ഏകലോകം
ഏകാരോഗ്യം

‘‘വനനശീകരണം, വന്യജീവികളുടെ ആവാസ വ്യവസ്ഥയിലെ മാറ്റം, അശാസ്ത്രീയ ഭൂമി വിനിയോഗം, കാലാവസ്ഥാവ്യതിയാനം എന്നിവ നിരവധി ജന്തുജന്യ / പ്രാണിജന്യ രോഗങ്ങളുടെ ആവിർഭാവത്തിനും, അവ പകരുന്നതിനും കാരണമാകുന്നുണ്ട്. മനുഷ്യ- വന്യ ജീവി സംഘർഷങ്ങൾക്കും മനുഷ്യന്റെ ഇത്തരം ഇട പെടലുകൾ കാരണമാകുന്നുണ്ട്. പാമ്പു വിഷബാധ മുതൽ വന്യ ജീവികളുടെ ആക്രമണം വരെ ഇവയിൽ ഉൾപ്പെടുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ദിവ്യമോൾ എൻ. എഴുതിയ ലേഖനം.

“മറക്കരുത്, വാവലുകൾ ആരുടെയും പൂർവികരുടെ ആത്മാക്കളല്ല. ദൈവം തമ്പുരാന്റെ സൃഷ്ടിയിലെ പറക്കുന്ന ജീവികളാണ്. കരിക്ക് നശിക്കട്ടെ, സാരമില്ല. ബാക്കി കിട്ടുന്നത് മതി. ദൈവസൃഷ്ടിയിലെ തെങ്ങുകളിലെ കരിക്കുകളിൽ വാവലുകൾക്ക് അവകാശമുണ്ട്. ദൈവം തമ്പുരാൻ സൃഷ്ടിയുടെ ദിവ്യമുഹൂർത്തത്തിൽ കല്പിച്ചു കൊടുത്ത പുരാതനമായ അവകാശം. സ്റ്റൈൽ. ഓർക്കുക, ജീവികളായ സർവജീവികളും ഭൂമിയുടെ അവകാശികൾ. മംഗളം!”
ഭൂമിയുടെ അവകാശികൾ, വൈക്കം മുഹമ്മദ് ബഷീർ).

ഭൂമി, മനുഷ്യരടക്കമുള്ള സകല ജീവജാലങ്ങളുടെയും വാസസ്ഥലമാണ്. ഇവിടെയുള്ള മലനിരകളും, സമതലങ്ങളും, സമുദ്രവും, എല്ലാ ജീവജാലങ്ങൾക്കും ആവാസ വ്യവസ്ഥ ഒരുക്കുന്നു. ഇവിടെ മനുഷ്യരും, പക്ഷിമൃഗാദികളും, സസ്യങ്ങളും മറ്റ് ജീവികളും ഒരേ വായു ശ്വസിക്കുന്നു, ഒരേ വെള്ളം കുടിക്കുന്നു, ഒരേ പരിസ്ഥിതി പങ്കിടുന്നു. ഇവിടെ ഓരോ ജീവന്റെയും നില നിൽപ്പ് മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നു; അതുപോലെ തന്നെ ഓരോ ജീവിയുടെയും ആരോഗ്യവും. മനുഷ്യരോ മൃഗങ്ങളോ പ്രകൃതിയോ നേരിടുന്ന ഏത് അനാരോഗ്യവും, എല്ലാ വിഭാഗങ്ങളേയും ബാധിക്കുന്നു. ഇങ്ങനെ, പാര സ്പര്യത്തിൽ അധിഷ്ഠിതമായ ആരോഗ്യത്തെ വേർതിരിച്ചു കാണുന്നതിൽ അടിസ്ഥാനമില്ല. ഇവിടെയാണ് ‘ഏകലോകം ഏകാരോഗ്യം’ എന്ന ആശയം പ്രസക്തമാകുന്നത്.

ലോകാരോഗ്യ സംഘടനയുടെ നിർവചനം പ്രകാരം, ’ഏകാരോഗ്യം’ എന്നത് മനുഷ്യർ, മൃഗങ്ങൾ, പരിസ്ഥിതി എന്നിവയുടെ ആരോഗ്യം ഒരുമിച്ച് പരിഗണിച്ച് സംതുലിതപ്പെടുത്താനും, മെച്ചപ്പെടുത്താനും ശ്രമിക്കുന്ന ഏകോപിതവും ഏകീകൃതവുമായ സമീപനമാണ്. ഇവിടെ ആരോഗ്യ സംരക്ഷണം വ്യത്യസ്ത മേഖലകളായ മനുഷ്യാരോഗ്യം, മൃഗാരോഗ്യം, കാർഷിക-വ്യവസായിക-പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയവ ആയി നിലനിർത്താതെ ഇവ തമ്മിലുള്ള ബന്ധങ്ങൾ തിരിച്ചറിഞ്ഞ് ഏകോപിത സംരക്ഷണ സമീപനം വഴി ആരോഗ്യത്തെ സമഗ്രമായി കാണുകയാണ് ചെയ്യുന്നത്. സമീപകാലത്താണ് കൂടുതൽ ശ്രദ്ധ ആകർഷിച്ചു തുടങ്ങിയതെങ്കിലും, പണ്ടു മുതൽക്കേ നമ്മുടെ ചിന്തകളിൽ ഉണ്ടായിരുന്ന ആശയമാണിത്.

മനുഷ്യ- മൃഗ- പരിസ്ഥിതി ആരോഗ്യത്തെ ബാധിക്കുന്ന യഥാർത്ഥ ഉദാഹരണങ്ങൾ പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) ഉദാഹരണമായി എടുക്കാം. ഈ രോഗം പക്ഷികളിൽ നിന്നാണ് ഉൽഭവിക്കുന്നത്. കോഴി / താറാവു വളർത്തൽ പോലുള്ള മേഖലകളിൽ മനുഷ്യർ പക്ഷികളോട് അടുത്ത് ജീവിക്കുമ്പോൾ മനുഷ്യരിലേക്കും പകരാൻ സാധ്യതയുണ്ട്. ഈ അടുത്തകാലത്ത് ഏറെ ആശങ്ക ഉയർത്തിയ നിപ്പ വൈറസ് രോഗം, പഴം തീനി വവ്വാലുകളിൽ നിന്നും ഉൽഭവിച്ച് മനുഷ്യരിലേക്ക് പടരുന്നു. വവ്വാലുകളുടെ വാസസ്ഥലം നശിപ്പിക്കുന്ന എല്ലാ പ്രവ ർത്തനങ്ങളും (വനനശീകരണം, നഗരവൽക്കരണം, വവ്വാലുകളെ ഒഴിപ്പിക്കൽ തുടങ്ങിയവ) അവയുടെ ഉമിനീരിലൂടെയും വിസർജ്യത്തിലൂടെയും തീവ്രമായി വൈറസിനെ പുറന്തള്ളുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഈ സാഹചര്യങ്ങളിൽ മനുഷ്യർക്ക് രോഗബാധയുണ്ടാകാൻ സാധ്യത കൂടുതലാണ്. എലിപ്പനി പടരുന്നത് എലി/മൃഗ മൂത്രത്താൽ മലിനമാക്കപ്പെട്ട വെള്ളക്കെട്ടുകളിൽ സുരക്ഷിതമല്ലാത്ത രീതിയിൽ സമ്പർക്കം ഉണ്ടാകുമ്പോഴാണ്.

കൃഷി, ശുചീകരണ പ്രവർത്തനം തുടങ്ങിയ തൊഴിൽ മേഖലയിൽ ഉള്ളവർക്ക് ഈ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധിച്ചില്ലെങ്കിൽ നൂറ് ശതമാനവും മരണകാരണമായി മാറുന്ന പേവിഷബാധ (റാബീസ്) പട്ടികൾ ഉൾപ്പെടുന്ന സസ്തനികളുടെ കടിയോ മാന്തലോ കാരണമാണ് (ഉമിനീർ വഴി) മനുഷ്യരിലേക്ക് പടരുന്നത്. വളർത്തുമൃഗങ്ങളുമായി അടുത്ത സമ്പർക്കമുള്ളവർ, വനമേഖലയിൽ ജോലിചെയ്യുന്നവർ, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കു പേവിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തെരുവുനായകൾ ക്രമാതീതമായി ഉയർന്നുവരുന്ന ഈ കാലഘട്ടത്തിൽ പേവിഷബാധ മൃഗങ്ങൾക്കിടയിലും മനുഷ്യരിലേക്കും പടരുന്നത് നിയന്ത്രിക്കേണ്ട മാർഗ്ഗങ്ങൾ ഊർജ്ജിതമാക്കേണ്ടിയിരിക്കുന്നു. കുരങ്ങുപനി (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ്) വനമേഖലയിൽ കുരങ്ങുകളെ പ്രധാനമായും ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്. കുരങ്ങുകൾ കൂട്ടത്തോടെ ചത്തുവീഴുന്നത് ഈ രോഗത്തിന്റെ പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങളിലൊന്നാണ്. വനമേഖലയിൽ ജോലി ചെയ്യുന്നവർക്കും അവിടെ താമസിക്കുന്നവർക്കും ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

രോഗബാധിത കുരങ്ങുകളുമായി നേരിട്ട് ഇടപഴകുമ്പോഴോ, അവയിൽ നിന്നുള്ള ടിക്കുകൾ (ticks) മനുഷ്യരെ കടിക്കുമ്പോഴോ രോഗം പകരാം. ക്ഷയരോഗം, ബ്രൂസെല്ലോസിസ് എന്നിവ കന്നുകാലികളിൽ നിന്ന് പാൽ വഴി മനുഷ്യരിലേക്ക് പകരാവുന്നതാണ്. ഇവിടെയെല്ലാം മൃഗാരോഗ്യം, മനുഷ്യാരോഗ്യം, പരിസ്ഥിതി സാഹചര്യങ്ങൾ എന്നിവ തമ്മിലുള്ള ശക്തമായ ബന്ധം വ്യക്തമാണ്.

2019-ൽ ലോകമാകമാനം വിനാശം വിതച്ച കോവിഡ് മഹാമാരിയും ഒരു ജന്തുജന്യ രോഗമായാണ് കണക്കാക്കപ്പെടുന്നത്.
2019-ൽ ലോകമാകമാനം വിനാശം വിതച്ച കോവിഡ് മഹാമാരിയും ഒരു ജന്തുജന്യ രോഗമായാണ് കണക്കാക്കപ്പെടുന്നത്.

ഇതുവരെ നമ്മൾ പ്രതിപാദിച്ചത് ജന്തുജന്യ രോഗങ്ങളെക്കുറിച്ചാണ്. 2019-ൽ ലോകമാകമാനം വിനാശം വിതച്ച കോവിഡ് മഹാമാരിയും ഒരു ജന്തുജന്യ രോഗമായാണ് കണക്കാക്കപ്പെടുന്നത്. ഉറവിടം സംബന്ധിച്ച ഗവേഷണങ്ങൾ ഇപ്പോഴും തുടരുന്നു. രാജ്യാന്തരയാത്രകളും, കയറ്റിറക്കുമതിയും, രോഗാണുക്കളെ ഞൊടിയിടയിൽ ഭൂമിയുടെ ഏതു കോണിലും എത്തിക്കാൻ പ്രാപ്തമാണ്. പ്രാണിജന്യരോഗങ്ങൾ മനുഷ്യ- മൃഗ- പരിസ്ഥിതി അസംതുലിതാവസ്ഥയിലുണ്ടാകുന്ന മറ്റ് ഒരു വിഭാഗം ആരോഗ്യ പ്രശ്നങ്ങളാണ്. ഇതിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലമ്പനി, വെസ്റ്റ് നൈൽ ഫീവർ, ജപ്പാൻ ജ്വരം തുടങ്ങിയവ ഉൾപ്പെടുന്നു. കൊതുകുകൾ പ്രജനനം നടത്തുന്ന രീതിയിൽ വെള്ളം കെട്ടിക്കിടക്കുന്ന ഉറവിട സ്രോതസ്സുകൾ ഈ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് മഴക്കാലങ്ങളിൽ ഇത്തരം രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പാടശേഖരങ്ങൾ, പന്നി ഫാമുകൾ, ദേശാടന പക്ഷികൾ എന്നിവയുടെ സമീപ്യം ജപ്പാൻ ജ്വരത്തിന്റെ പരിസ്ഥിതി ഘടകങ്ങളാണ്. കുറ്റിച്ചെടികൾക്കിടയിലും വനപ്രദേശങ്ങളിലും കാണുന്ന ചിലയിനം ചെള്ളുകൾ ചെള്ളുപനിക്ക് (സ്ക്രബ് ടൈഫസ്) കാരണമാകുന്നു. വനമേഖലയിലുള്ള മനുഷ്യന്റെ ഇടപെടലുകൾ ഇത്തരം രോഗം പകരാൻ ഇടയാക്കുന്നു. ആഗോള താപനത്തെ തുടർന്ന് താപനിലയും ഈർപ്പവും മാറുന്നതോടെ കൊതുകുകൾ, ടിക്കുകൾ പോലുള്ള രോഗവാഹകരുടെ വ്യാപ്തി പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും, അതുവഴി മുമ്പ് കുറവായിരുന്ന പ്രദേശങ്ങളിലും രോഗങ്ങൾ കണ്ടുവരാൻ തുടങ്ങുകയും ചെയ്യുന്നു. ദുരന്തമുഖത്തും സാംക്രമിക രോഗങ്ങൾ വേഗത്തിൽ പടർന്നുപിടിക്കുന്നു. പ്രളയത്തെ തുടർന്ന് കേരളത്തി ൽ എലിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

വനനശീകരണം, വന്യജീവികളുടെ ആവാസ വ്യവസ്ഥയിലെ മാറ്റങ്ങൾ, അശാസ്ത്രീയമായ ഭൂമി വിനിയോഗം, കാലാവസ്ഥാവ്യതിയാനം എന്നിവ നിരവധി ജന്തുജന്യ / പ്രാണിജന്യ രോഗങ്ങളുടെ ആവിർഭാവത്തിനും, അവ പകരുന്നതിനും കാര ണമാകുന്നുണ്ട്. വർദ്ധിച്ചുവരുന്ന മനുഷ്യ- വന്യ ജീവി സംഘർഷങ്ങൾക്കും മനുഷ്യന്റെ ഇത്തരം ഇട പെടലുകൾ വലിയ തോതിൽ കാരണമാകുന്നുണ്ട്. പാമ്പു വിഷബാധ മുതൽ വന്യ ജീവികളുടെ ആക്രമണം വരെ ഇവയിൽ ഉൾപ്പെടുന്നു.

എന്നാൽ, മനുഷ്യരും മൃഗങ്ങളും പരിസ്ഥിതിയും ചേരുന്ന ബന്ധം രോഗകാരണത്തിൽ മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും ഉതകുന്നതാണ്. മാനസികാരോഗ്യം ഊട്ടിയുറപ്പിക്കാൻ ഇത്തരം പാരസ്പര്യം പര്യാപ്തമാണെന്നും ഗവേഷണം സാക്ഷ്യപ്പെടുത്തുന്നു. മൃഗപരിപാലനവും, പൂന്തോട്ടങ്ങളും, കൃഷികളും എല്ലാം മാനസികാരോഗ്യത്തെ പരിരക്ഷിക്കുന്നുണ്ട്.

മനുഷ്യരും മൃഗങ്ങളും പരിസ്ഥിതിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് വർദ്ധിച്ചുവരുന്ന ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR). മനുഷ്യരിലും, മൃഗങ്ങളിലും, ഭക്ഷ്യ- കാർഷികവിളകളിലും മറ്റും ആന്റിമൈക്രോബിയലുകളുടെ (ആന്റിബയോട്ടിക്സ്, ആന്റി വൈറൽസ്, ആന്റി ഫംഗൽസ്, തുടങ്ങിയവ) അനുചിതവും അനിയന്ത്രിതവുമായ ഉപയോഗം മൂലം ചികിത്സയ്ക്ക് പ്രതികരിക്കാത്ത ബാക്ടീരിയകളടക്കമുള്ള സൂക്ഷ്മജീവികളുണ്ടാക്കപ്പെടുന്നു. പകർച്ചവ്യാധികളുടെ ചികിത്സയെ മാത്രമല്ല, ചില പകർച്ചേതരവ്യാധികളിൽ (പ്രമേഹം, വൃക്ക സംബന്ധമായ രോഗങ്ങൾ, അർബുദം തുടങ്ങിയവ) അണുബാധ നിയന്ത്രിക്കാനാവത്തത് ഇത്തരം രോഗാവസ്ഥ സങ്കീർണമായേക്കാം. ഇത് ആരോഗ്യ പ്രശ്നം മാത്രമല്ല പരിസ്ഥിതി പ്രശ്നവും കൂടിയാണ്. കാരണം, ഈ പ്രതിരോധശേഷിയുള്ള സൂക്ഷ്മജീവികള്‍ വെള്ളം, മണ്ണ് എന്നിവ വഴി വ്യാപിക്കാം. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR) നിയന്ത്രിക്കാൻ ആരോഗ്യരംഗം, മൃഗസംരക്ഷണം, കൃഷി, പരിസ്ഥിതി സംരക്ഷണം തുട ങ്ങിയവ തമ്മിലുള്ള ഏകോപിത പ്രവർത്തനം അനിവാര്യമാണ്.

ജലമലിനീകരണം മറ്റൊരു ഏകാരോഗ്യപ്രശ്നമാണ്. മനുഷ്യരുടെ ഗാർഹിക മാലിന്യങ്ങളും, വ്യാവസായിക മാലിന്യങ്ങളും പലപ്പോഴും ജലസ്രോതസ്സുകളെ മലിനമാക്കുന്നു. ചില കർഷകർ ഉൽപാദനം വർധിപ്പിക്കാൻ അശാസ്ത്രീയ രീതിയിൽ രാസവളങ്ങളും, കീടനാശിനികളും ഉപയോ ഗിക്കാറുണ്ട്. ഇവ ജലസ്രോതസ്സുകളിൽ ഒഴുകി എത്തി ജലജീവികളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ ബാധിക്കാം. ജലജീവികൾ ചത്തൊടുങ്ങാം. ഇത്തരം മത്സ്യങ്ങളെയും മറ്റ് ജല ജീവികളെയും ഭക്ഷണമായി ഉപയോഗിക്കുമ്പോൾ മനുഷ്യരിൽ ഭക്ഷ്യ- ജന്യ രോഗങ്ങളും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. കഴിഞ്ഞ വർഷം കൊച്ചിയിൽ ചരക്ക് കപ്പൽ അപകടത്തിൽപെട്ടു സമുദ്രതീരത്ത് ആശങ്ക ഉണ്ടായത് നാം മറന്നിട്ടില്ലല്ലോ. ഒരിക്കൽ നിയന്ത്രിതമായിരുന്ന മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങൾ ഈ അടുത്ത കാലത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുടിവെള്ളസ്രോതസ് വിസർജ്യങ്ങളാൽ മലിനമാക്കപ്പെടുന്നതിനാലാണിത്.

അതുപോലെ, വിനോദത്തിനുപയോഗിക്കുന്ന നീന്തൽ കുളങ്ങൾ, വാട്ടർ അമ്യൂസ്മെൻറ്റ് പാർക്കുകൾ തുടങ്ങിയവ ശരിയായ രീതിയിൽ ശുദ്ധീകരിച്ച് സംരക്ഷിക്കാതിരിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം പോലുള്ള മാരകരോഗങ്ങൾ പിടിപെടുന്നത്.

വിനോദത്തിനുപയോഗിക്കുന്ന നീന്തൽ കുളങ്ങൾ, വാട്ടർ അമ്യൂസ്മെൻറ്റ് പാർക്കുകൾ തുടങ്ങിയവ ശരിയായ രീതിയിൽ ശുദ്ധീകരിച്ച് സംരക്ഷിക്കാതിരിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം പോലുള്ള മാരകരോഗങ്ങൾ പിടിപെടുന്നത്.
വിനോദത്തിനുപയോഗിക്കുന്ന നീന്തൽ കുളങ്ങൾ, വാട്ടർ അമ്യൂസ്മെൻറ്റ് പാർക്കുകൾ തുടങ്ങിയവ ശരിയായ രീതിയിൽ ശുദ്ധീകരിച്ച് സംരക്ഷിക്കാതിരിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം പോലുള്ള മാരകരോഗങ്ങൾ പിടിപെടുന്നത്.

ഖരമാലിന്യങ്ങളും, ദ്രവമാലിന്യങ്ങളും അടങ്ങുന്ന മാലിന്യ സംസ്കരണം വലിയ പൊതുജനാരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്ലാസ്റ്റിക്, ഖനലോഹങ്ങൾ വലിച്ചെറിയുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ (e-waste) തുടങ്ങിയവ മണ്ണിനെയും ജലസ്രോതസുകളെയും മലിനമാക്കുന്നു. അവ കത്തിക്കുന്നത് വായുമലിനീകരണത്തിനും ക്യാൻസർ, ശ്വാസകോശരോഗങ്ങൾ പോലുള്ളവയ്ക്കും കാരണമാകുന്നു. ഇത്തരം മാലിന്യങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം, എലികൾക്കും മറ്റ് രോഗവാഹക ജീവികൾക്കും പെരുകാൻ അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഇതുവഴി അവ പകർത്തുന്ന നിരവധി രോഗങ്ങൾ വ്യാപിക്കാൻ സാധ്യത ഉയരുന്നു.

ഭക്ഷ്യസുരക്ഷ മറ്റൊരു പ്രധാനപ്പെട്ട ഏകാരോഗ്യ പ്രശ്നമാണ്. കൃഷി, വനം, മൽസ്യബന്ധനം തുടങ്ങിയ മേഖലകളിൽനിന്നുള്ള ഉൽപാദനം, ശേഖരണം, സംസ്ക രണം, വിതരണം, ഉപഭോഗം, മാലിന്യസംസ്കരണം എന്നീ ഘട്ട ങ്ങളെല്ലാം ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് കിടക്കുന്നു. മൃഗങ്ങളിലുണ്ടാകുന്ന രോഗങ്ങൾ, മലിനജലം, കീടനാശിനികളുടെ അവശിഷ്ടങ്ങൾ എന്നിവ ഭക്ഷ്യശൃംഖല യിലൂടെ മനുഷ്യരിലേക്ക് എത്താം.

കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം, പ്രകൃതി ദുരന്തങ്ങൾ എന്നിവ മനുഷ്യരെയും, പക്ഷികളെയും, മൃഗങ്ങളെയും ബാധിക്കുകയും, ഭക്ഷ്യ സുരക്ഷക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്യാം.

ഏകാരോഗ്യം എങ്ങനെ പരിരക്ഷിക്കാം?

ഏകാരോഗ്യം പ്രാവർത്തികമാക്കാൻ വിവിധ തലങ്ങളിലായി ഏകോപിതമായ പ്രവർത്തനങ്ങൾ അനിവാര്യമാണ്. ആരോഗ്യം, തദ്ദേശസ്വയംഭരണം. മൃഗസംരക്ഷണം, വനം- വന്യജീവി, പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാനം, കൃഷി, ജലസേചനം, ക്ഷീരവികസനം, ഫിഷറീസ്, ജലവകുപ്പ്, ഭക്ഷ്യസുരക്ഷ, ഡ്രഗ് കൺട്രോൾ, മലിനീകരണ നിയന്ത്രണബോർഡ്, സമാന്തര ചികിത്സ, തുടങ്ങിയ വിവിധ വകുപ്പുകൾ തമ്മിൽ സ്ഥിരമായ സഹകരണവും വിവരം പങ്കിടലും ഉറപ്പാക്കണം.

സംയുക്ത നിരീക്ഷണ സംവിധാനം (Surveillance)

മനുഷ്യരിലും പക്ഷികളിലും മൃഗങ്ങളിലുമുള്ള രോഗങ്ങളെ ഒരുമിച്ച് നിരീക്ഷിക്കുന്ന സംവിധാനം ശക്തിപ്പെടണം. ഇത് സാമൂഹികാധിഷ്ഠിതമായി നട ക്കണം. രോഗങ്ങൾ നേരത്തെ കണ്ടെത്താൻ ഇത് സഹായിക്കും. മിക്ക ആരോഗ്യപ്രശ്നങ്ങൾക്കും മുന്നോടിയായി അപകടസൂചനകൾ ഉണ്ടാകാം. അത് മൃഗങ്ങൾക്കിടയിലെ മരണങ്ങളോ, രോഗ ലക്ഷണങ്ങളോ പലായനങ്ങളോ ഒക്കെയാകാം. കുരങ്ങുകൾ, കോഴികൾ, വവ്വാലുകൾ തുടങ്ങിയവ ചത്തുവീഴുന്നത്, കൊതുകുകളുടെ പ്രജനനം കൂടുന്നത്, ദേശാടനക്കിളികൾ വരുന്നത്, കന്നുകാലികളിലുണ്ടാകുന്ന അബോർഷൻ എന്നിവയൊക്കെ സൂചനകളാണ്. ഇത്തരം സംഭവങ്ങളുണ്ടായാൽ, റിപ്പോർട്ട് ചെയ്യണം, ജാഗ്രത വർദ്ധിപ്പിക്കണം. പ്രാരംഭ ഘട്ടത്തിൽത്തന്നെ രോഗനിർണയം നടത്തി പ്രതിരോധമാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്. മൃഗസംരക്ഷണം, വനം-വന്യജീവി, കൃഷി, ആരോഗ്യവകുപ്പുകൾ ഇത്തരം സംഭവങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതും വിവരങ്ങൾ കൈമാറി പ്രതിരോധം ശക്തമാക്കേണ്ടതുമാണ്.

പൊതുജന ബോധവൽക്കരണം

മനുഷ്യരുടെയും മൃഗങ്ങളുടെയും ഇടയിലുള്ള രോഗകാരണങ്ങളെയും, രോഗലക്ഷണങ്ങളെയും പ്രതിരോധമാർഗങ്ങളെയും കുറിച്ച് ബോധവാന്മാരായിരിക്കുക.

മൃഗങ്ങളുടെ കടിയോ മാന്തലോ കൊണ്ട് മുറിവുണ്ടാകുമ്പോൾ, ഉടനടി സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ പതിനഞ്ച് മിനിറ്റ് നേരം മുറിവ് കഴുകിയശേഷം ആശുപത്രിയിൽ ചെന്ന് പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കാവുന്നതാണ് (പോസ്റ്റ് എക്സ്പോഷർ പ്രോഫിലാക്സിസ്).
മൃഗങ്ങളുടെ കടിയോ മാന്തലോ കൊണ്ട് മുറിവുണ്ടാകുമ്പോൾ, ഉടനടി സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ പതിനഞ്ച് മിനിറ്റ് നേരം മുറിവ് കഴുകിയശേഷം ആശുപത്രിയിൽ ചെന്ന് പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കാവുന്നതാണ് (പോസ്റ്റ് എക്സ്പോഷർ പ്രോഫിലാക്സിസ്).

മൃഗങ്ങളെ പരിപാലിക്കുന്നവർ അവർക്ക് വാക്സിനേഷനുകൾ എടുപ്പിക്കുക. സ്വയം വാക്സിനേഷനുകൾ സ്വീകരിക്കുക, പ്രത്യേകിച്ച് പേവിഷബാധ തടയാൻ മൃഗങ്ങൾക്കും മനുഷ്യർക്കും കുത്തിവെപ്പെടുക്കാം. മൃഗങ്ങളെ പരിപാലിക്കുന്നവർക്ക് മുറിവുകൾ ഉണ്ടാവുന്നതിനുമുമ്പുതന്നെ പ്രീ- എക്സ്പോഷർ പ്രൊഫൈലാക്സിസ് എടുക്കാവുന്നതാണ്. അല്ലാത്തപക്ഷം മൃഗങ്ങളുടെ കടിയോ മാന്തലോ കൊണ്ട് മുറിവുണ്ടാകുമ്പോൾ, ഉടനടി സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ പതിനഞ്ച് മിനിറ്റ് നേരം മുറിവ് കഴുകിയശേഷം ആശുപത്രിയിൽ ചെന്ന് പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കാവുന്നതാണ് (പോസ്റ്റ് എക്സ്പോഷർ പ്രോഫിലാക്സിസ്).

ഒരിക്കൽ കുത്തിവെപ്പുകൾ പൂർത്തിയായാൽ, തുടർന്നുണ്ടാകുന്ന മുറിവുകൾക്ക് റി-എക്സ്പോഷർ പ്രോഫിലാക്സിസ് (2 ഡോസ് വാക്സിൻ) എടുക്കണം. വളർത്തുമൃഗങ്ങൾക്ക് മറ്റ് വന്യ / തെരുവ് മൃഗങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുക. ആന്റി മൈക്രോബിയലുകൾ അനാവശ്യമായും ഗ്രോത്ത് പ്രൊമോട്ടർ ആയും, ഉപയോഗിക്കരുത്. മൃഗപരിപാലത്തിനുശേഷം കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.

വനമേഖലയിലേക്കുള്ള അധിനിവേശം കുറയ്ക്കുക, ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ വ്യക്തിഗത സുരക്ഷാമാർഗങ്ങളും (PPE) വാക്സിനേഷനുകളും സ്വീകരിക്കുക. വനമേഖലയിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത്. വവ്വാലുകൾ വസിക്കുന്ന മരങ്ങൾ മുറിക്കുകയോ അവയെ ഉപദ്രവിച്ച് ഒഴിപ്പിക്കുകയോ ചെയ്യരുത്.

സുരക്ഷിത ഭക്ഷണശീലങ്ങൾ (തിളപ്പിച്ചാറിയ വെള്ളം, തിളപ്പിച്ച പാൽ, വേവിച്ച മാംസം, കഴുകിയ പഴങ്ങൾ, പച്ചക്കറികൾ), ആഹാരത്തിനു മുമ്പേയും, ടോയ്ലറ്റ് ഉപയോഗിച്ചശേഷവും സോപ്പുപയോഗിച്ച് കൈകഴുകൽ, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ എല്ലായിപ്പോഴും ജീവിതരീതിയുടെ ഭാഗമാക്കുക. തുറസ്സായ സ്ഥലങ്ങളിൽ മല മൂത്ര വിസർജനം അരുത്. ആന്റി മൈക്രോബിയലുകൾ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോ ഗിക്കുക. സ്വയംചികിത്സ അരുത്.

പരിസ്ഥിതി സംരക്ഷണം

ജലസംരക്ഷണം, വായുസംരക്ഷണം, മണ്ണ് സംരക്ഷണം, വനസംരക്ഷണം, മലിനീകരണ നിയ ന്ത്രണം എന്നിവ ശക്തമാക്കണം. ശാസ്ത്രീയമായ രീതിയിൽ മാലിന്യങ്ങൾ സംസ്കരിക്കണം. മഴക്കാലത്തും ദുരന്തമുഖങ്ങളിലും വെള്ളക്കെട്ടുകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ജലസ്രോതസ്സുകൾ (കുടിവെള്ളസ്രോതസ്സുകൾ, സ്വിമ്മിങ്പൂളുകൾ) കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. കൊതുകുകളുടെ പ്രജനനം തടയണം. പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ജലസേചന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവയുമായി ആരോഗ്യവിഭാഗം ചേർന്ന് പ്രവർത്തിക്കണം. കൊതുകുകളുടെ പ്രജനനം തടയണം.

ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഉത്പാദനം, സംസ്കരണം, ശേഖരണം, വിതരണം, ഉപയോഗം, മാലിന്യസംസ്കരണം എന്നിവയുടെ ഓരോ ഘട്ടങ്ങളിലും ശുചിത്വവും, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുക.

സുരക്ഷിതവും ശാസ്ത്രീയവുമായ കൃഷിരീതികൾ

കീടനാശിനികളും രാസവളങ്ങളും, നിയന്ത്രിതമായും നിർദേശത്തോടെയും മാത്രം ഉപയോഗിക്കുക, സംയോജിത കീടനിയന്ത്രണം, ജൈവകൃഷി എന്നിവ പ്രോത്സാഹിപ്പിക്കുക. കാർഷികവിളകളിലും ഭക്ഷ്യ ഉപയോഗത്തിനായുള്ള മൃഗവളർത്തലുകളിലും ആന്റി മൈക്രോബിയലുകൾ അശാസ്ത്രീയമായി ഉപയോഗിക്കരുത്. ഉപയോഗിക്കുന്ന ആന്റിമൈക്രോബിയലുകൾ പ്രകൃതിയെ മലിനമാക്കരുത്.

പ്രതിരോധ കുത്തിവയ്പ്പുകൾ

മനുഷ്യർക്കും മൃഗങ്ങൾക്കും ആവശ്യമായ വാക്സിനേഷൻ ഉറപ്പാക്കണം. ജന്തുക്കളിൽ പേവിഷബാധ, ആന്ത്രാക്സ്, ഇൻഫ്ലുവൻസ (പ്രത്യേകിച്ച് പക്ഷിപ്പനി), ബ്രൂസെല്ലോസിസ്, എലിപ്പനി, ക്ഷയം തുടങ്ങിയ രോഗങ്ങളെ പ്രതിരോധകുത്തി വയ്പ്പുകൾ വഴി നിയന്ത്രിക്കാനാകുന്നു. വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മൃഗങ്ങൾക്ക് ഉചിതമായ വാക്സിനുകൾ ലഭ്യമാക്കണം മൃഗങ്ങളിൽ വാക്സിനേഷൻ നടത്തുന്നത് മനുഷ്യരിലേക്കുള്ള രോഗവ്യാപനം കുറയ്ക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നു.

മനുഷ്യരിൽ റാബീസ്, ജാപ്പനീസ് എൻസെഫലൈറ്റിസ്, കോവിഡ്- 19, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, കോളറ, ക്ഷയം എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാണ്.

തൊഴിൽപരമായ സുരക്ഷ

മൃഗങ്ങളുമായി ഇടപഴകുന്നവർ, ഫാം തൊഴിലാളികൾ, ലാബ് ജീവനക്കാർ എന്നിവർ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (Pesonal Protective Equipments) ഉപയോഗിക്കുക. ശുചീകരണ തൊഴിലാളികൾ, ദുരന്ത മുഖത്ത് പ്രവർത്തിക്കുന്ന വർ തുടങ്ങിയവർ എലിപ്പനി തടയാൻ ഡോക്സിസൈക്ലിൻ പ്രതിരോധം സ്വീകരിക്കുക. മലിന ജലവുമായി സമ്പർക്കം വരാത്ത രീതിയിൽ കൈയുറകളും കാലുറകളും ധരിക്കുക.

ഗവേഷണവും നയരൂപീകരണവും

ജന്തുജന്യരോഗങ്ങൾ, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതിപ്രശ്നങ്ങൾ എന്നിവയിൽ കൂടുതൽ ഗവേഷണം നടത്തി അതനുസരിച്ചുള്ള നയങ്ങൾ രൂപപ്പെടുത്തണം. ഏതൊരു ആധുനിക വിക സന പ്രവർത്തനവും അവ ഉണ്ടാക്കാനിടയുള്ള പരിസ്ഥിതി ആഘാതത്തെയും പകർച്ചവ്യാധി സാധ്യതയെയും കണക്കിലെടുക്കണം.

മഹാമാരി മുന്നൊരുക്കം
(പാൻഡമിക് പ്രിപ്പയേഡ്നസ്) അടിയന്തര പ്രതികരണ സംവിധാനം (റാപ്പിഡ് റെസ്പോൺസ്)

രോഗപ്രതിരോധത്തിനും പകർച്ച നിയന്ത്രണത്തിനുമായി മഹാമാരി മുന്നൊരുക്കങ്ങളും വേഗത്തിലുള്ള പ്രതികരണ സംവിധാനങ്ങളും ഉണ്ടാകണം. മഹാമാരികളും ദുരന്തങ്ങളും ഉണ്ടാക്കുന്ന ആഘാതം തടയാൻ തയ്യാറെടുപ്പോടെ ഇരിക്കുക.

മനുഷ്യരുടെയും, മൃഗങ്ങളുടെയും, പ്രകൃതിയുടെയും ആരോഗ്യം ഒരുമിച്ച് പരിരക്ഷിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെല്ലാം ഏകോപിതമായി നടപ്പിലാക്കുമ്പോഴാണ് “ഏകാരോഗ്യം” എന്ന ആശയം ഫലപ്രദമായി പ്രാവർത്തികമാകുന്നത്. പ്രാദേശിക, മേഖല, ദേശീയ ആഗോള തലങ്ങളിൽ ഏകോ പനം അനിവാര്യം ആണ്. ഏകാരോഗ്യം എന്നത് സുസ്ഥിര വികസനത്തിലേക്കുള്ള മാർഗമാണ്. വർദ്ധിച്ച പൊതുജന പങ്കാളിത്തത്തോടുകൂടി നമുക്ക് ഏകലോകം- ഏകാരോഗ്യം എന്ന ലക്ഷ്യം നേടിയെടുക്കാം.

READ : പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും

രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments