ന് എൻ സി ടി ഇ നിഷ്കർഷിക്കുന്നുണ്ട് .എന്നാൽ പല ബി എഡ് സ്ഥാപനങ്ങൾക്കും ഇത്തരത്തിലുള്ള ലാബ് സ്കൂളുകൾ ഇല്ല എന്നുതന്നെ പറയാം.

ലിംഗനീതി, ലിംഗസമത്വം എന്നിവ പാഠ്യപദ്ധതി വിഷയങ്ങളാണ്. അധ്യാപക പരിശീലനത്തിന് പോകുന്നതിന് മുമ്പ് തന്നെ ലിംഗ നീതിയെ കുറിച്ചുള്ള ധാരണ അധ്യാപക വിദ്യാത്ഥികളിൽ ഉണ്ടാവേണ്ടതുണ്ടെങ്കിലും പല യൂണിവേഴ്സിറ്റികളിലും അവസാന സെമസ്റ്ററിലാണ് ഇത് ഒരു നിർബന്ധിത വിഷയമായി പഠിക്കുന്നത്. അതിനാൽ തന്നെ ലിംഗാവബോധം ക്യാമ്പസിൽ പൂർണ്ണാർത്ഥത്തിൽ പ്രാവർത്തിക മാക്കുന്നതിനു സാധിക്കുന്നില്ല.

സൈദ്ധാന്തിക പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന നിലവിലുള്ള പാഠ്യപദ്ധതിയിൽ പ്രായോഗിക അനുഭവങ്ങൾക്ക് പരിമിതമായ സമയമേ ലഭിക്കുന്നുള്ളൂ.

അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിലയിരുത്തൽ രീതി ഒട്ടും ശാസ്ത്രീയമല്ല എക്സാമുകളുടെയും സെമസ്റ്റർ എക്സാമുകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികൾക്ക് മാർക്കുകൾ നിശ്ചയിക്കുന്നത്.

പല അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലൈബ്രറി സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും പരിമിതമാണ്. വൈറ്റ് ബോർഡുകൾ പോലുള്ള ആധുനിക സാങ്കേതിക വിദ്യ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ എല്ലായിടങ്ങളിലും ഇല്ല. നമ്മുടെ വിദ്യാലയങ്ങൾ പൊതുവിൽ സ്മാർട്ട് ആയിട്ടുണ്ടെങ്കിലും പല അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്മാർട്ട് ആകാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരി ക്കേണ്ടതുണ്ടെന്ന് പറയാം. ഭൗതിക സൗകര്യങ്ങൾ ഇനിയും കാലികമാകേണ്ടതുണ്ട്. സേവന പൂർവ അധ്യാപക വിദ്യാഭ്യാസ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ പര്യാപ്തമാകേണ്ടതുണ്ട്.

അധ്യാപക വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി പരിഷ്കരണം നിരന്തരമായി നടക്കേണ്ടതാണെങ്കിലും പല യൂണിവേഴ്സിറ്റികളുടെയും പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടു വർഷങ്ങൾ ആയിട്ടുണ്ട്. അധ്യാപക വിദ്യാഭ്യാസത്തിനു മാത്രമായി ഒരു ടീച്ചർ എജ്യക്കേഷൻ യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടാൽ ഇത്തരം പരിമിതികൾ ഒരു പരിധി വരെ പരിഹരിക്കാം.

അധ്യാപനം ഒരു മഹത്തായ ജോലിയാണ്. ഒരു തലമുറയെ ബൗദ്ധികമായും മാനസികമായും ശാരീരികമായും സ്വാധീനിക്കാനും ശക്തിപ്പെടുത്താനും അവസരം ലഭിക്കുന്ന ഒരേ ഒരു തൊഴിൽ. ഒരു അധ്യാപക പരിശീലന കേന്ദ്രത്തിൽ 2 വർഷം ചിലവഴിച്ചതുകൊണ്ടു മാത്രം ആർക്കും അധ്യാപകരാവാൻ കഴിയുമോ? ഒരു കുട്ടിയ്ക്ക് ഡോക്ടറോ എഞ്ചിനീയറോ വക്കീലോ ആകണമെങ്കിൽ അഭിരുചി പരീക്ഷകൾ പാസ്സാകേണ്ടതാണ്. മാനസികമായി സന്നദ്ധരായവർ മാത്രമേ ആ തൊഴിൽ തെരഞ്ഞെടുക്കുന്നുള്ളൂ. എന്നാൽ എല്ലാ തൊഴിലുകളുടെയും മാതൃ തൊഴിൽ (mother of all professions) എന്നറിയപ്പെടുന്ന അധ്യാപനത്തിന് നിലവിൽ അഭിരുചി പരീക്ഷ നടത്തിയല്ല അഡ്മിഷൻ നടത്തുന്നത്.. ആയതിനാൽ അധ്യാപന രംഗത്തിനോട് താല്പര്യമുള്ളവർ ഈ മേഖലയിൽ എത്തുന്നത് പരിമിതമാണ്.

അധ്യാപക വിദ്യാഭ്യാസത്തിന്റെ  പാഠ്യപദ്ധതി പരിഷ്കരണം നിരന്തരമായി നടക്കേണ്ടതാണെങ്കിലും   പല യൂണിവേഴ്സിറ്റികളുടെയും പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടു വർഷങ്ങൾ ആയിട്ടുണ്ട്.
അധ്യാപക വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി പരിഷ്കരണം നിരന്തരമായി നടക്കേണ്ടതാണെങ്കിലും പല യൂണിവേഴ്സിറ്റികളുടെയും പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടു വർഷങ്ങൾ ആയിട്ടുണ്ട്.

യോഗ്യതാ പരീക്ഷയിൽ മിനിമം മാർക്ക് വാങ്ങിയ ആർക്കും പണം കൊടുത്തു പഠിക്കാനും ജോലി വാങ്ങിക്കാനും പറ്റുന്ന ഒരു തൊഴിലായി അധ്യാപനം മാറി . ഇത്തരത്തിൽ അധ്യാപനത്തിനോട് പ്രത്യേക അഭിരുചിയോ താല്പര്യമോ ഇല്ലാത്ത, മറ്റു കോഴ്സുകളിൽ പ്രവേശനം ലഭിക്കാതെ നിരാശയിലായ, അല്ലെങ്കിൽ രക്ഷിതാക്കളുടെ സമ്മർദ്ദത്തിന് വിധേയരായ, വിദ്യാർഥികളാണ് കൂടുതലായും B.Ed പഠനത്തിന് എത്തുന്നത്. ഇത് പരിഹരിക്കപ്പെടേണ്ടതാണ്. അതുകൊണ്ട് ബിഎഡ് കോഴ്സുകളുടെ നിലവാരത്തിനെ കുറിച്ച് പരിതപിക്കുന്നത്; അതിനെ പൊതിഞ്ഞു നിൽക്കുന്ന നയപരവും ഘടനാപരവും കാലികവുമായ വശങ്ങളെ സമഗ്രമായി സമീപിച്ചുകൊണ്ട് മാത്രമാകുമ്പോഴാണ് അത് ഗുണപരവും ഉദ്ദേശ്യപൂർണ്ണമാകുകയും ചെയ്യുന്നത്.

Comments