ഒരു കുഞ്ഞ് ആദ്യമായി ഉച്ചരിക്കുന്നത് 'മാ' എന്ന അക്ഷരമാണ്. അമ്മ, MAA, Mom എന്നീ വാക്കുകള്‍ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഓര്‍മ്മ ഉണര്‍ത്തുന്നു. അതിന്റെ പ്രധാന കാരണം അമ്മ നല്‍കുന്ന മുലപ്പാല്‍ ആണെന്നു പറയുന്നതില്‍ അതിശയോക്തി ഇല്ല.
'MAA' എന്നാല്‍ Mother's Absolute Affection എന്നും 'MOM' എന്നാല്‍ Mother's Own Milk എന്നുമാണ് നിര്‍വ്വചിച്ചിരിക്കുന്നത്. അതു നല്‍കിയവര്‍ക്കും നല്‍കുന്നവര്‍ക്കും 'I am the best MOM' എന്ന് വിളിച്ചുപറയാം. അത് നമുക്കും അനേകര്‍ക്കും പ്രചോദനമാകട്ടെ.
ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാചരണത്തിന്റെ പ്രമേയം ‘മുലയൂട്ടലിന് മുന്‍ഗണന, സുസ്ഥിരമായ പിന്തുണ ഉറപ്പാക്കുക' എന്നതായിരുന്നു. നാം പ്രകൃതിയിലേക്കു നോക്കിയാല്‍ വേണ്ടുവോളം സ്‌നേഹവും മുലപ്പാലും നല്‍കി കുഞ്ഞുങ്ങളെ പരിചരിക്കുന്നതു കാണാം. എന്നാല്‍ Milk is species specific and baby special എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. പശുക്കുട്ടിയുടെ ശരീരഘടനയ്ക്ക് ഉതകുന്നതാണ് പശുവിന്‍പാല്‍. എന്നാല്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ശാരീരിക, മാനസിക, ബൗദ്ധിക വളര്‍ച്ചയ്ക്കും വൈകാരിക കെട്ടുറപ്പിനും പ്രതിരോധശേഷിക്കും ആവശ്യമായ ഘടകങ്ങളാണ് അമ്മയുടെ മുലപ്പാലില്‍ അടങ്ങിയിരിക്കുന്നത്. ഈ തിരിച്ചറിവ് നമ്മുടെ കുഞ്ഞുങ്ങളിലും കൗമാരക്കാരിലും യുവജനങ്ങളിലും വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. ഇതാണ് ഒന്നാമത്തെ നടപടിക്രമം.
ഒരു കുഞ്ഞിനെപ്പറ്റി ആഗ്രഹിക്കുമ്പോഴും അതിനായി തയ്യാറെടുക്കുമ്പോഴും സ്വന്തം കുഞ്ഞിന്, തന്റെ പങ്കാളിയുടെ സഹായത്തോടെ മുലപ്പാല്‍ എന്ന അമൃത് നല്‍കി വളര്‍ത്തുമെന്ന് പ്രതിജ്ഞ എടുക്കുന്നതാണ് രണ്ടാമത്തെ നടപടിക്രമം. പ്രസവശേഷം ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കണം, സുഖപ്രസവമായാലും സിസേറിയന്‍ ഓപ്പറേഷന്‍ ആയാലും ഇതുതന്നെയാണ് അഭികാമ്യം. എന്നാല്‍ രണ്ടില്‍ ഒരു കുഞ്ഞിന് ഇത് നിഷേധിക്കപ്പെടുന്നു എന്നതാണ് സത്യാവസ്ഥ. പലപല കാരണങ്ങള്‍ പറഞ്ഞ് കുഞ്ഞിനെയും അമ്മയെയും വേര്‍പിരിക്കുന്നതും, പൊടിപ്പാല്‍ നല്‍കുന്നതും സര്‍വ്വസാധാരണമാണ്. ജനിച്ച ഉടനെ കുഞ്ഞിനെ അമ്മയുടെ മാറോടുചേര്‍ത്ത് കമഴ്ത്തി കിടത്തി, അമ്മയുടെ ചൂടും ലാളനവും മുലപ്പാലും നല്‍കുന്ന രീതിയെ 'കംഗാരു മദര്‍കെയര്‍' (KMC) എന്നു വിളിക്കുന്നു. ഈ അവസരത്തില്‍ പ്രകൃതിയില്‍ നാം കാണുന്നതുപോലെ കുഞ്ഞ് നീന്തിനീന്തിച്ചെന്ന് സ്വയം മുലപ്പാല്‍ കുടിക്കുന്നതു കാണാം. ഇതിനെ 'Breast Crawl' എന്നു പറയും.

Zero Separation, Zero Alternate Feeding എന്ന തത്വം പ്രാവര്‍ത്തികമാക്കുന്നതാണ് മൂന്നാമത്തെ നടപടിക്രമം. മാസം തികയാത്തവര്‍, മറ്റു രോഗാതുരതയുള്ളവര്‍ എന്നിവരെ മെഡിക്കല്‍ കാരണങ്ങളാല്‍ നവജാത നഴ്‌സറിയില്‍ പ്രവേശിപ്പിക്കേണ്ടി വരാം എന്നത് അംഗീകരിക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് മുലപ്പാല്‍ പിഴിഞ്ഞ് ഗോകര്‍ണം (Paladai), സ്പൂണ്‍ ഇവ ഉപയോഗിച്ച് നല്‍കണം. ഇതാണ് നാലാമത്തെ നടപടിക്രമം. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ബാങ്ക് വഴി മുലപ്പാല്‍ ലഭ്യമാക്കാവുന്നതാണ്. ഇത് നമ്മുടെ ദേശീയസര്‍ക്കാരിന്റെ ഒരു നയമാണ്. തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇതിനു പ്രചാരം കിട്ടിവരുന്നതേ ഉള്ളൂ. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ഉറപ്പാക്കുന്നതാണ് പ്രധാനം.
അമ്മ എപ്പോഴും ഇരുന്നുതന്നെ കുഞ്ഞിനെ മുലയൂട്ടണമെന്നു നിര്‍ബന്ധമില്ല. കുഞ്ഞിനും അമ്മയ്ക്കും സ്വീകാര്യമായ മറ്റു രീതികളിലും മുലയൂട്ടല്‍ സുരക്ഷിതമായി നല്‍കാവുന്നതാണ്. വിവിധ ശാരീരിക നിലകൾ (feeding positions) ആരോഗ്യപ്രവര്‍ത്തകരോട് ചോദിച്ചു മനസ്സിലാക്കുക. ഇതാണ് അഞ്ചാമത്തെ നടപടിക്രമം.
എത്രസമയം കൂടുമ്പോള്‍ മുലയൂട്ടണം എന്നതാണ് അടുത്ത സംശയം. സമയംവച്ചോ കുഞ്ഞ് കരയുമ്പോഴോ അല്ല മുലപ്പാല്‍ നല്‌കേണ്ടത്. Schedule feeding/Demand feeding എന്നീ രീതികള്‍ മാറ്റേണ്ടിയിരിക്കുന്നു. കുഞ്ഞിന്റെ വിശപ്പിന്റെ സൂചനകൾ ('Hunger Cues') മനസ്സിലാക്കി അവസരോചിതമായി നല്‍കുന്ന ഉത്തരവാദിത്തത്തോടെയുള്ള മുലയൂട്ടൽ (Responsive Feeding) ആണ് ശരിയായ രീതി.
ഒരു കുഞ്ഞിന് വിശക്കുന്നു എന്ന് എങ്ങനെ മനസ്സിലാക്കാം.?
കുഞ്ഞ് നാക്ക് നുണയുകയും തല ചരിച്ച് പാല്‍ കഴിക്കാനായി നോക്കുകയും ചെയ്യും. അതിനുശേഷം കൈകള്‍ നിവര്‍ത്തുകയും കൈ വായില്‍ കൊണ്ടുപോവുകയും ചെയ്യും. പാല്‍ കിട്ടിയില്ലെങ്കില്‍ മൂന്നാം ഘട്ടത്തില്‍ കുഞ്ഞ് കരയാന്‍ തുടങ്ങും. കരയാന്‍ അനുവദിക്കാതെ വിശപ്പിന്റെ സൂചനകള്‍ മനസ്സിലാക്കി മുലപ്പാൽ നല്‍കണം. ഒരു കുഞ്ഞ് ആദ്യംതന്നെ കരയുകയാണെങ്കില്‍ അത് വിശപ്പിന്റെ കരച്ചില്‍ അല്ല എന്നു മനസ്സിലാക്കണം. മറിച്ച് തുണി നനഞ്ഞതുകൊണ്ടോ, തണുത്തിട്ടോ, വേദനകൊണ്ടോ, എടുക്കാനായിട്ടോ ആകാനാണ് സാധ്യത. വയര്‍ വീർക്കുന്നതാണ് വിശപ്പടങ്ങുന്നതിന്റെ ലക്ഷണമെന്നാണ് പലരും കരുതുന്നത്. ഗ്യാസ് കയറിയാലും ഇതു കാണാം. സത്യത്തിൽ, കുഞ്ഞ് വായ്പൂട്ടി ഉറങ്ങാനോ കളിക്കാനോ തുടങ്ങുന്നതാണ് ഇതിന്റെ സൂചന. ഇതാണ് ആറാമത്തെ നടപടിക്രമം.
6 മാസം വരെ മുലയൂട്ടല്‍ മാത്രം മതിയാകും. 6 മാസം തികഞ്ഞാല്‍ കുറുക്കുരൂപത്തില്‍ മറ്റ് ആഹാരപദാര്‍ത്ഥങ്ങള്‍ നല്‍കണം. 2 വയസ്സുവരെ മുലയൂട്ടല്‍ തുടരണം. ഇത് ശാരീരിക, മാനസിക, ബൗദ്ധികവികാസത്തിനും പ്രതിരോധശേഷിക്കും ഭാവിയില്‍ വളര്‍ച്ചക്കുറവ്, പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍, വിളര്‍ച്ച എന്നിവ തടയുന്നതിനും സഹായകരമാണ്. ഈ തിരിച്ചറിവ് വളരെ പ്രധാനമാണ്.
മുലയൂട്ടുന്ന അമ്മമാര്‍ 2-3 ലിറ്റര്‍ വെള്ളം കുടിക്കണം. സ്വന്തം ആവശ്യം കഴിഞ്ഞ് 500-800 മില്ലി വെള്ളം അധികം കുടിക്കണം. പോഷകാഹാരവും പാലും ഉറപ്പാക്കണം. ഒരു അധികഭക്ഷണം കുഞ്ഞിനുവേണ്ടി കഴിക്കണം. Iron, Folic acid, Calcium, Vitamin- D എന്നിവ പ്രസവശേഷം 6 മാസം വരെ ദിവസവും അതിനുശേഷം ആഴ്ചയില്‍ ഒരു പ്രാവശ്യവും കഴിക്കണം. 7 മുതല്‍ 8 മണിവരെ ഉറക്കം, ചെറിയ രീതിയിലുള്ള വ്യായാമം, മാനസികസ്വസ്ഥത, സന്തോഷം എന്നിവ ഉറപ്പുവരുത്തണം. ഇതാണ് ഏഴാമത്തെ നടപടിക്രമം.
മുലയൂട്ടല്‍ യാത്രയില്‍ ജീവിതപങ്കാളിയുടെ അകമഴിഞ്ഞ സഹായവും കൈത്താങ്ങും ഉറപ്പാക്കണം. കുടുംബാംഗങ്ങളും സമൂഹവും നിര്‍ലോഭമായ പ്രോത്സാഹനം നല്‍കണം. പലപ്പോഴും ഇതിനുപകരം അവര്‍ക്ക് സംശയം, സന്ദേഹം, ആത്മവിശ്വാസം കെടുത്തുന്ന വാക്കുകള്‍ എന്നിവയാണ് ലഭിക്കാറുള്ളത്. ഇതിന് നിശ്ചയമായും മാറ്റം വരണം. പൊതുസ്ഥലങ്ങളില്‍ മുലയൂട്ടലിനുള്ള സൗകര്യം ഉറപ്പാക്കണം. ജോലിസ്ഥലത്ത് തൊഴില്‍ദാതാവും സഹപ്രവര്‍ത്തകരും കൂടി സഹകരിച്ചാലേ സമ്പൂര്‍ണ്ണ മുലയൂട്ടല്‍ സാധ്യമാവുകയുള്ളൂ. ജോലിസ്ഥലം, ജോലിസമയം എന്നിവയിലുള്ള ക്രമീകരണം കുഞ്ഞിനെ കൊണ്ടുവരാവുന്ന ക്രഷുകള്‍ (Creche), Feeding Room, മുലപ്പാല്‍ പിഴിഞ്ഞുസൂക്ഷിക്കാവുന്ന ഫ്രിഡ്ജ് എന്നിവ ഉറപ്പാക്കണം.
നമ്മുടെ അടുത്ത തലമുറയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മയ്ക്കായി സമ്പൂര്‍ണ്ണ മുലയൂട്ടല്‍ എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാം, വിജയിപ്പിക്കാം. ഈ സുകൃതം ഭാവിയിലേക്കുള്ള ഏറ്റവും വലിയ നിക്ഷേപമാണ്.
READ: ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ
കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

