കേരള ബജറ്റിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സുപ്രധാനമായ നിർദേശങ്ങളിലൊന്നാണ് അത്യാഹിത അപകടചികിത്സ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാക്കുന്നതിനായി ആരോഗ്യസ്ഥാപനങ്ങൾ തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കിക്കൊണ്ടും ഡിജിറ്റലൈസ്ഡ് സംവിധാനം ലഭ്യമാക്കിക്കൊണ്ടും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഗോൾഡൻ അവർ പ്രോജക്ട് (Golden Hour Project).
വാഹനാപകടത്തെ തുടർന്ന് മരണമടയുന്നവരുടെയും ഗുരുതരമായി പരിക്കേൽക്കുന്നവരുടെയും എണ്ണം കേരളം നേരിടുന്ന വലിയൊരു പൊതുജനാരോഗ്യപ്രശ്നമായി മാറിയിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രികളിലെത്തുന്നവരെ ചികിത്സിക്കാൻ ആവശ്യമായ വിദഗ്ധ മനുഷ്യവിഭവശേഷിയിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളത്തിലെ സർക്കാർ– സ്വകാര്യ ആശുപത്രികളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മെച്ചമുണ്ടായിട്ടുണ്ട്.
വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ വിവിധ തലങ്ങളിൽ നിരവധി നടപടികൾ സ്വീകരിച്ചുപോരുന്നുണ്ടെങ്കിലും വാഹനാപകടങ്ങളും തുടർന്നുണ്ടാകുന്ന മരണങ്ങളും ഗുരുതരമായ ശാരീരിക പരിക്കുകളും കാര്യമായി കുറഞ്ഞതായി കാണുന്നില്ല. നിർഭാഗ്യവശാൽ, കോവിഡ് കാലത്ത് കുറഞ്ഞിരുന്ന വാഹനാപകടങ്ങൾ വീണ്ടും വർധിച്ച് പഴയ സ്ഥിതിയിലെത്തിയിരിക്കുന്നു. 2020-ൽ കോവിഡ് വ്യാപകമാവുകയും ക്വാറന്റൈൻ നടപ്പിലാക്കുകയും ചെയ്ത അവസരത്തിൽപ്പോലും 2,929 പേർ മരിച്ചു. 2025-ൽ 49,889 അപകടങ്ങളിലായി 3,733 പേർ മരിക്കുകയും 56,922 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഗുരുതരമായ അപകടങ്ങളിൽപ്പെടുന്നവരിൽ 45 ശതമാനം പേരും ആദ്യത്തെ ഒരു മണിക്കൂറിനുള്ളിലാണ് മരണമടയുന്നതെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഈ സമയത്തെ സുവർണമണിക്കൂർ (Golden Hour) എന്നു വിളിക്കാറുണ്ട്. അപകടസ്ഥലത്തുവച്ചുതന്നെ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിലും സുവർണമണിക്കൂറിനുള്ളിൽ ചികിത്സാ സൗകര്യമുള്ള ആശുപത്രികളിൽ എത്തിക്കുന്നതിലും വീഴ്ച സംഭവിക്കുന്നതുകൊണ്ടാണ് അപകടമരണങ്ങൾ ഉയർന്നുതന്നെ നിൽക്കുന്നത്.
ഗുരുതരമായി പരിക്കേറ്റവർക്ക് അപകടസ്ഥലത്തുവച്ചുതന്നെ അടിയന്തരപരിചരണം നൽകാനുള്ള സംവിധാനം ആംബുലൻസുകളിൽ ഒരുക്കേണ്ടതുണ്ട്. ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം നൽകണം. ശ്വാസതടസ്സം നീക്കി ശ്വാസോച്ഛ്വാസം ക്രമാനുഗതമാക്കുക, ലായനികൾ ആവശ്യമെങ്കിൽ ഡ്രിപ്പിലൂടെ നൽകുക തുടങ്ങിയ പ്രാഥമിക ചികിത്സകൾ വൈകാതെ നൽ കിയാൽ നിരവധി ജീവൻ രക്ഷി ക്കാൻ കഴിയും. കഴുത്തിലെ കശേ രുക്കൾക്ക് പരിക്കേറ്റാൽ പിന്നീട് കൈകാലുകൾ തളർന്നുപോകാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ കോളറുകൾ (Cervical Collar) ആവശ്യമുള്ളവർക്ക് ലഭ്യമാക്കണം. അപകടസ്ഥലത്തുനിന്ന് പരിക്കേറ്റവരെ ആംബുലൻസിലേക്ക് മാറ്റുന്നതിലും സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അപകടത്തിൽ സംഭവിച്ചതിനു പുറമേ കൂടുതൽ ഗുരുതരമായ ശാരീരികപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇതിനെ രണ്ടാം പരിക്ക് (Second Injury) എന്നു വിശേഷിപ്പിക്കാറുണ്ട്.
അപകടസ്ഥലത്ത് അതിവേഗം സുസജ്ജമായ ആംബുലൻസ് എത്തിച്ചും രോഗികളെ ഉചിതമായ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റിയുമാണ് മരണസാധ്യത കുറയ്ക്കേണ്ടത്. ഇതിനായി ആംബു ലൻസ് സംവിധാനം ശാസ്ത്രീയമായി ക്രമീകരിക്കണം. കേരളത്തിൽ ലഭ്യമായിട്ടുള്ള ആംബുലൻസ് സംവിധാനങ്ങളെ ഒരു ശൃംഖലയിൽ കോർത്തിണക്കി നെറ്റ്വർക്ക് ചെയ്ത് കാര്യക്ഷമത വർധിപ്പിക്കണം. ഇപ്പോൾ സർക്കാർ ഉടമ സ്ഥതയിലുള്ള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ, കേരള മെഡിക്കൽ സർവീസസ് എമർജൻസി പ്രോജക്ടിന്റെ ഭാഗമായി ആംബുലൻസുകളെ ഭാഗികമായി നെറ്റ്വർക്ക് ചെയ്തിട്ടുണ്ട്. സർക്കാർ–സ്വകാര്യ മേഖലയിലെ മുഴുവൻ ആംബുലൻസുകളെയും വിപുലമായ ഒരു നെറ്റ്വർക്കിന്റെ കീഴിൽ കൊണ്ടുവരണം.

അതോടൊപ്പം, അപകടചികിത്സാസംവിധാനങ്ങൾ ലഭ്യമായ സർക്കാർ–സ്വകാര്യ ആശുപത്രികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു എമർജൻസി കെയർ നെറ്റ്വർക്ക് രൂപീകരിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്. വിവിധ ആശുപത്രികളിൽ ലഭ്യ മായ ചികിത്സാസൗകര്യങ്ങളുടെ കൃത്യമായ വിവരശേഖരണവും ഇതിന്റെ ഭാഗമായി നടത്തണം.
ആശുപത്രികളിലെ ദുർബലമായ കണ്ണി അടിയന്തരചികിത്സ നൽകേണ്ട കാഷ്വാലിറ്റി സർവീസാണ്. കാഷ്വാലിറ്റിയിൽ പരി ക്കേറ്റവരടക്കമുള്ള ഗുരുതരാവ സ്ഥയിലുള്ളവരുടെയും അടിയന്തരചികിത്സ നൽകേണ്ടവരുടെയും പരിചരണം ഉറപ്പുവരുത്തുന്നതിനായി എമർജൻസി മെഡിസിൻ വിഭാഗം ചില മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശു പത്രികളിലും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ സമയനഷ്ടം ഒഴിവാക്കി വേർതിരിച്ച് (Triage) സവിശേഷപരിചരണം നൽകാൻ ഇതുവഴി കഴിയുന്നതാണ്.
കാഷ്വാലിറ്റിയിൽ നിന്ന് അഡ്മിറ്റ് ചെയ്യപ്പെടുന്ന, തീവ്രപരിചരണം ആവശ്യമുള്ളവർക്കായി ക്രിട്ടിക്കൽ കെയർ ഐ.സി.യുകളും ചില ആശുപത്രികളിൽ ആരംഭിച്ചിട്ടുണ്ട്. ഏതാനും സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ മെഡിക്കൽ കോളേജുകളിലും മാത്രമാണ് എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ ആരംഭിച്ചിട്ടുള്ളത്. എമർജൻസി കെയർ, ക്രിട്ടിക്കൽ കെയർ, ട്രോമ കെയർ തുടങ്ങിയ സ്പെഷ്യാലിറ്റി കളിൽ മെഡിക്കൽ–നഴ്സിങ് മേഖലകളിൽ പ്രത്യേക കോഴ്സുകൾ ആരംഭിക്കാനും എമർജൻസി ഡിപ്പാർട്ട്മെന്റുകൾ സ്ഥാപിച്ച് അപകട ചികിത്സ കൂടുതൽ ചിട്ടപ്പെടുത്തി ഫലവത്താക്കാനും ശ്രമിക്കേണ്ടതുണ്ട്.
പരിക്കേറ്റവർക്ക് ചികിത്സ നൽകിയാൽത്തന്നെ പിന്നീട് അവരെ പുനരധിവസിപ്പിക്കുന്നതി നുള്ള വേണ്ടത്ര സൗകര്യങ്ങളും നമുക്കില്ല. അപകടഘട്ടം തരണം ചെയ്ത് ജീവൻ രക്ഷപ്പെട്ടുകഴിഞ്ഞാലും പലവിധത്തിലുള്ള ശാരീരിക– മാനസിക വൈകല്യങ്ങൾക്ക് ഇവർ വിധേയരായേക്കാം. ഇവരെ തൊഴിൽമേഖലയിലേക്കും മറ്റും തിരികെ കൊണ്ടുവരുന്നതിനുള്ള പ്രത്യേകപരിചരണം നൽകേണ്ടതുണ്ട്. പരിക്കേറ്റവരെ പുനരധിവസിപ്പിക്കുന്നതിനുള്ള (Rehabilitation) സംവിധാനങ്ങളും ശക്തിപ്പെടുത്തണം. ഇക്കാര്യത്തിൽ ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട്മെന്റുകൾക്ക് പ്രത്യേക പങ്കുവഹിക്കാനുണ്ട്.
2020-ലെ സുസ്ഥിരവികസന ലക്ഷ്യമനുസരിച്ച് റോഡപകട മരണനിരക്ക് പകുതിയായി കുറ യ്ക്കണമെന്നാണ് ഐക്യരാഷ്ട്രസംഘടന നിർദേശിച്ചിട്ടുള്ളത്. അതായത് കേരളത്തിൽ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളി ൽ ഇപ്പോൾ ശരാശരി പത്തുപേർ ദിവസവും മരിക്കുന്നത് അഞ്ചായി കുറയ്ക്കണം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ ഗോൾഡൻ അവർ പ്രോജക്ട് പ്രധാന പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
READ: കൗമാരത്തിനപ്പുറത്തെ
പ്രതിരോധം
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

