ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?

‘‘സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം നമ്മുടെ സാമൂഹിക ജീവിതത്തെയും ഓർമ്മയെയും പലവിധത്തിൽ ബാധിച്ചിട്ടുണ്ട്. ഉദാഹരണമായി നമ്മുടെ തന്നെ ശ്രദ്ധ ഒരു റീൽ സമയം ആയ 2-3 മിനിറ്റിലേക്ക് ചുരുങ്ങിയിരിക്കുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. രഞ്ജിത്ത് പി. എഴുതിയ ലേഖനം.

സ്മാർട്ട് ഫോണുകളാണ് ഇന്ന് നമ്മുടെ ടോർച്ച്, അലാറം, വാച്ച്, ഫിറ്റ്നസ് ട്രാക്കർ, കാൽക്കുലേറ്റർ, ക്യാമറകൾ, പണം സ്വീകരിക്കുന്ന /നൽകുന്ന ആപ്ലിക്കേഷൻ, ഇ- മെയിൽ, ബാങ്ക് എന്നു തുടങ്ങി ജീവിതത്തിന് വേണ്ട എല്ലാ ആപ്ലിക്കേഷൻസും അടങ്ങിയ നമ്മുടെ പ്രധാന കൂട്ടുകാരൻ. അതായത് ഈ ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട്‌ ഫോൺ, സോഷ്യൽ മീഡിയ, ഇന്റർനെറ്റ്‌ എന്നിവയില്ലാതെ നമുക്ക് ഒരു ദിവസം പോലും ജീവിക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ് യാഥാർഥ്യം.

സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം നമ്മുടെ സാമൂഹിക ജീവിതത്തെയും ഓർമ്മയെയും പലവിധത്തിൽ ബാധിച്ചിട്ടുണ്ട്. ഉദാഹരണമായി നമ്മുടെ തന്നെ ശ്രദ്ധ ഒരു റീൽ സമയം ആയ 2-3 മിനിറ്റിലേക്ക് ചുരുങ്ങിയിരിക്കുന്നു. അതിനപ്പുറത്തേക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാൻ നമുക്കും ആകുന്നില്ല. ഒരു പുതിയ മൊബൈൽ നമ്പർ പോലും നമ്മൾ കാണാതെ പഠിക്കുന്നുമില്ല. പ്രധാന വിവരങ്ങൾ തലച്ചോറിൽ ശേഖരിക്കുന്നതിനു പകരം മൊബൈൽ സ്റ്റോറേജിലാണ്.

ശരാശരി മുതിർന്നവരും കൗമാരക്കാരും 4 മണിക്കൂർ മുതൽ 6 മണിക്കൂർ വരെ ഒരു ദിവസം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് മുതിർന്നവരിലും കുട്ടികളിലും കൗമാരക്കാരിലും സ്മാർട്ട് ഫോൺ അഡിക്ഷൻ വളരെ സാധാരണവുമാണ്. കുട്ടികളിലും കൗമാരക്കാരിലും ഡിജിറ്റൽ മീഡിയ ഉപയോഗം ഗുണങ്ങളും ദോഷങ്ങളുമുള്ള ഒരു സങ്കീർണ്ണമായ പ്രശ്നമായി മാറിയിരിക്കുന്നു. മുതിർന്നവരേക്കാൾ കുട്ടികൾ സ്മാർട്ട്‌ ഫോണുകളുടെ ഗുണഭോക്താക്കളും അതിൽ തന്നെ അഗ്രഗണ്യരുമാണ്.

ഡിജിറ്റൽ മീഡിയയുടെ ഉപയോഗങ്ങൾ

ഡിജിറ്റൽ മീഡിയയ്ക്ക് കുട്ടികളെ പുതിയ ആശയങ്ങളിലേക്ക് കൊണ്ടുവരാനും, പ്രധാനപ്പെട്ട വിഷയങ്ങളിൽ അവബോധം വളർത്താനും, അധ്യാപകരുമായും സമപ്രായക്കാരുമായും നല്ല ബന്ധം വളർത്തിയെടുക്കാൻ സഹായിക്കാനും വളരെയധികം സഹായിക്കും. ഡിജിറ്റൽ സാങ്കേതിക വിദ്യ നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്നത് വഴി അക്കാദമിക് പ്രകടനം മെച്ചപ്പെടുത്താനും, അറിവും കഴിവുകളും നേടി പഠനത്തെ കൂടുതൽ സമ്പന്നമാക്കാനും, പുറമെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ/ വിദേശ യൂണിവേഴ്സിറ്റികൾ എന്നിവയിൽ പ്രവേശനം ലഭിക്കാനും സഹായിക്കും. എന്നിരുന്നാലും, അമിതമായ സ്‌ക്രീൻ സമയം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു,

ശാരീരിക പ്രശ്നങ്ങൾ

1) കണ്ണിന്റെ അമിത പ്രയത്നം:

കാഴ്ചക്കുറവ്, കണ്ണുകൾ ഡ്രൈ ആവുക, കണ്ണുനീർ കുറയുക എന്നിവയ്ക്ക് കാരണമാകുന്നു.

20 -20 സമയം

20 മിനിറ്റ് തുടർച്ചയായി സ്‌ക്രീൻ നോക്കുകയാണെങ്കിൽ, ഒരു 20 മിനിറ്റ് സ്ക്രീനിൽ നിന്നും ബ്രേക്ക്‌ എടുക്കുക. കണ്ണുകളുടെ സ്‌ട്രെയിൻ കുറക്കാൻ ഇത് സഹായിക്കും.

2) ഉറക്കക്കുറവ്:

സ്മാർട്ട്‌ ഫോൺ/ കമ്പ്യൂട്ടർ രശ്മികൾ ഉറക്കത്തെ ബാധിക്കുന്നതായി പഠനങ്ങളുണ്ട്.

3) പൊണ്ണത്തടി:

വ്യായാമത്തിന്റെ അഭാവം മൂലം പൊണ്ണത്തടി ഉണ്ടാകുന്നു. നമ്മൾ സ്ക്രീൻ കാണുമ്പോൾ അറിയാതെ കൂടുതൽ ഭക്ഷണം കഴിക്കാനും അതു വഴി പൊണ്ണത്തടി ഉണ്ടാവാനും സാധ്യതയുണ്ട്‌.

4) കഴുത്തുവേദന:

സ്ക്രീൻ കുനിഞ്ഞിരുന്നു കാണുന്ന പ്രകൃതം കാരണം കഴുത്തുവേദന വളരെ സാധാരണമാണ്. നിവർന്നിരിക്കുക, കണ്ണും ലാപ്ടോപ് / ഫോൺ തമ്മിൽ ഉള്ള അകലവും കഴുത്തിനു സ്‌ട്രെയിൻ ആവാതെ ശ്രദ്ധിക്കുന്നതുവഴി കഴുത്തുവേദന കുറക്കാം.

5) കൈകൾക്ക് വേദന:

സ്ഥിരമായി ടൈപ്പ് ചെയ്യുന്നത് വഴി കൈകൾക്കും വിരലുകൾക്കും വേദന ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

മാനസികാരോഗ്യ പ്രശ്നങ്ങൾ

1) ഉത്കണ്ഠ

സോഷ്യൽ മീഡിയ ഉപയോഗിച്ചില്ലെങ്കിൽ നമ്മൾക്ക് എന്തെങ്കിലും മിസ്സ്‌ ചെയ്യുന്നുണ്ടോ എന്ന തോന്നൽ (FOMO - Fear of missing out), അതുവഴി ഉണ്ടാകുന്ന വ്യാകുലതകൾ ഉത്കണ്ഠയിലേക്ക് നയിക്കാം.

2) വിഷാദരോഗം

നമ്മൾ പോസ്റ്റ്‌ ചെയ്യുന്ന കാര്യങ്ങൾ വിചാരിച്ച പ്രശംസ കിട്ടാതിരിക്കുമ്പോൾ, നെഗറ്റീവ് കമന്റ്സ് കിട്ടുമ്പോൾ എല്ലാം വിഷാദാവസ്‌ഥയിലേക്ക് പോകാൻ സാധ്യതയുണ്ട്‌

3) ശരീര പ്രതിച്ഛായാ പ്രശ്നങ്ങൾ

മറ്റു ആളുകളുമായി സമപ്രായക്കാരുമായുള്ള താരതമ്യം, സ്വന്തം ശരീരവുമായുള്ള താരതമ്യം എന്നിവ വളരെ കൂടുതലാണ്. അത് ഭക്ഷണം നിയന്ത്രിക്കാനും അമിത ഭക്ഷണ നിയന്ത്രണം, അശാസ്ത്രീയ ഡയറ്റിംഗ് എന്നിവയ്ക്കും കാരണമാകുന്നു.

സാമൂഹിക പ്രശ്‌നങ്ങൾ

1) സൈബർ അഡിക്ഷൻ

മൊബൈൽ / സോഷ്യൽ മീഡിയ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ.

മൊബൈൽ വൈബ്രേഷൻ സിൻഡ്രം:
ഫോൺ അടിച്ചില്ലെങ്കിലും ഇടയ്ക്കിടെ അടിക്കുന്നുണ്ട് എന്ന തോന്നൽ, ഇടയ്ക്കിടെ ഫോൺ എടുത്തുനോക്കുന്ന അവസ്ഥ.

2) സൈബർ ഇടങ്ങളിലെ അധിക്ഷേപങ്ങൾ:

മോശമായ പെരുമാറ്റങ്ങൾ, ഭീഷണികൾ, ലൈംഗിക പരാമർശങ്ങൾ. സൈബർ അധിക്ഷേപത്തിനിരകളാകുന്നത് പകുതിയോളം കൗമാരക്കാരാണ്.

ആരോഗ്യകരമായ ഡിജിറ്റൽ മീഡിയ ഉപയോഗം പ്രാവർത്തികമാക്കാൻ രക്ഷിതാക്കൾക്ക് എന്തൊക്കെ ചെയ്യാം?

WWW രീതി

Who

ആരുമായാണ് കുട്ടികൾ / കൗമാരക്കാർ മെസേജ് അയക്കുന്നത് അല്ലെങ്കിൽ ചാറ്റ് ചെയ്യുന്നത് എന്നു നിരീക്ഷിക്കുക. പരിചയമുള്ളവരാണോ ഓൺലൈൻ സുഹൃത്തുക്കളാണോ,അല്ലെങ്കിൽ ഫേക്ക് വ്യക്തികളാണോ എന്നുറപ്പ് വരുത്തുക. അതു വഴി സൈബർ ഇടങ്ങളിലെ അപകടങ്ങൾ കുറക്കാം

Why

എന്തുകൊണ്ടാണ് ഇടയ്ക്കിടെ അവർ സൈബർ ഇടങ്ങളിൽ പോകുന്നത്, സോഷ്യൽ മീഡിയ അക്കൗണ്ട് നോക്കാനാണോ, അക്കാഡമിക് കാര്യങ്ങൾക്ക് ആണോ എന്നു കൃത്യമായി ശ്രദ്ധിക്കുക.

Where

ഏതെല്ലാം സൈറ്റുകളാണ് കുട്ടികൾ /കൗമാരക്കാർ ഉപയോഗിക്കുന്നത്, അവരുടെ ചാറ്റ് ഹിസ്റ്ററി, യൂട്യൂബ് ഹിസ്റ്ററി എന്നിവ നോക്കുക. സ്ഥിരം കാണുന്ന ചാനൽ, റീൽ സോഷ്യൽ മീഡിയ അക്കൗണ്ട് എന്നിവ ശ്രദ്ധിക്കുക. പ്രായത്തിനനുസരിച്ചുള്ള ഉള്ളടക്കങ്ങളാണോ അവർ നോക്കുന്നത് എന്നുറപ്പ് വരുത്തുക.

അവർ സോഷ്യൽ മീഡിയ യിൽ പോസ്റ്റ്‌ ചെയ്യുന്ന കാര്യങ്ങൾ, ഭാഷകൾ പ്രായത്തിനു യോജിച്ചതാണോ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ആണോ എന്നും നിരീക്ഷിക്കുക.

പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ പുതിയ ഗെയിംസ് ഡൗൺലോഡ് ചെയ്യാൻ നമ്മുടെ പേയ്‌മെന്റ് ലിങ്ക് / ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നുണ്ടോ എന്നും പ്രത്യേകം ശ്രദ്ധിക്കുക.

സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്നതിനുമുമ്പ്‌ അതേക്കുറിച്ച് ചിന്തിക്കാൻ പറയുക

  • T- True - ആ വാർത്ത/കാര്യങ്ങൾ സത്യമാണോ എന്നുറപ്പു വരുത്തുക.

  • H- Harmful - മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാതിരിക്കുക.

  • I - Identity- വ്യക്തിവിവരങ്ങൾ, തിരിച്ചറിയാൻ സഹായിക്കുന്ന ഫോട്ടോസ്, വ്യക്തിഗത കാര്യങ്ങൾ പോസ്റ്റ്‌ ചെയ്യാതിരിക്കുക.

  • N- Necessary- മറ്റുള്ളവർക്ക് ഉപകാരമുണ്ടാക്കുന്നതാണോ ആ പോസ്റ്റ്‌, അത് അത്ര അത്യാവശ്യമുള്ളതാണോ എന്നാലോചിക്കുക.

  • K- Kind - ഉപയോഗിക്കുന്ന ഭാഷ നല്ലതാണോ എന്നുറപ്പുവരുത്തുക. മറ്റുള്ളവരെ വിഷമിപ്പിക്കാതെയുള്ള പോസ്റ്റ്‌ ആണോ എന്നുറപ്പുവരുത്തുക.

സൈബർ അധിക്ഷേപത്തിൽ നിന്ന് എങ്ങനെ കൗമാരക്കാരെയും കുട്ടികളെയും രക്ഷിക്കാം?

  • നമ്മുടെ ആപ്ലിക്കേഷൻസുകളിലെ സെക്യൂരിറ്റി ഓപ്ഷൻ ഓൺ ആക്കുക.

  • അതിലെ ഉള്ളടക്കം സുഹൃത്തുക്കളും ബന്ധുക്കളും മാത്രം കാണുന്ന രീതിയിൽ ആക്കുക.

  • പരിചയമില്ലാത്തവരെ ഫ്രണ്ട്സ് ആയി സ്വീകരിക്കരുത് എന്ന് പഠിപ്പിക്കുക.

  • പരിചയമില്ലാത്ത 'ഫ്രണ്ട്' മോശമായ കമന്റുകൾ സൈബർ ഇടങ്ങളിൽ ഇടുന്നുവെങ്കിൽ അതിന്റെ സ്ക്രീൻഷോട്ട് എടുക്കുക.

  • അതിനുശേഷം അവരെ ബ്ലോക്ക് ചെയ്യുക. അതു റിപ്പോർട്ട്‌ ചെയ്യുക.

  • ആ സ്ക്രീൻഷോട്ട് സൈബർ പോലീസിന് നൽകുക. അതു തെളിവായി സൂക്ഷിക്കുക.

  • പരിചിതരല്ലാത്തവരോട് ഓൺലൈനിൽ സംസാരിക്കരുത് എന്ന് നിർദ്ദേശിക്കുക.

  • ഫെയ്ക്ക് ഐഡിയിൽ നിന്ന് കമന്റ് ചെയ്യുന്നവരോട് തിരിച്ചു മറുപടി കൊടുക്കാതിരിക്കുക.

  • കൗമാരക്കാരും അവരുടെ ഐഡന്റിറ്റി മനസ്സിലാകുന്ന രീതിയിലുള്ള ഫോട്ടോകൾ/വിവരങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ ഇടാതിരിക്കുക.

  • എന്തെങ്കിലും സൈബർ അധിക്ഷേപങ്ങൾ വന്നാൽ രക്ഷിതാക്കളെയോ അധ്യാപകരെയോ അറിയിക്കുക. അവർ വഴി സൈബർ പോലീസിൽ എത്തിക്കുക.

സൈബർ അഡിക്ഷൻ:
ഇന്റർനെറ്റ്‌ അഡിക്ഷൻ
എങ്ങനെ കുറക്കാം?

പരിധി നിശ്ചയിക്കുക

  • ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് 2 വയസ് താഴെയുള്ള കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കരുത് എന്ന് നിഷ്കർഷിക്കുന്നു. അതിന് മുകളിലുള്ള കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം പരമാവധി ഒരു മണിക്കൂർ ആയി നിജപ്പെടുത്തുക.

  • മുതിർന്ന കുട്ടികളിലും കൗമാരക്കാരിലും രണ്ടു മണിക്കൂർ ആയി നിശ്ചയിച്ചിരിക്കുന്നു.

  • സ്ക്രീൻ ഉപയോഗം, ഉറക്കം, ശാരീരിക വിനോദങ്ങൾ എന്നിവയെ ബാധിക്കാതെ നോക്കുകയും വേണം.

  • അക്കാദമിക്ക് കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് പുറമെയാണ് വിനോദ ആവശ്യങ്ങൾക്ക് ഈ സമയം നിശ്ചയിച്ചിരിക്കുന്നത്.

  • ഭക്ഷണസമയത്തോ ഉറങ്ങുന്നതിന് 1 മണിക്കൂർ മുമ്പോ സ്‌ക്രീൻ ഉപയോഗം കുറയ്ക്കുക

സ്ക്രീൻ ഫ്രീ സോൺ

  • ഡൈനിങ് റൂം, ബെഡ് റൂം, ടോയ്ലറ്റ്, കുളിമുറി എന്നിവയിൽ സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക. അതുപോലെ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മൊബൈൽ ഉപയോഗം നിർത്തുകയും ചെയ്യുക.

  • മൊബൈൽ അഥവാ കമ്പ്യൂട്ടറിൽ നിന്നു വരുന്ന രശ്മികള്‍ നമ്മുടെ കണ്ണുകളെ സ്വാധീനിക്കുകയും ഉറക്കസമയം കുറക്കുകയും ചെയ്യും.

സൈബർ ഉപയോഗം നിരീക്ഷിക്കുക

  • സ്‌ക്രീൻ സമയവും ഉള്ളടക്കവും ട്രാക്ക് ചെയ്യൽ. ഇപ്പോൾ ഡിജിറ്റൽ വെൽനസ്സ് പോലെയുള്ള സ്ക്രീൻ നിയന്ത്രണ ആപ്ലിക്കേഷൻ ഉപയോഗിക്കുക സാധ്യമാണ്.
    അതുവഴി ഓരോ ആപ്ലിക്കേഷനും കൃത്യമായി സമയം സെറ്റ് ചെയ്യുക. ഉദാഹരണം, ഒരു മണിക്കൂർ കഴിഞ്ഞാൽ വാട്സാപ്പ് നിർത്താം. ഒരു മണിക്കൂർ കഴിഞ്ഞാൽ യൂട്യൂബ് നിർത്താം.അതുവഴി അമിത ഉപയോഗം നിയന്ത്രിക്കാം.

  • ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ രക്ഷിതാക്കളുടെ ഇ മെയിൽ ഐഡി കൊടുക്കുക. സോഷ്യൽ മീഡിയയും അതുവഴി ലിങ്ക് ചെയ്യുക. അങ്ങനെയാകുമ്പോൾ കുട്ടികൾ ഉപയോഗിക്കുന്ന സൈറ്റുകൾ, വീഡിയോകൾ നിരീക്ഷിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും.

  • ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക.

  • ആരോഗ്യകരമായ പെരുമാറ്റം മാതൃകയാക്കുക.

  • ഔട്ട്‌ഡോർ കളിയും വ്യായാമവും മുൻഗണന നൽകുക.

  • പുറം കളികൾക്കും വ്യായാമങ്ങൾക്കും വിനോദങ്ങൾക്കും കൂടുതൽ സമയം ചെലവഴിക്കുക. ഇത്തരം വിനോദങ്ങളാണ് സൈബർ ഇടത്തേക്കാൾ നല്ലത് എന്നു അങ്ങനെ അവർ തിരിച്ചറിയും (JOMO).

  • കുട്ടികളുടെ കൂടെ ശാരീരിക വിനോദങ്ങൾക്ക് മാതാപിതാക്കളും സമയം കണ്ടെത്തുക. അങ്ങനെ മുതിർന്നവരും കുട്ടികൾക്ക് മാതൃകയായി അവരുടെ സ്മാർട്ട്ഫോൺ ഉപയോഗവും പരിമിതപ്പെടുത്തുക.

  • ഉത്തരവാദിത്തമുള്ള ഡിജിറ്റൽ മീഡിയ ഉപയോഗം പ്രകടിപ്പിക്കുന്ന മാതാപിതാക്കളുടെ മക്കളിൽ സൈബർ അഡിക്ഷൻ കുറവായിരിക്കും.

ഡിജിറ്റൽ സാക്ഷരത
വളർത്തുന്നത്

കുട്ടികളെ ഓൺലൈൻ സുരക്ഷാകഴിവുകൾ പഠിപ്പിക്കുക വളരെ അത്യാവശ്യമാണ്. അധ്യാപകർ, രക്ഷിതാക്കൾ, ആ രംഗത്തെ വിദഗ്ധർ വഴി കൃത്യമായ ഇടവേളകളിൽ അത് ചെയ്യുക.

വളരെയധികം ഡിജിറ്റൽ മീഡിയ അഡിക്ഷൻ വരുന്ന സാഹചര്യങ്ങളിൽ ഡോക്ടർമാരുടെ സഹായം തേടുക. അങ്ങനെയുള്ള ഡിജിറ്റൽ ഷട്ട് ഡൗൺ ക്ലിനിക്കുകൾ വരെ നമ്മുടെ നാട്ടിൽ ലഭ്യമാണ്. ഇങ്ങനെ മാർഗനിർദേശങ്ങൾ വഴിയും സ്വയം മാതൃകയായും കുട്ടികളുടെയും തങ്ങളുടെയും സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിച്ചും അതു വഴിയുള്ള ബുദ്ധിമുട്ടുകൾ പരിഹരിച്ചും നല്ല കൗമാരക്കാരെയും കുട്ടികളെയും വളർത്തിയെടുക്കാൻ നമുക്ക് സാധിക്കട്ടെ.

READ നവജാതശിശുക്കളുടെ
സ്‌ക്രീനിംഗ്

ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ

സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments