അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

‘‘സമഗ്ര ജീവൻരക്ഷാമാർഗങ്ങൾ വിജയപ്രദമാകണമെങ്കിൽ കൂടുതൽ പേർക്ക് നെഞ്ചമർത്തൽ മാത്രമായ ജീവൻ രക്ഷാപ്രവർത്തനത്തിലും അടിസ്ഥാന ജീവൻരക്ഷാപ്രവർത്തനങ്ങളിലും പരിശീലനം നൽകേണ്ടതാണ്. ഒരു കുടുംബത്തിൽ ഒരു ജീവൻരക്ഷാ പ്രവർത്തകനെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ബിനിൽ ഐസക് മാത്യു, ഡോ. പുഷ്പരാജ് എസ്.ആർ. എന്നിവർ എഴുതിയ ലേഖനം.

നെഞ്ചിലമർത്തി ഹൃദയമിടിപ്പ് വീണ്ടെടുക്കലിനോടൊപ്പം കൃത്രിമ ശ്വാസോച്ഛ്വാസവും നൽകി, ഹൃദയത്തിൽ സുരക്ഷിതമായ രീതിയിൽ വൈദ്യുതാഘാതമേൽപ്പിച്ച് ഹൃദയത്തിന്റെ പ്രവർത്തനം വീണ്ടെടുക്കുന്ന രീതിയാണ് അടിസ്ഥാന ജീവൻരക്ഷാ പ്രവർത്തനം. മരുന്നുകളും ആധുനിക യന്ത്രങ്ങളുമുപയോഗിച്ച്, ഒരു ആശുപത്രിയിൽ വിദഗ്ദ്ധരുടെ സഹായത്തോടെ ചെയ്യുന്ന രക്ഷാ പ്രവർത്തനങ്ങളാണ് 'സമഗ്ര ജീവൻരക്ഷാ മാർഗ്ഗങ്ങൾ.

അടിസ്ഥാന ജീവൻരക്ഷാപ്രവർത്തനം

സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് രോഗിയെ മാറ്റിയശേഷം മാത്രമേ ജീവൻരക്ഷാമാർഗ്ഗങ്ങൾ ആരംഭിക്കാവൂ. രോഗിയുടെയും ജീവൻരക്ഷാപ്രവർത്തകരുടെയും സുരക്ഷയ്ക്ക് എപ്പോഴും മുൻഗണന നൽകണം.

രോഗി പ്രതികരിക്കുന്നുണ്ടോ എന്നു നോക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഇതിനായി, രോഗിയുടെ മുന്നിൽനിന്ന് രണ്ടു കൈകൊണ്ടും ചുമലിൽ തട്ടി, ഉച്ചത്തിൽ ഹലോ എന്തുപറ്റി?' എന്ന് ചോദിക്കുക. കഴുത്തിന് കൂടുതൽ ഇളക്കം തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗി പ്രതികരിക്കുന്നുണ്ടെങ്കിൽ - അതായത്, അർത്ഥവത്തായ രീതിയിൽ ശബ്ദമോ ആംഗ്യമോ കാണിക്കുന്നുണ്ടെങ്കിൽ, അല്പം ആശ്വസിക്കാം. രോഗിയെ സൂക്ഷ്മതയോടെ ചരിച്ചു കിടത്തി, നിരീക്ഷിച്ചുകൊണ്ടിരുന്നാൽ മതി. വൈദ്യസഹായമെത്തിക്കുവാനും ശ്രദ്ധിക്കണം.

രോഗി പ്രതികരിക്കുന്നില്ലെങ്കിൽ, ജീവൻരക്ഷാ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കണം. സഹായത്തിനായി കൂടുതൽ ആളുകളെ വിളിച്ചുകൂട്ടണം. അടുത്തുള്ള ആശുപത്രിയുടെ അത്യാഹിത വിഭാഗത്തെയോ അപകട പരിചരണ സേനയേയോ അറിയിക്കാനും എ ഇ ഡി ( AED - Automatic External Defibrillator) എന്ന ഉപകരണം സംഘടിപ്പിക്കുവാൻ ആരെയെങ്കിലും പറഞ്ഞയയ്ക്കുകയോ ആരുമില്ലെങ്കിൽ സ്വയം ചെയ്യുകയോ ഉടൻ തന്നെ വേണം. മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ, അത് 'സ്പീക്കർ' രീതിയിലാക്കി രോഗിയെ കുറിച്ചും, സ്ഥലത്തെ കുറിച്ചും സംഭവത്തെ കുറിച്ചും വിവരണങ്ങൾ നൽകിക്കൊണ്ടുതന്നെ ജീവൻരക്ഷാപ്രവർത്തനം ആരംഭിക്കാം.

രോഗിക്ക് ഹൃദയമിടിപ്പ് ഉണ്ടോയെന്നും രോഗി ശരിയായി ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്നും നോക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഇതിനായി 10 സെക്കന്റ് സമയം മാത്രമെ വിനിയോഗിക്കാവൂ. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലാണ് കരോട്ടിഡ് രക്തക്കുഴൽ (Carotid artery). കഴുത്തിൽ ശ്വാസനാളത്തിന്റെ ഇരുവശത്തുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. ശ്വാസനാളത്തിനും, കഴുത്തിന്റെ മുൻവശത്തുള്ള പേശികൾക്കുമിടയ്ക്കുള്ള സ്ഥലത്ത് മൂന്നുവിരലുകൾ വയ്ക്കുകയാണെങ്കിൽ കരോട്ടിഡ് രക്തക്കുഴലിന്റെ മിടിപ്പ് ലഭിക്കും. 10 സെക്കന്റിനുള്ളിൽ ഇതിന്റെ മിടിപ്പ് ലഭിക്കുന്നില്ലെങ്കിൽ 'മിടിപ്പ്' ഇല്ല എന്നാണ് അനുമാനിക്കേണ്ടത്. ഇതോടൊപ്പം, രോഗി ശരിയായി ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്നും നോക്കണം. ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ മാറിടം പൊങ്ങുകയും താഴുകയും ചെയ്യുമല്ലോ. ഇതോടൊപ്പം ശ്വാസപഥം തടസ്സമില്ലാതാക്കാൻ നെറ്റി അല്പം പുറകോട്ട് ചരിക്കുകയും വേണം. 10 സെക്കന്റിലധികം സമയം ഈ നിരീക്ഷണത്തിനായി വിനിയോഗിക്കരുത്. പുനരുജ്ജീവന പ്രവർ ത്തനങ്ങൾ ഉടനടി ആരംഭിക്കേണ്ടതാണ്.

മൂന്ന് അവസ്ഥകളാണ് ഉണ്ടാകാൻ സാധ്യതയുള്ളത്:

ഒന്നാമത്തെ അവസ്ഥ, നാഡിമിടിപ്പും, ശരിയായ ശ്വാസോച്ഛ്വാസവുമുണ്ടാകുക എന്നതാണ്. ഈ അവസ്ഥയിൽ രോഗിയെ ചരിച്ചുകിടത്തി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും വൈദ്യസഹായമെത്തിക്കുകയുമാണ് വേണ്ടത്. പ്രമേഹവും മദ്യപാനവും മൂലമുള്ള അബോധാവസ്ഥ പലപ്പോഴും ഈ രീതിയിലാണ് കണ്ടുവരുന്നത്.

രണ്ടാമത്തെ അവസ്ഥ, ഹൃദയമിടിപ്പ് ഉണ്ട്, പക്ഷേ ശരിയായ ശ്വാസോച്ഛ്വാസം ഇല്ല എന്നതാണ്. കൃത്രിമമായി ശ്വാസോച്ഛ്വാസം നൽകുകയാണ് ഈ അവസ്ഥയിൽ ചെയ്യേണ്ടത്.

മൂന്നാമത്തെ അവസ്ഥ, നാഡീമിടിപ്പും ശരിയായ ശ്വാസോച്ഛ്വാസവുമില്ലാത്ത സ്ഥിതിയാണ്. ഹൃദയ-ശ്വാസോച്ഛ്വാസ പുനരുജ്ജീവന മാർഗങ്ങളാണ് അവലംബിക്കേണ്ടത്.

ഒന്നാമത്തെ സ്ഥിതി:
രോഗി ശരിയായി ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ട്, നാഡിമിടിപ്പും ഉണ്ട് എങ്കിൽ (രോഗി അബോധാവസ്ഥയിലാണല്ലോ) രോഗിയെ ചരിച്ചുകിടത്തി നിരീക്ഷിച്ചുകൊണ്ടിരുന്നാൽ മതി. ചരിക്കുമ്പോൾ രോഗിയെ ഒന്നാകെ വേണം ചരിക്കുവാൻ. അല്ലെങ്കിൽ നട്ടെല്ലിന് വല്ല ക്ഷതവുമുണ്ടെങ്കിൽ അത് കൂടുതലാകുവാൻ സാധ്യതയുണ്ട്. ശ്വാസതടസ്സം വരാതിരിക്കുവാനും, കഴിച്ച ഭക്ഷണ പദാർത്ഥങ്ങൾ, ഛർദ്ദിച്ച് ശ്വാസകോശത്തിൽ പോകാതിരിക്കുവാനുമാണ് ചരിച്ചുകിടത്തുന്നത്.

രണ്ടാമത്തെ അവസ്ഥ:
ശ്വാസോച്ഛ്വാസമില്ല, നാഡിമിടിപ്പുണ്ട് എന്ന അവസ്ഥയിൽ രോഗിക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയാണ് വേണ്ടത്. അതിനായി രോഗിയുടെ ശ്വാസപഥം തടസ്സമില്ലാതെയായിരിക്കണം. തല പുറകോട്ട് തിരിച്ച്, താടി മേൽപ്പോട്ടാക്കി ഇത് ചെയ്യാം. അതിനുശേഷം രോഗിയുടെ മൂക്ക് അടച്ചുപിടിച്ച് വായിലേക്ക് ഊതുക. 5 സെക്കന്റിൽ ഒരു പ്രാവശ്യം എന്ന രീതിയിൽ - അതായത് മിനിട്ടിൽ 12 പ്രാവശ്യം എന്ന തോതിൽ - ഇത് തുടർന്നുകൊണ്ടിരിക്കണം. രോഗിയുടെ ഉമിനീരും മറ്റും ശുശ്രൂഷകരുടെ മുഖത്തു തട്ടാതിരിക്കാൻ ഒരു തുണിയോ, പേപ്പറോ ഉപയോഗിക്കാം. ലഭ്യമായ മറ്റു സാധനങ്ങളോ ഉപയോഗിക്കാം. മൗത്ത് ടു മൗത്ത് (Mouth to Mouth) എന്ന ഈ രീതിയിൽ, അന്തരീക്ഷവായുവിനേക്കാൾ കുറഞ്ഞ അളവിൽ ഓക്‌സിജൻ മാത്രമേ ലഭിക്കൂ, എങ്കിലും രോഗിയുടെ ജീവൻ നിലനിർത്താൻ ഇതുതന്നെ മതിയാകും. ആശുപത്രികളിൽ ഇതിനായി മികച്ച ഉപകരണങ്ങൾ ഉണ്ടായിരിക്കാമെങ്കിലും, ഒരു വിദൂരസ്ഥലത്ത് ഈ രീതി മാത്രമേ അത്യാവശ്യഘട്ടത്തിൽ ചെയ്യുവാനാകൂ. ശ്വാസപഥം തടസ്സമില്ലാതാക്കുവാൻ നെറ്റി പുറകോട്ടാക്കി, താടി മുകളിലേക്ക് തള്ളുക (Head tilt - chin lift) എന്ന രീതി പറഞ്ഞുവല്ലൊ. കഴുത്തിലെ കശേരുക്കൾക്ക് ക്ഷതമുണ്ടായിരിക്കാനിടയുണ്ടെങ്കിൽ ഈ രീതിക്കുപകരം Jaw Thrust - കീഴ്താടി മുൻപോട്ട് തള്ളുക - എന്ന രീതിയാണ് കൂടുതൽ അഭികാമ്യം - വായുവിലേക്ക് ഊതുവാൻ ഒരു സെക്കന്റ് സമയം എടുത്താൽ മതി. രോഗിയുടെ നെഞ്ച് പൊങ്ങുന്നുണ്ട് എന്നതാണ് ഇത് ശരിയാണ് എന്നറിയുന്നതിനുള്ള തെളിവ്. കൂടുതൽ പൊങ്ങാതിരിക്കുവാനും ശ്രദ്ധിക്കണം.

മൂന്നാമത്തെ അവസ്ഥ:
ശ്വാസോച്ഛ്വാസവും നാഡീമിടിപ്പും ഇല്ലെങ്കിൽ കൃത്രിമശ്വാസോച്ഛ്വാസത്തോടൊപ്പം, നെഞ്ചമർത്തലും കൂടി നൽകേണ്ടതാണ്. ഹൃദയം പ്രവർത്തിക്കുന്നില്ലെങ്കിൽ നെഞ്ചമർത്തലിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. അത് ഉടൻ ആരംഭിക്കുകയും വേണം. 10 സെക്കന്റിനകം ഒരു മിനിട്ടിൽ 100-120 പ്രാവശ്യം എന്ന തോതിൽ 30 പ്രാവശ്യം നെഞ്ചമർത്തൽ നൽകുകയാണ് ആദ്യമായി ചെയ്യേണ്ടത്. അതിനുശേഷം രണ്ടുപ്രാവശ്യം കൃത്രിമശ്വാസോ ച്ഛ്വാസം നൽകേണ്ടതാണ്. വീണ്ടും നെഞ്ചമർത്തൽ എന്ന രീതി രണ്ടുമിനിട്ട് തുടരണം (അഞ്ചുപ്രാവശ്യം).

നെഞ്ചമർത്തൽ ഫലപ്രദമാകണമെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കൈ മറ്റേ കയ്യിന്റെ മുകളിൽ വച്ച്, അടിയിലെ കയ്യിന്റെ കൈപ്പത്തി നെഞ്ചിന്റെ നടുവിൽ - അതായത് മാറെല്ലിന്റെ താഴ്ഭാഗത്തിന് രണ്ടുവിരൽ മുകളിലായി വച്ച്, താഴോട്ട് മർദ്ദം പ്രയോഗിക്കുകയാണ് വേണ്ടത്. മുതിർന്ന ഒരു പുരുഷനിൽ മാറെല്ല് 5-6 സെന്റിമീറ്റർ താഴോട്ടുപോകാം. ഓരോ പ്രാവശ്യത്തെ മർദ്ദനത്തിനു ശേഷവും മാറെല്ല് പഴയസ്ഥിതിയിലേക്ക് തിരിച്ചുവരുവാൻ ശ്രദ്ധിക്കണം. ഈ പ്രവർത്തനം എണ്ണിക്കൊണ്ടിരിക്കണം. കയ്യിന്റെ ചുമൽ ഭാഗത്തുനിന്നാണ് മർദ്ദം പ്രയോഗിക്കേണ്ടത്. കയ്യിന്റെ മുട്ട് മടങ്ങാതിരിക്കുവാൻ ശ്രദ്ധിക്കണം.

പുനരുജ്ജീവനത്തിന് ഒരാൾ മാത്രമേ ഉള്ളൂവെങ്കിൽ നെഞ്ചമർത്തലും കൃത്രിമ ശ്വാസോച്ഛ്വാസവും ഒരാൾതന്നെ ചെയ്യേണ്ടിവരും. 30 പ്രാവശ്യം നെഞ്ചമർത്തൽ - രണ്ടു പ്രാവശ്യം കൃത്രിമ ശ്വാസോച്ഛ്വാസം എന്ന തോതിൽ അഞ്ചാവർത്തി ചെയ്തശേഷം നാഡീമിടിപ്പ് വീണ്ടും പരിശോധിക്കണം. മിടിപ്പില്ല എങ്കിൽ ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കണം. രണ്ടുപേരുണ്ടെങ്കിൽ ഒരാൾ 30 പ്രാവശ്യം നെഞ്ചമർത്തൽ നൽകുകയും, രണ്ടാമത്തെ ആൾ കൃത്രിമ ശ്വാസോച്ഛ്വാസം രണ്ടുപ്രാവശ്യം നൽകുകയും ചെയ്യണം. അഞ്ച് ആവർത്തി കഴിഞ്ഞാൽ പരസ്പരം മാറേണ്ടതാണ്.

ഈ പ്രവർത്തനം രോഗിയുടെ ഹൃദയതാളം സാധാരണഗതിയിലാകുന്നതുവരെ തുടരണം - ഹൃദയതാളം ശരിയാക്കുന്നതിനുള്ള ഉപകരണമാണ് എ ഇ ഡി (AED - Automated External Defibrillator). രോഗിയിലേക്ക് സുരക്ഷിതമായ അളവിൽ വൈദ്യുതി കടത്തിവിടുകയാണ് ഇത് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ താളംതെറ്റിയ ഹൃദയത്തിന്റെ പ്രവർത്തനം ശരിയാക്കാൻ ഈ യന്ത്രത്തിനു കഴിയും. എല്ലാ പൊതുസ്ഥലങ്ങളിലും ഈ സുരക്ഷായന്ത്രം ഉണ്ടായിരിക്കേണ്ടതാണ്, എങ്കിലും ഇത് നമ്മുടെ നാട്ടിൽ വിമാനത്താവളങ്ങളിലും വലിയ വ്യാപാരസ്ഥാപനങ്ങളിലും (Mall) മാത്രമായി ഒതുങ്ങിനിൽക്കുന്നു. ഇത് ഉപയോഗിക്കുന്ന സമയങ്ങളിൽ രോഗിയെ സ്പർശിക്കുവാൻ പാടില്ല. ഉപയോഗിക്കുന്ന സമയത്ത് കുറച്ചുനേരം നെഞ്ചമർത്തൽ നിർത്തിവയ്‌ക്കേണ്ടതാണ്. വൈദ്യുതി ഏല്പിച്ചശേഷം വീണ്ടും പുനരുജ്ജീവനപ്രവർത്തനം തുടരേണ്ടതാണ്.

ഏത് അസുഖത്തിന്റെയും മരണകാരണം ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതാണ്. ഏതെങ്കിലും കാരണത്താൽ അബോധാ വസ്ഥയിലാകുന്ന ഒരാളിൽ പുനരുജ്ജീവന പ്രവർത്തനം ഉടൻ ആരംഭിച്ചാൽ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിച്ചേക്കാം. ഇത് ഒരു പ്രഥമശുശ്രൂഷ മാത്രമാണ്. യഥാർത്ഥ കാരണം കണ്ടെത്തിയാൽ മാത്രമേ ചികിത്സ പൂർത്തിയാകൂ. അതിനാൽ വിദഗ്ദ്ധ വൈദ്യസഹായം ഉടനടി എത്തി ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഒരു ആശുപത്രിയിൽവച്ച് ഹൃദയപുനരുജ്ജീവന പ്രവർത്തനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ചെയ്യുവാൻ സാധിക്കും. ഈ രീതിയെ സമഗ്രജീവൻരക്ഷാ മാർഗ്ഗങ്ങൾ (Comprehensive Cardiac Life Support) എന്നാണ് പറയുന്നത്. ഹൃദയത്തിന്റെ പ്രവർത്തനം ആരംഭിച്ചശേഷവും രോഗിയെ നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഹൃദയത്തിന്റെ പ്രവർത്തനം വീണ്ടെടുത്തുകഴിഞ്ഞാൽ ജീവൻരക്ഷാമാർഗ്ഗങ്ങൾ നിർത്തരുത്.

ഹൃദയ ശ്വാസോച്ഛ്വാസം പുനരുജ്ജീവനം വഴി ശ്വാസോച്ഛ്വാസവും നാഡീമിടിപ്പും തിരിച്ചുലഭിച്ചാൽ രോഗിയെ ചരിച്ചുകിടത്തി ആശുപത്രിയിൽ എത്തുന്നതുവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യേണ്ടത്. ഇതിനുമുൻപായി രോഗിയുടെ നട്ടെല്ലിന് പരിക്കുപറ്റിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം. ചരിഞ്ഞുകിടക്കുമ്പോൾ വായിലെ സ്രവങ്ങൾ ശ്വാസകോശത്തിലേക്ക് പോകുന്നതിനും,ശ്വാസ തടസ്സമുണ്ടാകുവാനുമുള്ള സാധ്യത വളരെ കുറവാണ്.

സമഗ്ര ജീവൻരക്ഷാമാർഗങ്ങൾ വിജയപ്രദമാകണമെങ്കിൽ കൂടുതൽ പേർക്ക് നെഞ്ചമർത്തൽ മാത്രമായ ജീവൻ രക്ഷാപ്രവർത്തനത്തിലും അടിസ്ഥാന ജീവൻരക്ഷാ പ്രവർത്തനങ്ങളിലും പരിശീലനം നൽകേണ്ടതാണ്. ഒരു കുടുംബത്തിൽ ഒരു ജീവൻരക്ഷാ പ്രവർത്തകനെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. ഓരോ പഞ്ചായത്ത് വാർഡിലും കഴിയുന്നത്ര ആളുകൾക്ക് അടിസ്ഥാന ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകേണ്ടതുമാണ്. സർക്കാരും, സന്നദ്ധസംഘടനകളും, പൊതുപ്രവർത്തകരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഇത് നിഷ്പ്രയാസം സാധ്യമാക്കാം.

READ: യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments