അമ്മയ്ക്ക്
സുഖമാണോ?

‘‘ഒമ്പത് മാസം കുഞ്ഞിനെ ചുമന്ന്, മണിക്കൂറുകളുടെ പ്രസവവേദന സഹിച്ച്, ശരീരത്തിലും മനസ്സിലും വലിയ മാറ്റങ്ങളിലൂടെ കടന്നുപോയ അമ്മ. കുഞ്ഞിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനൊപ്പം, ‘നിനക്ക് സുഖമാണോ?’ എന്ന് അവളോട് ചോദിക്കാനും നമ്മൾ ഓർക്കണം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. പ്രിയ രാധാകൃഷ്ണൻ എഴുതിയ ലേഖനം.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ വീട്ടിൽ സന്തോഷത്തിന്റെ തിരമാല ഉയരും. എല്ലാവരുടെയും ശ്രദ്ധ സ്വാഭാവികമായും കുഞ്ഞിലേക്കു തിരിയും. ആഹ്ലാദത്തിന്റെയും തിരക്കിന്റെയും നടുവിൽ പലപ്പോഴും നമ്മൾ മറന്നുപോകുന്ന ഒരാളുണ്ട്- ഒമ്പത് മാസം കുഞ്ഞിനെ ചുമന്ന്, മണിക്കൂറുകളുടെ പ്രസവവേദന സഹിച്ച്, ശരീരത്തിലും മനസ്സിലും വലിയ മാറ്റങ്ങളിലൂടെ കടന്നുപോയ അമ്മ. കുഞ്ഞിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനൊപ്പം, ‘നിനക്ക് സുഖമാണോ?’ എന്ന് അവളോട് ചോദിക്കാനും നമ്മൾ ഓർക്കണം.

പ്രസവത്തോടെ അമ്മയുടെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുന്നില്ല; ശരീരത്തിന്റെയും മനസ്സിന്റെയും പുതിയൊരു യാത്ര അവിടെ ആരംഭിക്കുകയാണ്. ഗർഭകാലത്തുണ്ടായ മാറ്റങ്ങളിൽനിന്ന് ശരീരം ക്രമേണ മുക്തമാകണം. ഹോർമോൺ വ്യതിയാനങ്ങൾ, മുലയൂട്ടൽ, കുഞ്ഞിന്റെ പരിചരണം, വേദന, ക്ഷീണം, ഉറക്കക്കുറവ്—ഇവയെല്ലാം ഒരേ സമയം കൈകാര്യം ചെയ്യേണ്ടിവരും. കുഞ്ഞിനൊപ്പം അമ്മയ്ക്കും കരുതലും പരിചരണവും ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണിത്.

ആദ്യദിവസങ്ങൾ:
ശരീരം പതുക്കെ
പൂർവസ്ഥിതിയിലേക്ക്

പ്രസവശേഷം യോനിയിലൂടെയുണ്ടാകുന്ന രക്തസ്രാവത്തെ ലോക്കിയ (Lochia) എന്നു പറയുന്നു. ആദ്യ ദിവസങ്ങളിൽ ചുവപ്പുനിറത്തിലുള്ള ഈ സ്രാവം പിന്നീട് പിങ്ക് അല്ലെങ്കിൽ തവിട്ടുനിറത്തിലേക്കും തുടർന്ന് മഞ്ഞകലർന്ന വെള്ളനിറത്തിലേക്കും മാറും. ദിവസങ്ങൾ കഴിയുന്തോറും അതിന്റെ അളവും കുറഞ്ഞുവരണം.

ഗർഭപാത്രം ചുരുങ്ങി പൂർവസ്ഥിതിയിലേക്കു മടങ്ങുന്ന സമയത്ത് അടിവയറ്റിൽ വേദന അനുഭവപ്പെടാം. കുഞ്ഞിനെ മുലയൂട്ടുമ്പോൾ ഈ വേദന അല്പം കൂടിയതായി തോന്നാനും സാധ്യ തയുണ്ട്. ഇതിനെ ആഫ്റ്റർ പെയിൻസ് (After pains) എന്നു വിളിക്കുന്നു. പ്രസവമുറിവോ സിസേറിയൻ മുറിവോ വൃത്തിയായി സൂക്ഷിക്കുകയും ശരീരശുചിത്വം പാലിക്കുകയും സാനിറ്ററി പാഡുകൾ യഥാസമയം മാറ്റുകയും വേണം.

വിശ്രമവും
പോഷകാഹാരവും

ഏതു രീതിയിലുള്ള പ്രസവമായാലും അമ്മയ്ക്ക് ആവശ്യമായ വിശ്രമവും പോഷകസമൃദ്ധമായ ഭക്ഷണവും ലഭിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും പ്രധാനമാണ്. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, മുട്ട, മീൻ, പാൽ തുടങ്ങിയ സമീകൃതാഹാരങ്ങൾ ശരീരത്തിന്റെ വീണ്ടെടുപ്പിനും മുലയൂട്ടലിനും സഹായിക്കും.

ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ഭക്ഷണവിലക്കുകൾ അമ്മയുടെ പോഷകക്കുറവിന് കാരണമാകാം. പ്രസവം കഴിഞ്ഞ ഉടനെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള കടുത്ത ഭക്ഷണനിയന്ത്രണം ആരംഭിക്കുന്നതും ഉചിതമല്ല. പ്രസവസമയത്ത് വിളർച്ച ഉണ്ടായിരുന്നെങ്കിലോ കൂടുതൽ രക്തം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലോ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇരുമ്പ് (Iron), ഫോളിക് ആസിഡ് തുടങ്ങിയ ഗുളികകൾ തുടർന്നു കഴിക്കണം.

മുലയൂട്ടൽ സ്വാഭാവികമായൊരു പ്രക്രിയയാണെങ്കിലും എല്ലാ അമ്മമാർക്കും ആദ്യ ദിവസം മുതൽ അത് എളുപ്പമായിരിക്കണമെന്നില്ല.
മുലയൂട്ടൽ സ്വാഭാവികമായൊരു പ്രക്രിയയാണെങ്കിലും എല്ലാ അമ്മമാർക്കും ആദ്യ ദിവസം മുതൽ അത് എളുപ്പമായിരിക്കണമെന്നില്ല.

മുലയൂട്ടൽ:
സ്നേഹത്തോടൊപ്പം
സഹായവും

മുലയൂട്ടൽ സ്വാഭാവികമായൊരു പ്രക്രിയയാണെങ്കിലും എല്ലാ അമ്മമാർക്കും ആദ്യ ദിവസം മുതൽ അത് എളുപ്പമായിരിക്കണമെന്നില്ല. മുലക്കണ്ണിലെ വേദന, പാൽ കെട്ടിനിൽക്കൽ, കുഞ്ഞിന് ശരിയായ രീതിയിൽ മുല കുടിക്കാൻ കഴിയാതിരിക്കുക, കുഞ്ഞിന് ആവശ്യത്തിന് പാൽ ലഭിക്കുന്നുണ്ടോ എന്ന ആശങ്ക തുടങ്ങിയ പ്രശ്നങ്ങൾ സാധാരണമാണ്.

ആദ്യദിവസങ്ങളിൽ ലഭിക്കുന്ന കൊളസ്ട്രം (Colostrum) അളവിൽ കുറവായി തോന്നാമെങ്കിലും കുഞ്ഞിന് ആവശ്യമായ പോഷകങ്ങളും രോഗപ്രതിരോധ ഘടകങ്ങളും അതിലുണ്ട്. ‘പാൽ പോര, കുഞ്ഞ് പട്ടിണിയാകും’ എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ അമ്മയുടെ ആത്മവിശ്വാസം കുറയ്ക്കും. സമാധാനത്തോടെ മുലയൂട്ടാനുള്ള അന്തരീക്ഷവും കുടുംബത്തിന്റെ പിന്തുണയുമാണ് ആ സമയത്ത് ആവശ്യം. വേദന, മുലയിൽ ചുവപ്പ്, നീര്, പനി, പാൽ കെട്ടിനിൽക്കൽ, കുഞ്ഞിന് ശരിയായി മുല കുടിക്കാൻ കഴിയാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറുടെയോ ലാക്ടേഷൻ കൺസൾട്ടന്റിന്റെയോ (Lactation consultant) സഹായം തേടാം.

മനസ്സിലും മാറ്റങ്ങളുണ്ട്

പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം അമ്മയുടെ മനസ്സിലും വലിയ വ്യതിയാനങ്ങൾ സംഭവിക്കാം. ഹോർമോൺ മാറ്റങ്ങൾ, ഉറക്കക്കുറവ്, പ്രസവാനുഭവം, കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക, പുതുതായി വന്ന ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം മാനസികാവസ്ഥയെ സ്വാധീനിക്കും.

പ്രസവശേഷമുള്ള ആദ്യദിവസങ്ങളിൽ കാരണമില്ലാതെ കരച്ചിൽ വരിക, ദേഷ്യമോ അസ്വസ്ഥതയോ അനുഭവപ്പെടുക, അമിതമായ ഉത്കണ്ഠ തോന്നുക തുടങ്ങിയവ ‘ബേബി ബ്ലൂസ്’ (Baby blues) എന്ന താൽക്കാലിക അവസ്ഥയുടെ ഭാഗമാകാം. സാധാരണയായി ഇത് രണ്ടാഴ്ചയ്ക്കുള്ളിൽ കുറയും.

വിഷാദവും ഉത്കണ്ഠയും രണ്ടാഴ്ചയ്ക്കു ശേഷവും തുടരുക, അവ കൂടുതൽ തീവ്രമാവുക, ഒന്നിലും താൽപ്പര്യമില്ലാതാവുക, കുഞ്ഞിനോട് അടുപ്പം തോന്നാതിരിക്കുക, അമിതമായ കുറ്റബോധമോ നിസ്സഹായതയോ അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ പ്രസവാനന്തര വിഷാദരോഗത്തിന്റെ (Postpartum depression) സൂചനകളാകാം. ഇത് അമ്മയുടെ കഴിവില്ലായ്മയോ സ്നേഹക്കുറവോ അല്ല; ചികിത്സ ആവശ്യമുള്ള യഥാർഥ ആരോഗ്യപ്രശ്നമാണ്. സ്വയം ഉപദ്രവിക്കണമെന്നോ കുഞ്ഞിനെ ഉപദ്രവിക്കണമെന്നോ ഉള്ള ചിന്തകൾ ഉണ്ടായാൽ അടിയന്തിരമായി മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടണം.

ഹോർമോൺ മാറ്റങ്ങൾ, ഉറക്കക്കുറവ്, പ്രസവാനുഭവം, കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക, പുതുതായി വന്ന ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം മാനസികാവസ്ഥയെ സ്വാധീനിക്കും.
ഹോർമോൺ മാറ്റങ്ങൾ, ഉറക്കക്കുറവ്, പ്രസവാനുഭവം, കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക, പുതുതായി വന്ന ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം മാനസികാവസ്ഥയെ സ്വാധീനിക്കും.

മൂത്രം അറിയാതെ
പോകുന്നുണ്ടോ?
മടിക്കാതെ പറയാം

പ്രസവശേഷം ചില സ്ത്രീകൾക്ക് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിരിക്കുമ്പോഴും മൂത്രം അറിയാതെ പോയേക്കാം. ചിലർക്കു മലം പിടിച്ചുനിർത്താനും ബുദ്ധിമുട്ട് അനുഭവപ്പെടാം. പ്രസവസമയത്ത് പെൽവിക് ഫ്ലോർ പേശികൾക്കുണ്ടാകുന്ന ദൗർബല്യമാണ് പലപ്പോഴും ഇതിനു കാരണം.

ഡോക്ടറോട് തുറന്നുപറയുന്ന തിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം. ശരിയായ പെൽവിക് ഫ്ലോർ വ്യായാമങ്ങൾ (Pelvic floor exercises), ഫിസിയോതെറാപ്പി (Physiotherapy), ആവശ്യമായ മറ്റു ചികിത്സകൾ എന്നിവയിലൂടെ ഭൂരിഭാഗം സ്ത്രീകൾക്കും നല്ല മാറ്റമുണ്ടാകും.

പ്രസവാനന്തര
ലൈംഗികബന്ധം:
പരസ്പരധാരണയോടെ

ലൈംഗികബന്ധത്തിലേക്ക് മടങ്ങാനുള്ള സമയം ഓരോ സ്ത്രീക്കും വ്യത്യസ്തമാണ്. ശരീരവേദന, തുന്നലുകൾ, ക്ഷീണം, യോനിയിലെ വരൾച്ച, കുഞ്ഞിനെക്കുറിച്ചുള്ള ആശങ്ക, വേദനിക്കുമോ എന്ന ഭയം എന്നിവ ലൈംഗികതാൽപ്പര്യത്തെ സ്വാഭാവികമായി ബാധിക്കാം.

പ്രസവാനന്തര രക്തസ്രാവം കുറഞ്ഞ് മുറിവുകൾ ഉണങ്ങുകയും ശരീരവും മനസ്സും തയ്യാറാവുകയും ചെയ്തശേഷം, പങ്കാളിയുമായി തുറന്നു സംസാരിച്ച് പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിലേക്കു മടങ്ങാം. പലർക്കും ഇതിന് ആറാഴ്ചയോ അതിലധികമോ സമയം ആവശ്യമായേക്കാം; എല്ലാവർക്കും ബാധകമായ ഒരൊറ്റ സമയപരിധിയില്ല. ബന്ധപ്പെടുമ്പോൾ വേദന, രക്തസ്രാവം, വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറുടെ സഹായം തേടണം.

ആർത്തവം വീണ്ടും ആരംഭിക്കുന്നതിനുമുമ്പുതന്നെ അണ്ഡവിസർജനം നടക്കാനും ഗർഭധാരണം സംഭവിക്കാനും കഴിയും. മുലയൂട്ടൽ ഗർഭധാരണസാധ്യത കുറയ്ക്കുന്നത് ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ്—കുഞ്ഞിന് ആറുമാസത്തിൽ താഴെ പ്രായമായിരിക്കണം, അമ്മയ്ക്ക് ആർത്തവം തിരിച്ചെത്തിയിരിക്കരുത്, രാവും പകലും ഇടവേള നീളാതെ കുഞ്ഞിന് പൂർണമായോ ഏതാണ്ട് പൂർണമായോ മുലപ്പാൽ നൽകണം. ഗർഭധാരണം കുറച്ചുകാലത്തേ ക്ക് മാറ്റിവയ്ക്കാൻ ആഗ്രഹിക്കുന്നവർ തങ്ങൾക്ക് അനുയോജ്യമായ ഗർഭനിരോധനമാർഗത്തെക്കുറിച്ച് ഡോക്ടറോട് ചോദിച്ചറിയണം.

പ്രസവാനന്തര പരിശോധന

പ്രസവാനന്തര പരിചരണം ആറാഴ്ചയ്ക്കുശേഷമുള്ള ഒറ്റ പരിശോധനയിൽ ഒതുങ്ങുന്നതല്ല. ആശുപത്രിയിൽനിന്നു വീട്ടിലേക്കു മടങ്ങിയശേഷമുള്ള ആദ്യദിവസങ്ങളിലും ആഴ്ചകളിലും ആവശ്യാനുസരണം ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. ആറാഴ്ചയോടടുത്തുള്ള സമഗ്ര പരിശോധനയും പ്രധാനമാണ്.

പ്രസവാനന്തര പരിചരണം ആറാഴ്ചയ്ക്കുശേഷമുള്ള ഒറ്റ പരിശോധനയിൽ ഒതുങ്ങുന്നതല്ല. ആശുപത്രിയിൽനിന്നു വീട്ടിലേക്കു മടങ്ങിയശേഷമുള്ള ആദ്യദിവസങ്ങളിലും ആഴ്ചകളിലും ആവശ്യാനുസരണം ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം.
പ്രസവാനന്തര പരിചരണം ആറാഴ്ചയ്ക്കുശേഷമുള്ള ഒറ്റ പരിശോധനയിൽ ഒതുങ്ങുന്നതല്ല. ആശുപത്രിയിൽനിന്നു വീട്ടിലേക്കു മടങ്ങിയശേഷമുള്ള ആദ്യദിവസങ്ങളിലും ആഴ്ചകളിലും ആവശ്യാനുസരണം ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം.

ഈ പരിശോധനയിൽ തുന്നൽ ഉണങ്ങിയോ എന്നതു മാത്രമല്ല വിലയിരുത്തുന്നത്. അമ്മയുടെ രക്തസമ്മർദം, വിളർച്ച, മുറിവുകളുടെ അവസ്ഥ, മുലയൂട്ട ൽ, ഉറക്കം, പോഷകാഹാരം, മൂത്ര–മല നിയന്ത്രണം, ലൈംഗികാരോഗ്യം, ഗർഭനിരോധനം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യണം. ഗർഭകാലത്ത് പ്രമേഹമോ ഉയർന്ന രക്തസമ്മർദമോ ഉണ്ടായിരുന്നവർക്ക് തുടർപരിശോധനകൾ നിർബന്ധമാണ്.

ഈ ലക്ഷണങ്ങൾ
അവഗണിക്കരുത്

പ്രസവശേഷം താഴെപ്പറയുന്ന ലക്ഷണങ്ങളിലൊന്ന് ഉണ്ടാ യാൽ ഉടൻ വൈദ്യസഹായം തേടണം:

  • അമിതമായ രക്തസ്രാവം, വലിയ രക്തക്കട്ടകൾ പോകുക, അല്ലെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ ഒരു പാഡ് പൂർണമായി നനയുന്ന തരത്തിലുള്ള രക്തസ്രാവം.

  • ഉയർന്ന പനി.

  • ശക്തമായതോ ക്രമേണ കൂടിവരുന്നതോ ആയ വയറുവേദന.

  • ദുർഗന്ധമുള്ള യോനീസ്രവം.

  • ശക്തമായ തലവേദനയോ കാഴ്ചയിൽ മാറ്റമോ.

  • നെഞ്ചുവേദന, ശ്വാസംമുട്ടൽ, ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുക.

  • ഒരു കാലിൽ മാത്രം കൂടുതലായി അനുഭവപ്പെടുന്ന വീക്കം, ചുവപ്പ്, ചൂട് അല്ലെങ്കിൽ വേദന.

  • അപസ്മാരമോ ബോധക്ഷയമോ.

  • പ്രസവമുറിവിലോ സിസേറിയൻ മുറിവിലോ കൂടിവരുന്ന വേദന, ചുവപ്പ്, നീര് അല്ലെങ്കിൽ പഴുപ്പ്.

  • ഗുരുതരമായ വിഷാദം, ആശയക്കുഴപ്പം, അസാധാരണമായ പെരുമാറ്റം.

  • സ്വയമോ കുഞ്ഞിനെയോ ഉപദ്രവിക്കാനുള്ള ചിന്ത.

  • ‘പ്രസവശേഷം ഇതൊക്കെ സാധാരണമായിരിക്കാം’ എന്നു കരുതി കാത്തിരിക്കുന്നത് അപകടകരമായേക്കാം. സംശയം തോന്നുന്ന സാഹചര്യത്തിൽ ഡോക്ടറെ സമീപിക്കുന്നതാണ് സുരക്ഷിതം.

ആരോഗ്യമുള്ള കുഞ്ഞിന്റെ വളർച്ചയ്ക്ക് ആരോഗ്യമുള്ള അമ്മ യും വേണം. പ്രസവശേഷം ഒരു അമ്മയ്ക്ക് ആവശ്യമുള്ളത് ഉപദേശങ്ങളുടെ നീണ്ട പട്ടികയേക്കാൾ കൂടുതൽ വിശ്രമവും നല്ല പോഷകാഹാരവും സ്നേഹവും പ്രായോഗികസഹായവുമാണ്. അവൾ പറ യുന്നത് ശ്രദ്ധയോടെ കേൾക്കുന്ന ഒരാളും കൂടെയുണ്ടാകണം.

ശരീരം സുഖപ്പെടാനും പുതിയ ജീവിതരീതിയുമായി പൊരുത്തപ്പെടാനും ഓരോ അമ്മയ്ക്കും സമ യം ആവശ്യമാണ്. പഴയ ശരീര ഭാരത്തിലേക്ക് ഉടൻ മടങ്ങുകയോ എല്ലാ വീട്ടുജോലികളും ഏറ്റെടുക്കുകയോ ചെയ്യേണ്ട ബാധ്യത അവൾക്കില്ല. കുഞ്ഞിനെ വളർത്തുന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തവുമല്ല; പങ്കാളിയും കുടുംബവും സമൂഹവും അവൾക്കൊപ്പം നിൽക്കണം.

കുഞ്ഞിനെ ആഘോഷിക്കുമ്പോൾ നമുക്ക് അമ്മയെയും ചേർത്തുപിടിക്കാം. സ്നേഹത്തോടെ അവളോട് ചോദിക്കാം- ‘അമ്മയ്ക്ക് സുഖമാണോ?’.

READ: ഗോൾഡൻ അവർ പ്രോജക്ട്

കൗമാരത്തിനപ്പുറത്തെ
പ്രതിരോധം

ആരോഗ്യരാഗങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments