ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ

നല്ലൊരു പങ്ക് കേടുവന്നാൽ മാത്രമേ വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ കാണാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് കൃത്യമായ സമയത്ത് വൃക്കരോഗനിർണ്ണയം നടത്തുവാൻ ലക്ഷണങ്ങൾ ഇല്ലാത്ത ആളുകളിലും സ്‌ക്രീനിംഗ് ടെസ്റ്റുകൾ ചെയ്യേണ്ടതാണ്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അരുൺ കാരാട്ട് എഴുതിയ ലേഖനം.

വൃക്കകളെ പരിചയപ്പെടുത്തുന്നത് ഒരു ഉദാഹരണത്തിലൂടെ തുടങ്ങാം. ഒരു ഗ്രാമത്തിൽ മനോഹരമായ നദിയുണ്ടായിരുന്നു. ഗ്രാമത്തിലെ അനേകായിരം മനുഷ്യർക്കൊപ്പം മറ്റു ജീവനുകൾക്കും ഈ നദി ജീവനാഡിയായിരുന്നു. കാലം കഴിഞ്ഞപ്പോൾ നദിയുടെ ഇരുവശങ്ങളിലും നിരവധി പുകക്കുഴലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഫാക്ടറികളിൽ നിന്നുള്ള മാലിന്യം പേറി നമ്മുടെ നദി വിഷപ്പുഴയായി മാറി. ഇതിനൊരു പോംവഴി അന്വേഷിച്ചുനടക്കുന്ന നാട്ടുകാരുടെ മുന്നിലേക്ക് ഒരു യന്ത്രവുമായി ഒരു ശാസ്ത്രജ്ഞനെത്തുന്നു. നദിയിൽ ഘടിപ്പിച്ച യന്ത്രം മലിനജലത്തെ ശുദ്ധീകരിക്കുന്നു. ഓരോ ഫാക്ടറിയിൽ നിന്നുള്ള മാലിന്യവും പുഴയിൽ എത്തുന്നതിനുമുൻപ് തന്നെ യന്ത്രം അരിച്ചുമാറ്റി നമ്മുടെ നദിയുടെ സ്വതസിദ്ധമായ പരിശുദ്ധി പരിപാലിക്കുന്നു.

ഇതുപോലെ ഒരു യന്ത്രം ലോകത്തിൽ എവിടെയെങ്കിലും എന്നെങ്കിലും കണ്ടുപിടിക്കപ്പെടുമോ എന്നറിയില്ല. എന്നാൽ നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിനകത്ത് ഇതിനേക്കാൾ കൃത്യതയോടെ സങ്കീർണ്ണമായി ശുദ്ധീകരണം നടത്തുന്ന രണ്ട് കുഞ്ഞു യന്ത്രങ്ങളുണ്ട്. ഈ അത്ഭുതയന്ത്രങ്ങളെ നമുക്ക് വൃക്കകൾ എന്നു വിളിക്കാം.

കോടാനുകോടി കോശങ്ങളാൽ നിർമ്മിതമായ നമ്മുടെ ശരീരത്തിലെ ഓരോ കോശവും ഒരു കുഞ്ഞ് ഫാക്ടറി തന്നെയാണ്. കോശങ്ങൾക്കാവശ്യമായ ഓക്‌സിജനും മറ്റ് പോഷകങ്ങളും എത്തിച്ചുനൽകുകയും അവയിൽനിന്നും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങളെ വഹിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന ഒരു നദി യാണ് നമ്മുടെ രക്തചംക്രമണവ്യവസ്ഥ. ഈ രക്തത്തിനെ അതിന്റെ തനതായ ഗുണങ്ങളോടെ സംരക്ഷിക്കുന്ന അതിസങ്കീർണ്ണമായ ജോലിയാണ് നിശ്ശബ്ദ കാവൽക്കാരായ വൃക്കകൾ ചെയ്യുന്നത്. ഇത്തരത്തിലുള്ള ആന്തരിക സന്തുലിതാവസ്ഥ (internal mileu) പരിപാലിക്കപ്പെട്ടില്ലെങ്കിൽ തലമുടി മുതൽ കാൽനഖം വരെയുള്ള കോശങ്ങളുടെ പ്രവർത്തനം അവതാളത്തിലാകും. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും ഓരോ അവയവത്തിനും ശരിയായ വിധത്തിൽ പ്രവർത്തിക്കുവാനുള്ള ഒരു അന്തരീക്ഷം നിലനിർത്തിക്കൊടുക്കുന്ന ഭാരിച്ച ജോലിയാണ് വളരെ ഭാരം കുറഞ്ഞ ഈ രണ്ടു കുഞ്ഞന്മാർ ചെയ്യുന്നത്.

ഇനി നമുക്ക് വൃക്കകളെ കുറച്ചുകൂടി അടുത്ത് പരിചയപ്പെടാം. മനുഷ്യശരീരത്തിലെ വയറിന്റെ പിൻഭിത്തിയോടുചേർന്ന് നട്ടെല്ലിന്റെ ഇരുവശങ്ങളിലുമാണ് വൃക്കകളുടെ സ്ഥാനം. ഏകദേശം ഒരു പയറുമണിയുടെ ആകൃതിയിലുള്ള (pear shaped) വൃക്കകൾക്ക് ശരാശരി 10-12 cm നീളവും ഏകദേശം 150 ഗ്രാം ഭാരവും ഉണ്ടാകും. മുതിർന്ന ഒരു വ്യക്തിയുടെ ശരീരഭാരത്തിന്റെ ഒരു ശതമാനത്തിലും താഴെയാണ് എങ്കിലും രണ്ട് വൃക്കകളിലേക്കും ഹൃദയം പമ്പ് ചെയ്യുന്നതിന്റെ 20% രക്തവും എത്തിച്ചേരുന്നു.

മൂന്ന് കുഴലുകളാണ് വൃക്കകളോട് ബന്ധപ്പെട്ടു കിടക്കുന്നത്:

1. മഹാധമനിയിൽനിന്ന് രക്തം വൃക്കകളിലെത്തിക്കുന്ന റീനൽ ആർട്ടറി (Renal artery).

2. വൃക്കകളിൽനിന്ന് ശുദ്ധീകരിച്ച രക്തം മഹാസിരയിലെത്തിക്കുന്ന റീനൽ വെയ്ൻ (Renal vein).

3. വൃക്കകളിൽനിന്ന് മൂത്രം മൂത്രാശയത്തിലെത്തിക്കുന്ന (Urinary bladder) യുറീറ്റർ (Ureter).

വൃക്കകളിൽനിന്ന് കല്ലുകൾ പുറത്തേക്കുവന്ന് യുറീറ്റർ വഴി കടന്നുപോകുമ്പോൾ ഉണ്ടാകുന്ന തടസ്സമാണ് യുറീറ്ററിക് കോളിക്ക് (ureteric colic) എന്നറിയപ്പെടുന്ന അസഹ്യമായ വേദന ഉണ്ടാക്കുന്നത്.

രണ്ട് വൃക്കകളും ചെയ്യുന്നത് ഒരേ ജോലിയാണെങ്കിലും ഇടതടവില്ലാതെ ഇവ രണ്ടും സദാസമയവും പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഓരോ വൃക്കയ്ക്കുള്ളിലും പത്ത് ലക്ഷത്തോളം അരിപ്പകളുണ്ട്. നെഫ്രോണുകൾ (Nephrons) എന്നറിയപ്പെടുന്ന ഈ അരിപ്പകളാണ് വൃക്കകളിലെ പ്രവർത്തന ഘടകം.
ഓരോ വൃക്കയ്ക്കുള്ളിലും പത്ത് ലക്ഷത്തോളം അരിപ്പകളുണ്ട്. നെഫ്രോണുകൾ (Nephrons) എന്നറിയപ്പെടുന്ന ഈ അരിപ്പകളാണ് വൃക്കകളിലെ പ്രവർത്തന ഘടകം.

ഇനി നമുക്ക് വൃക്കകളുടെ ഉള്ളിലേക്ക് പ്രവേശിക്കാം. ഓരോ വൃക്കയ്ക്കുള്ളിലും പത്ത് ലക്ഷത്തോളം അരിപ്പകളുണ്ട്. നെഫ്രോണുകൾ (Nephrons) എന്നറിയപ്പെടുന്ന ഈ അരിപ്പകളാണ് വൃക്കകളിലെ പ്രവർത്തന ഘടകം. (Functional unit). സൂക്ഷ്മദർശിനിയിലൂടെ മാത്രം കാണാൻ കഴിയുന്നവണ്ണം ചെറുതാണെങ്കിലും ഇവ നിർവഹിക്കുന്ന വൈവിധ്യമാർന്നതും അതിസ ങ്കീർണ്ണവുമായ പ്രവർത്തനങ്ങൾ തികച്ചും വിസ്മയിപ്പിക്കുന്നതാണ്. തികച്ചും ആരോഗ്യകരമായ ഒരു ഗർഭാവസ്ഥയിലൂടെ ജനിക്കുന്ന ഒരു കുഞ്ഞിന് രണ്ട് വൃക്കകളിലും ചേർന്ന് ഇരുപത് ലക്ഷത്തോളം നെഫ്രോണുകൾ ഉണ്ടാകും. ജനിച്ചതിനുശേഷം ഇവ ഒരെണ്ണംപോലും പുതുതായി ഉണ്ടാകുന്നില്ല. എന്നുമാത്രമല്ല നിശ്ചിത ശതമാനം നെഫ്രോണുകൾ ഓരോ വർഷവും പ്രവർത്തനരഹിതമാവുകയും ചെയ്യും. അമിതവണ്ണവും പ്രമേഹരോഗവും രക്താതിസമ്മർദ്ദവും വേദനസംഹാരികളുടെ നിരന്തര ഉപയോഗവുമെല്ലാം ഈ പ്രക്രിയയുടെ ആക്കം കൂട്ടുന്നു.

ഒരു പരിധിക്കപ്പുറത്തേക്ക് പ്രവർത്തനക്ഷമമായ നെഫ്രോണുകളുടെ എണ്ണം കുറയുമ്പോൾ സ്ഥായിയായ വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. നമുക്ക് പൈതൃകമായി കിട്ടുന്ന അമൂല്യമായ സമ്പത്താണ് ഈ നെഫ്രോണുകൾ (Nephron endowment). ബൈബിളിലെ താലന്തുകളുടെ ഉപമയിലെ പോലെ അവയെ ബുദ്ധിപൂർവ്വം സംരക്ഷിച്ചാൽ സ്ഥായിയായ വൃക്കരോഗം (chronic kidney disease) എന്ന മഹാമാരിയിൽനിന്നും നമുക്ക് രക്ഷപ്പെടാൻ കഴിയും.

ഘടനാപരമായി നെഫ്രോണുകൾ ഒരു പാമ്പിന്റെ രൂപമുള്ളവയാണ്. ഒരു തലയും വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഉടലും. തലഭാഗമാണ് ഗ്ലോമെറുലസ് (glomerulus) എന്നറിയപ്പെടുന്നത്. യഥാർത്ഥത്തിൽ രക്തം അരിച്ചുമാറ്റപ്പെടുന്നത് ഇതിനകത്തുവെച്ചാണ്. സൂക്ഷ്മരക്തവാഹിനികളിൽനിന്നും (Blood capillares) അരിച്ചുമാറ്റപ്പെടുന്ന ദ്രാവകം ഗ്ലോമെറുലാർ ഫിൽട്രേറ്റ് (glomerular filtrate) എന്നാണ് അറിയപ്പെടുന്നത്. ഈ ദ്രാവകം ഗ്രോമറുലസിൽനിന്നും വളഞ്ഞുപുളഞ്ഞു കിടക്കുന്ന ട്രൂബ്യൂളുകൾക്ക് (trubules) ഉള്ളിലൂടെ സഞ്ചരിക്കുന്നു. ട്രൂബ്യൂളുകൾക്ക് അകത്തുള്ള പ്രത്യേകമായ കോശങ്ങൾ (specialised cells) ഈ ദ്രാവകത്തിൽനിന്നും ശരീരത്തിന് ആവശ്യമായത് ആഗിരണം ചെയ്യുകയും ആവശ്യമില്ലാത്തത് പുറന്തള്ളുകയും ചെയ്യുന്നു. അതിസങ്കീർണ്ണമായ ഈ പ്രക്രിയയ്ക്ക് ശേഷമാണ് ഗ്ലോമെറുലാർ ഫിൽട്രേറ്റ് മൂത്രമായി മാറുന്നത്.

വൃക്കകളുടെ പ്രവർത്തനത്തെപ്പറ്റി ഒരു സംക്ഷിപ്തരൂപത്തിൽ നേരത്തെ പറഞ്ഞെങ്കിലും ഇനി നമുക്ക് അവ ഓരോന്നായി പരിശോധിക്കാം.

  • 1. രക്തത്തിലെ മാലിന്യങ്ങൾ അരിച്ചുമാറ്റി ശുദ്ധീകരിക്കുക:

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജ്യ അവയവമാണ് വൃക്കകൾ. നേരത്തെ സൂചി പ്പിച്ചതുപോലെ ഓരോ കോശങ്ങളിലും നടക്കുന്ന ഉപാപചയപ്രവർത്തനങ്ങളുടെ (cellular metabolism) പരിണിതഫലമായി ഉണ്ടാവുന്ന മാലിന്യങ്ങളെ വൃക്കകൾ ഫലപ്രദമായി അരിച്ചുമാറ്റി മൂത്രത്തിലൂടെ പുറന്തള്ളുന്നു. വൃക്കകളുടെ പ്രവർത്തനം അവതാളത്തിലാകുമ്പോൾ നൂറുകണക്കിനു വരുന്ന ഇത്തരം മാലിന്യങ്ങൾ (Uremic toxins) രക്തത്തിൽ അടിഞ്ഞുകൂടുന്നു. ലോകത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു ഫിൽട്ടറിനും വൃക്കകളെപ്പോലെ ഇത്രയും കാര്യക്ഷമതയോടെയും കണിശതയോടെയും കൂടെ ഈ മാലിന്യങ്ങളെ രക്തത്തിൽനിന്നും വേർതിരിച്ചെടുക്കാൻ സാധിക്കുകയില്ല.

  • 2. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുക:

മനുഷ്യശരീരത്തിന്റെ ഭാരത്തിന്റെ ഏകദേശം 60% ജലാംശമാണ്. അതായത് എഴുപത് കിലോഗ്രാം തൂക്കമുള്ള ഒരു വ്യക്തിയുടെ ശരീരത്തിൽ 42 ലിറ്റർ വെള്ളമാണ്. ഈ ജലാംശം കൃത്യമായ അനുപാതത്തിൽ കോശങ്ങളുടെ അകത്തും പുറത്തും രക്തക്കുഴലിനുള്ളിലുമായി ക്രമീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് വൃക്കകളാണ്. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നമ്മുടെ ശരീരത്തിനകത്തേക്കു പോകുന്നതും ശരീരത്തിൽനിന്ന് പുറത്തേക്ക് പോകുന്നതുമായ ജലത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും.

ഉദാഹരണത്തിന്, ചൂടുകാലത്ത് നമ്മൾ ചിലപ്പോൾ പ്രതിദിനം നാലു ലിറ്റർ വെള്ളം കുടിക്കാം. എന്നാൽ മഴക്കാലത്ത് ഇത് ഒരു ലിറ്റർ ആയിരിക്കും. വെയിലിൽ ജോലിചെയ്യുന്ന ഒരാളുടെ ശരീര ത്തിൽനിന്നും വിയർപ്പായി കൂടുതൽ ജലനഷ്ടം ഉണ്ടാകും. എന്നാൽ എ.സി മുറിയിലിരിക്കുന്ന ഒരാൾക്ക് ഈ ജലനഷ്ടം താരതമ്യേന വളരെ കുറവായിരിക്കും. ഈ സാഹചര്യങ്ങൾക്കെല്ലാം അനുസരിച്ച് മൂത്രത്തിലെ ജലത്തിന്റെ അളവ് വൃക്കകൾ ക്രമീകരിക്കുകയും രക്തത്തിലെ കണങ്ങളുടെ സാന്ദ്രത (osmolarity) ശരിയായ രീതിയിൽ നിലനിർത്തുകയും ചെയ്യുന്നു.

  • 3. ധാതുലവണങ്ങളുടെ അമ്ലത്തിന്റെയും അളവ് നിയന്ത്രിക്കുക:

രക്തത്തിലെ സോഡിയം, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതു ലവണങ്ങളുടെ ശരിയായ ക്രമീകരണവും വൃക്കകളുടെ ജോലിയാണ്. നെഫ്രോണിനകത്തുള്ള ട്യൂബുളുകളിലെ പ്രത്യേകതരം കോശങ്ങൾ ഇവയുടെ ആഗിരണവും പുറന്തള്ളലും നിയന്ത്രിച്ച് രക്തത്തിലെ അളവ് കൃത്യമായി നിലനിർത്തുന്നു. ഇത്തരം ധാതുല വണങ്ങളുടെ അളവിൽ ചെറിയ വ്യതിയാനം ഉണ്ടായാൽപോലും ചിലപ്പോൾ ജീവൻവരെ നഷ്ടമായേക്കാം.

രക്തത്തിലെ അമ്ലത (pH) ശരിയായ അളവിൽ നിലനിർത്തുന്നതും വൃക്കകൾ തന്നെയാണ്. രക്തത്തിന്റെ pH 7.35 - 7.45 എന്ന വളരെ ചെറിയ പരിധിക്കുള്ളിൽ നിയന്ത്രിക്കുന്നത് വളരെ അത്ഭുതകരമായ ഒരു പ്രക്രിയയാണ്. ഈ പരിധിക്ക് പുറത്തുപോ യാൽ മറ്റ് കോശങ്ങളുടെ പ്രവ ർത്തനം അവതാളത്തിലാവുകയും മരണംവരെ സംഭവിക്കുകയും ചെയ്യാം.

  • 4. രക്തസമ്മർദ്ദം നിയന്ത്രിക്കുക:

മനുഷ്യശരീരത്തിനാവശ്യമായ രക്തസമ്മർദ്ദം നിലനിർത്തുന്ന പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. അതുകൊണ്ടുതന്നെ ഉയർന്ന രക്തസമ്മർദ്ദവും വൃക്കരോഗത്തിന്റെ ഒരു ലക്ഷ ണമാണ്. ശരീരത്തിലെ വെള്ളത്തിന്റെയും ഉപ്പിന്റെയും അളവ് കൂടുന്നതും വൃക്കകൾ പുറപ്പെടുവിക്കുന്ന ചില ഹോർമോണുകളും എല്ലാം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. വൃക്കകളിലേക്കുള്ള പ്രധാന രക്തക്കുഴലുകൾ ചുരുങ്ങുന്ന റീനൽ ആർട്ടറി സ്റ്റിനോസിസ് (Renal Artery Stenosis) എന്ന അസുഖത്തിന്റെ പ്രധാന ലക്ഷണവും ഉയർന്ന രക്തസമ്മർദ്ദമാണ്. ആയതിനാൽ അസ്വാഭാവികമായ തരത്തിലുള്ള രക്തസമ്മർദ്ദം ഉണ്ടാവുമ്പോൾ വൃക്കരോഗപരിശോധന ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.

  • 5. ചില ഹോർമോണുകളുടെ ഉത്പാദനം:

ഇതുവരെ പറഞ്ഞ ധർമ്മങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ജോലിയാണ് ഹോർമോണുകളെ ഉത്പാദിപ്പിക്കുക എന്നത് (endocrine function). പ്രധാനമായും രണ്ട് ഹോർമോണുകളാണ് വൃക്കകൾ നിർമ്മിക്കുന്നത്.

(1) എറിത്രോപോയെറ്റിൻ
(Erythropoetin)

ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ ഉത്പാദനത്തിന് ഏറ്റവും അനിവാര്യമായ ഈ ഹോർമോൺ പ്രധാനമായും വരുന്നത് വൃക്കകളിൽനിന്നാണ്. ശരീരത്തിലെ ഓക്‌സിജന്റെ അളവ് വൃക്കകൾക്കുള്ളിലെ പ്രത്യേകതരം കോശങ്ങൾ സംവേദിക്കുകയും അതിന് ആനുപാതികമായി എറിത്രോപോയെറ്റിൻ നിർമ്മിക്കുകയും ചെയ്ത് രക്തത്തിലെ ഹീമോഗ്ലോബിൻ നിലനിർത്തുവാൻ വൃക്കകൾ സഹായിക്കുന്നു.

വൃക്കരോഗികളിൽ കാണപ്പെടുന്ന രക്തക്കുറവിന്റെ ഒരു പ്രധാന കാരണം ഈ ഹോർമോണിന്റെ അളവിലുള്ള കുറവാണ്. ഇൻജക്ഷന്റെ രൂപത്തിൽ ഈ ഹോർമോണും, ഹോർമോണിന്റെ ഉത്പാദനം കൂട്ടുന്ന ഗുളികകളും മാർക്കറ്റിൽ ഇന്ന് ലഭ്യമാണ്.

(2) വിറ്റാമിൻ ഡി- യെ സജീവമാക്കുന്ന ഹോർമോൺ (1a hydroxylase)

സൂര്യപ്രകാശം ഉപയോഗിച്ച് ശരീരത്തിലെ കൊളസ്‌ട്രോളിൽ നിന്നാണ് വിറ്റാമിൻ ഡി ഉണ്ടാകുന്നതെങ്കിലും ഇതിന്റെ ഏറ്റവും സജീവമായ അന്തിമരൂപത്തിലേക്ക് മാറ്റിയെടുക്കാനുള്ള ഹോർമോൺ ആണ് 1 ആൽഫ ഹൈഡ്രോക്‌സിലേസ് (1a hydroxylase). വൃക്കരോഗം മൂർച്ഛിക്കുമ്പോൾ ഇതിന്റെ അഭാവവും കാണപ്പെടുന്നു. പരിണിതഫലമായി എല്ലുകൾക്ക് ബലക്ഷയം, രക്തക്കുഴലുകളിൽ കാൽസ്യം അടിഞ്ഞുകൂടൽ, പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിതവളർച്ച തുടങ്ങിയ സങ്കീ ർണ്ണതകൾ ഉണ്ടാകുന്നു.

ഇത്തരം വൈവിധ്യമാർന്ന ധർമ്മങ്ങളാണ് വൃക്കകൾ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വൃക്കകൾ പ്രവർത്തനരഹിതമായാൽ അതിന്റെ പരിണിതഫലങ്ങൾ മിക്കവാറും എല്ലാ അവയവങ്ങളിലും കാണപ്പെടുന്നു. ഹൃദയവും തലച്ചോറും ശ്വാസകോശവും കുടലും എല്ലും പല്ലും മാത്രമല്ല തലമുടി മുതൽ വിരലിലെ നഖങ്ങൾ വരെ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതരുന്നു.

ആരോഗ്യവാനായ ഒരു വ്യക്തിക്ക് ശരീരത്തിന് ആവശ്യമായതിൽ കൂടുതൽ എണ്ണം നെഫ്രോണുകൾ ഉണ്ടാകും. അതു കൊണ്ടാണ് ഒരു വൃക്കദാനം ചെയ്താലും ദാതാവിന് ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കുന്നത്. ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ആവശ്യത്തിലധികം നെഫ്രോണുകൾ ഉള്ളതുകൊണ്ട് നല്ലൊരു പങ്ക് കേടുവന്നാൽ മാത്രമേ വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ കാണാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് കൃത്യമായ സമയത്ത് വൃക്കരോഗനിർണ്ണയം നടത്തുവാൻ ലക്ഷണങ്ങൾ ഇല്ലാത്ത ആളുകളിലും സ്‌ക്രീനിംഗ് ടെസ്റ്റുകൾ (screening tests) ചെയ്യേണ്ടതാണ്.

ശരീരത്തിന്റെ ഈ നിശ്ശബ്ദ കാവൽക്കാരെ ഒരിക്കലും നാം നിസ്സാരമായി കാണരുത്. ശാസ്ത്രീയമായ അറിവുകൾ പിന്തുടർന്ന് വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കുക.

അദ്ഭുത മാന്ത്രികരുടെ
സംഗീതം

വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ

ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments