പ്ലസ് ടു പഠനത്തിനുശേഷം ഏറ്റവുമധികം സ്വീകാര്യ തയുള്ള കോഴ്‌സുകളിലൊന്നായി എം.ബി.ബി.എസ് ഇന്നും തുടരുന്നു. ദേശീയതല പ്രവേശനപരീക്ഷ (NEET) യ്ക്കുശേഷം നാലരവർഷത്തെ പഠനവും തുടർന്ന് ഒരു വർഷത്തെ പ്രവൃത്തിപരിശീലന ത്തിനും ശേഷമാണ് എം.ബി.ബി.എസ് ബിരുദം ലഭിക്കുന്നത്. തുടർന്ന് ബിരുദാനന്തരബിരുദ പഠനം, സൂപ്പർ സ്പെഷ്യാലിറ്റി കോഴ്‌സുകൾ എന്നിവ കൂടി കഴിയുമ്പോഴേക്കും ശരാശരി പ്രായം മുപ്പതു കഴിയും.
ഈ ഘട്ടങ്ങളിലെല്ലാം തങ്ങളുടെ പഠനം, നിത്യ ജീവിതം, വിവാഹം, കുടുംബജീവിതം, സാമൂഹ്യജീവിതം എന്നീ തുറകളിലെല്ലാം യുവ ഡോക്ടർമാർ നേരിടുന്ന വെല്ലുവിളികൾ പലപ്പോഴും പൊതുസമൂഹത്തിലെന്നല്ല, മെഡിക്കൽ പ്രൊഫഷനിലും, പ്രൊഫഷണൽ സംഘടനകളിൽപ്പോലും ചർച്ചയാവുകയോ, പരിഹാരനിർദ്ദേശങ്ങൾ ഉയർന്നുവരികയോ ചെയ്യുന്നില്ല.
ഇന്ത്യയിൽ 1.25 ലക്ഷം എം.ബി.ബി.എസ് സീറ്റുകൾ ക്കായി 12 ലക്ഷത്തോളം വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയെഴുതുന്നുണ്ട്. ഇവർക്കു പഠിക്കുന്നതിനായി 570 മെഡിക്കൽ കോളേജുകളാണുള്ളത്. ഇതിൽ 55,000 സീറ്റുകൾ സർക്കാർ മേഖലയിലും ബാക്കി സ്വകാര്യമേഖലയിലുമാണുള്ളത്.
ഇന്ത്യയിലെ ഡോക്ടർ- രോഗി അനുപാതം 1: 834 ആണ്. ഇതിൽ ആധുനിക വൈദ്യ ശാസ്ത്രശാഖയിലെ ഡോക്ടർമാരും ആയുഷ് ഡോക്ടർമാരുമുൾപ്പെടുന്നു. ഇന്ത്യയിൽ ജനസംഖ്യയിലെ 70 ശതമാനവും ഗ്രാമീണ മേഖലയിലാണെങ്കിലും, ഇവിടുത്തെ ഡോക്ടർ- രോഗി അനുപാതം പലപ്പോഴും 1: 10,000 ആയി മാത്രമാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഡോക്ടർ മാരുടെ നഗരകേന്ദ്രീകൃത വിന്യാസമാണ് ഇതിനു പ്രധാന കാരണം. നിലവിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് ഏകദേശം 8 ലക്ഷം മുതൽ 15 ലക്ഷം വരെ ഫീസ് കൊടുക്കേതുണ്ട്. കൽപ്പിത സർവ്വകലാശാലകളിലാകട്ടെ ഇത് പ്രതിവർഷം 20 ലക്ഷം വരെയാകാം. മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ പഠനാനന്തരം ബാങ്കുകളിൽനിന്നുള്ള കടം തിരിച്ചടക്കുന്നതിൽ വളരെയധികം പ്രയാസമനുഭവിക്കുന്നുണ്ട്. സ്പെഷ്യാലിറ്റി ബിരുദാനന്തരബിരുദ പ്രവേശന പരീക്ഷയ്ക്ക് (നീറ്റ് പിജി പരീക്ഷ) തയ്യാറെടുക്കേണ്ടതിന്റെ മാനസിക സംഘർഷം, മെഡിക്കൽ ഓഫീസർമാർക്കുള്ള സ്വകാര്യ ആശുപത്രികളിലെ താരതമ്യേന കുറഞ്ഞ ശമ്പളം, സർക്കാർ മേഖലയിലെ ഡോക്ടർമാരുടെ നിയമനമില്ലായ്മ, അതിലെ കാലതാമസം എല്ലാം യുവ ഡോക്ടർമാരുടെ ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.

ജൂനിയർ മെഡിക്കൽ ഓഫീസർമാർ
ഒരു ദശാബ്ദത്തിനുമുമ്പ് എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്ക് സ്വകാര്യമേഖലയിലെ ആശുപത്രികളിൽ ജൂനിയർ മെഡിക്കൽ ഓഫീസർ അഥവാ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ഉടൻ തന്നെ ജോലി ലഭിക്കുമായിരുന്നു. അക്കാലത്തെ താരതമ്യേന നല്ല ശമ്പളവും, ജോലിസമയവും മെഡിക്കൽ ഓഫീസർമാർക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് പൊതുവെ ചെറുകിട- ഇടത്തരം ആശുപത്രികളുടെ തിരോധാനം മൂലം ഗ്രാമീണ അർദ്ധ നാഗരിക മേഖലകളിലെ ജോലി ദുഷ്‌ക്കരമായിരിക്കുന്നു. നഗര കേന്ദ്രീകൃത കോർപ്പറേറ്റ് ആശുപത്രികളിൽ കുറഞ്ഞ ശമ്പളത്തിനാണ് മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നത്, അതും അധികജോലി സമയക്രമ വ്യവസ്ഥയിലാണുതാനും. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ എം.ഡി, ഡി.എം, ഡി.എൻ.ബി, ബിരുദാനന്തരബിരുദ വിദ്യാർ ത്ഥികളുള്ളതുകൊണ്ട് മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നതേയില്ല.
ബിരുദാനന്തര വിദ്യാർത്ഥികളാകട്ടെ, അധിക ജോലിഭാരത്തിനുവിധേയരാകുന്നു. പി.ജി. വിദ്യാർത്ഥികളെ റസിഡന്റ് ഡോക്ടർമാരായാണ് നാഷണൽമെഡിക്കൽ കമ്മീഷനും (NMC) നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസും (NBE) കണക്കാക്കുന്നത്. ഇവരുടെ വേതനം / സ്റ്റൈപ്പന്റ് കാലാനുസൃതമായി പരിഷ്‌ക്കരിക്കപ്പെടുന്നില്ല. മൂന്നുവർഷത്തിലൊരിക്കൽ ഇത് പരിഷ്‌ക്കരിക്കണം. കൂടാതെ ഇവർക്കുവേണ്ട അനുയോജ്യ താമസസൗകര്യം മെഡിക്കൽ കോളേജുകളും കോർപ്പറേറ്റ് ആശുപത്രികളും ഒരുക്കേണ്ടതുമാണ്. പ്രസവാവധി ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള വനിതാ ഡോക്ടർമാരുടെ അവകാശങ്ങൾപോലും പലപ്പോഴും അംഗീകരിക്കപ്പെടുന്നില്ല.
ഇത്തരം പ്രവണതകൾ കൂടുതലും കണ്ടുവരുന്നത് സ്വകാര്യ മെഡിക്കൽ കോളേജുകളിലും കോർപ്പറേറ്റ് ആശുപത്രികളിലുമാണ്. ജോലി, പഠനം, ഗവേഷണം എന്നീ പ്രക്രിയകൾ ഒരുമിച്ചു കൊണ്ടുപോരേണ്ടിവരികയും സാമ്പത്തിക ബാധ്യതകൾ (ബാങ്ക് ലോൺ ഉൾപ്പെടെയുള്ളവ) നേരിടേണ്ടിവരികയും ചെയ്യുന്നത് ജൂനിയർ ഡോക്ടർമാരിലും റസിഡന്റ് ഡോക്ടർമാരിലും കടുത്ത മാനസിക സംഘർഷത്തിനിടയാക്കുന്നുണ്ട്. ഇത് പലപ്പോഴും ഉത്ക്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു.
നിലവിൽ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ പി.ജി. വിദ്യാർത്ഥികൾക്ക് വിവിധ രീതിയിലാണ് സ്റ്റൈപ്പന്റ് വിതരണം ചെയ്യുന്നത്. പി.ജി. വിദ്യാർത്ഥികളുടെ സ്റ്റൈപ്പന്റ് ചുരുങ്ങിയത് 75,000 രൂപയായെങ്കിലും നിജപ്പെടുത്തേതുണ്ട്. അതുപോലെ ജോലിസമയം, അവധിദിവസങ്ങൾ, പ്രസവാവധി എന്നിവ നിയമാനുസൃതമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. സംസ്ഥാനതല- സ്ഥാപനതല സമിതികൾ മേൽപ്പറഞ്ഞ കാര്യങ്ങൾ ഉറപ്പുവരുത്തേതുണ്ട്.
ജൂനിയർ ഡോക്ടർമാരുടെ കാര്യത്തിലാകട്ടെ ജോലി സ്ഥിരത, കരാറടിസ്ഥാനത്തിലുള്ള സേവനവേതന വ്യവസ്ഥകൾ നടപ്പാക്കൽ, ജോലിസ്ഥലത്ത് (പ്രത്യേകിച്ച് അത്യാഹിതവിഭാഗം, വാർഡുകൾ എന്നിവിടങ്ങളിൽ) വേണ്ടത്ര സുരക്ഷിതത്വം എന്നിവ നിർബന്ധമായും ഉറപ്പുവരുത്തണം. ആശുപത്രി ജന്യ രോഗങ്ങൾ (Nosocomical infections) വരുമ്പോൾ സൗജന്യ ചികിത്സ, അകാല മരണമോ വൈകല്യമോ സംഭവിച്ചാൽ സാമൂഹ്യ സുരക്ഷാ പദ്ധതിവഴി കുടുംബത്തിന് നഷ്ടപരിഹാരം എന്നിവ നൽകുകയും വേണം.

ആശുപത്രി ആക്രമണങ്ങൾ
തുടർച്ചയായുണ്ടാകുന്ന ആശുപത്രി ആക്രമണങ്ങളിൽ പലപ്പോഴും പരിക്കുകൾ പറ്റുന്നതും അപൂർവ്വമായെങ്കിലും ജീവഹാനി സംഭവിക്കുകയും ചെയ്ത ജൂനിയർ ഡോക്ടർമാരുടെ കഥകൾ നമുക്കറിയാവുന്നതാണല്ലോ. രോഗിയുമായി ആദ്യം സമ്പർക്കത്തിൽ വരുന്നത് പ്രത്യേകിച്ചും അത്യാഹിത വിഭാഗത്തിൽ ജൂനിയർ ഡോക്ടർമാരും റസിഡന്റ് ഡോക്ടർമാരുമാണ്. രോഗിയുടെ നില വഷളാകുകയോ രോഗിക്ക് അത്യാഹിതം സംഭവിക്കുകയോ ചെയ്താൽ ഏറ്റവുമധികം ആക്രമണങ്ങൾക്ക് വിധേയരാ കുന്നതും ഇവർതന്നെ. രോഗിയുടെ ഗുരുതരാവസ്ഥയും ചികിത്സാസംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് രോഗി- ഡോക്ടർ സംഘർഷങ്ങൾക്ക് കാരണമാകുന്നത്. ഇതിന്റെയും പരിണിതഫലമനുഭവിക്കേിവരുന്നത് ജൂനിയർ ഡോക്ടർമാരാണ്. സി.സി.ടി.വി. ക്യാമറകൾ, മതിയായ സെക്യൂരിറ്റി ജീവനക്കാർ, സന്ദർശകരുടെ എണ്ണം നിയന്ത്രിക്കൽ, രോഗിയുമായും ബന്ധുക്കളുമായുള്ള ആശയവിനിമയം സുഗമമാക്കു ന്നതിനുള്ള പരിശീലനപരിപാടികൾ എന്നിവ ആശുപത്രി അധികൃതർ മുൻകൈ എടുത്ത് നടപ്പാക്കണം. ജോലിസ്ഥലത്തു തന്നെ വിശ്രമസമയങ്ങളിലും ഡ്യൂട്ടി സമയത്തിനുശേഷവും വായിക്കാനും, പ്രവേശനപരീക്ഷകൾക്ക് പഠിക്കുന്നതിനുമുള്ള റീഡിംഗ് റൂം, ലൈബ്രറി, ഓൺലൈൻ ജേണലുകൾ എന്നിവ ഒരളവുവരെ ജൂനിയർ ഡോക്ടർമാരുടെ അറിവും കഴിവുകളും വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
യുവ ഡോക്ടർമാരുടെ മനസ്സ് തികച്ചും അസ്വസ്ഥമാകാതിരിക്കാൻ യാതൊരു വഴിയുമില്ല. മറ്റേതു പ്രൊഫഷണൽ കോഴ്‌സുകളെക്കാളും ഉയർന്ന ഫീസ് നൽകി എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിവരുന്ന യുവ ഡോക്ടർമാർക്കുവേണ്ടി തൊഴിൽ, ജീവിതസാഹചര്യങ്ങൾ, ജോലിസ്ഥലത്തെ സുരക്ഷ, സാമൂഹ്യസുരക്ഷാ പദ്ധതികൾ എന്നിവയെല്ലാം തികച്ചും ഇല്ലാത്തതോ അല്ലെങ്കിൽ ശുഷ്‌ക്കമായതോ ആയ അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇന്ത്യൻ ആരോഗ്യരംഗത്തെ പ്രഥമ ചാലകശക്തികളായ യുവ ഡോക്ടർമാർക്കുവേണ്ടി പൊതുസമൂഹമോ സർക്കാരുകളോ രാഷ്ട്രീയനേതൃത്വമോ എന്തിനേറെ പ്രൊഫഷണൽ സംഘടനകളോതന്നെ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നുണ്ടോ എന്ന് ഗൗരവമായി ചിന്തിക്കേതുണ്ട്. കോവിഡ്- 19 മഹാമാരി കാലത്തുപോലും ജൂനിയർ ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ നടന്നിരുന്നു. വിദേശരാജ്യങ്ങളിലേക്കുള്ള യുവ ഡോക്ടർമാരുടെ കുടിയേറ്റത്തിനുള്ള കാരണ ങ്ങളും മുകളിൽപ്പറഞ്ഞവ തന്നെ.
യുവ ഡോക്ടർമാരുടെ പ്രശ്‌നങ്ങളെ യാഥാർത്ഥ്യ ബോധത്തോടെ സമീപിച്ച് അവയ്ക്കുള്ള പരി ഹാരങ്ങൾ നിർദ്ദേശിക്കുകയും ചർച്ച ചെയ്ത് നടപ്പാക്കുകയും ചെയ്യേണ്ടത് ആരോഗ്യ ചികിത്സാരംഗത്ത് അടിയന്തരമായി ചെയ്യേണ്ട കാര്യമാണ്. ഈ ദൗത്യം സർക്കാരും പ്രൊഫഷണൽ സംഘടനകളും അർഹിക്കുന്ന ഗൗരവത്തോടെ കാണുമെന്ന് പ്രതീക്ഷിക്കാം.
READ: പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ
സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ
വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ
വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

