ലോകത്ത് 4.4 ശതമാനത്തോളം ജനങ്ങളിൽ ആൺ പെൺ ഭേദമില്ലാതെ പൈൽസ് രോഗം കാണപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൈൽസ് അഥവാ മൂലക്കുരു എന്ന രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കുവാൻ ഓൺലൈൻ- സോഷ്യൽ മീഡിയകൾക്കു പുറമേ മാധ്യമങ്ങളും റോഡരികിലെ പരസ്യബോർഡുകളും ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം ജന ങ്ങൾക്കിടയിൽ പൈൽസിനെ കുറിച്ച് അറിവിനെക്കാൾ ഏറെ ഭീതിയാണ് ജനിപ്പിച്ചിട്ടുള്ളത്.
കേരളത്തിലെ ഏതൊരു ടൗണിലും പൈൽസ് ക്ലിനിക്കിന്റെ ഒരു ബോർഡ് കാണാനാവും. അത് ചികിത്സിക്കുവാൻ ഇവിടത്തെ അന്തർ സംസ്ഥാന തൊഴിലാളികൾ വരുന്നതിന് എത്രയോ മുമ്പുതന്നെ ഒരു കൂട്ടം വ്യാജ ഡോക്ടർമാർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വന്നിരുന്നു. ഓപ്പറേഷനില്ലാതെ, വേദനയില്ലാതെ പൈൽസ് സുഖപ്പെടുത്തുമെന്നാണ് അവരുടെ പരസ്യവാചകം. അവരുടെ വ്യാജ ചികിത്സാരീതിയിൽപ്പെട്ട് കഷ്ടപ്പെട്ട ഒരുപാട് രോഗികളെ കണ്ടിട്ടുണ്ട്. അത്തരം വ്യാജ ചികിത്സാരീതിയെ കുറിച്ച് പരാതിപ്പെടാനുള്ള സാമാന്യബോധം ഇപ്പോഴും പലർക്കും ഇല്ല എന്നത് ഖേദകരമാണ്.
രോഗകാരണങ്ങൾ
ഹിമറോയിഡ് അഥവാ പൈൽസ് എന്ന രോഗാവസ്ഥ ഉണ്ടാവാൻ പ്രധാന കാരണം ഭക്ഷണരീതിയാണ്. ഫൈബർ അഥവാ നാര് കുറഞ്ഞ ഭക്ഷണം, കൂടുതൽ മാംസാഹാരം തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞാൽ മലം ഉറച്ചുപോവുകയും അപ്പോൾ മല വിസർജനത്തിന് ബലം പ്രയോഗിക്കുകയും ചെയ്യുമ്പോൾ മലദ്വാരത്തിനു ചുറ്റിലുമുള്ള രക്തക്കുഴലുകളുടെ മുഴകൾ ഉള്ളിലും ചുറ്റിലുമായി ഉണ്ടാവും. ചില സന്ദർഭങ്ങളിൽ ഈ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുവാനും സാധ്യതയുണ്ട്. അതായത് പൈൽസ് ചിലപ്പോൾ മലദ്വാരത്തിന് ചുറ്റുമുള്ള തടിപ്പായും മറ്റു ചിലപ്പോൾ ചൊറിച്ചിലായും, ചില സന്ദർഭങ്ങളിൽ അമിത വേദനയായും ലക്ഷണം പ്രകടിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ ഈ രക്തക്കുഴലുകൾ മലദ്വാരത്തിന് പുറത്തുവന്ന് തിരിച്ചുപോവാതെ പുറത്തുതന്നെ തടിച്ചുകിടക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവാറുണ്ട്. ചിലപ്പോൾ പഴുപ്പ് വന്ന് വളരെ സങ്കീർണ്ണമായ മറ്റു രോഗാവസ്ഥകളിലേക്ക് മാറാനും സാധ്യതയുണ്ട്.
രോഗനിർണയം
സാധാരണയായി ഡിജിറ്റൽ റെക്ടൽ എക്സാമിനേഷൻ, പ്രോക്ടോസ്കോപ്പി തുടങ്ങിയ പരിശോധനകളാണ് പൈൽസ് രോഗ നിർണയത്തിന് ഉപയോഗിക്കുന്നത്. പ്രായമുള്ള ആളുകളിൽ ചില പ്രത്യേക പരിശോധന ശേഷം മാത്രമേ പൈൽസ് സ്ഥിരീകരി കയുള്ളൂ. സിഗ്മോയ്ഡോ സ്കോപ്പി (sigmoidoscopy), കൊളനോസ്കോപ്പി (colonoscopy) തുടങ്ങിയ പരിശോധനകൾ കാൻസർ പോലുള്ള അസുഖങ്ങളെ കണ്ടുപിടിക്കാൻ സഹായിക്കുന്നു. ഈ അസുഖങ്ങളായിരിക്കും ചിലപ്പോൾ പൈൽസ് പോലെ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം രോഗികളിൽ പ്രഥമ ചികിത്സ കാൻസർ പോലുള്ള രോഗത്തിനു വേണ്ടിയാണ് ചെയ്യേണ്ടത്.

ചികിത്സ
മരുന്നുകൾ നൽകുന്നതിനേക്കാളും ഭക്ഷണരീതി മാറ്റുന്നതിലാണ് പ്രാധാന്യം. നാരുകളടങ്ങിയ ഭക്ഷണം, അതായത് പച്ചക്കറികളും പഴവർഗങ്ങളും കൂടുതൽ കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്താൽ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാനാവും.
ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡ് ഭക്ഷണരീതിയും ഈ അസുഖം കൂടുതൽ പേരിൽ കാണുന്നതിന് കാരണമാണ്. ജോലിത്തിരക്ക് കാരണം പെട്ടെന്ന് മലവിസർജനം നടത്താനുള്ള മുക്കൽ അഥവാ straining പൈൽസ് ഉണ്ടാക്കാൻ ഒരു കാരണമാണ്.
മലവിസർജ്ജനം പൂർണ്ണമായി നടക്കാതെ ദിവസം ആരംഭിക്കുന്നത് അപൂർണ്ണമാണെന്ന് പല മലയാളികളും വിശ്വസിക്കുന്നു. അതിനാൽ ചിലർ മലവിസർജനത്തിനുവേണ്ടി strain ചെയ്യുന്നു. പൈൽസ് ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണിത്. ഇന്ത്യൻ ക്ലോസറ്റിനെക്കാൾ യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കുകയാണ് ഉത്തമം. ഗർഭിണികളിലും പോർട്ടൽ ഹൈപ്പർടെൻഷൻ എന്ന രോഗാവസ്ഥയിലും പൈൽസ് കാണപ്പെടുന്നു.ഗർഭിണികളിൽ ഹോർമോണിന്റെ വ്യത്യാസം മൂലമായിരിക്കും പൈൽസ് കാണപ്പെടുന്നത്. ഗർഭകാലം കഴിഞ്ഞാൽ ചില പ്പോൾ ഈ അവസ്ഥ സ്വാഭാവികമായി തന്നെ മാറുന്നതാണ്.
മരുന്നുകൾ
പ്രധാനമായും കാൽസ്യം ഡോബിസിലൈറ്റ് (Calcium Dobesilite) ഫ്ലാവോനോയിഡ് (Flavonoid), Laxative (മലവിസർജ്ജനം മൃദുവാക്കാൻ) തുടങ്ങിയവയാണ് നൽകാറുള്ളത്. അത്യാഹിതമായി ചില സന്ദർഭങ്ങളിൽ പൈൽസ് പുറത്തേക്കു വരികയും തിരിച്ചുപോവാതെ അസഹ്യമായ വേദനയും വിഷമത്തോടും കൂടി ആശുപത്രിയിലേക്ക് വരുന്ന രോഗികളെ ചില സന്ദർഭങ്ങളിൽ മയക്കു നൽകി ആ തടിപ്പ് തിരിച്ച് മലദ്വാരത്തിനുള്ളിലേക്കാക്കേണ്ട സന്ദർഭവും ഉണ്ടാവാറുണ്ട്.
ഇടയ്ക്കിടയ്ക്കുള്ള രക്തസ്രാവം ചിലപ്പോൾ രക്തക്കുറവുണ്ടാക്കുവാനും സാദ്ധ്യതയുണ്ട്. അത്തരം രോഗികൾക്ക് പലപ്പോഴും ഓപ്പറേഷൻ ചെയ്യേണ്ടതായും വന്നേക്കാം. ഹെമറോഡക്റ്റമി (haemorrhoidectomy) എന്ന സർജറിയാണ് സാധാരണ ചെയ്യാറുള്ളത്. ഓപ്പറേഷനുശേഷം കുറച്ചുദിവസം വേദനാസംഹാരികൾ കഴിക്കേണ്ടി വന്നേക്കാം. മറ്റ് ചില ചികിത്സാരീതികളായ സ്റ്റാപ്ലർ ഹെമറോഡക്റ്റമി (Stapler hemorrhoidectomy) ലേസർ തുടങ്ങിയ ചികിത്സാരീതികളുമുണ്ട്. എന്നാൽ അത്തരം നൂതന ചികിത്സാമാർഗ്ഗങ്ങൾക്ക് സാമ്പത്തിക ബാധ്യത കൂടുതലായിരിക്കും. ഓപ്പറേഷനും ലേസർ ചികിത്സക്കും ആൻറിബയോട്ടിക്കും വേദനസംഹാരികളും രോഗിക്ക് നൽകേണ്ടിവരും.
പൈൽസ് വ്യത്യസ്ത ഗ്രേഡുകളായി തരംതിരിച്ചിട്ടുണ്ട്. ആദ്യ ഗ്രേഡുകൾ ഉള്ള പൈൽസ് ചികിത്സിക്കാവുന്നതാണ്. എന്നാൽ ഗ്രേഡ് 3, ഗ്രേഡ് 4 പൈൽസിന് ഓപ്പറേഷനുകൾ വേണ്ടിവന്നേക്കാം.
മുൻകരുതലുകൾ
പൈൽസ് എന്ന രോഗത്തെക്കുറിച്ചുള്ള അജ്ഞതയും സ്വകാര്യ ഭാഗങ്ങളെ മറ്റുള്ളവരെ കാണിക്കാനുള്ള ജാള്യതയും കൊണ്ടായിരിക്കാം കൂടുതൽ ആളുകൾ വ്യാജ ചികിത്സകരുടെ അടുത്തേക്ക് പോകുവാൻ താല്പര്യപ്പെടുന്നത്. പരസ്യപ്രചാരങ്ങളിൽ ആകൃഷ്ടരായി പല രോഗികളും സ്വയംചികിത്സ നടത്തിയ ശേഷമാണ് ഡോക്ടർമാരെ സമീപിക്കുന്നത്. അത്തരം രോഗികൾക്ക് ചികിത്സ വളരെ വിഷമകരമായിരിക്കും. ഹിമറോയിഡ് അഥവാ പൈൽസ് ഒരു രോഗമല്ല, രോഗാവസ്ഥയാണ്. ചിട്ട പ്രകാരമുള്ള ഭക്ഷണരീതികളും ജീവിതരീതികളും കൊണ്ടുമാത്രം ഒരു പരിധി വരെ പൈൽസ് രോഗം വരാതെ സൂക്ഷിക്കാം. പൈൽസ് രോഗം വന്നാൽ എല്ലാവർക്കും ഓപ്പറേഷൻ ആവശ്യമില്ലെന്ന് മനസ്സിലാക്കണം. ആദ്യ ഘട്ടങ്ങളിൽ മരുന്നും ജീവിതരീതിയും കൊണ്ടുമാത്രം തന്നെ ഇതിനെ മാറ്റാവുന്നതാണ്. അടുത്ത ഘട്ടങ്ങളിലേക്ക് മാറുമ്പോൾ മാത്രമേ ഓപ്പറേഷനും മറ്റു ചികിത്സാരീതികളും ആവശ്യമായി വരാറുള്ളൂ.
ചില നിർദേശങ്ങൾ
1. രോഗലക്ഷണങ്ങൾ കണ്ടാൽ യഥാർത്ഥ (certifed) ഡോക്ടറെ മാത്രം സമീപിക്കുക.
2. വ്യാജ ചികിത്സകരെ തിരിച്ചറിയുക – മരുന്നുകളും ചികിത്സാ വാഗ്ദാനങ്ങളും ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ളതാകണം.
3. സ്വയം ചികിത്സ ഒഴിവാക്കുക.
4. പൈൽസ് എല്ലാവർക്കും സർജറി ആവശ്യമായ രോഗമല്ല. അതിന് മുൻപുള്ള ഘട്ടങ്ങളിൽ തന്നെ അതിനെ നിയന്ത്രിക്കാവുന്നതാണ്.
READ: ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ
മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…
അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

