തോൾ വേദനയുടെ
പ്രശ്‌നങ്ങൾ

‘‘വളരെ സാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് തോൾ വേദന. ചിലർക്കത് പെട്ടെന്നുള്ള തുടക്കം ആകാം, മറ്റുചിലർക്കത് പതുക്കെ തുടങ്ങി കാലക്രമേണ കൂടിയും വരാം. ചെറിയ പ്രശ്നമായി തുടങ്ങാമെങ്കിലും, അവഗണിച്ചാൽ ദീർഘകാല ബുദ്ധിമുട്ടായി മാറാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അനിൽ സാമുവൽ എഴുതിയ ലേഖനം.

നുഷ്യശരീരത്തിൽ ഏറ്റവും അധികം ചലിപ്പിക്കാൻ സാധിക്കുന്ന സന്ധികളിൽ ഒന്നാണ് തോൾ സന്ധി (Shoulder Joint). കൈ ഉയർത്തുക, മുന്നിലേക്കും പിന്നിലേക്കും തിരിക്കുക, വശങ്ങളിലേക്ക് ചലിപ്പിക്കുക, എറിയുക, ഭാരമുയർത്തുക, തുടങ്ങി ദിനംപ്രതി നമ്മൾ ചെയ്യുന്ന പല പ്രവൃത്തികളും തോളിന്റെ സഹായത്തോടെയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ തോൾസന്ധിയിലെ ചെറിയൊരു പ്രശ്നം പോലും ദൈനംദിന ജീവിതത്തെ തന്നെ സാരമായി ബാധിക്കാം.

ഇന്നിപ്പോൾ വളരെ സാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് തോൾ വേദന. ചിലർക്കത് പെട്ടെന്നുള്ള തുടക്കം ആകാം, മറ്റുചിലർക്കത് പതുക്കെ തുടങ്ങി കാലക്രമേണ കൂടിയും വരാം.

തോൾ സന്ധി മൂന്ന് അസ്ഥികളാൽ രൂപപ്പെട്ടതാണ്

  • ഭുജാസ്ഥി (Humerus).

  • തോൾപലക (Scapula).

  • തോളെല്ല് (Clavicle).

ഇവയെ അന്യോന്യം ബന്ധിപ്പിക്കുകയും ചലനം സാധ്യമാക്കുകയും ചെയ്യുന്നത് പേശികൾ, ടെൻഡണുകൾ (Tendons), ലിഗമെന്റുകൾ (ligaments), സന്ധിയുടെ കാപ്സ്യൂൾ (Joint capsule) എന്നിവയുടെ സുഗമമായ പ്രവർത്തനം മൂലമാണ്.

ഈ ഘടകങ്ങളിൽ ഏതെങ്കിലും ഒന്നിന് പ്രശ്നം വന്നാൽ തോൾ വേദന ഉണ്ടാകാം.

1. പേശി വലിവും അമിത ഉപയോഗവും

തോൾ വേദനയ്ക്ക് ഏറ്റവും സാധാരണമായ കാരണം മസിലുകളുടെ അമിത ഉപയോഗമാണ്.

എന്തുകൊണ്ട് ഉണ്ടാകുന്നു?

  • ഭാരമുള്ള വസ്തുക്കൾ ആവർത്തിച്ച് ഉയർത്തൽ.

  • നീണ്ട സമയം കൈ ഉയർത്തി ചെയ്യുന്ന ജോലികൾ (പെയിന്റിംഗ്, ഇലക്ട്രിക്കൽ ജോലി മുതലായവ).

  • ജിമ്മിൽ തെറ്റായ രീതിയിൽ വ്യായാമം ചെയ്യൽ.

ലക്ഷണങ്ങൾ

  • ചലിപ്പിക്കുമ്പോൾ വേദന.

  • അമർത്തുമ്പോൾ വേദന.

  • വിശ്രമിച്ചാൽ അല്പം കുറയുന്ന വേദന.

ഇത് സാധാരണയായി വിശ്രമം, ചൂട്/തണുപ്പ് ചികിത്സ, ലളിതമായ വ്യായാമങ്ങൾ, ഫിസിയോതെറാപ്പി എന്നിവ കൊണ്ട് ഭേദമാകാറുണ്ട്.

2. ടെൻഡിനൈറ്റിസ് (Tendinitis)

പേശികൾ അസ്ഥിയോട് ചേർക്കുന്ന കയറുപോലുള്ള ഭാഗമാണ് ടെൻഡൺ (TENDON). ഈ ടെൻഡണുകൾക്ക് നീ൪ക്കെട്ട് വന്നാൽ അതിനെ ടെൻഡിനൈറ്റിസ് എന്ന് വിളിക്കുന്നു.

സാധാരണ കാണപ്പെടുന്ന
ടെൻഡിനൈറ്റിസുകൾ

  • റോട്ടേറ്റർ കഫ് (Rotator cuff) ടെൻഡിനൈറ്റിസ്.

  • ബൈസെപ്സ് (Biceps) ടെൻഡിനൈറ്റിസ്.

കാരണങ്ങൾ

  • പ്രായം കൂടുമ്പോൾ ടെൻഡൺ ബലഹീനമാകുന്നത്.

  • അമിത ഉപയോഗം.

  • പെട്ടെന്നുള്ള അസാധാരണ ചലനങ്ങൾ.

ലക്ഷണങ്ങൾ

  • കൈ ഉയർത്തുമ്പോൾ വേദന.

  • രാത്രി കിടക്കുമ്പോൾ വേദന കൂടുക.

  • തോളിന്റെ മുൻഭാഗത്ത് വേദന.

3. റോട്ടേറ്റർ കഫ് പ്രശ്നങ്ങൾ

റോട്ടേറ്റർ കഫ് എന്ന് പറയുന്നത് തോൾ സന്ധിയെ സ്ഥിരതയോടെ പിടിച്ചുനിർത്തുന്ന നാല് പ്രധാന മസിലുകളും അവയുടെ ടെൻഡണുകളും ചേർന്ന ഘടനയാണ്.

റോട്ടേറ്റർ കഫ് പ്രശ്നങ്ങൾ എന്തൊക്കെയാണ്?

  • റോട്ടേറ്റർ കഫ് ടെൻഡിനൈറ്റിസ്.

  • ഭാഗിക മുറിവ് (Partial tear).

  • പൂർണ്ണ മുറിവ് (Complete tear).

ലക്ഷണങ്ങൾ

  • കൈ ഉയർത്താൻ ബുദ്ധിമുട്ട്.

  • വേദന കാരണം കൈ ഉപയോഗിക്കാൻ മടി.

  • രാത്രി വേദന മൂലം ഉറങ്ങാൻ ബുദ്ധിമുട്ട്.

പ്രായമായവരിലും, കൈ കൂടുതലായി ഉപയോഗിക്കുന്ന തൊഴിലാളികളിലും ഇത് കൂടുതലായി കാണപ്പെടുന്നു.

4. ഫ്രോസൺ ഷോൾഡർ (FROZEN Shoulder) (Periarthritis / Adhesive Capsulitis)

ഫ്രോസൺ ഷോൾഡർ എന്നത് സാധാരണയായി ആളുകൾ കൂടുതലായി കേൾക്കുന്ന ഒരു രോഗാവസ്ഥയാണ്.

എന്താണ് ഫ്രോസൺ ഷോൾഡർ?

തോൾ സന്ധിക്കുള്ളിലെ കാപ്സ്യൂൾ കട്ടിയാകുകയും ചുരുങ്ങു കയും ചെയ്യുന്നതാണ് ഈ അവ സ്ഥ. ഇതുമൂലം തോൾ ചലനം ക്രമേണ കുറയുകയും ശക്തമായ വേദന ഉണ്ടാകുകയും ചെയ്യും.

ആരിലാണ് കൂടുതലായി കാണപ്പെടുന്നത്?

  • 40–60 വയസുകാരിൽ.

  • പ്രമേഹമുള്ളവരിൽ.

  • നീണ്ടുനിൽക്കുന്ന അസുഖങ്ങൾക്ക് ശേഷം.

  • ശസ്ത്രക്രിയയ്ക്ക് ശേഷം കൈ അനക്കാതിരിക്കുന്നവരിൽ

ഘട്ടങ്ങൾ

  • വേദനാ ഘട്ടം – ശക്തമായ വേദന, പ്രത്യേകിച്ച് രാത്രി.

  • ക്യാപ്സ്യൂൾ കട്ടിയാകുന്ന ഘട്ടം – ചലനം വളരെ കുറയുന്നു.

  • ഭേദമാകുന്ന ഘട്ടം – പതുക്കെ ചലനം മടങ്ങിവരുന്നു ഫ്രോസൺ ഷോൾഡറിന് സഹനവും സ്ഥിരമായ വ്യായാ മവും വളരെ പ്രധാനമാണ്.

5. തോളിലെ സന്ധിവാതം (Arthritis)

തോൾ സന്ധിയിലും സന്ധിവാതം ഉണ്ടാകാം.

പ്രധാന തരങ്ങൾ

  • ഓസ്റ്റിയോ ആർത്ത്രൈറ്റിസ് (Osteoarthritis ) – പ്രായം കൂടുമ്പോൾ ഉള്ള തേയ്മാനം.

  • റുമാറ്റോയിഡ് ആർത്രൈറ്റിസ് (Rheumatoid Arthritis) – പ്രതിരോധ വ്യവസ്ഥയുടെ പ്രശ്നം.

ലക്ഷണങ്ങൾ

  • സ്ഥിരമായ വേദന.

  • അനക്കക്കുറവ്.

  • ചലനത്തിനിടെ ശബ്ദം.

6. പരിക്കുകൾ (Injuries)

  • വീഴ്ച മൂലമുള്ള അസ്ഥി പൊട്ടൽ.

  • തോൾ കുഴ തെന്നിമാറുക (shoulder dislocation).

  • സ്പോർട്സ് പരിക്കുകൾ.

ഇവയിൽ പെട്ടെന്ന് ശക്തമായ വേദനയും ചലനക്കുറവും ഉണ്ടാകും.

7. കഴുത്തിലെ പ്രശ്നങ്ങൾ മൂലമുള്ള തോൾ വേദന

ചിലപ്പോൾ തോൾ വേദനയുടെ യഥാർത്ഥ കാരണം കഴുത്തിലെ നാഡി പ്രശ്നങ്ങൾ ആയിരിക്കും.

ലക്ഷണങ്ങൾ

  • കഴുത്തിൽ നിന്ന് തോൾ, കൈ വരെ പടരുന്ന വേദന.

  • കൈയിൽ മരവിപ്പ്.

  • സൂചിക്കുത്ത് പോലെ തോന്നൽ.

8. ഇടത് തോൾ വേദന

ചിലപ്പോൾ ഹൃദയ പ്രശ്നങ്ങളുടെ സൂചനയായിരിക്കാം. കൂടാതെ ശ്വാസകോശ രോഗങ്ങളും ചിലപ്പോൾ തോൾ വേദനയായി പ്രകടമാകാം.

9. തെറ്റായ ശരീര / അംഗവിന്യാസം (Posture)

നീണ്ടസമയം മൊബൈൽ, കമ്പ്യൂട്ടർ ഉപയോഗം, മുന്നോട്ട് കുനിഞ്ഞ് ഇരിക്കൽ തുടങ്ങിയവ തോളിനും കഴുത്തിനും അമിത സമ്മർദ്ദം സൃഷ്ടിക്കുന്നു.

10. അണുബാധ/ പഴുപ്പ്

അപൂർവമായി തോൾസന്ധിയിൽ അണുബാധ, ക്ഷയബാധ എന്നിവ കാണപ്പെടാറുണ്ട്, അധികവും ഇത്തരക്കാർ രോഗപ്രതിരോധ ശക്തി കുറഞ്ഞവരാകാം. ഇവിടെ വേദനയോടൊപ്പം പനി , ക്ഷീണം എന്നിവ ഉണ്ടാകാം.

എപ്പോൾ ഡോക്ടറെ കാണണം?

  • വേദന 2–3 ആഴ്ച കഴിഞ്ഞിട്ടും മാറാത്തപക്ഷം.

  • കൈ ഉയർത്താൻ കഴിയാത്ത അവസ്ഥയുണ്ടെങ്കിൽ.

  • രാത്രി വേദന ഉറക്കം നഷ്ടപ്പെടുത്തുന്നുവെങ്കിൽ.

  • അപകടം അല്ലെങ്കിൽ വീഴ്ച കഴിഞ്ഞ് വേദന തുടങ്ങിയാൽ.

രോഗനിർണയ ഉപാധികൾ

X RAY

  • എല്ല് സംബന്ധമായ പ്രശ്നങ്ങൾ , തേയ്മാനം, പൊട്ടലുകൾ, വാത സംബന്ധമായ വേദനകൾ, എന്നിവ പരിശോധിക്കാൻ X RAY മതിയാകും, എന്നാൽ മറ്റു രോഗങ്ങൾക്ക് XRAY പോരാതെവരാം.

അൾടാസൗണ്ട് സ്കാൻ

  • അൾടാസൗണ്ട് (USG) സ്കാൻ ഉപയോഗിച്ച് ഒരുപരിധിവരെ പേശിയുടെ നീർക്കെട്ട്, റോട്ടേറ്റർ കഫ് പരിക്ക്, ടെൻഡിനൈറ്റിസ്, അണുബാധ മുതലായവ നിർണയിക്കാ൯ സാധിക്കും.

MRI

  • പേശിയുടെ വലിവ്, പേശി,ടെൻഡൺ, ലിഗമെന്റ് എന്നിവയിൽ ആഴത്തിലുള്ള പരിക്കുകൾ നിർണയിക്കാനായി MRI സ്കാൻ വേണ്ടി വരാം.

പ്രധാന ചികിത്സാരീതികൾ

  • പേശി വലിവ്, ടെൻഡിനൈറ്റിസ്, റോട്ടേറ്റർ കഫ് പ്രശ്നങ്ങൾ, ഫ്രോസൺ ഷോൾഡർ എന്നിവയ്ക്ക് മരുന്നുകളിലൂടെയും ഫിസിയോതെറാപ്പിയിൽ കൂടെയും ഒരു പരിധി വരെ ആശ്വാസം ലഭിക്കാം. പ്ലേറ്റ്‌ലെറ്റ്-റിച്ച് പ്ലാസ്മ (PRP) എന്നത് ഒരു വ്യക്തിയുടെ സ്വന്തം രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന, പ്ലേറ്റ്‌ലെറ്റുകൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പ്ലാസ്മയാണ്. ഇത് ഇൻജെക്ഷനായി പരിക്ക് ഉള്ള ഭാഗത്ത് കൊടുക്കുന്നത് ഉപയോഗപ്രദമാണ്.

  • മരുന്നിലൂടെയും ഫിസിയോ തെറാപ്പിയിലൂടെയും മറ്റും ഭേദമാകാത്ത പരിക്കുകൾക്കും, കുഴ തെന്നിപ്പോകുന്ന അവസ്ഥയ്ക്കും താക്കോൽ ദ്വാര (Arthroscopy) സർജറി ആവശ്യമാണ്.

  • ഓപ്പറേഷന് ശേഷം പ്രതേക വ്യായാമ മുറകൾ തോളിന്റെ ബലം വർധിപ്പിക്കാനായി ഫലപ്രദമാണ്.

തോൾ വേദന ഒരു ചെറിയ പ്രശ്നമായി തുടങ്ങാമെങ്കിലും, അവഗണിച്ചാൽ ദീർഘകാല ബുദ്ധിമുട്ടായി മാറാം. ശരിയായ സമയത്ത് കാരണം കണ്ടെത്തി ചികിത്സ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. വിശ്രമം, ശരിയായ വ്യായാമങ്ങൾ, ജീവിതശൈലി മാറ്റങ്ങൾ, ആവശ്യമായാൽ വൈദ്യസഹായം – ഇവയൊക്കെയാണ് തോൾ വേദനയെ നിയന്ത്രിക്കാൻ സഹായിക്കുന്നത്.

ആരോഗ്യമുള്ള തോൾ, സജീവമായ ജീവിതം – അതാണ് അടിസ്ഥാന ലക്ഷ്യം.

വായിക്കാം: അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ

കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ

ഡോക്ടർ
അകത്തുണ്ട്

നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments