സ്ത്രീമനസ്സിന്റെ
പ്രശ്നങ്ങൾ

ആർത്തവകാലം, ഗർഭകാലം, പ്രസവാനന്തര കാലഘട്ടം, ആർത്തവവിരാമം തുടങ്ങിയ സമയങ്ങളിലുണ്ടാവുന്ന ഹോർമോൺ സാന്നിദ്ധ്യവും അവയിലുണ്ടാവുന്ന വ്യതിയാനങ്ങളും മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് ഡോ. കെ.എസ്. പ്രഭാവതി ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ എഴുതിയ ലേഖനം.

രു വ്യക്തിയുടെ മാനസികാരോഗ്യം ജീവശാസ്ത്രപരവും സാമൂഹികവുമായ നിരവധിഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഈ ഘടകങ്ങളാവട്ടെ വളരെയധികം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ മസ്തിഷ്കത്തിന്റെ വലുപ്പം 10 ശതമാനത്തോളം ചെറുതാണെങ്കിലും ബുദ്ധിശക്തിയിലോ മറ്റ് പ്രവർത്തനങ്ങളിലോ അവർ പുരുഷന്മാർക്ക് ഒട്ടും പിറകിലല്ല. മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളനുസരിച്ച് സ്ത്രീകളുടെ മാനസിക പ്രക്രിയകളിലും വ്യത്യാസം കാണാം. ഉദാഹരണത്തിന്, ഒരേസമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യാനുള്ള കഴിവിലും ( Multitasking) വൈകാരിക പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവിലുമെല്ലാം സ്ത്രീകൾ തന്നെയാണ് മുന്നിൽ. അതേസമയം, വിഷാദരോഗം പോലുള്ള ചില മാനസികരോഗങ്ങൾ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. മാത്രമല്ല സ്ത്രീകളുടേതായ ചില ശാരീരികമായ സവിശേഷതകൾ അവരുടെ മാനസികാരോഗ്യത്തിൽ വലിയതോതിൽ സ്വാധീനം ചെലുത്തുന്നുണ്ട്.

ഉദാഹരണമായി ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി സംഭവിക്കുന്ന ആർത്തവകാലം, ഗർഭകാലം, പ്രസവാനന്തര കാലഘട്ടം, ആർത്തവവിരാമം തുടങ്ങിയ സമയങ്ങളിലുണ്ടാവുന്ന ഹോർമോൺ സാന്നിദ്ധ്യവും അവയിലുണ്ടാവുന്ന വ്യതിയാനങ്ങളും സ്ത്രീമനസ്സുകളിൽ പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നവയാണ്. ഇത്തരം കാലഘട്ടങ്ങളിൽ കണ്ടുവരുന്ന മാനസിക പ്രശ്നങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിച്ചുനോക്കാം.

1. ആർത്തവകാല പ്രശ്നങ്ങൾ

സ്ത്രീജിവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു ഘട്ടമാണിത്. പ്രത്യുൽപാദനശേഷിയുള്ള കാലത്ത് ആർത്തവത്തിന് ഏകദേശം ഒരാഴ്ച മുമ്പ് പ്രത്യക്ഷപ്പെടുകയും ആർത്തവം തുടങ്ങുന്നതോടെയോ ആർത്തവശേഷം കുറച്ചു ദിവസങ്ങൾക്കുള്ളിലോ അപ്രത്യക്ഷമാകുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെയാണ് ‘ആർത്തവകാല പ്രശ്നങ്ങൾ’ (Premenstrual Symptoms or Premenstrual Tension) എന്ന് വിശേഷിപ്പിക്കുന്നത്. ഏതാനും മണിക്കൂറുകളോ, ദിവസങ്ങളോ, ആഴ്ചകളോ നീണ്ടു നിന്നേക്കാവുന്നതാണ് ഇത്തരം അസ്വസ്ഥതകൾ.

ഇത്തരം പ്രശ്നങ്ങൾ ആവർത്തിച്ച് അനുഭവപ്പെടുകയും നീണ്ടുനിൽക്കുകയും അത് സ്വാഭാവിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് അതിനെ ‘പ്രീ മെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോഡർ’ Premenstrual Dysphoric Disorder (PMDD) എന്ന് വിളിക്കുന്നത്.

പ്രത്യുൽപാദനശേഷിയുള്ള കാലത്ത് ആർത്തവത്തിന് ഏകദേശം ഒരാഴ്ച മുമ്പ് പ്രത്യക്ഷപ്പെടുകയും ആർത്തവം തുടങ്ങുന്നതോടെയോ ആർത്തവശേഷം കുറച്ചു ദിവസങ്ങൾക്കുള്ളിലോ അപ്രത്യക്ഷമാകുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെയാണ് ‘ആർത്തവകാല  പ്രശ്നങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്നത്.
പ്രത്യുൽപാദനശേഷിയുള്ള കാലത്ത് ആർത്തവത്തിന് ഏകദേശം ഒരാഴ്ച മുമ്പ് പ്രത്യക്ഷപ്പെടുകയും ആർത്തവം തുടങ്ങുന്നതോടെയോ ആർത്തവശേഷം കുറച്ചു ദിവസങ്ങൾക്കുള്ളിലോ അപ്രത്യക്ഷമാകുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെയാണ് ‘ആർത്തവകാല പ്രശ്നങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്നത്.

A) ശാരീരിക ലക്ഷണങ്ങൾ

പി.എം.ഡി.ഡി ഉള്ളവരിൽ ശാരീരികവും മാനസികവുമായ പല അസ്വസ്ഥതകളും അനുഭവപ്പെടാം. ഉറക്കം, വിശപ്പ് എന്നിവയിലുണ്ടാവുന്ന വ്യതിയാനങ്ങളാണ് ഒരു ലക്ഷണം. ഉറക്കം കുറഞ്ഞുപോകുയോ കൂടുതലാവുകയോ ചെയ്യാം. അതുപോലെത്തന്നെ വിശപ്പില്ലായ്മയോ അമിതമായ വിശപ്പോ അനുഭവപ്പെടാം. ചിലരിൽ വേണ്ടതിലധികം ഭക്ഷണം കഴിക്കാനുള്ള പ്രവണതയും ചില ഭക്ഷണസാധനങ്ങളോടുള്ള അതിയായ ഇഷ്ടവും കണ്ടുവരാറുണ്ട്. കൂടാതെ ശരീരത്തിലെ പേശികളിലും കൈകാലുകളിലും സന്ധികളിലും നീര്, വേദന എന്നിവയും കടുത്ത ക്ഷീണം, തലചുറ്റൽ, നെഞ്ചിടിപ്പ്, കാഴ്ചപ്രശ്നങ്ങൾ, ലൈംഗിക താൽപര്യമില്ലായ്മ, തൊലിപ്പുറമെ രക്തം കട്ടപിടിച്ച പാടുകൾ, പേശികളിൽ കോച്ചിപ്പിടുത്തം, മൂത്രത്തിന്റെ അളവ് കുറയൽ, പലതരത്തിലുള്ള അലർജികൾ, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയും പലതരത്തിലുള്ള അണുബാധകളും കണ്ടുവരാറുണ്ട്.

B) മാനസിക ലക്ഷണങ്ങൾ

ഏകാഗ്രതക്കുറവ്, എല്ലാ കാര്യത്തിലും താൽപര്യക്കുറവ്, പെട്ടെന്ന് കാര്യങ്ങൾ മറന്നുപോകൽ, വൈകാരികതയിലുള്ള ഏറ്റക്കുറച്ചിൽ, സ്വന്തം നിയന്ത്രണം നഷ്ടപ്പെട്ടതായി തോന്നൽ, ആത്മവിശ്വാസക്കുറവ്, ആത്മഹത്യ പ്രവണത തുടങ്ങിയവയും പി.എം.ഡി.ഡിയുടെ ഭാഗമായി കാണാറുണ്ട്. ഇത്തരം വൈകാരിക പ്രശ്നങ്ങൾ കാരണം രോഗി സ്വയം ഒതുങ്ങി കൂടുകയോ മറ്റുള്ളവരുമായുള്ള ബന്ധം മോശമാവുകയോ ചെയ്യാറുണ്ട്.

ചികിത്സ

ഇത്തരം ലക്ഷണങ്ങൾക്ക് കാരണമായി ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അവയ്ക്ക് ചികിത്സ തേടേണ്ടതാണ്. കൂടാതെ നല്ല ജീവിതശൈലി പിന്തുടരുക എന്നതാണ് മറ്റൊരു മാർഗ്ഗം. ഭക്ഷണത്തിൽ ഉപ്പ്, പഞ്ചസാര എന്നിവ കുറയ്ക്കുകയും കാപ്പി, ചായ, മദ്യം എന്നിവ ഒഴിവാക്കുകയും വേണം. പകരം ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ജീവകങ്ങളും കാൽസ്യം തുടങ്ങിയ മൂലകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും വേണം. ഇതോടൊപ്പം റിലാക്സേഷൻ ടെക്നിക്കുകളും വ്യായാമവും പരിശീലിക്കുന്നത് ഗുണംചെയ്യും. എന്നിട്ടും ബുദ്ധിമുട്ടുകൾ അസഹ്യമാവുകയാണെങ്കിൽ ഡോക്ടറെ കാണുകയും ചികിത്സയെടുക്കയും വേണം. ചികിത്സയുടെ ഭാഗമായി കൗൺസിലിംഗ്, സൈക്കോതെറാപ്പി, മരുന്നുകൾ എന്നിവ നിർദ്ദേശിക്കാറുണ്ട്. അതേസമയം പലർക്കും കാലങ്ങൾ കഴിയുമ്പോൾ ആർത്തവകാല അസ്വസ്ഥതകൾ കുറഞ്ഞു വരാറുണ്ട് എന്നുള്ളത് ആശ്വാസകരമാണ്.

പി.എം.ഡി.ഡി ഉള്ളവരിൽ ശാരീരികവും മാനസികവുമായ പല അസ്വസ്ഥതകളും അനുഭവപ്പെടാം.
പി.എം.ഡി.ഡി ഉള്ളവരിൽ ശാരീരികവും മാനസികവുമായ പല അസ്വസ്ഥതകളും അനുഭവപ്പെടാം.

2. ഗർഭകാലത്തെ
മാനസികാരോഗ്യം

ആഹ്ലാദത്തോടൊപ്പം ആശങ്കകളും മനസ്സിനെ തേടിയെത്തുന്ന മാസങ്ങളാണ് സ്ത്രീകളെ സംബന്ധിച്ച് ഗർഭകാലം. താനൊരു അമ്മയാവാൻ പോകുന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നതോടെ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്ന എല്ലാവരുടെയും മനസ്സ് സന്തോഷം കൊണ്ട് നിറയുക സ്വാഭാവികമാണ്. അതേസമയം ചിലരിലൊക്കെ ഈ കാലഘട്ടത്തിൽ മാനസിക അസുഖങ്ങൾ പ്രത്യക്ഷപ്പെടുന്നതായും നേരത്തെ മാനസിക രോഗമുണ്ടായിട്ടുള്ള മറ്റുചിലരിൽ അത് കൂടുതലാവുന്നതായും കാണാറുണ്ട്. എന്നാൽ മുമ്പ് മാനസികരോഗം ഉള്ളവരിൽ രോഗം കുറയുന്നതും അപൂർവ്വമല്ല.

ഗർഭകാലത്തെ ശാരീരികാവസ്ഥയെക്കുറിച്ച് നമ്മുടെ സമൂഹത്തിൽ വ്യക്തമായ ധാരണയുണ്ട്. എന്നാൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം താരതമ്യേന കുറവാണ്. അതുകൊണ്ടുതന്നെ ഗർഭിണികൾ പതിവായി ചെയ്യുന്ന ശാരീരികമായ പരിശോധനകളുടെ കൂടെ മാനസികാവസ്ഥയും പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. അതിന് കാരണം കുഞ്ഞിന്റെ മെച്ചപ്പെട്ട ആരോഗ്യത്തിന് അമ്മയാവാൻ പോകുന്ന സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വളരെ പ്രാധാന്യമർഹിക്കുന്നുണ്ട് എന്നതാണ്.

നേരത്തെ മാനസിക പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളവർ നിർബന്ധമായും ഒരു സൈക്യാട്രിസ്റ്റിന്റെ അഭിപ്രായം അനുസരിച്ച് വേണം ഗർഭം ആസൂത്രണം ചെയ്യേണ്ടത്.

പൊതുവെ ഗർഭകാലത്ത് ചെറിയ തോതിൽ ഉറക്കക്കുറവും മനസ്സിൽ ആശങ്കകളും ഉണ്ടാവുന്നത് സ്വാഭാവികമാണ്. പക്ഷേ ഇവ രൂക്ഷമാവുകയും അത് മാനസികവും ശാരീരികമായ പ്രവർത്തികളെ ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഉടൻ ഒരു മാനസികാരോഗ്യവിദഗ്ധനെ സമീപിക്കേണ്ടതാണ്. ഗർഭകാലത്ത് മാനസിക അസ്വസ്ഥത ഉള്ളവർക്ക് തീവ്രമല്ലാത്ത ബുദ്ധിമുട്ടുകൾ മാത്രമാണുള്ളതെങ്കിൽ കൗൺസിലിംഗും സൈക്കോതെറാപ്പിയുമൊക്കെക്കൊണ്ട് സ്വസ്ഥത കൈവരും. എന്നാൽ ചിലർക്ക് മരുന്നുകൾ ആവശ്യമായി വന്നേക്കും, പ്രത്യേകിച്ച് നേരത്തെ അസുഖമുണ്ടായിട്ടുള്ളവരിൽ. ചികിത്സ ഒരു വിദഗ്ധഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ചെയ്യുമ്പോൾ ഗർഭിണിയുടെയോ ഗർഭസ്ഥശിശുവിന്റെ യോ ആരോഗ്യത്തെ ബാധിക്കുമോ എന്ന ആശങ്കയ്ക്ക് സ്ഥാനമില്ല. ഗർഭിണികളിൽ ആവശ്യമെങ്കിൽ ഇലക്ട്രോ കൺവെൻസീവ് തെറാപ്പിയും ഗുണം ചെയ്യാറുണ്ട്.

ഗർഭകാലത്തെ ശാരീരികാവസ്ഥയെക്കുറിച്ച് നമ്മുടെ സമൂഹത്തിൽ വ്യക്തമായ ധാരണയുണ്ട്. എന്നാൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം താരതമ്യേന കുറവാണ്.
ഗർഭകാലത്തെ ശാരീരികാവസ്ഥയെക്കുറിച്ച് നമ്മുടെ സമൂഹത്തിൽ വ്യക്തമായ ധാരണയുണ്ട്. എന്നാൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം താരതമ്യേന കുറവാണ്.

3. പ്രസവാനന്തര മാനസികാരോഗ്യം

A) പോസ്റ്റ് പാർട്ടം ബ്ലൂസ് (Postpartum blues):

പ്രസവാനന്തരം ശരീരത്തിലുണ്ടാവുന്ന ചിലമാറ്റങ്ങളും കുഞ്ഞിന്റെ ജനനത്തോടെ ഉയർന്നുവരുന്ന പുതിയ ഉത്തരവാദിത്തങ്ങളുമെല്ലാം സ്വാഭാവികമായും സ്ത്രീകളുടെ മാനസികാവസ്ഥയെ ചെറുതായെങ്കിലും ബാധിക്കാറുണ്ട്. ഇത്തരത്തിലൊന്നാണ് പോസ്റ്റ് പാർട്ടം ബ്ലൂസ് . ഇത് താരതമ്യേന ലഘുവായതും പൊതുവെ സാധാരണ കണ്ടുവരുന്നതുമാണ്. ഉറക്കക്കുറവ്, ആശങ്കകൾ, സങ്കടം എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങളെങ്കിലും ചികിത്സയില്ലാതെ തന്നെ ഇത് ക്രമേണ അപ്രത്യക്ഷമാവാറുണ്ട്.

B) പോസ്റ്റ് പാർട്ടം ഡിപ്രഷൻ

ചിലപ്പോഴൊക്കെ തീവ്രമായ വിഷാദരോഗവും ഈ അവസ്ഥയിൽ കണ്ടുവരാറുണ്ട് പ്രത്യേകിച്ച് നേരത്തെ അസുഖം ബാധിച്ചിട്ടുള്ളവരിൽ. പാരമ്പര്യമായി രോഗസാധ്യതയുള്ളവരിലും ഈ കാലയളവിൽ രോഗം പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഉറക്കക്കുറവ്, വിശപ്പില്ലായ്മ, എല്ലാകാര്യങ്ങളിലും താൽപര്യക്കുറവ്, അമിതമായ സങ്കടം, കുഞ്ഞിനെ അപായപ്പെടുത്തി ആത്മഹത്യ ചെയ്യാനുള്ള ചിന്തകൾ എന്നിവ ശ്രദ്ധയിൽെപട്ടാൽ നിർബന്ധമായും ഉടനെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

C) പോസ്റ്റ് പാർട്ടം സൈക്കോസിസ്

പ്രസവാനന്തരം ചിലരിൽ കണ്ടുവരുന്ന ഗുരുതരമായ ഒരു മാനസികപ്രശ്നമാണ് പോസ്റ്റ് പാർട്ടം സൈക്കോസിസ് . ഇതര ഉന്മാദരോഗങ്ങളിൽ കണ്ടുവരുന്ന ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവക്ക് പുറമെ അമിതമായ ദേഷ്യം, അകാരണമായ സംശയങ്ങളും മിഥ്യാധാരണകളും (delusions), മിഥ്യാനുഭവങ്ങൾ (Hallucinations എന്നിവ ഈ പ്രശ്നത്തിന്റെ ഭാഗമായി കാണപ്പെടാറുണ്ട്. യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ചിന്തകളും ധാരണകളുമായിരിക്കും ഈ അവസ്ഥയിൽ രോഗി പ്രകടിപ്പിക്കുക. ഉദാഹരണമായി ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുകയോ കാഴ്ചകൾ കാണുകയോ ചെയ്യുക. നവജാതശിശു തന്റേതല്ല, കുഞ്ഞിനെന്തോ കാര്യമായ അസുഖമുണ്ടെന്ന സംശയം, കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നു തുടങ്ങിയ അടിസ്ഥാനമില്ലാത്ത ആശങ്കകളും സംശയങ്ങളും ഈ അവസ്ഥയിൽ സാധാരണമാണ്.

ഇതിനെല്ലാം പുറമെ അക്രമവാസനയും മുലയൂട്ടാനും കുഞ്ഞിനെ പരിചരിക്കാനുമുള്ള വിമുഖതയും പ്രകടിപ്പിച്ചേക്കാം. രോഗിക്ക് സ്വയം രോഗാവസ്ഥ തിരിച്ചറിയാൻ കഴിയാത്തതിനാൽ ജീവിതപങ്കാളിയടക്കമുള്ള കുടുംബാംഗങ്ങളും അമ്മയെയും കുഞ്ഞിനെയും പരിചരിക്കാൻ നിയോഗിക്കപ്പെട്ടവരും എത്രയും പെട്ടെന്ന് രോഗത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ചികിത്സ നൽകാൻ മുന്നോട്ടുവരണം. അടിയന്തിര ചികിത്സ ആവശ്യമുള്ള സന്ദർഭമാണിത്. പലപ്പോഴും കിടത്തിചികിത്സ ആവശ്യമായി വരാറുമുണ്ട്.

പ്രസവശേഷം അമ്മയിൽ ഏത് തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും അത് അവഗണിക്കുകയോ, ചികിത്സ വൈകിപ്പിക്കുകയോ ചെയ്യാതെ വിദഗ്ധരായ മനോരോഗ ചികിത്സകരുടെ സഹായം തേടേണ്ടതാണ്. പ്രസവാനന്തര ബുദ്ധിമുട്ടുകൾക്ക് സമാനമായ മാനസിക അസ്വസ്ഥതകൾ ഗർഭം അലസിപ്പോകൽ, ഗർഭചിദ്രം എന്നിവയ്ക്ക് ശേഷവും ഉണ്ടാവാറുണ്ട്.

പ്രസവാനന്തരം ശരീരത്തിലുണ്ടാവുന്ന ചിലമാറ്റങ്ങളും കുഞ്ഞിന്റെ ജനനത്തോടെ ഉയർന്നുവരുന്ന പുതിയ ഉത്തരവാദിത്തങ്ങളുമെല്ലാം സ്വാഭാവികമായും സ്ത്രീകളുടെ മാനസികാവസ്ഥയെ ചെറുതായെങ്കിലും  ബാധിക്കാറുണ്ട്.
പ്രസവാനന്തരം ശരീരത്തിലുണ്ടാവുന്ന ചിലമാറ്റങ്ങളും കുഞ്ഞിന്റെ ജനനത്തോടെ ഉയർന്നുവരുന്ന പുതിയ ഉത്തരവാദിത്തങ്ങളുമെല്ലാം സ്വാഭാവികമായും സ്ത്രീകളുടെ മാനസികാവസ്ഥയെ ചെറുതായെങ്കിലും ബാധിക്കാറുണ്ട്.

4. ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ

ഒരു സ്ത്രീക്ക് 12 മാസം തുടർച്ചയായി ആർത്തവം ഇല്ലാതിരിക്കുന്ന അവസ്ഥയ്ക്കാണ് ആർത്തവവിരാമം അഥവാ ‘മെനോപോസ്’ (Menopause) എന്നുപറയുന്നത്. ഇത് സ്വാഭാവികവും ശ്വാശ്വതവും ആയിരിക്കണം. ഇതിനോടനുബന്ധിച്ചുണ്ടാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ കുറച്ചു മാസങ്ങളോ കുറച്ചു വർഷങ്ങളോ നീണ്ടു നിന്നേക്കാം.

A) ശാരീരികം

ഈ അവസ്ഥയിൽ പ്രധാനമായും കണ്ടുവരുന്ന ശാരീരിക മാറ്റങ്ങൾ- ക്രമം തെറ്റിയുള്ള ആർത്തവം, ആർത്തവ സമയത്തുണ്ടാകുന്ന രക്തസ്രാവം കൂടുകയോ കുറയുകയോ ചെയ്യുക, ശരീരഭാരം കൂടുക, പേശികളിലും സന്ധികളിലും വേദന, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കേണ്ടി വരിക, ഇടയ്ക്കിടെ ശരീരംമുഴുവൻ അസഹ്യമായ ചൂടും വിയർപ്പും ഒപ്പം മാനസിക സമ്മർദ്ദവും അനുഭവപ്പെടുക, ലൈംഗിക താൽപര്യം കുറയുക, യോനി യിലെ വരൾച്ച കാരണം ലൈം ഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദനയുണ്ടാവുക, ലൈംഗിക ഉത്തേജന കുറവ് എന്നിവയെല്ലാം സാധാരണയായി ഈ കാലയളവിൽ അനുഭവപ്പെടുന്ന ലക്ഷണങ്ങളാണ്.

B) മാനസിക പ്രശ്നങ്ങൾ

ആർത്തവ വിരാമത്തോടനുബന്ധിച്ചുണ്ടാവുന്ന ശാരീരിക വ്യതിയാനങ്ങളെ ആ വ്യക്തി വിലയിരുത്തുന്ന രീതി വളരെ പ്രധാനമാണ്. ഇതുതന്നെ അവരുടെ മാനസികാവസ്ഥ ഒരു പരിധി വരെ നിർണയിച്ചേക്കും. ഇത് ജീവിതത്തിലെ ഒരു ഘട്ടം മാത്രമാണെന്നും ഇതൊരു രോഗമല്ലെന്നുമുള്ള ഉൾക്കാഴ്ച അവർക്കുണ്ടാവണം. തന്റെ സൗന്ദര്യവും സ്ത്രീത്വവും നഷ്ടപ്പെട്ടു പോകും എന്നുള്ള ഭയം അടിസ്ഥാനരഹിതമാണെന്ന് തിരിച്ചറിയണം.

ആർത്തവ വിരാമകാലത്തുണ്ടാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് മുഖ്യകാരണം സ്ത്രീയുടെ ശരീരത്തിൽ സംഭവിക്കുന്ന ഹോർമോണുകളുടെ മാറ്റങ്ങളാണ്. ഒപ്പം ജീവിക്കുന്ന ചുറ്റുപാടുകളും ഇടപഴകുന്ന സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങളും വ്യക്തിയുടെ മാനസികാവസ്ഥയെ ബാധിക്കാറുണ്ട്.

വൈകാരികമായ നിയന്ത്രണമില്ലായ്മയാണ് ഇതിൽ പ്രധാനം. പെട്ടെന്ന് ദേഷ്യം വരിക, നിസ്സാര കാര്യങ്ങൾക്ക് സങ്കടം വരിക, അമിതമായ ഉൽക്കണ്ഠ എന്നിവ സാധാരണ കണ്ടുവരുന്ന മാനസിക പ്രശ്നങ്ങളാണ്. ശരീരത്തിൽ അനുഭവപ്പെടുന്ന അസഹനീയമായ ചൂടും അതിനോട് അനുബന്ധിച്ചുള്ള വിയർപ്പ്, നെഞ്ചിടിപ്പ് തുടങ്ങിയവയും സ്ത്രീയുടെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്.

ചില പ്രത്യേക മാനസിക രോഗങ്ങൾ, ഉദാഹരണത്തിന് വിഷാദരോഗം ഈ കാലഘട്ടത്തിൽ കൂടുതലായി കണ്ടു വരാറുണ്ട്. നല്ല ജീവിതശൈലി പിന്തുടരുക വഴി പെരിമെനോപോസൽ കാലയളവിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ നേരിടാനും അതിജീവിക്കാനും ഒരു പരിധിവരെ കഴിയും.

ഭക്ഷണത്തിൽ മധുരം കുറയ്ക്കുക, ലഹരിവസ്തുക്കൾ ഒഴിവാക്കുക, കാപ്പി-ചായ തുടങ്ങിയ പാനീയങ്ങൾ കഴിയുന്നത്ര മാറ്റിനിർത്തുക പകരം നാരുകളും ജീവകങ്ങളും അടങ്ങിയ ഇലക്കറികൾ, പച്ചക്കറികൾ, മത്സ്യം, തൈര്, വിത്തുകൾ, പരിപ്പ്-പയർ വർഗ്ഗങ്ങൾ, സോയ ഉൽപ്പന്നങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുണം.

കൂടാതെ സാമൂഹ്യമായ ഒത്തുചേരലുകളും നല്ല സൗഹൃദങ്ങളും മാനസികമായ ഉല്ലാസത്തിനും ശാരീരികമായ പ്രത്യേകിച്ച് മസ്തിഷ്കത്തിന്റെ കാര്യക്ഷമതയ്ക്കും സഹായകരമാണ്. സാമ്പത്തിക പ്രതിസന്ധി കൾ നേരിടാൻ നേരത്തെ തന്നെ ആസൂത്രണം ചെയ്യുകയും അത് നടപ്പാക്കുകയും വേണം.

അൽപം സൂക്ഷ്മതയും മുൻകരുതലുമുണ്ടെങ്കിൽ ആർത്തവവിരാമ കാലഘട്ടം ആശങ്കകളില്ലാതെ ആഘോഷമാക്കാൻ സ്ത്രീകൾക്ക് കഴിയും.

നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിലെ നിരവധി സ്ത്രീകൾ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന മാനസികരോഗ ചികിത്സയോടുള്ള വിമുഖത (Stigma), ഇത്തരം വിഷയങ്ങളിലെ അവ ബോധമില്ലായ്മ, ബുദ്ധിമുട്ടുകളെ സാധാരണ പ്രശ്നങ്ങളാണെന്ന് കരുതി അവഗണിക്കൽ തുടങ്ങിയ കാരണങ്ങളാൽ ദുരിതമനുഭവിക്കുന്നവരാണ്. വൈദ്യസഹായം മാത്രമല്ല, കുടുംബങ്ങളിൽ നിന്നുള്ള സഹാനുഭൂതി, സാമൂഹിക സ്വീകാര്യത, പൊതുചർച്ചകൾ എന്നിവ ഇത് പരിഹരിക്കുന്നതിന് ആവശ്യമാണ്.

ഇത്തരം വിഷയങ്ങളെ മുൻവിധിയില്ലാതെ കേൾക്കാൻ സമൂഹം ശീലിക്കുകയും ആരോഗ്യ സംവിധാനങ്ങൾ ഇവയെ ഗൗരവത്തോടെ കൈകാര്യം ചെയ്യുകയും വേണം. അതിലൂടെ സ്ത്രീകൾക്ക് നേരത്തെ സൂചിപ്പിച്ച ബുദ്ധിമുട്ടുകളേറിയ ഘട്ടങ്ങളെ ആരോഗ്യകരമായിത്തന്നെ മറികടക്കാൻ കഴിയും. ഇതാവട്ടെ അവരുടെ മാത്രമല്ല, കുടുംബ ങ്ങളുടെയും സമൂഹത്തിന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്.

അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം

ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ

കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments