അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ

‘‘കേരളത്തിൽ 50 വയസ്സിനു മുകളിൽ ഏകദേശം മൂന്നിലൊരുഭാഗം സ്ത്രീകൾക്കും അഞ്ചിലൊരു ഭാഗം പുരുഷന്മാർക്കും അസ്ഥിയുടെ ബലക്ഷയം സംഭവിച്ച് എല്ലു പൊട്ടാറുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ അവസ്ഥ മുൻകൂട്ടി കണ്ട് ചികിത്സിക്കാൻ പലരും മറന്നുപോകുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഇ.ജി.​ മോഹൻകുമാർ എഴുതിയ ലേഖനം.

യർന്ന ജോലികളിലുള്ള തന്റെ മക്കളോടും പേരക്കുട്ടികളോടുമൊത്ത് സന്തോഷകരമായി ജീവിച്ചിരുന്ന ലക്ഷ്മി എന്ന 68 വയസ്സുകാരി ചെറുതായൊന്ന് തെന്നിവീണു. അതോടെയാണ് അവരുടെ ജീവിതം കീഴ്‌മേൽ മറിയുന്നത്.

ഇടുപ്പെല്ലുപൊട്ടി ആശുപത്രിയിൽ, ഓപ്പറേഷൻ കഴിഞ്ഞ് മാസങ്ങളോളം വീൽചെയറിൽ, സാമ്പത്തികമായ അധികഭാരം, മനോവിഷമം, വിഷാദം, കുടുംബത്തിനുണ്ടായ ആഘാതം ഇതെല്ലാം മുൻകൂട്ടി തടയാവുന്നതായിരുന്നോ?. വിദ്യാസമ്പന്നരായ മക്കൾ ഉണ്ടായിട്ടും മാതാവിനുണ്ടായിരുന്ന ഓസ്റ്റിയോ പോറോസിസ് എന്ന അവസ്ഥ തടയാനോ തക്കസമയത്ത് ചികിത്സിച്ചു എല്ലുപൊട്ടൽ (Fracture) ഒഴിവാക്കുവാനോ കഴിഞ്ഞില്ല എന്നത് ദുഃഖകരമായി തോന്നും. എന്നാൽ ഇത് ലോകമെമ്പാടും ആരും കാണാതെ നിശ്ശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ദുരന്തമാണ്.

കേരളത്തിൽ 50 വയസ്സിനു മുകളിൽ ഏകദേശം മൂന്നിലൊരുഭാഗം സ്ത്രീകൾക്കും അഞ്ചിലൊരു ഭാഗം പുരുഷന്മാർക്കും അസ്ഥിയുടെ ബലക്ഷയം സംഭവിച്ച് എല്ലു പൊട്ടാറുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പലരും ഈ അവസ്ഥ മുൻകൂട്ടി കാണേണ്ടതാണെന്നും ചികിത്സിക്കേണ്ടതാണെന്നും മറന്നുപോകുന്നു എന്നതാണ് വാസ്തവം.

രോഗനിർണ്ണയവും അവബോധവും

സാധാരണ എക്‌സ്‌റേകളിൽ തന്നെ (നട്ടെല്ല്, ഇടുപ്പ്) ബലക്ഷയത്തിന്റെ ലക്ഷണങ്ങൾ കാണാമെങ്കിലും നേരത്തെയുള്ള രോഗനിർണ്ണയത്തിന് ഏറ്റവും പറ്റിയത് ഡെക്സാസ്കാൻ (DEXA Scan) ഉപയോഗിച്ചുള്ള ബി എം.ഡി (BMD-Bone Mineral Density) പരിശോധനയാണ്. 25-നു താഴെയുള്ള ടി- സ്കോർ (T-Score) ബലക്ഷയമായി കണക്കാക്കുന്നു. ഇന്ത്യയിൽ പലരിലും അസ്ഥിക്ക് പൊട്ടൽ ഉണ്ടായതിനുശേഷം മാത്രമാണ് ഈ രോഗാവസ്ഥ കണ്ടുപിടിക്കുന്നതും ചികിത്സിക്കപ്പെടുന്നതും എന്നതാണ് ഖേദകരം.

പരമാവധി അസ്ഥിസാന്ദ്രത (Peak bone mass)

ഏകദേശം 30 വയസ്സാകുമ്പോഴാണ് ശരീരത്തിലെ അസ്ഥികൾക്ക് അതിന്റെ പരമാവധി സാന്ദ്രത കൈവരിക്കുന്നതിന് കാത്സ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം, സ്ഥിരമായ വ്യായാമം, അമിതവണ്ണം ഒഴിവാക്കൽ എന്നിവയെല്ലാം അത്യാവശ്യമാവുന്നത്. 30 വയസ്സിനുശേഷം ഒരാളുടെ അസ്ഥിസാന്ദ്രത വർഷംതോറും 1-2% കുറയുകയാണ് ചെയ്യുക. ഇത് നികത്തുവാൻ ചിട്ടയായ വ്യായാമങ്ങൾ, ഭക്ഷണ ക്രമീകരണങ്ങൾ, അമി തവണ്ണം ഒഴിവാക്കൽ, പുകവലി വർജിക്കൽ, മിതമായ മദ്യപാനം എന്നിവയും ശീലിക്കേണ്ടതുണ്ട്.

അസ്ഥികളുടെ ബലം
എങ്ങനെയാണ് കുറയുന്നത്?

ശരീരത്തിലുള്ള അസ്ഥികൾ ഉടനീളം 'പഴയതുമാറി പുതിയതു വരുന്നു' എന്ന തത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് സ്വാഭാവികമായി ഒരു സന്തുലിത പ്രക്രിയ ആണ്. എന്നാൽ പഴയ അസ്ഥിഭാഗങ്ങളുടെ നിർമാർജ്ജനവും പുതിയതിന്റെ നിർമാണവുമായുള്ള അന്തരം കൂടിവരുമ്പോൾ അസ്ഥികളുടെ ബലം നഷ്ടപ്പെടുകയും ചെറിയ പരിക്കിൽത്തന്നെ അവയ്ക്ക് പൊട്ടലുണ്ടാവുകയും ചെയ്യും. ഈ പ്രക്രിയ നിയന്ത്രിക്കുന്നത് നമ്മുടെ ശരീരത്തിലെ പലവിധ ഹോർമോണുകളാണ് (ഉദാ: പാരാതൈറോയ്ഡ്, ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ). ഭക്ഷണത്തിലെ കാത്സ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവയുടെ അഭാവം അഥവാ അവയുടെ ആഗിരണത്തിൽ വരുന്ന വ്യത്യാസങ്ങൾ, സ്ഥിരമായ വ്യായാമമില്ലായ്മ മുതലായവ ഈ സന്തുലിതാവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന ഘടകങ്ങളാണ്.

ആർക്കെല്ലാമാണ് ബലക്ഷയസാധ്യത കൂടുതൽ?

50 വയസ്സിനു മുകളിലുള്ളവർ, ആർത്തവവിരാമമെത്തിയ സ്ത്രീകൾ, കുറവ് ശരീരഭാരം (BMI < 18), അമിത ശരീരഭാരം (BMI > 40), പാരമ്പര്യമായി ഓസ്റ്റിയോ പോറോസിസ് (അച്ഛൻ/അമ്മ) ഉള്ളവർ, ജീവിതശൈലി (കുടുത ലായ മദ്യപാനം, പുകവലി), സ്ഥിരമായി ഇരിക്കുന്ന ജോലിയുള്ളവർ, പോഷകാഹാരക്കുറവ്, സൂര്യപ്രകാശം കുറവ് അനുഭവിക്കുന്നവർ, മരുന്നുകൾ (ദീർഘകാല steroid മരുന്നുകൾ), പാരാ തൈറോയ്ഡ് ഗ്രന്ഥിയുടെ (Parathyroid gland) തകരാറുകൾ, മൂത്രാശയ -കരൾ രോഗികൾ, സന്ധിവാത രോഗികൾ, ആമാശയ / കുടൽ രോഗികൾ, ചില കാൻസർ മരുന്നുകൾ കഴിക്കുന്നവർ, അപസ്മാരരോഗ മരുന്നുകൾ കഴിക്കുന്നവർ, വയറിലെ അൾസറിന് മരുന്നുകൾ കഴിക്കുന്നവർ.

ലക്ഷണങ്ങൾ

ഈ അസുഖത്തിന് ലക്ഷണങ്ങൾ ഇല്ല എന്നു പറയാം. ആദ്യ ലക്ഷണം ഒരു അസ്ഥിപൊട്ടൽ ആകാം. സ്ഥിരമായ നടുവ് വേദന / ഇടുപ്പ് വേദന കൂനിയുള്ള നടപ്പ് / ഉയരം കുറയുക ഇവയൊക്കെ ഉണ്ടാകാം. വളരെ ചെറിയ പരിക്കുപോലും (കുളിമുറിയിൽ വീഴുക, കസേരയിൽനിന്നും വീഴുക) അസ്ഥികൾക്ക് പ്രത്യേ കിച്ച് നട്ടെല്ല്, ഇടുപ്പ്, കൈത്തണ്ട ഇവയുടെ പൊട്ടലിൽ കലാശിക്കാം.

പരിശോധനയും രോഗനിർണ്ണയവും

എക്സ് റേ: വളരെ മോശമായ അവസ്ഥ (അസ്ഥികളുടെ മൂന്നിലൊന്ന് സാന്ദ്രത നഷ്ടപ്പെട്ടാൽ) അത് എക്‌സ്-റേയിൽ തന്നെ വ്യക്തമായി കാണാം.

ഡെക്സാ സ്കാൻ (DEXA Scan): ഡെക്സാ സ്കാൻ ഉപയോഗിച്ച് BMD (Bone Mineral Density) അളന്നാണ് നേരത്തെയുള്ള രോഗനിർണ്ണയം ഉറപ്പാക്കുന്നത്. T-Score (-2.5)ന് താഴെയാണെങ്കിൽ ചികിത്സ എടുക്കേണ്ടിവരും.

ഫ്രാക്സ് സ്ലാൻ (FRAX Scan): അടുത്ത 10 വർഷത്തെ അസ്ഥിപൊട്ടലിനുള്ള സാധ്യത വിലയിരുത്തുന്ന മാനദണ്ഡം. അനുസരിച്ച് (Fracture Risk Assessment Tool) അസ്ഥിയുടെ സാന്ദ്രതയും, പ്രായം, ലിംഗം, BMI, മുൻപ് അസ്ഥിപൊട്ടൽ ഉണ്ടായിട്ടുണ്ടോ, ചിലതരം മരുന്നുകൾ കഴിക്കുന്നവരാണോ, ജീവിതശൈലീരോഗങ്ങൾ ഉള്ളവരാണോ മുതലായവയെല്ലാം അപഗ്രഥിച്ച് കണക്കുകൂ ട്ടുന്ന index ആണിത്. ഹീമോഗ്ലോബിൻ, കാത്സ്യം - ഫോസ്‌ഫേറ്റ്, ആൽക്കലൈൻ ഫോസ്ഫേറ്റ് (alkaline phosphatase) കിഡ്നി - ലിവർ ഫങ്ങ്ഷൻ പരിശോധനകൾ (kidney, liver function test)മുതലായവ ചെയ്യേണ്ടിവരും.

ഇടുപ്പെല്ല് പൊട്ടൽ, ശസ്ത്രക്രിയ, പുനരധിവാസം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, പരസഹായം, ഫിസിയോതെറാപ്പി, അംഗ വൈകല്യങ്ങൾ എന്നതെല്ലാം വലിയ പ്രശ്‌നങ്ങളാണ്.

നട്ടെല്ല് പൊട്ടൽ, ഉയരം കുറയ ൽ, നടുവേദന, കൂന്, നാഡീവ്യൂഹത്തിന് ക്ഷതം, കാലുകൾക്ക് വേദന, ബലഹീനത മുതലായവ നട്ടെല്ലിന്റെ പ്രശ്‌നങ്ങളാണ്.

മനോവിഷമം, ആത്മവിശ്വാസം നഷ്ടപ്പെടൽ എന്നിവയും അനുഭവിക്കേണ്ടി വന്നേക്കാം.

രോഗം തടയാം

ഉയർന്ന പ്രോട്ടീൻ ഭക്ഷണം, 1000-1200 മി.ഗ്രാം കാത്സ്യം (കാത്സ്യം കാർബണേറ്റ് അല്ലെങ്കിൽ കാത്സ്യം സിട്രേറ്റ്) ദിവസവും 4000-10000 I.U., വിറ്റമിൻ ഡി എന്നിവ ദിവസേന ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

അസ്ഥിസൗഹൃദ ഭക്ഷണങ്ങൾ

  • പാൽ, തൈര്.

  • റാഗി, ചെറുമീൻ, മുട്ട.

  • മുരിങ്ങ, ചീര.

ഒഴിവാക്കേണ്ടവ

  • കുപ്പിയിൽ അടച്ച പാനീയങ്ങൾ

  • വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ

  • മദ്യം

വ്യായാമം, സൂര്യപ്രകാശം, ബാലൻസ് പരിശീലനം, സ്ട്രെങ്ങ്തനിങ് (Strengthening) വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. ആഴ്ചയിൽ 150 മിനുട്ട് ഏതെങ്കിലും മിതമായ വ്യായാമം ചെയ്യേണ്ടതാണ്.

വീഴ്ചകളെ പ്രതിരോധിക്കൽ

  • മസിലുകളുടെ ബലക്ഷയം ഒഴിവാക്കുവാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക, രാത്രിയിൽ ലൈറ്റിട്ട് പതുക്കെ എഴുന്നേൽക്കുക, ടോയ്‌ലറ്റുകളിൽ ഗ്രാബ് (grab) ബാർ പിടിപ്പിക്കുക.

  • കുളിമുറിയിൽ തെന്നൽ പ്രതിരോധിക്കുന്ന മാറ്റുകൾ ഇടുക.

  • കാഴ്ചശക്തിയും ശ്രവണ ശക്തിയും പരിശോധിക്കുക. ഉറക്ക ഗുളികകളും മറ്റും ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കുക.

മുൻകരുതൽ

അധിക ജാഗ്രതാഗ്രൂപ്പിൽപെടുന്ന ആളുകൾ മുൻകരുതലായി ചികിത്സ തുടങ്ങുന്നത് നന്നായിരിക്കും. 50 കഴിഞ്ഞ സ്ത്രീകൾ, കുടുംബത്തിൽ എല്ലുപൊട്ടൽ ഉണ്ടായവർ, കാര്യമായ വ്യായാമം ചെയ്യാത്തവർ, സൂര്യപ്രകാശം കുറവ് ഏൽക്കുന്നവർ, ചില മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർ, ഹോർമോണുകളുടെ അഭാവം ഉള്ളവർ എന്നിവരൊക്കെ കാത്സ്യം, വിറ്റാമിൻ ഡി അടങ്ങിയ സപ്ലിമെന്റുകൾ കഴിക്കേണ്ടതാണ്.

ചികിത്സ

കാത്സ്യം, വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ചികിത്സയുടെ ഭാഗമാണ്. ഹൈപ്പർ ഹോമോസിസ്റ്റി നേമിയ (Hyper homocystenemia) എന്ന രോഗാവസ്ഥ പ്രായമായ ഇന്ത്യൻ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇക്കൂട്ടർക്ക് ഫോളിക് ആസിഡ് -വിറ്റമിൻ ബി 12 (Folic Acid, Vit B12) എന്നിവ കൂടി സപ്ലിമെന്റ് ആയി കൊടുക്കേണ്ടിവരും. ഏതെങ്കിലും അടിസ്ഥാന അസുഖങ്ങൾ ഉണ്ടെങ്കിൽ അവയ്ക്കുള്ള ചികിത്സയും അനിവാര്യമാണ്.

അസ്ഥികളുടെ സാന്ദ്രത കൂടാനുള്ള മരുന്നുകളും സാന്ദ്രത കുറയുന്നത് തടയാനുള്ള മരുന്നുകളും ഇന്ന് ലഭ്യമാണ്. അനാബോളിക് സ്റ്റീറോയ്ഡ് (Anabolic Steroid) Teriparatide എന്നിവ അസ്ഥികളുടെ സാന്ദ്രത കൂട്ടാൻ ഉപകരിക്കുന്നു. ബൈഫോസ്ഫോറേറ്റ്സ് (Bisphosphonates) എന്ന ഗ്രൂപ്പിൽ പെടുന്ന മരുന്നുകളും ഡിനോസുമാബ് (Denosumab) തുടങ്ങിയ മരുന്നുകളും എല്ലിന്റെ സാന്ദ്രത കുറയാതിരിക്കാനുള്ള മരുന്നുകളാണ്.

3-4 കൊല്ലം തീവ്രമായ ചികിത്സയും പിന്നീട് ഈ മരുന്നുകൾക്ക് ഒരു അവധി കൊടുക്കുകയും രോഗിയെ പരിശോധനയിലൂടെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയുമാണ് ചെയ്യേണ്ടത്. ഇവയെല്ലാം ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം സ്വീകരി ക്കേണ്ട മരുന്നുകളും തീരുമാനങ്ങളുമാണ്.

രോഗികൾ
പതിവായി ചോദിക്കുന്ന
ചോദ്യങ്ങൾ (FAQ)

ഓസ്റ്റിയോപ്പൊറോസീസ് 'വേദനരോഗം' ആണോ?

  • പലർക്കും വേദന ഉണ്ടാകില്ല. നട്ടെല്ലിന് പൊട്ടൽ (Spine fracture) വന്നാൽ വേദന ഉണ്ടാകാം.

പാൽ കഴിക്കാത്തവർക്ക്?

  • റാഗി, എള്ള്, ചീര / അമര ഇല, മുരിങ്ങ ഇല, ഫോർട്ടിഫൈഡ് ഭക്ഷണം, ചെറുമീൻ (എല്ലോടുകൂടി) ഇവ കഴിക്കാം.

സൂര്യപ്രകാശം മതിയായി ലഭിക്കുന്നുണ്ടോ?

  • പലർക്കും മതിയാകില്ല. രക്തത്തിലെ വിറ്റാമിൻ ഡി പരിശോധിച്ചോ അല്ലാതെയോ സപ്ലിമെന്റുകൾ നല്കാം.

വ്യായാമം തുടങ്ങാൻ വൈകിയോ?

  • എപ്പോൾ തുടങ്ങിയാലും വൈകിയിട്ടില്ല. പക്ഷേ, സുരക്ഷിതമായി ആരംഭിക്കുക, ഫിസിയോയുടെ മാർഗ്ഗനിർദ്ദേശം അനുസരിക്കുക.

മരുന്നുകൾ 'ജീവിതകാലം മുഴുവൻ' വേണമോ?

  • വേണ്ട. കാലയളവ് രോഗ ഗൗരവം /ചികിത്സയോടുള്ള പ്രതികരണം / സ്‌കാൻ ഫലം എന്നിവ നോക്കി തീരുമാനിക്കാം.

കാത്സ്യം അടങ്ങിയ മരുന്നുകൾ കഴിച്ചാൽ മൂത്രക്കല്ല് വരുമോ?

  • സപ്ലിമെന്റ് കൊടുക്കുന്നത് കാത്സ്യക്കുറവ് (negative balance) ഉള്ളവർക്കായതുകൊണ്ട് അത് ശരീരത്തിൽ എവിടെയും അടിയേണ്ട കാര്യമില്ല.

ശ്രദ്ധിക്കുക

  • ഒരു സാധാരണവും തടയാവുന്നതുമായ അവസ്ഥയാണ് ഓസ്റ്റിയോ പോറോസിസ്.

  • സന്തുലിതുമായ ഭക്ഷണം, സൂര്യപ്രകാശം, സ്ഥിരവ്യായാമം, വീഴ്ചതടയൽ എന്നിവ പ്രധാനമാണ്.

  • അൻപതുവയസ്സ് കഴിഞ്ഞവരിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ, നേരത്തെയുള്ള പരിശോധനകൾ FRAX-DEXA സ്കാനുകൾ ഉപയോഗിച്ച് അപകടസാധ്യത വിലയിരുത്തുക.

  • പൊട്ടൽ ഒരിക്കൽ സംഭവിച്ചാൽ : രണ്ടാം തടയൽ (secondary prevention -മറ്റൊന്ന് ഒഴിവാക്കാൻ) മരുന്നുകൾ/ജീവിതശൈലി മാറ്റം നിർബന്ധമാണ്.

  • ചികിത്സ വിവിധ കോണുകളിൽനിന്നു വേണം - ഡോക്ടർ, ഡയറ്റിഷ്യൻ, ഫിസിയോ, കുടും ബാംഗങ്ങൾ എന്നിവർ ചേർന്നുള്ള കൂട്ടായ ശ്രമമാണ് വേണ്ടത്.

പ്രായമായവർക്ക്
ദിനചര്യയിൽ ചേർക്കാൻ
10 ചെറിയ ശീലങ്ങൾ

  • ദിവസവും 30-40 മിനിറ്റ് നടക്കുക. ആഴ്ചയിൽ 2-3 ദിവസം റെസിസ്റ്റൻസ് വ്യായാമം.

  • രാവിലെ / വൈകുന്നേരം 15-20 മിനിറ്റ് സൂര്യപ്രകാശം.

  • ഭക്ഷണത്തിൽ റാഗി, എള്ള്, പാൽ / തൈര്, ചീര /മുരിങ്ങ, ചെറുമീൻ, മുട്ട ഉൾപ്പെടുത്തുക.

  • വെള്ളം ധാരാളം കുടിക്കുക.

  • പുകവലി നിർത്തുക, മദ്യം കുറയ്ക്കുക.

  • വീട്ടിൽ വഴുക്കാത്ത ചപ്പലുകൾ ഉപയോഗിക്കുക.

  • മുറികളിൽ ശരിയായ വെളിച്ചം ഉറപ്പുവരുത്തുക.

  • ചെവികൾ / കണ്ണുകൾ ഇടക്കിടെ പരിശോധിപ്പിക്കുക

  • ഉറക്കഗുളികകൾ ഡോക്ടറുമായി ചർച്ചചെയ്ത് ക്രമീകരിക്കുക.

  • വർഷംതോറും ഉയരം കുറയുകയോ /നടത്തത്തിലെ വ്യത്യാസങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. നീളം കുറയൽ കണ്ടാൽ ഡോക്ടറെ കാണുക.

ഇതൊരു പൊതുവായ മാർഗ്ഗനിർദ്ദേശമാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതി, മരുന്നുകൾ, പരിശോധനകൾ, ഇനി എന്ത് എന്നതൊക്കെ നിങ്ങളുടെ ഡോക്ടർ ആണ് തീരുമാനിക്കേണ്ടത്.

വായിക്കാം: കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ

ഡോക്ടർ
അകത്തുണ്ട്

നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr EG Mohankumar writes about Osteoporosis in Indian Medical Association (IMA) Nammude Arogyam Magazine.


ഡോ. ഇ.ജി. മോഹൻകുമാർ

മലപ്പുറം​ ​പെരിന്തൽമണ്ണ കിംസ് അൽഫിഷ സൂപ്പർ സ്​പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓർത്തോപീഡിക്സിൽ സീനിയർ കൺസൽട്ടന്റ് ആന്റ് ഹെഡ്.

Comments